റയൽ മാഡ്രിഡ് ലാലിഗ കിരീട പോരാട്ടത്തിൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. അവർ ഇന്ന് ഹോം മത്സരത്തിൽ ഗെറ്റഫയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു. ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് കസമേറോ ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ റൊഡ്രീഗോയുടെ പാസിൽ നിന്ന് ലൂകാസ് വാസ്കസ് ആണ് റയൽ മാഡ്രിഡിന് രണ്ടാം ഗോൾ നൽകിയത്.
ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 31 മത്സരങ്ങളിൽ നിന്ന് 72 പോയിന്റായി. രണ്ടാമതുള്ള സെവിയ്യയെക്കാൾ 12 പോയിന്റിന്റെ ലീഡ് റയലിന് ഉണ്ട്. ഇനി ലീഗിൽ 13 പോയിന്റ് കൂടെ മതി റയലിന് കിരീടം ഉറപ്പിക്കാൻ.
Author: Newsroom
മെസ്സിക്ക് ഹാട്രിക്ക് അസിസ്റ്റ്, ഹാട്രിക്ക് ഗോളുമായി എമ്പപ്പെയും നെയമറും, പി എസ് ജിക്ക് ഇനി ഫ്രഞ്ച് കിരീടം രണ്ടു വിജയം മാത്രം ദൂരെ
ഫ്രഞ്ച് ലീഗ് കിരീടത്തിന് തൊട്ടരികിൽ നിൽക്കുകയാണ് പി എസ് ജി. ഇന്ന് ലീഗിൽ ക്ലമൗണ്ടിനെ കൂടെ പരാജയപ്പെടുത്തിയതോടെ പി എസ് ജിക്ക് കിരീടം വെറും രണ്ട് വിജയങ്ങളുടെ മാത്രം ദൂരത്തിൽ എത്തി. ഇന്ന് ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. ഇന്ന് ഹാട്രിക്ക് അസിസ്റ്റുമായി ലയണൽ മെസ്സിയും ഹാട്രിക്ക് ഗോളുകളുമായി എമ്പപ്പെയും നെയ്മറും ഇന്ന് തിളങ്ങി.
ഇന്ന് ആദ്യ 19 മിനുട്ടുകളിൽ തന്നെ പി എസ് ജി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 6ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് നെയ്മർ ആണ് ലീഡ് എടുത്തത്. 19ആം മിനുട്ടിൽ വീണ്ടും മെസ്സിയുടെ അസിസ്റ്റ്, ഗോൾ നേടിയത് എമ്പപ്പെയും. ആദ്യ പകുതിയുടെ അവസാനം ഡോസുവിലൂടെ ഒരു ഗോൾ മടക്കി ക്ലമൗണ്ട് കളി ആവേശകരമാക്കി.
രണ്ടാം പകുതിയിൽ നാലി ഗോളുകൾ കൂടെ നേടിക്കൊണ്ട്പി എസ് ജി വിജയം ഉറപ്പിച്ചു. ഒരു പെനാൾട്ടിയിലൂടെ നെയ്മറും, നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് എമ്പപ്പെയും ഗോളടിച്ചു. പിന്നാലെ 80ആം മിനുട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് എമ്പപ്പെയുടെ ഹാട്രിക്ക് ഗോൾ. അതിനു ശേഷം 83ആം മിനുട്ടിൽ എമ്പപ്പെയുടെ അസിസ്റ്റിൽ നിന്ന് നെയ്മറിന്റെയും ഹാട്രിക്ക്. ഇതോടെ പി എസ് ജി വിജയം പൂർത്തിയായി.
ഈ വിജയത്തോടെ പി എസ് ജിക്ക് 31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റായി. രണ്ടാമതുള്ള റെന്നസിനും മൂന്നാമതുള്ള മാഴ്സെക്കും 56 പോയിന്റ് മാത്രമെ ഉള്ളൂ. അവർക്ക് പരമാവധി നേടാം ആകുന്ന പോയിന്റ് 80 മാത്രമാണ്. പി എസ് ജി അടുത്ത രണ്ട് മത്സരങ്ങളിൽ മാഴ്സയെയും ആംഗേഴ്സിനെയും ആണ് നേരിടുന്നത്. ഈ മത്സരങ്ങൾ വിജയിച്ചാൽ തന്നെ ലീഗ് കിരീടം ഉറപ്പാകും.
