റേസിസം എന്ന പദം പോലും ഉപയോഗിക്കാതെ വലൻസിയയുടെ വിശദീകരണം, ആഞ്ചലോട്ടിക്ക് എതിരെയും വലൻസിയ

സ്പാനിഷ് ലാ ലീഗയിൽ വിനീഷ്യസ് ജൂനിയർ നേരിട്ട റേസിസ്റ്റു അധിക്ഷേപങ്ങളുടെ കാര്യത്തിൽ വിശദീകരണവും ആയി വലൻസിയ രംഗത്ത് എത്തി. ഒരിക്കൽ പോലും റേസിസം എന്ന പദം പോലും ഉപയോഗിക്കാതെ ആണ് വലൻസിയ വിശദീകരണ കുറിപ്പ് പുറത്ത് ഇറക്കിയത്. എല്ലാ തരത്തിലുള്ള അധിക്ഷേപങ്ങളും തങ്ങളെ വിഷമത്തിൽ ആക്കുന്നു എന്നു പറഞ്ഞ അവർ അതിനു എതിരെയാണ് തങ്ങൾ എന്നും പറഞ്ഞു. വലൻസിയയുടെ മൂല്യങ്ങൾക്ക് നിരക്കുന്നത് അല്ല സംഗതി എന്നു പറഞ്ഞ അവർ പക്ഷെ ഇത് ഒറ്റപ്പെട്ട സംഭവം ആണെന്ന് ആവർത്തിച്ചു.

സംഭവം ക്ലബ് അന്വേഷിക്കും എന്നും കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാവും എന്നും കൂട്ടിച്ചേർത്തു. ഇത് പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്നു ക്ലബ് അകലം പാലിക്കുന്നത് ആയി പറഞ്ഞ വലൻസിയ ഇന്നലെ റയലിന് എതിരെ കളി കാണാൻ എത്തിയ 46,000 ആരാധകർക്ക് നന്ദിയും പറഞ്ഞു. അതേസമയം മുഴുവൻ സ്റ്റേഡിയവും വിനീഷ്യസിന് എതിരെ വംശീയ അധിക്ഷേപം ചൊരിഞ്ഞു എന്ന ആഞ്ചലോട്ടിയുടെ പരാമർശനത്തിന്‌ എതിരെയും വലൻസിയ പ്രതിനിധി രംഗത്ത് വന്നു. തങ്ങളുടെ എല്ലാ ആരാധകരും വംശീയവാദികൾ ആണെന്ന പരാമർശം അംഗീകരിക്കാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജെസ്സി ഓവൻസ് മുതൽ വിനീഷ്യസ് ജൂനിയർ വരെ; കായിക ലോകവും വംശവെറിയുടെ കഥയും…!

2019 നവംബർ മാസം ഇരുപതാം തീയതി, വിശ്വവിഖ്യാതമായ ആംസ്റ്റർഡാമിലെ യൊഹാൻ ക്രൈഫ് അരീനയിലെ യൂറോ കപ്പ് യോഗ്യതാ മത്സരം കഥയ്ക്കാധാരം. ആതിഥേയരായ നെതർലാൻഡ്സ് എസ്റ്റോണിയയുമായി ഏറ്റുമുട്ടിയ ആ മത്സരം നിങ്ങളുടെ ഓർമ്മകളിൽനിന്നു മാഞ്ഞുതുടങ്ങിയോ? ഇനിയഥവാ മറന്നാലും മത്സരത്തിൽ ഹാട്രിക് സ്‌കോർ ചെയ്ത ജോർജനിയോ വൈനാൾഡത്തേ നിങ്ങൾ മറക്കാനിടയില്ല. ഒപ്പം, കളിയുടെ ആറാം മിനിറ്റിൽ വലകുലുക്കി ഗോൾനേട്ടത്തിനൊടുവിൽ സഹതാരമായ ഫ്രാങ്കി ഡി യോങ്ങിനെ കൂട്ടി ടച്ച് ലൈനിന് സമീപം വന്ന്, തുടരുന്ന വർണ്ണ വെറിക്കെതിരെ വ്യത്യസ്ത നിറങ്ങളിലുള്ള ഇരുവരുടെയും കൈകൾ ചൂണ്ടിക്കാട്ടി നടത്തിയ ആ സെലിബ്രെഷൻ നിങ്ങൾ തീർച്ചയായും മറക്കില്ല; ഫുട്‌ബോൾ ലോകം മറക്കാനിടയില്ലാത്ത കയികലോകത്തെ വർണ്ണവെറിക്കെതിരെയുള്ള ആ തുറന്ന പ്രതിഷേധം നെഞ്ചകങ്ങളിൽ കത്തിനിൽക്കുന്നത്, 1968ഇലെ ടോമി സ്മിത്തിന്റെയും ജോൺ കാർലോസിന്റെയും മെക്സിക്കൻ സിറ്റി ഒളിമ്പിക്സിലെ വിഖ്യാതമായ മെഡൽ സ്റ്റാൻഡ് പ്രതിഷേധത്തിന്റെ അൻപതാം വാർഷികത്തിനും ശേഷമാണ് എന്നോർക്കുമ്പോഴാണ്, നമ്മളടങ്ങുന്ന കായികസ്നേഹീസമൂഹം ഓടിയോടി സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ കിതച്ചുനിൽക്കുന്നുവെന്ന കൈപ്പേറിയ വസ്തുത ഉള്ളിൽ നീറ്റലുണ്ടാക്കുന്നത്.

