ചാമ്പ്യൻസ് ലീഗിലെ തിരിച്ചടിയിൽ നിന്ന് കരകയറി അത്‌ലറ്റിക്കോ മാഡ്രിഡ്



ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ, അത്‌ലറ്റിക്കോ മാഡ്രിഡ് (Atletico Madrid) ലാലിഗയിൽ (La Liga) റയൽ ബെറ്റിസിനെതിരെ (Real Betis) സുപ്രധാനമായ 2-0 ന്റെ എവേ വിജയം നേടി ശക്തമായി തിരിച്ചെത്തി. ലണ്ടനിൽ 4-0 ന് പരാജയപ്പെട്ടതിന്റെ നിരാശ മറികടന്ന് ഡീഗോ സിമിയോണിയുടെ (Diego Simeone) സംഘം എസ്റ്റാഡിയോ ഡി ലാ കാർത്തുജയിൽ (Estadio de la Cartuja) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സീസണിലെ അവരുടെ ആദ്യ എവേ വിജയമാണിത്, കൂടാതെ കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ അവരുടെ രണ്ടാമത്തെ ക്ലീൻ ഷീറ്റും ആയതിനാൽ ഈ ഫലം ഏറെ ആശ്വാസകരമാണ്.


എവേ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡ് ശക്തമായി തുടങ്ങി, മൂന്നാം മിനിറ്റിൽ തന്നെ മുന്നിലെത്തി. പെനാൽറ്റി ബോക്സിന് അരികിൽ നിന്ന് കൃത്യതയോടെ ഫിനിഷ് ചെയ്ത ജൂലിയാനോ സിമിയോണെയാണ് (Giuliano Simeone) ഗോൾ നേടിയത്. ഈ സീസണിൽ ജൂലിയാനോയുടെ മൂന്നാം ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, പുതിയ സൈനിംഗ് ആയ അലക്സ് ബയേന (Alex Baena) മനോഹരമായ വളഞ്ഞൊരു ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി, ക്ലബ്ബിനായുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ അബ്ദേ എസ്സാൽസൂലി (Abde Ezzalzouli) ഒരു ഫ്രീ കിക്കിലൂടെ ക്രോസ് ബാറിൽ പന്തടിപ്പിച്ച് ബെറ്റിസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, ജാൻ ഓബ്ലാക്കിന്റെ (Jan Oblak) നേതൃത്വത്തിലുള്ള അത്‌ലറ്റിക്കോയുടെ പ്രതിരോധം ഉറച്ചുനിന്നു.
ഈ വിജയം അത്‌ലറ്റിക്കോയെ ലാലിഗയിൽ നാലാം സ്ഥാനത്തേക്ക് ഉയർത്തി.

ബെറ്റിസിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലും ലീഗിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനേക്കാൾ എട്ട് പോയിന്റ് പിന്നിലുമാണ് ഇപ്പോൾ അത്‌ലറ്റിക്കോ.

അലസ്സിയ റൂസ്സോ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചു

ഇംഗ്ലണ്ട് സ്‌ട്രൈക്കർ അലസ്സിയ റൂസ്സോ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചു. അടുത്ത വർഷം കരാർ അവസാനിക്കാൻ ഇരുന്ന 26 കാരി ദീർഘകാല കരാറിന് ആണ് ഒപ്പ് വെച്ചത്. 2023 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ കഴിഞ്ഞ ശേഷം ആഴ്‌സണലിൽ ഫ്രീ ട്രാൻസ്ഫറിൽ എത്തിയ റൂസ്സോ അതുഗ്രൻ പ്രകടനം ആണ് ടീമിന് ആയി നടത്തിയത്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന് ചാമ്പ്യൻസ് ലീഗ് നേടി നൽകുന്നതിൽ താരം വലിയ പങ്ക് ആണ് വഹിച്ചത്.

