സരിയുടെ ഫുട്ബോളിനെ പ്രകീർത്തിച്ച് റൂഡിഗർ

അന്റോണിയോ കോണ്ടേയുടെ ഫുട്ബോളിനേക്കാൾ ചെൽസി കോച്ച് സരിയുടെ കീഴിയുള്ള ഫുട്ബോൾ ആണ് താൻ കൂടുതൽ ഇഷ്ട്ടപെടുന്നതെന്ന് ജർമൻ താരം അന്റോണിയോ റൂഡിഗർ. ഹസാർഡും കാന്റെയും ലോകകപ്പ് കഴിഞ്ഞു നേരം വൈകിയാണ് ടീമിനൊപ്പം ചേർന്നത്. എന്നിട്ടും കളിച്ച നാല് മത്സരങ്ങളും ജയിച്ച ചെൽസിയുടെ പ്രകടനം തന്നെ അത്ഭുതപെടുത്തിയെന്നും റൂഡിഗർ പറഞ്ഞു. സരിയുടെ കീഴിൽ കളിക്കുന്നത് താൻ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ജർമൻ താരം പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിലാണ് ചെൽസി അന്റോണിയോ കൊണ്ടേയെ മാറ്റി മൗറിസിയോ സരിയെ ചെൽസിയുടെ പരിശീലകനാക്കിയത്. സരിക്ക് കീഴിൽ മികച്ച പാസിംഗ് ഫുട്ബോൾ കാഴ്ചവെച്ച ചെൽസി പ്രീമിയർ ലീഗിലെ ആദ്യ നാല് മത്സരങ്ങളും ജയിക്കുകയും ചെയ്തിരുന്നു.

 

കൂടുതൽ പ്രൊഫഷണലാവാൻ ഐ.എസ്.എൽ

ഇത്തവണ മുതൽ ഐ.എസ്.എല്ലിൽ ഉദ്‌ഘാടന പരിപാടികൾ വേണ്ടെന്ന് തീരുമാനിച്ച് ഐ.എസ്.എൽ സംഘാടകർ. ഫുട്ബോളുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി കൂടുതൽ പ്രൊഫഷണൽ ആവാനാണ് ഐ.എസ്.എല്ലിന്റെ ശ്രമം. കഴിഞ്ഞ വർഷങ്ങളിൽ ഐ.എസ്.എല്ലിന്റെ ഉദ്‌ഘാടനത്തോട് ബോളിവുഡ് താരങ്ങളെ ഉൾപ്പെടുത്തി ഉദ്‌ഘാടന പരിപാടികൾ നടത്തിയിരുന്നു. ഇതിനെതിരെ പല ഭാഗത്ത്നിന്നും വിമർശനങ്ങളും നിലനിന്നിരുന്നു.

ഉദ്‌ഘാടന പരിപാടികൾ നിർത്തുന്നതോടെ ഫുട്ബോളിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ. യൂറോപ്പിലെ മുൻ നിര ലീഗുകളിൽ ഒന്നും ഇതുപോലെയുള്ള ആഘോഷ പരിപാടികൾ നടക്കാറുമില്ല. 10 ടീമുകൾ മത്സരത്തിക്കുന്ന ഐ.എസ്.എൽ ഈ കൊല്ലം മുതൽ അഞ്ച് മാസത്തോളം നീണ്ടു നിൽക്കുന്ന രീതിയിലാണ് നടത്തപ്പെടുന്നത്. ഈ മാസം 29ന് എ.ടി.കെ – കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തോടെ ഐ.എസ്.എൽ സീസണ് തുടക്കമാവും.

 

ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം

തായ്‌ലൻഡിലെ ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. തായ്‌ലൻഡ് ക്ലബായ ബാങ്കോങ് എഫ് സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ പകുതിയിൽ സിമിലെൻ ഡൗങ്ങൽ ആണ് ഗോളടി തുടങ്ങിയത്. തുടർന്ന് രണ്ടാം പകുതിയുടെ 70ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ പിറന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദാണ് ഗോൾ നേടിയത്.

അധികം താമസിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ വിദേശ തരാം സ്‌റ്റോഹനോവിച്ചിന്റെ ആദ്യ ഗോൾ പിറന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗോൾ ഖർപ്പൻ ആണ് നേടിയത്.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പുൻബൂഞ്ചു ബാങ്കോങ് എഫ് സിയുടെ ആശ്വാസ ഗോൾ നേടി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു, വിഹരിക്ക് അരങ്ങേറ്റം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തെ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇംഗ്ലണ്ട് നേരത്തെ 3-1ന് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ടെസ്റ്റിൽ കളിച്ച അതെ ടീമിനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്.

