ഇതിഹാസതാരം മേഗൻ റപീനോ വിരമിക്കൽ പ്രഖ്യാപിച്ചു

ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു അമേരിക്കൻ ഇതിഹാസതാരം മേഗൻ റപീനോ. ഈ വരുന്ന ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആണ് എന്ന് പ്രഖ്യാപിച്ച 38 കാരിയായ താരം ഈ യു.എസ് ലീഗ് സീസണിനു ശേഷം താൻ വിരമിക്കും എന്നും കൂട്ടിച്ചേർത്തു. ഒക്ടോബർ 6 നു നടക്കുന്ന ഒ.എൽ റെയിന് ആയുള്ള അവസാന ലീഗ് മത്സരം അപ്പോൾ താരത്തിന്റെ അവസാന മത്സരം ആവും.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയാണ് റപീനോ പരിഗണിക്കപ്പെടുന്നത്. 199 തവണ അമേരിക്കക്ക് ആയി കളിച്ച താരം ഒരു തവണ ഒളിമ്പിക് സ്വർണവും 2 ലോകകപ്പുകളും നേടിയിട്ടുണ്ട്. 2019 ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരവും ടോപ്പ് സ്കോററും ആയി അമേരിക്കക്ക് ലോകകപ്പ് സമ്മാനിച്ചത് റപീനോ ആയിരുന്നു. ആ വർഷത്തെ ബാലൻ ഡിയോറും റപീനോ ആണ് നേടിയത്. തന്റെ ശക്തമായ മനുഷ്യാവകാശ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും റപീനോ പ്രശസ്തയാണ്.

ജർമ്മനിയിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്‌സണൽ വനിതകളുടെ വമ്പൻ തിരിച്ചു വരവ്

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ആഴ്‌സണൽ വനിതകളുടെ അവിസ്മരണീയ തിരിച്ചു വരവ്. പ്രമുഖ താരങ്ങൾ പരിക്കേറ്റു പുറത്ത് പോയതിനാൽ ദുർബലമായ ടീമും ആയി വോൾവ്സബർഗും ആയി കളിക്കാൻ ഇറങ്ങിയ ആഴ്‌സണൽ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം സമനില പിടിക്കുക ആയിരുന്നു. ഇരു ടീമുകളും തുല്യ നിലയിൽ നിന്ന മത്സരത്തിൽ 19 മത്തെ മിനിറ്റിൽ വോൾവ്സബർഗ് മത്സരത്തിൽ മുന്നിലെത്തി. ജോൺസ്ഡോറ്റിറിന്റെ ത്രൂ ബോളിൽ നിന്നു ഇവ പഹോർ ആണ് ജർമ്മൻ ടീമിന്റെ ഗോൾ നേടിയത്. 5 മിനിറ്റിനുള്ളിൽ തന്റെ ഗോൾ കണ്ടത്തിയ ജോൺസ്ഡോറ്റിർ ആതിഥേയരുടെ മുൻതൂക്കം ഇരട്ടിയാക്കി.

2 ഗോൾ വഴങ്ങിയ ശേഷം വമ്പൻ തിരിച്ചു വരവ് ആണ് ആഴ്‌സണൽ നടത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് 45 മത്തെ മിനിറ്റിൽ സ്റ്റെഫ്‌ കാറ്റ്ലിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ബ്രസീലിയൻ താരം റാഫയേല ആഴ്‌സണലിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ സമനിലക്ക് ആയി ഉണർന്നു കളിക്കുന്ന ആഴ്‌സണലിനെ ആണ് കാണാൻ ആയത്. മത്സരത്തിൽ 69 മത്തെ മിനിറ്റിൽ വിക്ടോറിയ പെലോവയുടെ പാസിൽ നിന്നു സ്വീഡിഷ് താരം സ്റ്റിന ബ്ലാക്ക്സ്റ്റിനിയസ് ഗോൾ നേടി ആഴ്‌സണലിന് നിർണായക സമനില സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ പരുക്കൻ ആയ കളിയിൽ പക്ഷെ ജയം കാണാൻ ഇരു ടീമുകൾക്കും ആയില്ല. മെയ് ഒന്നിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ബ്രിട്ടനിലെ വനിത ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ റെക്കോർഡ് കാണികൾക്ക് മുന്നിൽ ആവും രണ്ടാം പാദ സെമിഫൈനൽ മത്സരം നടക്കുക.

ലീ വില്യംസൺ ലോകകപ്പിന് ഉണ്ടാവില്ല, ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, ആഴ്‌സണലിന് കണ്ണീർ

യൂറോ കപ്പ് ജേതാക്കൾ ആയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി ആഴ്‌സണൽ പ്രതിരോധതാരവും ഇംഗ്ലണ്ട് ക്യാപ്റ്റനും ആയ ലീ വില്യംസണിന്റെ പരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ പത്ത് മിനിറ്റിനുള്ളിൽ പരിക്കേറ്റു പുറത്ത് പോയ താരത്തിന് ക്ലബ് എ.സി.എൽ ഇഞ്ച്വറി ആണെന്ന് സ്ഥിരീകരണം നൽകി. താരത്തിന് സീസണിൽ ഇനി കളിക്കാൻ ആവില്ല.

ഇതോടെ ലീ വില്യംസൺ മൂന്നു മാസത്തിനുള്ളിൽ നടക്കേണ്ട വനിത ലോകകപ്പിൽ കളിക്കില്ലെന്നു ഉറപ്പായി. ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ കളിക്കാൻ ഒരുങ്ങുന്ന ആഴ്‌സണലിനും ഇത് കനത്ത തിരിച്ചടിയാണ്. ഇത് മൂന്നാമത്തെ പ്രമുഖ താരത്തെയാണ് ആഴ്‌സണലിന് എ.സി.എൽ ഇഞ്ച്വറി കാരണം ഈ സീസണിൽ നഷ്ടമാവുന്നത്. നേരത്തെ ബെത്ത് മീഡ്, വിവിയനെ മിയെദെമ എന്നിവരെയും ആഴ്‌സണലിന് എ.സി.എൽ ഇഞ്ച്വറി കാരണം നഷ്ടമായിരുന്നു.

