ബ്ലാസ്റ്റേഴ്സിന്റെ ഫിലോസഫി മാറ്റവും കലിംഗ ദുരന്തവും

ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലെ യുദ്ധഭൂമിയിൽ ഒഡീഷ എഫ്‌സിക്ക് മുന്നിൽ കൊമ്പന്മാർ തങ്ങളുടെ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും തകർന്നടിഞ്ഞു. നിലവിലെ പരിശീലകൻ ഇവാൻ വുകുമാനോവിച്ച് പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടർച്ചയായ രണ്ട് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുകളുമായി പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.

കൊച്ചിയിൽ വെച്ച് എടികെ മോഹൻബഗാനോട് അഞ്ച് ഗോളുകൾ വഴങ്ങിയ അവസാന മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റം പോലും ഇല്ലാതെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയിൽ ഇറങ്ങിയത്. എടുത്ത് പറയാവുന്ന മാറ്റം പരിക്കേറ്റ ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യൻ താരം അപോസ്‌റ്റോലോസ് ജിയാനു സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നില്ല എന്നതാണ്. പകരം യുവ മലയാളി മുന്നേറ്റതാരം നിഹാൽ സുധീഷ് സ്‌ക്വാഡിന്റെ ഭാഗമായി. ഒഡീഷയുടെ നിരയിൽ റൈനിയർ ഫെർണാണ്ടാസിന് പകരം തോയ്‌ബ മൊയ്‌റങ്തേമാണ് ആദ്യ പതിനൊന്നിൽ ഇറങ്ങിയത്.

മത്സരത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് കാലിടറി തുടങ്ങിരുന്നു. ഇവാന്റെ കീഴിൽ സാധാരണയായി തുടക്കത്തിൽ തന്നെ മത്സരത്തിന്റെ ചരട് നിയന്ത്രിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ആദ്യമേ തന്നെ പിഴച്ചു. മത്സരത്തിന്റെ നിയന്ത്രണം ഒഡീഷ ഏറ്റെടുത്തു. ഡിയാഗോ മൗറീഷ്യോയും ജെറിയും കേരളത്തിന്റെ ബോക്സിൽ നിരന്തരം ഭീതി ചെലുത്തി. ഏഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ഗിൽ പിടിച്ച പന്ത് തട്ടിയിട്ട് ജെറി കേരളത്തിന്റെ വലകുലുക്കിയെങ്കിലും അത് ഫുട്ബോൾ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ഗോൾ അനുവദിച്ചില്ല.

തുടർന്ന് ആദ്യം ലീഡ് എടുത്തത് കൊമ്പന്മാരായിരുന്നു. സെറ്റ്പീസുകൾ കേരളം ഉപയോഗിക്കുന്നില്ല എന്ന പരാതി അവസാനിപ്പിച്ച് 35ആം മിനുട്ടിൽ കോർണർ കിക്ക് ഷോർട്ട് ആക്കി എടുത്ത് ലൂണ ചെയ്ത ക്രോസ്സ് പ്രതിരോധതാരമായ ഖബ്ര വലയിലേക്ക് ഹെഡ് ചെയ്തു. കേരളം മുന്നിലെത്തി. എന്നാൽ, 54ആം മിനുട്ടിൽ ഒഡീഷ ജെറിയിലൂടെ സമനില ഗോൾ കണ്ടെത്തി. തുടർന്ന്, കേരളം ലീഡ് തിരികെയെടുക്കാനായി ആക്രമണം അഴിച്ചുവിടാൻ ശ്രമിച്ചതാണ് ഒഡീഷയുടെ രണ്ടാമത്തെ ഗോളിലേക്ക് വഴിയൊരുക്കിയത്. ഒഡീഷയുടെ ഗോൾകീപ്പർ അമരീന്തർ സിങ് നൽകിയ ലോങ്ങ് ബോൾ കേരളത്തിന്റെ ഹൈലൈൻ ഡിഫൻസ് പൊട്ടിച്ച് സ്പാനിഷ് താരം പേഡ്രോ മാർട്ടിൻ വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പൂർണമായും തകർന്നു.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ പറ്റി വിശകലനം ചെയ്യുമ്പോൾ ആദ്യം എത്തുന്നത് ടീമിന്റെ കളിക്കളത്തിലെ മെന്റാലിറ്റിയിലാണ്. കഴിഞ്ഞ സീസണിൽ ആദ്യ പതിനൊന്നിലെ താരങ്ങൾക്ക് നല്ലൊരു പകരക്കാർ പോലും ഇല്ലാതിരുന്ന അവസ്ഥയിൽ പോലും ടീമിനെ മുന്നോട്ടു നയിച്ചത് അവരുടെ മെന്റാലിറ്റി ആയിരുന്നു. അവസാനം വരെയും പോരാടാനുള്ള ആ പോരാട്ടവീര്യം ഈ മത്സരത്തിൽ ഒട്ടും കണ്ടില്ല. ഒരുപക്ഷെ, ഹോമിൽ വെച്ച് എടികെ മോഹൻബഗാനെതിരെ വലിയ മാർജിനിൽ തോറ്റത്തിന്റെ ആഘാതത്തിൽ നിന്ന് കേരളം ഇനിയും കരകയറിയിട്ടില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഗോൾകീപ്പിങ് മുതൽ ആക്രമണം വരെയുള്ള എല്ലായിടങ്ങളിലും കൊമ്പന്മാർക്ക് പോരായ്മകൾ ഉണ്ട്. കഴിഞ്ഞ സീസണുകളിലായി പരിശീലിച്ചു വന്ന സിസ്റ്റത്തിൽ പെട്ടെന്ന് ഉണ്ടായ മാറ്റം ടീമിനെ ആകമാനം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ച പോലെ എടികെ മോഹൻബഗാൻ തുറന്നുകാണിച്ച കേരളത്തിന്റെ ബലഹീനതകൾ കൃത്യമായി
ഒഡീഷ മുതലെടുത്തു. രണ്ടു പകുതികളിലുമായി 16 ഷോട്ടുകളാണ് ഒഡീഷയ്ക്കുള്ളത്. അതിൽ എട്ടെണ്ണം ലക്ഷ്യത്തിലും. ഗില്ലിന്റെ രക്ഷപ്പെടുത്തലുകളും ഭാഗ്യവുമാണ് കേരളത്തിന്‌ തുണയായത്. ഗിൽ ഗോൾവലക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഒരുപാട് പന്തുകൾ കൈയിൽ നിന്ന് തെന്നി പോകുന്നത് ആശങ്കകൾ ജനിപ്പിക്കുന്നുണ്ട്.

ആക്രമണനിരയെ പറ്റിയുള്ള ആശങ്കകൾ വളരെയധികം കൂടുതലാണ്.
ആൽവരോ വാസ്കസിനു പകരക്കാരനായി ടീമിൽ എത്തിയ ഗ്രീക്കുതാരം ഡിമിത്രി ഡയമാന്റക്കോസ് ഇതുവരെ ഗോളുകൾ നേടാത്തത് ആശങ്കകൾ ജനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണ് താരത്തിൽ നിന്നുണ്ടായത്. പരിക്കേറ്റ അപോസ്‌റ്റോലോസ് ജിയാനുവിന് പകരം മധ്യനിരതാരമായ ഇവാൻ കലൂഷിണിയെ ആക്രമണത്തിൽ ഉപയോഗിക്കുന്നത് ടീമിന്റെ താളം തെറ്റിക്കുന്നുണ്ട്. കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ പ്യുട്ടിയയെ പിൻവലിച്ച് ഇവാനെ മധ്യനിരയിൽ കളിപ്പിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

