ബാഴ്‌സലോണയിൽ പരിശീലക ജോലി അവസാനിപ്പിക്കുമെന്ന് പെപ് ഗ്വാർഡിയോള

താൻ പരിശീലക സ്ഥാനത്ത് നിന്ന് വിരമിക്കുന്നത് ബാഴ്‌സലോണയിൽ വെച്ച് ആയിരിക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. താൻ പരിശീലകനായി ജീവിതം ആരംഭിച്ച ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മസിയയിൽ പരിശീലിപ്പിച്ച് തന്റെ പരിശീലക വേഷം അഴിച്ചുവെക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗ്വാർഡിയോള വ്യക്തമാക്കി.

2007ലാണ് ഗ്വാർഡിയോള ബാഴ്‌സലോണയുടെ അക്കാദമിയിൽ പരിശീലകനായത്. അതിനു ശേഷമാണു ഗ്വാർഡിയോള ബാഴ്‌സലോണ ടീമിനെ പരിശീലകനായതും ബാഴ്‌സലോണയുടെ ചരിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ടീമിനെ പരിശീലിപ്പിച്ചതും. ഗ്വാർഡിയോളക്ക് കീഴിൽ ബാഴ്‌സലോണ മൂന്ന് ലാ ലീഗ കിരീടങ്ങൾ, രണ്ട് ചാമ്പ്യൻസ് ലീഗ്, രണ്ടു ക്ലബ് ലോകകപ്പ് എന്നിവ നാല് വർഷത്തിനുള്ളിൽ നേടിയിരുന്നു.

നേരത്തെ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവുന്നതിനെ പറ്റി ചോദിച്ചപ്പോൾ അതിനു സാധ്യത കുറവാണെന്ന് ഗ്വാർഡിയോള പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനത്തിന് മാറ്റം വരുന്ന തരത്തിലാണ് ഇപ്പോഴത്തെ ഗ്വാർഡിയോളയുടെ പ്രസ്താവന.

പാകിസ്ഥാനെ നാട്ടിലേക്ക് മടക്കി ഇന്ത്യ ഫൈനലിൽ

സാഫ് കപ്പിന്റെ സെമി ഫൈനലിലെ ചിരവൈരികളുടെ പോരാട്ടം ജയിച്ച് ഇന്ത്യ ഫൈനലിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. മൻവീർ സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. സുമിത് പാസ്സിയാണ് ഇന്ത്യയുടെ മൂന്നാമത്തെ ഗോൾ നേടിയത്. മലയാളി താരം ആഷിഖ് കുരുണിയൻ രണ്ടു അസിസ്റ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്തു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 49ആം മിനുട്ടിൽ മൻവീർ സിംഗാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. 70ആം മിനുട്ടിൽ ആയിരുന്നു മൻവീറിന്റെ രണ്ടാം ഗോൾ പിറന്നത്. തുടർന്നാണ് മത്സരത്തിൽ ജയമുറപ്പിച്ച സുമിത് പസ്സിയുടെ ഗോൾ പിറന്നത്.

തുടർന്ന്  മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പാകിസ്ഥാൻ ഒരു ഗോൾ മടക്കിയെങ്കിലും ഇന്ത്യ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ഹസ്സൻ ബഷീർ ആണ് പാകിസ്താന്റെ ഗോൾ നേടിയത്. പാകിസ്താന്റെ മൊഹ്‌സിൻ അലിയും ഇന്ത്യയുടെ ചങ്തെയും ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് എട്ടാം കിരീടത്തിലേക്കാണ് അടുക്കുന്നത്. പാകിസ്ഥാൻ ഇത് നാലാം തവണയാണ് സാഫ് കപ്പിന്റെ സെമിയിൽ തോൽക്കുന്നത്. ആദ്യ ഫൈനൽ എന്ന പ്രതീക്ഷ ഇതോടെ അവസാനിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്.

