അശ്വിനും ചാഹലും ഇന്ത്യൻ ടീമിൽ ഉണ്ടാകണമായിരുന്നു എന്ന് മദൻ ലാൽ

2023ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ആർ അശ്വിനും യുസ്‌വേന്ദ്ര ചാഹലും ഇടംനേടാത്തതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മദൻ ലാൽ അതൃപ്തി പ്രകടിപ്പിച്ചു. “കുൽദീപ് യാദവിനെ ഓസ്‌ട്രേലിയ ടീം നന്നായാണ് നേരിട്ടത്. യുസ്‌വേന്ദ്ര ചാഹലിന് അവസരം ലഭിക്കേണ്ടതായിരുന്നു. അദ്ദേഹം ഒരു മാച്ച് വിന്നിംഗ് ബൗളറാണ്,” ലാൽ പിടിഐയോട് പറഞ്ഞു.

“അശ്വിൻ 500-600 വിക്കറ്റ് നേടിയിട്ടുള്ള ആളാണ്. അദ്ദേഹത്തിന് വിക്കറ്റ് വീഴ്ത്താൻ അറിയാം. ഡബ്ല്യുടിസി ഫൈനലിലും ഞങ്ങൾ അവനെ കളിപ്പിച്ചില്ല” 1983 ലോകകപ്പ് ജേതാവ് ഒർമ്മിപ്പിച്ചു.

അശ്വിനും ചാഹലും ഏഷ്യകപ്പിനുള്ള ടീമിൽ ഇടം നേടിയില്ല എങ്കിലും അവർക്ക് ലോകകപ്പിലേക്കുള്ള വാതിൽ തുറന്നു കടക്കുകയാണ് എന്നാണ് രോഹിത് ശർമ്മയും അഗാർക്കറും ഇന്നലെ പറഞ്ഞത്‌.

ആർ സി ബി തന്നെ നിലനിർത്താത്തതിൽ ദേഷ്യമുണ്ടായിരുന്നു എന്ന് ചാഹൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ സി ബി) 2022ലെ ഐ‌പി‌എൽ മെഗാ ലേലത്തിന് മുമ്പ് തന്നെ നിലനിർത്താൻ ശ്രമിക്കാത്തതിലെ നിരാശ തുറന്നു പറഞ്ഞ് യുസ്വേന്ദ്ര ചാഹൽ. ആ സമയത്ത് തനിക്ക് വളരെ സങ്കടം തോന്നി എന്ന് ചാഹൽ പറഞ്ഞു. എന്റെ യാത്ര ആരംഭിച്ചത് ആർസിബിയിൽ നിന്നാണ്. എട്ടു വർഷം ഞാൻ അവരോടൊപ്പം ചെലവഴിച്ചു. ആർ‌സി‌ബി എനിക്ക് ഒരു അവസരം നൽകി, അവർ കാരണം എനിക്ക് ഒരു ഇന്ത്യൻ ക്യാപ്പ് ലഭിച്ചു. യുട്യൂബർ രൺവീർ അലാബാദിയയുടെ പോഡ്‌കാസ്റ്റിൽ ചാഹൽ പറഞ്ഞു.

“ആദ്യ മത്സരം മുതൽ വിരാട് എന്നിൽ വിശ്വാസം പ്രകടിപ്പിച്ചു. അതിനാൽ, ക്ലബ് വിടേണ്ടി വന്നപ്പോൾ അത് മോശമായി തോന്നി, കാരണം നിങ്ങൾ ഒരു ടീമിൽ 8 വർഷം ചെലവഴിക്കുമ്പോൾ അത് കുടുംബം പോലെയാകും.” ചാഹൽ പറഞ്ഞു.

