ക്രിസ്റ്റ്യാനോ എക്കാലത്തെയും മികച്ച താരമെന്ന് ഓസിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമെന്ന മുൻ റയൽ മാഡ്രിഡ് താരം ഓസിൽ.  ഇരുവരും ചേർന്ന് 2011/12 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ലാ ലീഗ കിരീടം നേടി കൊടുത്തിരുന്നു.

ആഴ്‌സണലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ച ആർട്ടിക്കിളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകീർത്തിച്ച് ഓസിൽ രംഗത്തെത്തിയത്. തന്റെ കളിയിൽ പുരോഗതി കൈവരിക്കാൻ തന്നെ പ്രചോദിപ്പിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നും ഓസിൽ പറഞ്ഞു.

ഇത് പോലെ കഠിനാദ്ധ്വാനം ചെയുന്ന ഒരു ഫുട്ബോൾ താരത്തെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും പരിശീലനത്തിന് ആദ്യമെത്തി അവസാനം പോവുന്ന ഒരാളാണ് റൊണാൾഡോഎന്നും ഓസിൽ പറഞ്ഞു. ട്രെയിനിങ് മത്സരങ്ങളിൽ പോലും ജയിക്കാൻ മാത്രമാണ് റൊണാൾഡോ കളിക്കാറുള്ളതെന്നും ഓസിൽ പറഞ്ഞു.

റൊണാൾഡോയുടെ കൂടെ കളിയ്ക്കാൻ വളരെ എളുപ്പമാണെന്നും രണ്ട് പാസ് നൽകിയാൽ അതിൽ ഒന്ന് റൊണാൾഡോ ഗോളക്കുമായിരുന്നെന്നും ഓസിൽ പറഞ്ഞു.  കഴിഞ്ഞ ദിവസമാണ് ആഴ്‌സണൽ ജേഴ്സിയിൽ ഓസിൽ 200 മത്സരങ്ങൾ പൂർത്തിയാക്കിയത്.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള പിൻമാറ്റം സ്ഥിരീകരിച്ച് സച്ചിൻ

കേരള ബ്ലാസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പിന് വിറ്റെന്ന വാർത്തക്ക് പിന്നാലെ അത് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിൻ ടെണ്ടുൽക്കർ. ഇതോടെ ക്ലബ്ബിന്റെ തുടക്കം മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സിന്റെ 20 ശതമാനം ഓഹരികളാണ് സച്ചിന് ഉണ്ടായിരുന്നത്.

“കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് തന്റെ ഹൃദയത്തിന്റെ ഒരു കഷ്ണമാണെന്നും താൻ എപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യും” സച്ചിൻ പറഞ്ഞു.

കഴിഞ്ഞ നാല് വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നെന്നും മറ്റ് ഏതൊരു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകനെ പോലെയും എല്ലാം വികാരങ്ങളും ഈ കാലയളവിൽ തനിക്ക് ഉണ്ടായിരുന്നെന്നും സച്ചിൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കം മുതൽ ഒപ്പമുള്ള സച്ചിന്റെ പിൻമാറ്റം ആരാധകർ എങ്ങനെ നോക്കി കാണുമെന്ന് കാത്തിരുന്ന് കാണാം. സച്ചിന്റെ 20 ശതമാനം ഓഹരിക്ക് പുറമെ ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിനായിരുന്നു ബാക്കിയുള്ള 80% ഓഹരികളുടെ ഉടമസ്ഥാവകാശം. ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് മുഴുവൻ ലുലു ഗ്രൂപ്പിന്റേതാവും.

കേരള ബ്ലാസ്റ്റേഴ്സ് ഇനി ശരിക്കും കേരളത്തിന്റേത്, ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നു

ഐ.എസ്.എൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഷെയറുകളും വാങ്ങി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള ലുലു ഗ്രൂപ്പ്. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും സച്ചിന്റെ ഉടമസ്ഥതയിലുള്ള 20 ശതമാനം ഓഹരികളുമാണ് ലുലു ഗ്രൂപ്പ് വാങ്ങുന്നത്.

ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നു ഉടമസ്ഥാവകാശം നഷ്ട്ടമാകും. അതെ സമയം സാമ്പത്തികമായി മികച്ചു നിൽക്കുന്ന ലുലു ഗ്രൂപ്പിനെ ഉടമസ്ഥരായി ലഭിക്കുന്നത് സ്റ്റേഡിയം പോലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പരിപാടികൾക്ക് മികച്ച ഉണർവ് നൽകും.