ഇതുവരെ ഇന്ത്യയും പാകിസ്താനും 32 തവണയാണ് ഫുട്ബോളിൽ നേർക്കുനേർ വന്നിട്ടുള്ളത്. ഇന്നത്തെ ജയത്തോടെ ഇന്തയുടെ വിജയത്തിന്റെ എണ്ണം 19 ആയി. നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച മാൽഡീവ്സ് ആകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാൽഡീവ്സിനെ തോൽപ്പിച്ചിരുന്നു.

പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം

തായ്‌ലൻഡിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. തായ്‌ലൻഡ് ക്ലബായ പോർട്ട് എഫ് സി ബി ടീമിനീയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സഹലിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോളടി തുടങ്ങിയത്. സഹൽ കഴിഞ്ഞ പ്രീ സീസൺ മത്സരത്തിലും ഗോൾ നേടിയിരുന്നു. അധികം താമസിയാതെ വിനീതിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്തി. പ്രീ സീസണിൽ താരത്തിന്റെ ആദ്യ ഗോളായിരുന്നു.

തുടർന്ന് 74ആം മിനുട്ടിൽ പോർട്ട് എഫ്.സി ഒരു ഗോൾ മടക്കിയെങ്കിലും കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ സ്ലാവിസയിലൂടെ മൂന്നാമത്തെ ഗോളും നേടി കേരള ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിച്ചു.

ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്, ഇന്ത്യക്ക് തിരിച്ചടി

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട്. ഇന്ത്യക്കെതിരായ 5 ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിയതോടെ റാങ്കിങ്ങിൽ ഇംഗ്ലണ്ട് ന്യൂസീലാൻഡിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.  പരമ്പര തുടങ്ങുമ്പോൾ ഇംഗ്ലണ്ട് 97 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് ആയിരുന്നു. പരമ്പര ജയിച്ചതോടെ  8 പോയിന്റ് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് നാലാം സ്ഥാനം പിടിച്ചെടുത്തത്. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രലിയയെക്കാൾ 1 പോയിന്റ് പിറകിലാണ് ഇംഗ്ലണ്ട്.

ഇംഗ്ലനെതിരായ പരമ്പര 4-1 തോറ്റതോടെ ഇന്ത്യക്ക് 10 പോയിന്റ് നഷ്ടമായി. എന്നിരുന്നാലും രണ്ടാം സ്ഥാനത്ത് ഉള്ള സൗത്ത് ആഫ്രിക്കയെക്കാൾ 9 പോയിന്റിന്റെ ലീഡ് ഉള്ള ഇന്ത്യ തന്നെയാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. പരമ്പര തുടങ്ങുമ്പോൾ 125 പോയിന്റ് ഉണ്ടായിരുന്ന ഇന്ത്യക്ക് പരമ്പരയിലെ കനത്ത തോൽവിയോടെ 10 പോയിന്റ് കുറഞ്ഞ് 115 പോയിന്റിലെത്തി.

നെയ്മറും റീചാർളിസണും തിളങ്ങി, ബ്രസീലിനു മികച്ച ജയം

സൗഹൃദ മത്സരത്തിൽ നെയ്മറും റീചാർളിസണും കളം നിറഞ്ഞു കളിച്ചപ്പോൾ ബ്രസീലിനു മികച്ച ജയം. എൽ സാൽവഡോറിനെയാണ് ബ്രസീൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിൽ റീചാർളിസൺ ഇരട്ട ഗോൾ നേടുകയും സൂപ്പർ താരം നെയ്മർ ഒരു ഗോളും രണ്ടു അസിസ്റ്റുകളും തന്റെ പേരിൽ സ്വന്തമാക്കി. ഗോൾ പോസ്റ്റിൽ നെറ്റോക്ക് അവസരം നൽകിയാണ് ബ്രസീൽ മത്സരം തുടങ്ങിയത്. നെറ്റോയുടെ ബ്രസീലിനു വേണ്ടിയുള്ള ആദ്യ മത്സരം കൂടിയായിരുന്നു. ബ്രസീലിന്റെ കഴിഞ്ഞ 24 മത്സരത്തിലും ടീമിൽ ഇടം നേടിയെങ്കിലും കളിയ്ക്കാൻ നെറ്റോക്ക് അവസരം ലഭിച്ചിരുന്നില്ല.