ഇവാനെ പിൻവലിച്ച് യുവ മലയാളി മുന്നേറ്റ താരം നിഹാൽ സുധീഷിനെ കൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന തീരുമാനം ആയിരുന്നു. പ്രത്യേകിച്ചും കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്ന പരിചയസമ്പന്നനായ ബിദ്യസാഗർ ബെഞ്ചിൽ ഉള്ളപ്പോൾ. താരം നല്ല രീതിയിൽ പ്രസ്സ് ചെയ്തെങ്കിലും ഗോളുകൾ ഒഴിഞ്ഞു നിന്നു. മധ്യനിരയിൽ സഹൽ തന്റെ കഴിഞ്ഞ സീസണിലെ ഫോമിലേക്ക് ഉയരുന്നില്ല എന്നതും കൊമ്പന്മാർക്ക് വലിയൊരു തിരിച്ചടിയാണ്. പ്രതിരോധം കഴിഞ്ഞ മത്സരത്തിൽ നിന്നും വളരെയധികം ഭേദപ്പെട്ടിരുന്നു. ഒഡീഷയുടെ ഡിയാഗോ മൗറീഷ്യോ ഖബ്രയുടെ സാന്നിധ്യമുള്ള വേഗത കുറഞ്ഞ വലത് വിങ്ങിലൂടെ ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും വേഗതയേറിയ താരങ്ങൾ റൈറ്റ് പാക്ക് പൊസിഷനിൽ കേരളത്തിന് ആവശ്യമാണ്.

ചുരുക്കിപ്പറഞ്ഞാൽ, കൃത്യമായ ഒരു പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കാത്തതിന്റെ പോരായ്മകൾ ടീമിനെ നല്ല രീതിയിൽ തന്നെ അലട്ടുന്നുണ്ട്. ടീമിലെ മുന്നേറ്റതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതും അതിനെ തുടർന്നുണ്ടായ സിസ്റ്റത്തിലെ മാറ്റവും കൊമ്പന്മാരെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഒരുപക്ഷേ ഡ്യൂറൻഡ് കപ്പ് കളിക്കാൻ എങ്കിലും സീനിയർ ടീമിനെ സാധിച്ചിരുന്നെങ്കിൽ പോരായ്മകൾ മനസ്സിലാക്കി, അവ പരിഹരിച്ച് ഐഎസ്എൽ സീസൺ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സും കഴിയുമായിരുന്നു. ഇനിയും സമയമുണ്ട്. പൊസിഷനുകളിലും തന്ത്രങ്ങളിലും കൃത്യമായ മാറ്റങ്ങൾ വരുത്തി ടീമിനെ കളിക്കളത്തിൽ ഇറക്കിയാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എക്കാലത്തെയും വലിയ കിനാവായ ഐഎസ്എൽ ട്രോഫി കൊമ്പൻമാരുടെ ഷെൽഫിലിരിക്കും.

കൊമ്പന്മാരുടെ കനത്ത തോൽവി – ഒരു വിലയിരുത്തൽ | കേരള ബ്ലാസ്റ്റേഴ്സ്

അനൗദ്യോഗികമായി അൻപതിനായിരത്തിലധികം വരുന്ന കാണികളുടെ ഇടനെഞ്ച് തകർത്ത്, കൊമ്പന്മാരുടെ പ്രതിരോധനിര നിസ്സഹായരായി ഓടി കിതക്കെ ദിമിത്രി പെട്രോട്ടോസ് തന്റെ ഹാട്രിക്ക് തികയ്ക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ സീസണിലെ രണ്ടാം മത്സരത്തിൽ തകർന്നടിഞ്ഞിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് കൊമ്പന്മാരെ വംഗ ദേശത്തെ പോരാളികൾ തളച്ചത്.

അധിക സമയത്തിന് ശേഷം കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ റഫറി വിസിൽ മുഴക്കുമ്പോൾ മഞ്ഞപുതച്ച സ്റ്റാന്റുകൾ പൂർണ്ണ നിശബ്ദതയിലായിരുന്നു. പതുക്കെ പതുക്കെ ഗാലറികളിൽ നിന്ന് ആ മഞ്ഞനിറം പുറത്തേക്ക് ഒഴുകികൊണ്ടിരുന്നു. ആ തോൽവി ആരാധകർക്ക് കനത്ത ഒരു അടിയായിരുന്നു. കാരണം, ടീമിന്റെ ഫോം വെച്ച് അവർ തീർച്ചയായും പ്രതീക്ഷിച്ചത് തങ്ങളുടെ ചിരവൈരികൾക്ക് എതിരായ ഒരു വിജയം തന്നെയായിരുന്നു.

മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഒരു വിജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ ആരംഭിച്ചത്. വംഗ ദേശത്ത് നിന്ന് തന്നെ വന്ന മുൻ ഇന്ത്യൻ ദേശീയ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയത്. ടീമിൽ ലോൺ അടിസ്ഥാനത്തിൽ എത്തിയ ഇവാൻ കലൂഷ്നി എന്ന പുത്തൻ താരോദയത്തിനും കലൂർ സ്റ്റേഡിയം ആ മത്സരത്തിൽ സാക്ഷിയായി.

എടികെ മോഹൻബഗാൻ ആകട്ടെ ഡ്യുറണ്ട് കപ്പിൽ ഗ്രൂപ്പ്‌ സ്റ്റേജിൽ നിന്നും എഎഫ്‌സി കപ്പിൽ ക്വാർട്ടർ ഫൈനലിൽ നിന്നും പുറത്തായി. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒൻപതിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയുമായി തോൽവി വഴങ്ങി. എപ്പോൾ വേണെമെങ്കിലും പൊട്ടിതകരാൻ സാധ്യതയുള്ള ഇളകിയാടുന്ന ഒരു കസേരയിലാണ് പരിശീലകൻ ജുവാൻ ഫെറാണ്ടോ ഇരുന്നിരുന്നത്. ആ കസേരയുടെ പൊട്ടിയ ഇടങ്ങളിൽ ആണിയടിച്ച് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിൽ ജുവാന് സാധിച്ചു. കേരളത്തിന്റെ കൊമ്പന്മാർക്ക് കാലിടറിയത് എവിടെയെന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ.

മത്സരത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മുന്നേറ്റ താരം അപ്പോസ്‌റ്റോലിസ് ജിയാനുവിനെ ബെഞ്ചിലേക്ക് മാറ്റി ആദ്യ മത്സരത്തിൽ ഇരട്ടഗോളുകൾ നേടി തിളങ്ങിയ മധ്യനിരതാരം ഇവാൻ കലൂഷ്നിയെ ആക്രമണത്തിന്റെ ചുമതല നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ഇറങ്ങിയത്. ആദ്യ മത്സരത്തിൽ പരിക്കേറ്റ മൻവീർ സിങ്ങിന് പകരം ലിസ്റ്റൺ കോളാസോ എടികെക്ക് വേണ്ടി ആദ്യ പകുതിയിൽ ഇറങ്ങിയത്.

എടികെ മോഹൻബഗാനുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇരുപത് മിനിറ്റുകൾ ശ്രദ്ധിച്ച ഏതൊരു ഫുട്ബോൾ ആരാധകനും മുന്നിൽ കണ്ടിരിക്കുക മത്സരത്തിൽ ടീമിന്റെ ആധികാരിക വിജയം ആയിരിക്കും. അത്രയധികം ഒഴുക്കുള്ള കളിയാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. വൺ ടച്ച് പാസ്സുകളിലൂടെ മുന്നേറിയ ടീം മോഹൻബഗാന്റെ ബോക്സിൽ കനത്ത ഭീതി സൃഷ്ടിച്ചിരുന്നു. സഹൽ ഒരുക്കിയ അവസരത്തിൽ ഇവാൻ കലൂഷ്നി വിശാൽ കൈത്തിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടി.