ഈ വർഷത്തേക്കുള്ള കളിക്കാരെ സ്വന്തമാക്കിയത് കൊണ്ട് തന്നെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ ഉടമസ്ഥരുടെ മാറ്റം ബാധിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഹാട്രിക്കോടെ ഹസാർഡ്, ഒന്നാം നമ്പർ പ്രകടനവുമായി ചെൽസി ഒന്നാം സ്ഥാനത്ത്

കാർഡിഫ് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഒരു വേള ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു മത്സരത്തിൽ നാല് ഗോളടിച്ച് ജയം സ്വന്തമാക്കിയത്. ഹസാർഡിന്റെ ഹാട്രിക് പ്രകടനമാണ് ചെൽസിയുടെ ജയം അനായാസമാക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഗോൾ വ്യതാസത്തിൽ ലിവർപൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനും ചെൽസിക്കായി.

മത്സരം തുടങ്ങിയത് മുതൽ എല്ലാവരുടെയും പ്രതീക്ഷക്ക് വിപരീതമായ പ്രകടനമാണ് കാർഡിഫ് പുറത്തെടുത്തത്. ചെൽസി ആക്രമണത്തെ പ്രതിരോധത്തിൽ ഊന്നി മറികടക്കാതെ മികച്ച ആക്രമണമാണ് തുടക്കത്തിൽ കാർഡിഫ് പുറത്തെടുത്തത്. അതിന്റെ പ്രതിഫലമെന്നോണം ചെൽസിയെ ഞെട്ടിച്ചുകൊണ്ട് കാർഡിഫ് മത്സരത്തിൽ ഗോൾ നേടി. സെറ്റ് പീസ് പ്രതിരോധിക്കുന്നതിൽ ചെൽസി വീഴ്ചവരുത്തിയപ്പോൾ സോൾ ബംബയാണ് ചെൽസിയെ ഞെട്ടിച്ച ഗോൾ നേടിയത്.

ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം കാഴ്ച വെച്ച ചെൽസി പലപ്പോഴും കാർഡിഫ് ഗോൾ കീപ്പർ നീൽ എതെറിഡ്ജിനു മുൻപിൽ മുട്ട് മടക്കി. എന്നാൽ അധികം താമസിയാതെ ജിറൂദും ഹസാർഡും ഒരുമിച്ച് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ചെൽസി സമനില പിടിച്ചു. സമനില നേടി അധികം താമസിയാതെ ജിറൂദ് – ഹസാർഡ് സഖ്യം രണ്ടാമതും കാർഡിഫ് വല കുലുക്കി. ഇത്തവണയും ഹസാർഡ് തന്നെയായിരുന്നു ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിലും ചെൽസിയെ വിറപ്പിച്ച പ്രകടനം പുറത്തെടുത്ത കാർഡിഫ് പക്ഷെ ചെൽസി പ്രതിരോധം മറികടക്കുന്നതിൽ വിജയിച്ചില്ല. തുടർന്ന് മൂന്ന് മിനുറ്റിനിടെ രണ്ട് ഗോൾ തിരിച്ചടിച്ച ചെൽസി മത്സരത്തിൽ ജയം ഉറപ്പിച്ചു.  ആദ്യം വില്യനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി ഹസാർഡ് തന്റെ ഹാട്രിക് പൂർത്തിയാക്കി. തുടർന്ന് മൂന്ന് മിനുറ്റുനിടെ വില്യൻ ചെൽസിയുടെ നാലാമത്തെ ഗോളും നേടി മത്സരത്തിൽ ചെൽസിയുടെ ആധിപത്യം ഉറപ്പിച്ചു.

 

ഫുൾഹാമിനെയും മറികടന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയകുതിപ്പ്

ഫുൾഹാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി  സനെ, ഡേവിഡ് സിൽവ, സ്റ്റെർലിങ് എന്നിവരാണ് ഗോളുകൾ നേടിയത്.

മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ലീഡ് നേടി. കഴിഞ്ഞ മത്സരത്തിൽ ടീമിൽ ഇടം നേടാതിരുന്ന സനെയാണ് ഗോൾ നേടിയത്. ഫുൾഹാം താരം സെറിയുടെ പിഴവിൽ നിന്ന് പന്തുമായി കുതിച്ച ഫെർണാഡിഞ്ഞോ സനെക്ക് പാസ് നൽകുകയും സനെ ഗോൾ നേടുകയുമായിരുന്നു.  അധികം താമസിയാതെ ഡേവിഡ് സിൽവയിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് ഇരട്ടിയാക്കി. ഇത്തവണ ബെർണാർഡോ സിൽവയുടെയും സ്റ്റെർലിങ്ങിന്റെയും മുന്നേറ്റത്തിനൊടുവിലാണ് സിറ്റി ഗോൾ നേടിയത്.

