മൂന്ന് വിക്കറ്റുമായി അകില ധനന്‍ജയ, ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാനുള്ള ന്യൂസിലാണ്ട് മോഹങ്ങള്‍ക്ക് തിരിച്ചടി

ഗോളില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഒന്നാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കാമെന്ന് കരുതിയ ന്യൂസിലാണ്ടിന് തിരിച്ചടി നല്‍കി ശ്രീലങ്ക. ഇന്നിംഗ്സിലെ 27ാം ഓവറില്‍ അകില ധനന്‍ജയ ടോം ലാഥമിനെ പുറത്താക്കിയതോടെ ആദ്യ സെഷനില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുവാനുള്ള അവസരമാണ് ന്യൂസിലാണ്ടിന് ശ്രീലങ്ക നിഷേധിച്ചത്.

അതേ ഓവറില്‍ തന്നെ കെയിന്‍ വില്യംസണെയും പുറത്താക്കി ആദ്യ സെഷന്‍ അകില ധനന്‍ജയ ശ്രീലങ്കയുടെ പേരിലേക്ക് മാറ്റി. ഏതാനും ഓവറുകള്‍ക്ക് ശേഷം ജീത്ത് റാവലിനെയും പുറത്താക്കി അകില ധനന്‍ജയ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ഇതോടെ ഒന്നാം ദിവസം ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് വളരെ കരുതലോടെയാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. ടോം ലാഥവും ജീത്ത് റാവലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് നേടി നില്‍ക്കവെയാണ് 30 റണ്‍സ് നേടിയ ലാഥമിനെ സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. മൂന്ന് പന്തുകള്‍ക്ക് ശേഷം അതേ ഓവറിന്റെ അവസാന പന്തില്‍ കെയിന്‍ വില്യംസണെയും പുറത്താക്കിയതോടെ ന്യൂസിലാണ്ട് വലിയ പ്രതിരോധത്തിലായി. റണ്ണൊന്നുമെടുക്കാതെയാണ് ന്യൂസിലാണ്ട് നായകന്റെ മടക്കം.

അധികം വൈകാതെ 33 റണ്‍സ് നേടിയ റാവലിനെയും അകില ധനന്‍ജയ പുറത്താക്കിയതോടെ 64/0 എന്ന നിലയില്‍ നിന്ന് 71/3 എന്ന നിലയിലേക്ക് ന്യൂസിലാണ്ട് തകര്‍ന്നടിഞ്ഞു.

Previous article“ലമ്പാർഡിന്റെ ചെൽസിയെ തോൽപ്പിക്കുക എളുപ്പമാകില്ല”
Next articleഗഗൻദീപ് വീണ്ടും മിനേർവ പഞ്ചാബിൽ!!