പരിക്കേറ്റു പുറത്ത് പോയി ലീ വില്യംസൺ! ആഴ്‌സണലിനും ഇംഗ്ലണ്ടിനും തിരിച്ചടി

ആഴ്‌സണലിനും ഇംഗ്ലണ്ടിനും വലിയ തിരിച്ചടിയായി പ്രതിരോധതാരം ലീ വില്യംസണിന്റെ പരിക്ക്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 10 മത്തെ മിനിറ്റിൽ ലീ വില്യംസൺ പരിക്കേറ്റു പുറത്ത് പോവുക ആയിരുന്നു. കാലു മുട്ടിനു ഗുരുതര പരിക്ക് ആണെന്ന് ആണ് ആദ്യ സൂചന. ആദ്യം സ്ട്രക്ച്ചർ ആവശ്യമായെങ്കിലും പിന്നീട് ആഴ്‌സണൽ മെഡിക്കൽ ടീമിന്റെ സഹായത്തോടെ താരം കളം വിടുക ആയിരുന്നു. ഇതിനകം മിയെദേമ, ബെത്ത് മീഡ്, കിം ലിറ്റിൽ തുടങ്ങിയ താരങ്ങളെ നഷ്ടമായ ആഴ്‌സണലിന് വലിയ നഷ്ടമായി ഇത്.

ഒരു പതിറ്റാണ്ടിനു ശേഷം ചാമ്പ്യൻസ് സെമിഫൈനൽ മത്സരങ്ങൾ കളിക്കാൻ ഇരിക്കുന്ന ആഴ്‌സണലിന് ഇത് വലിയ നഷ്ടമാണ്. വോൾവ്സ്ബർഗ് വനിതകളെ ആണ് ആഴ്‌സണൽ വനിതകൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ നേരിടുക. അതേസമയം വനിത ലോകകപ്പിന് മൂന്നു മാസം ബാക്കിയുള്ളപ്പോൾ ഇംഗ്ലണ്ട് ടീമിന് പ്രതിരോധത്തിലെ നടും തൂണായ വില്യംസണിനെ നഷ്ടമായാൽ അത് വലിയ തിരിച്ചടി ആവും. ഇതിനകം തന്നെ യൂറോ കപ്പിലെ മികച്ച താരവും ടോപ് സ്കോററും ആയ ആഴ്‌സണലിന്റെ ബെത്ത് മീഡിനെ നഷ്ടമായ ഇംഗ്ലണ്ടിന് വില്യംസണിന്റെ നഷ്ടം കടുത്ത തിരിച്ചടിയാവും.

വീണ്ടും സാം കെർ, ചെൽസി വനിതകൾ വീണ്ടും എഫ്.എ കപ്പ് ഫൈനലിൽ

തുടർച്ചയായ മൂന്നാം വർഷവും എഫ്.എ കപ്പ് ഫൈനലിലേക്ക് മുന്നേറി ചെൽസി വനിതകൾ. നിലവിലെ ജേതാക്കൾ ആയ അവർ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ചെൽസി അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ ഇടക്ക് വില്ലയും ചെൽസിയെ പരീക്ഷിച്ചു.

രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഒരു ചെൽസി ശ്രമം ബാറിൽ തട്ടി മടങ്ങി. 59 മത്തെ മിനിറ്റിൽ സീസണിലെ 24 മത്തെ ഗോൾ കണ്ടത്തിയ സാം കെർ ചെൽസിക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ഗുറോ റെയ്റ്റന്റെ ക്രോസിൽ നിന്നായിരുന്നു കെറിന്റെ ഗോൾ. അവസാന നിമിഷങ്ങളിൽ വില്ലക്ക് സമനിലക്ക് ആയുള്ള അവസരം ലഭിച്ചെങ്കിലും അവർ അത് മുതലാക്കിയില്ല.ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളെ ആണ് ചെൽസി വനിതകൾ നേരിടുക.

സെറീന വിങ്മാനു കീഴിൽ ആദ്യ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് വനിതകൾ

സെറീന വിങ്മാൻ ഇംഗ്ലണ്ട് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ പരാജയം ഏറ്റു വാങ്ങി ഇംഗ്ലണ്ട് വനിതകൾ. 30 മത്സരങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് യൂറോ കപ്പ് ജേതാക്കൾ പരാജയം ഏറ്റുവാങ്ങുന്നത്. ഓസ്‌ട്രേലിയക്ക് എതിരെ 2-0 ന്റെ പരാജയം ആണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. കനത്ത മഴയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് പരാജയം സമ്മാനിക്കുക ആയിരുന്നു.

ആദ്യ പകുതിയിൽ ക്യാപ്റ്റൻ ലെയ വില്യംസന്റെ പിഴവ് മുതലെടുത്ത് സാം കെർ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ചാർലറ്റ് ഗ്രാന്റിന്റെ ഷോട്ട് ഇംഗ്ലണ്ട് താരത്തിന്റെ ദേഹത്ത് ഗോൾ ആവുക ആയിരുന്നു. ഇംഗ്ലണ്ടിന് ലഭിച്ച മികച്ച രണ്ടു അവസരങ്ങളും ഗോൾ ആക്കി മാറ്റാൻ അലസിയ റൂസോക്ക് ആവാത്തതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു. ലോകകപ്പിനു ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് പരാജയം മുന്നറിയിപ്പ് തന്നെയാണ്.

