സ്ത്രീത്വത്തെ അപമാനിച്ച് സന്ദേശ് ജിങ്കൻ, കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ പരാമർശം

Images 2022 02 20t170202.741

വിവാദ പരാമർശവുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കൻ. ഇന്നലെ
എടികെ മോഹൻ ബഗാനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച സന്ദേശ് ജിങ്കന്റെ പ്രതികരണം. “സ്ത്രീകളോടൊപ്പമാണ് ഞങ്ങൾ കളിച്ചത് സ്ത്രീകളോടൊപ്പം” എന്നാണ് മത്സരശേഷം ജിങ്കൻ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമർശം സന്ദേശ് ജിങ്കനെ പോലൊരു സീനിയർ ഫുട്ബോൾ താരത്തിൽ നിന്നും ആരും പ്രതീക്ഷിക്കുന്നതായിരുന്നില്ല. ഇന്ത്യൻ ദേശീയ ടീം വൈസ് ക്യാപ്റ്റൻ കൂടിയായ ജിങ്കൻ ഇന്ത്യൻ വനിതാ ഫുട്ബോളിനേയും താരങ്ങളേയും കൂടിയാണ് ഈ വിവാദ പരാമശത്തിലൂടെ അപമാനിച്ചിരിക്കുന്നത്‌.

ഇന്നലെ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയൊരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവുമധികം ആരാധകരുള്ള താരമായിരുന്നു സന്ദേശ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സ് മുൻ താരമായ ജിങ്കൻ ക്ലബ്ബ് വിട്ടതിന് പിന്നാലെ തന്നെ ജിങ്കന്റെ ജേഴ്സിയും റിട്ടയർ ചെയ്തിരുന്നു. ക്ലബ്ബ് വിട്ട് കഴിഞ്ഞും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശക്തമായ പിന്തുണ ജിങ്കന് ലഭിച്ചിരുന്നു.

അതേ സമയം ഇത്രയ്ക്ക് നിരുത്തരപരമായ പ്രസ്താവനയിലൂടെ കേരള ബ്ലാസ്റ്റേഴ്സിനേയും ഇന്ത്യൻ വനിതാ ഫുട്ബോളിനേയും താരങ്ങളേയും അപമാനിച്ച കനത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്. എടികെ മോഹൻ ബഗാന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മത്സരശേഷം ജിങ്കന്റെ പ്രതികരണം വന്നത്. സംഭവം വിവാദമായതിനെ തുടർന്ന് എടികെ മോഹൻ ബഗാൻ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.