ആദ്യ പകുതിയുടെ തനിയാവർത്തനം പോലെ തന്നെ രണ്ടാം പകുതി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ വീണ്ടും ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ അഗ്വേറോയുടെ പാസിൽ നിന്ന് സ്റ്റെർലിങ് ആണ് സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടിയത്. ജയത്തോടെ ചെൽസിക്കും ലിവർപൂളിനും തൊട്ടു പിന്നിലെത്താനും മാഞ്ചസ്റ്റർ സിറ്റിക്കായി.

ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത മത്സരത്തിൽ ഗോളടിക്കുമെന്ന് യുവന്റസ് പരിശീലകൻ

നാളെ നടക്കുന്ന സാസോളോക്കെതിരായ സീരി എ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കുമെന്ന് യുവന്റസ് പരിശീലകൻ അല്ലെഗ്രി. മൂന്ന് സീരി എ മത്സരങ്ങൾ യുവന്റസിന് വേണ്ടി കളിച്ച റൊണാൾഡോക്ക് യുവന്റസ് ജേഴ്സിയിൽ ഗോൾ നേടാനായിരുന്നില്ല. ഇതിനെ തുടർന്നാണ് റൊണാൾഡോക്ക് പിന്തുണയുമായി യുവന്റസ് പരിശീലകൻ രംഗത്തെത്തിയത്.

റൊണാൾഡോ ഫിഫയുടെ  ദി ബെസ്റ്റ് പുരസ്കാരം നേടുമെന്നും അല്ലെഗ്രി പറഞ്ഞു. ദി ബെസ്റ്റ് പുരസ്‌കാരത്തിനായി ലിവർപൂൾ താരം മുഹമ്മദ് സലയും റയൽ മാഡ്രിഡ് താരം ലുക്കാ മോഡ്രിച്ചുമാണ് റൊണാൾഡോയെ കൂടാതെ രംഗത്തുള്ളത്. ക്ലബ് ഫുട്ബോളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനായി റൊണാൾഡോ പോർച്ചുഗലിന്റെ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല.

അതെ സമയം ലീഗിൽ ഇതുവരെ തോൽവിയറിയാത്ത ടീം ആണ് സാസോളോ. സീസണിൽ ഇന്റർ മിലാനെ തോൽപിച്ച സാസോളോ യുവന്റസിനും റൊണാൾഡോക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഏഷ്യ കപ്പ് : ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും

ഏഷ്യ കപ്പിന്റെ ആദ്യ മത്സരത്തിൽ ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും. ശ്രീലങ്കക്കെതിരെ ടോസ് നേടിയ ബംഗ്ളാദേശ് ക്യാപ്റ്റൻ മഷ്റഫെ മുസ്തഫ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ശ്രീലങ്ക നിരയിൽ ഫസ്റ്റ് ബൗളർ മലിംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

Bangladesh: Tamim, Liton, Shakib, Mahmudullah, Mushfiqur, Mithun, Mosaddek, Mehidy, Rubel, Mustafizur

Sri Lanka: Tharanga, Dhananjaya, K Perera, K Mendis, Thisara, Shanaka, Malinga, Lakmal, Aponso, Dilruwan

ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് നിരക്കിൽ വലൻസിയക്ക് പണി കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗിൽ  മാഞ്ചസ്റ്റർ യുണൈറ്റഡ് – വലൻസിയ മത്സരത്തിൽ  വലൻസിയ ആരാധകർക്കുള്ള ടിക്കറ്റ് തുക വർദ്ധിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. വലൻസിയയിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഹോം മത്സരത്തിൽ വലൻസിയ ആരാധകരുടെ ടിക്കറ്റ് തുക വർദ്ധിപ്പിച്ചത്.

വർധിപ്പിച്ച തുകയിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം വലൻസിയ മത്സരം കാണാൻ പോവുന്ന ആരാധകർക്കുള്ള ടിക്കറ്റ് നിരക്കിൽ കുറച്ച് നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ ആരാധകർക്കായി 77 യൂറോയുടെ ടിക്കറ്റുകളാണ് വലൻസിയ നൽകിയത്.