ബിബിസിയുടെ ഈ വർഷത്തെ മികച്ച വനിത ഫുട്‌ബോൾ താരമായി ആഴ്‌സണലിന്റെ ബെത്ത് മീഡ്

ബിബിസിയുടെ 2022 ലെ ഏറ്റവും മികച്ച വനിത ഫുട്‌ബോൾ താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം ബെത്ത് മീഡ് തിരഞ്ഞെടുക്കപ്പെട്ടു. 27 കാരിയായ താരം ഇംഗ്ലണ്ട് കിരീടം നേടിയ യൂറോ കപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ബെത്ത് തന്നെയായിരുന്നു.

ഈ വർഷത്തെ ബാലൻ ഡിയോർ കുറഞ്ഞ വോട്ടുകൾക്ക് ആണ് ഇംഗ്ലീഷ് താരത്തിന് നഷ്ടമായത്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന്റെ മികവിനും ബെത്ത് തന്നെയാണ് പ്രധാന പങ്ക് വഹിച്ചത്. നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച ബെത്ത് തന്റെ സഹതാരങ്ങൾക്ക് നന്ദിയും രേഖപ്പെടുത്തി. ചെൽസിയുടെ സാം കെർ രണ്ടാമത് എത്തിയപ്പോൾ ബാലൻ ഡിയോർ ജേതാവ് ബാഴ്‌സലോണയുടെ അലക്സിയ പുതലസ് മൂന്നാമത് എത്തി.

“പെൺകുട്ടികളെ ഫുട്ബോൾ പരിശീലനത്തിന് അയക്കരുത് എന്ന് വീടുകൾ കയറി പറഞ്ഞ ആളുകളുണ്ട്. അവർക്ക് മദ്ധ്യേ അഭിമാനകരമാണ് ഈ നേട്ടം” : കോച്ച് നിധീഷ് | അഭിമുഖം 

നിധീഷ് കോച്ച് ഫാൻപോർട്ടിന് നൽകിയ അഭിമുഖം

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വനിത ടീം തങ്ങളുടെ അരങ്ങേറ്റ സീസണിൽ കേരള വനിത ലീഗിൽ ഗോളുകൾ നേടി ആറാടുമ്പോൾ ആഘോഷങ്ങൾ നടക്കുന്നത് അങ്ങ് കേരളത്തിന്റെ വടക്കേയറ്റമായ കാസർഗോഡിലാണ്. സപ്തഭാഷ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന കാസർഗോഡിൽ നിന്ന് ഏഴ് താരങ്ങളാണ് നിലവിൽ മഞ്ഞപ്പടയുടെ ഭാഗമായിരിക്കുന്നത്. എല്ലാവരും ഒരു കളരിയിൽ നിന്ന് അടവ് പഠിച്ചവർ. വളരെക്കാലം ഒരുമിച്ച് കളിച്ചവർ. കേൾക്കുമ്പോൾ ഒരുപക്ഷെ അത്ഭുതം തോന്നാം. എന്നാൽ, ഈ ഏഴുപേരുടെയും വളർച്ചയുടെ പുറകിൽ പ്രവർത്തിച്ചത് ഒരേ വ്യക്തി തന്നെയാണ്. മുൻ ഫുട്ബോൾ താരവും പരിശീലകനുമായ നിധീഷ് ബങ്കളത്ത്.

കേരള സന്തോഷ് ട്രോഫി ടീമിലേക്കുള്ള അവസരം തലനാരിഴക്ക് നഷ്ടപെട്ട ഒരു ഫുട്ബോൾ താരത്തിൽ നിന്നും ഇന്ന് കേരള വനിതാ ഫുട്ബോളിൽ കഴിവുറ്റ താരങ്ങളെ വളർത്തിയെടുക്കുന്ന ഒരു പരിശീലകന്റെ കുപ്പായം അണിഞ്ഞ കോച്ച് നിധീഷ് ബങ്കളത്ത് യാതൊരുവിധ പ്രതിഫലവും വാങ്ങാതെയാണ് ഇന്ന് കേരള ഫുട്ബോളിന് കഴിവുറ്റ താരങ്ങളെ രൂപപ്പെടുത്തി കൊടുക്കുന്നത്. താൻ വനിതാ ഫുട്ബോളിൽ എത്തിയതിനെ കുറിച്ചും വനിതാ ഫുട്ബോളിനോടുള്ള മലയാളികളുടെ കാഴ്ചപ്പാടിനെ കുറിച്ചും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും കാസർഗോഡിന്റെയും അഭിമാനതാരങ്ങളെ കുറിച്ചും നിധീഷ് ബങ്കളത്ത് ഫാൻപോർട്ടിനോട് സംസാരിച്ചു. 

കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പ് വരെയെത്തിയ ഒരു കരിയർ. അവിടെ നിന്ന് വളരെ പെട്ടെന്ന് പരിശീലകന്റെ കുപ്പായം അണിയാനുള്ള കാരണം എന്തായിരുന്നു?

നിധീഷ്: നാട്ടിൽ കൂട്ടുകാരോടൊപ്പം പറമ്പുകളിൽ പന്ത് തട്ടി നടന്ന ആളായിരുന്നു ഞാൻ. പിന്നീട് പ്ലസ് ടു കഴിഞ്ഞ് പോളിടെക്നിക്കിൽ എത്തിയപ്പോഴാണ് ഞാൻ ഫുട്ബോളിനെ അതിന്റെ ഗൗരവത്തിൽ എടുത്തത്. അച്ഛൻ നാട്ടിൽ അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരം ആയിരുന്നു. അച്ഛന്റെ ബൂട്ടിലാണ് ഞാൻ കളി പഠിച്ചത്. കോളേജിന് വേണ്ടി കളിക്കുകയും ഇന്റർപോളിയിൽ ജേതാക്കളാകുകയും ചെയ്തു. അതിനുശേഷം കണ്ണൂർ എസ്എൻ കോളേജിൽ സ്പോർട്സ് കോട്ടായിൽ അഡ്മിഷൻ കിട്ടി. കൂടാതെ, നാട്ടിൽ സെവൻസ് കളിക്കുകയും ചെയ്യുമായിരുന്നു. തുടർന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പ് കളിക്കാൻ ജില്ല ടീമിലേക്ക് അവസരം കിട്ടി. കൂടാതെ എന്റെ ക്ലബ്ബായ ആഗ്നി തൃക്കരിപ്പൂരിനൊപ്പം അതേ വർഷം തന്നെ ക്ലബ് ചാമ്പ്യൻഷിപ്പ് കളിച്ചിരുന്നു. അവിടെ നിന്നാണ് സന്തോഷ് ട്രോഫി ക്യാമ്പിന്റെ ഭാഗമാകുന്നത്. പക്ഷെ, നിർഭാഗ്യവശാൽ അവസാന സ്‌ക്വാഡിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല.