ഇത് വരെ ആഴ്‌സണലിന് ആയി 72 മത്സരങ്ങളിൽ നിന്നു 36 ഗോളുകൾ നേടിയ താരം കഴിഞ്ഞ സീസണിൽ വനിത സൂപ്പർ ലീഗിൽ ടോപ്പ് സ്‌കോറർ കൂടി ആയിരുന്നു. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ ഇടം പിടിച്ച റൂസ്സോ ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടി നൽകുന്നതിലും പ്രധാന പങ്ക് വഹിച്ചു. ബാലൻ ഡിയോർ സാധ്യത പട്ടികയിലും നിലവിൽ വലിയ സാധ്യത താരത്തിന് ഉണ്ട്. ആഴ്‌സണലിന് ലീഗ് കിരീടം നേടി നൽകാൻ ആവും റൂസ്സോയും സഹതാരങ്ങളും ഇനി ശ്രമിക്കുക. നാളെ തുടങ്ങുന്ന വനിത സൂപ്പർ ലീഗിൽ ലണ്ടൻ സിറ്റി ലയണൻസ് ആണ് ആഴ്‌സണലിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ.

പെൺകുട്ടികളുടെ ലക്ഷദ്വീപ് സുബ്രതോ കപ്പ് സെലക്ഷൻ ടൂർണമെന്റ് ജയിച്ചു ആന്ത്രോത്ത് ടീം

ചരിത്രത്തിൽ ആദ്യമായി ലക്ഷദ്വീപിൽ നടന്ന പെൺകുട്ടികളുടെ ലക്ഷദ്വീപ് സുബ്രതോ കപ്പ് സെലക്ഷൻ ടൂർണമെന്റ് ജയിച്ചു ആന്ത്രോത്ത് പി.എം.ശ്രീ.ജി.എം.ജി.എസ്.എസ് സ്‌കൂൾ. അണ്ടർ 17 ടീമുകൾക്ക് ആയി അന്തർദേശീയ തലത്തിൽ നടക്കുന്ന സുബ്രതോ മുഖർജി ടൂർണമെന്റിന് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു ആന്ത്രോത്ത് ദ്വീപിലെ സ്‌കൂൾ ടീം ആവും ഇനി പങ്കെടുക്കുക.

കവരത്തിയിൽ നടന്ന ഫൈനലിൽ അഗത്തി സ്‌കൂളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ആന്ത്രോത്ത് ടീം തകർത്തത്. ഇരട്ടകൾ ആയ ഹനീന ഫാത്തിമയും ഹിസാന ഫാത്തിമയും ആണ് ആന്ത്രോത്ത് ടീമിന്റെ ഗോളുകൾ നേടിയത്, ഹനീന 2 ഗോൾ നേടിയപ്പോൾ ഹിസാന ഒരു ഗോളും നേടി. ആന്ത്രോത്തിന്റെ നാലാം ഗോൾ സെൽഫ്‌ ഗോൾ ആയിരുന്നു. ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളിലും ആധികാരിമായി ജയിച്ചാണ് ആന്ത്രോത്ത് കപ്പ് ഉയർത്തുന്നത്. ടൂർണമെന്റിൽ 24 ഗോളുകൾ അടിച്ച ടീം ഒരു മത്സരത്തിൽ പോലും ഗോൾ വഴങ്ങിയില്ല എന്ന പ്രത്യേകതയും ഉണ്ട്. ഡൽഹിയിൽ ലക്ഷദ്വീപിനെ ഈ ടീം ആവും സുബ്രതോ മുഖർജി കപ്പിൽ പ്രതിനിധീകരിക്കുക. ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ നാളെ കവരത്തി, അഗത്തിയെ നേരിടും.

റേസിസ്റ്റുകൾക്ക് കളത്തിൽ മറുപടി നൽകി ജെസ് കാർട്ടർ

വനിത യൂറോ കപ്പ് ടൂർണമെന്റിന് ഇടയിൽ താൻ നേരിട്ട കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് കളത്തിൽ മറുപടി പറഞ്ഞു 27 കാരിയായ ഇംഗ്ലണ്ട് പ്രതിരോധ താരം ജെസ് കാർട്ടർ. ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾക്ക് ഇടയിൽ ആരു പ്രകടനം മോശമാണ് എന്നു പറഞ്ഞു താരം കടുത്ത വംശീയ അധിക്ഷേപങ്ങൾ നേരിട്ടത്. താരത്തെ ടീമിൽ നിന്നു പുറത്താക്കണം എന്നും മുറവിളികൾ ഉയർന്നു. എന്നാൽ ടൂർണമെന്റിൽ എല്ലാ കളിയിലും താരത്തെ ഇറക്കിയ പരിശീലക സറീന വിങ്മാൻ വിവാദങ്ങൾക്ക് നല്ല മറുപടി ആണ് നൽകിയത്.