ടിക്കറ്റിന്റെ വില കുറക്കാൻ വലൻസിയ അധികൃതരോട് മാഞ്ചസ്റ്റർ യുണൈറ്റഡ് അപേക്ഷിച്ചെങ്കിലും ടിക്കറ്റ് തുക കുറക്കാൻ വലൻസിയ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വലൻസിയ എവേ ഫാൻസിനുള്ള ടിക്കറ്റ് തുക കൂട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ഇതോടെ ഒരു ടിക്കറ്റിന് 25യൂറോ അധികം ഈടാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ആരാധകർക്ക് നൽകുന്ന കിഴിവ് കഴിഞ്ഞു കൂടുതൽ തുക ലഭിച്ചാൽ അത് ക്ലബ്ബിന്റെ ചാരിറ്റിയിലേക്ക് സംഭവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു പോവാൻ ആവശ്യപെട്ടിട്ടില്ലെന്ന് മൗറിഞ്ഞോ

പോൾ പോഗ്ബ ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു പോവാൻ ആവശ്യപെട്ടിട്ടില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിഞ്ഞോ . എന്നാൽ പോഗ്ബയുടെ ഭാവിയെ പറ്റി തനിക്ക് അറിയില്ലെന്നും മൗറിഞ്ഞോ പറഞ്ഞു. പോഗ്ബ ജനുവരിയിൽ വീണ്ടും ബാഴ്‌സലോണയിലേക്ക് മാറാൻ ശ്രമിക്കും എന്ന വർത്തകൾക്കിടയിലാണ് മൗറിഞ്ഞോയുടെ പ്രതികരണം.

“ലോകകപ്പിന് ശേഷം പ്രീമിയർ ലീഗ് തുടങ്ങി ഒരു ആഴ്ച കഴിഞ്ഞതിനു ശേഷമാണു പോഗ്ബ ടീമിനൊപ്പം ചേർന്നത്. രണ്ട് മാസത്തോളം താനും പോഗ്ബയും ഒരുമിച്ച് ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ പോഗ്ബ ടീം വിട്ടു പോവണം എന്ന് തന്നോട് ആവശ്യപെട്ടിട്ടില്ല” മൗറിഞ്ഞോ പറഞ്ഞു.

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പോഗ്ബ ബാഴ്‌സലോണയിലേക്ക് മാറുമെന്ന ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് താരം യുണൈറ്റഡിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2021 വരെ കരാറുള്ള താരമാണ് പോൾ പോഗ്ബ.

ടെറിയെ ചെൽസിയിലേക്ക് സ്വാഗതം ചെയ്ത് ചെൽസി പരിശീലകൻ സാരി

ടെറിയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്ത ചെൽസി പരിശീലകൻ മൗറിസിയോ സാരി. ടെറി ചെൽസിയിലേക്ക് തിരിച്ചു വന്നാൽ പരിശീലക സഹായിയാവാനാണ് മൗറിസിയോ സാരി ക്ഷണിച്ചത്. പത്ര പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സാരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. തനിക്ക് ഒരു വർഷം കൂടി കളിക്കണമെന്നാണ് താൻ കഴിഞ്ഞ തവണ ടെറിയെ കണ്ടപ്പോൾ താരം പറഞ്ഞതെന്നും സാരി പറഞ്ഞു. ചെൽസി ടെറിയുടെ സ്വന്തം വീടുപോലെയാണെന്നും ടെറിക്ക് ഏതു സമയത്തും ചെൽസിയിലേക്ക് വരാമെന്നും സാരി പറഞ്ഞു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ ആസ്റ്റൺ വില്ലക്ക് വേണ്ടിയാണു ചെൽസി കളിച്ചിരുന്നത്. കഴിഞ്ഞ ദിവസം റഷ്യൻ ക്ലബായ സ്പാർട്ടക് മോസ്കൊയിൽ ചേരാനുള്ള അവസരം ടെറി നിഷേധിച്ചിരുന്നു.  കുടുംബപരമായ കാര്യങ്ങളെ തുടർന്നാണ് ടെറി സ്പാർട്ടകിൽ ചേരുന്നതിൽ നിന്ന് പിന്മാറിയത്. തന്റെ 14മത്തെ വയസ്സിൽ ചെൽസിയിൽ ചേർന്ന ടെറി 717 തവണ ചെൽസിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.15 കിരീടങ്ങളും ഈ കാലയളവിൽ താരം നേടിയിട്ടുണ്ട്.