പെനാൽറ്റിയിലൂടെ നെയ്മറാണ് ബ്രസീലിന്റെ ഗോളടി തുടങ്ങിയത്. തുടർന്ന് ബ്രസീൽ ജേഴ്‌സിയിൽ ആദ്യമായി മത്സരം തുടങ്ങിയ റീചാർളിസൺ അധികം താമസിയാതെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ കൂട്ടീഞ്ഞോ ബ്രസീലിന്റെ ലീഡ് മൂന്നാക്കി. തുടർന്ന് രണ്ടാം പകുതിയിലാണ് റീചാർളിസൺ തന്റെ രണ്ടാമത്തെ ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ മാർക്വിഞ്ഞോസ് അഞ്ചാമത്തെ ഗോളും നേടിയ വിജയം രാജകീയമാക്കി.

ഒക്ടോബർ 16ന് അർജന്റീനക്കെതിരെ റിയാദിൽ വെച്ചാണ് ബ്രസീലിന്റെ അടുത്ത മത്സരം.

 

റൊണാൾഡോയുടെ മാറ്റം അപ്രതീക്ഷിതമെന്ന് സുവാരസ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലേക്കുള്ള മാറ്റം അപ്രതീക്ഷിതമായിരുന്നെന്ന് ബാഴ്‌സലോണ ഫോർവേഡ് ലൂയിസ് സുവാരസ്. അതെ സമയം റൊണാൾഡോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫാറോടെ റയൽ മാഡ്രിഡിലെ മറ്റു താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും സുവാരസ് പറഞ്ഞു. റയൽ മാഡ്രിഡ് മികച്ച ടീമാണെന്നും അത് ഒരു വ്യക്തിക്ക് മേലെയാണെന്നും സുവാരസ് കൂട്ടിച്ചേർത്തു.

9 വർഷത്തെ റയൽ മാഡ്രിഡിലെ കളി മതിയാക്കി കഴിഞ്ഞ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ എത്തിയത്. റൊണാൾഡോ ഇല്ലാതിരുന്നിട്ടും ലാ ലീഗയിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് പുറത്തെടുത്തത്.  കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച റയൽ മാഡ്രിഡ് ഗോൾ വ്യതാസത്തിൽ ബാഴ്‌സലോണക്ക് പിറകിൽ രണ്ടാം സ്ഥാനത്താണ്.

റയൽ മാഡ്രിഡ് ജേഴ്സിയിൽ 438 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 451 ഗോളുകളും നേടിയിട്ടുണ്ട്.  നാല് ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ടു ലാ ലീഗ കിരീടവും ഈ കാലയളവിൽ റൊണാൾഡോ സ്വന്തമാക്കി.

 

റൊണാൾഡോയിലെങ്കിൽ അത്ലറ്റികോയും റയൽ മാഡ്രിഡും തുല്ല്യമെന്ന് സിമിയോണി

യുവന്റസിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതോടെ അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും തുല്ല്യ ശക്തികളുടെ ടീമായെന്ന് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണി. ഫിഫ അവാർഡുകളിൽ നിന്ന് അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനെ ഒഴിവാക്കിയതും സിമിയോണി ചോദ്യം ചെയ്തു. വ്യക്തിഗത പ്രകടനങ്ങളാണ് പലപ്പോഴും അത്ലറ്റികോ മാഡ്രിഡ് റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും പിറകിലായിപ്പോവാൻ കാരണമെന്നും സിമിയോണി പറഞ്ഞു.

അന്റോണിയോ ഗ്രീസ്മാനെ ഫിഫ ഒഴിവാക്കിയതിൽ ഉള്ള അമർഷവും സിമിയോണി രേഖപ്പെടുത്തി. ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, യൂറോപ്പ ലീഗ് എന്നി കിരീടങ്ങൾ നേടിയിട്ടും ഫിഫയുടെ ദി ബെസ്റ്റ് അവാർഡിന് ഗ്രീസ്മാനെ പരിഗണിക്കാത്തത് തന്നെ നിരാശപെടുത്തിയെന്നും സിമിയോണി പറഞ്ഞു. കഴിഞ്ഞ തവണത്തെ ലാ ലീഗയിൽ റയൽ മാഡ്രിഡിന് മുൻപിൽ രണ്ടാം സ്ഥാനത്തായി അത്ലറ്റികോ മാഡ്രിഡ് സീസൺ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന യുവേഫ സൂപ്പർ കപ്പിലും സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ കഴിഞ്ഞ ട്രാൻസഫർ വിൻഡോയിലാണ് 112 മില്യൺ യൂറോക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിൽ എത്തിയത്.

