പി.എസ്.ജി ഗോൾ കീപ്പർ വെസ്റ്റ്ഹാമിൽ

പി.എസ്.ജി ഗോൾ കീപ്പർ അൽഫോൺസ് അരിയോളയെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഫുൾഹാമിൽ ലോണിൽ കളിച്ച അരിയോള അവർക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫുൾഹാമിനെ പ്രീമിയർ ലീഗിൽ നിന്ന് റെലിഗെറ്റഡ് ആവുന്നതിൽ നിന്ന് തടയാൻ അരിയോളക്ക് കഴിഞ്ഞില്ലെങ്കിലും ക്ലബ്ബിന്റെ പ്ലയെർ ഓഫ് ദി ഇയർ പുരസ്ക്കാരം താരം സ്വന്തമാക്കിയിരുന്നു.

അരിയോള നേരത്തെ ലോൺ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡിലും വില്ലറയലിലും കളിച്ചിട്ടുണ്ട്. 2018ൽ ഫ്രാൻസ് ലോക ചാമ്പ്യന്മാരായപ്പോൾ അരിയോള ഫ്രഞ്ച് ടീമിനൊപ്പം ഉണ്ടായിരുന്നു. നിലവിൽ വെസ്റ്റ്ഹാമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ഫാബിയാൻസ്കിക്ക് വെല്ലുവിളി ഉയർത്താൻ വേണ്ടിയാണ് അരിയോളയെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്.

ഗോളടിച്ച് വെർണർ, വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് ചെൽസി

പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി മത്സരിക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ചെൽസിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവി കൂടിയാണ്. കഴിഞ്ഞ ദിവസം ന്യൂ കാസിൽ യൂണൈറ്റഡിനോടും വെസ്റ്റ്ഹാം തോറ്റിരുന്നു. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഗോളടിക്കാൻ പാടുപെടുന്ന ടിമോ വെർണറുടെ ഗോളിലാണ് ഇന്നത്തെ മത്സരത്തിൽ ചെൽസി ജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ വെസ്റ്റ്ഹാം താരം ബൽബൊയിന ചുവപ്പ്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് വെസ്റ്റ്ഹാം മത്സരം പൂർത്തിയാക്കിയത്. ചെൽസി പ്രതിരോധ താരം ചിൽവെല്ലിനെ ഫൗൾ ചെയ്തതിനാണ് റഫറി വെസ്റ്റ്ഹാം താരത്തിന് ചുവപ്പ്‌കാർഡ് കാണിച്ചത്. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് വെസ്റ്റ്ഹാം താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. ജയത്തോടെ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് സ്വന്തമാക്കാൻ ചെൽസിക്കായി. നിലവിൽ ചെൽസിക്ക് നാലാം സ്ഥാനത്ത് 58 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിന് 55 പോയിന്റുമാണ് ഉള്ളത്.

വെസ്റ്റ്ഹാമിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടി, ഡെക്ലാൻ റൈസിന് പരിക്ക്

പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിച്ച് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാമെന്ന വെസ്റ്റ്ഹാമിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ഈ സീസണിൽ വെസ്റ്റ്ഹാമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഡെക്ലാൻ റൈസിന്റെ പരിക്കാണ് ടീമിന് തിരിച്ചടിയായത്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഇംഗ്ലണ്ടിന് വേണ്ടി പോളണ്ടിനെതിരെ കളിക്കുന്ന സമയത്താണ് താരത്തിന് പരിക്കേറ്റത്.

കാൽമുട്ടിന് പരിക്കേറ്റ റൈസ് ഏകദേശം ഒരു മാസത്തോളം ടീമിന് പുറത്താവുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് നടക്കുന്ന വെസ്റ്റ്ഹാമിന്റെ വോൾവ്‌സിനെതിരായ മത്സരത്തിലും താരം കളിക്കില്ല. ഈ സീസണിൽ വെസ്റ്റ്ഹാമിന് വേണ്ടി മുഴുവൻ പ്രീമിയർ മത്സരങ്ങളും കളിച്ച താരമാണ് റൈസ്. യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാമെന്ന റൈസിന്റെ പ്രതീക്ഷകൾക്കും തിരിച്ചടിയാണ് താരത്തിന്റെ പരിക്ക്.

താരമായി ടാമി അബ്രഹാം, വെസ്റ്റ്ഹാമിനെ മലർത്തിയടിച്ച് ചെൽസി

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. പൊരുതി നിന്ന വെസ്റ്റ്ഹാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ചെൽസി ജയം സ്വന്തമാക്കിയത്. എന്നാൽ സ്കോർ നില സൂചിപ്പിക്കുംപോലെ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ചെൽസിക്കൊപ്പം പൊരുതിയെ വെസ്റ്റ്ഹാം പലപ്പോഴും ചെൽസി ഗോൾ മുഖം വിറപ്പിക്കുകയും ചെയ്‌തു. എന്നാൽ രണ്ടാം പകുതിയിൽ തൊട്ടടുത്ത മിനിറ്റുകളിൽ ടാമി അബ്രഹാം നേടിയ രണ്ട് ഗോളുകളാണ് മത്സരം വെസ്റ്റ്ഹാമിൽ നിന്ന് ചെൽസി കൈക്കലാക്കിയത്.

