ആന്‍ഡേഴ്സൺ ആഷസിലെ ആദ്യ ടെസ്റ്റിനില്ല

Sports Correspondent

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സൺ കളിക്കില്ല. ഇംഗ്ലണ്ട് താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരെ ആന്‍ഡേഴ്സണ് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

താരം ഫിറ്റാണെന്നും പരിക്കൊന്നുമില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിൽ അറിയിച്ചു. 6 ആഴ്ചയിൽ 5 ടെസ്റ്റ് കളിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ആന്‍ഡേഴ്സണിന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നും അഡിലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ താരം കളിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.