കഴിഞ്ഞ ടെസ്റ്റിൽ കളിച്ച ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഹർദിക് പാണ്ട്യക്ക് പകരമായി ഹനുമ വിഹരി ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്ന 292മത്തെ താരമാണ് വിഹരി.  കഴിഞ്ഞ മത്സരത്തിൽ കളിച്ച സ്പിന്നർ അശ്വിന് പകരം ജഡേജയും ടീമിൽ എത്തിയിട്ടുണ്ട്. നേരത്തെ ഓവലിൽ കളിച്ച രണ്ട് ടെസ്റ്റും പരാജയപ്പെട്ട ചരിത്രമാണ് ഇന്ത്യക്കുള്ളത്.

ഭൂകമ്പം: ജപ്പാൻ – ചിലി മത്സരം ഉപേക്ഷിച്ചു

ഭൂകമ്പത്തെ തുടർന്ന് ചിലിയും ജപ്പാനും തമ്മിൽ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. ജപ്പാന്റെ ദ്വീപായ ഹൊക്കൈഡോയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. 6.7വ്യാപ്‌തി രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 7 പേർ മരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കാൻ ജപ്പാൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.

പുതിയ കോച്ച് ഹാജിമേ മോറിയസുവിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നത്തെ മത്സരം. സെപ്റ്റംബർ 11ന് ഒസാക്കയിൽ വെച്ച് കോസ്റ്റാറിക്കയുമായാണ് ജപ്പാന്റെ അടുത്ത മത്സരം.

 

അവസാനം വരെ റയൽ മാഡ്രിഡിൽ ഉണ്ടാവുമെന്ന് മാഴ്‌സെലോ

റയൽ മാഡ്രിഡിൽ താൻ സന്തോഷവാനാണെന്ന് റയൽ മാഡ്രിഡിന്റെ പ്രതിരോധ താരം മാഴ്‌സെലോ. യുവന്റസിലേക്ക് താൻ മാറുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് താരത്തിന്റെ പ്രതികരണം. റയൽ മാഡ്രിഡ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് മാഴ്‌സെലോ താൻ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയത്. തന്റെ ഫുട്ബോൾ കരിയറിന്റെ അവസാനം വരെ താൻ റയൽ മാഡ്രിഡിൽ ഉണ്ടാവുമെന്നും മാഴ്‌സെലോ പറഞ്ഞു.

തനിക്ക് റയൽ മാഡ്രിഡിൽ ഒരുപാടു വർഷത്തെ കരാർ ബാക്കിയുണ്ടെന്നും റയൽ മാഡ്രിഡ് ലോകത്തിലെ മികച്ച ക്ലബ് ആണെന്നും താൻ എപ്പോഴും ലോകത്തിലെ മികച്ച ക്ലബ്ബിൽ കളിക്കാനാണ് ആഗ്രഹിച്ചതെന്നും മാഴ്‌സെലോ വ്യക്തമാക്കി. താൻ റയൽ മാഡ്രിഡിൽ കളിക്കാൻ തുടങ്ങിയത് മുതൽ താൻ ക്ലബ് വിടുന്നതിനെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ടെന്നും എന്നാൽ താനിക്ക് റയൽ മാഡ്രിഡിൽ നിൽക്കണമെന്നുള്ളത് മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയതോടെയാണ് മാഴ്‌സെലോയും റൊണാൾഡോയുടെ വഴി തിരഞ്ഞെടുക്കമെന്ന് പറഞ്ഞ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ആഷിഖ് കുരുണിയന് ആദ്യ ഗോൾ, സാഫ് കപ്പിൽ ഇന്ത്യക്ക് ജയം

സാഫ് ഫുട്ബോളിൽ ഇന്ത്യക്ക് വിജയ തുടക്കം. ആഷിഖ് കുരുണിയന്റെ ഇന്ത്യക്ക് വേണ്ടിയുള്ള ആദ്യ ഗോൾ കണ്ട മത്സരത്തിൽ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ശ്രീലങ്കയെ തോൽപ്പിച്ചു. ഇരു പകുതികളിലുമായി നേടിയ ഗോളുകളാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്.

ഇന്ത്യയുടെ നിയന്ത്രണം കണ്ട മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ആഷിഖ് കുരുണിയൻ ശ്രീലങ്കൻ ഗോൾ മുഖം ലക്ഷ്യമാക്കി കുതിച്ചു. അതിന്റെ പ്രതിഫലമെന്നോണം 36ആം മിനുട്ടിൽ ആഷിഖ് വല കുലുക്കി.  മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ശ്രീലങ്കൻ ഗോളിക്ക് ഒരു അവസരവും നൽകാതെ ആഷിഖ്‌ വല കുലുക്കുകയായിരുന്നു  

തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി.  ചാങ്ദേയാണ് ഗോൾ നേടിയത്. തുടർന്നും ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 

മാൽദിവ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന ടീം സെമിയിലെത്തും. 