മെസ്സി എക്കാലത്തെയും മികച്ചവൻ, പക്ഷെ ഈ വർഷം മോഡ്രിച്ചിന്റേത് : റാക്കിറ്റിച്ച്

അർജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പർ താരം ലിയോണൽ മെസ്സി എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണെന്നും എന്ന ഈ വർഷം മോഡ്രിച്ചിന്റെ വർഷമാണെന്നും ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ റാക്കിറ്റിച്ച്. ക്രോയേഷ്യൻ ടീമിൽ മോഡ്രിച്ചിന്റെ സഹ താരമാണ് റാക്കിറ്റിച്ച്.

യുവേഫയുടെ ഏറ്റവും മികച്ച താരമായി മോഡ്രിച്ച് തിരഞ്ഞെടുക്കപ്പെടുകയും ഫിഫയുടെ ദി ബെസ്റ്റ് അവാർഡിനുള്ള അവസാന മൂന്ന് താരങ്ങളുടെ പട്ടികയിൽ മോഡ്രിച്ച് ഇടം പിടിക്കുകയും ചെയ്തിരുന്നു. ഈ വർഷം മോഡ്രിച്ചിന്റെ വർഷമാണെന്നും താരം എല്ലാ അവാർഡുകളും അർഹിക്കുന്നുണ്ടെന്നും റാക്കിറ്റിച്ച് പറഞ്ഞു.

അതെ സമയം ഫിഫയുടെ ദി ബെസ്റ്റ് അവാർഡ് പട്ടികയിലെ അവസാന മൂന്ന് താരങ്ങളിൽ മെസ്സി ഉൾപ്പെട്ടിരുന്നില്ല.

 

സ്വീഡനെ ഞെട്ടിച്ച തിരിച്ചുവരവിൽ തുർക്കിക്ക് ജയം

സ്വീഡനെ ഞെട്ടിച്ചുകൊണ്ട് അവസാന മിനുട്ടിൽ രണ്ടു ഗോൾ നേടി തുർക്കിക്ക് ജയം. 88മത്തെ മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു സ്വീഡനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കി ജയിച്ചത്. പകരക്കാരനായി ഇറങ്ങിയ അക്ബബ നേടിയ ഇരട്ട ഗോളുകളാണ് തുർക്കിയുടെ വിജയത്തിന് കരുത്തേകിയത്. ഒരു വേള മത്സരത്തിൽ 2-0 പിറകിൽ നിന്നതിനു ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ് കണ്ടത്.

ആദ്യ പകുതിയിൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ സ്വീഡൻ ഇസാക്‌ തെലിനിലൂടെ മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലാസ്സൻ സ്വീഡന്റെ രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരം സ്വീഡൻ കൈപിടിയിലൊതുക്കുമെന്ന് തോന്നി. എന്നാൽ 51ആം മിനുറ്റിൽ കാൽഹാനോഗ്ലുവിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് തുർക്കി മത്സരത്തിൽ പിടിച്ചു നിന്നു.

തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ അക്ബബ 88മത്തെ മിനുട്ടിലും 92 മത്തെ മിനുട്ടിലും ഗോൾ നേടി തുർക്കിയുടെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്എത്താനും തുർക്കിക്കായി. ഗ്രൂപ്പിൽ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

റൊണാൾഡോയില്ലാതിരുന്നിട്ടും ഇറ്റലിക്കെതിരെ പോർച്ചുഗലിന് ജയം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്നിട്ടും യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് ജയം. ഇറ്റലിയെയാണ് പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. സെവിയ്യ താരം ആന്ദ്രേ സിൽവ നേടിയ ഗോളാണ് മത്സരത്തിന് വിധി നിർണ്ണയിച്ചത്.

