ഇന്ത്യൻ വനിതാ ലീഗ്; ലോർഡ്സ് എഫ് എ സേതു എഫ് സിയോട് പരാജയപ്പെട്ടു

ഇന്ത്യൻ വനിതാ ലീഗിൽ കേരള ക്ലബായ ലോർഡ്സ് എഫ് എക്ക് ആദ്യ പരാജയം. ഇന്ന് ട്രാൻസ്‌സ്‌റ്റേഡിയയിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ലോർഡ്‌സ് എഫ്‌എ കൊച്ചിയെ 4-1 ന് സേതു മധുരൈ ആണ് തോൽപ്പിച്ചത്‌. സേതു എഫ് സിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. സേതുവിനായി കാജോൾ ഡിസൂസയുടെ ഇരട്ടഗോളും സുമിതാ കുമാരി, നവോറെം പ്രിയങ്ക ദേവി എന്നിവർ ഒരോ ഗോളും നേടി. ലോർഡ്സിനായി സേതു കമില്ല റോഡ്രിഗസ് ആണ് ഗോൾ നേടിയത്.

ലോർഡ്സ് ആദ്യ മത്സരത്തിൽ സെൽറ്റിക് ക്വീൻസിനെ പരാജയപ്പെടുത്തിയിരുന്നു. ഇനി മെയ് മൂന്നാം തീയതി സി ആർ പി എഫിനെ ആകും ലോർഡ്സ് നേരിടുക.

ഇന്ത്യൻ വനിതാ ലീഗ്; ലോർഡ്സ് എഫ് എയും വിജയത്തോടെ തുടങ്ങി

ഇന്ത്യൻ വനിതാ ലീഗിൽ ലോർഡ്സ് എഫ് എയും വിജയത്തോടെ തുടങ്ങി. ഇന്ന് ഗ്രൂപ്പ് ബിയിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള വനിതാ ലീഗ് ചാമ്പ്യന്മാർ സെൽറ്റിക് ക്വീൻസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. ഫിലിപ്പീൻസ് താരം കാമിലെ റോഡ്രിഗ്സ് ഹാട്രിക്കുമായി തിളങ്ങി. 53, 62, 93 മിനുട്ടുകളിൽ ആയിരുന്നു കാമിലെയുടെ ഗോളുകൾ. ഫ്രാഗ്റൻസി ആയിരുന്നു മറ്റൊരു ഗോൾ സ്കോറർ.

ഏപ്രിൽ 30ന് നടക്കുന്ന അടുത്ത മത്സരത്തിൽ ലോർഡ്സ് എഫ് എ സേതു എഫ് സിയെ നേരിടും. ഇന്ന് രാവിലെ നടന്ന മറ്റൊരു മത്സരത്തിൽ ഈസ്റ്റേൺ സ്പോർടിങ് യൂണിയൻ കിക്ക് സ്റ്റാർടിനെ എതിരില്ലാത്ത ഒരു ഗോളിനും തോൽപ്പിച്ചു.

ഫിലിപ്പൈൻ ദേശീയ താരം കമില്ല റോഡ്രിഗസ് ലോർഡ്‌സ് എഫ് എയുടെ തട്ടകത്തിൽ | Exclusive

കേരളാ വിമൻസ് ലീഗിൽ വർണ്ണാഭമായ പ്രകടനം കാഴ്ച്ചവച്ച ലോർഡ്‌സ് ഫുട്‌ബോൾ അക്കാദമി വീണ്ടും കളിയാരാധരെ ഞെട്ടിക്കുന്നു. സംസ്ഥാന ലീഗിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതാ ലീഗിലേക്ക് കടന്ന ലോഡ്‌സ്, പ്രസ്തുത ടൂർണമെന്റിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഫിലിപ്പീൻസ് ദേശീയ ടീം താരം കമില്ല റോഡ്രിഗസിനെ ടീമിലെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ കെ ഡബ്ല്യൂ എല്ലിൽ ഗോകുലം കേരളയെ ഫൈനലിൽ തോൽപ്പിച്ചാണ് ലോഡ്‌സ് അവരുടെ കേരളാ ഫുട്‌ബോളിലേയ്ക്കുള്ള വരവരിയിച്ചത്. ഇന്ത്യൻ വനിതാ ലീഗ് ഈ മാസം 26നു തുടങ്ങാനിരിക്കവേ പുതിയ ഫിലിപ്പൈൻ താരത്തിന്റെ വരവ് ടീമിൽ പുതിയ ഊർജ്ജം തന്നെ പകരും എന്നത് തീർച്ചയാണ്. താരത്തിന്റെ വരവിൽ ക്ലബ്ബ് ഉടമ ഡറിക്ക് ഡിക്കോത്ത് പൂർണ്ണ സംതൃപ്തനാണ് എന്നു ക്ലബ്ബിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ വനിതാ ലീഗ് സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിലാണ് താരം ക്ലബിന്റെ ഭാഗമാകുന്നത്.