അധിക്ഷേപങ്ങൾ കാരണം ജെസ് താൻ സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുക ആണെന്ന് പറഞ്ഞിരുന്നു. താരത്തിന് പിന്തുണയും ആയി ഇയാൻ റൈറ്റ് അടക്കമുള്ള ഇംഗ്ലണ്ട് ഇതിഹാസ താരങ്ങൾ എത്തിയിരുന്നു. റേസിസ്റ്റുകൾക്ക് കടുത്ത മറുപടിയാണ് യൂറോ കപ്പ് ഫൈനലിൽ ഗോതം സിറ്റി പ്രതിരോധ താരം നൽകിയത്. 120 മിനിറ്റിൽ അധിക നേരവും ഇംഗ്ലണ്ട് ഗോൾ പോസ്റ്റിലേക്ക് ഇരച്ചു വന്ന സ്പാനിഷ് മുന്നേറ്റത്തെ ലിയ വില്യംസനും ജെസ് കാർട്ടറും ഗോൾ കീപ്പർ ഹന്ന ഹാംപ്ടനും ഹൃദയം കൊണ്ട് കളിച്ചാണ് ഇന്ന് തടഞ്ഞത്. പലപ്പോഴും നേർത്ത വ്യത്യാസത്തിൽ ആണ് സ്‌പെയിനിന്റെ വിജയഗോൾ അവർ തടഞ്ഞത്. 120 മിനിറ്റ് പാറ പോലെ ഇംഗ്ലണ്ട് പ്രതിരോധത്തിൽ ഉറച്ച നിന്ന മുൻ ചെൽസി, ബിർമിങ്ഹാം സിറ്റി പ്രതിരോധതാരം റേസിസ്റ്റുകളുടെ ഭീഷണികൾക്ക് അതിശക്തമായ മറുപടി തന്നെയാണ് നൽകുന്നത്.

മൂന്നാം യൂറോ കപ്പ്! അഞ്ചാം മേജർ ടൂർണമെന്റ് ഫൈനൽ! ഒരേയൊരു സറീന വിങ്മാൻ!

വിസ്മയം എന്നു മാത്രം വിളിക്കാവുന്ന തന്റെ പരിശീലന കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി എഴുതി ചേർത്തു ഇംഗ്ലണ്ടിന്റെ ഡച്ച് പരിശീലക സറീന വിങ്മാൻ. തുടർച്ചയായ മൂന്നാം യൂറോ കപ്പ് ആണ് സറീന ഈ വർഷത്തെ ജയത്തോടെ നേടുന്നത്. 2017 ൽ ഡച്ച് ടീമിനെയും 2022 ൽ ഇംഗ്ലണ്ടിനെയും പരാജയം അറിയാതെ കിരീടത്തിലേക്ക് നയിച്ച സറീനക്ക് പക്ഷെ ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ പരാജയം നേരിട്ടു. എന്നാൽ ഫ്രാൻസിനു എതിരെ നേരിട്ട ആ പരാജയത്തിൽ നിന്നു ഉയിർത്തെഴുന്നേറ്റ ഇംഗ്ലണ്ട് ടൂർണമെന്റ് അവസാനിക്കുമ്പോൾ കിരീടം ഉയർത്തിയാണ് മടങ്ങുന്നത്. മൂന്നാം യൂറോ കപ്പ് കിരീടം നേടിയ സറീന 2019 ൽ ഡച്ച് ടീമിനെയും 2023 ൽ ഇംഗ്ലണ്ട് ടീമിനെയും ഫൈനലിലും എത്തിച്ചിരുന്നു. ജർമ്മനിയുടെ ജെറോ ബിസാൻസ്, ടിന തെനെ എന്നിവർക്ക് ശേഷം തുടർച്ചയായി മൂന്നു യൂറോ കപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലക കൂടിയാണ് സറീന.

