തൃശ്ശൂർ ട്രൈഡന്റിന് തകർപ്പൻ ജയം; തുടർച്ചയായ രണ്ടാം മത്സരത്തിലും 5 വിക്കറ്റ് നേട്ടവുമായി കിരൺ സാഗർ

ആതിഥേയരായ മുരുഗൻ ക്രിക്കറ്റ് ക്ലബ് ബി യെ അനായാസം മറികടന്ന് ഓൾ കേരള സെലസ്റ്റിയൽ ട്രോഫിയിൽ തൃശ്ശൂർ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിക്ക് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ചിലധികം വിക്കറ്റുകൾ വീഴ്ത്തിയ ട്രൈഡന്റ് താരം കിരൺ സാഗറിൻ്റെ മാന്ത്രിക ബൗളിംഗ് പ്രകടനമാണ് മത്സരത്തിൽ നിർണ്ണായകമായത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുരുഗൻ സി.സി ബിയെ തുടക്കം മുതലേ സമ്മർദ്ദത്തിലാക്കാൻ ട്രൈഡന്റ് ബൗളർമാർക്ക് സാധിച്ചു. മുരുഗൻ സി.സിക്കായി സിയാദ് സഫർ (28), ശ്രീജിത്ത് എസ് നായർ (21) എന്നിവർ പൊരുതിയെങ്കിലും 20.5 ഓവറിൽ 112 റൺസിന് ടീം ഓൾഔട്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃശ്ശൂർ ട്രൈഡന്റിനായി അശ്വിൻ ആനന്ദ് (34 പന്തിൽ 61 റൺസ്) വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. 4 ഫോറും 4 സിക്സുമടങ്ങുന്നതായിരുന്നു അശ്വിന്റെ ഇന്നിംഗ്സ്. പി. ജോയ്ഫിൻ (37) മികച്ച പിന്തുണ നൽകിയതോടെ 13.4 ഓവറിൽ തന്നെ ട്രൈഡന്റ് ലക്ഷ്യം കണ്ടു.

മത്സരത്തിലെ താരം ആയി തിരഞ്ഞെടുക്കപ്പെട്ട ട്രൈഡന്റിന്റെ കിരൺ സാഗർ 5.5 ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് പിഴുതത്. കഴിഞ്ഞ മത്സരത്തിലും അഞ്ചിലധികം വിക്കറ്റുകൾ നേടിയിരുന്നു കിരൺ.