28 വയസ്സുള്ള ഈ മധ്യനിര താരം, 1994 ഡിസംബർ 27-ന് പിലിപ്പീൻസിലെ സാംബോഗ സിറ്റിയിലാണ് ജനിച്ചത്. പഠനത്തിനായി മിറിയം കോളേജ് ഹൈസ്കൂൾ തിരഞ്ഞെടുത്ത താരം, കൊളീജിയറ്റ് പഠനത്തിനായി അറ്റെനിയോ ഡി മനില സർവകലാശാലയിൽ ചേർന്നു. 2005-ൽ റോഡ്രിഗസ് ഫുട്ബോൾ രംഗത്തേയ്ക്കു കടന്നുവന്നു. റിസാൽ ഫുട്ബോൾ അസോസിയേഷൻ (RIFA) സംഘടിപ്പിച്ച ടൂർണമെന്റുകളിൽ താരം പങ്കെടുക്കുകയും വിമൻസ് നാഷണൽ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷനിൽ (WNCAA) മിറിയത്തിന് വേണ്ടി കളിക്കുകയും ചെയ്തു. RIFA-സംഘടിപ്പിച്ച വിവിധ ടൂർണമെന്റുകളിൽ ഇവർ എം വി പി ആയി നാമകരണം ചെയ്യപ്പെട്ടു. അതിൽ കൂടുതലും 9-എ-സൈഡ് കളികളായിരുന്നു എന്നു മാത്രം. കൂടാതെ WNCAA-യുടെ മിഥിക്കൽ സെലക്ഷനിൽ 39-ാം സീസൺ മുതൽ 41-ാം സീസൺ വരെ കമില്ലേ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലസ്ഥാന മേഖലയ്ക്ക് വേണ്ടി 2009, 2010 വർഷങ്ങളിൽ പലരോംഗ് പംബൻസയിലും കളിച്ചു. ആ ടൂർണമെന്റിന്റെ രണ്ട് പതിപ്പുകളിലും അവർ എംവിപിയുമായിട്ടുണ്ട്.

റോഡ്രിഗസ് കോളേജ് കാലത്ത് അറ്റെനിയോ ഡി മനില യൂണിവേഴ്സിറ്റിയിലെ വനിതാ ഫുട്ബോൾ ടീമായ അറ്റേനിയോ ലേഡി ബ്ലൂ ബൂട്ടേഴ്സിനായി കളിച്ചിരുന്നു. അവളുടെ ടീം തുടർച്ചയായി മൂന്ന് തവണ മൂന്നാം സ്ഥാനത്ത് ലീഗ് ഫിനിഷ് ചെയ്തു. യുഎഎപി സീസൺ 77-ലെ മികച്ച സ്‌ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ട അവർ യുഎഎപി സീസൺ 79-ലെ “മിഥിക്കൽ ഇലവന്റെ” കൂടി ഭാഗമായിരുന്നു. ഒപ്പം അതേ ടീമിന്റെ ക്യാപ്റ്റൻസി ആം ബാൻഡും അവർ സ്വന്തമാക്കിയിരുന്നു.