ആദ്യ 20 മിനിറ്റിന് ശേഷം കളി കൈവിട്ട് പോകാൻ തുടങ്ങി. കൗണ്ടറുകളുമായി മോഹൻ ബഗാൻ കളിയിൽ തിരിച്ചെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പെട്രോട്ടോസിന്റെയും കൗക്കോയുടെയും ഗോളിൽ അവർ ലീഡ് നേടി. രണ്ടാം പകുതിയിയിൽ മത്സരത്തിന്റെ ചരട് കൊൽക്കത്തൻ ക്ലബ്ബിന്റെ കയ്യിൽ ആയിരുന്നു. രണ്ടാം പകുതിയിൽ പെട്രോട്ടോസ് രണ്ടും ലെന്നി റോഡ്രിഗസ് ഒന്നും വീതം ഗോളുകൾ നേടി. കേരളത്തിന് വേണ്ടി രാഹുലും സ്കോർ ചെയ്തു. മത്സരം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് എടികെ വിജയിച്ചു.

എവിടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് പിഴച്ചത്?

മത്സരത്തിന്റെ ലൈൻ അപ്പ് മുതൽ കേരളത്തിന് പാളിച്ചകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണികളിൽ മുഴുവനായും ഈ സീസണിലെ ആദ്യ മത്സരത്തിലും 4-4-2 എന്ന ശൈലിയിൽ കളിച്ചിരുന്ന ടീമിൽ നിന്ന് മുന്നേറ്റ താരം ജിയാനുവിനെ മാറ്റി മധ്യനിര താരം കളിക്കളത്തിലേക്ക് വന്നപ്പോൾ ടീമിന്റെ ഘടന തന്നെ മാറി. ഒരുപക്ഷെ, ശക്തമായ എടികെയുടെ മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാനുള്ള കോച്ചിന്റെ നീക്കാമായിരുന്നേക്കാം അത്. അത് ടീമിന്റെ കെമിസ്ട്രിയിൽ സാരമായ വിള്ളൽ വരുത്തി.

ആക്രമണം നടക്കുന്ന സമയത്ത് ഖബ്രയോ ജീക്സണോ സെന്റർ ഡിഫെൻസിലേക്ക് ഇറങ്ങി ഒരു ‘ത്രീ അറ്റ് ദി ബാക്ക്’ സൃഷ്ടിക്കുമായിരുന്നു. എന്നാൽ മധ്യനിരയിലേക്ക് പുതിയൊരു താരം കൂടി വന്നപ്പോൾ ജീക്സണും ഖബ്രയും തമ്മിലുള്ള ആശയവിനിമയത്തിൽ പ്രശ്നങ്ങൾ ഉണ്ടായി. അതിന്റെ ഫലമായി പ്രതിരോധത്തിൽ ലസ്കോവിച്ചും ഹോർമിപാമും മാത്രമായി. എടികെ മോഹൻ ബഗാന്റെ കുന്തമുനകളായ ലിസ്റ്റനെ പോലെയുള്ള വേഗതയേറിയ താരങ്ങൾ ബോക്സിലേക്ക് കടന്നു വന്നപ്പോൾ അവരെ തടയാൻ ഇവർക്ക് സാധിച്ചില്ല.

ജെസ്സലിന് കോച്ച് കൊടുത്ത ഡ്യൂട്ടി ആക്രമണം നടത്തുക എന്നതായിരുന്നു. അതിനാൽ താരം പ്രതിരോധത്തിലേക്ക് തിരിഞ്ഞു നോക്കുക പോലും ഉണ്ടായില്ല. റൈറ്റ് ഫുൾ ബാക്ക് കളിക്കുന്ന ഖബ്ര ആവട്ടെ വേഗത കുറഞ്ഞ ഒരു താരം കൂടിയാണ്. വിങ്ങിൽ ഈ രണ്ടുപേരുടെയും അഭാവം ഹോർമിപാമിനെ പൂർണ്ണമായും എക്സ്പോസ് ചെയ്തു എന്ന് വേണം കരുതാൻ. ഇത്രയും ഗോളുകൾ വഴങ്ങിയതിൽ ടീമിലെ എല്ലാ പ്രതിരോധനിരക്കാർക്കും ഒരേ രീതിയിൽ പങ്കുണ്ട്.

ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ ട്രാൻസിഷൻ സമയത്ത് എതിർ ടീമുകൾ നടത്തുന്ന പ്രത്യാക്രമണങ്ങൾ തടയാൻ കഴിയുന്ന ഒരു പ്രതിരോധനിരയില്ലെങ്കിൽ ടീമിന്റെ ഓരോ ആക്രമണവും എതിർ ടീമിന് അവസരങ്ങൾ ആയിരിക്കും.

മറ്റ് പോരായ്മകൾ

ഇവാൻ കലൂഷ്നി ഒരു ലോകോത്തര താരമാണ്. ഇത്രയും മികച്ച ഒരു സെൻട്രൽ മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഉണ്ടായിരുന്നോ എന്നത് തന്നെ സംശയമാണ്. എന്നാൽ താരത്തെ കളിക്കളത്തിലേക്ക് ഇറക്കുമ്പോൾ ടീമിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടായാൽ അത് മത്സരത്തെ എത്രത്തോളം ബാധിക്കും എന്നത് കഴിഞ്ഞ കളി തന്നെ കാണിച്ചു തന്നതാണ്. താരത്തെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ പ്യുട്ടിയയെ ബെഞ്ചിലേക്ക് മാറ്റേണ്ടതായി വരും. അങ്ങനെയെങ്കിൽ ആക്രമണത്തിൽ നിന്ന് ഒരു വിദേശ താരത്തെ പിൻവലിക്കേണ്ടതായും വരും. അങ്ങനെയെങ്കിൽ ബിദ്യാസാഗറിന് കൂടുതൽ അവസരങ്ങൾ ലഭിക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ജിയാനു കാഴ്ച വെച്ച പ്രകടനം ശരാശരിക്ക് താഴെയാണ്. എന്നാൽ പകരക്കാരനായി ഇറങ്ങുന്ന ബിദ്യാസാഗർ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

സെറ്റ്പീസുകളിൽ ടീം ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഫ്രീ കിക്കുകളും കോർണറുകളും കൂടാതെ ക്രോസുകളും പാഴായി പോകുന്ന ഒരു സാഹചര്യം ഉണ്ട്. ആദ്യ മത്സരത്തിലെ പ്രകടനം മാറ്റിനിർത്തിയാൽ അഡ്രിയാൻ ലൂണ തന്റെ പഴയ ഫോമിൽ ഇനിയും ഉയർന്നിട്ടില്ല എന്നൊരു നിരീക്ഷണം ലേഖകന് തോന്നുന്നുണ്ട്. ഒരുപക്ഷേ തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ ഷോക്കിൽ നിന്ന് താരം ഇനി മുക്തമായിട്ടില്ല എന്ന് വേണം കരുതാൻ. കഴിഞ്ഞ സീസണിലെ പോലെ താരത്തിന്റെ ഒരു തിരിച്ചു വരവിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് എക്സ്പോസ് ചെയ്തിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ എതിർ ടീമുകൾ മുംബൈയുടെ ആ പോരായ്മകൾ മനസ്സിലാക്കി തന്ത്രങ്ങൾ മെനയുകയും അവരെ തുടർച്ചയായ തോൽവികളിലേക്ക് തള്ളിയിടുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാൻ കേരളത്തിന്റെ പ്രതിരോധത്തിലെ ദൗർബല്യങ്ങളെ എക്സ്പോസ് ചെയ്തിട്ടുണ്ട്. മറ്റു ടീമുകൾ ഇതു മുതലാക്കി തന്ത്രങ്ങൾ മെനയാതിരിക്കാൻ പരിശീലകാൻ ഇവാൻ വുകുമാനോവിച്ച് ശ്രമിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആദ്യത്തെ മത്സരം എന്തൊക്കെ സൂചനകൾ നൽകുന്നു? ഒരു വിലയിരുത്തൽ

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌ സി 2022-23 സീസൺ വിജയത്തോടെയാണ് ആരംഭിച്ചത്. ഒക്ടോബർ എഴിന് കൊച്ചിയിലെ കലൂരിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് വരുന്ന ആരാധകർ അണി നിരന്ന മഞ്ഞകടലിനെ സാക്ഷി നിർത്തി ഈസ്റ്റ് ബംഗാൾ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ തകർത്തെറിഞ്ഞത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവാൻ കലൂഷ്നി രണ്ട് ഗോളുകളും അഡ്രിയാൻ ലൂണ ഒരു ഗോളും നേടി. ഈസ്റ്റ് ബംഗാൾ നേടിയ ആശ്വാസ ഗോൾ അലക്സ് ലിമയിൽ നിന്നായിരുന്നു വന്നത്. മത്സരത്തിലെ നാല് ഗോളുകളും ഏറ്റവും മികച്ചത് തന്നെയായിരുന്നു.