തന്റെ കടുത്ത രീതികൾ കൊണ്ടും ചിട്ടയായ പരിശീലന മുറ കൊണ്ടും ശ്രദ്ധേയയായ സറീന മധ്യനിര താരമായി തുടങ്ങി പിന്നീട് പ്രതിരോധതാരമായ താരമാണ്. 99 തവണ ഹോളണ്ടിനു ആയി കളിച്ച താരം കരിയർ അവസാനിപ്പിച്ച ശേഷം പരിശീലക വേഷത്തിൽ എത്തുക ആയിരുന്നു. സഹ പരിശീലക ആയും താൽക്കാലിക പരിശീലക ആയും ജോലി ചെയ്ത ശേഷം 2017 യൂറോ കപ്പിന് 6 മാസം മുമ്പാണ് ഹോളണ്ട് പരിശീലകയായി സറീന എത്തുന്നത്. 5 ൽ 4 സൗഹൃദ മത്സരവും തോറ്റ് നിന്ന ആത്മവിശ്വാസം ഒട്ടും ഇല്ലാത്ത ഡച്ച് ടീമിനെക്കൊണ്ടു ചരിത്രം എഴുതിക്കുന്ന സറീനയെ ആണ് പിന്നീട് കാണാൻ ആയത്. 2017 ൽ എല്ലാ മത്സരവും ജയിച്ച സെറീനയുടെ ഡച്ച് ടീം ഡെന്മാർക്കിനെ ഫൈനലിൽ 4-2 നു തോൽപ്പിച്ചു കിരീടവും ഉയർത്തി. ഹോളണ്ട് വനിത ഫുട്‌ബോളിൽ നേടുന്ന ആദ്യ വലിയ കിരീട നേട്ടവും യൂറോപ്യൻ കിരീടവും ആയിരുന്നു അത്. 1988 ൽ പുരുഷ ടീം യൂറോ കപ്പ് ജയിച്ച ശേഷം ഹോളണ്ട് ഫുട്‌ബോൾ നേടുന്ന വലിയ നേട്ടവും അത് തന്നെയായിരുന്നു. ആ വർഷം ഫിഫ യുടെ ലോകത്തിലെ ഏറ്റവും മികച്ച വനിത പരിശീലകക്ക് ഉള്ള പുരസ്കാരവും മറ്റാർക്കും ആയിരുന്നില്ല. 2019 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിക്കാൻ ആയെങ്കിലും സറീനയുടെ ഡച്ച് ടീം അമേരിക്കൻ കരുത്തിനു മുമ്പിൽ വീണു പോയി. ഡച്ച് ഫുട്‌ബോളിന് നൽകിയ സംഭാവനകൾക്ക് സറീനക്ക് നിരവധി പുരസ്കാരങ്ങൾ ആണ് ഡച്ച് ഫുട്‌ബോൾ അസോസിയേഷനും രാജ്യവും നൽകിയത്.