തന്റെ ക്ലബ്ബ് കരിയറിൽ, റോഡ്രിഗസ് പിഎഫ്എഫ് വനിതാ ലീഗിൽ അറ്റെനിയോയ്ക്ക് വേണ്ടി തന്റെ കളിമികവു പുറത്തെടുത്തു. സ്‌പെയിനിലെ മിസ്‌ലാറ്റാ സി എഫിനായി കളിച്ച താരം, അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത് 2011-ലാണ്. 2011-ലെ എഎഫ്എഫ് വനിതാ ചാമ്പ്യൻഷിപ്പിൽ 16-ാം വയസ്സിൽ സീനിയർ ടീമിനായി തന്റെ ആദ്യ അന്താരാഷ്ട്ര ക്യാപ്പ് നേടുന്നതിന് മുമ്പ് റോഡ്രിഗസ് ഫിലിപ്പീൻസിലെ വിവിധ ക്യാറ്റഗറികളിൽ ദേശീയ ടീമിനായി കളിച്ചു. 2011-ൽ മലേഷ്യയ്‌ക്കെതിരെ ഇതേ ടൂർണമെന്റിൽ കമില്ലേ തന്റെ ആദ്യ ഗോൾ നേടി, എന്നാൽ പിന്നീട് അവളുടെ കൊളീജിയറ്റ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് കുറച്ചു കാലത്തേയ്ക്കു മാറിനിന്നു.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം റോഡ്രിഗസ്, 2017-ൽ ഫിലിപ്പൈൻസ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തി, 2017 തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസിലും 2018 AFC വനിതാ ഏഷ്യൻ കപ്പിലും മത്സരിച്ച ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ലോഡ്‌സ് ഫുട്‌ബോൾ ക്ലബ്ബിലേയ്ക്കുള്ള അവരുടെ യാത്ര സീനിയർ കരിയറിൽ കൂടുതൽ മികവുകാട്ടാനും കിരീടങ്ങൾ നേടാനും വേണ്ടിയാണ്. ഫിലിപ്പൈൻസിനായി നാൽപ്പതിനു മുകളിൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം പത്തിലധികം ഗോളുകളും നേടിയിട്ടുണ്ട്. ഈ മികവ് തന്നെയാണ്, ഇന്ത്യൻ വനിതാ ലീഗിലേക്ക് കാലെടുത്തു വയ്ക്കുന്ന ലോർഡ്സിന്റെ ക്ലബ്ബ് ഉടമയായ ഡറിക്ക് ഡിക്കൊത്തിനേയും ആകർഷിച്ചത്.

ഏപ്രിൽ 26-ആം തീയതി ആരംഭിക്കുന്ന ഇന്ത്യൻ വനിതാ ലീഗിൽ ലോഡ്സിന്റെ ആദ്യ മത്സരം 27-ആം തീയതി സെൽറ്റിക്ക് ക്വീൻസ് എഫ് സിയുമായാണ്. ഷാഹിബൗഗ് പോലീസ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ഗ്രൂപ്പ് ബിയിലെ പ്രസ്തുത മത്സരം, ലോർഡ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാൽവയ്പുകളിൽ ഒന്നായിമാറും. നിലവിൽ ഇന്ത്യൻ വുമൻസ് ലീഗിൽ കളിക്കുന്ന ഒരേയൊരു കേരളാ ടീമായ ഗോകുലം കേരള എഫ് സിയ്ക്ക് കൂട്ടായി ഈ സീസൺ മുതൽ പുതിയ മാറ്റങ്ങളുമായി ലോഡ്‌സ് കൂടി ഒപ്പം ചേരുകയാണ്.

വിങ്മെൻ സ്പോർട്സ് ഏജൻസി വഴിയാണ് താരം ലോർഡ്സിൽ എത്തുന്നത്. മുൻപ് ഇന്ത്യൻ ഇന്റർനാഷണൽ മനീഷാ കല്യാണിന്റെ സൈപ്രസിലേയ്ക്കുള്ള കൂടുമാറ്റവും സാധ്യമാക്കി കൊടുത്ത ഇവർ, സോണാലി ചാങ്ത്തെ, ആന്റണി ആൻഡ്രൂസ് എന്നിവരുടെയടക്കം പല പ്രമുഖരുടെയും ഏജന്റുമാർ കൂടിയാണ്. ജോർദ്ദനിൽ വച്ചു നടന്ന എ എഫ് സി കപ്പിലേയ്ക്കുള്ള ഗോകുലം കേരള ടീമിൽ ഉൾപ്പെട്ട അഡ്രിയാൻ ടൂട്ടി, കരീൻ പയേസ് എന്നീ താരങ്ങളും ഇവരുടെ കൂടാരത്തിലുള്ളവരാണ്.

ഗോകുലം കേരളയെ തടയാൻ ലോർഡ്സിനുമായില്ല, കേരള വനിതാ ലീഗ് ഫൈനലിലേക്ക്

ഗോകുലം കേരളയുടെ കേരള വനിതാ ലീഗിലെ ആധിപത്യം അവസാനിപ്പിക്കാൻ ലോർഡ്സ് എഫ് എയ്ക്കും ആയില്ല. ഇന്ന് കോഴിക്കോട് എ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം ഗോകുലം കേരള അനായാസം നേടി. തുടക്കത്തിൽ ഒന്ന് പതറിയ ശേഷമായിരുന്നു ഗോകുലത്തിന്റെ വിജയം.