ഇന്റർ മിലാന് വിജയം, സീരി എ കിരീടം പോരാട്ടം ആവേശകരമായി മുന്നോട്ട്
സീരി എയിലെ കിരീട പോരാട്ടം ശക്തമായി മുന്നോട്ട് പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ഇന്ന് ഹെല്ലാസ് വെറോണയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയം. ആദ്യ 30 മിനുട്ടുകൾക്ക് ഇടയിൽ തന്നെ ഇന്റർ മിലാൻ രണ്ടു ഗോളുകൾ നേടിയിരുന്നു.
22ആം മിനുട്ടിൽ പെരിസിചിന്റെ പാസ് സ്വീകരിച്ച് ബരേയ ആണ് ഇന്ററിന് ലീഡ് നൽകിയത്. പിന്നാലെ 30ആം മിനുട്ടിൽ ജെക്കോ ലീഡ് ഇരട്ടിയാകുകയും ചെയ്തു. ആ ഗോളും ഒരുക്കിയത് പെരിസിചായിരുന്നു. ഈ വിജയത്തോടെ ഇന്റർ മിലാൻ 31 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു. 67 പോയിന്റുമായി മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുന്നു. 66 പോയിന്റുമായി നാപോളി ലീഗിൽ മൂന്നാമതും നിൽക്കുന്നു.
അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് മയ്യോർക, റിലഗേഷൻ സോണിൽ നിന്ന് പുറത്ത്
ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഞെട്ടിക്കുന്ന പരാജയം. റിലഗേഷൻ സോണിൽ ഉള്ള മയ്യോർക ആണ് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ മയ്യോർക റിലഗേഷൻ സോണിന് പുറത്ത് എത്തി. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് മയ്യോർക്ക അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ പിറന്നില്ല.
രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് മയ്യോർകയുടെ ഗോൾ വന്നത്. മുറിഖി ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 31 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ലീഗിൽ ഇപ്പോൾ നാലാമത് നിൽക്കുകയാണ്. മയ്യോർക ഈ വിജയത്തോടെ റിലഗേഷൻ സോണിന് പുറത്ത് വന്നു.
സോണിന് ഹാട്രിക്ക്!! നാലാം സ്ഥാനം തങ്ങളുടേതാക്കാൻ ഉറച്ച് സ്പർസ്
പ്രീമിയർ ലീഗിൽ ടോട്ടനത്തിന് മറ്റൊരു ഗംഭീര വിജയം. ഇന്ന് വില്ലാപാർക്കിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട ടോട്ടനം എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ദക്ഷിണ കൊറിയം താരം ഹ്യുങ് മിൻ സോണിന്റെ ഹാട്രിക്ക് ആണ് സ്പർസിന്റെ വിജയത്തിൽ കരുത്തായത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ സോണിലൂടെ ലീഡ് നേടാൻ സ്പർസിനായി.
ബാക്കി ഗോളുകൾ എല്ലാം രണ്ടാം പകുതിയിലാണ് വന്നത്. അമ്പതാം മിനുട്ടിൽ ഹാരി കെയ്നിന്റെ അസിസ്റ്റിൽ നിന്ന് കുളുസവേസ്കി ആണ് ഗോൾ നേടിയത്. 66ആം മിനുട്ടിൽ ഹാരി കെയ്നിന്റെ മറ്റൊരു അസിസ്റ്റിൽ നിന്ന് സോൺ വീണ്ടും വലചലിപ്പിച്ചു. 71ആം മിനുട്ടിൽ സോൺ ഹാട്രിക്ക് പൂർത്തിയാക്കി. ആ ഗൊൾ ഒരുക്കിയത് കുലുസവേസ്കി ആയിരുന്നു.
ഈ വിജയത്തോടെ സ്പർസ് 31 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ആസ്റ്റൺ വില്ല 36 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുന്നു.
ഒന്നാം സ്ഥാനത്തെ ലീഡ് 9 പോയിന്റാക്കി ഉയർത്തി ബയേണ് വിജയം
ബുണ്ടസ് ലീഗയിൽ ബയേൺ കിരീടത്തോട് അടുക്കുന്നു. ഇന്ന് ഓഗ്സ്ബർഗിനെ നേരിട്ട ബയേൺ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. ഒരു പെനാൾട്ടിയിലുടെ ബലത്തിൽ ആണ് ബയേൺ വിജയം നേടിയത്. 82ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലെവൻഡോസ്കി ആണ് ലക്ഷ്യത്തിലേക്ക് എത്തിച്ചത്. ഈ വിജയം ബയേണ് ലീഗിൽ ഒന്നാം സ്ഥാനത്ത് 9 പോയിന്റിന്റെ ലീഡ് നൽകി.
