Celestial TrophyCricketFeatured

രഞ്ജി താരങ്ങൾ അണിനിരന്ന ബി.കെ 55-നെ വീഴ്ത്തി ട്രാവൻകൂർ സി യു

Tcu

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്നു നടന്ന ഒരു ആവേശപ്പോരാട്ടത്തിൽ ട്രാവൻകൂർ സി യു വിന് ഒരു റണ്ണിന്റെ അട്ടിമറി വിജയം. അവസാന പന്തുവരെ ആകാംക്ഷ മുറ്റിനിന്ന പോരാട്ടത്തിൽ സൽമാൻ നിസാർ ഉൾപ്പെടെയുള്ള മൂന്ന് രഞ്ജി ട്രോഫി താരങ്ങളടങ്ങിയ കരുത്തരായ ബി.കെ 55 കണ്ണൂരിനെ അട്ടിമറിച്ച് ട്രാവൻകൂർ ക്രിക്കറ്റിംഗ് യൂണിയൻ (TCU). ഒരു റണ്ണിന്റെ ആവേശകരമായ വിജയമാണ് ട്രാവൻകൂർ സ്വന്തമാക്കിയത്.


ആദ്യം ബാറ്റിംഗിനിറങ്ങിയ ട്രാവൻകൂർ ക്രിക്കറ്റിംഗ് യൂണിയൻ നിശ്ചിത 27 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ സഞ്ജയ് മോഹന്റെ പ്രകടനമാണ് ട്രാവൻകൂറിന് കരുത്തായത്. വെറും 47 പന്തിൽ നിന്ന് 9 സിക്സറുകളുടെയും 4 ഫോറുകളുടെയും അകമ്പടിയോടെ സഞ്ജയ് 92 റൺസ് അടിച്ചുകൂട്ടി. എം. അഭയ് (51), അഭിനന്ദ് (42) എന്നിവരും ബാറ്റിംഗിൽ മികച്ച പിന്തുണ നൽകി. ബി.കെ 55-ന് വേണ്ടി ആസിഫ് സലാം ഹാട്രിക് ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. അക്ഷയ് ചന്ദ്രനും മൂന്ന് വിക്കറ്റുകൾ നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ ബി.കെ 55 കണ്ണൂരിന് 27 ഓവറിൽ 238 റൺസിന് എല്ലാവരും പുറത്തായി. വരുൺ നായനാർ (47), സംഗീത് സാഗർ (46), എം.പി. ശ്രീരൂപ് (42) എന്നിവർ വിജയത്തിനായി പൊരുതിയെങ്കിലും ലക്ഷ്യത്തിന് തൊട്ടരികിൽ പോരാട്ടം അവസാനിച്ചു.


ട്രാവൻകൂറിന് വേണ്ടി പന്തെറിഞ്ഞ ഡി. ജോൺസൺ 5 ഓവറിൽ 48 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ബി.കെ 55-ന്റെ മധ്യനിരയെ തകർത്തു. ജിക്യു എസ് ബ്രൈറ്റ്, ബി. വിശ്വജിത്ത് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

Tcu2day


സ്കോർ:
ട്രാവൻകൂർ ക്രിക്കറ്റിംഗ് യൂണിയൻ: 239/9 (27 ഓവർ)
ബി.കെ 55 കണ്ണൂർ: 238/10 (27 ഓവർ)
ഓഫ് ദ മാച്ച് സഞ്ജയ് മോഹൻ (ടി സി യു)