ആദ്യ പകുതിയിൽ മേസൺ മൗണ്ടിന്റെ കോർണറിൽ നിന്ന് തിയാഗോ സിൽവയാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ ഗോൾ നേടിയതിന് ശേഷം മത്സരത്തിൽ കാര്യമായ അവസരങ്ങൾ സൃഷ്ട്ടിക്കാൻ ചെൽസിക്കായിരുന്നില്ല. തുടർന്നാണ് രണ്ടാം പകുതിയിൽ തൊട്ടടുത്ത മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടി ടാമി അബ്രഹാം ചെൽസിയുടെ വിജയം ഉറപ്പിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്താനും ചെൽസിക്കായി.

ജാക്ക് വിൽ‌ഷെയറിന്റെ കരാർ റദ്ധാക്കി വെസ്റ്റ് ഹാം

ജാക്ക് വിൽ‌ഷെയറിന്റെ കരാർ പരസ്പര സമ്മതത്തോടെ റദ്ധാക്കി വെസ്റ്റ് ഹാം. ഈ സീസണിന്റെ അവസാനത്തോടെ വെസ്റ്റ് ഹാമിൽ കരാർ തീരാനിരിക്കെയാണ് താരത്തിന്റെ കരാർ അവസാനിപ്പിക്കാൻ വെസ്റ്റ് ഹാം തീരുമാനിച്ചത്. 2018ൽ വെസ്റ്റ് ഹാമിൽ എത്തിയ ജാക്ക് വിൽഷെയറിന് പരിക്കിനെ തുടർന്ന് കൂടുതൽ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് ജാക്ക് വിൽ‌ഷെയറിന് ടീമിൽ അവസരം ലഭിച്ചത്.

കാരബാവോ കപ്പിൽ ഹൾ സിറ്റിക്കെതിരായ മത്സരത്തിലാണ് ഈ സീസൺ ജാക്ക് വിൽ‌ഷെയർ കളിച്ചത്. ഇതുവരെ പ്രീമിയർ ലീഗിൽ 16 മത്സരങ്ങൾ മാത്രമാണ് ജാക്ക് വിൽ‌ഷെയർ വെസ്റ്റ് ഹാമിന്‌ വേണ്ടി കളിച്ചത്. മാനുവൽ പെല്ലെഗ്രിനി പരിശീലകനായി നിൽക്കുന്ന സമയത്താണ് മൂന്ന് വർഷത്തെ കരാറിൽ ജാക്ക് വിൽ‌ഷെയർ വെസ്റ്റ് ഹാമിൽ എത്തുന്നത്.

പ്രീമിയർ ലീഗ് : പത്ത് പേർക്ക് കൂടി കൊറോണ വൈറസ് ബാധ

പ്രീമിയർ ലീഗിൽ ഈ ആഴ്ച നടത്തിയ കൊറോണ വൈറസ് ടെസ്റ്റിൽ 10 പ്രീമിയർ ലീഗ് അംഗങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രീമിയർ ലീഗിൽ കൊറോണ വൈറസ് ബാധ പരിശോധന തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്രയും താരങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ നടത്തിയ ടെസ്റ്റിൽ 3-4 അംഗങ്ങൾക്ക് മാത്രമാണ് കൊറോണ പോസറ്റീവ് ആയത്. പരിശീലകൻ ഡേവിഡ് മോയസ് അടക്കം മൂന്ന് താരങ്ങൾക്ക് വെസ്റ്റ്ഹാമിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

സെപ്റ്റംബർ 21 മുതൽ സെപ്റ്റംബർ 27 വരെയുള്ള സമയത്ത് നടത്തിയ 1595 പരിശോധനകളിലാണ് 10 പേർക്ക് കൊറോണ വൈറസ് പോസറ്റീവ് ആയത്. പോസിറ്റീവ് ആയ താരങ്ങൾ 10 ദിവസം ഐസൊലേഷനിൽ ചിലവഴിച്ചതിന് ശേഷമാവും ടീമിനൊപ്പം ചേരുക.

വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി ഫൈനലിൽ

വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി ഫൈനൽ ഉറപ്പിച്ചു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ വോൾവ്‌സ് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.  മത്സരത്തിൽ ആദ്യം പെനാൽറ്റിയിലൂടെ വെസ്റ്റ് ഹാം ആണ് ഗോൾ നേടിയത്. മാർക്ക് നോബിൾ ആണ് ഗോൾ നേടിയത്.

