അനാടോവിച് പരിക്കേറ്റ് പുറത്ത്, വെസ്റ്റ് ഹാമിന് പ്രതിസന്ധി

പ്രീമിയർ ലീഗ് ഡിസംബറിലെ തിരക്കേറിയ മത്സര ദിനങ്ങളിലേക് കടക്കവേ വെസ്റ്റ് ഹാമിന് കനത്ത തിരിച്ചടി. സ്‌ട്രൈക്കർ മാർക്കോ അനാടോവിച് പരിക്കേറ്റ് പുറത്ത്. കാർഡിഫിന് എതിരായ മത്സരത്തിൽ പരിക്കേറ്റ താരത്തിന് ഒരു മാസം പുറത്തിരിക്കേണ്ടി വരും.

ഈ സീസണിൽ 4 ഗോളുകളുമായി ഫോമിലുള്ള താരത്തിന് കാലിനാണ് പരിക്കേറ്റത്. ഓസ്ട്രിയൻ താരമായ അനാടോവിച് വെസ്റ്റ് ഹാമിന്റെ ഒന്നാം നമ്പർ സ്‌ട്രൈക്കറാണ്. എങ്കിലും താരത്തിന് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പെരസ് 2 ഗോളുകളുമായി ഫോമിലായത് പല്ലെഗ്രിനിക്ക് ആശ്വാസമാകും. ഹാവിയെ ഹെർണാണ്ടസും ഫോമിലാണ് എന്നത് വെസ്റ്റ് ഹാമിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.

ലൂക്കാസ് പേരസിന്റെ ഡബിൾ, വെസ്റ്റ് ഹാമിന് ജയം

പകരക്കാരനായി ഇറങ്ങി ലൂക്കാസ് പെരസ് മിന്നൽ പിണറായ മത്സരത്തിൽ വെസ്റ്റ് ഹാമിന് മികച്ച ജയം. സ്വന്തം മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ 3-1 നാണ് ഹാമേഴ്സ് ജയിച്ചു കയറിയത്. ജയത്തോടെ 18 പോയിന്റുള്ള വെസ്റ്റ് ഹാം 12 ആം സ്ഥാനത്തെത്തി.

മാർക്കോ അനാടോവിച് പരിക്കേറ്റ് പുറത്ത് പോയപ്പോൾ പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പെരസ് ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളാണ് പല്ലെഗ്രിനിയുടെ ടീമിന് ജയം ഉറപ്പാക്കിയത്. 49,54 മിനുട്ടുകളിലാണ് താരം ഗോൾ നേടിയത്. പിന്നീട് 61 ആം മിനുട്ടിൽ അന്റോണിയോ മൂന്നാം ഗോൾ നേടിയതോടെ അവർ ജയം ഉറപ്പാക്കുകയായിരുന്നു. നേരത്തെ കാർഡിഫിന് പെനാൽറ്റി ലഭിച്ചെങ്കിലും രാൾസിന്റെ കിക്ക് വെസ്റ്റ് ഹാം ഗോളി ഫാബിയൻസ്കി തടുത്തത് മത്സര ഫലത്തിൽ നിർണായകമായി. കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കേ ജോഷ് മർഫിയാണ് കാർഡിഫിന്റെ ആശ്വാസ ഗോൾ നേടിയത്.

പഴയ ശിഷ്യന്മാരെ വീഴ്ത്താൻ പല്ലേഗ്രിനി, കുതിപ്പ് തുടരാൻ സിറ്റി ഇന്ന് ലണ്ടനിൽ

രാജ്യാന്തര മത്സരങ്ങൾക്കായുള്ള ഇടവേളക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വീണ്ടും തുടങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് കളി വെസ്റ്റ് ഹാമിനെതിരെ. വെസ്റ്റ് ഹാമിന്റെ മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ മാനുവൽ പല്ലേഗ്രിനിക്ക് ഇന്ന് തന്റെ മുൻ ടീമുമായുള്ള ആദ്യ മത്സരമാണ്. സീസണിന്റെ തുടക്കത്തിൽ ഫോമില്ലതെ വിഷമിച്ച വെസ്റ്റ് ഹാം പക്ഷെ സമീപ കളികളിൽ താരതമ്യേന മികച്ച കളിയാണ് പുറത്തെടുക്കുന്നത്. എങ്കിലും അപരാജിതരായി കുതിക്കുന്ന സിറ്റിയെ മറികടക്കാൻ അവർക്ക് മികച്ച കളി തന്നെ പുറത്ത് എടുക്കേണ്ടി വരും.