“ഞാൻ വലിയ തുക ആവശ്യപ്പെട്ടു എന്നൊക്കെ അന്ന് വാർത്തകൾ വന്നു. അങ്ങനെയൊന്നും ഇല്ലെന്ന് ഞാൻ അന്ന് തന്നെ വ്യക്തമാക്കി. ഞാൻ അർഹിക്കുന്നതെന്താണെന്ന് എനിക്കറിയാം” അദ്ദേഹം പറഞ്ഞു

“എനിക്ക് ശരിക്കും വിഷമം തോന്നിയത് ഒരു ഫോൺ കോളോ ആശയവിനിമയമോ ആർ സി ബിയുടെ ഭാഗത്ത് നിന്ന് ഇല്ലായിരുന്നു എന്നതാണ്. ഞാൻ അവർക്കായി 114 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലേലത്തിൽ, അവർ എനിക്കുവേണ്ടി എല്ലാം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തുരുന്നു.” ചാഹൽ പറയുന്നു.

“എന്നെ അവർ തിരഞ്ഞെടുക്കാതിരുന്നപ്പോൾ ഞാൻ വളരെ ദേഷ്യപ്പെട്ടു. ഞാൻ അവർക്ക് 8 വർഷം നൽകി. ചിന്നസ്വാമി എന്റെ പ്രിയപ്പെട്ട മൈതാനമായിരുന്നു. ഞാൻ ആർസിബി പരിശീലകരുമായി സംസാരിച്ചിട്ടില്ല. ഞാൻ അവർക്കെതിരെ കളിച്ച ആദ്യ മത്സരത്തിൽ ഞാൻ ആരോടും സംസാരിച്ചിട്ടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യക്ക് ആയി ടെസ്റ്റ് കളിക്കാൻ ആകും എന്നാണ് ഇപ്പോഴും പ്രതീക്ഷ എന്ന് ചാഹൽ

ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കാൻ തനിക്ക് ആകും എന്നാണ് ഇപ്പോഴും പ്രതീക്ഷ എന്ന് സ്പിൻ ബൗളർ ചാഹൽ പറഞ്ഞു. “ഓരോ ക്രിക്കറ്റ് താരത്തിനും അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിൽ അവന്റെ ടീമിനെ പ്രതിനിധീകരിക്കുക എന്ന സ്വപ്നമുണ്ട്. വെള്ള വസ്ത്രം ധരിച്ച് റെഡ്-ബോൾ ക്രിക്കറ്റ് കളിക്കുമ്പോൾ അവർ ഏറ്റവും ഉന്നതിയിലെത്തുന്നു. എനിക്കും അതുപോലൊരു ഒരു സ്വപ്നമുണ്ട്. വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഞാൻ ഒരുപാട് നേട്ടങ്ങൾ നേടിയിട്ടുണ്ട്. , പക്ഷേ റെഡ് പന്ത് ഇപ്പോഴും എന്റെ ചെക്ക്‌ലിസ്റ്റിൽ ഉണ്ട്.” ചാഹൽ പറഞ്ഞു.

“എന്റെ പേരിന് അടുത്തായി ‘ടെസ്റ്റ് ക്രിക്കറ്റ് താരം’ എന്ന ടാഗ് ലഭിക്കാനുള്ള സ്വപ്നം എനിക്കിപ്പോഴും ഉണ്ട്. എന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ആഭ്യന്തര, രഞ്ജി ഗെയിമുകളിൽ എന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ഞാൻ ശ്രമിക്കുന്നു, ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രതിനിധീകരിക്കാനുള്ള അവസരം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ചാഹൽ പറഞ്ഞു.