കഴിഞ്ഞ ദിവസം ബൊറൂസിയ ഡോർട്മുണ്ട് പരാജയപ്പെട്ടിരുന്നു. 29 മത്സരങ്ങളിൽ 69 പോയിന്റാണ് ബയേണുള്ളത്. രണ്ടാമതുള്ള ഡോർട്മുണ്ട് 60 പോയിന്റുമായി രണ്ടാം സ്ഥാനത്താണുള്ളത്.
വാറ്റ്ഫോർഡിനെതിരെ ലീഡ്സിന് വിജയം, റിലഗേഷൻ ഭീതിയിൽ നിന്ന് ആശ്വാസം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിന് മികച്ച വിജയം. ഇന്ന് വാറ്റ്ഫോർഡിനെ എവേ ഗ്രൗണ്ടിൽ വെച്ച് നേരിട്ട ലീഡ്സ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. മൂന്ന് മികച്ച ഗോളുകൾ ആണ് കളിയിൽ പിറന്നത്. ആദ്യ പകുതിയിൽ 21ആം മിനുട്ടിൽ റഫീനയിലൂടെയാണ് ലീഡ്സിന്റെ ആദ്യ ഗോൾ വന്നത്. രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ റോഡ്രിഗോ ലീഡ് ഇരട്ടിയാക്കി കൊടുത്തു.
കളിയുടെ അവസാനം ഹാരിസൺ ആണ് ലീഡ്സിന്റെ മൂന്നാം ഗോൾ നേടിയത്. ഹാരിസന്റെത് ഉൾപ്പെടെ ഇന്നത്തെ മൂന്ന് ഗോളുകളും ഇടം കാലൻ സ്ട്രൈക്കുകളായിരുന്നു. ഈ വിജയത്തോടെ ലീഡ്സ് യുണൈറ്റഡ് 33 പോയിന്റുമായി ലീഗിൽ പതിനാറാം സ്ഥാനത്ത് നിൽക്കുകയാണ്.
ലണ്ടണിൽ പോട്ടർ ബോൾ!! ആഴ്സണലിന് വീണ്ടും പരാജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ ആഴ്സണലിന് അടിതെറ്റി. ക്രിസ്റ്റൽ പാലസിനോട് ഏറ്റ് പരാജയത്തിന്റെ വേദന മറക്കാൻ ഇറങ്ങിയ ആഴ്സണൽ ഇന്ന് ബ്രൈറ്റന്റെ മുന്നിൽ ആണ് പരാജയപ്പെട്ടത്. അവസാന കുറേ കാലമായി ഒട്ടും ഫോമിൽ ഇല്ലാതെ കഷ്ടപ്പെടുക ആയിരുന്ന ഗ്രഹാം പോട്ടറിന്റെ ടീം ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ എത്തിയാണ് വിജയവുമായി മടങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ തോൽവി.
മത്സരത്തിൽ മികച്ച തുടക്കമായിരുന്നില്ല ആഴ്സണലിന് ലഭിച്ചത്. അവർ അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടപ്പോൾ 27ആം മിനുട്ടിൽ ട്രൊസാർഡിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു. എംവുപു നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. ഈ ഗോളിന് ആദ്യ പകുതിയുടെ അവസാനം ആഴ്സണൽ മറുപടി നൽകി എങ്കിലും വി എ ആർ ആ ഗോൾ നിഷേധിച്ചു.
രണ്ടാം പകുതിയിൽ എംവെപുവിന്റെ ഒരു ഗംഭീര സ്ട്രൈക്ക് ബ്രൈറ്റന്റെ ലീഡ് ഇരട്ടിയാക്കി. ഇതിനു ശേഷമാണ് ആഴ്സണൽ പൂർണ്ണമായും അറ്റാക്കിലേക്ക് നീങ്ങിയത്. 88ആം മിനുട്ടിൽ ആഴ്സണലിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങി. ഇതിനു പിന്നാലെ 89ആം മിനുട്ടിൽ ഒഡെഗാർഡിന്റെ ഒരു ലോങ് റേഞ്ചർ ആഴ്സണലിന് ഒരു ഗോൾ നൽകി. പിന്നീട് അവസാന നിമിഷം വരെ ആഴ്സണൽ സമ്മർദ്ദം ചെലുത്തി. 95ആം മിനുട്ടിൽ എങ്കീറ്റിയയുടെ ഒരു ഹെഡർ സാഞ്ചെസ് ആക്രൊബാറ്റിക് എഫേർടിലൂടെ സേവ് ചെയ്തത് ബ്രൈറ്റണ് രക്ഷയായി.
30 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. ബ്രൈറ്റൺ 37 പോയിന്റുമായി 11ആം സ്ഥാനത്താണ്.