പോളിടെക്നിക്കിൽ പഠിക്കുന്ന കാലത്ത് ഞാൻ കോളേജ് യൂണിയനിൽ ജനറൽ ക്യാപ്റ്റൻ ആയിരുന്നു. പരിശീലകർ ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. തുടർന്നാണ് എന്റെ ഒരു സുഹൃത്ത് അവരുടെ ഒരു ക്ലബ്ബിനെ പരിശീലിപ്പിക്കാൻ എന്നെ ക്ഷണിച്ചത്. അവിടെ നിന്നാണ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ പരിശീലകന്റെ കുപ്പായം അണിഞ്ഞത്. ശേഷം നാട്ടിലെ തന്നെ കുട്ടികൾക്ക് ഞാൻ പരിശീലനം നൽകി. ആദ്യം ആൺകുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു അക്കാദമി സെറ്റപ്പ് ഇല്ലാതിരുന്നതിനാൽ തന്നെ ഒരു സമയം കഴിഞ്ഞാൽ അവർ മറ്റ് ക്ലബ്ബുകൾ തേടി പോകുമായിരുന്നു.

ധാരാളം വെല്ലുവിളികളും സമൂഹത്തിൽ നിന്ന് എതിർപ്പുകളും നേരിടുന്ന ഒന്നാണ് വനിതാ ഫുട്ബോൾ. പെൺകുട്ടികളെ പരിശീലിപ്പിക്കുക എന്ന ഒരു തീരുമാനത്തിലേക്ക് എങ്ങനെയാണ് എത്തിയത്?

നിധീഷ്; കക്കാട് സ്കൂളിൽ പരിശീലിക്കുമ്പോഴാണ് സ്കൂളിൽ ഒരു ഗേൾസ് ടീം ഉണ്ടാക്കിയാലോ എന്ന ഒരു ആശയം ഉണ്ടാകുന്നത്. എനിക്ക് നേടാൻ കഴിയാത്തത് എന്റെ കുട്ടികളിലൂടെ നേടണം എന്ന് ആഗ്രഹമാണ് ഇങ്ങനെ ഒരു തീരുമാനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നത്. സ്കൂളിലെ കായികാധ്യാപികയായ പ്രീതിമോൾ ടീച്ചർ കൂടെ നിന്നത് കൊണ്ട് മാത്രമാണ് ധാരാളം വെല്ലുവിളികൾക്ക് ഇടയിലും ഒരു ടീം രൂപപ്പെടുത്താൻ സാധിച്ചത്. അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ ഒരുമിച്ചായിരുന്നു തിരഞ്ഞെടുത്തത്.

വനിതാ ഫുട്ബോളിൽ അധികം ടീമുകൾ ഇല്ലാതിരുന്നതിനാൽ തന്നെ ജില്ല തലത്തിൽ നേരിട്ട് ഫൈനൽ കളിച്ചു ആദ്യ വർഷം തന്നെ ടീം സംസ്ഥാനതലത്തിൽ എത്തി. നാലാമത്തെ വർഷം സംസ്ഥാന ജേതാക്കളുമായി. തൊട്ടടുത്ത വർഷം കിരീടം നിലനിർത്തുകയും ചെയ്തു. ആ ടീമിൽ നിന്ന് നാലോളം പേർ കേരള ടീമിന്റെ ഭാഗമായി. രണ്ട് പേർ ഇന്ത്യൻ ടീമിന്റെ ഭാഗമായി. എങ്കിലും നാട്ടിൽ നിന്ന് കിട്ടിയ സപ്പോർട്ട് വളരെ കുറവായിരുന്നു.

വനിതകൾ കായികയിനങ്ങളിൽ പങ്കെടുക്കുന്നത് വിമുഖതയോടെ കാണുന്ന ധാരാളം ആളുകൾ നമ്മളുടെ ചുറ്റുപാടും ഉണ്ട്. പ്രത്യേകിച്ചു അത് ഫുട്ബോൾ ആകുമ്പോൾ. എങ്ങനെയാണ് ഈ വെല്ലുവിളികളെ അതിജീവിച്ചത്?

നിധീഷ്; ഒരുപാട് എതിർപ്പുകൾ ചുറ്റുപാടും നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഓരോ താരങ്ങളുടെയും വീടുകളിൽ നേരിട്ട് കയറിചെന്ന് അവരോട് ഫുട്ബോൾ കളിക്കാൻ പോകണ്ട എന്ന് പറയുന്ന ആളുകൾ വരെ ഉണ്ടായിരുന്നു. എങ്കിലും ആരും പിന്മാറാൻ തയ്യാറായിരുന്നില്ല. മത്സരങ്ങൾക്ക് വേണ്ടി കൊണ്ട് പോകുമ്പോൾ ഒരു ടീം മാനേജർ എന്ന രീതിയിൽ കൂടെ നിന്നത് മാളവികയുടെ അമ്മയായിരുന്നു.