എന്റെ ലക്ഷ്യം എന്റെ 100% നൽകുക എന്നതാണ്. സെലക്ഷൻ ഞങ്ങളുടെ കയ്യിൽ ഇല്ലാത്ത ഒന്നാണ് എന്നും ചാഹൽ പറഞ്ഞു

ചാഹൽ ഇതിഹാസമാണ് എന്ന് സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് സ്പിന്നർ ചാഹർ ഒരു ഇതിഹാസം ആണെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. അദ്ദേഹത്തിന് ഇതിഹാസത്തിന്റെ ടാഗ് നൽകേണ്ട സമയമായി എന്ന് സഞ്ജു ഇന്ന് മത്സര ശേഷം പറഞ്ഞു. ഒരുപാട് കാലനായി ചാഹൽ പന്തു കൊണ്ട് മായാജാലങ്ങൾ കാണിക്കുന്നു എന്നും സഞ്ജു പറഞ്ഞു. ചാഹൽ നാലു വിക്കറ്റുകൾ വീഴ്ത്തി കെ കെ ആറിനെ 150 റൺസിൽ ഒതുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഈ നാലു വിക്കറ്റുകളോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായും ചാഹൽ മാറി.

അദ്ദേഹത്തെ ഫ്രാഞ്ചൈസിയിൽ കിട്ടിയതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. അവനോട് ഒരിക്കലും ഒന്നും സംസാരിക്കേണ്ടതില്ല, പന്ത് കൊടുക്കുക മാത്രമെ ചെയ്യേണ്ടതുള്ളൂ, എന്തുചെയ്യണമെന്ന് അവനറിയാം. ഡെത്തിലും അദ്ദേഹം നന്നായി പന്തെറിയുന്നു, ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് ഇതിൽ വളരെ സന്തോഷമുണ്ട്. സഞ്ജു സാംസൺ പറഞ്ഞു.

ബ്രാവോയുടെ റെക്കോർഡിന് ഒപ്പം ചാഹൽ

ഞായറാഴ്ച ജയ്പൂരിൽ നടന്ന രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ ചാഹൽ ഒരു റെക്കോർഡിനൊപ്പം എത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോഡിന് ഒപ്പമാണ് യുസ്വേന്ദ്ര ചാഹൽ എത്തിയത്.

സ്പിന്നർ ഇന്നലെ നേടിയ വിക്കറ്റുകളോടെ 143 മത്സരങ്ങളിൽ നിന്ന് 183 വിക്കറ്റിൽ എത്തി. ഇന്നലെ താരം നാലു വിക്കറ്റുകൾ നേടിയിരുന്നു. മുൻ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് താരം ബ്രാവോയും 183 വിക്കറ്റുകൾ ഐ പി എല്ലിൽ വീഴ്ത്തിയിട്ടുണ്ട്. ബ്രാവോ 161 മത്സരങ്ങളിൽ നിന്നാണ് 183 വിക്കറ്റ് നേടിയത്. 174 വിക്കറ്റുമായി മുംബൈ ഇന്ത്യൻസ് താരം പീയുഷ് ചൗള ആണ് പട്ടികയിൽ മൂന്നാമത്.

രാജസ്ഥാന് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ ഉണ്ടെന്ന് ചാഹൽ

രാജസ്ഥാൻ റോയൽസിന് ഇപ്പോഴും പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരമുണ്ടെന്നും ഹൈദരാബാദിനെതിരായ തോൽവി മറക്കണമെന്നും രാജസ്ഥാൻ റോയൽസ് താരം യുസ്വേന്ദ്ര ചാഹൽ പറഞ്ഞു.

“പ്ലേ ഓഫ് യോഗ്യത നേടാൻ സമയമെടുക്കും, പക്ഷേ ഇപ്പോഴും മൂന്ന് മത്സരങ്ങളുണ്ട്, ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാൽ ഞങ്ങൾക്ക് പ്ലേ ഓഫിന് യോഗ്യത നേടാൻ ആകും,” അദ്ദേഹം മത്സരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“പരാജയം കളിയുടെ ഭാഗമാണ്. ഞങ്ങൾ ഒരുമിച്ച് തിരിച്ചുവരും. ഈ മത്സരം നമ്മൾ എത്ര വേഗം മറക്കുന്നുവോ അത് നമുക്ക് അത്രയും നല്ലത് ആയിരിക്കും.” ചാഹൽ പറഞ്ഞു.

