സന്തോഷ് ട്രോഫി, തമിഴ്നാടിന് എതിരെ കേരളത്തിന് സമനില

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഇന്ന് നടന്ന മത്സരത്തിൽ കേരളവും തമിഴനാടും സമനിലയിൽ പിരിഞ്ഞു‌. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. കേരളം ഈ സീസൺ സന്തോഷ് ട്രോഫിയിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തുന്നത്‌. ഇപ്പോഴും കേരളം തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്.

ഇന്ന് ആദ്യ പകുതിയിൽ ജേസുരാജിന്റെ മനോഹരമായ ഇടം കാലൻ സ്ട്രൈക്കിലൂടെ ആണ് തമിഴ്‌നാട് ലീഡ് നേടിയത്. രണ്ടാം പകുതിയിൽ മികച്ച സബ്സ്റ്റിട്യൂഷൻ നടത്തിയാണ് കേരളം കളിയിലേക്ക് തിരികെ വന്നത്. മുഹമ്മദ് അസ്ലം ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച് നിജോ ഗിൽബേർട്ട് കേരളത്തിന് സമനില നൽകി.

ഇതോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടമാണ്.

സന്തോഷ് ട്രോഫി, മൂന്നാം മത്സരവും വിജയിച്ച് കേരളം ക്വാർട്ടർ ഫൈനലിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കേരളം ഒഡീഷയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം.

മത്സരത്തിന്റെ 42ആം മിനുട്ടിൽ അജ്സലിലൂടെ ആയിരുന്നു കേരളം ലീഡ് എടുത്തത്. അജസൽ ഗ്രൂപ്പിലെ ആദ്യ 2 മത്സരങ്ങളിലും കേരളത്തിനായി ഗോൾ നേടിയിരുന്നു. ആദ്യ പകുതി കേരളം 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 53ആം മിനുട്ടിൽ നസീബിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. ഒഡീഷയ്ക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ ആയില്ല. നേരത്തെ കേരളം ആദ്യ മത്സരത്തിൽ ഗോവയെയും രണ്ടാം മത്സരത്തിൽ മേഘാലയയെയും തോൽപ്പിച്ചിരുന്നു. ഇനി 22ആം തീയതി കേരളം ഡെൽഹിയെ നേരിടും.

ബംഗാൾ സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി

ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ രാജസ്ഥാനെ 2-0ന് തോൽപ്പിച്ച് ബംഗാൾ സന്തോഷ് ട്രോഫിക്കായുള്ള 78-ാമത് സീനിയർ നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഒരു ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ റബിലാൽ മാണ്ഡി ബംഗാളിന്റെ സ്‌കോറിംഗ് തുറന്നു, രണ്ടാം പകുതിയുടെ തുടക്കത്തിൽ നരോ ഹരി ശ്രേഷ്ഠ ലീഡ് ഇരട്ടിയാക്കി ബംഗാളിൻ്റെ തുടർച്ചയായ മൂന്നാം ജയം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിൻ്റുമായി 32 തവണ ചാമ്പ്യന്മാർ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

ഗ്രൂപ്പ് എയിലെ മറ്റൊരു പോരാട്ടത്തിൽ ജമ്മു & കശ്മീർ മണിപ്പൂരിനെ 1-1 സമനിലയിൽ തളച്ച് ഫൈനൽ റൗണ്ടിലെ ആദ്യ പോയിൻ്റ് നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നൗറോയിബാം റൊമെൻ സിംഗ് മണിപ്പൂരിന് ഹെഡ്ഡറിലൂടെ ലീഡ് നൽകിയെങ്കിലും ആകിഫ് ജാവൈദ് മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ സമനില പിടിച്ചു. ഇപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുള്ള മണിപ്പൂരിന് നേരത്തെ യോഗ്യത നേടാനുള്ള അവസരം നഷ്ടമായി, അവരുടെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ ഭാവി ഫലങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സന്തോഷ് ട്രോഫി; മുഹമ്മദ് അജ്സലിന്റെ ഗോളിൽ കേരളത്തിന് രണ്ടാം വിജയം

സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിൽ മേഘാലയയെ നേരിട്ട കേരളം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ആദ്യ മത്സരത്തിൽ കേരളം ഗോവയെയും തോൽപ്പിച്ചിരുന്നു.