ഒരു സാംസ്‌കാരിക സ്ഥാപനമോ രാഷ്ട്രീയ സംഘടനയോ ക്ലബ്ബോ സ്കൂളോ ഞങ്ങൾക്ക് ഒരു കിറ്റോ ജേഴ്സിയോ പന്തോ വാങ്ങിത്തന്നിട്ടില്ല. എന്റെയും പ്രീതി ടീച്ചറുടെയും സാലറിയിൽ നിന്നാണ് കഴിഞ്ഞ 10 വർഷമായി ഈ ഒരു സംരംഭം മുന്നോട്ട് പോകുന്നത്. ഇന്ന് ഇങ്ങനെയൊരു ക്യാമ്പ് നടക്കുന്നുണ്ട് എന്ന് ആളുകൾ അറിഞ്ഞത് തന്നെ എന്റെ കുട്ടികൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിനാലാണ്.

ഈ ഫുട്ബോൾ ക്യാമ്പ് സംരംഭത്തെ പറ്റി ഒന്ന്‌ വ്യക്തമാക്കാമോ?

നിധീഷ്; നാട്ടിലുള്ള ഒരു വനിത ഫുട്ബോൾ ക്യാമ്പ്. പരിശീലനം സൗജന്യമാണ്. അതിലേക്ക് ആർക്കും വരാം. ഒരു കിറ്റും ബോളും സ്വന്തമായിട്ട് വാങ്ങണം എന്ന് മാത്രം. കൂടാതെ ഫുട്ബോളിനോടുള്ള കുറച്ചു പാഷനും. ഇത് ഒരു അക്കാദമി ഒന്നും അല്ല. അതിനാൽ തന്നെ ഒരു ടീമിനെ സ്ഥിരമായി നിലനിർത്താൻ സാധിക്കാറുമില്ല. ഇന്ന് ഫുട്ബോൾ അക്കാദമി എന്നാൽ ബിസിനസ്സ് ആണ്. കോച്ചിങ് ലൈസൻസ് എടുത്ത സമയത്ത് കുട്ടികളെ ട്രെയിൻ ചെയ്യാമോ എന്ന് ചോദിച്ച് ചില അക്കാദമികൾ സമീപിച്ചിരുന്നു. എന്നാൽ, എനിക്ക് അതിനോട് താല്പര്യമില്ലായിരുന്നു.

നിലവിൽ 25 കുട്ടികളാണ് ക്യാമ്പിൽ ഉള്ളത്. ഈ അടുത്താണ് വുമൺസ് ഫുട്ബോൾ ക്ലിനിക് എന്ന പേരിൽ ക്യാമ്പിന് സോഷ്യൽ മീഡിയയിൽ ഹാൻഡിലുകൾ ഉണ്ടാക്കിയത്. പെൺകുട്ടികൾ മാത്രമല്ല ഒരു അഞ്ച് വർഷം മുൻപ് വരെ ആൺകുട്ടികളുടെ ക്യാമ്പും ഉണ്ടായിരുന്നു. അതിൽ നിന്നും മുകളിലേക്ക് പോയ താരങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടത് ഗോകുലത്തിനും ഈസ്റ്റ് ബംഗാളിനും നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ബൂട്ട് കെട്ടിയ മിർഷാദ് ആണ്.

ഏഴ് താരങ്ങളാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ഭാഗമായിട്ടുള്ളത്. എത്രത്തോളം അഭിമാനമുണ്ട് ഈ നേട്ടത്തിൽ?

നിധീഷ്; മാളവിക, ആര്യശ്രീ, അശ്വതി, അഞ്ചിത, ആരതി, കൃഷ്ണപ്രിയ, ജിജിന എന്നീ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിട്ട് ഉള്ളത്. ഇതിൽ അണ്ടർ 17 ഗോൾകീപ്പർ ആയ ജിജിന ഈ അടുത്താണ് ടീമിലേക്ക് എത്തുന്നത്. ഈ താരങ്ങളുടെ ബാക്ക്ഗ്രൗണ്ട് സാമ്പത്തികമായി അത്ര മെച്ചപ്പെട്ടതല്ല. അവരുടെ പ്രയത്നം ആണ് അവരെ ഇവിടെ എത്തിച്ചത്.

ഈ ഏഴ് പേരെയും എന്നെ കോൺടാക്ട് ചെയ്തല്ല കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. റിസ്‌വാൻ എന്നെ വിളിക്കുന്നത് അശ്വതിക്കും അഞ്ചിതക്കും വേണ്ടിയാണ്. മാളുവിനെ നേരിട്ട് കോൺടാക്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം പരിക്ക് മൂലം കളിക്കാതിരുന്നതിനാൽ ആര്യശ്രീയെ അവർക്ക് അറിയില്ലായിരുന്നു. പിന്നീട് ഞാൻ വഴി അവർ ആര്യ ശ്രീയിൽ എത്തി. U17 ടീമിന്റെ ഗോൾകീപ്പർ എന്ന നിലയിലാണ് അവർ സൈൻ ചെയ്യുന്നത്. ഈ ഏഴ് പേരും പല രീതിയിലാണ് ടീമിൽ എത്തുന്നത്. അല്ലാതെ എന്നെ നേരിട്ട് വിളിച്ചു ഇത്രേം പേരെ സൈൻ ചെയ്തത് അല്ല.

പത്ത് വർഷം മുൻപ് ഈ  ക്യാമ്പ് ആരംഭിക്കുമ്പോൾ ഞാൻ ആദ്യം അവരോട് പറഞ്ഞത് എനിക്ക് ഒരു ഇന്ത്യൻ താരം വേണമെന്നാണ്. പിന്നീട് ആ താരത്തെ ആ കൂട്ടത്തിൽ നിന്ന് ഞാൻ കണ്ടെത്തി. ബുദ്ധി ഉപയോഗിച്ച് ഫുട്ബോൾ കളിക്കുന്ന ഒരു കുട്ടി. ആര്യശ്രീ ആയിരുന്നു അത്. അടുത്ത അഞ്ച് വർഷത്തിൽ അവൾ ഇന്ത്യയുടെ കുപ്പായം അണിഞ്ഞു. പിന്നീട് മാളവികയും ഇന്ത്യക്ക് വേണ്ടി ബൂട്ട് അണിഞ്ഞു.