പ്രീമിയർ ലീഗിൽ നാളെ വാർ ഉപയോഗിക്കും

പ്രീമിയർ ലീഗിൽ വാർ പരീക്ഷിക്കുന്നതിന്റെ ഭാഗമായി നാളെ നടക്കുന്ന മത്സരങ്ങളിൽ വാർ ഉപയോഗിക്കും.  നാളെ ഇന്ത്യൻ സമയം 7.30 നടക്കുന്ന മത്സരങ്ങൾക്കാണ് വാർ പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗിക്കുക. കഴിഞ്ഞ സീസണിൽ ഓരോ മത്സരങ്ങൾ വെച്ച് വാർ പരീക്ഷണം നടത്തിയിരുന്നു. ഇത് ആദ്യമായിട്ടാണ് ഒരുമിച്ച് കൂടുതൽ മത്സരങ്ങൾക്ക് വാർ ഉപയോഗിക്കുന്നത്.

അതെ സമയം വാർ റഫറിമാരും ഗ്രൗണ്ടിലെ റഫറിമാരും തമ്മിൽ മത്സരത്തിനിടെ യാതൊരു ആശയവിനിമയവും നടക്കില്ല. 2018/ 19 സീസണിൽ പ്രീമിയർ ലീഗിൽ വാർ സംവിധാനം വേണ്ടെന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകൾ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിലേത് പോലെ ഇത്തവണയും ഇ.എഫ്.എൽ കപ്പിലും എഫ്.എ കപ്പിലും പ്രീമിയർ ലീഗ് ഗ്രൗണ്ടിൽ മത്സരങ്ങൾ നടക്കുമ്പോൾ വാർ ഉപയോഗിക്കും.

അടുത്ത സീസൺ മുതൽ പ്രീമിയർ ലീഗിൽ വാർ പൂർണമായും നടപ്പിൽ വരുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത വർഷം മുതൽ ചാമ്പ്യൻസ് ലീഗിലും വാർ സംവിധാനം കൊണ്ട് വരാൻ യുവേഫ ആലോചിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ മത്സരങ്ങളുടെ ടിക്കറ്റ് എത്തി, 199 രൂപ മുതൽ ഗ്യാലറി ടിക്കറ്റുകൾ

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.  199 രൂപ മുതൽ 1250 വരെയുള്ള ടിക്കറ്റുകളുടെ വിൽപ്പനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.  സൗത്ത് ഗാലറിയിലും നോർത്ത് ഗാലറിയിലുമാണ് 199 രൂപയുടെ ടിക്കറ്റുകൾ. ബ്ലോക്ക് ബിയിലും ബ്ലോക്ക് ഡിയിലും 349 രൂപയുടെ ടിക്കറ്റുകൾ ആണ് വേണ്ടത്.

വി.ഐ.പി ടിക്കറ്റുകൾക്ക് 1250 രൂപയാണ് വിലയിട്ടിരിക്കുന്നത്. വെസ്റ്റ് ഗാലറിയിലും ഈസ്റ്റ് ഗാലറിയിലും 249 രൂപയാണ് ടിക്കറ്റ് തുക.  ഇതിനെല്ലാം പുറമെ 449 രൂപയുടെ ടിക്കറ്റുകളും ലഭ്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെ പ്രഖ്യാപിച്ച 6 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളാണ് ഇപ്പോൾ വില്പനക്ക് വെച്ചിരിക്കുന്നത്.

ഒക്ടോബർ അഞ്ചിന് നടക്കുന്ന മുംബൈ സിറ്റിക്കെതിരായ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഒക്ടോബർ 20ന് ഡെൽഹി ഡൈനാമോസ്, നവംബർ 5ന് ബെംഗളൂരു എഫ് സി, നവംബർ 11ന് എഫ് സി ഗോവ, ഡിസംബർ 4ന് ജംഷദ്പൂർ, ഡിസംബർ 7ന് പൂനെ സിറ്റി എന്നീ ടീമുകളെയും കേരളം കലൂർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യും. ഈ ആറ് മത്സരങ്ങൾക്കുള്ള ടിക്കറ്റാണ് ഇപ്പോൾ വിൽപ്പ അരംഭിച്ചിരിക്കുന്നത്.

ടിക്കറ്റുകൾ പേ ടിയെം വഴിയും, insider.in വെബ്സൈറ്റ് വഴിയും വാങ്ങാം.

Exit mobile version