സസ്‌പെൻഷൻ മാറി വെസ്റ്റ് ഹാം ക്യാപ്റ്റൻ മാർക്ക് നോബിൾ തിരിച്ചെത്തും. പക്ഷെ അഞ്ചാം മഞ്ഞകാർഡ് കണ്ട റോബർട്ട് സ്നോഡ്ഗ്രാസ് ഇന്ന് പുറത്തിരിക്കേണ്ടി വരും. പരിക്ക് മാറി എത്തിയ സ്‌ട്രൈക്കർ ആൻഡി കരോൾ ഇന്ന് പകരക്കാരുടെ ബെഞ്ചിൽ ഉണ്ടാകും. സിറ്റി നിരയിൽ ബെർനാടോ സിൽവക്ക് നേരിയ പരിക്കുണ്ട്. കൂടാതെ ലെഫ്റ്റ് ബാക്ക് ബെഞ്ചമിൻ മെൻഡി 3 മാസത്തോളം പുറത്താണ്.

നസ്രി വീണ്ടും ലണ്ടനിലേക്ക്, ഇത്തവണ വെസ്റ്റ് ഹാമിനൊപ്പം

മുൻ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി താരം സമീർ നസ്രി വെസ്റ്റ് ഹാം യുണൈറ്റഡുമായി കരാർ ഒപ്പിട്ടേക്കും. ഇപ്പൊ ഫ്രീ ഏജന്റ് ആയ താരം തന്നെ മാഞ്ചസ്റ്റർ സിറ്റിയിൽ പരിശീലിപ്പിച്ച മാനുവൽ പല്ലേഗ്രിനിക്ക് കീഴിൽ കളിക്കാനാണ് വീണ്ടും ലണ്ടനിലേക്ക് എത്തുന്നത്. നിലവിൽ ഉത്തേജകം ഉപയോഗിച്ചതിന് 18 മാസത്തെ വിലക്ക് നേരിടുന്ന താരത്തിന് ഡിസംബർ അവസാനത്തോട് കൂടി വീണ്ടും കളിക്കാനാവും. താരം വെസ്റ്റ് ഹാമിൽ മെഡിക്കൽ പൂർത്തിയായതാണ് വിവരം.

31 വയസുകാരനായ ഫ്രഞ്ച് താരം തുർക്കിയിൽ കളിച്ചു കൊണ്ടിരിക്കെയാണ് വിലക്ക് നേരിടുന്നത്. പെപ്പ് ഗാർഡിയോള സിറ്റി പരിശീലകനായി എത്തിയതോടെയാണ് താരത്തിന് സിറ്റി വിടേണ്ടി വന്നത്. 2008 മുതൽ 2011 വരെ ആഴ്സണൽ താരമായിരുന്ന നസ്രി കളിക്കളത്തിന് അകത്തും പുറത്തും അച്ചടക്കമില്ലായ്മയുടെ പേരിൽ ഏറെ പ്രശസ്തനാണ്.

ആൻഡേഴ്സൺ രക്ഷകനായി, വെസ്റ്റ് ഹാമിന് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് സമനില. ഹഡേഴ്‌സ്ഫീൽഡ് ടൗണാണ് പല്ലെഗ്രിനിയുടെ ടീമിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