16ആം മിനുട്ടിൽ മാനസ നേടിയ ഗോൾ ഗോകുലത്തിന് ലീഡ് നൽകി. ഇതിന് വിൻ തുങ്ങിലൂടെ 21ആം മിനുട്ടിൽ ലോർഡ്സ് പകരം നിന്നു. അവസാന രണ്ടു സീസണുകളിലായി ഗോകുലം കേരള വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. അതിനു ശേഷം പക്ഷെ ഗോകുലം അവരുടെ ഉഗ്രരൂപം കളത്തിൽ കാണിച്ചു. ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാർ ലോർഡ്സ് ഡിഫൻസിനെ തീർത്തും പ്രതിരോധത്തിൽ ആക്കി.

ആദ്യ പകുതിയുടെ അവസാനം സോണിയയിലൂടെ ഗോകുലം ലീഡ് എടുത്തു. രണ്ടാം പകുതിയിൽ വിവിയൻ, ബെർത എന്നിവർക്ക് ഒപ്പം മാനസ കൂടെ ഒരു ഗോൾ നേടി. ഇതോടെ ഗോകുലത്തിന്റെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ഗോകുലത്തിന് എട്ട് മത്സരങ്ങളിൽ നിന്ന് 24 പോയിന്റായി. ഗോകുലം ഒന്നാം സ്ഥാനത്താണുള്ളത്. അവർ ഫൈനൽ ഉറപ്പിച്ചു. ഇനി അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെടാതിരുന്നാൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം.

ലോർഡ്സ് ഇപ്പോൾ 22 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടാൽ ലോർഡ്സ് ഫൈനലിൽ എത്തും. ഫലം മറ്റെന്തായാലും കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറും.

കേരള വനിതാ ലീഗിൽ ചരിത്രം തകർത്ത് 33 ഗോളുകൾ, ഒരു ദയയും ഇല്ലാതെ ലോർഡ്സ് എഫ് എ

ലോർഡ്സ് എഫ് അടിച്ച 33 ഗോളുകൾ

കേരള വനിതാ ലീഗിൽ ഇന്ന് ഗോളടിയുടെ എല്ലാ റെക്കോർഡുകളും തകർന്നു. ഇന്ന് ലോർഡ്സ് എഫ് എ കൊച്ചിയും കടത്തനാടു രാജ അക്കാദമിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോർഡ്സ് ജയിക്കും എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ ഇത്രയും ഗോളുകൾ പിറക്കും എന്ന് ആരും കരുതിയില്ല. 34 ഗോളുകൾ ആണ് ഇന്ന് ആകെ പിറന്നത്. ലോർഡ്സിന് ഒന്നിനെതിരെ 33 ഗോളുകളുടെ വിജയവും. കേരള വനിതാ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ ഗോളുകൾ ഒരു ടീം അടിക്കുന്നത്. ഇന്ദുമതി മാത്രം 15 ഗോളുകൾ അടിച്ചു കൂട്ടി.

ഗോൾ ആരൊക്കെ അടിച്ചെന്ന് എണ്ണാൻ പോലും അവസരം തരാത്ത ഗോളടി ആണ് ലോർഡ്സിൽ നിന്ന് ഉണ്ടായത്. ആദ്യ പകുതിയിൽ തന്നെ അവർ 16 ഗോളുകൾ അടിച്ചു. ആദ്യ പകുതി 16-1 എന്ന നിലയിലാണ് അവസാനിച്ചത്. ഈ സീസൺ കേരള വനിതാ ലീഗിൽ ഇതിനു മുമ്പ് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന രണ്ട് മത്സരങ്ങളിൽ കളി 15-0ത്തിൽ നിന്നിരുന്നു ഓർക്കണം.

രണ്ടാം പകുതിയിലും ഗോളുകൾ ഒഴുകി. ഒന്നാം സ്ഥാനം സ്വന്തമാക്കേണ്ടത് കൊണ്ട് തന്നെ ലോർഡ്സിൽ നിന്ന് ഒരു ദയയും ഉണ്ടായില്ല. കളി 33-1ൽ അവസാനിച്ചു.

ഈ ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ലോർഡ്സ് സ്വന്തമാക്കി. അവർക്കും ബ്ലാസ്റ്റേഴ്സിനും 6 മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് ആണുള്ളത്. ഗോൾ ഡിഫറൻസിൽ ഇന്നത്തെ കളിയോടെ ലോർഡ്സ് ബഹുദൂരം മുന്നിൽ എത്തി. ലോർഡ്സിന് ഇപ്പോൾ +67 ആണ് ഗോൾ ഡിഫറൻസ്. കേരള ബ്ലാസ്റ്റേഴ്സിന് +46ഉം. ലോർഡ്സ് ഇതുവരെ ലീഗിൽ 6 മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ അടിച്ചു.