സഞ്ജു സാംസൺ ധോണിയെ പോലെ, തന്റെ ബൗളിംഗില്‍ 10 ശതമാനം വളര്‍ച്ചയ്ക്ക് പിന്നിൽ സഞ്ജു – ചഹാല്‍

സഞ്ജു സാംസൺ തന്റെ ബൗളിംഗ് വളര്‍ച്ചയിൽ പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞ് യൂസുവേന്ദ്ര ചഹാല്‍. സഞ്ജു സാംസൺ ധോണിയെ പോലെയാണെന്നും വളരെ ചിൽ ആയ വ്യക്തിയാണ് അദ്ദേഹമെന്നും ചഹാല്‍ വ്യക്തമാക്കി. തന്റെ ബൗളിംഗിൽ 10 ശതമാനം വളര്‍ച്ച സംഭവിച്ചതിന് പിന്നിൽ സഞ്ജുവിന്റെ പങ്ക് ഉണ്ടെന്നും ചഹാല്‍ വ്യക്തമാക്കി.

സഞ്ജുവിന് കീഴിൽ രാജസ്ഥാന്‍ റോയൽസ് നിരയിലെത്തിയ ചഹാല്‍ കഴിഞ്ഞ സീസണിൽ പര്‍പ്പിള്‍ ക്യാപിന് ഉടമയായിരുന്നു. 17 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റാണ് കഴിഞ്ഞ സീസണിൽ ചഹാല്‍ നേടിയത്. ഇത്തവണ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് നേടിയ ചഹാല്‍ അഞ്ചാം സ്ഥാനത്താണ്.

“പർപ്പിൾ ക്യാപ്പ് മാത്രമല്ല, ഐ പി എൽ കിരീടം കൂടിയാണ് ഇത്തവണ ലക്ഷ്യം” – ചാഹൽ

ഈ ഐ പി എൽ സീസണിൽ പർപ്പിൽ ക്യാപ്പ് മാത്രമല്ല കിരീടം കൂടിയാണ് ലക്ഷ്യം എന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നഫ് ചാഹൽ. “ഈ വർഷത്തെ എന്റെ പ്രധാന ലക്ഷ്യം പർപ്പിൾ ക്യാപ്പ് മാത്രമല്ല, ട്രോഫി നേടുക എന്നതുമാണ്,” ചാഹൽ പറഞ്ഞു.

ഐപിഎൽ 2022ൽ 27 വിക്കറ്റ് വീഴ്ത്തി പർപ്പിൾ ക്യാപ്പ് നേടിയെങ്കിലും ചാഹലിന്റെ രാജസ്ഥാൻ റോയൽസ് ഫൈനലിൽ പരാജയപ്പെട്ടിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മാർക്ക് വുഡ്, ഗുജറാത്ത് ടൈറ്റൻസിന്റെ റാഷിദ് ഖാൻ എന്നിവർക്കൊപ്പം 11 വിക്കറ്റുകളുമായി ഈ സീസണിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് ചാഹൽ.

ഇന്ന് ലഖ്നൗവിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിച്ച ചാഹൽ ഇമ്പാക്ട് ല്ലയർ റൂൾ രാജസ്ഥാനെ ഏറെ സഹായിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഇത് ഒരു പ്ലസ് പോയിന്റാണ് എന്നും കാരണം എനിക്ക് ബാറ്റ് കൊണ്ട് പ്രയോജനമില്ല. എനിക്ക് പകരം ഒറ്റാൾ ബാറ്റു ചെയ്യുന്നത് ഒരു പ്ലസ് പോയിന്റാണ്,” ചാഹൽ പറഞ്ഞു. ഇതുവരെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ട് തവണ ചാഹൽ പകരക്കാരനായിരുന്നു.

