യുവതാരത്തിന്റെ വെല്ലുവിളി അതിജീവിച്ച് സെറീന വില്യംസ്‌ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ

17 കാരിയും നാട്ടുകാരിയുമായ സീഡ് ചെയ്യാത്ത മക്നല്ലിയുടെ പോരാട്ടം അതിജീവിച്ച് സെറീന വില്യംസ്‌ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ കടന്നു. മികച്ച പോരാട്ടം നടത്തിയ യുവതാരത്തിന് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് സെറീന വില്യംസ്‌ തിരിച്ചു വന്നത്. ആദ്യ സെറ്റിൽ തന്റെ മികവ് ലോകത്തിനു കാണിച്ച് കൊടുത്ത യുവ താരം സെറീനയെ നന്നായി ബുദ്ധിമുട്ടിച്ചു. നീണ്ട പോരാട്ടം നടത്തി സെറ്റ് ജയിക്കാനുള്ള സെറീനയുടെ ജയങ്ങൾ ഫലം കാണാതെ വന്നപ്പോൾ ആദ്യ സെറ്റ് 7-5 നു മക്നല്ലി സ്വന്തമാക്കി.

സഹോദരി വീനസ് വില്യംസ്‌ പുറത്തായ അതേദിനം തന്നെ സെറീനയും പുറത്തായേക്കുമോ എന്ന ആശങ്കകൾ അസ്ഥാനത്ത് ആക്കുന്ന പ്രകടനം ആണ് എട്ടാം സിഡിൽ നിന്നു പിന്നീട്‌ ഉണ്ടായത്. നല്ല പോരാട്ടം കണ്ട രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കിയ സെറീന മൂന്നാം സെറ്റിൽ യുവതാരത്തിന് ശ്വാസം വിടാനുള്ള അവസരം പോലും നൽകിയില്ല. 6-1 മൂന്നാം സെറ്റും മത്സരവും തന്റെ റെക്കോർഡ് 24 ഗ്രാന്റ് സ്‌ലാം തേടുന്ന സെറീന സ്വന്തമാക്കി. കൂടുതൽ കടുത്ത മത്സരങ്ങൾ ആണ് തുടർന്നും യു.എസ് ഓപ്പണിൽ സെറീനയെ കാത്തിരിക്കുന്നത്.

Previous articleയു എസ് ഓപ്പണിൽ 100 മത്സരങ്ങൾ തികച്ച് റോജർ ഫെഡറർ
Next articleരണ്ടാം റൗണ്ട് അനായാസം ജയിച്ച് ബാർട്ടിയും കീയ്സും