ലോർഡ്സ് എഫ് എക്ക് ഒരു മികച്ച വിജയം കൂടെ

കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് ഒരു വിജയം കൂടെ. ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലോർഡ്സ് എഫ് എ കീഴ്പ്പെടുത്തി. രണ്ടാം പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും വന്നത്. മത്സരത്തിന്റെ 58ആം മിനുട്ടിൽ ഇന്ദുമതി കതിരേശൻ നേടിയ ഗോൾ ആണ് ലോർഡ്സിന് ലീഡ് നൽകിയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു രണ്ടാം ഗോൾ വന്നത്‌. 94ആം മിനുട്ടിൽ മ്യാന്മാർ താരം വിൻ തെങി ആണ് വിജയം ഉറപ്പിച്ച ഈ ഗോൾ നേടിയത്‌. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

ഷമിനാസ് പി, AFC B ലൈസൻസ് നേടുന്ന ആദ്യ മലപ്പുറംകാരി | Exclusive

എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത ആയി ഷമിനാസ് പി

ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലപ്പുറത്ത് നിന്ന് ഒരു യുവ വനിതാ പരിശീലക ഉയർന്നു വരികയാണ്. മലപ്പുറം വള്ളികുന്ന് സ്വദേശിനിയായ ഷമിനാസ് എ എഫ് സി ബി കോച്ചിങ് ലൈസൻ നേടുന്ന മലപ്പുറത്തെ ആദ്യ വനിതയായി മാറിയിരിക്കുകയാണ്. 30കാരിയായ ഷമിനാസ് ചണ്ഡിഗഡിൽ നടന്ന കോച്ചിങ് കോഴ്സ് വിജയിച്ചാണ് ഷമിനാസ് എ എഫ് സി ബി ലൈസൻസ് സ്വന്തമാക്കിയത്. കേരളത്തിൽ ബി കോച്ചിങ് ലൈസൻസ് സ്വന്തമാക്കുന്ന നാലാമത്തെ മലയാളി വനിത മാത്രമാണ് ഷമിനാസ്.

വള്ളികുന്ന് പഞ്ചായത്തിന്റെ കീഴിൽ ഉണ്ടായിരുന്ന സോക്കർ ഗേൾസ് വള്ളികുന്ന് എന്ന ക്ലബിലൂടെ ആയിരുന്നു ഷമിനാസ് ഫുട്ബോളിലേക്ക് വരുന്നത്. അവിടെ അയ്യപ്പൻ, ഹരിഹരൻ എന്നീ പരിശീലകർക്ക് കഴിൽ മികച്ച ഫുട്ബോൾ താരമായി ഷമിനാസ് മാറി. തിരുവല്ല മാർതോമ കോളേജിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ഷമിനാസ് അവിടെ ഡോ റജിനോൾ വർഗീസ്, സ്പോർട്സ് കൗൺസിൽ കോച്ചായ അമൃത അരവിന്ദ് എന്നിവർക്ക് കീഴിൽ പരിശീലനം തുടർന്നു.

ഏഴ് വർഷം കേരളത്തിനായി ദേശീയ ഫുട്ബോൾ കളിച്ചിട്ടുള്ള താരാമാണ് ഷമിനാസ്. അവർ 2015ലെ നാഷണൽ ഗെയിംസിലും കളിച്ചിട്ടുണ്ട്. മഹത്മാഗാന്ധി യൂണിവേഴ്സിറ്റിക്കായി ആറ് വർഷവും ഷമിനാസ് ബൂട്ടുകെട്ടി.

സായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ സ്ട്രെങ്തനിങ് കോച്ച് ആയി പ്രവർത്തിക്കുകയാണ് ഇപ്പോൾ. കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്കായും കളിക്കുന്നുണ്ട്. സീസണിൽ ലോർഡ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഷമിനാസ് കളത്തിൽ ഇറങ്ങിയിരുന്നു. ബി ലൈസൻസ് സ്വന്തമാക്കിയ ഷമിനാസ് പി ഇപ്പോൾ എ എഫ് സിയുടെ ഫിറ്റ്നസ് ലെവൽ വൺ ലൈസൻസ് ചെയ്യാനായി ഒരുങ്ങുകയാണ്.

ഇങ്ങനെ ഒക്കെ ഗോളടിക്കാമോ!! 15 ഗോൾ ജയവുമായി ലോർഡ്സ് എഫ് എ, ഇന്ദുമതിക്ക് മാത്രം 9 ഗോളുകൾ | Report

കേരള വനിതാ ലീഗിൽ ഇന്നലെ കണ്ടത് ഗോൾ മഴ അല്ല പേമാരി ആയിരുന്നു. ലോർഡ്സ് എഫ് എയും എമിറേറ്റ്സ് എഫ് സിയും തമ്മിൽ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത 15 ഗോളുകളുടെ വിജയം ആണ് ലോർഡ്സ് നേടിയത്. ഈ സീസൺ കേരള വിമൻസ് ലീഗിലെ ഏറ്റവും വലിയ വിജയമാണിത്. ഇന്ന് ഇന്ദുമതി മാത്രം ലോർഡ്സിന് വേണ്ടി 9 ഗോളുകൾ നേടി.