മാളവിക എന്ന താരം ഇന്ന് കേരള ഫുട്ബോളിൽ തന്റെതായ മേൽവിലാസം രചിക്കുകയാണ്. ശിഷ്യയുടെ ഈ വളർച്ചയെ എങ്ങനെ കാണുന്നു?

നിധീഷ്; പരീക്ഷ ആയാൽ പോലും പരിശീലനം മുടക്കാത്ത താരമാണ് മാളവിക. അച്ഛൻ ഇല്ലാത്തതിനാൽ തന്നെ എന്നെ ആ സ്ഥാനത്താണ് അവൾ കാണുന്നത്. രാവിലെ എന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നാണ് അവൾ ഗ്രൗണ്ടിലെത്തുന്നത്. ആരും ഇല്ലെങ്കിലും അവൾ ഒറ്റക്ക് പരിശീലനം നടത്തും. കോവിഡ് സമയത്തും അങ്ങനെ തന്നെ ആയിരുന്നു.  

മാളുവിന്റെ ചിന്തകൾ ഇന്ത്യൻ ഫുട്ബോളിൽ ഒതുങ്ങുന്നതായിരുന്നില്ല. അവൾ കാണുന്നതും പിന്തുടരുന്നതും യൂറോപ്യൻ ഫുട്ബോൾ ആണ്. അവൾ തിരഞ്ഞെടുക്കുന്ന നമ്പർ 11 ആണ്. അവൾക്ക് ഏറെ പ്രിയപ്പെട്ട ബാഴ്സലോണയുടെ അലക്സിയയുടെയും ആർസനലിന്റെ വിവിന്നെയുടെയും നമ്പർ. അവളുടെ ആഗ്രഹം ട്രൈനിങ്ങിന് വേണ്ടി എങ്കിലും ഇന്ത്യക്ക് പുറത്ത്പോകണം എന്നതാണ്.

അണ്ടർ 17 വനിതാ ടീമിലേക്ക് താരങ്ങളെ കണ്ടെത്താൻ റിലയൻസ് നടത്തിയ ടൂർണമെന്റിൽ ചീറ്റാസ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു മാളു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഓനം ബെംബെം ദേവിയുടെ കീഴിൽ ആയിരുന്നു ആ ടീം. അവൾക്ക് വേണ്ടി ഗാലറിയിൽ പോസ്റ്ററുകൾ ഉയർന്നത് ഇപ്പോഴും ഓർമയുണ്ട്. ഇവിടുന്ന് പോയ ഒരു കുട്ടിക്ക് വേണ്ടി കൊൽക്കത്തയിൽ പോസ്റ്ററുകൾ ഉയർന്നപ്പോൾ വലിയ സന്തോഷമാണ് ഉണ്ടായത്. അവൾക്ക് അവിടെയും ആരാധകർ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന് മുൻപ് ഞങ്ങളെ കോൺടാക്ട് ചെയ്തത് ലോർഡ്സ് എഫ്‌സി ആയിരുന്നു. അവർ അമേച്വർ കോൺട്രാക്ട് ആണ് മുന്നോട്ട് വെച്ചത്. ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ചതിനേക്കാൾ പല മടങ്ങ് വലുതായിരുന്നു അവർ മുന്നോട്ട് വെച്ച ഓഫർ. ടൂർണമെന്റ് കളിച്ച് തിരികെ കൊൽക്കത്തയിലേക്ക് മടങ്ങാം. പക്ഷെ, മാളവിക തിരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. മൂന്ന് വർഷം അവൾ ഇനി അവിടെ ഉണ്ടാകും.

എന്തുകൊണ്ടാണ് താരങ്ങളെ കളിക്കാൻ കേരളത്തിന് പുറത്തേക്ക് അയക്കുന്നത്. ഇവിടെ വനിതാ ഫുട്ബാളിന് വേണ്ടത്ര പരിഗണന ഇല്ലാത്തതിനാലാണോ?

നിധീഷ്; മാളവിക കൊൽക്കത്തയിൽ ആയിരുന്നു. ആര്യയും പുറത്തായിരുന്നു. രണ്ട് പേരും ഒരുമിച്ച് ബാംഗ്ലൂരിൽ മിസാക്കയിൽ ഉണ്ടായിരുന്നു. കൊൽക്കത്തയിൽ വനിതാ ഫുട്ബോളിന് കിട്ടുന്ന പിന്തുണ വളരെ വലുതാണ്. ഇന്ന് കേരളത്തിലും അത് രൂപപ്പെടുന്നുണ്ട്.

ഒരു ചെറിയ സംഭവം സൂചിപ്പിക്കാം. കൊൽക്കത്തയിൽ റിലയൻസ് U17 ഗേൾസ് ചാമ്പ്യൻഷിപ്പ് നടക്കുന്ന സമയത്താണ് കേരളത്തിൽ സ്കൂൾ ഗെയിംസിന്റെ സെലക്ഷൻ നടക്കുന്നത്. ഞാൻ ഒരിക്കലും സെലക്ഷൻ ടൈമിൽ കൂടെ പോകാറില്ല. കൂടാതെ കേരള ടീമിന്റെയും ഇന്ത്യൻ ടീമിന്റെയും ജെഴ്‌സി ഇട്ടിട്ട് പോകരുത് എന്ന് ഞാൻ അവരോട് പറഞ്ഞിട്ടും ഉണ്ട്. കാരണം, സെലക്ഷൻ അവർ കളിച്ചു തന്നെ നേടിയെടുക്കണം എന്നാണ് എന്റെ നിലപാട്. രാവിലെ ഗ്രൗണ്ടിൽ പോയി ഒരു 20 മിനുട്ട് കളിച്ചപ്പോൾ തന്നെ മാളവിക രണ്ടോ മൂന്നോ ഗോളുകളും രണ്ട് അസ്സിസ്റ്റുകളും നേടി. ശേഷം അവളെ ബെഞ്ചിലേക്ക് മാറ്റി. ഉച്ചക്ക് ഇറങ്ങി അവൾ വീണ്ടും രണ്ട് ഗോൾ അടിച്ചു. തുടർന്ന് വീണ്ടും ബെഞ്ചിലേക്ക് മാറ്റി.