2020 അഗസ്റ്റിന് ആണ് സറീന 2021 സെപ്റ്റംബർ മുതൽ ഇംഗ്ലണ്ട് വനിത ടീം പരിശീലക ആവും എന്നു ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ അറിയിക്കുന്നത്. ഫിൽ നെവിലിൽ നിന്നു സ്ഥാനം ഏറ്റെടുത്ത സറീന ഇംഗ്ലീഷ് ടീം പരിശീലക/പരിശീലകൻ ആവുന്ന ഇംഗ്ലീഷുകാരിയല്ലാത്ത ആദ്യ വ്യക്തി കൂടിയായിരുന്നു. തുടർന്ന് കണ്ടത് ഇംഗ്ലണ്ട് ഫുട്‌ബോൾ ചരിത്രത്തിലെ സുവർണ കാലം ആയിരുന്നു. 2022 യൂറോ കപ്പ് ഫൈനലിൽ ജർമ്മനിക്ക് മേൽ ജയം 1966 ലെ പുരുഷ ലോകകപ്പ് നേട്ടത്തിന് ശേഷം ഇംഗ്ലണ്ടിന് ഒരു പ്രധാന കിരീടനേട്ടം സറീന സമ്മാനിച്ചു. തുടർന്നു 2023 ലോകകപ്പ് ഫൈനലിലും അവരെ എത്തിക്കാൻ ആയെങ്കിലും ഫൈനലിൽ സ്പെയിനിന് മുമ്പിൽ ഇംഗ്ലണ്ട് വീണു. ഇത്തവണ യൂറോ കപ്പിൽ പരിചയസമ്പത്തിനു ഒപ്പം യുവത്വത്തിനും പ്രാധാന്യം നൽകിയാണ് സറീന ടീം ഒരുക്കിയത്. 19 കാരിയായ ഇംഗ്ലണ്ടിന്റെ ആഴ്‌സണൽ താരം മിഷേൽ അഗ്‌യേമാങ് ടൂർണമെന്റിലെ യുവതാരമായത് ഇതിനു തെളിവ് ആയിരുന്നു. ആദ്യ കളി തോറ്റെങ്കിലും പതിവിനു വിപരീതമായി കടുത്ത പോരാട്ടങ്ങളും വിമർശനങ്ങളും നേരിട്ടെങ്കിലും യൂറോ കപ്പ് കിരീടം നീട്ടിക്കൊണ്ടു സറീന ഇതിനു ഒക്കെ മറുപടി പറഞ്ഞു. 2 തവണ ഒരിക്കൽ അമേരിക്കക്കും പിന്നീട് സ്പെയിനിനും മുമ്പിൽ കൈവിട്ട ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് 2027 ൽ ബ്രസീലിൽ നേടി നൽകുക തന്നെയാവും സറീനയുടെ അവശേഷിക്കുന്ന വലിയ സ്വപ്നം എന്നുറപ്പാണ്.

വനിത യൂറോ കപ്പ് കിരീടം നിലനിർത്തി ഇംഗ്ലണ്ട്

വനിത യൂറോ കപ്പ് കിരീടം നിലനിർത്തി സറീന വിങ്മാന്റെ ഇംഗ്ലണ്ട് ടീം. യൂറോ കപ്പ് ചരിത്രത്തിൽ ഫൈനലിൽ കണ്ട ആദ്യ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ലോക ചാമ്പ്യന്മാർ ആയ സ്പെയിനിനെ ആണ് അവർ തോൽപ്പിച്ചത്. ലോകകപ്പ് ഫൈനൽ പരാജയത്തിനുള്ള പ്രതികാരം കൂടിയായി ഇത് അവർക്ക്. സറീന വിങ്മാന്റെ തുടർച്ചയായ മൂന്നാം യൂറോ കപ്പ് കിരീടം ആണ് ഇത്. ആദ്യ പകുതിയിൽ സ്പാനിഷ് ആധിപത്യം കണ്ട മത്സരത്തിൽ ബാഴ്‌സലോണ താരം ഒലി ബാറ്റിലിന്റെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഈ സീസണിൽ അസാധ്യ ഫോമിൽ കളിക്കുന്ന ആഴ്‌സണൽ താരം മരിയോണ കാൽഡന്റി 25 മത്തെ മിനിറ്റിൽ അവർക്ക് മുൻതൂക്കം നൽകി. തുടർന്നും സ്പാനിഷ് മുന്നേറ്റം തന്നെയാണ് മത്സരത്തിൽ കാണാൻ ആയത്.

എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിൽ തിരിച്ചു വന്ന ഇംഗ്ലണ്ട് സ്പെയിനിനെ കൗണ്ടർ അറ്റാക്കിലൂടെ നേരിട്ടു. സ്പാനിഷ് മുന്നേറ്റങ്ങളുടെ മുനയും അവർ ഒടിച്ചു. 57 മത്തെ മിനിറ്റിൽ പരിക്കേറ്റ ലോറൻ ജെയിംസിന് പകരം എത്തിയ ആഴ്‌സണലിന്റെ ക്ലോയി കെല്ലിയുടെ അവിസ്മരണീയമായ ക്രോസിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ ആഴ്‌സണൽ മുന്നേറ്റനിര താരം അലസിയ റൂസോ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ നേടാൻ ആവാത്തതോടെ മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ഈ യൂറോയിൽ ഇംഗ്ലണ്ട് മത്സരം എക്സ്ട്രാ സമയം വരെ നീളുന്നത്. എക്സ്ട്രാ സമയത്ത് തനിക്ക് കിട്ടിയ 3 മികച്ച അവസരങ്ങൾ ആണ് പകരക്കാരിയായി ഇറങ്ങിയ 21 കാരിയായ സൽ‍മ പരലുഹ പാഴാക്കിയത്.