ഗോവയ്ക്ക് എതിരെ ഉണ്ടായത് പോലെ അറ്റാക്കിങ് മത്സരമല്ല ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ 36ആം മിനുട്ടിൽ മുഹമ്മദ് അജ്സലിന്റെ സ്ട്രൈക്കാണ് കേരളത്തിന് ലീഡ് നൽകിയത്. പെനാൾറ്റി ബോക്സിന് പുറത്ത് നിന്ന് അജ്സൽ തൊടുത്ത പവർഫുൾ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ അജ്സൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിരുന്നു.

ഇനി 19ആം തീയതി ഒഡീഷക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം.

സന്തോഷ് ട്രോഫി: 7 ഗോൾ ത്രില്ലറിൽ കേരളം ഗോവയെ തോൽപ്പിച്ചു

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയം. ഇന്ന് ഹൈദരബാദിൽ നടന്ന മത്സരത്തിൽ ഗോവയെ നേരിട്ട കേരളം മൂന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്.

ഗോവയാണ് ഇന്ന് നന്നായി കളി ആരംഭിച്ചത്. അവർ ആദ്യ മിനുട്ടുകളിൽ തന്നെ ലീഡും എടുത്തു. എന്നാൽ 15ആം മിനുട്ടിൽ തന്നെ തിരിച്ചടിക്കാൻ കേരളത്തിനായി. അജ്സാലിന്റെ ഇടതു വിങ്ങിലൂടെയുള്ള നീക്കം ആണ് ഗോവൻ പ്രതിരോധത്തെ തകർത്തത്. അജ്സൽ നൽകിയ പാസ് മുഹമ്മസ് റിയാസ് ലക്ഷ്യത്തിൽ എത്തിച്ചു.

പിന്നാലെ അജ്സൽ ഒരു ത്രൂ ബോൾ സ്വീകരിച്ച് മുന്നേറി കേരളത്തിന് ലീഡ് നൽകി. മൂന്നാം ഗോളിലും അജ്സലിന് പങ്കുണ്ടായിരുന്നു. അജ്സലിന്റെ പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ നസീബാണ് മൂന്നാം ഗോൾ നേടിയത്.

ആദ്യ പകുതി കേരളം 3-1 എന്ന സ്കോറിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ക്രിസ്റ്റി ഡേവിസിലൂടെ കേരളം ഒരു ഗോൾ കൂടെ നേടിയതോടെ വിജയം ഉറപ്പിച്ചെന്ന് കരുതി. എന്നാൽ അവസാനം പൊരുതിയ ഗോവ രണ്ട് ഗോൾ കൂടെ മടക്കി സ്കോർ 4-3 എന്നാക്കി. കളി അവസാന നിമിഷങ്ങളിൽ ആവേശം ഉയർത്തി എങ്കിലും ഗോവക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

സന്തോഷ് ട്രോഫി: ഫൈനൽ റൗണ്ടിനായി കേരളം നാളെ ഹൈദരാബാദിലേക്ക്!! ടീം പ്രഖ്യാപിച്ചു

ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള ടീമിനെ കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ടീം 2024 ഡിസംബർ 11ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ഗ്രൂപ്പ് ഘട്ടത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കേരളം ആ പ്രകടനം ഫൈനൽ റൗണ്ടിലും തുടരാം എന്ന പ്രതീക്ഷയിലാണ്.