ഇന്നലെത്തെ മത്സരത്തിലെ കൊമ്പന്മാരുടെ പ്രകടനം വിലയിരുത്തുകയാണ് ഈ എഴുത്തിൽ. ഒരു മത്സരം കൊണ്ട് മാത്രം ടീമിനെ വിലയിരുത്തുന്നതിൽ അർത്ഥമില്ല എന്ന് അറിയാതെയല്ല. എങ്കിലും നിലനിൽക്കുന്ന ഒരു സിസ്റ്റത്തിലേക്ക് പുതിയ താരങ്ങളുടെ വരവും കഴിഞ്ഞ സീസണിൽ നിന്ന് മെച്ചപ്പെട്ട സ്‌ക്വാഡ് ഡെപ്തും എന്നാൽ പോലും ചില പൊസിഷനുകൾ ദുർബലമായതും കണക്കിലെടുത്താണ് ആദ്യ മത്സരത്തിന് ശേഷം ഇങ്ങനെയൊരു സാഹസത്തിന് മുതിരുന്നത്. അഭിപ്രായങ്ങൾ വ്യക്തിപരം.

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഹോം, എവേ മത്സരക്രമങ്ങളുമായി പൂർണ്ണമായ രീതിയിലാണ് ഈ സീസൺ നടത്തുന്നത് എന്ന് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിലായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയതും ടീമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പരിശീലകൻ തുടർച്ചയായി രണ്ടാമത്തെ വർഷവും ടീമിന്റെ സിസ്റ്റത്തിൽ തന്നെ നിലനിൽക്കുന്നതും അവരെ ഈ സീസൺ കൂടുതൽ പ്രതീക്ഷകളിലേക്ക് എത്തിക്കുന്നു. മൂന്നു തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തുമെന്നാണ് ആരാധകരുടെ വിശ്വാസം.

മത്സരത്തെ പറ്റി

പുതിയ താരങ്ങളുടെ വരവും അവരെ ഇവാന്റെ സിസ്റ്റത്തിലേക്ക് എങ്ങനെ ഉൾകൊള്ളിക്കാൻ സാധിക്കും എന്ന ആശങ്കകളും ഈ സീസൺ തുടങ്ങുന്നതിന് മുൻപ് ഉണ്ടായിരുന്നു. ഈ റൂമറുകളെ കാറ്റിൽ പറത്തി കഴിഞ്ഞ വർഷം പരിശീലകൻ ഇവാൻ കേരള ബ്ലാസ്റ്റേഴ്സിൽ ഉപയോഗിച്ച അതേ സിസ്റ്റം നിലനിർത്തി തന്നെയാണ് ഇത്തവണയും ടീമിനെ കളിക്കളത്തിൽ ഇറക്കിയത്. 4-4-2 ഫോർമേഷനിൽ കഴിഞ്ഞ വർഷത്തെതിൽ നിന്നുണ്ടായ ഏക മാറ്റം ആൽവാരോ വാസ്കസിനും പെരേര ഡിയാസിനും പകരം മുന്നേറ്റ നിരയിൽ ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രി ദിയാമന്റക്കോസും ഗ്രീക്ക്/ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ അപോസ്തോലിസ് ജിയാനുവും എത്തി എന്നതാണ്.

ഈസ്റ്റ്‌ ബംഗാൾ ആകട്ടെ ഇന്ത്യൻ ദേശീയ ടീമിന്റെ മുൻ പരിശീലകനായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റയിനിന്റെ കീഴിൽ കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി മെച്ചപ്പെട്ട ഒരു ടീമിനെയാണ് ഈ സീസൺ വേണ്ടി ഒരുക്കിയത്. ദേശീയ ഫുട്ബോൾ ടീമിൽ സ്റ്റീഫൻ ഉപയോഗിച്ചിരുന്ന ഡയറക്റ്റ് ഫുട്ബോൾ ആണ് കൊച്ചിയിലും പ്രതീക്ഷിച്ചിരുന്നതെങ്കിലും കുറച്ചുകൂടി പന്ത് കൈമാറ്റം ചെയ്തു കളിക്കുന്ന മിശ്രമായ രീതിയാണ് സ്റ്റീഫൻ ഉപയോഗിച്ചത്.

മത്സരത്തിന്റെ ആദ്യപകുതി വിരസമായിരുന്നു. ഐഎസ്എല്ലിൽ എക്സ്പീരിയൻസ് ഉള്ള ഇവാൻ ഗോൺസാലസും അലക്സ് ലിമയും ക്ലീറ്റൻ സിൽവയും അടങ്ങുന്ന വിദേശനിരയും കമൽജിത്ത് സിങ്ങും വിപി സുഹൈറും സൗബിക്ക് ചക്രവർത്തിയും അടങ്ങുന്ന ഇന്ത്യൻ നിരയും ബ്ലാസ്റ്റേഴ്സിനെ വെള്ളം കുടിപ്പിച്ചു. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് ഒരു ഉണർവ് ഉണ്ടാവുന്നത്. 71 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടി ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിച്ചു. പ്യുടിയക്ക് പകരം മധ്യനിരയിൽ ഇവാൻ കലൂഷ്നി എത്തിയതോടെ കളിയുടെ ചരട് ബ്ലാസ്റ്റേഴ്സിന്റെ കയ്യിലെത്തി. 81, 89 മിനുട്ടുകളിൽ ഇവാൻ ഗോളുകൾ നേടി. ഈസ്റ്റ് ബംഗാളിന് വേണ്ടി അലക്സ് ലിമയും ഗോൾ നേടി.

നിരീക്ഷങ്ങൾ

പോസിറ്റീവ്സ്

ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദ്യമത്സരത്തിൽ തന്നെ ലഭിച്ച ആധികാരികമായ വിജയമാണ്. കറുത്ത കുതിരകൾ ആയി മാറാൻ ധാരാളം സാധ്യത കൽപ്പിക്കപ്പെടുന്ന ഈസ്റ്റ് ബംഗാളിനെതിരായ വിജയം ലീഗിൽ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ ജയത്തിന് സാധിക്കും. ഇവാൻ വുകുമാനോവിച്ച് തന്റെ സിസ്റ്റത്തിൽ മാറ്റം വരുത്തിയേക്കാം എന്ന ആശങ്ക തന്നെയാണ് പിന്നീട് ഇല്ലാതെയായത്. കാരണം, പുതിയൊരു സിസ്റ്റത്തിലേക്ക് ടീം മാറുമ്പോൾ ഉണ്ടാകുന്ന ട്രാൻസിഷൻ പിരീഡ് ഐഎസ്എൽ പോലെയുള്ള ചെറിയ ലീഗുകളിൽ വളരെയധികം നിർണായകമാണ്. എന്നാൽ കഴിഞ്ഞവർഷത്തെ സിസ്റ്റം മാറ്റാതെ കളിക്കാനാണ് ഇവൻ തീരുമാനിച്ചത്.

