രണ്ടാം റൗണ്ട് അനായാസം ജയിച്ച് ബാർട്ടിയും കീയ്സും

സീഡ് ചെയ്യാത്ത അമേരിക്കൻ താരം ലോറൻ ഡേവിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു രണ്ടാം സീഡും ഫ്രഞ്ച് ഓപ്പൺ ജേതാവുമായ ഓസ്‌ട്രേലിയയുടെ ആഷ്ലി ബാർട്ടി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ സെറ്റിൽ ബാർട്ടിയുടെ സമഗ്രാധിപത്യം കണ്ടപ്പോൾ ഡേവിസിന് വലുതായി ഒന്നും ചെയ്യാൻ ആയില്ല, 6-2 നു സെറ്റ് ബാർട്ടിക്ക് സ്വന്തം. എന്നാൽ രണ്ടാം റൗണ്ടിൽ പൊരുതി നിന്ന ഡേവിസിനെതിരെ ടൈബ്രേക്കറിൽ 7-6 ആയിരുന്നു ബാർട്ടിയുടെ ജയം. ഇതോടെ കിരീടപ്രതീക്ഷ വച്ച് പുലർത്തുന്ന ബാർട്ടി യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു

അതേസമയം പലരും കിരീടം നേടാൻ വലിയ പ്രതീക്ഷ കൽപ്പിക്കുന്ന പത്താം സീഡും അമേരിക്കൻ പ്രതീക്ഷയുമായ മാഡിസൻ കീയ്സും മൂന്നാം റൗണ്ടിൽ കടന്നു.ചൈനീസ് താരം ലിൻ സുവിനു എതിരെ മത്സരത്തിൽ ഉടനീളം വലിയ ആധിപത്യം കീയ്സ് പുലർത്തി. ആദ്യ സെറ്റും രണ്ടാം സെറ്റും 6-1 നു സ്വന്തമാക്കിയ കീയ്സ് നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട് പ്രതീക്ഷകൾ കാത്ത പ്രകടനം തന്നെയാണ് പുറത്തെടുത്തത്.