പ്രീ സീസണിൽ പ്രീമിയർ ലീഗ് ക്ലബ്ബിനെ നേരിടാനൊരുങ്ങി എ.ടി.കെ

പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിനെ നേരിടാനൊരുങ്ങി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എ.ടി.കെ. പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി സ്പെയിനിൽ പര്യടനം നടത്തുന്ന എ.ടി.കെ പിനാറ്റർ അറീനയിൽ വെച്ചാണ് ഫുൾഹാമിനെ നേരിടുക. സെപ്റ്റംബർ 8നാണ് മത്സരം. ഇന്റർനാഷണൽ മത്സരങ്ങൾ നടക്കുന്ന സമയമായത്കൊണ്ട് തന്നെ ഫുൾഹാമിന്റെ രണ്ടാം നിര ടീം ആവും എ.ടി.ക്കെതിരെ ഇറങ്ങാൻ സാധ്യത.

പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി രണ്ട് മത്സരങ്ങൾ കളിച്ച എ.ടി.കെ രണ്ടു മത്സരവും ജയിച്ചിരുന്നു. കഴിഞ്ഞ ഐ.എസ്.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ എ.ടി.കെ ഇത്തവണ ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. പരിശീലകനായി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റീവ് കോപ്പലിനെ കൊൽക്കത്തയിൽ എത്തിച്ച എ.ടി.കെ ഇന്ത്യൻ സൂപ്പർ ലീഗിൽ പയറ്റി തെളിഞ്ഞ മികച്ച താരങ്ങളെയും ടീമിലെത്തിച്ചിരുന്നു.

പോഗ്ബയെ ബാഴ്‌സലോണയിലേക്ക് സ്വാഗതം ചെയ്ത് സുവാരസ്

പോൾ പോഗ്ബയെ ബാഴ്‌സലോണയിലേക്ക് സ്വാഗതം ചെയ്ത് ബാഴ്‌സലോണ താരം ലൂയിസ് സുവാരസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് താരം വിടുമെന്ന വർത്തകൾക്കിടയിലാണ് സുവാരസിന്റെ പ്രതികരണം. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയിലേക്ക് പോഗ്ബ മാറാൻ ശ്രമിക്കുന്നു എന്ന നിലയിലും വാർത്തകൾ വന്നിരുന്നു.

“പോഗ്ബ മികച്ച താരമാണ്. ഫുട്ബോളിൽ എല്ലാം വിജയിച്ച താരമാണ്. കൂടുതൽ ട്രോഫികൾ നേടാനായി പോഗ്ബ ആഗ്രഹിക്കുന്നുണ്ടാവും” സുവാരസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഹോസെ മൗറിഞ്ഞോയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളും താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഫ്രാൻസിനെ ലോകകപ്പ് വിജയികളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പോഗ്ബക്കായി ബാഴ്‌സലോണ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ബാഴ്‌സലോണ താരം പിക്വേയും പോഗ്ബയെ ബാഴ്‌സലോണയിലേക്ക് ക്ഷണിച്ചിരുന്നു.

കൊളംബിയയുടെ പരിശീലക സ്ഥാനത്ത് നിന്ന് പെക്കർമാൻ പടിയിറങ്ങി

കൊളംബിയൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പെക്കർമാൻ പടിയിറങ്ങി. 6 വർഷത്തിൽ അധികം കൊളംബിയയെ പരിശീലിപ്പിച്ചതിനു ശേഷമാണു പെക്കർമാൻ പടിയിറങ്ങുന്നത്.  രണ്ടു ലോകകപ്പിൽ അടക്കം കൊളംബിയയെ പരിശീലിപ്പിച്ച പെക്കർമാൻ കൊളംബിയയെ രണ്ടു തവണയും ടീമിന്റെ നോക് ഔട്ട് ഘട്ടത്തിൽ എത്തിച്ചിരുന്നു.