ഇവാൻ കലൂഷ്നി എന്ന വുകുമാനോവിച്ചിന്റെ ഉക്രൈൻ മിസൈൽ ആണ് മറ്റൊരു സവിശേഷത. രഹസ്യ ആയുധമായി രണ്ടാം പകുതിയിലേക്ക് ആയി കരുതിവച്ച താരം തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇൻസ്റ്റന്റ് ഇമ്പാക്റ്റ് ആണ് ഉണ്ടാക്കിയത്. ഒരു പക്ഷേ റഷ്യ-ഉക്രൈൻ യുദ്ധം കൊമ്പന്മാർക്ക് നൽകിയ ഒരു വജ്രായുധമാണ് ഇവാൻ. രണ്ടാം പകുതിയിൽ ഇവാന്റെയും ബിദ്യസാഗറിന്റെയും വരവ് മത്സരത്തിന്റെ വേഗത കൂട്ടി. അവിടെ തകർന്നടിഞ്ഞു ഈസ് ബംഗാൾ. ഇവാൻ രണ്ട് ഗോളുകൾ നേടിയപ്പോൾ ബിദ്യാസാഗർ ഒരെണ്ണത്തിന് അസ്സിസ്റ്റ് നൽകി. 80 ആം മിനുട്ടിൽ പകരക്കാരൻ ആയി ഇറങ്ങിയ താരം, രണ്ടുവർഷം മുമ്പ് ഇന്ത്യൻ ഫുട്ബോളിൽ തനിക്ക് ലഭിച്ച ഹൈപ്പിനു കാരണം എന്തായിരുന്നു എന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കാണിച്ചു കൊടുക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ടീമിന്റെ ക്യാപ്റ്റൻ ജെസ്സൽ കാർനേരോ ലെഫ്റ്റ് വിങ്ങിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. ഓവർലാപ്പ് ചെയ്ത് മുന്നോട്ട് കയറി ക്രോസുകൾ നൽകിയും കട്ട് ചെയ്ത് ഉള്ളിലേക്ക് കയറി പാസുകൾ നൽകിയും കളിയെ മുന്നോട്ട് കൊണ്ട് പോയി. കൂടാതെ, ജീക്സൺ – പ്യുടിയ ദ്വയം നന്നായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ജെസ്സൽ അറ്റാക്ക് ചെയ്യുമ്പോൾ ജീക്സൺ പ്രതിരോധത്തിലേക്ക് ഇറങ്ങി രൂപപ്പെടുത്തുന്ന ത്രീ മെൻ ഡിഫെൻസ് നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചു. ഇവാൻ കലൂഷ്നിയെ പോലെ ഇമ്പാക്ട് ഉണ്ടാക്കുന്ന താരത്തെ ഈ സിസ്റ്റത്തിൽ ആദ്യപകുതിയിൽ കളിപ്പിക്കണമെങ്കിൽ മധ്യനിരയിൽ നിന്ന് ആരെ മാറ്റണം എന്ന കാര്യം വുകുമാനോവിച്ചിനെ കുഴപ്പത്തിലാക്കും എന്നത് തീർച്ച.

നെഗറ്റീവ്സ്

മധ്യനിരയും ആക്രമണനിരയും തമ്മിലുണ്ടായ വിടവാണ് ആദ്യത്തെ പോരായ്മയായി കാണുന്നത്. സഹലും ലൂണയും ഡിമിത്രിയും ജിയാനുവും തമ്മിലുള്ള ബന്ധം ശക്തിപ്പെടാത്ത പോലെ തോന്നിച്ചു. മധ്യനിരയിൽ നിന്ന് പന്ത് വരുമ്പോൾ അവർ ഓടിയെടുക്കാൻ ശ്രമിക്കുന്നില്ല. അവർ ഓടാൻ തുടങ്ങുന്ന സമയത്ത് പന്ത് ലഭിക്കുന്നുമില്ല.

കൂടാതെ, മുന്നേറ്റ നിരയിൽ ആക്രമണം നയിക്കേണ്ടവരിൽ നിന്ന് കാര്യമായ സംഭാവനൊന്നും ലഭിച്ചില്ല എന്നത് ഒരു പോരായ്മയായിരുന്നു. ദിമിത്രി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചുവെങ്കിലും ജിയാനു പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്നതാണ് സത്യം. താരം പല മേഖലകളിലും ഇനിയും തെളിയിക്കേണ്ടതായുണ്ട്. ബിദ്യസാഗർ പകരക്കാരനായി വന്നപ്പോഴാണ് ആ പൊസിഷനിൽ ഒരു ഊർജം വന്നത്.

സഹലിന്റെ പ്രകടനം ശരാശരി ആയിരുന്നു. ക്രോസുകളും ലോങ്ങ് ബോളുകളും ലക്ഷ്യത്തിലേക്ക് എത്തിയുയരുന്നില്ല. കൂടാതെ പലതവണ പന്ത് കയ്യിൽ നിന്ന് നഷ്ടപ്പെടുകയും ആകുകയും ചെയ്തു. എന്നാൽ, സഹൽ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ ഉണ്ടായ ഇഞ്ചുറി കഴിഞ്ഞ് ക്യാമ്പിലേക്ക് എത്തിയ താരം ആയിരുന്നു എന്നും പ്രകടനം പഴയതലത്തിൽ എത്തിക്കാൻ ആവശ്യമായ സമയം കൊടുക്കേണ്ടതാണെന്നും പരിശീലകൻ മത്സരശേഷം പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു.

പ്രതിരോധനിരയിൽ ഹോർമിപാം റുയിവയുടെ പാസ്സുകൾ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ലെസ്‌കോവിച്ച് മെച്ചപ്പെട്ട രീതിയിൽ കളിച്ചു എങ്കിലും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. മത്സരത്തിൽ ഏരിയലുകളിൽ താരത്തിന്റെ പ്രകടനം ശരാശരിക്ക് താഴെ ആയിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടി അലക്സ് ലിമ നേടിയ ഗോൾ ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നു.

മുകളിലെ നിരീക്ഷണങ്ങൾ പൂർണമായും വ്യക്തിപരമാണ്. ഒരുപക്ഷേ ഇതിലധികം ഘടകങ്ങൾ മത്സരത്തിൽ നിന്ന് പലർക്കും മനസ്സിലാക്കാൻ സാധിച്ചിരിക്കും. ഈ പോരായ്മകളെല്ലാം പരിഹരിച്ച് ഒക്ടോബർ 16 നു എടികെ മോഹൻബഗാനുമായുള്ള മത്സരത്തിൽ കൊമ്പന്മാർ കളിക്കളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

“പെൺകുട്ടികളെ ഫുട്ബോൾ പരിശീലനത്തിന് അയക്കരുത് എന്ന് വീടുകൾ കയറി പറഞ്ഞ ആളുകളുണ്ട്. അവർക്ക് മദ്ധ്യേ അഭിമാനകരമാണ് ഈ നേട്ടം” : കോച്ച് നിധീഷ് | അഭിമുഖം 

നിധീഷ് കോച്ച് ഫാൻപോർട്ടിന് നൽകിയ അഭിമുഖം

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വനിത ടീം തങ്ങളുടെ അരങ്ങേറ്റ സീസണിൽ കേരള വനിത ലീഗിൽ ഗോളുകൾ നേടി ആറാടുമ്പോൾ ആഘോഷങ്ങൾ നടക്കുന്നത് അങ്ങ് കേരളത്തിന്റെ വടക്കേയറ്റമായ കാസർഗോഡിലാണ്. സപ്തഭാഷ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന കാസർഗോഡിൽ നിന്ന് ഏഴ് താരങ്ങളാണ് നിലവിൽ മഞ്ഞപ്പടയുടെ ഭാഗമായിരിക്കുന്നത്. എല്ലാവരും ഒരു കളരിയിൽ നിന്ന് അടവ് പഠിച്ചവർ. വളരെക്കാലം ഒരുമിച്ച് കളിച്ചവർ. കേൾക്കുമ്പോൾ ഒരുപക്ഷെ അത്ഭുതം തോന്നാം. എന്നാൽ, ഈ ഏഴുപേരുടെയും വളർച്ചയുടെ പുറകിൽ പ്രവർത്തിച്ചത് ഒരേ വ്യക്തി തന്നെയാണ്. മുൻ ഫുട്ബോൾ താരവും പരിശീലകനുമായ നിധീഷ് ബങ്കളത്ത്.