മത്സര തുടക്കത്തിൽ തന്നെ ഹഡേഴ്‌സ്ഫീൽഡ് മികച്ച ഗോളോടെ മുന്നിലെത്തുകയായിരുന്നു. പ്രിച്ചാർഡിന്റെ ഷോട്ട് തടുക്കുന്നതിൽ വെസ്റ്റ് ഹാം ഗോളി ലൂക്കസ് ഫാബിയൻസ്കി പരാജയപ്പെട്ടതോടെ ഹഡേഴ്‌സ്ഫീൽഡ് മുന്നിലെത്തി. മത്സരത്തിൽ പിന്നീടും കാര്യമായി വെസ്റ്റ് ഹാം ഒന്നും ചെയ്തില്ല. അനാടോവിച് അടക്കമുള്ള വെസ്റ്റ് ഹാം ആക്രമണ നിര ഫോം കണ്ടെത്താൻ ഏറെ വിഷമിച്ചു. പക്ഷെ കളി 74 ആം മിനുട്ട് പിന്നിട്ടപ്പോൾ ഫിലിപ്പേ ആൻഡേഴ്സൺ രക്ഷക്കത്തി. താരത്തിന്റെ ഇടം കാലൻ ഷോട്ട് വലയിൽ പതിച്ചതോടെ വെസ്റ്റ് ഹാമിന് ആശ്വാസ സമനില ഉറപ്പായി.

12 പോയിന്റുള്ള വെസ്റ്റ് ഹാം നിലവിൽ 13 ആം സ്ഥാനത്താണ്. 7 പോയിന്റുള്ള ഹഡേഴ്‌സ്ഫീൽഡ് 19 ആം സ്ഥാനത്തും.

അവസാനം നിമിഷം വിജയം കൈവിട്ട് വെസ്റ്റ് ഹാം

കളി തീരാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ വഴങ്ങിയ ഗോളിൽ വെസ്റ്റ് ഹാം ലെസ്റ്ററിനോട് സമനില വഴങ്ങി. ലെസ്റ്ററിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 13 പോയിന്റുള്ള ലെസ്റ്റർ നിലവിൽ 12 ആം സ്ഥാനത്താണ്. 8 പോയിന്റുള്ള വെസ്റ്റ് ഹാം 13 ആം സ്ഥാനത്തും.

ആദ്യ പകുതിയിൽ മത്സരം അര മണിക്കൂർ പിന്നിട്ടപ്പോഴാണ് വെസ്റ്റ് ഹാം ലീഡ് നേടിയത്. ഡിഫൻഡർ ഇസ ഫാബിയൻ ബൽബുവെനയാണ്‌ ഗോൾ നേടിയത്. എന്നാൽ 8 മിനിട്ടുകൾക്ക് ശേഷം ക്യാപ്റ്റൻ മാർക്ക് നോബിൾ ചുവപ്പ് കാർഡ് വഴങ്ങി പുറത്തായത് അവർക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ലെസ്റ്റർ നിരന്തരം ശ്രമിച്ചതോടെ വെസ്റ്റ് ഹാമിന് തീർത്തും പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. പക്ഷെ ലെസ്റ്റർ അർഹിച്ച ഗോൾ പിറക്കാൻ 89 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. എൻഡിടിയുടെ ഷോട്ട് വെസ്റ്റ് ഹാം താരത്തിന്റെ കാലിൽ തട്ടി ഭാഗ്യത്തിന്റെ അകമ്പടിയോടെ വലയിൽ പതിക്കുകയായിരുന്നു. അവസാന സെക്കന്റുകളിൽ അന്റോണിയോയുടെ ശ്രമം ഗോൾ ആകാതെ പോയത് ഹാമേഴ്സിന് നിർഭാഗ്യമായി.

വെസ്റ്റ് ഹാമിന് പുതിയ തിരിച്ചടി, പരിക്കേറ്റ താരം ആറ് മാസം പുറത്ത്

പ്രീമിയർ ലീഗിൽ ഫോമില്ലാതെ വിഷമിക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് പുതിയ തിരിച്ചടി. ക്ലബ്ബിന്റെ പുതിയ വിങ്ങർ അഡ്രിയാൻ യാർമോലങ്കോ പരിക്ക് കാരണം 6 മാസത്തോളം പുറത്തിരിക്കേണ്ടി വരും. ടോട്ടൻഹാമിനെതിർ എതിരില്ലാത്ത 1 ഗോളിന് തോറ്റ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ ആങ്കിളിൽ ആണ് പരിക്ക്. ഓപറേഷൻ വേണ്ടിവരുന്ന പരിക്കിന് താരം 6 മാസം പുറത്താകും എന്നുറപ്പാണ്.

