20 കൊല്ലത്തിന് ശേഷം ഡച്ച് പട യൂറോ കപ്പ് സെമിഫൈനലിൽ, മനം കവർന്നു തുർക്കി മടങ്ങി

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ തുർക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഹോളണ്ട് യൂറോ കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ ടർക്കിഷ് പോരാട്ടവീര്യം അതിജീവിച്ചു ആണ് ഡച്ച് പട വിജയം കണ്ടത്. തുർക്കി സുന്ദരമായി കളിച്ച ആദ്യ പകുതിയിൽ 35 മത്തെ മിനിറ്റിൽ അവർ അർഹിച്ച ഗോൾ പിറന്നു. ആർദ ഗുളറിന്റെ മനോഹരമായ ക്രോസിൽ നിന്നു പ്രതിരോധതാരം സമത് അക്യാദിൻ ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടുക ആയിരുന്നു. തുടർന്നും മികച്ച അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചു.

രണ്ടാം പകുതിയിൽ ലഭിച്ച ഒരു ഫ്രീക്കിക്കിൽ നിന്നു ആർദ ഗുളറിന്റെ മികച്ച ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. സമനില ഗോളിന് ആയി ഓറഞ്ച് പട ആക്രമണം കടപ്പിച്ച സമയത്തും ഡച്ച് പ്രതിരോധത്തെ വേഗമേറിയ കൗണ്ടർ കൊണ്ട് തുർക്കി പരീക്ഷിച്ചു കൊണ്ടിരുന്നു. 70 മത്തെ മിനിറ്റിൽ പക്ഷെ ഡച്ച് പടയുടെ ശ്രമങ്ങൾ ജയം കണ്ടു. മെമ്പിസ് ഡീപായുടെ ക്രോസിൽ നിന്നു പ്രതിരോധ താരം സ്റ്റെഫാൻ ഡി വൃജിന്റെ ബുള്ളറ്റ് ഹെഡർ അത് വരെ പിടിച്ചു നിന്ന തുർക്കി പ്രതിരോധത്തെ മറികടന്നു. തുടർന്ന് തുടർച്ചയായ ഡച്ച് ആക്രമണം ആണ് കാണാൻ ആയത്. 6 മിനിറ്റിനുള്ളിൽ ഇതിനു ഫലവും കണ്ടു.

ഡംഫ്രിസിന്റെ മികച്ച ക്രോസ് കോഡി ഗാക്പോയിലേക്ക് എത്താതെ തടയാനുള്ള റൈറ്റ് ബാക്ക് മെററ്റ് മുൾഡറിന്റെ ശ്രമം സ്വന്തം ഗോളിൽ പതിക്കുക ആയിരുന്നു. ഇതോടെ മത്സരത്തിൽ ആദ്യമായി ഡച്ച് മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് സമനിലക്ക് ആയി സകല കരുത്തും പുറത്തെടുത്തു തുർക്കി ശ്രമിച്ചു. പകരക്കാരനായി ഇറങ്ങിയ അർതുകോഗ്ലുവിന്റെ ഗോൾ എന്ന ഷോട്ട് ഗോളിയെ മറികടന്നെങ്കിലും വാൻ ഡ വെൻ അവിശ്വസനീയം ആയ വിധം ബ്ലോക്ക് ചെയ്തു. തുടർന്ന് ടോസന്റെ ശ്രമം തടഞ്ഞ ഡച്ച് ഗോൾ കീപ്പർ വെർബ്രുഗൻ 92 മത്തെ മിനിറ്റിൽ കിലിസോയിയുടെ ക്ലോസ് റേഞ്ച് ശ്രമം അവിശ്വസനീയം ആയി ആണ് രക്ഷിച്ചത്. 20 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഹോളണ്ട് യൂറോ കപ്പ് സെമിയിൽ എത്തുന്നത്. തങ്ങളുടെ ആറാം യൂറോ കപ്പ് സെമിയിൽ ഇംഗ്ലണ്ട് ആണ് റൊനാൾഡ് കോമന്റെ ടീമിന്റെ എതിരാളികൾ. തോറ്റെങ്കിലും തല ഉയർത്തി സുന്ദര ഫുട്‌ബോൾ സമ്മാനിച്ചു ആണ് തുർക്കി ജർമ്മനിയിൽ നിന്നു മടങ്ങുന്നത്.