കേരള സന്തോഷ് ട്രോഫി ടീമിലേക്കുള്ള അവസരം തലനാരിഴക്ക് നഷ്ടപെട്ട ഒരു ഫുട്ബോൾ താരത്തിൽ നിന്നും ഇന്ന് കേരള വനിതാ ഫുട്ബോളിൽ കഴിവുറ്റ താരങ്ങളെ വളർത്തിയെടുക്കുന്ന ഒരു പരിശീലകന്റെ കുപ്പായം അണിഞ്ഞ കോച്ച് നിധീഷ് ബങ്കളത്ത് യാതൊരുവിധ പ്രതിഫലവും വാങ്ങാതെയാണ് ഇന്ന് കേരള ഫുട്ബോളിന് കഴിവുറ്റ താരങ്ങളെ രൂപപ്പെടുത്തി കൊടുക്കുന്നത്. താൻ വനിതാ ഫുട്ബോളിൽ എത്തിയതിനെ കുറിച്ചും വനിതാ ഫുട്ബോളിനോടുള്ള മലയാളികളുടെ കാഴ്ചപ്പാടിനെ കുറിച്ചും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും കാസർഗോഡിന്റെയും അഭിമാനതാരങ്ങളെ കുറിച്ചും നിധീഷ് ബങ്കളത്ത് ഫാൻപോർട്ടിനോട് സംസാരിച്ചു. 

കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പ് വരെയെത്തിയ ഒരു കരിയർ. അവിടെ നിന്ന് വളരെ പെട്ടെന്ന് പരിശീലകന്റെ കുപ്പായം അണിയാനുള്ള കാരണം എന്തായിരുന്നു?

നിധീഷ്: നാട്ടിൽ കൂട്ടുകാരോടൊപ്പം പറമ്പുകളിൽ പന്ത് തട്ടി നടന്ന ആളായിരുന്നു ഞാൻ. പിന്നീട് പ്ലസ് ടു കഴിഞ്ഞ് പോളിടെക്നിക്കിൽ എത്തിയപ്പോഴാണ് ഞാൻ ഫുട്ബോളിനെ അതിന്റെ ഗൗരവത്തിൽ എടുത്തത്. അച്ഛൻ നാട്ടിൽ അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരം ആയിരുന്നു. അച്ഛന്റെ ബൂട്ടിലാണ് ഞാൻ കളി പഠിച്ചത്. കോളേജിന് വേണ്ടി കളിക്കുകയും ഇന്റർപോളിയിൽ ജേതാക്കളാകുകയും ചെയ്തു. അതിനുശേഷം കണ്ണൂർ എസ്എൻ കോളേജിൽ സ്പോർട്സ് കോട്ടായിൽ അഡ്മിഷൻ കിട്ടി. കൂടാതെ, നാട്ടിൽ സെവൻസ് കളിക്കുകയും ചെയ്യുമായിരുന്നു. തുടർന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പ് കളിക്കാൻ ജില്ല ടീമിലേക്ക് അവസരം കിട്ടി. കൂടാതെ എന്റെ ക്ലബ്ബായ ആഗ്നി തൃക്കരിപ്പൂരിനൊപ്പം അതേ വർഷം തന്നെ ക്ലബ് ചാമ്പ്യൻഷിപ്പ് കളിച്ചിരുന്നു. അവിടെ നിന്നാണ് സന്തോഷ് ട്രോഫി ക്യാമ്പിന്റെ ഭാഗമാകുന്നത്. പക്ഷെ, നിർഭാഗ്യവശാൽ അവസാന സ്‌ക്വാഡിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല.

പോളിടെക്നിക്കിൽ പഠിക്കുന്ന കാലത്ത് ഞാൻ കോളേജ് യൂണിയനിൽ ജനറൽ ക്യാപ്റ്റൻ ആയിരുന്നു. പരിശീലകർ ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. തുടർന്നാണ് എന്റെ ഒരു സുഹൃത്ത് അവരുടെ ഒരു ക്ലബ്ബിനെ പരിശീലിപ്പിക്കാൻ എന്നെ ക്ഷണിച്ചത്. അവിടെ നിന്നാണ് കളിക്കുന്നതിനൊപ്പം തന്നെ ഞാൻ പരിശീലകന്റെ കുപ്പായം അണിഞ്ഞത്. ശേഷം നാട്ടിലെ തന്നെ കുട്ടികൾക്ക് ഞാൻ പരിശീലനം നൽകി. ആദ്യം ആൺകുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒരു അക്കാദമി സെറ്റപ്പ് ഇല്ലാതിരുന്നതിനാൽ തന്നെ ഒരു സമയം കഴിഞ്ഞാൽ അവർ മറ്റ് ക്ലബ്ബുകൾ തേടി പോകുമായിരുന്നു.

ധാരാളം വെല്ലുവിളികളും സമൂഹത്തിൽ നിന്ന് എതിർപ്പുകളും നേരിടുന്ന ഒന്നാണ് വനിതാ ഫുട്ബോൾ. പെൺകുട്ടികളെ പരിശീലിപ്പിക്കുക എന്ന ഒരു തീരുമാനത്തിലേക്ക് എങ്ങനെയാണ് എത്തിയത്?

നിധീഷ്; കക്കാട് സ്കൂളിൽ പരിശീലിക്കുമ്പോഴാണ് സ്കൂളിൽ ഒരു ഗേൾസ് ടീം ഉണ്ടാക്കിയാലോ എന്ന ഒരു ആശയം ഉണ്ടാകുന്നത്. എനിക്ക് നേടാൻ കഴിയാത്തത് എന്റെ കുട്ടികളിലൂടെ നേടണം എന്ന് ആഗ്രഹമാണ് ഇങ്ങനെ ഒരു തീരുമാനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നത്. സ്കൂളിലെ കായികാധ്യാപികയായ പ്രീതിമോൾ ടീച്ചർ കൂടെ നിന്നത് കൊണ്ട് മാത്രമാണ് ധാരാളം വെല്ലുവിളികൾക്ക് ഇടയിലും ഒരു ടീം രൂപപ്പെടുത്താൻ സാധിച്ചത്. അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ ഒരുമിച്ചായിരുന്നു തിരഞ്ഞെടുത്തത്.

വനിതാ ഫുട്ബോളിൽ അധികം ടീമുകൾ ഇല്ലാതിരുന്നതിനാൽ തന്നെ ജില്ല തലത്തിൽ നേരിട്ട് ഫൈനൽ കളിച്ചു ആദ്യ വർഷം തന്നെ ടീം സംസ്ഥാനതലത്തിൽ എത്തി. നാലാമത്തെ വർഷം സംസ്ഥാന ജേതാക്കളുമായി. തൊട്ടടുത്ത വർഷം കിരീടം നിലനിർത്തുകയും ചെയ്തു. ആ ടീമിൽ നിന്ന് നാലോളം പേർ കേരള ടീമിന്റെ ഭാഗമായി. രണ്ട് പേർ ഇന്ത്യൻ ടീമിന്റെ ഭാഗമായി. എങ്കിലും നാട്ടിൽ നിന്ന് കിട്ടിയ സപ്പോർട്ട് വളരെ കുറവായിരുന്നു.

വനിതകൾ കായികയിനങ്ങളിൽ പങ്കെടുക്കുന്നത് വിമുഖതയോടെ കാണുന്ന ധാരാളം ആളുകൾ നമ്മളുടെ ചുറ്റുപാടും ഉണ്ട്. പ്രത്യേകിച്ചു അത് ഫുട്ബോൾ ആകുമ്പോൾ. എങ്ങനെയാണ് ഈ വെല്ലുവിളികളെ അതിജീവിച്ചത്?