ടീം ലിസ്റ്റ്:

ഗോൾകീപ്പർമാർ:

  • ഹജ്മൽ എസ് (പാലക്കാട്)
  • മുഹമ്മദ് അസ്ഹർ കെ (മലപ്പുറം)
  • മുഹമ്മദ് നിയാസ് കെ (പാലക്കാട്)
  • ഡിഫൻഡർമാർ:
  • മുഹമ്മദ് അസ്ലം (വയനാട്)
  • ജോസഫ് ജസ്റ്റിൻ (എറണാകുളം)
  • ആദിൽ അമൽ (മലപ്പുറം)
  • മനോജ് എം (തിരുവനന്തപുരം)
  • മുഹമ്മദ് റിയാസ് പി.ടി (പാലക്കാട്)
  • സഞ്ജു ജി (എറണാകുളം)
  • മുഹമ്മദ് മുഷറഫ് (കണ്ണൂർ) മിഡ്ഫീൽഡർമാർ:
  • ക്രിസ്റ്റി ഡേവിസ് (തൃശൂർ)
  • മുഹമ്മദ് അർഷഫ് (മലപ്പുറം)
  • മുഹമ്മദ് റോഷൽ പി.പി (കോഴിക്കോട്)
  • നസീബ് റഹ്മാൻ (പാലക്കാട്)
  • സൽമാൻ കാളിയത്ത് (മലപ്പുറം)
  • നിജോ ഗിൽബർട്ട് (തിരുവനന്തപുരം)
  • Mohd. റിഷാദ് ഗഫൂർ (മലപ്പുറം) സ്‌ട്രൈക്കർമാർ:
  • ഷിജിൻ ടി (തിരുവനന്തപുരം)
  • സജീഷ് ഇ (പാലക്കാട്)
  • മുഹമ്മദ് അജ്സൽ (കോഴിക്കോട്)
  • റമീസ് പി.കെ (കോഴിക്കോട്)
  • ഗനി നിഗം (കോഴിക്കോട്)
  • മുഖ്യ പരിശീലകൻ: ബിജു തോമസ് എം (തൃശൂർ)
  • അസിസ്റ്റൻ്റ് കോച്ച്: ശ്രീ. ഹാരി ബെന്നി (എറണാകുളം)
  • ഗോൾകീപ്പർ കോച്ച്: മിസ്റ്റർ നെൽസൺ എം വി (തൃശൂർ)
  • ടീം മാനേജർ: ജോസ് ലാൽ (തിരുവനന്തപുരം)
  • ടീം ഫിസിയോ: ജോസ് ലാൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഡിസംബർ 14ന് ഹൈദരാബാദിൽ ആരംഭിക്കും

സന്തോഷ് ട്രോഫിക്കായുള്ള 78-ാമത് സീനിയർ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ അവസാന റൗണ്ട് 2024 ഡിസംബർ 14-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ആരംഭിക്കും. ഒമ്പത് ഗ്രൂപ്പ് ഘട്ട ജേതാക്കൾ, കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ (സർവീസസ്, ഗോവ), ആതിഥേയരായ തെലങ്കാന എന്നിവരുൾപ്പെടെ 12 ടീമുകൾ അഭിമാനകരമായ കിരീടത്തിനായി മത്സരിക്കും.

ടീമുകളെ ആറ് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാർ ഡിസംബർ 26, 27 തീയതികളിൽ ഡെക്കാൻ അരീനയിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഡിസംബർ 29ന് സെമി ഫൈനലും 31ന് ഫൈനൽ മത്സരവും ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കും.

ഏഴ് കിരീടങ്ങളുമായി നിലവിലെ ചാമ്പ്യൻമാരായ സർവീസസ് തങ്ങളുടെ ആധിപത്യം തുടരാനാണ് ലക്ഷ്യമിടുന്നത്, അതേസമയം 32 തവണ റെക്കോർഡ് ജേതാക്കളായ പശ്ചിമ ബംഗാൾ 2016-17 ന് ശേഷമുള്ള ആദ്യ വിജയത്തിനായി തിരയുന്നു. എട്ട് തവണ ചാമ്പ്യൻമാരായ പഞ്ചാബിന് ഫൈനൽ റൗണ്ടിന് യോഗ്യത നേടാനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരളം കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് എ: സർവീസസ്, പശ്ചിമ ബംഗാൾ, മണിപ്പൂർ, തെലങ്കാന, ജമ്മു & കശ്മീർ, രാജസ്ഥാൻ
ഗ്രൂപ്പ് ബി: ഗോവ, ഡൽഹി, കേരളം, തമിഴ്‌നാട്, ഒഡീഷ, മേഘാലയ