എന്നാൽ ഡേവിഡ് സിൽവയിലൂടെ മത്സരത്തിൽ സമനില പിടിച്ച മാഞ്ചസ്റ്റർ സിറ്റി ലൂക്കാസ് മേച്ചയുടെ പെനാൽറ്റി ഗോളിലൂടെ സിറ്റി ലീഡും നേടുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ റഹീം സ്റ്റെർലിങ് ഇരട്ട ഗോളുകൾ കൂടി നേടി മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ റോഡ്രിക്കും അഞ്ചെലിനോക്കും ആദ്യ ഇലവനിൽ പെപ് ഗ്വാർഡിയോള അവസരം നൽകിയിരുന്നു. ഇവരെ കൂടാതെ അഞ്ച് സിറ്റി യുവതാരങ്ങൾക്കും ഗ്വാർഡിയോള അവസരം നൽകിയിരുന്നു.

അനാടോവിച്ചിന്റെ ഇരട്ട ഗോളുകൾ തുണ, വെസ്റ്റ് ഹാമിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന ഹോം മത്സരത്തിന് ഇറങ്ങിയ വെസ്റ്റ് ഹാമിന് അനായാസ ജയം. സൗത്താംപ്ടനെ എതിരില്ലാത്ത 3 ഗോളുകൾക്ക് അവർ മറികടന്നു. ഓസ്ട്രിയൻ സ്‌ട്രൈക്കർ മാർക്കോ അനാടോവിച് നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിൽ നിർണായകമായത്.

മത്സരത്തിന്റെ ഇരു പകുതികളിലും ഓരോ ഗോൾ നേടിയാണ് അനാടോവിച് മത്സരം ഹാമേഴ്സിന് അനുകൂലമാക്കിയത്. ജനുവരിക്ക് ശേഷം ഇത് ആദ്യമായാണ് താരം ലരീമിയർ ലീഗിൽ ഗോൾ നേടുന്നത്. ഡിഫൻഡർ റയാൻ ഫെഡറിക്‌സ് ആണ് അവരുടെ മൂന്നാം ഗോൾ നേടിയത്. 2001 ന് ശേഷം ആദ്യമായാണ് വെസ്റ്റ് ഹാം ഒരേ സീസണിൽ 2 തവണ സൗത്താംപ്ടനെ തോൽപ്പിക്കുന്നത്.

സൗത്താംപ്ടൻ നിലവിൽ റലഗേഷൻ ഭീഷണിയിൽ നിന്ന് പുറത്ത് ആണെങ്കിലും ഇത് നാലാം മത്സരത്തിലാണ് അവർ ജയമില്ലാതെ മൈതാനം വിടുന്നത്. നിലവിൽ വെസ്റ്റ് ഹാം പതിനൊന്നാം സ്ഥാനത്തും, സൗത്താംപ്ടൻ 16 ആം സ്ഥാനത്തുമാണ്.

ഓഫ്സൈഡ് ഗോളുകൾ കൊണ്ട് ജയിക്കുന്നത് ക്ളോപ്പിന് ശീലം- പെല്ലെഗ്രിനി

ലിവർപൂളിനെതിരെ സമനിലക്ക് ശേഷം ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിനെതിരെ രൂക്ഷ വിമർശനവുമായി വെസ്റ്റ് ഹാം പരിശീലകൻ മാനുവൽ പെല്ലെഗ്രിനി. ഓഫ്സൈഡ് ഗോളുകൾ കൊണ്ട് ജയിക്കുന്നത് ക്ളോപ്പിന് ശീലമുള്ള കാര്യമാണ് എന്നാണ് പെല്ലെഗ്രിനി അഭിപ്രായപ്പെട്ടത്. 1-1 ന്റെ സമനിലയിൽ അവസാനിച്ച മത്സരത്തിൽ ലിവർപൂൾ നേടിയ ഗോൾ ഓഫ് സൈഡ് ആയിരുന്നെങ്കിലും ലൈൻസ് മാൻ കാണാതെ പോയതോടെയാണ് ലിവർപൂൾ തോൽക്കാതെ രക്ഷപെട്ടത്.

2013 ൽ ഇരു പരിശീലകരും ഏറ്റു മുട്ടിയപ്പോൾ ഉള്ള സംഭവങ്ങൾ ഓർത്തെടുത്താണ് പെല്ലെഗ്രിനിയുടെ പ്രസ്താവന. അന്ന് ക്ളോപ് ഡോർട്ട്മുണ്ട് പരിശീലകനും പെല്ലെഗ്രിനി മലാഗ പരിശീലകനുമായിരുന്നു. ക്ളോപ്പിന് പരാതി പറയാൻ അവകാശമില്ല, അന്ന് ഡോർട്ട്മുണ്ട് 7 മീറ്റർ വിത്യാസമുള്ള ഓഫ് സൈഡ് ഗോളിലാണ് ജയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഡിയോ മാനെ നേടിയ ഗോളിന് ലിവർപൂൾ ഇന്നലെ മുന്നിൽ എത്തിയിരുന്നെങ്കിലും അന്റോണിയോ വെസ്റ്റ് ഹാമിന്റെ മറുപടി ഗോൾ നേടുകയായിരുന്നു.