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. 28 വയസുകാരനായ താരം ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നായി 2 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ 15 ആം സ്ഥാനത്താണ് വെസ്റ്റ് ഹാം.

ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിന്‌ ജയം

ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാമിനെതിരെ ടോട്ടൻഹാമിന്‌ ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടോട്ടൻഹാമിന്റെ ജയം. കാര്യമായ ആക്രമണ ഫുട്ബാൾ കാണാത്ത മത്സരത്തിൽ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ എറിക് ലാമേല നേടിയ ഗോളിലാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്.

അവസരങ്ങൾ വളരെ കുറഞ്ഞ മത്സരത്തിൽ സിസോക്കോയുടെ പാസിൽ നിന്നാണ് ലാമേല ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആദ്യ ഗോൾ കൂടിയാണ് ഇത്. ജയത്തോടെ പ്രീമിയർ ലീഗിൽ തുടർച്ചയായി നാല് മത്സരങ്ങൾ ജയിക്കാനും ടോട്ടൻഹാമിന്‌ ആയി. നേരത്തെ വെസ്റ്റ് ഹാമിന്റെ ഗ്രൗണ്ടിൽ ചെൽസിക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിനും ജയിക്കാനായിരുന്നില്ല.

ടോട്ടൻഹാമിന് ഇന്ന് ലണ്ടൻ ഡർബി

പ്രീമിയർ ലീഗിൽ ലണ്ടൻ ടീമുകളായ സ്പർസും വെസ്റ്റ് ഹാം യൂണൈറ്റഡും ഇന്ന് നേർക്കുനേർ. വെസ്റ്റ് ഹാമിന്റെ സ്റ്റേഡിയമായ ലണ്ടൻ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്.

ബ്രയ്റ്റനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയാണ് വെസ്റ്റ് ഹാം എത്തുന്നത്. സ്പർസിനെതിരെ മികച്ച റെക്കോർഡുള്ള ഹാമ്മേഴ്‌സ് അത് തുടരാനാകും ശ്രമിക്കുക. വെസ്റ്റ് ഹാം നിരയിലേക്ക് അസുഖം മാറി ഹെർണാണ്ടസ് തിരിച്ചെത്തും. പക്ഷെ മൂസാകു കളിക്കാൻ സാധ്യതയില്ല. സ്പർസ് നിരയിൽ മൂസ ദമ്പലെ, ക്രിസ്ത്യൻ എറിക്സൻ എന്നിവർ തിരിച്ചെത്തും. ഡാനി റോസ്, വേർതൊഗൻ എന്നിവർ പുറത്തിരിക്കും.

വെസ്റ്റ് ഹാമിനെ ബ്രയ്ട്ടൻ വീഴ്ത്തി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തിയ ആത്മവിശ്വാസവുമായി എത്തിയ വെസ്റ്റ് ഹാം യുണൈറ്റഡ് ബ്രയ്ട്ടനിൽ വീണു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രയ്ട്ടൻ പല്ലെഗ്രിനിയുടെ ടീമിനെ മറികടന്നത്. ജയത്തോടെ 8 പോയിന്റുള്ള ബ്രയ്ട്ടൻ ലീഗിൽ 12 ആം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ 7 പോയിന്റുള്ള വെസ്റ്റ് ഹാം 15 ആം സ്ഥാനത്താണ്.

ഗ്ലെൻ മറി ആദ്യ പകുതിയിൽ നേടിയ ഗോളാണ് മത്സര ഫലം നിർണയിച്ചത്. വെസ്റ്റ് ഹാം ആക്രമണ നിരയെ പിടിച്ചു കെട്ടിയ ബ്രയ്ട്ടൻ പ്രതിരോധവും അവരുടെ ജയത്തിൽ നിർണായക സ്വാധീനം ചെലുത്തി. രണ്ടാം പകുതിയിൽ മറിയുടെ 2 ഹെഡറുകൾ ഗോളാകാതെ പോയത് ഹാമേഴ്സിന് രക്ഷയായി.