ഇരു ദയയും ഇന്ന് ലോർഡ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ആദ്യ പകുതിയിൽ തന്നെ 9 ഗോളിന് ലോർഡ്സ് മുന്നിൽ എത്തി. 3,7,10, 24, 38, 43, 45, 58, 85 എന്നീ മിനുട്ടുകളിൽ ആയിരുന്നു ഇന്ദുമതിയുടെ ഗോളുകൾ. ആദ്യമായാണ് കേരള വനിതാ ലീഗിൽ ഒരു മത്സരത്തിൽ ഒരു താരം ഇത്രയും ഗോളുകൾ അടിക്കുന്നത്‌. ഇന്ദുമതിയെ കൂടാതെ കാർത്തികയും വിൻ തുങ്ങും ഇരട്ട ഗോളുകൾ വീതം നേടി. മിനയും അതുല്യയും ഒരോ ഗോൾ വീതവും നേടി.

മൂന്ന് മത്സരങ്ങളിൽ നിന്ന് ലോർഡ്സിന് 7 പോയിന്റ് ഉണ്ട്. എമിറേറ്റ് കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ടു.

കേരള വനിതാ ലീഗ്: 4-4ന്റെ ക്ലാസിക് ത്രില്ലർ, കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവും മറികടന്ന് ഇഞ്ച്വറി ടൈമിൽ ലോർഡ് എഫ് എ സമനില നേടി

കേരള വനിതാ ലീഗ്: ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ കണ്ടത് ഒരു ആവേശകരമായ മത്സരമായിരുന്നു. ലോർഡ്സ് എഫെയും കേരള ബ്ലാസ്റ്റേഴ്സും ഒപ്പത്തിനൊപ്പം നിന്ന മത്സരം 4-4 എന്ന നിലയിലാണ് അവസാനിച്ചത്.

ഇന്ന് കേരള വനിതാ ലീഗ് കണ്ടത് ശക്തർ തമ്മിലുള്ള പോരാട്ടമായിരുന്നു തുടക്കം മുതൽ കണ്ടത്. ആറാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തു. അപൂർണ നർസാരിയുടെ പാസ് സ്വീകരിച്ച് വലതു വിങ്ങിലൂടെ മുന്നേറിയ മാളവിക സ്കോർ ചെയ്യുക അസാധ്യം എന്നു ചെയ്യുന്ന ആങ്കിളിൽ നിന്ന് ഗോൾ നേടി. ഈ ഗോളിന് പെട്ടെന്ന് ലോർഡ് മറുപടി നൽകി. വിൻ തുങ് തൊടുത്ത് ഫ്രീകിക്ക് കയ്യിൽ ഒതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർക്ക് ആയില്ല. പിന്നാലെ ഇന്ദു പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-1

29ആം മിനുട്ടിൽ ഒരു കോർണറിൽ കാർത്തിക നൽകിയ ക്രോസ് വിൻ തുങ് ഹെഡ് ചെയ്ത് വലയി എത്തിച്ചു. ലോർഡ്സ് 2-1ന് മുന്നിൽ എത്തി. 39ആം മിനുട്ടിൽ ഒരു ക്വിക്ക് ഫ്രീ കിക്കിലൂടെ ഇന്ദുമതി ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ മറികടന്ന് മുന്നേറി 3-1ന്റെ ലീഡിൽ എത്തി.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും പ്രിയങ്ക എടുത്ത പെനാൾട്ടി അർച്ചന സേവ് ചെയ്തു. തുടർന്ന് 56ആം മിനുട്ടിൽ മുസ്കാന്റെ ഒരു വണ്ടർ ഗോൾ ബലാസ്റ്റേഴ്സിനെ 2-3 എന്ന നിലയിൽ എത്തിച്ചു. മൈതാന മധ്യത്തിനടുത്ത് നിന്ന് ഉള്ള ഒരു ഷോട്ടിലൂടെ ആണ് മുസ്കാൻ ഗോൾ നേടിയത്.

