Champions League

ചാമ്പ്യൻസ് ലീഗ് : ലോക്കോമോട്ടീവിനെ പരാജയപ്പെടുത്തി ഷാൽകെ

ചാമ്പ്യൻസ് ലീഗിൽ ബുണ്ടസ് ലീഗ്‌ ക്ലബായ ഷാൽകെക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ലോക്കൊമൊട്ടീവ് മോസ്‌കോയെ ഷാൽകെ പരാജയപ്പെടുത്തിയത്. അലസാന്ദ്രോ ഷൊഫാണ് ഇഞ്ചുറി ടൈം ഗോളിൽ ഷാൽകെക്ക് ജയം സമ്മാനിച്ചത്. കഴിഞ്ഞ മാച്ച് വീക്കിൽ തന്നെ ചാമ്പ്യൻസ് ലീഗിന്റെ അവസാന പതിനാറിൽ കടന്ന ഷാൽകെക്ക് ഈ മത്സര വിജയം ആത്മവിശ്വാസം വർധിപ്പിക്കും.

ഗ്രൂപ്പ് ഡിയിൽ ചാമ്പ്യന്മാരായ പോർട്ടോയ്ക്ക് പിന്നിൽ രണ്ടാമതാണ് ഷാൽകെ. പോർട്ടോയ്‌ക്കെതിരെ പരാജയപ്പെട്ടിട്ടും നോക്ക്ഔട്ടിൽ കടന്ന ടീമാണ് ഷാൽകെ. ലീഗയിൽ റിവിയർ ഡെർബിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോടേറ്റ തോൽവി മറക്കാൻ ഷാൽകെക്ക് ഈ വിജയം ഉപകരിക്കും. മൂന്നു വർഷത്തിന് ശേഷമാണ് റോയൽ ബ്ലൂസ് റിവിയർ ഡെർബിയിൽ പരാജയപ്പെടുന്നത്.