റയൽ മാഡ്രിഡ് ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. റയൽ സോസീഡാഡ് ഡിഫൻഡർ ആൽവാരോ ഒഡ്രിസോളയെയാണ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ടീമിൽ എത്തിച്ചത്.
താരത്തിന്റെ 40 മില്യൺ റിലീസ് ക്ലോസ് റയൽ നൽകിയതോടെയാണ് ഡിഫൻഡർ റയലിന് സ്വന്തമായത്. സ്പാനിഷ് ദേശീയ ടീം അംഗമായ ഒഡ്രിസോള ലോകകപ്പ് ടീമിലും അംഗമായിരുന്നു.
റൈറ്റ് ബാക്കായ താരം കഴിഞ്ഞ സീസണിൽ സോസിഡാഡിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22 വയസുകാരനായ താരം കഴിഞ്ഞ സീസണിൽ 35 ല ലീഗ മത്സരങ്ങൾ കളിച്ചിരുന്നു. കാർവഹാലും നാചോയും കളിക്കുന്ന റൈറ്റ് ബാക്ക് പൊസിഷനിൽ ഇടം നേടുക എന്നത് പക്ഷെ താരത്തിന് വലിയ വെല്ലുവിളിയാകും.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രീ ക്വാർട്ടർ ജയത്തിന് ശേഷം നടത്തിയ പരാമർശങ്ങൾക്ക് മാപ്പ് പറഞ്ഞ് ഫുട്ബോൾ ഇതിഹാസം മറഡോണ. ഇംഗ്ലണ്ടിന്റെ വിജയം ആധാർമികം എന്ന് വിശേഷിപ്പിച്ച മറഡോണ മത്സരം നിയന്ത്രിച്ച റഫറിമാരുടെ പ്രകടനം മോശമാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു.
മത്സര ശേഷം നടത്തിയ അഭിപ്രായങ്ങൾ വികാര തള്ളിച്ചയിൽ പറഞ്ഞതാണെന്നും ഇതിന് ഫിഫയോടും മത്സരം നിയന്ത്രിച്ച റഫറിമാരോടും മാപ്പ് ചോദിക്കുന്നതായും മറഡോണ പറഞ്ഞു. മറഡോണയുടെ പരാമർശങ്ങൾ തള്ളി നേരത്തെ ഫിഫ തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു.
ഈ ലോകകപ്പ് തുടക്കം മുതൽ മറഡോണ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. നൈജീരിയക്ക് എതിരെ അർജന്റീന വിജയ ഗോൾ നേടിയപ്പോൾ മറഡോണയുടെ അതിര് വിട്ട ആഘോഷം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സ്പാനിഷ് താരം ഫാബിയൻ റൂയിസിനെ നാപോളി ടീമിൽ എത്തിച്ചു. റയൽ ബെറ്റിസ് താരമായ റൂയിസിനെ 30 മില്യൺ യൂറോ നൽകിയാണ് ഇറ്റാലിയൻ ടീം ടുറിനിൽ എത്തിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാൻ തയ്യാറെടുക്കുന്ന ജോർജിഞ്ഞോക്ക് പകരക്കാരനായാണ് നാപോളി താരത്തെ കാണുന്നത്. റൂയിസിനെ വരവോടെ ജോർജിഞ്ഞോ സിറ്റിയിലേക്ക് മാറുമെന്ന് ഏതാണ്ട് ഉറപ്പായി.
ബെറ്റിസ് അക്കാദമി വഴി വളർന്ന റൂയിസ് കഴിഞ്ഞ ല ലീഗ സീസണിൽ 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 3 ഗോളുകൾ നേടിയ താരം 22 വയസുകാരനാണ്
യുവേഫയുടെ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളിൽ അടുത്ത സീസൺ മുതൽ നാലാമത്തെ സബ്സ്റ്റിട്യൂഷൻ അനുവധിച്ചേക്കും. എക്സ്ട്രാ ടൈമിലേക്ക് നീളുന്ന നോകൗട്ട് മത്സരങ്ങളിൽ മാത്രം ടീമുകൾക്ക് നാലാമത്തെ താരത്തെ ഉപയോഗിക്കാൻ യുവേഫ അനുമതി നൽകും.
നിലവിൽ ലോകകപ്പിൽ എക്സ്ട്രാ ടൈമിൽ നാലാമത്തെ സബ്സ്റ്റിട്യൂഷൻ ഉപയോഗിക്കാൻ ഫിഫ അനുമതി ഉണ്ട്. ഫിഫയുടെ ഈ നിയമം യുവേഫയും പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു.