അധികം വൈകാതെ സമനില ഗോളും വന്നു. ഇത്തവണ മാളവിക നൽകിയ ഒരു ഓവർ ഹെഡ് പാസ് പ്രിയങ്ക ലക്ഷ്യത്തിൽ എത്തിച്ചു. ഇതോടെ സ്കോർ 3-3. ഇതേ സഖ്യം തന്നെ 74ആം മിനുട്ടിൽ വീണ്ടും ഒരുമിച്ചു. മാളവികയും പാസ് പ്രിയങ്കയുടെ ഗോൾ. സ്കോർ 4-3. ബ്ലാസ്റ്റേഴ്സിന്റെ വലിയ തിരിച്ചുവരവ്.

വിജയം ഉറപ്പിച്ചു എന്ന് കരുതി നിന്ന സമയത്ത് 92ആം മിനുട്ടിൽ ഇന്ദുമതിയുടെ വക ലോർഡ് എഫ് എയുടെ സമനില ഗോൾ. വിൻ തുങിന്റെ പാസ് സ്വീകരിച്ച് ആയിരുന്നു ഇന്ദുവിന്റെ ഇടം കാലൻ സ്ട്രൈക്ക വന്നത്. ഇതോടെ കേരള വനിതാ ലീഗ് മത്സരം 4-4 എന്ന നിലയിൽ അവസാനിച്ചു.

Story Highlight: Kerala Blasters 4-4 Lords FA

ലോർഡ്സ് എഫ് എയിൽ തന്ത്രങ്ങൾ മെനയാൻ അമൃത അരവിന്ദ്

ഇന്നലെ കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എ നടത്തിയ അരങ്ങേറ്റം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ 12-2 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ലോർഡ്സ് എഫ് എ തുടങ്ങിയത്. ലോർഡ്സിന്റെ വിജയത്തിന് പിന്നിലെ കരുത്ത് അമൃത അരവിന്ദ് എന്ന പരിശീലക ആണ്. മുമ്പ് 2019ൽ സേതു എഫ് സിയെ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാരാക്കിയതിന് പിറകികും അമൃത് അരവിന്ദിന്റെ തന്ത്രങ്ങൾ ഉണ്ടായിരുന്നു.

എ എഫ് സി വി ലൈസൻ ഉള്ള പരിശീലക സേതു എഫ് സിയെ 2020ൽ ഇന്ത്യൻ വനിതാ ലീഗ് സെമി ഫൈനലിലും എത്തിച്ചിട്ടുണ്ട്. സേതു എഫ് സി കൂടാതെ കിക്ക് സ്റ്റാർട്ട് എഫ് സി, IGAS എഫ് സിയെയും അവർ പരിശീലിപ്പിച്ചിട്ടുണ്ട്. കേരള സംസ്ഥാന വനിതാ ഫുട്ബോൾ ടീമിനെയും പോണ്ടിച്ചേരി വനിതാ ഫുട്ബോൾ ടീമിനെയും എം ജി യൂണിവേഴ്സിറ്റി വനിതാ ഫുട്ബോൾ ടീമിനെയും അവർ പരിശീലിപ്പിച്ചു. എം ജി യൂണിവേഴ്സിറ്റിക്ക് ഒപ്പം രണ്ട് തവണ സൗത് വെസ്റ്റ് സോൺ സെമി ഫൈനലിൽ എത്തിയിട്ടുണ്ട്.

ഇന്ത്യൻ ദേശീയ താരങ്ങളും വിദേശ താരവും അടങ്ങുന്ന മികച്ച സ്ക്വാഡ് ഒരുക്കിയ ലോർഡ്സ് എഫ് എ ഇത്തവണ കേരള വനിതാ ലീഗിൽ വലിയ സ്വപ്നങ്ങൾ ആണ് കാണുന്നത്. അതാണ് അമൃത അരവിന്ദ് പോലെ രാജ്യത്തെ വനിതാ പരിശീലകർക്ക് ഇടയിലെ ഏറ്റവും മികച്ച ഒരു കോച്ചിനെ തന്നെ ക്ലബ് ടീമിന്റെ തലപ്പത്ത് എത്തിച്ചത്.

Story Highlight: Amrutha Aravind appointed as Lords FA’ Women’s Head coach

ലോർഡ് എഫ് എ ഒരുങ്ങി വന്നതാണ്, ആദ്യ മത്സരത്തിൽ ഒരു ഡസൻ ഗോളുകൾ | Kerala Women’s League

കേരള വനിതാ ലീഗിന്റെ ഈ സീസൺ ആരംഭിക്കും മുമ്പ് തന്നെ ചർച്ച ആയ ക്ലബായിരുന്നു ലോർഡ്സ് എഫ് എ. ഈ കേരള വനിതാ ലീഗിനായി ഏറ്റവും നന്നായി ഒരുങ്ങിയ ക്ലബ്. അവർ ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ നേരിട്ടത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ ആയിരുന്നു. എന്നിട്ടും വൻ വിജയം നേടാൻ ലോർഡ്സിനായി. ഇന്ന് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ 12 ഗോളുകൾ ആണ് ലോർഡ്സ് എഫ് എ അടിച്ചു കൂട്ടിയത്. 12-2ന്റെ വിജയവും നേടി. മേഘ്നയും വിൻ തുണും ലോർഡ്സിനായി ഇന്ന് നാലു ഗോളുകൾ വീതം നേടി.