സ്പാനിഷ് മുന്നേറ്റത്തെ തടഞ്ഞു നിർത്തിയ ക്യാപ്റ്റൻ ലിയ വില്യംസനും, ജെസ് കാർട്ടറും, ലൂസി ബ്രോൺസും മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീട്ടി. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ബെത്ത് മീഡിന്റെ ആദ്യ കിക്ക് ഗോൾ ആയെങ്കിലും ഡബിൾ ടച്ച് കാരണം റീ ടേക്ക് എടുക്കാൻ റഫറി പറഞ്ഞു. ഇത് രക്ഷിച്ച കാറ്റ കോൾ സ്പെയിനിന് മുൻതൂക്കം നൽകി. തുടർന്ന് കിക്ക് പട്രീഷിയയും, അലക്‌സ് ഗ്രീൻവുഡും അത് രണ്ടും ഗോൾ ആക്കി മാറ്റി. എന്നാൽ സ്‌പെയിനിന്റെ രണ്ടാം കിക്ക് എടുക്കാൻ വന്ന മരിയോണയുടെ കിക്ക് ഹന്ന ഹാമ്പ്റ്റൺ രക്ഷിച്ചു. നിയ ചാൾസ് പെനാൽട്ടി ഗോൾ ആക്കിയതോടെ ഇംഗ്ലണ്ടിന് മുൻതൂക്കം. അടുത്ത കിക്ക് എടുക്കാൻ വന്ന ബാലൻ ഡിയോർ ജേതാവ് അയിറ്റാന ബോൺമാറ്റിയുടെ പെനാൽട്ടിയും ഹന്ന രക്ഷിച്ചു. എന്നാൽ തുടർന്ന് പെനാൽട്ടി എടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ വില്യംസന്റെ കിക്ക് സ്പാനിഷ് ഗോളിയും രക്ഷിച്ചു. എന്നാൽ സ്പെയിനിന്റെ അടുത്ത കിക്ക് എടുത്ത സൽ‍മയുടെ ഷോട്ട് പുറത്ത് പോയതോടെ ഇംഗ്ലണ്ടിന് ജയം അടുത്ത് എത്തി. തുടർന്ന് പെനാൽട്ടി എടുത്ത ക്ലോയി കെല്ലി ഉഗ്രൻ ഷോട്ടിലൂടെ ഗോളും കിരീടവും ഇംഗ്ലണ്ടിന് സമ്മാനിക്കുക ആയിരുന്നു.

വനിത സൂപ്പർ ലീഗ് ആദ്യ മത്സരത്തിൽ ചെൽസി, മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

പുതിയ സീസണിലെ ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ഫിക്സ്ചർ പുറത്ത് വന്നു. സെപ്റ്റംബർ ആറിനാണ് സീസൺ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ തുടർച്ചയായ ആറാം കിരീടം ലക്ഷ്യം വെക്കുന്ന ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. അതേസമയം നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരും കിരീടം നേടാൻ ഉറച്ചു എത്തുന്ന ആഴ്‌സണൽ പുതുതായി സ്ഥാനക്കയറ്റം നേടി വരുന്ന ലണ്ടൻ സിറ്റി ലയണൻസിനെ നേരിടും.

എവർട്ടൺ, ലിവർപൂൾ ഡെർബിയും ആദ്യ ഗെയിം വീക്കിൽ തന്നെ നടക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലെസ്റ്റർ സിറ്റി ആണ് ആദ്യ ഗെയിം വീക്കിൽ എതിരാളികൾ. നവംബർ എട്ടിനും ജനുവരി 25 നും ആണ് ആഴ്‌സണൽ, ചെൽസി സൂപ്പർ പോരാട്ടങ്ങൾ. അവസാന ആഴ്ചത്തെ മത്സരങ്ങളിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുമ്പോൾ ആഴ്‌സണലിന് ലിവർപൂൾ ആണ് എതിരാളികൾ.