രാജ്യന്തര മത്സരങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ മത്സരത്തിന് ഇറങ്ങിയത്. ഇറ്റലിയാവട്ടെ പോളണ്ടിനെതിരായ  മത്സരത്തിൽ ഇറങ്ങിയതിൽ നിന്ന് 9 മാറ്റങ്ങളുമായാണ് മത്സരത്തിന് ഇറങ്ങിയത്. ഗോൾ കീപ്പർ ഡോണരുമയും ചെൽസി താരം ജോർജിഞ്ഞോയും മത്സരമാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്.

മത്സരത്തിന്റെ 48മത്തെ മിനുട്ടിലാണ് ആന്ദ്രേ സിൽവ ഗോൾ നേടിയത്. ബ്രൂമയുടെ ക്രോസ്സ് സിൽവ ഗോളാക്കുകയായിരുന്നു. ഗോൾ പോസ്റ്റിൽ ഇറ്റലി ഗോൾ കീപ്പർ ഡോണരുമയുടെ മികച്ച രക്ഷപെടുത്തലുകളാണ് ഇറ്റലി കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷപെട്ടത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റലി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും പോർച്ചുഗൽ മത്സരം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താനും പോർചുഗലിനായി.

ഗോളടിയിൽ സിദാനെ മറികടന്ന് ജിറൂദ്

ഫ്രാൻസിന് വേണ്ടി ഗോൾ നേടിയവരുടെ പട്ടികയിൽ ഫ്രഞ്ച് ഇതിഹാസം സിദാനെ മറികടന്ന് ചെൽസി താരം.  നെതലൻഡ്‌സിനെതിരെ വിജയ ഗോൾ നേടിയതോടെയാണ് ജിറൂദ് സിദാനെ മറികടന്നത്. നെതലൻഡ്‌സിനെതിരായ ഗോൾ ഫ്രാൻസ് ജേഴ്സിയിൽ ജിറൂദിന്റെ 32മത്തെ ഗോളായിരുന്നു. 82 മത്സരങ്ങളിൽ നിന്നാണ് ജിറൂദ് സിദാന്റെ ഗോൾ നേട്ടം മറികടന്നത്.

ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ജിറൂദ് നാലാം സ്ഥാനത്താണ്. രണ്ടു ഗോൾ കൂടി നേടിയാൽ മൂന്നാം സ്ഥാനത്തുള്ള ഡേവിഡ് ട്രെസിഗെയെ മറികടന്നാണ് ജിറൂദിനാവും. 41 ഗോൾ നേടിയ പ്ലാറ്റിനിയും 51 ഗോൾ നേടിയ ഹെൻറിയുമാണ് ഫ്രാൻസിന് വേണ്ടി കൂടുതൽ ഗോൾ നേടിയ മറ്റു താരങ്ങൾ.

 

ലെസ്റ്ററിൽ കരാർ പുതുക്കി ഹാരി മഗ്വയര്‍

ലെസ്റ്ററിൽ ദീർഘ കാലത്തേക്ക് കരാർ പുതുക്കി പ്രതിരോധ താരം ഹാരി മഗ്വയര്‍. 2023 വരെ പുതിയ കരാർ പ്രകാരം താരം ക്ലബ്ബിൽ തുടരും. റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഹാരി മഗ്വയറിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം നിരവധി ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു. 2017ലാണ് ഹൾ സിറ്റിയിൽ നിന്ന് മഗ്വയര്‍ ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്.

കഴിഞ്ഞ സീസണിൽ ലെസ്റ്ററിന്റെ പ്ലയെർ ഓഫ് ദി ഇയർ ആയിരുന്നു ഹാരി മഗ്വയര്‍. റഷ്യൻ ലോകകപ്പിൽ സ്വീഡനെതിരെ താരം നേടിയ ഗോളാണ് ഇംഗ്ലണ്ടിനെ സെമിയിൽ എത്തിച്ചത്.

Exit mobile version