ഓപ്പണിംഗ് മത്സരങ്ങൾ:

ഗ്രൂപ്പ് എ: മണിപ്പൂർ വേഴ്സസ് സർവീസസ് (ഡിസംബർ 14, 9:00 AM)

ഗ്രൂപ്പ് ബി: കേരളം vs. ഗോവ (ഡിസംബർ 15, 9:00 AM)

സന്തോഷ് ട്രോഫി; വീണ്ടും ഗോളടിച്ച് കൂട്ടി കേരളം!! 7 ഗോളിന് ജയം

സന്തോഷ് ട്രോഫിയിൽ കേരളം വിജയം തുടർന്നു. ഇന്ന് ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പോണ്ടിച്ചേരിയെ നേരിട്ട കേരളം എതിരില്ലാത്താ 7 ഗോളുകൾക്ക് ആണ് വിജയിച്ചത്. അവസാന മത്സരത്തിൽ ലക്ഷദ്വീപിനെതിരെയും കേരളം ഗോൾ വർഷം നടത്തിയിരുന്നു.

ഇന്ന് നസീബും സജേഷും കേരളത്തിനായി ഇരട്ട ഗോളുകൾ നേടി. 14, 64 മിനുട്ടുകളിൽ ആയിരുന്നു നസീബിന്റെ ഗോളുകൾ. 20, 66 മിനുട്ടുകളിൽ ആയിരുന്നു സജേഷിന്റെ ഗോളുകൾ. ഗനി നിഗം, ക്രിസ്റ്റി, ഷിജിൻ എന്നിവർ ഒരോ ഗോൾ വീതവും കേരളത്തിനായി നേടി.

റെയില്വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവരെ തോൽപ്പിച്ചതോടെ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് മുന്നേറി.

സന്തോഷ് ട്രോഫി, റെയിൽവേസിനെ തോൽപ്പിച്ച് കേരളം തുടങ്ങി

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് കോഴിക്കോട് നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കേരളം ശക്തരായ റെയിൽവേസിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം.

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. റെയിൽവേയുടെ ആക്രമണങ്ങൾ കേരളത്തിന് ആശങ്ക നൽകുകയും ചെയ്തു. രണ്ടാം പകുതിയിൽ അവസാന നിമിഷങ്ങളിൽ അജ്സലിലൂടെ കേരളം ലീഡ് എടുത്തു. നിജോ ഗിൽബേർട്ടിന്റെ അസിസ്റ്റിൽ നിന്നായിരിന്നു ഈ ഗോൾ.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം പ്രഖ്യാപിച്ചു

78ആമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഭിമാനകരമായ ട്രോഫി ഒരിക്കൽക്കൂടി നാട്ടിലെത്തിക്കാൻ ലക്ഷ്യമിട്ട് ഇറങ്ങുന്ന ടീമിൽ സൂപ്പർ ലീഗ് കേരളയിൽ തിളങ്ങിയ നിരവധി പ്രതിഭകൾ ഉൾപ്പെട്ടിട്ടുണ്ട്.

ക്യാപ്റ്റൻ സഞ്ജു

പരിചയസമ്പന്നനായ ഡിഫൻഡറായ സഞ്ജു ജി ടീമിനെ നയിക്കും, ഗോൾകീപ്പർ ഹജ്മൽ എസ് ആണ് വൈസ് ക്യാപ്റ്റൻ. ബിബി തോമസ് മുട്ടത്ത് ആണ് പരിശീലകൻ.

സ്ക്വാഡ്:

ഗോൾകീപ്പർമാർ

മുഹമ്മദ് നിയാസ് കെ

ഹജ്മൽ എസ് (വിസി)

മുഹമ്മദ് അസ്ഹർ കെ

ഡിഫൻഡർമാർ

മനോജ് എം

സഞ്ജു ജി(സി)