സബ് ജൂനിയർ ഫുട്ബോൾ; മലപ്പുറത്തെ കീഴടക്കി കോഴിക്കോട് ജേതാക്കളായി

സബ് ജൂനിയർ ബോയ്സ് 2025-26 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മലപ്പുറത്തെ കീഴടക്കി കോഴിക്കോട് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടം നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ, പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് ജയിച്ചാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. സെമിഫൈനലിൽ തിരുവനന്തപുരത്തെ 1-0ന് പരാജയപ്പെടുത്തിയായൊരുന്നു കോഴിക്കോട് ഫൈനലിൽ എത്തിയത്.

1 മില്യൺ പൗണ്ട്! ഒലിവിയ സ്മിത്തിനു ആയി ലോകറെക്കോർഡ് തകർക്കാൻ ആഴ്‌സണൽ

വനിത ഫുട്‌ബോളിലെ ട്രാൻസ്‌ഫർ ലോകറെക്കോർഡ് തുകക്ക് ലിവർപൂളിൽ നിന്നു കനേഡിയൻ താരം ഒലിവിയ സ്മിത്തിനെ സ്വന്തമാക്കാൻ ആഴ്‌സണൽ. 20 കാരിയായ കനേഡിയൻ മുന്നേറ്റനിര താരത്തിന് ആയി ഒരു മില്യൺ പൗണ്ട് ആഴ്‌സണൽ മുന്നോട്ട് വെച്ചു എന്നും ലിവർപൂൾ ഇത് സ്വീകരിച്ചു എന്നുമാണ് റിപ്പോർട്ട്. ഈ ആഴ്ച തന്നെ താരം ആഴ്‌സണലിൽ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പ് വെച്ചേക്കും.

ഇതോടെ വനിത ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ 1 മില്യൺ പൗണ്ട് താരമായി സ്മിത്ത് മാറും. നയോമി ഗിർമക്ക് ആയി ചെൽസി സൃഷ്ടിച്ച റെക്കോർഡ് ആണ് ഇതോടെ തകരുക. കഴിഞ്ഞ സീസണിൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണിൽ നിന്നു ലിവർപൂളിൽ എത്തിയ ഒലിവിയ സ്മിത്ത് മികച്ച പ്രകടനം ആണ് വനിത സൂപ്പർ ലീഗിൽ കാണിച്ചത്. 15 കളികളിൽ നിന്നു 6 ഗോളുകൾ നേടിയ താരം അവരുടെ ഏറ്റവും മികച്ച താരമായിരുന്നു. ഈ സീസണിൽ യൂറോപ്യൻ കിരീടം നേടിയ ആഴ്‌സണൽ വനിതകൾ കഴിഞ്ഞ സീസണുകളിൽ ചെൽസി കയ്യടക്കി വെച്ചിരിക്കുന്ന ലീഗ് കിരീടം ഇത്തവണ നേടാൻ ഉറച്ചു തന്നെയാണ് ട്രാൻസ്ഫറുകൾ എല്ലാം നടത്തുന്നത്.

ലിവർപൂൾ ക്യാപ്റ്റനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ

ലിവർപൂൾ വനിത ടീം ക്യാപ്റ്റൻ ടെയ്‌ലർ ഹിന്റ്സിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. ലിവർപൂൾ കരാർ അവസാനിച്ച ഹിന്റ്സിനെ ഫ്രീ ട്രാൻസ്ഫറിൽ 3 വർഷത്തെ കരാറിൽ ആണ് ആഴ്‌സണൽ സ്വന്തമാക്കുന്നത്. 5 വർഷത്തെ ലിവർപൂൾ കരിയറിന് ശേഷമാണ് 26 കാരിയായ ജമൈക്കൻ മധ്യനിര താരം ലിവർപൂൾ വിടുന്നത്.