2 ലോകോത്തര ഗോളുകൾ!! ആവേശപ്പോരിൽ ജോർജിയയെ തോൽപ്പിച്ച് തുർക്കി

യൂറോ കപ്പിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ തുർക്കി ജോർജിയയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ന് തുർക്കിയുടെ വിജയം. രണ്ടു മനോഹരമായ ഗോളുകളാണ് തുർക്കിയുടെ വിജയം ഒരുക്കിയത്. ഇതിൽ 19കാരനായ ആർദ ഗൂളർ നേടിയ ഗോൾ ഈ ടൂർണമെൻറ് കണ്ട, കാണാൻ പോകുന്ന ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരിക്കും.

മത്സരത്തിന്റെ 25 മിനിട്ടിലാണ് തുർക്കി ലീഡ് എടുത്തത്. അവരുടെ റൈറ്റ് ബാക്ക് ആയ മുൽദുറിന്റെ കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ ഒരു വോളിയാണ് തുർക്കിക്ക് ലീഡ് നൽകിയത്. ഈ ഗോൾ വന്നു തൊട്ടടുത്ത മിനിറ്റിൽ തന്നെ യിൽഡിസിലൂടെ തുർക്കി രണ്ടാം ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് കാരണം ആ ഗോൾ നിഷേധിക്കപ്പെട്ടു.

32ആം മിനിറ്റിൽ ജോർജിയെ സമനില പിടിച്ചു. മികോടദ്സെയുടെ ഒരു ഷോട്ട് ഗോൾകീപ്പറെ കീഴ്പ്പെടുത്തുകയായിരുന്നു. ഗോൾകീപ്പർക്ക് സേവ് ചെയ്യാമായിരുന്ന ഒരു ഷോട്ട് ആയിരുന്നു അത്. അതിനുശേഷം ഇരു ടീമുകളും ആക്രമിച്ചു തന്നെ കളിച്ചു. യൂറോകപ്പിലെ ഇതുവരെ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. അത്ര മികച്ച നീക്കങ്ങൾ ഇന്ന് കളിയിൽ പിറന്നു.

രണ്ടാം പകുതിയിൽ 65 മിനിട്ടിലാണ് തുർക്കിയുടെ വിജയഗോൾ വന്നത്. അവരുടെ യുവതാരം 25 വാരെ അകലെ നിന്നു തൊടുത്ത ഒരു ഷോട്ട് കേർൾ ചെയ്തു വലയിലേക്ക് വീഴുകയായിരുന്നു. റയൽ മാഡ്രിഡ് താരത്തിന്റെ ഈ ഗോൾ തുർക്കിയുടെ വിജയം ഉറപ്പിച്ചു ഇതിനുശേഷവും തുർക്കിക്ക് നല്ല അവസരം കിട്ടിയിരുന്നെങ്കിലും ജോർജിയയുടെ ഗോൾകീപ്പറുടെ മികവ് സ്കോർ 2-1ൽ നിലനിർത്തി.

അവസാനം ജോർജിയ തുടർ ആക്രമണങ്ങൾ നടത്തി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അവസാനം ഗോൾകീപ്പർ വരെ ഗോളടിക്കാൻ പോയ സമയത്ത് അക്തുകൊഗ്ലു ഒരു കൗണ്ടർ അറ്റാക്കിലൂടെ നേടിയ ഗോളിൽ തുർക്കി ജയം ഉറപ്പിച്ചു. പോർച്ചുഗലും ചെക്ക് റിപബ്ലിക്കും ആണ് ഈ ഗ്രൂപ്പിലെ ബാക്കി രണ്ടു ടീമുകൾ.