നിധീഷ്; ഒരുപാട് എതിർപ്പുകൾ ചുറ്റുപാടും നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഓരോ താരങ്ങളുടെയും വീടുകളിൽ നേരിട്ട് കയറിചെന്ന് അവരോട് ഫുട്ബോൾ കളിക്കാൻ പോകണ്ട എന്ന് പറയുന്ന ആളുകൾ വരെ ഉണ്ടായിരുന്നു. എങ്കിലും ആരും പിന്മാറാൻ തയ്യാറായിരുന്നില്ല. മത്സരങ്ങൾക്ക് വേണ്ടി കൊണ്ട് പോകുമ്പോൾ ഒരു ടീം മാനേജർ എന്ന രീതിയിൽ കൂടെ നിന്നത് മാളവികയുടെ അമ്മയായിരുന്നു.

ഒരു സാംസ്‌കാരിക സ്ഥാപനമോ രാഷ്ട്രീയ സംഘടനയോ ക്ലബ്ബോ സ്കൂളോ ഞങ്ങൾക്ക് ഒരു കിറ്റോ ജേഴ്സിയോ പന്തോ വാങ്ങിത്തന്നിട്ടില്ല. എന്റെയും പ്രീതി ടീച്ചറുടെയും സാലറിയിൽ നിന്നാണ് കഴിഞ്ഞ 10 വർഷമായി ഈ ഒരു സംരംഭം മുന്നോട്ട് പോകുന്നത്. ഇന്ന് ഇങ്ങനെയൊരു ക്യാമ്പ് നടക്കുന്നുണ്ട് എന്ന് ആളുകൾ അറിഞ്ഞത് തന്നെ എന്റെ കുട്ടികൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിനാലാണ്.

ഈ ഫുട്ബോൾ ക്യാമ്പ് സംരംഭത്തെ പറ്റി ഒന്ന്‌ വ്യക്തമാക്കാമോ?

നിധീഷ്; നാട്ടിലുള്ള ഒരു വനിത ഫുട്ബോൾ ക്യാമ്പ്. പരിശീലനം സൗജന്യമാണ്. അതിലേക്ക് ആർക്കും വരാം. ഒരു കിറ്റും ബോളും സ്വന്തമായിട്ട് വാങ്ങണം എന്ന് മാത്രം. കൂടാതെ ഫുട്ബോളിനോടുള്ള കുറച്ചു പാഷനും. ഇത് ഒരു അക്കാദമി ഒന്നും അല്ല. അതിനാൽ തന്നെ ഒരു ടീമിനെ സ്ഥിരമായി നിലനിർത്താൻ സാധിക്കാറുമില്ല. ഇന്ന് ഫുട്ബോൾ അക്കാദമി എന്നാൽ ബിസിനസ്സ് ആണ്. കോച്ചിങ് ലൈസൻസ് എടുത്ത സമയത്ത് കുട്ടികളെ ട്രെയിൻ ചെയ്യാമോ എന്ന് ചോദിച്ച് ചില അക്കാദമികൾ സമീപിച്ചിരുന്നു. എന്നാൽ, എനിക്ക് അതിനോട് താല്പര്യമില്ലായിരുന്നു.

നിലവിൽ 25 കുട്ടികളാണ് ക്യാമ്പിൽ ഉള്ളത്. ഈ അടുത്താണ് വുമൺസ് ഫുട്ബോൾ ക്ലിനിക് എന്ന പേരിൽ ക്യാമ്പിന് സോഷ്യൽ മീഡിയയിൽ ഹാൻഡിലുകൾ ഉണ്ടാക്കിയത്. പെൺകുട്ടികൾ മാത്രമല്ല ഒരു അഞ്ച് വർഷം മുൻപ് വരെ ആൺകുട്ടികളുടെ ക്യാമ്പും ഉണ്ടായിരുന്നു. അതിൽ നിന്നും മുകളിലേക്ക് പോയ താരങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടത് ഗോകുലത്തിനും ഈസ്റ്റ് ബംഗാളിനും നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടി ബൂട്ട് കെട്ടിയ മിർഷാദ് ആണ്.

ഏഴ് താരങ്ങളാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ഭാഗമായിട്ടുള്ളത്. എത്രത്തോളം അഭിമാനമുണ്ട് ഈ നേട്ടത്തിൽ?

നിധീഷ്; മാളവിക, ആര്യശ്രീ, അശ്വതി, അഞ്ചിത, ആരതി, കൃഷ്ണപ്രിയ, ജിജിന എന്നീ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിട്ട് ഉള്ളത്. ഇതിൽ അണ്ടർ 17 ഗോൾകീപ്പർ ആയ ജിജിന ഈ അടുത്താണ് ടീമിലേക്ക് എത്തുന്നത്. ഈ താരങ്ങളുടെ ബാക്ക്ഗ്രൗണ്ട് സാമ്പത്തികമായി അത്ര മെച്ചപ്പെട്ടതല്ല. അവരുടെ പ്രയത്നം ആണ് അവരെ ഇവിടെ എത്തിച്ചത്.

ഈ ഏഴ് പേരെയും എന്നെ കോൺടാക്ട് ചെയ്തല്ല കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. റിസ്‌വാൻ എന്നെ വിളിക്കുന്നത് അശ്വതിക്കും അഞ്ചിതക്കും വേണ്ടിയാണ്. മാളുവിനെ നേരിട്ട് കോൺടാക്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം പരിക്ക് മൂലം കളിക്കാതിരുന്നതിനാൽ ആര്യശ്രീയെ അവർക്ക് അറിയില്ലായിരുന്നു. പിന്നീട് ഞാൻ വഴി അവർ ആര്യ ശ്രീയിൽ എത്തി. U17 ടീമിന്റെ ഗോൾകീപ്പർ എന്ന നിലയിലാണ് അവർ സൈൻ ചെയ്യുന്നത്. ഈ ഏഴ് പേരും പല രീതിയിലാണ് ടീമിൽ എത്തുന്നത്. അല്ലാതെ എന്നെ നേരിട്ട് വിളിച്ചു ഇത്രേം പേരെ സൈൻ ചെയ്തത് അല്ല.

പത്ത് വർഷം മുൻപ് ഈ  ക്യാമ്പ് ആരംഭിക്കുമ്പോൾ ഞാൻ ആദ്യം അവരോട് പറഞ്ഞത് എനിക്ക് ഒരു ഇന്ത്യൻ താരം വേണമെന്നാണ്. പിന്നീട് ആ താരത്തെ ആ കൂട്ടത്തിൽ നിന്ന് ഞാൻ കണ്ടെത്തി. ബുദ്ധി ഉപയോഗിച്ച് ഫുട്ബോൾ കളിക്കുന്ന ഒരു കുട്ടി. ആര്യശ്രീ ആയിരുന്നു അത്. അടുത്ത അഞ്ച് വർഷത്തിൽ അവൾ ഇന്ത്യയുടെ കുപ്പായം അണിഞ്ഞു. പിന്നീട് മാളവികയും ഇന്ത്യക്ക് വേണ്ടി ബൂട്ട് അണിഞ്ഞു.

മാളവിക എന്ന താരം ഇന്ന് കേരള ഫുട്ബോളിൽ തന്റെതായ മേൽവിലാസം രചിക്കുകയാണ്. ശിഷ്യയുടെ ഈ വളർച്ചയെ എങ്ങനെ കാണുന്നു?