അഞ്ചാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ നേടാൻ ലോർഡ്സിനായി. ഇന്ത്യൻ താരം ഇന്ദുമതിയുടെ അസിസ്റ്റുൽ നിന്ന് മുൻ ഗോകുലം താരമായ വിൻ ടുൺ ആണ് ലോർഡ്സിന്റെ ആദ്യ ഗോൾ നേടിയത്. 13ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ലോർഡ്സ് രണ്ടാം ഗോൾ നേടി. സോനയുടെ ക്രോസ് ആയിരുന്നു ഡോൺ ബോസ്കോ ഡിഫൻഡറിൽ തട്ടി ഗോളായി മാറിയത്.

28ആം മിനുട്ടിൽ ക്യാപ്റ്റൻ രേഷ്മയിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് ഡോൺ ബോസ്കോ കളിയിലേക്ക് തിരികെ വന്നു. പക്ഷെ അധികനേരം ലോർഡ്സ് അറ്റാക്കിനു മുന്നിൽ പിടിച്ചു നിൽക്കാൻ ഡോൺ ബോസ്കോക്ക് ആയില്ല. 32ആം മിനുട്ടിൽ ലോർഡ്സ് രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. കാത്തികയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് അടിച്ചാണ് വിൻ തുൺ ലോർഡ്സിന്റെ മൂന്നാം ഗോൾ നേടിയത്.

38ആം മിനുട്ടിൽ വിൻ ഹാട്രിക്ക് തികച്ചു. ഇത്തവണ മേഘ്നയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിൻ തുണിന്റെ ഗോൾ. 40ആം മിനുട്ടിലും 43ആം മിനുട്ടിലും മേഘ്ന ഗോളുകൾ നേടിയതോടെ ലോർഡ്സ് 6-1ന് മുന്നിൽ എത്തി.

രണ്ടാം പകുതിയിലും ഗോൾ ഒഴുക്ക് തുടർന്നു. 48ആം മിനുട്ടിലും വിൻ ഗോൾ നേടിയതോടെ സ്കോർ 7-1 എന്നായി. പിന്നെ മേഘ്നയും ഇന്ദുമതിയും രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി. ഒപ്പം സോന ഒരു ഗോളും നേടി. ഡോൺ ബോസ്കോയ്ക്ക് ആയി രേഷ്മ ഒരു ഗോൾ കൂടെ അടിച്ചു എങ്കിലും പരാജയ ഭാരം അവർക്ക് താങ്ങാവുന്നതിലും വലുത് ആയിരുന്നു.

Story Highlight: Lords FA score a dozen of goals against Don Bosco in Kerala Women’s League

കേരള വനിതാ ലീഗ്, ഇന്ന് രണ്ട് മത്സരങ്ങൾ

കേരള വനിതാ ലീഗിൽ ഇന്ന് രണ്ടാം ദിവസം രണ്ട് മത്സരങ്ങൾ നടക്കും. കൊച്ചി മഹാരാജാസിൽ നടക്കുന്ന മത്സരത്തിൽ ലോർഡ്സ് എഫ് എ ഡോൺ ബോസ്കോയെ നേരിടും. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പാണ് ഡോൺ ബോസ്കോ. ഇത്തവണ വലിയ ഒരുക്കം നടത്തി വനിതാ ലീഗിലേക്ക് എത്തുന്ന ടീമാണ് ലോർഡ്സ് എഫ് എ. ഇരു ടീമുകളും തമ്മിലുള്ള മത്സരം ആവേശകരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ബാസ്കോ ഒതുക്കുങ്ങൽ ലൂക സോക്കർ ക്ലബിനെ നേരിടും. രണ്ടു മത്സരങ്ങളും വൈകിട്ട് 4 മണിക്ക് ആകും ആരംഭിക്കുക. കളി തത്സമയം സ്പോർട്സ് കാസ്റ്റിന്റെ യൂടൂബ് ചാനലിൽ കാണാം.

Story Highlight: Kerala Women’s League fixture August 11

Exit mobile version