ചഹാലിനെ എന്ത് കൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നത് വിശദീകരിക്കുവാന്‍ രോഹിത്തും ദ്രാവിഡും ബാധ്യസ്ഥരാണ് – മൊഹമ്മദ് കൈഫ്

ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ യൂസുവേന്ദ്ര ചഹാലിനെ കളിപ്പിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞ് മൊഹമ്മദ് കൈഫ്. ആ തീരുമാനത്തിന് പിന്നിലെന്താണ് കാരണമെന്ന് രോഹിത്ത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും വിശദീകരണം നൽകുവാന്‍ ബാധ്യസ്ഥരാണെന്നും കൈഫ് പറഞ്ഞു.

ലെഗ് സ്പിന്നര്‍മാര്‍ക്ക് വലിയ പ്രാധാന്യമുള്ള റോളാണുള്ളതെന്നും എന്നാൽ ഇന്ത്യ ഓസ്ട്രേലിയയിൽ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് വലിയ നേട്ടം ലഭിയ്ക്കില്ലെന്നറിഞ്ഞിട്ടും അവരെ കളിച്ചിച്ചത് എന്ത് കൊണ്ടാണെന്ന് മനസ്സിലായില്ലെന്നും കൈഫ് അഭിപ്രായപ്പെട്ടു.

ബൗൺസ് ലഭിയ്ക്കും എന്നതിനാൽ തന്നെ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് ലഭിയ്ക്കുവാന്‍ സാധ്യത കൂടുതലായിരുന്നുവെന്നും ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എല്ലാവരും റിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നുവെന്നും കൈഫ് വ്യക്തമാക്കി.

ഹസരംഗയും കുൽദീപും വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷം – ചഹാൽ

ഐപിഎലില്‍ ബഹു ഭൂരിപക്ഷം സമയവും പര്‍പ്പിള്‍ ക്യാപ്പിന് അര്‍ഹനായിരുന്നത് യൂസുവേന്ദ്ര ചഹാല്‍ ആയിരുന്നുവെങ്കിലും ആര്‍സിബി താരം വനിന്‍ഡു ഹസരംഗ വിക്കറ്റ് വേട്ടയിൽ താരത്തിനൊപ്പമെത്തുകയും മികച്ച എക്കണോമിയുടെ ബലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തുവെങ്കിലും ഇന്നലെ ലക്നൗവിനെതിരെയുള്ള മത്സരത്തിൽ നേടിയ വിക്കറ്റിന്റെ ബലത്തിൽ ചഹാല്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു.

എന്നാൽ വനിന്‍ഡു ഹസരംഗ വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷമേയുള്ളുവെന്നും താരം തനിക്ക് സഹോദര തുല്യനാണെന്നും ചഹാല്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ ഇരുവരും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു കളിച്ചത്.

അത് പോലെ തന്നെ ഇന്ത്യന്‍ ടീമിൽ ഒരു കാലത്ത് തന്റെ സ്പിന്‍ പാര്‍ട്ണര്‍ ആയിരുന്നു കുൽദീപും വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷമാണെന്ന് ചഹാല്‍ സൂചിപ്പിച്ചു.

ബൈര്‍സ്റ്റോയ്ക്ക് അര്‍ദ്ധ ശതകം, വിക്കറ്റുകളുമായി തിരിച്ചടിച്ച് ചഹാൽ, പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ച് ജിതേഷ് ശര്‍മ്മയുടെ തകര്‍പ്പനടികള്‍

ജോണി ബൈര്‍സ്റ്റോയുടെ മികവിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് മികച്ച സ്കോര്‍. 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് പഞ്ചാബ് നേടിയത്. അഞ്ചാം വിക്കറ്റിൽ 26 പന്തിൽ 50 റൺസാണ് ജിതേഷ് ശര്‍മ്മ ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് നേടിയത്. ജിതേഷ് നാല് ഫോറും രണ്ട് സിക്സും അടക്കം 38 റൺസുമായി പുറത്താകാതെ നിന്നു.