നിധീഷ്; പരീക്ഷ ആയാൽ പോലും പരിശീലനം മുടക്കാത്ത താരമാണ് മാളവിക. അച്ഛൻ ഇല്ലാത്തതിനാൽ തന്നെ എന്നെ ആ സ്ഥാനത്താണ് അവൾ കാണുന്നത്. രാവിലെ എന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നാണ് അവൾ ഗ്രൗണ്ടിലെത്തുന്നത്. ആരും ഇല്ലെങ്കിലും അവൾ ഒറ്റക്ക് പരിശീലനം നടത്തും. കോവിഡ് സമയത്തും അങ്ങനെ തന്നെ ആയിരുന്നു.  

മാളുവിന്റെ ചിന്തകൾ ഇന്ത്യൻ ഫുട്ബോളിൽ ഒതുങ്ങുന്നതായിരുന്നില്ല. അവൾ കാണുന്നതും പിന്തുടരുന്നതും യൂറോപ്യൻ ഫുട്ബോൾ ആണ്. അവൾ തിരഞ്ഞെടുക്കുന്ന നമ്പർ 11 ആണ്. അവൾക്ക് ഏറെ പ്രിയപ്പെട്ട ബാഴ്സലോണയുടെ അലക്സിയയുടെയും ആർസനലിന്റെ വിവിന്നെയുടെയും നമ്പർ. അവളുടെ ആഗ്രഹം ട്രൈനിങ്ങിന് വേണ്ടി എങ്കിലും ഇന്ത്യക്ക് പുറത്ത്പോകണം എന്നതാണ്.

അണ്ടർ 17 വനിതാ ടീമിലേക്ക് താരങ്ങളെ കണ്ടെത്താൻ റിലയൻസ് നടത്തിയ ടൂർണമെന്റിൽ ചീറ്റാസ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു മാളു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഓനം ബെംബെം ദേവിയുടെ കീഴിൽ ആയിരുന്നു ആ ടീം. അവൾക്ക് വേണ്ടി ഗാലറിയിൽ പോസ്റ്ററുകൾ ഉയർന്നത് ഇപ്പോഴും ഓർമയുണ്ട്. ഇവിടുന്ന് പോയ ഒരു കുട്ടിക്ക് വേണ്ടി കൊൽക്കത്തയിൽ പോസ്റ്ററുകൾ ഉയർന്നപ്പോൾ വലിയ സന്തോഷമാണ് ഉണ്ടായത്. അവൾക്ക് അവിടെയും ആരാധകർ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന് മുൻപ് ഞങ്ങളെ കോൺടാക്ട് ചെയ്തത് ലോർഡ്സ് എഫ്‌സി ആയിരുന്നു. അവർ അമേച്വർ കോൺട്രാക്ട് ആണ് മുന്നോട്ട് വെച്ചത്. ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് വെച്ചതിനേക്കാൾ പല മടങ്ങ് വലുതായിരുന്നു അവർ മുന്നോട്ട് വെച്ച ഓഫർ. ടൂർണമെന്റ് കളിച്ച് തിരികെ കൊൽക്കത്തയിലേക്ക് മടങ്ങാം. പക്ഷെ, മാളവിക തിരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. മൂന്ന് വർഷം അവൾ ഇനി അവിടെ ഉണ്ടാകും.

എന്തുകൊണ്ടാണ് താരങ്ങളെ കളിക്കാൻ കേരളത്തിന് പുറത്തേക്ക് അയക്കുന്നത്. ഇവിടെ വനിതാ ഫുട്ബാളിന് വേണ്ടത്ര പരിഗണന ഇല്ലാത്തതിനാലാണോ?

നിധീഷ്; മാളവിക കൊൽക്കത്തയിൽ ആയിരുന്നു. ആര്യയും പുറത്തായിരുന്നു. രണ്ട് പേരും ഒരുമിച്ച് ബാംഗ്ലൂരിൽ മിസാക്കയിൽ ഉണ്ടായിരുന്നു. കൊൽക്കത്തയിൽ വനിതാ ഫുട്ബോളിന് കിട്ടുന്ന പിന്തുണ വളരെ വലുതാണ്. ഇന്ന് കേരളത്തിലും അത് രൂപപ്പെടുന്നുണ്ട്.

ഒരു ചെറിയ സംഭവം സൂചിപ്പിക്കാം. കൊൽക്കത്തയിൽ റിലയൻസ് U17 ഗേൾസ് ചാമ്പ്യൻഷിപ്പ് നടക്കുന്ന സമയത്താണ് കേരളത്തിൽ സ്കൂൾ ഗെയിംസിന്റെ സെലക്ഷൻ നടക്കുന്നത്. ഞാൻ ഒരിക്കലും സെലക്ഷൻ ടൈമിൽ കൂടെ പോകാറില്ല. കൂടാതെ കേരള ടീമിന്റെയും ഇന്ത്യൻ ടീമിന്റെയും ജെഴ്‌സി ഇട്ടിട്ട് പോകരുത് എന്ന് ഞാൻ അവരോട് പറഞ്ഞിട്ടും ഉണ്ട്. കാരണം, സെലക്ഷൻ അവർ കളിച്ചു തന്നെ നേടിയെടുക്കണം എന്നാണ് എന്റെ നിലപാട്. രാവിലെ ഗ്രൗണ്ടിൽ പോയി ഒരു 20 മിനുട്ട് കളിച്ചപ്പോൾ തന്നെ മാളവിക രണ്ടോ മൂന്നോ ഗോളുകളും രണ്ട് അസ്സിസ്റ്റുകളും നേടി. ശേഷം അവളെ ബെഞ്ചിലേക്ക് മാറ്റി. ഉച്ചക്ക് ഇറങ്ങി അവൾ വീണ്ടും രണ്ട് ഗോൾ അടിച്ചു. തുടർന്ന് വീണ്ടും ബെഞ്ചിലേക്ക് മാറ്റി.

അവസാനം തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് വന്നപ്പോൾ അതിൽ മാളവികയുടെ പേരില്ല. അതും സെലെക്ഷനിൽ തകർത്ത് കളിച്ച താരം. അന്ന് കേരളത്തിലെ ഏറ്റവും മികച്ച താരമായിരുന്നു മാളവിക എന്നതിനാൽ തന്നെ വലിയ ഞെട്ടൽ ആയിരുന്നു ഈ സംഭവം. തുടർന്ന് ഞങ്ങൾ കായിക മന്ത്രിയെ കണ്ട് മാളവിക ദേശീയ ക്യാമ്പിന്റെ ഭാഗമാണെന്നും സെലക്ഷനിൽ നല്ല പ്രകടനം കാഴ്ചവെച്ചിട്ടും തഴഞ്ഞു എന്ന് അറിയിച്ചു. തുടർന്ന്, മന്ത്രി റിപ്പോർട്ട് ചോദിച്ചപ്പോൾ താരത്തിന് അവളുടെ പൊസിഷൻ – അതായത് നിലവിൽ കളിക്കുന്ന റൈറ്റ് വിങ്ങിൽ കളിയില്ല എന്നാണ് സെലക്ടർസ് പറഞ്ഞത്. അതായത് അവൾ ഇപ്പോൾ തകർത്ത് കളിക്കുന്ന പൊസിഷൻ. അന്ന് തീരുമാനിച്ചതാണ് കേരളത്തിന് പുറത്തേക്ക് കളിക്കാൻ പോകണം എന്ന്. അതുകൊണ്ടാണ് അവർ പുറത്തേക്ക് പോയത്.

എന്തായാലും ഇപ്പോൾ വളരെ സന്തോഷമുണ്ട്. എന്റെ കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ. മാത്രമല്ല അവർ മുഖേന ഈ വുമൺസ് ഫുട്ബോൾ ക്ലിനിക്കിനെ പറ്റി ഇന്ന് കുറേപേർ അറിയുന്നു. മത്സരത്തിന്റെ കമന്ററിയുടെ ഇടക്ക് സൂചിപ്പിക്കപ്പെടുന്നു. ഞങ്ങൾക്ക് ഒരു മേൽവിലാസം ലഭിച്ചു. 

Exit mobile version