സന്തോഷ് ട്രോഫി പ്രൊമോ വീഡിയോ വന്നു
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയ്യാറാക്കിയ പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി. ഇന്നലെ (ഏപ്രില്‍ ഒന്‍പത്) വൈകീട്ട് 5.30 ന് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക വീഡിയോ പ്രകാശനം ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറത്ത് അതിഥേയം വഴിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതതില്‍ ദുഃഖമുണ്ടെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അനസ് എടത്തൊടിക പറഞ്ഞു. അന്തര്‍ദേശീയ, ദേശീയ മത്സരങ്ങളുണ്ടെങ്കിലും കേരളത്തിലെ ആരാധകരുടെ ലോകകപ്പ് സന്തോഷ് ട്രോഫി ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മലപ്പുറത്തിന്റെ ഫുട്ബോള്‍ പ്രേമം വിളിച്ചോതുന്നതാണ് 1.31 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍, മുന്‍ ഫുട്ബോള്‍ താരങ്ങളായ ഐ എം വിജയന്‍, യു ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പര്‍ അഷ്റഫ് എന്നിവര്‍ക്കൊപ്പം പുതു തലമുറയില്‍ പെട്ടവരും വീഡിയോയില്‍ വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് ബനാന സ്റ്റോറീസിന് വേണ്ടി സച്ചിന്‍ ദേവാണ് വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബുവിന്റേതാണ് ആശയം. അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ പി. കെ സബീഷാണ് സ്‌ക്രിപ്റ്റും സംവിധാനവും നിര്‍വഹിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇവന്റ് കോ-കോര്‍ഡിനേറ്റര്‍ യു ഷറഫലി, ജില്ലാ സ്‌പോര്‍ട്‌സ് സെക്രട്ടറി അബ്ദുല്‍ മഹ്‌റൂഫ് എച്ച്.പി., പ്രസ് ക്ലബ് ജില്ലാ പ്രസിഡന്റ് ഷംസുദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം. റിയാസ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. സുധീര്‍കുമാര്‍, കായിക പ്രേമികള്‍, സംഘാടക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വീഡിയോ: https://youtu.be/Cbb5MQXIYxQ
അറ്റാക്കിംഗ് ഫുട്ബോളും വൻ വിജയവും, ഗോകുലം കേരള കുതിക്കുന്നു
മലയാളികളുടെ അഭിമാന ക്ലബായ ഗോകുലം കേരളയ്ക്ക് ഒരു വലിയ വിജയം കൂടെ. ഇന്ന് ഐലീഗിൽ ഇന്ത്യൻ ആരോസിനെ നേരിട്ട ഗോകുലം കേരള മറുപടിയില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടി. ഇന്ന് ആദ്യ പകുതിയിൽ തന്നെ ഗോകുലം കേരള മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരം ആരംഭിച്ച് പത്താം മിനുട്ടിൽ അഹ്മദ് റസീകിന്റെ ഗോളിൽ ആയിരുന്നു ഗോകുലം ആദ്യം ലീഡ് എടുത്തത്. ലൂക്കയുടെ പാസിൽ നിന്നായിരുന്നു ഗോൾ.
28ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഗോകുലം രണ്ടാം ഗോൾ നേടി. ലൂകയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഷരീഫ് മുഹമ്മദ് ആണ് എടുത്തത്. ഷരീഫിന്റെ പെനാൾട്ടി ആരോസ് ഗോൾകീപ്പർ സാഹിദ് തടഞ്ഞു എങ്കിലും റീബൗണ്ടിൽ ഷരീഫ് വല കണ്ടെത്തി. 32ആം മിനുട്ടിൽ ലൂക കൂടെ വല കണ്ടെത്തിയതോടെ ലീഡ് 3-0 ആയി.
രണ്ടാം പകുതിയിൽ ആരോസ് കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും കാര്യം ഉണ്ടായില്ല. 72ആം മിനുട്ടിൽ ജിതിനും ഗോകുലത്തിനായി വലകുലുക്കി. ഈ ഗോളും ഒരുക്കിയത് ലൂക ആയിരുന്നു. പിന്നാലെ സമാൻ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.
ഈ വിജയത്തോടെ ഗോകുലം കേരള 10 മത്സരങ്ങളിൽ 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. പക്ഷെ ഒരു മത്സരം കുറവ് കളിച്ച മൊഹമ്മദൻസ് 22 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്. ഗോകുലം കേരള ഈ സീസൺ ഐ ലീഗിൽ പരാജയം അറിഞ്ഞിട്ടില്ല. ലീഗിൽ അവസാന 15 മത്സരങ്ങളിൽ ഗോകുലം തോറ്റിട്ടില്ല.