ചെൽസിയെ വെസ്റ്റ് ഹാം പിടിച്ചു കെട്ടി, ഗോൾ രഹിത സമനില

ലണ്ടൻ സ്റ്റേഡിയത്തിൽ ചെൽസി വെസ്റ്റ് ഹാമിനെ പിടിച്ചു കെട്ടി. ഗോൾ രഹിത സമനില വഴങ്ങിയതോടെ ചെൽസിയുടെ വിജയ കുതിപ്പിന് അവസാനമായി. ഇതോടെ 16 പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

യൂറോപ്പ ലീഗ് കളിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ചെൽസി ഇറങ്ങിയത്. ഹസാർഡ്, കോവാചിച്, ലൂയിസ് എന്നിവർ ആദ്യ ഇലവനിൽ തിരിച്ചെത്തി. വെസ്റ്റ് ഹാമിൽ അനാടോവിച്ചിന് പകരം മിക്കൽ അന്റോണിയോ ആണ് സ്ട്രൈക്കർ റോളിൽ കളിച്ചത്.

ആദ്യ പകുതിയിൽ ചെൽസി ഏറെ സമയം പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാനായില്ല. വെസ്റ്റ് ഹാമിന് അന്റോണിയോയിലൂടെ രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷ് ചെയാനായില്ല.

രണ്ടാം പകുതിയിലും ചെൽസി നിരന്തരം ശ്രമങ്ങൾ നടത്തിയെങ്കിലും വെസ്റ്റ് ഹാമിന്റെ പ്രതിരോധം തകർക്കാനായില്ല. വെസ്റ്റ് ഹാമിന് രണ്ടാം പകുതിയിൽ ലഭിച്ച മികച്ച അവസരം യമലങ്കോ നഷ്ടപ്പെടുത്തുകയും ചെയ്തു.

ചെൽസിക്ക് തടയിടാൻ വെസ്റ്റ് ഹാമിനാകുമോ?

അപരാജിത കുതിപ്പ് തുടരുന്ന ചെൽസിക്ക് ഇന്ന് ലണ്ടൻ ഡർബി പരീക്ഷണം. വെസ്റ്റ് ഹാമിനെ അവരുടെ മൈതാനത്ത് നേരിടുന്ന നീലപട ലീഗിൽ തുടർച്ചയായ ആറാം ജയമാകും ലക്ഷ്യമിടുക. എവർട്ടനെതിരെ സീസണിലെ ആദ്യ ജയം നേടിയ വെസ്റ്റ് ഹാം ഫോം തുടരാനാകും ശ്രമിക്കുക. ഇന്ത്യൻ സമയം വൈകീട്ട് 6 നാണ് കിക്കോഫ്.

നിലവിലെ ഫോമിൽ ചെൽസിയെ തടയുക പ്രയാസമാണ് എങ്കിലും ഡർബി ആവേശവും ഹോം ഗ്രൗണ്ടിന്റെ നേട്ടവും ഗോളാക്കാനായാൽ വെസ്റ്റ് ഹാമിന് സാധ്യത ഉണ്ട്. പ്രത്യേകിച്ചും ചെൽസി പ്രതിരോധത്തിൽ അത്ര ശക്തന്മാരല്ല എന്നത് കണക്കിൽ എടുക്കുമ്പോൾ. പക്ഷെ ഈഡൻ ഹസാർഡ് അടക്കമുള്ള ആക്രമണ നിര വല നിറയെ ഗോൾ അടിക്കാൻ കരുത്തുള്ളവരാണ് എന്നത് ചെൽസിക്ക് മുൻതൂക്കം നൽകുന്നു.

ചെൽസി നിരയിലേക്ക് യൂറോപ്പ ലീഗിൽ കളിക്കാതിരുന്ന ഹസാർഡ്, കോവാചിച്, ഡേവിഡ് ലൂയിസ്, ജിറൂദ് എന്നിവർ തിരിച്ചെത്തും. വെസ്റ്റ് ഹാം നിരയിൽ അനാടോവിച് കളിക്കാനാണ് സാധ്യത.

Exit mobile version