യുവേഫയുടെ ചാമ്പ്യൻസ് ലീഗിന് പുറമെ യൂറോപ്പ ലീഗ്, സൂപ്പർ കപ്പ്, വനിതാ ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ് തുടങ്ങിയവയിലും പുതിയ പരിഷ്കാരം ബാധകമാവും.
ലോകകപ്പ് പ്രീ ക്വാർട്ടറിൽ കൊളംബിയക്ക് എതിരായ ഗോളോടെ ഹാരി കെയ്ൻ ആവർത്തിച്ചത് ഏതാണ്ട് 79 വർഷം പഴക്കമുള്ള റെക്കോർഡ്. ഇംഗ്ലണ്ടിനായി തുടർച്ചയായി 6 കളികളിൽ ഗോൾ നേടുന്ന താരമായ കെയ്നിന്റെ മുൻപേ ഈ നേട്ടം ഒരാൾ നേടിയത് 1939 ലായിരുന്നു – ടോമി ലോട്ടൻ
കൊളംബിയക്ക് എതിരെ പെനാൽറ്റിയിലൂടെയാണ് കെയ്ൻ ഗോൾ നേടിയത്. ഇതോടെ ഈ ലോകകപ്പിൽ താരത്തിന്റെ ഗോൾ നേട്ടം 6 ആയി. അതും കേവലം 3 മത്സരങ്ങളിൽ നിന്ന്.
ആക്രമണ നിരയിലെ പരിക്ക് ഉറുഗ്വേക്ക് തലവേദനയാവുന്നു. കവാനിക്ക് പിന്നാലെ പരിശീലനത്തിനിടെ സുവാരസിനും പരിക്കേറ്റത് അവർക്ക് ആശങ്ക സമ്മാനിച്ചു. മുടന്തി മൈതാനം വിട്ട താരത്തിന്റെ പരിക്ക് എത്രത്തോളം സാരമുള്ളതാണ് എന്നതിനെ കുറിച്ചു റിപ്പോർട്ടുകൾ വന്നിട്ടിലെങ്കിലും ഫ്രാൻസിന് എതിരായ ക്വാർട്ടർ ഫൈനലിൽ താരം കളിച്ചില്ലെങ്കിൽ അവർക്കത് വലിയ തിരിച്ചടിയാകും.
പോർച്ചുഗലിന് എതിരെ മുന്നേറ്റ നിരയിൽ ഒത്തിണക്കത്തോടെ കളിച്ച കവാനി- സുവാരസ് സഘ്യം ഇല്ലെങ്കിൽ ഉറുഗ്വേ പരിശീലകൻ തബരസിന് തന്റെ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്തേണ്ടി വരും.
മുടന്തി ഗ്രൗണ്ട് വിട്ട സുവാരസ് പരിശീലനത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട് എങ്കിലും മത്സരത്തിന് മുൻപ് മാത്രമേ താരത്തിന്റെ കായിക ക്ഷമത കുറിച്ചുള്ള അവസാന വിവരങ്ങൾ ലഭ്യമാകൂ.
ലെസ്റ്റർ വിങ്ങർ റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടേക്കും. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും 60 മില്യൺ പൗണ്ടിന്റെ കരാറിൽ എത്തിയതായി ഇംഗ്ലണ്ടിൽ നിന്നുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ മഹ്റസിനെ സ്വന്തമാക്കാൻ ഗാർഡിയോള ശ്രമിച്ചെങ്കിലും ലെസ്റ്റർ 90 മില്യൺ ചോദിച്ചതോടെ ട്രാൻസ്ഫർ നടക്കാതെ പോയിരുന്നു. ഇതോടെ ഇടഞ്ഞ മഹ്റസ് പരിശീലനത്തിൽ നിന്ന് വിട്ട് നിന്നിരുന്നു.
27 വയസുകാരനായ മഹ്റസ് അൾജീരിയൻ ദേശീയ താരമാണ്. 2014 മുതൽ ലെസ്റ്ററിന്റെ താരമാണ്. 2015 ൽ ലെസ്റ്റർ കിരീടം നേടിയപ്പോൾ അതിന് പിന്നിലെ പ്രധാന ശക്തി ഈ താരമായിരുന്നു.
ആഴ്സണലിന്റെ പത്താം നമ്പർ ജേഴ്സി ഇനി മെസ്യൂദ് ഓസിലിന് സ്വന്തം. ജാക്ക് വിൽഷെയർ ക്ലബ്ബ് വിട്ടതോടെയാണ് പത്താം നമ്പർ ജേഴ്സി ഒഴിവ് വന്നത്. നിലവിൽ 11 ആണ് ഓസിലിന്റെ ജേഴ്സി നമ്പർ.
