Picsart 25 06 03 22 37 24 332

ഈ സാല കപ്പ് നമ്ദേ!! ആർസിബിയും കോഹ്ലിയും ഐപിഎൽ ചാമ്പ്യൻസ്!!

ആർസിബിയുടെയും കോഹ്ലിയുടെയും ഐപിഎൽ കിരീടത്തിനായുള്ള കാത്തിരിപ്പിന് അവസാനം. ഇന്ന് അഹമ്മദബാദിൽ നടന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ 6 റൺസിന് തോൽപ്പിച്ച് ആണ് ആർസിബി പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ഇന്ന് ആർ സി ബി ഉയർത്തിയ 191 എന്ന വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 184-7 റൺസ് എടുക്കാനെ ആയുള്ളൂ.

അത്ര നല്ല തുടക്കം അല്ല പഞ്ചാബിന് ചെയ്സിൽ ലഭിച്ചത്. അവർക്ക് തുടക്കത്തിൽ 19 പന്തിൽ 24 റൺസ് എടുത്ത പ്രിയാൻസ് ആര്യയെ നഷ്ടമായി. സാൾട്ടിന്റെ ബൗണ്ടറി ലൈനിലെ തകർപ്പൻ ക്യാച്ചിലൂടെ ആയിരുന്നു ഈ വിക്കറ്റ്.

പ്രബ്സിമ്രൻ 26 റൺസ് നേടി എങ്കിലും ബൗണ്ടറി നേടാൻ പ്രയാസപ്പെട്ടു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 1 റൺ മാത്രമെടുത്ത് പുറത്തായത് പഞ്ചാബിന്റെ പ്രതീക്ഷകൾ തകർത്തു. പൊരുതിയ ഇംഗ്ലിസ് ആകട്ടെ 23 പന്തിൽ നിന്ന് 39 റൺസ് എടുത്തും പുറത്തായി.

4 ഓവർ ചെയ്ത് 17 റൺസ് മാത്രം നൽകി 2 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യ കളി ആർ സി ബിക്ക് അനുകൂലമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 18 പന്തിൽ 15 റൺസ് മാത്രം നേടിയ നെഹാവ് വദേരക്ക് ഇത് മറക്കാവുന്ന മത്സരമായി. അവസാനം ശശാങ്ക് ആഞ്ഞു ശ്രമിച്ചെങ്കിലും വിജയവും കിരീടവും ദൂരെ ആയിരുന്നു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് എടുത്തത്. അവസാനം ജിതേഷ് ശർമ്മയും ലിവിംഗ്സ്റ്റണും ഷെപേർഡും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ആർ സി ബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ഇന്ന് തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച ഫിൽ സാൾട്ടിന്റെ വിക്കറ്റ് ആർ സി ബിക്ക് നഷ്ടമായി. 9 പന്തിൽ നിന്ന് 16 റൺസ് എടുത്ത സാൾട്ടിനെ ജാമിസൺ ആണ് പുറത്താക്കിയത്. ഇതിനു ശേഷം റൺ റേറ്റ് ഉയർത്താൻ ആർ സി ബി പ്രയാസപ്പെട്ടു.

മായങ്ക് അഗർവാൾ 18 പന്തിൽ 24 റൺസ് എടുത്തും, ക്യാപ്റ്റൻ രജത് പടിദാർ 16 പന്തിൽ 26 റൺസും എടുത്ത് നല്ല തുടക്കം മുതലെടുക്കാതെ പുറത്തായി. 35 പന്തിൽ 43 റൺസ് എടുത്ത കോഹ്ലി ബൗണ്ടറി കണ്ടെത്താൻ ഇന്ന് പ്രയാസപ്പെട്ടു.

ഇതിനു ശേഷം ജിതേഷ് ശർമ്മയും ലിവിംഗ്സ്റ്റണും ചേർന്നതോടെ സ്കോറിംഗ് വേഗത കൂടി. ലിവിങ്സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസ് അടിച്ചു. ജിതേഷ് ശർമ്മ 10 പന്തിൽ 24 റൺസ് ആണ് അടിച്ചത്. 2 സിക്സും 2 ഫോറും താരം അടിച്ചു. ഷെപേർഡ് 8 പന്തിൽ 17 റൺസ് ആണ് നേടിയത്.

Exit mobile version