ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ആശ്വാസ ജയവുമായി ശ്രീലങ്ക

ഓസ്ട്രേലിയയ്ക്കെതിരെ മികവുറ്റ വിജയവുമായി ശ്രീലങ്ക. ആദ്യ നാല് മത്സരങ്ങളിൽ പരാജയപ്പെട്ട ശേഷമായിരുന്നു ടീമിന്റെ ആശ്വാസ വിജയം. കുശൽ മെന്‍ഡിസ് പുറത്താകാതെ നേടിയ 69 റൺസാണ് വിജയം ഉറപ്പാക്കുവാന്‍ ടീമിനെ സഹായിച്ചത്. ക്യാപ്റ്റന്‍ ദസുന്‍ ഷനകയും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

71/4 എന്ന നിലയിലേക്ക് വീണ ശേഷം കുശൽ മെൻഡിസ് – ദസുന്‍ ഷനക കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ശ്രീലങ്കയെ തിരികെ എത്തിച്ചത്. അവസാന രണ്ടോവറിൽ 20 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്.

ജൈ റിച്ചാ‍ർ‍ഡ്സൺ എറിഞ്ഞ 19ാം ഓവറിൽ 11 റൺസ് പിറന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 9 റൺസെന്ന നിലയിലേക്ക് മാറി. അവസാന ഓവറിൽ സിക്സര്‍ പറത്തി ദസുന്‍ ഷനക സ്കോറുകള്‍ ഒപ്പമാക്കിയെങ്കിലും അടുത്ത പന്തിൽ താരം പുറത്തായി.

64 പന്തിൽ 83 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 35 റൺസാണ് ഷനക നേടിയത്. അവസാന രണ്ട് പന്തിൽ ഒരു റൺസ് വേണ്ടപ്പോള്‍ കെയിന്‍ റിച്ചാര്‍ഡ്സൺ പരിക്കേറ്റ് പിന്മാറിയതോടെ ബൗളിംഗ് ദൗത്യം സാംസ് ഏറ്റെടുക്കുകയായിരുന്നു.

ചാമിക കരുണാരത്നേ ഒരു സിംഗിൽ നേടി 1 പന്ത് അവശേഷിക്കവെ ശ്രീലങ്കയുടെ 5 വിക്കറ്റ് വിജയം സാധ്യമാക്കി. 9 പന്തിൽ 20 റൺസ് നേടിയ ചരിത് അസലങ്കയും ശ്രീലങ്കയ്ക്കായി മികച്ച് നിന്നു. കെയിന്‍ റിച്ചാര്‍ഡ്സൺ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് റണ്ണൗട്ട് രൂപത്തിൽ 2 വിക്കറ്റ് നഷ്ടമായി.