അവസാനം തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് വന്നപ്പോൾ അതിൽ മാളവികയുടെ പേരില്ല. അതും സെലെക്ഷനിൽ തകർത്ത് കളിച്ച താരം. അന്ന് കേരളത്തിലെ ഏറ്റവും മികച്ച താരമായിരുന്നു മാളവിക എന്നതിനാൽ തന്നെ വലിയ ഞെട്ടൽ ആയിരുന്നു ഈ സംഭവം. തുടർന്ന് ഞങ്ങൾ കായിക മന്ത്രിയെ കണ്ട് മാളവിക ദേശീയ ക്യാമ്പിന്റെ ഭാഗമാണെന്നും സെലക്ഷനിൽ നല്ല പ്രകടനം കാഴ്ചവെച്ചിട്ടും തഴഞ്ഞു എന്ന് അറിയിച്ചു. തുടർന്ന്, മന്ത്രി റിപ്പോർട്ട് ചോദിച്ചപ്പോൾ താരത്തിന് അവളുടെ പൊസിഷൻ – അതായത് നിലവിൽ കളിക്കുന്ന റൈറ്റ് വിങ്ങിൽ കളിയില്ല എന്നാണ് സെലക്ടർസ് പറഞ്ഞത്. അതായത് അവൾ ഇപ്പോൾ തകർത്ത് കളിക്കുന്ന പൊസിഷൻ. അന്ന് തീരുമാനിച്ചതാണ് കേരളത്തിന് പുറത്തേക്ക് കളിക്കാൻ പോകണം എന്ന്. അതുകൊണ്ടാണ് അവർ പുറത്തേക്ക് പോയത്.

എന്തായാലും ഇപ്പോൾ വളരെ സന്തോഷമുണ്ട്. എന്റെ കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ. മാത്രമല്ല അവർ മുഖേന ഈ വുമൺസ് ഫുട്ബോൾ ക്ലിനിക്കിനെ പറ്റി ഇന്ന് കുറേപേർ അറിയുന്നു. മത്സരത്തിന്റെ കമന്ററിയുടെ ഇടക്ക് സൂചിപ്പിക്കപ്പെടുന്നു. ഞങ്ങൾക്ക് ഒരു മേൽവിലാസം ലഭിച്ചു. 

ഷമിനാസ് പി, AFC B ലൈസൻസ് നേടുന്ന ആദ്യ മലപ്പുറംകാരി | Exclusive

എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത ആയി ഷമിനാസ് പി

ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലപ്പുറത്ത് നിന്ന് ഒരു യുവ വനിതാ പരിശീലക ഉയർന്നു വരികയാണ്. മലപ്പുറം വള്ളികുന്ന് സ്വദേശിനിയായ ഷമിനാസ് എ എഫ് സി ബി കോച്ചിങ് ലൈസൻ നേടുന്ന മലപ്പുറത്തെ ആദ്യ വനിതയായി മാറിയിരിക്കുകയാണ്. 30കാരിയായ ഷമിനാസ് ചണ്ഡിഗഡിൽ നടന്ന കോച്ചിങ് കോഴ്സ് വിജയിച്ചാണ് ഷമിനാസ് എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കിയത്. കേരളത്തിൽ ബി കോച്ചിങ് ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത മാത്രമാണ് ഷമിനാസ്.

വള്ളികുന്ന് പഞ്ചായത്തിന്റെ കീഴിൽ ഉണ്ടായിരുന്ന സോക്കർ ഗേൾസ് വള്ളികുന്ന് എന്ന ക്ലബിലൂടെ ആയിരുന്നു ഷമിനാസ് ഫുട്ബോളിലേക്ക് വരുന്നത്. അവിടെ അയ്യപ്പൻ, ഹരിഹരൻ എന്നീ പരിശീലകർക്ക് കഴിൽ മികച്ച ഫുട്ബോൾ താരമായി ഷമിനാസ് മാറി. തിരുവല്ല മാർതോമ കോളേജിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ഷമിനാസ് അവിടെ ഡോ റജിനോൾ വർഗീസ്, സ്പോർട്സ് കൗൺസിൽ കോച്ചായ അമൃത അരവിന്ദ് എന്നിവർക്ക് കീഴിൽ പരിശീലനം തുടർന്നു.

ഏഴ് വർഷം കേരളത്തിനായി ദേശീയ ഫുട്ബോൾ കളിച്ചിട്ടുള്ള താരാമാണ് ഷമിനാസ്. അവർ 2015ലെ നാഷണൽ ഗെയിംസിലും കളിച്ചിട്ടുണ്ട്. മഹത്മാഗാന്ധി യൂണിവേഴ്സിറ്റിക്കായി ആറ് വർഷവും ഷമിനാസ് ബൂട്ടുകെട്ടി.

സായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ സ്ട്രെങ്തനിങ് കോച്ച് ആയി പ്രവർത്തിക്കുകയാണ് ഇപ്പോൾ. കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്കായും കളിക്കുന്നുണ്ട്. സീസണിൽ ലോർഡ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഷമിനാസ് കളത്തിൽ ഇറങ്ങിയിരുന്നു. ബി ലൈസൻസ് സ്വന്തമാക്കിയ ഷമിനാസ് പി ഇപ്പോൾ എ എഫ് സിയുടെ ഫിറ്റ്നസ് ലെവൽ വൺ ലൈസൻസ് ചെയ്യാനായി ഒരുങ്ങുകയാണ്.