സ്വയം ശ്വാസംമുട്ടുക ആണെങ്കിലും എവർട്ടണ് ജീവശ്വാസം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്
റിലഗേഷൻ പോരാട്ടത്തിൽ കിടന്ന് പെടയുക ആയിരുന്ന എവർട്ടണ് ജീവശ്വാസം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്. വിജയിക്കാൻ പാടുപെടുന്ന എവർട്ടണെതിരെ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുക ആയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എവർട്ടന്റെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമായി ഇത്.
ഇന്ന് ഗുഡിസൻ പാർക്കിൽ ആത്മവിശ്വാസമില്ലാത്ത രണ്ട് ടീമുകളുടെ പോരാട്ടനായിരുന്നു. തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാഷ്ഫോർഡിന് രണ്ട് അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോൾ പിറന്നില്ല. ഈ അവസരങ്ങൾക്ക് അപ്പുറം മാഞ്ചസ്റ്റർ യുണൈറ്റഡ് കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. കഴിഞ്ഞ ആഴ്ച ലെസ്റ്ററിനെതിരെ കണ്ടത് പോലെ വേഗത കുറഞ്ഞ ഫുട്ബോൾ ആണ് യുണൈറ്റഡിൽ നിന്ന് കണ്ടത്. നിരവധി മിസ് പാസുകളും യുണൈറ്റഡ് താരങ്ങളുടെ ബൂട്ടിൽ നിന്ന് പിറന്നു.
തുടക്കത്തിൽ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാതിരുന്ന എവർട്ടൺ 27ആം മിനുട്ടിൽ തങ്ങളുടെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. യുവതാരം ആന്റണി ഗോർദൊന്റെ ഷോട്ട് മഗ്വയറിൽ തട്ടി വലിയ ഡിഫ്ലക്ഷനോടെ ആണ് വലയിൽ കയറിയത്. ഈ ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായിരുന്ന ചെറിയ പോരാട്ട വീര്യവും ഇല്ലാതായി. മറുവശത്ത് എവർട്ടൺ അവരുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു.
രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ ഉണ്ടാക്കാൻ കഴിയാതെ കഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ ആകെ 2 ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ യുണൈറ്റഡിനായത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമാണിത്. അവസാന ഏഴ് മത്സരങ്ങളിൽ ഒരു കളിയാണ് യുണൈറ്റഡ് വിജയിച്ചത്. 51 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് പരാജയം. എവർട്ടണ് ആകട്ടെ ഈ വിജയം വലിയ ഊർജ്ജമാകും. റിലഗേഷൻ സോണിന് 4 പോയിന്റ് മുകളിൽ എത്താൻ ഈ ജയത്തോടെ എവർട്ടണായി. 30 മത്സരങ്ങളിൽ 28 പോയിന്റാണ് എവർട്ടണ് ഉള്ളത്.
ശ്രീലങ്ക ടീമിന്റെ പരിശീലകനായി ക്രിസ് സിൽവർവൂഡിനെ നിയമിച്ചു
ശ്രീലങ്കൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ക്രിസ് സിൽവർവുഡിനെ ശ്രീലങ്ക നിയമിച്ചു. മുൻ ഇംഗ്ലണ്ട് പരിശീലകനായ ക്രിസ്റ്റ് സില്വർവൂഡ് ഓസ്‌ട്രേലിയക്ക് എതിരായ ആഷസ് പരമ്പരയിലെ പരാജയത്തെ തുടർന്ന് ഫെബ്രുവരിയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ രണ്ട് വർഷത്തെ കരാറിലാണ് അദ്ദേഹം ശ്രീലങ്കയുടെ കോച്ചാകുന്നത്. മെയ് മാസം നടക്കുന്ന ശ്രീലങ്ക ബംഗ്ലാദേശ് ടെസ്റ്റ് മുതൽ അദ്ദേഹം ടീമിനൊപ്പം ഉണ്ടാകും.
“ശ്രീലങ്കയ്‌ക്കൊപ്പം ചേരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്, അവർക്ക് കഴിവുള്ള ഒരു കൂട്ടം കളിക്കാർ ഉണ്ട്. കളിക്കാരുമായും കോച്ചിംഗ് സ്റ്റാഫുകളുമായും ഉടൻ കൂടിക്കാഴ്ച നടത്താൻ ഞാൻ ആഗ്രഹിക്കുന്നു” കരാർ ഒപ്പുവെച്ച ശേഷം സിൽവർവൂഡ് പറഞ്ഞു.