തൊലിയുടെനിറം കറുത്തതായതിനാൽ ഹിറ്റ്‌ലർ കൈകൊടുക്കാതെ ഇറങ്ങിപ്പോയ ജർമൻ ഒളിമ്പിക്‌സിലെ ജെസി ഓവൻസിന്റെ മുഖവും, ഗ്യാലറിയിൽ നിന്ന് എറിഞ്ഞുകൊടുത്ത പഴം കോർണർ ഫ്‌ളാഗിന് തൊട്ടടുത്തുനിന്നെടുത്തു കഴിച്ച ഡാനി ആൽവാസിന്റെ ലഘുപ്രതിഷേധവും, ഓസ്‌ട്രേലിയൻ കുരങ്ങനെന്നു വിളിച്ച, അന്തരിച്ച സിമ്മൻസിന്റെ കരഞ്ഞുകലങ്ങിയ കണ്ണുമൊക്കെ കയികലോകത്തെ മാറ്റമില്ലാതെ തുടരുന്ന വർണ്ണവെറികളുടെ നേർകാഴ്ചകളാണ്. കാലങ്ങളോളം ലോകമെമ്പാടുമുള്ള ഗ്യാലറികളിൽ ഉയർത്തപ്പെട്ട പ്ലക്കാടുകളുടെയും ഉയർന്നുകേട്ട ശബ്ദകോലഹലങ്ങളുടെയും #NoRacism ക്യാമ്പയിനുകളുടെയും അർത്ഥം പരിണിതപ്രജ്ഞരെന്നു സ്വയമവകാശപ്പെടുന്ന പുതിയകാലത്തിന്റെ ‘ആര്യൻ മെൻ’ മനസിലാക്കിയെടുക്കാൻ ഇനിയും കാലമെത്രവേണ്ടിവരും!? യൂറോപ്പിന്റെ കളിക്കളങ്ങളെയും ഗ്യാലറികളെയും പിടികൂടിയ ഈ വർഗ്ഗ-വംശ-വർണ്ണ വിഷം ലോകത്താകമാനം പടർന്നുകയറിയിരിക്കുന്നു. കളിക്കളങ്ങളിൽ മുറിവേറ്റ ഹൃദയങ്ങൾ വഴി മാനവനന്മയുടെ മൂല്യച്യുതികളിൽ കാലമതിന്റെ രക്തക്കറ തേച്ചു നടന്നുനീങ്ങുന്നു.

യൂറോപ്യൻ കളിക്കളങ്ങൾ കാലാകാലങ്ങളായി കാത്തുവയ്ക്കുന്ന വെളുപ്പിന്റെ വെറുപ്പുളവാക്കുന്ന രാഷ്ട്രീയം കറുത്തവനെതിരെയുള്ള വാനരൻ വിളിയിൽ തുടങ്ങി വാനോളം അന്തമില്ലാതെ പലയിഴകളായി പിരിഞ്ഞു നമ്മൾ ദിനംപ്രതി കാണുന്നുണ്ട്. ഒരറ്റം മുതൽ തിരികൊളുത്തി തുടങ്ങിയ ഈ മാലപ്പടക്കം കളിക്കളങ്ങളെ അക്ഷരാർത്ഥത്തിൽ കത്തിക്കുകതന്നെയായിരുന്നു. ഇടക്കാലത്ത് കുറവുണ്ടായ ഈ വ്രണം പിന്നീട് വീണ്ടും പഴുത്തുപൊട്ടുകയാണ്. എടുത്തു പറയാൻ എത്രയെത്ര കഥകൾ, അനുഭവങ്ങൾ! വിവ് ആൻഡേഴ്സനും ആൻഡ്രൂ സിമ്മൻസും കുലിബാലിയും മെസ്യൂട് ഓസിലുമൊക്കെ ഓരോ കാലഘട്ടത്തിന്റെയും നൊമ്പരക്കാഴ്ചകളാണ്, നെറിക്കേടിന്റെ രക്തസാക്ഷികളാണ്.