ജർമ്മനിക്കായി പത്താം നമ്പറിൽ കളിക്കുന്ന ഓസിലിന് ഇതോടെ ക്ലബ്ബിലും രാജ്യത്തിലും ഒരേ നമ്പറായി. ഓസിൽ ഏറെ ഇഷ്ടപ്പെടുന്ന സിനദിൻ സിദാൻ കരിയറിൽ ഉടനീളം അണിഞ്ഞ പത്താം നമ്പറിനോടുള്ള ഇഷ്ട്ടം മുൻപ് ഓസിൽ വെളിപ്പെടുത്തിയിരുന്നു.
ആഴ്സണലിന്റെ ഇതിഹാസം ഡെനിസ് ബെർകാമ്പ് അണിഞ്ഞതും പത്താം നമ്പർ ആയിരുന്നു.
ലോകകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ജർമ്മൻ ദേശീയ ടീം പരിശീലകൻ യാക്കിം ലോ സ്ഥാനത്ത് തുടരും. ഈ ലോകകപ്പിൽ ഒഴികെ കളിച്ച എല്ലാ ടൂര്ണമെന്റുകളിലും ജർമ്മനിയെ ചുരുങ്ങിയത് സെമി ഫൈനൽ വരെയെങ്കിലും എത്തിച്ച ലോയുമായുള്ള കരാർ തുടരാൻ ജർമ്മനി തീരുമാനിക്കുകയായിരുന്നു.
ലോകകപ്പിന് തൊട്ട് മുൻപേ 2022 വരെ കരാർ ഒപ്പിട്ട ലോയെ ലോകകപ്പ് തോൽവിക്ക് പിന്നാലെ പുറത്താക്കിയേക്കും എന്ന വാർത്തകൾക്കാണ് ഇതോടെ വിരാമമായത്. 2006 മുതൽ ജർമ്മനി പരിശീലകനായ ലോ ടീമിന് 2014 ലോകകപ്പും 2017 കോണ്ഫെഡറേഷൻ കപ്പും സമ്മാനിച്ചിരുന്നു.
ലീറോയ് സാനെയെ ടീമിൽ എടുക്കാത്തത് ഉൾപ്പെടെ ലോക്കെതിരെ കടുത്ത വിമർശങ്ങൾ വന്നിരുന്നു. ജർമ്മൻ ഇതിഹാസം മൈക്കൽ ബല്ലാക് അടക്കമുള്ളവർ ലോയുടെ തീരുമങ്ങൾക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.
അടുത്ത യൂറോകപ്പിനായി ടീമിനെ സജ്ജമാകുക എന്ന വലിയ ദൗത്യമാണ് ലോക് മുൻപിൽ ഉള്ളത്.
ബാഴ്സലോണ ടീനേജർ റോബർട്ട് നവാരോയെ മൊണാക്കോ സ്വന്തമാക്കി. 16 വയസുകാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ സ്പാനിഷ് യൂത്ത് ടീം അംഗമാണ്. ഭാവിയിലേക്കുള്ള പ്രതീക്ഷ എന്നാണ് മൊണാക്കോ താരത്തെ വിശേഷിപ്പിക്കുന്നത്.
സമീപ കാലത്ത് എംബപ്പേ, ബെർണാണ്ടോ സിൽവ, മെൻഡി അടക്കമുള്ള താരങ്ങൾ മൊണാക്കോ ടീമിലൂടെയാണ് ലോക ശ്രദ്ധ ആകർഷിച്ചത്. ഇതാണ് താരത്തെ ബാഴ്സ വിടാൻ പ്രേരിപ്പിച്ചത്. താര നിബിഢമായ ബാഴ്സ ആദ്യ ടീമിൽ എത്തുക എന്നത് യുവ താരങ്ങൾക്ക് ദുഷ്കരമാണ്.
നേരത്തെ ഫ്രാൻസ് യുവ താരം വില്ലാം ഗുബലസിനെയും മൊണാക്കോ ടീമിൽ എത്തിച്ചിരുന്നു.
ലോകകപ്പ് പ്രീ ക്വാർട്ടറിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ. നെയ്മറിന്റെ ഗോളിൽ അകൗണ്ട് തുറന്ന ബ്രസീൽ മത്സരാവസാനം ഫിർമിനോയുടെ ഗോളിലാണ് ലീഡ് രണ്ടാക്കിയത്. നെയ്മർ നൽകിയ പാസിൽ നിന്നാണ് ഫിർമിനോ ഗോൾ നേടിയത്.
മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും മെക്സികോക്ക് അവസരം നൽകാതെയാണ് കാനറി പട മത്സരം സ്വന്തമാക്കിയത്.
മാർസെലോ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. പകരം ഫിലിപ്പേ ലൂയിസ് ഇടം നേടി. ഡാനിലോ കായിക ക്ഷമത വീണ്ടെടുത്തെങ്കിലും റൈറ്റ് ബാക്കിൽ ഫാഗ്നർ സ്ഥാനം നിലനിർത്തി.
മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീൽ ബോക്സിൽ അപകടം വിതക്കാൻ മെക്സിക്കൻ ആക്രമണ നിരക്കായി. ഒന്നിന് പിറകെ ഒന്നൊന്നായി മെക്സിക്കൻ ആക്രമണം തുടർന്നപ്പോൾ രക്ഷക്കെത്തിയത് ബ്രസീലിന്റെ മികച പ്രതിരോധ നിരയാണ്.
മത്സരം 25 മിനുട്ട് പിന്നിട്ടതോടെ ബ്രസീലിന്റെ മികച്ചൊരു ആക്രമണം ഗോളാവാതെ പോയി. നെയ്മറിന്റെ ഷോട്ട് മെക്സിക്കോ ഗോളി ഒചൊവ തടുത്തിട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കുട്ടീഞ്ഞോയുടെ മികച്ച ഷോട്ടും ഒചൊവ തടുത്തിട്ടു. പക്ഷെ ഏറെ വൈകാതെ 51 ആം മിനുട്ടിൽ ബ്രസീൽ കാത്തിരുന്ന ഗോളെത്തി. മെക്സിക്കൻ ബോക്സിൽ വില്ലിയൻ നൽകിയ മനോഹര പാസ്സ് നെയ്മർ വലയിലേക്ക് തിരിച്ചിട്ടു. ഗോൾ വഴങ്ങിയ മെക്സിക്കോ ഉണർന്നതോടെ മത്സരം ആവേശകരമായി.
ഗോൾ വഴങ്ങിയ മെക്സിക്കോ ഡോസ് സാന്റോസിനെ കളത്തിൽ ഇറക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപോയാണ് മെക്സിക്കോയുടെ ആദ്യ ഷോട്ട് എത്തിയത്. പക്ഷെ ബ്രസീൽ ഗോളി അലിസൻ രക്ഷക്കെത്തി.
പകരക്കാരനായി ഇറങ്ങിയ ഫിർമിനോയാണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്. മധ്യനിരയിൽ ഫെര്ണാണ്ടിഞ്ഞോ നൽകിയ പന്ത് സ്വീകരിച്ച നെയ്മറിന്റെ പാസ്സ് മെക്സിക്കൻ ഗോളി ഒചൊവായുടെ കാലിൽ തട്ടി ഫിർമിനോയുടെ അടുത്തേക്ക്. പിഴക്കാതെ പന്ത് ലിവർപൂൾ താരം വലയിലാക്കി.
പിന്നീടുള്ള ഓരോ മെക്സിക്കൻ ആക്രമണവും ബ്രസീൽ പ്രതിരോധം ഒത്തിണക്കത്തോടെ തടുത്തതോടെ ബ്രസീൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി.
ഇന്ന് നടക്കുന്ന ജപ്പാൻ- ബെൽജിയം മത്സരത്തിലെ വിജയികളെയാണ് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ നേരിടുക.
ലോകകപ്പ് പ്രീ ക്വാർട്ടറിൽ ബ്രസീൽ- മെക്സിക്കോ മത്സരത്തിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകൾ വിനയായി.
മെക്സിക്കൻ ഗോളി ഓചൊവയുടെ മികച്ച സേവുകളാണ് ബ്രസീലിനെ ലീഡ് നേടുന്നതിൽ നിന്ന് തടഞ്ഞത്. നെയ്മറിനും ജിസൂസിനും ലഭിച്ച അവസരങ്ങൾ ഇരുവരും മികച്ച ഷോട്ടിലൂടെ മെക്സിക്കൽ ഗോളിലേക്ക് തൊടുത്തെങ്കിലും ഒചൊവ തടുത്തിട്ടു.
മെക്സിക്കൻ നിര മികച്ച കൗണ്ടർ അറ്റാകുകൾ നടത്തിയെങ്കിലും മുന്നേറ്റ നിരയിലെ ഒത്തിണക്കമില്ലായ്മ കാരണം അവർക്ക് ഗോൾ കണ്ടെത്താനായില്ല.