2012 ൽ 12 വയസ്സുള്ളപ്പോൾ ആഴ്‌സണൽ അക്കാദമിയിൽ ചേർന്ന ഹിന്റ്സ് 2018 വരെ ആഴ്‌സണലിൽ ആയിരുന്നു. തുടർന്ന് എവർട്ടണിലേക്ക് മാറിയ താരം ആഴ്‌സണൽ സീനിയർ ടീമിന് വേണ്ടി ഇത് വരെ ബൂട്ട് കെട്ടിയിരുന്നില്ല. രണ്ടാം വരവിൽ യൂറോപ്യൻ ചാമ്പ്യന്മാർ ആയ ആഴ്‌സണലിന് വലിയ കരുത്ത് ആവും ഹിന്റ്സ്.

ക്ലോ കെല്ലി ആഴ്‌സണലിൽ തുടരും, സ്ഥിരകരാർ ഒപ്പ് വെച്ചു

ഇംഗ്ലീഷ് വനിത സൂപ്പർ താരം ക്ലോ കെല്ലി ആഴ്‌സണലിൽ തുടരും. കഴിഞ്ഞ സീസണിൽ അവസാന 6 മാസം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ലോണിൽ ആഴ്സലിൽ കളിച്ച കെല്ലി ഇന്ന് സ്ഥിര കരാറിൽ ഒപ്പ് വെച്ചു. സിറ്റിയും ആയ കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയിരുന്നു. ആഴ്‌സണൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കെല്ലി നിർണായക പ്രകടനം ആണ് നടത്തിയത്.

2010 ൽ ആഴ്‌സണൽ അക്കാദമിയിൽ ചേർന്ന കെല്ലി 2018 വരെ ആഴ്‌സണൽ അക്കാദമിയിലും ടീമിലും ആയി കളിച്ചിരുന്നു. തുടർന്ന് ക്ലബ് വിട്ടു എവർട്ടൺ, മാഞ്ചസ്റ്റർ സിറ്റി ടീമുകളിൽ കളിച്ച 27 കാരിയായ താരത്തിന് ഇത് രണ്ടാം വരവാണ്. കഴിഞ്ഞ സീസണിൽ 13 കളികളിൽ നിന്നു 5 അസിസ്റ്റും 2 ഗോളുകളും ആണ് ആഴ്‌സണലിന് ആയി കെല്ലി നേടിയത്. പതിനെട്ടാം നമ്പർ ജേഴ്‌സി ആണ് താരം ആഴ്‌സണലിൽ തുടർന്നും ധരിക്കുക. ഇംഗ്ലണ്ടിന് 2022 ലെ യൂറോ കപ്പ് കിരീടം നേടിയ ഗോൾ നേടിയ കെല്ലി നിലവിൽ ആ മികവ് തുടരാൻ ഇംഗ്ലണ്ടിന് ഒപ്പം യൂറോ കപ്പ് ക്യാമ്പിൽ ആണ്.

വനിത സൂപ്പർ ലീഗിൽ ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ

എഫ്.എ വനിത സൂപ്പർ ലീഗിൽ ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. യുണൈറ്റഡിന്റെ മൈതാനത്ത് ആഴ്‌സണൽ ആധിപത്യം കണ്ടെങ്കിലും തിരിച്ചു വന്ന അവർ 1-1 ന്റെ സമനില പിടിക്കുക ആയിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ പിറന്നത്.

63 മത്തെ മിനിറ്റിൽ എമിലി ഫോക്സിന്റെ പാസിൽ നിന്നു മുൻ യുണൈറ്റഡ് താരം അലസിയോ റൂസോ ആഴ്‌സണലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. എന്നാൽ 82 മത്തെ മിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച അവസരത്തിൽ നിന്നു റാച്ചൽ വില്യംസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മെൽവിൻ മെലാർഡ് യുണൈറ്റഡിന് സമനില നൽകി. സീസണിൽ മോശം തുടക്കം ലഭിച്ച ആഴ്‌സണൽ അഞ്ചാം സ്ഥാനത്തും യുണൈറ്റഡ് നാലാം സ്ഥാനത്തും ആണ്.

Exit mobile version