കായികചരിത്രത്തിലെ വർണ്ണവെറിയുടെ ജീർണ്ണിച്ച കഥകളിൽ എന്നും ചരിത്രകാരന്മാർ ആദ്യമോർക്കുന്ന പേരാണ് ജയിംസ് ക്ലേവ്ലാണ്ട് ഓവൻസ് അധവാ ജെസ്സി ഓവൻസ്. അമേരിക്കൻ കറുത്ത വംശജനായ ജെസ്സി ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ തന്റെ കാലഘട്ടത്തെ രാജാക്കന്മാരിലൊരാളായിരുന്നു. ജീവിതനാൾവഴികളിൽ കൈപ്പേറിയ നാളുകൾക്കിപ്പുറം വിജയമെന്ന സ്വപ്നവുമുള്ളിൽപേറി റെക്കോർഡുകൾ ഓരോന്നായി പിന്നിലാക്കി കുതിച്ച താരം ബെർലിൻ ഒളിമ്പിക്സിൽ നാലു സ്വർണവും, ഒപ്പം മൂന്നു റെക്കോർഡുകളുമായി കളംനിറഞ്ഞപ്പോൾ കണ്ടുന്നിന്നവരിൽ പടർന്ന പുഞ്ചിരി ഒരു കാലഘട്ടത്തിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും യാതനകളുടെയും നേർചിത്രമായി മാറി. ആര്യാധിപത്യം ഊട്ടിയുറപ്പിക്കാൻ കളിക്കളമുപയോഗിക്കാൻ തുനിഞ്ഞ അഡോൾഫ് ഹിറ്റ്ലരുടെ കുടില തന്ത്രങ്ങൾ മുട്ടുമടക്കിയത് ജെസ്സിയുടെ മുൻപിൽ മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഒരു കറുത്ത വർഗ്ഗക്കാരന്റെ മെഡൽ നേട്ടത്തിൽ അസ്വസ്ഥനായ ഹിറ്റ്ലർ വിജയിക്ക് അഭിനന്ദനം നൽകാൻ വിസമ്മതിച്ചു സ്റ്റേഡിയം വിട്ടതും, “ഞാൻ വന്നത് ജയിക്കാനാണ്, ഹിറ്റ്ലറുടെ ഹസ്തദാനം സ്വീകരിക്കാനല്ല” എന്ന ജെസ്സി ഓവൻസിന്റെ തുറന്ന പ്രസ്താവനയും കയികലോകത്തേയും ജർമ്മനിയിൽ നടന്ന വിവാദപരമായ 1936 ഒളിമ്പിക്സിനെയും, ഒരു വലിയ കാലത്തേയ്ക്കു പിടിച്ചു കുലുക്കിയത് ചെറുതായിയൊന്നുമായിരുന്നില്ല. പിന്നീട് ആ കഥയ്ക്ക് പല മറുകഥകളും വന്നു ചർച്ചകളിൽ നിന്നും പതിയെ മാറ്റപ്പെട്ടെങ്കിലും, അതിലും വലിയൊരു നീചത, അങ്ങു ജെസ്സിയുടെ തന്നെ നാട്ടിൽ അന്നത്തെ പ്രസിഡന്റായ ഫ്രാങ്ക്ളിൻ ഡി റൂസേവൾട് വക അണിയറയിൽ ഒരുങ്ങിയിരുന്നു. ഹിറ്റ്ലരുടെ നാസിസ്റ്റ് ആശയസമ്മിശ്രണത്താൽ

അതിനോടകം കുപ്രസിദ്ധിയാർജ്ജിച്ച 1936 ബർലിൻ ഒളിമ്പിക്സിൽ പങ്കെടുത്ത പതിനെട്ട് ആഫ്രിക്കൻ അമേരിക്കൻ കയികതാരങ്ങളെയും തഴഞ്ഞു പ്രസിഡന്റ് വൈറ്റ് ഹൗസിൽ നടത്തിയ വിജയസൽക്കാരം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു. അത്ലറ്റിക്‌സും ഫുട്‌ബോളും ബാസ്‌ക്കറ്റ്ബോളും തുടങ്ങി സകലയിടങ്ങളിലും കരുത്തിന്റെയും കുതിപ്പിന്റെയും പ്രതീകങ്ങളായി കറുത്തവർ മാറിയപ്പോൾ പൊള്ളിയ വെളുത്ത ചെകുത്താൻമ്മാർ പിന്നെയും വാവിട്ടുകരഞ്ഞുകൊണ്ടിരുന്നു, പല വഴികളിൽ.