2012 ജനുവരിയിലാണ് പെക്കർമാൻ കൊളംബിയയുടെ പരിശീലകനായി ചുമതലയേറ്റത്. കൊളംബിയ ടീമിന്റെ മോശം അവസ്ഥയിലാണ് പെക്കർമാൻ പരിശീലകനായി ചുമതലയേൽക്കുന്നത്. തുടർന്ന് അങ്ങോട്ട് കൊളംബിയ ടീമിനെ ലാറ്റിൻ അമേരിക്കയിലെ മികച്ച ഫുട്ബോൾ ടീമായി വളർത്തിക്കൊണ്ടുവരാൻ ഈ അർജന്റീനക്കാരനായി.

റഷ്യൻ ലോകകപ്പിൽ പെനാൽറ്റിയിൽ ഇംഗ്ലണ്ടിന് തോറ്റു കൊളംബിയ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. ഇതിനെ തുടർന്നാണ് പെക്കർമാൻ കൊളംബിയയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചത്. 2014ലോകക്കപ്പിൽ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ആണ് പെക്കർമാന്റെ കൊളംബിയയെ തോൽപ്പിച്ചത്. 2022 ഖത്തർ ലോകകപ്പ് വരെ പെക്കർമാൻ കൊളംബിയയുടെ പരിശീലകനായി തുടരണമെന്ന് കൊളംബിയ ഫുട്ബോൾ ഫെഡറേഷൻ ആഗ്രഹിച്ചിരുന്നെങ്കിലും പെക്കർമാൻ കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ക്രൊയേഷ്യക്കെതിരെ ഇന്ത്യൻ യുവ ടീമിന് തോൽവി

ചതുരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ക്രോയേഷ്യയോട് ഇന്ത്യൻ ടീമിന് തോൽവി. 5-0 നാണ് ക്രോയേഷ്യൻ അണ്ടർ 19 ടീം ഇന്ത്യൻ അണ്ടർ 19 ടീമിനെ തോൽപ്പിച്ചത്. സ്പെയിനിൽ നടന്ന കോടിഫ് കപ്പിലെ പ്രകടനം ആവർത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിന് താങ്ങാവുന്നതിലും മികവ് ക്രൊയേഷ്യൻ യുവനിരയ്ക്ക് ഉണ്ടായിരുന്നു

ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യൻ ടീം നാല് ഗോളുകൾക്ക് പിറകിലായിരുന്നു. ആദ്യ പകുതിയുടെ തുടക്കത്തിൽ 15 മിനിറ്റ് വരെ ക്രോയേഷ്യൻ ആക്രമണത്തെ തടഞ്ഞ് നിർത്തിയ ഇന്ത്യ തുടർന്ന് തുടരെ തുടരെ ഗോൾ വഴങ്ങുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ പ്രതിരോധ നിര ഒരു ഗോൾ മാത്രമാണ് രണ്ടാം പകുതിയിൽ വഴങ്ങിയത്. ക്രോയേഷ്യൻ ഗോൾ കീപ്പറുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക്. ആശ്വാസ ഗോൾ നിഷേധിച്ചത്.

മെസ്സി ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന് റൊണാൾഡീഞ്ഞോ

ചരിത്രം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസ്സിയെന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ. മെസ്സി ഫുട്ബോളിൽ ചെയ്തത് പോലെ ഒരു താരവും ഫുട്ബോളിൽ ചെയ്തിട്ടില്ലെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. മെസ്സി ഫുട്ബോളിൽ നിന്ന് വിരമിക്കുമ്പോൾ മെസ്സിയുടെ നമ്പറായ 10 നമ്പർ ബാഴ്‌സലോണ മറ്റൊരു താരത്തിന് നൽകരുതെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.

“മെസ്സി ഒരു 20 വർഷം കൂടി കളിക്കണമെന്നാണ് തന്റെ ആഗ്രഹം. ഫുട്ബോളിനെ സ്നേഹിക്കുന്നവർ എല്ലാം മെസ്സി കൂടുതൽ കാലം കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. മെസ്സി വിരമിച്ചുകഴിഞ്ഞാൽ 10 നമ്പർ ജേഴ്സി ബാഴ്‌സലോണ മറ്റൊരു താരത്തിനും  കൊടുക്കരുത്” റൊണാൾഡീഞ്ഞോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ മെസ്സി ഒരു സമ്പൂര്‍ണ്ണ കളിക്കാരൻ ആണെന്ന് ഉള്ളതല്ല  മറിച്ച് ഫുട്ബോളിൽ ഞാൻ മെസ്സിയുടെ ശൈലി ആണ് ഇഷ്ട്ടപെടുന്നതെന്നും താരം പറഞ്ഞു.

താൻ ഇപ്പോഴത്തെ ബാഴ്‌സലോണയുടെയും ബ്രസിലിന്റെയും താരമായ കൂട്ടീഞ്ഞോയുടെ കൂടെ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.

 

 

Exit mobile version