മുഹമ്മദ് അസ്ലം

ആദിൽ അമൽ

മുഹമ്മദ് റിയാസ് പി.ടി

ജോസഫ് ജസ്റ്റിൻ

മിഡ്ഫീൽഡർമാർ

അർജുൻ വി

ക്രിസ്റ്റി ഡേവിസ്

മുഹമ്മദ് അർഷഫ്

നസീബ് റഹ്മാൻ

സൽമാൻ കള്ളിയത്ത്

നിജോ ഗിൽബർട്ട്

മൊഹമ്മദ് റിഷാദ് ഗഫൂർ

മുഹമ്മദ് റോഷൽ പി.പി

മുഹമ്മദ് മുഷ്‌റഫ്

ഫോർവേഡ്

ഗനി നിഗം

മുഹമ്മദ് അജ്സൽ

സജീഷ് ഇ

ഷിജിൻ ടി

സപ്പോർട്ട് സ്റ്റാഫ്

മുഖ്യ പരിശീലകൻ: ബിബി തോമസ് മുട്ടത്ത്

അസിസ്റ്റൻ്റ് കോച്ച്: ഹരി ബെന്നി സി

ഗോൾകീപ്പിംഗ് കോച്ച്: നെൽസൺ എം.വി

ടീം ഫിസിയോ: ജോസ് ലാൽ

മാനേജർ: അഷ്‌റഫ് ഉപ്പള

മലയാളി തിളക്കത്തിൽ സർവീസസിന് സന്തോഷ് ട്രോഫി കിരീടം

സന്തോഷ് ട്രോഫിയിൽ സർവീസ് ചാമ്പ്യന്മാർ. ഇന്ന് നടന്ന ഫൈനലിൽ ഗോവയെ തോൽപ്പിച്ച് ആണ് സർവീസസ് കിരീടം നേടിയത്. മലയാളി താരങ്ങളുടെ മികവിൽ ആയിരുന്നു സർവീസസിന്റെ വിജയം. എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചപ്പോൾ ആ ഗോൾ മലയാളി കൂട്ടുകെട്ടിലാണ് വീണത്.

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ മലയാളിയായ ഷെഫീൽ ആണ് സർവീസസിന്റെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. മലയാളി തന്നെ ആയ രാഹുലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. സർവീസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്.

സന്തോഷ് ട്രോഫി, വൻ തിരിച്ചുവരവ് നടത്തി ഗോവ ഫൈനലിൽ

സന്തോഷ് ട്രോഫിയിൽ ഗോവ ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമിയിൽ മണിപ്പൂരിനെ നാടകീയമായ പോരാട്ടത്തിന് ഒടുവിൽ കീഴടക്കിയാണ് ഗോവ ഫൈനലിലേക്ക് കടന്നത്. നിശ്ചിത സമയവും കഴിഞ്ഞ് എക്സ്ട്രാ ടൈം വരെ നീണ്ടുനിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം.

ഇന്ന് പതിനെട്ടാം മിനിറ്റിൽ നന്ദ്ബം പച്ച സിംഗ് നേടിയ ഗോളിലൂടെ മണിപ്പൂർ ആയിരുന്നു മുന്നിൽ എത്തിയത്. മണിപ്പൂരിൽ 90 മിനിറ്റ് വരെ ആ ലീഡ് സൂക്ഷിക്കാനായി. എന്നാൽ ഇഞ്ച്വറി ടൈമിൽ ഗോവ തിരിച്ചടിച്ച് സമനില നേടി കളി എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചു. സബ്ബായി എത്തിയ മാരിസ്റ്റോ ഫെർണാണ്ടസ് ആണ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ഗോൾ അടിച്ചു കൊണ്ട് ഗോവയുടെ ഹീറോ ആയത്.

ഇതിനുശേഷം കളി എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ മറിസ്റ്റോ ഫെർണാണ്ടസ് തന്നെ ഗോളടിച്ച് വിജയത്തിലേക്കും നയിച്ചു. 116ആം മിനിറ്റിലായിരുന്നു വിജയഗോൾ വന്നത്. ഫൈനലിൽ ഗോവയും സർവീസസും തമ്മിൽ ഏറ്റുമുട്ടും. നേരത്തെ മിസോറാമിനെ തോൽപ്പിച്ച് ആയിരുന്നു സർവീസസ് ഫൈനലിൽ എത്തിയത്.

Exit mobile version