സെർജിയോ റാമോസ് തുർക്കിയിലേക്ക് അടുക്കുന്നു

പി എസ് ജിയുടെ സെന്റർ ബാക്കായിരുന്ന സെർജിയോ റാമോസ് തുർക്കിയിലേക്ക് തന്നെ പോകാൻ സാധ്യത. റാമോസിനെ സ്വന്തമാക്കാനുള്ള ശ്രമം തുർക്കി ക്ലബായ ബെസികസ് അവസാനിപ്പിച്ചു എങ്കിലും മറ്റൊരു തുർക്കി ക്ലബായ ഗലറ്റസറെ ഇപ്പോൾ ട്രാൻസ്ഫർ ചർച്ചകളിൽ ഏറെ മുന്നിൽ എത്തൊയിരിക്കുകയാണ്. റാമോസിന് 10 മില്യൺ വാർഷിക വരുമാനം ലഭിക്കുന്ന ഒരു കരാർ ഗലറ്റസറെ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തെ കരാറും റാമോസിനു മുന്നിൽ അവർ വെക്കുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ റാമോസ് തന്റെ അവസാന തീരുമാനം ഗലറ്റസറെയെ അറിയിക്കും.

റാമോസ് ഇപ്പോഴും ഫ്രീ ഏജന്റായി തുടരുകയാണ്. റാമോസിനായി സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും ഇപ്പോഴും ഓഫറുകൾ ഉണ്ട്. എന്നാൽ പി‌എസ്‌ജി വിട്ട ഡിഫൻഡർ സെർജിയോ തന്റെ ഭാവി ഇനിയും തീരുമാനിച്ചിട്ടില്ല. റാമോസിമായി ഇന്റർ മയാമി രംഗത്ത് ഉള്ളതായി നേരത്തെ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ ചർച്ചകളും മുന്നോട്ട് പോയില്ല.

പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്‌. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.

തുർക്കിക്കെതിരെ റഷ്യക്ക് ജയം

യുവേഫ നേഷൻസ് ലീഗിൽ തുർക്കിക്കെതിരെ റഷ്യക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു റഷ്യയുടെ ജയം. ഇരു പകുതികളുമായി നേടിയ ഗോളുകളാണ് റഷ്യയുടെ വിജയം ഉറപ്പിച്ചത്. റഷ്യക്ക് വേണ്ടി ന്യൂസ്റ്റാഡിറ്ററും റഷ്യയുടെ ലോകകപ്പ് ഹീറോ ചെറിഷേവുമാണ് ഗോളുകൾ നേടിയത്.

ജയത്തോടെ നേഷൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താനും റഷ്യക്കായി. 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റോടെയാണ് റഷ്യ ഒന്നാമതെത്തിയത്. 3 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുള്ള തുർക്കി രണ്ടാം സ്ഥാനത്താണ്.

സ്വീഡനെ ഞെട്ടിച്ച തിരിച്ചുവരവിൽ തുർക്കിക്ക് ജയം

സ്വീഡനെ ഞെട്ടിച്ചുകൊണ്ട് അവസാന മിനുട്ടിൽ രണ്ടു ഗോൾ നേടി തുർക്കിക്ക് ജയം. 88മത്തെ മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു സ്വീഡനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കി ജയിച്ചത്. പകരക്കാരനായി ഇറങ്ങിയ അക്ബബ നേടിയ ഇരട്ട ഗോളുകളാണ് തുർക്കിയുടെ വിജയത്തിന് കരുത്തേകിയത്. ഒരു വേള മത്സരത്തിൽ 2-0 പിറകിൽ നിന്നതിനു ശേഷമായിരുന്നു തുർക്കിയുടെ തിരിച്ചുവരവ് കണ്ടത്.

ആദ്യ പകുതിയിൽ മത്സരത്തിൽ ആധിപത്യം പുലർത്തിയ സ്വീഡൻ ഇസാക്‌ തെലിനിലൂടെ മുൻപിലെത്തി. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലാസ്സൻ സ്വീഡന്റെ രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരം സ്വീഡൻ കൈപിടിയിലൊതുക്കുമെന്ന് തോന്നി. എന്നാൽ 51ആം മിനുറ്റിൽ കാൽഹാനോഗ്ലുവിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് തുർക്കി മത്സരത്തിൽ പിടിച്ചു നിന്നു.

തുടർന്നാണ് പകരക്കാരനായി ഇറങ്ങിയ അക്ബബ 88മത്തെ മിനുട്ടിലും 92 മത്തെ മിനുട്ടിലും ഗോൾ നേടി തുർക്കിയുടെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്എത്താനും തുർക്കിക്കായി. ഗ്രൂപ്പിൽ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

Exit mobile version