പാക്കിസ്ഥാന്‍ താരങ്ങളുടെ കോവിഡ് രോഗാവസ്ഥ ഒരു ഭീഷണി, എന്നാല്‍ പരമ്പര നടക്കുമെന്നാണ് കരുതുന്നത് – ആഷ്‍ലി ജൈല്‍സ്

- Advertisement -

പത്തോളം പാക്കിസ്ഥാന്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം ഇംഗ്ലണ്ടിലേക്കുള്ള പാക്കിസ്ഥാന് ‍പരമ്പര നടക്കുമോ എന്നത് അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഇന്നലെ ആദ്യം മൂന്ന് താരങ്ങള്‍ പോസിറ്റീവ് ആയപ്പോള്‍ പ്രതികരിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ് പറഞ്ഞത്, ഇതൊരു വിഷമയാണെങ്കിലും പരമ്പരയെ അത് ബാധിച്ചേക്കില്ല എന്നായിരുന്നു.

എന്നാല്‍ ഇന്ന് ഏഴ് താരങ്ങള്‍ കൂടി കോവിഡ് ബാധിച്ചുവെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചതോടെ സംഭവം കൈവിട്ട് പോകുന്ന സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. 29 താരങ്ങളെയാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കായി പ്രഖ്യാപിച്ചത്. അതില്‍ തന്നെ 10 താരങ്ങള്‍ ഇപ്പോള്‍ അസുഖ ബാധിതരായിരിക്കുകയാണ്.

ഇവരാരും തന്നെ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കില്ല എന്നത് ഉറപ്പായിട്ടുണ്ട്. ഞായറാഴ്ചയാണ് ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത്. സ്ക്വാഡില്‍ പകുതിയ്ക്ക് അടുത്ത് താരങ്ങളാണിപ്പോള്‍ കോവിഡിന് പിടിയിലായിരിക്കുന്നത്. ജൈല്‍സ് പ്രതികരണം നടത്തിയ ശേഷമുള്ള സ്ഥിതി പൂര്‍ണ്ണമായി മാറിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ പകരം താരങ്ങളെ പ്രഖ്യാപിക്കുമോ അതോ പരമ്പര ഉപേക്ഷിക്കുന്ന സാഹചര്യം ഉടലെടുക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Advertisement