ഫുട്‌ബോളിൽ നിന്നു വിരമിച്ചു ഇംഗ്ലണ്ടിന്റെ റെക്കോർഡ് ഗോൾ വേട്ടക്കാരി എലൻ വൈറ്റ് | Report

ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് ജയത്തിൽ എലൻ വൈറ്റ് നിർണായക സംഭാവനയാണ് നൽകിയത്.

ഇംഗ്ലണ്ട് വനിത ടീമിന്റെ റെക്കോർഡ് ഗോൾ വേട്ടക്കാരി എലൻ വൈറ്റ് ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 33 മത്തെ വയസിൽ തന്റെ സ്വപ്നങ്ങൾ യാഥാർഥ്യം ആക്കിയ ശേഷമാണ് തന്റെ വിട വാങ്ങൽ എന്നാണ് എലൻ വൈറ്റ് തന്റെ വിടവാങ്ങൽ സന്ദേശത്തിൽ പറഞ്ഞത്. യൂറോപ്യൻ ജേതാവ് ആവുക എന്ന സ്വപ്നം സാധ്യമാക്കി എന്നു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റി താരം പരിശീലകരോടും സഹതാരങ്ങളോടും ആരാധകരോടും കുടുംബത്തിനോടും എല്ലാം നന്ദി പറഞ്ഞു.

ഇനി വരും തലമുറകൾക്ക് വഴിമാറുക ആണ് താൻ എന്നു പറഞ്ഞ വൈറ്റ് കഠിനാധ്വാനം കൊണ്ടു എന്തും സാധ്യമാകും എന്നു യുവതാരങ്ങളെ ഓർമ്മിപ്പിച്ചു. കഠിനാധ്വാനം ആണ് പലരും ഇംഗ്ലണ്ടിന് ആയി കളിക്കാൻ ആവില്ലെന്ന് പറഞ്ഞ തന്നെ കൊണ്ടു റെക്കോർഡ് നേട്ടം കൈവരിക്കാൻ സഹായിച്ചത് എന്നു വൈറ്റ് കൂട്ടിച്ചേർത്തു. പുതുതലമുറയുടെ കളി കാണാനുള്ള തന്റെ സമയം ആണ് ഇതെന്നും വൈറ്റ് പറഞ്ഞു.

ഫുട്‌ബോളിനോട് നന്ദി പറഞ്ഞു കൊണ്ടാണ് താരം വിട വാങ്ങൽ പ്രഖ്യാപനം അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിന് ആയി 113 മത്സരങ്ങളിൽ 52 ഗോളുകൾ നേടിയ വൈറ്റ് ഇംഗ്ലണ്ടിന്റെ റെക്കോർഡ് ഗോൾ വേട്ടക്കാരിയാണ്. ക്ലബ് തലത്തിൽ ആഴ്‌സണലിലും പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിലും താരം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വനിത ഫുട്‌ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ വൈറ്റിന് ആശംസകൾ നേർന്നു ബെത്ത് മെഡ് അടക്കമുള്ള നിരവധി സഹതാരങ്ങൾ രംഗത്ത് വന്നിരുന്നു.

Story Highlight : England’s record goal scorer Ellen White announced retirement from football.

എന്താണ് പെണ്ണിന് കുഴപ്പം?!! ഫുട്ബോൾ പുരുഷന്മാരുടെ കളി മാത്രമല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലക‌ൻ ഇവാൻ

എന്താ പെണ്ണിന് കുഴപ്പം എന്ന മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിന്റെ വാക്കുകൾ. കഴിഞ്ഞ മത്സര ശേഷം മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കം സ്ത്രീകളോട് ഫുട്ബോൾ കളിച്ചത് പോലെ എന്ന സ്ത്രീവിരുദ്ധമായ പ്രസ്താവന പറഞ്ഞിരുന്നു. എന്നാൽ സ്ത്രീകളുടെ ഫുട്ബോൾ ഒരുപാട് മുന്നിലേക്ക് വരികയാണെന്നും സ്ത്രീകൾ ഫുട്ബോൾ കളിക്കുന്നത് ഉയർന്ന നിലവാരത്തിൽ തന്നെയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.

കളിക്കാൻ എല്ലാവർക്കും തുല്യമായ അവകാശം വേണം. പ്രത്യേകിച്ച് ഫുട്ബോൾ പോലുള്ള മനോഹരമായ കളിയിൽ തുല്യ അവകാശം ലഭിക്കേണ്ടതുണ്ട്. താൻ വന്ന രാജ്യമായ ബെൽജിയത്ത് വനിതാ ഫുട്ബോൾ വലിയ നിലവാരത്തിലാണ്. അവിടെ വനിതാ ക്ലബുകൾ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇവാൻ പറഞ്ഞു. സ്ത്രീകളുടെ ഫുട്ബോളിലേക്ക് വലിയ നിക്ഷേപങ്ങൾ ഇപ്പോൾ വരുന്നത് ഫുട്ബോളിന്റെ മികവ് കൊണ്ടാണെന്നും ഇനിയും വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ലോക. നിക്ഷേപങ്ങൾ നടത്തണം എന്നും കോച്ച് പറഞ്ഞു.

പഴയ ചിന്താഗതി ഉള്ളവർക്ക് വനിതാ ഫുട്ബോളിനോട് എതിർപ്പ് ഉണ്ടാകരുത് എന്നും മുതിർന്നവർ അടുത്ത തലമുറകൾക്ക് വേണ്ടി നല്ല ലോകം ഒരുക്കി കൊടുക്കുക ആണ് വേണ്ടത് എന്നും ഇവാൻ പറഞ്ഞു. ജിങ്കൻ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ അദ്ദേഹം ഇന്നലെ വീണ്ടും മാപ്പു പറഞ്ഞിരുന്നു.

Exit mobile version