ഒന്നാം വിക്കറ്റിൽ ബൈര്‍സ്റ്റോയും ശിഖര്‍ ധവാനും ചേര്‍ന്ന് 47 റൺസാണ് നേടിയത്. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടിയ ശിഖര്‍ ധവാന്‍(12) ആണ് ആദ്യം പുറത്തായത്. ഭാനുക രാജപക്സ വന്ന് അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ താരം 18 പന്തിൽ 27 റൺസ് നേടിയെങ്കിലും ചഹാല്‍ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.

പഞ്ചാബിനെ ബൈര്‍സ്റ്റോയും മയാംഗും ചേര്‍ന്ന് വലിയ സ്കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷിച്ചുവെങ്കിലും ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി ചഹാല്‍ ആണ് പഞ്ചാബിന്റെ കുതിപ്പിന് തടയിട്ടത്. ബൈര്‍സ്റ്റോ 56 റൺസാണ് 40 പന്തിൽ നേരിട്ടത്. എന്നാൽ ജിതേഷ് ശര്‍മ്മയുടെ മിന്നും പ്രകടനം ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

ജിതേഷ് ശര്‍മ്മയും ലിയാം ലിവിംഗ്സ്റ്റണും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് 189 റൺസ് നേടുകയായിരുന്നു. 14 പന്തിൽ 22 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ 19ാം ഓവറിൽ പുറത്തായപ്പോള്‍ ഈ കൂട്ടുകെട്ട് പ്രസിദ്ധ് കൃഷ്ണ തകര്‍ക്കുകയായിരുന്നു.

അവസാന ഓവറിൽ ജിതേഷ് ശര്‍മ്മ കുൽദീപ് സെന്നിനെ ഒരു സിക്സും രണ്ട് ഫോറും പറത്തിയപ്പോള്‍ പഞ്ചാബ് ഓവറിൽ നിന്ന് 16 റൺസാണ് നേടിയത്. ജിതേഷ് പുറത്താകാതെ 18 പന്തിൽ 38 റൺസ് നേടി.

ചഹാലുമായി യാതൊരുവിധ മത്സരവുമില്ല, അദ്ദേഹം പര്‍പ്പിള്‍ ക്യാപ് നേടണമെന്ന് ആഗ്രഹം – കുൽദീപ് യാദവ്

ഐപിഎലില്‍ ഡൽഹി ബൗളര്‍മാരിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിട്ടുള്ളത് കുൽദീപ് യാദവ് ആണ്. കൊല്‍ക്കത്ത നിരയിൽ കഴിഞ്ഞ സീസണിൽ അവസരം ലഭിയ്ക്കായിരുന്ന താരം പിന്നീട് മെഗാ ലേലത്തിലൂടെ ഡൽഹിയിലേക്ക് എത്തുകയും ടീമിന്റെ ബൗളിംഗിലെ പ്രധാന കണ്ണിയായി മാറുകയും ചെയ്തു. ഈ ഐപിഎലില്‍ താരം ഇതുവരെ 4 പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

ശ്രേയസ്സിന്റെ വിക്കറ്റ് വളരെ നിര്‍ണ്ണായകമായിരുന്നുവെങ്കിലും റസ്സലിന്റെ വിക്കറ്റാണ് താന്‍ ആസ്വദിച്ചതെന്ന് കുൽദീപ് വ്യക്തമാക്കി. ചഹാല്‍ തന്റെ മൂത്ത സഹോദരനെപ്പോലെയാണെന്നും അദ്ദേഹവുമായി യാതൊരുവിധ മത്സരബുദ്ധിയും ഇല്ലെന്നും താരം കൂട്ടിചേര്‍ത്തു. താന്‍ പരിക്കേറ്റ് പുറത്തിരുന്നപ്പോള്‍ തനിക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും നൽകിയത് താരം ആണെന്നും അദ്ദേഹം പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുമെന്നാണ് കരുതുന്നതെന്നും കുൽദീപ് കൂട്ടിചേര്‍ത്തു.

Exit mobile version