CricketFeatured

രണ്ടാം ടി20യിൽ 190 റൺസ് നേടി ഇന്ത്യ

Ishankishan

വൈഭവ് സൂര്യവന്‍ഷി അരങ്ങേറ്റം നടത്തിയ ടി20 മത്സരത്തിൽ താരത്തിന് കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ സാധിച്ചില്ലെങ്കിലും ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മ്മയുടെയും ബാറ്റിംഗ് മികവിൽ ഇംഗ്ലണ്ടിനെതിരെ 190 റൺസ് നേടി ഇന്ത്യ. ഇവര്‍ക്ക് പുറമെ ശ്രേയസ്സ് അയ്യരും അവസാന ഓവറുകളിൽ ആഞ്ഞടിച്ച് തിലക് വര്‍മ്മയുമാണ് ഇന്ത്യയുടെ സ്കോറുയര്‍ത്തുവാന്‍ സഹായിച്ചത്.

വൈഭവ് 10 പന്തിൽ 14 റൺസ് നേടി മടങ്ങിയപ്പോള്‍ വിൽ ജാക്സിന്റെ പന്തിൽ താരം സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെടുകയായിരുന്നു. താരം പുറത്താകുമ്പോള്‍ ഇന്ത്യ 50 റൺസാണ് 4.5 ഓവറിൽ നേടിയത്. അധികം വൈകാതെ 43 റൺസ് നേടിയ അഭിഷേകിനെ ഇന്ത്യയ്ക്ക് നഷ്ടമായി.

Samcurran

തുടര്‍ന്ന് ഇഷാന്‍ കിഷന്‍ ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് 65 റൺസ് നേടി. 37 റൺസ് നേടിയ അയ്യരെ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ അഭിഷേകിന്റേതുള്‍പ്പെടെ സാം കറന്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഇതിൽ 49 റൺസ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റുമുണ്ട്.

അവസാന ഓവറിൽ ജോഫ്ര ആര്‍ച്ചറെ രണ്ട് സിക്സിനും ഒരു ഫോറിനും പായിച്ച് തിലക് വര്‍മ്മ 11 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നാണ് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്.