ഗ്ലെൻ ജോൺസൻ കരിയർ അവസാനിപ്പിച്ചു

മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ഗ്ലെൻ ജോൺസൻ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ജൂണിൽ സ്റ്റോക്കിൽ നിന്ന് റിലീസ് ചെയ്യപ്പെട്ട ശേഷം ക്ലബ്ബ് ഇല്ലാതിരുന്ന താരം ഔദ്യോഗികമായി ഇന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 34 വയസുകാരനായ താരം 19 വർഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനം കുറിച്ചത്.

വെസ്റ്റ് ഹാമിന്റെ യൂത്ത് ടീം വഴി വളർന്നു വന്ന താരം 2003 ലാണ് സീനിയർ ടീമിനായി അരങ്ങേറിയത്. റൈറ്റ് ബാക്ക് പൊസിഷനിൽ തിളങ്ങിയ താരം ഈ വർഷം തന്നെ ചെൽസിയിലേക്ക് മാറി. 41 മത്സരങ്ങൾ അവർക്കായി കളിച്ച താരം 2007 ൽ പോർട്ട്‌സ്മൗത്തിലേക്ക് മാറി. 2009 മുതൽ 2015 വരെ ലിവർപൂളിന് വേണ്ടി കളിച്ച താരം 2018 വരെ സ്റ്റോക്കിൽ കുപ്പായമാണ് അണിഞ്ഞത്.

2003 മുതൽ 2014 വരെ ഇംഗ്ലണ്ട് ദേശീയ ടീം അംഗമായിരുന്നു ജോൺസൻ.

തിരിച്ച് വരവിൽ ജയം സ്വന്തമാക്കി വെസ്റ്റ് ഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് മികച്ച ജയം. ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് അവർ 2-1 ന്റെ ജയം സൗത്താംപ്ടനെതിരെ സ്വന്തമാക്കിയത്. ഫിലിപ്പേ ആൺഡേഴ്സൻ നേടിയ ഇരട്ട ഗോളുകളാണ് ഹാമേഴ്സിന് ജയം ഒരുക്കിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50 ആം മിനുട്ടിലാണ് സൗത്താംപ്ടൻറെ ആദ്യ ഗോൾ പിറന്നത്. നഥാൻ റെഡ്മണ്ടാണ് ഗോൾ നേടിയത്. പക്ഷെ 3 മിനുട്ടുകൾക്ക് ശേഷം ഫിലിപ്പേ ആന്ഡേഴ്സൻ സമനില ഗോൾ നേടി. പിന്നീട് 6 മിനുട്ടുകൾക്ക് ശേഷം താരം വീണ്ടും വല കുലുക്കിയതോടെ ഹാമേഴ്‌സ് ജയം ഉറപ്പിക്കുകയായിരുന്നു.

ജയത്തോടെ 27 പോയിന്റുള്ള വെസ്റ്റ് ഹാം ഒൻപതാം സ്ഥാനത്താണ്. 15 പോയിന്റുള്ള സൗത്താംപ്ടൻ 16 ആം സ്ഥാനത്താണ്.

നോബിളിന്റെ കരാർ പുതുക്കി വെസ്റ്റ് ഹാം

വെസ്റ്റ് ഹാം ക്യാപ്റ്റൻ മാർക് നോബിളിന്റെ കരാർ വെസ്റ്റ് ഹാം പുതുക്കി. നോബിളിന്റെ കരാറിൽ ഒരു വർഷം കൂടെ നീട്ടാനുള്ള ഓപ്‌ഷൻ ക്ലബ്ബ് ആക്റ്റീവ് ആക്കുകയായിരുന്നു. ഇതോടെ താരം 2021 വരെ ഹാമേഴ്സിൽ തുടരും.

ക്ലബ്ബിന്റെ വരാനിരിക്കുന്ന നല്ല നാളുകളിൽ ഭാഗമാവാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. 31 വയസുകാരനായ നോബിൾ തന്റെ 13 ആം വയസ് മുതൽ വെസ്റ്റ് ഹാമിന്റെ ഭാഗമാണ്. മധ്യനിര താരമാണ് നോബിൾ. ക്ലബ്ബിനായി 446 മത്സരങ്ങൾ കളിച്ച താരമാണ് നോബിൾ.

Exit mobile version