റഗ്ബി താരമായ ആന്റണി മുണ്ടയ്ൻ ന്യൂ സൗത്ത് വെയിൽസിലെ കടുത്ത വംശീയധിക്ഷേപങ്ങളിൽ മനംനൊന്തു തന്റെ കളിമതിയാക്കി ബോക്സിങ് തിരഞ്ഞെടുത്തു. പിന്നീട് അദ്ദേഹം, ഡാനി ഗ്രീനിനെതിരെ 2017ഇൽ നടന്ന മത്സരത്തിനുമുമ്പ് ഓസ്‌ട്രേലിയൻ ദേശീത ഗാനത്തോട് തന്റെ കസേരയിലുരുന്നുകൊണ്ടു പ്രതിഷേധമറിയിച്ചത്, കയികലോകം കണ്ട വേറിട്ട പ്രതിഷേധ മുറകളിൽ ഒന്നായിമാറി. ആഫ്രിക്കൻ അമേരിക്കൻ ബേസ്ബോൾ താരങ്ങളെ അവരുടെ ലീഗിൽ കളിക്കാൻ നാഷണൽ അസോസിയേഷൻ ഓഫ് ബേസ്ബോൾ പ്ലെയേഴ്‌സ് അനുവദിക്കാതിരുന്നതിനെത്തുടർന്ന്, അവരൊരുമിച്ച് കൈകോർത്തു നീഗ്രോ ലീഗ് തുടങ്ങുകയും, ലോകത്തിലെ തന്നെ ഏറ്റവും സക്സസീവ് ലീഗുകളിൽ ഒന്നായി പ്രസ്തുത ലീഗ് മാറിയത് നമ്മൾ കണ്ടതാണ്, പൂർണ്ണമായും ആഫ്രിക്കൻ അമേരിക്കൻസിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട ആ ലീഗും അതിന്റെ വിജയഗാഥയും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് സുവർണ്ണ ലിപികളാലാണ്.

ടൈഗർ വുഡ്‌സ് ഗോൾഫിൽ രചിച്ച വീരചരിതവും വർണ്ണവിവേചനത്തിനെതിരെ ഉയർത്തിയ വീരോചിത വിപ്ലവശബ്ദവുമുൾപ്പടെ പ്രതീകാത്മകമായ പല പ്രതിഷേധങ്ങളും കണ്ട കളിക്കളങ്ങളിൽ നിന്നും പക്ഷേ, ജനപ്രിയ കായികവിനോദങ്ങളായ ഫുട്‌ബോളും മറ്റുമാണ് സംഭവങ്ങളെ കൂടുതൽ ലോകശ്രദ്ധയിലേയ്ക്കു എത്തിയത് എന്നതിൽ തർക്കമില്ല. 2012ഇൽ സ്പാനിഷ് ലീഗിലെ ബാഴ്സിലോണ-വിയ്യാറയൽ മത്സരം കാൽപന്തുകളിയാരാധകർ ഓർത്തിരിക്കുന്നതും സമാനമായ സംഭവവികാസങ്ങളുടെ പേരിലാണ്. കോർണർ കിക്കെടുക്കാൻ വന്ന ബ്രസീലിയൻ താരം ഡാനി ആൽവാസിന് നേരെ വിയ്യാറയൽ ഗ്യാലറിയിൽ നിന്നും എറിഞ്ഞ വാഴപ്പഴം വെളുത്തവന്റെ വ്രണപ്പെട്ട വർണ്ണഹുങ്കിന്റെ തെളിവായിരുന്നു. അന്നുവരെ വംശീയതയ്ക്കു പാത്രമാകുന്നവർ വേഗം ചൂളിപ്പോവുകയോ കലിതുള്ളി കളംവിടുകയോ ചെയ്തിരുന്നത് മാത്രം കണ്ടുശീലിച്ച വർഗ്ഗ-വർണ്ണ വെരിയന്മാരുടെ ചെവിക്കല്ലിൽ കിട്ടിയ അടിയായിമാറി ശേഷം നടന്ന സംഭവങ്ങൾ. “കുരങ്ങന് നൽകിയ പഴം” നിലത്തുനിന്നെടുത്തു തൊലിയുരിഞ്ഞു വായിലാക്കിയ ഡാനി, ഒന്നും സംഭവിക്കാത്ത മട്ടിൽ കളി തുടർന്നു.

അതൊരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു. വെള്ളക്കാരന്റെ വംശീയഹുങ്കിന്റെ മുന്നിൽ അതിനുമുൻപൊന്നും കാണാത്ത ഒരു വേറിട്ട പ്രതിഷേധരീതി; അതായിരുന്നു ഡാനിയുടെ ഉദ്ദേശവും. പഴം കഴിച്ചും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചും ഡാനിയുടെ പ്രതിഷേധത്തിൽ ഒപ്പം ചേർന്ന ലോകഫുട്‌ബോളിലെ മഹാരഥന്മാരിൽ പലരും ഈ വിഷയത്തെ ആഗോളതലത്തിൽ പ്രശസ്തമാക്കി മാറ്റി. എങ്കിലും, രണ്ടായിരത്തി അഞ്ചിൽ ബാഴ്സിലോണ ഇതിഹാസം സാമുവൽ ഇറ്റോയും, രണ്ടായിരത്തി പതിനൊന്നിൽ ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസും, പതിനാലിൽ സാന്റോസ് ഗോൾകീപ്പർ അരാനയും, പതിനെട്ടിൽ റഹീം സ്റ്റർലിംഗും തുടങ്ങി, വംശീയധിക്ഷേപങ്ങളിൽ മുറിവേറ്റവരുടെ പട്ടിക വിനീഷ്യസ് വരെയും എത്തിനിൽക്കുമ്പോൾ, പ്രതീകാത്മക പ്രതിഷേധങ്ങളുടെ മുള്ളമ്പുകൾ തൊടുത്തുവിട്ടു പുതുവഴിതുറന്നു “Why always me” എന്നു ചോദിച്ചു മരിയോ ബലോട്ടലിയും, സുവാരസിന്റെ വംശീയധിക്ഷേപത്തിനിരയായി ശേഷം കളിക്കളത്തിൽ വച്ചുതന്നെ മറുപടി നൽകിയ പാട്രിക് എവ്രയുമൊക്കെ ഈ വിപത്തിന്റെ തീക്കനലിൽ വെള്ളമൊഴിക്കാൻ പാടുപെട്ടവരാണ്.

രണ്ടായിരത്തിയിരുപതിൽ പോർച്ചുഗീസ് പ്രീമിയർ ലീഗിലെ പോർട്ടോയുടെ മുന്നേറ്റനിരതാരമായ മോസോ മരേഖ സമാനമായ രീതിയിൽ വംശീയധിക്ഷേപം നേരിട്ട് തെല്ലും കൂസാതെ ആ മത്സരത്തിൽ വലകുലുക്കി ഗ്യാലറിയെ നിശ്ശബ്ദരാക്കിയതും ശേഷം തന്റെ നിറം ഗ്യാലറിയെ അഭിമാനത്തോടെ കാണികച്ചുകൊടുത്തതും ഈ കളിയുടെ പ്രായാണരൂപത്തിൽ കൊത്തിവയ്ക്കപ്പെടാവുന്ന മറ്റൊരു മനോഹര ഏടാണ്.

ഫുടബോൾ വിട്ടു ക്രിക്കറ്റിലേക്ക് വന്നാൽ, ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. രണ്ടായിരത്തിയാറിൽ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ് സൗത്ത് ആഫ്രിക്കൻ താരം ഹഷീം ആംലയെ തീവ്രവാദി എന്നു കമന്ററിക്കിടയിൽ വിളിച്ചതും അത് പിന്നീട് വിവാദമായതും, വർഗ്ഗീയതയുടെ നേർചിത്രങ്ങളായിരിക്കെ ഇങ്ങിന്ത്യയിലും സമാനമായ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. ഓസ്‌ട്രേലിയൻ ഇതിഹാസം ആൻഡ്രൂ സിമ്മൻസിനെ ‘മങ്കി’ എന്നുവിളിച്ച ഹർഭജൻ സിംഗും ഐ പി എൽ ക്യാമ്പിൽ സഹതാരങ്ങൾ തന്നെ ‘കാലു’ എന്നു വിളിപ്പേരിട്ടു വിളിച്ചിരുന്നുവെന്ന വെസ്റ് ഇൻഡീസ് താരത്തിന്റെ വെളിപ്പെടുത്തലും നമുക്കിടയിലെ, നമ്മളാവരുതാത്ത നമ്മളെ കാണിച്ചുതരുന്നു.

വർദ്ധിച്ചുവരുന്ന വർണ്ണവെറിയുടെ വക്താക്കൾക്കു മൂക്കുകയറിടാൻ യൂറോപ്യൻ യൂണിയനും മറ്റു ലോകകായികസംഘടനകളും കിണഞ്ഞു പരിശ്രമിക്കുകയാണ്, ക്യാമ്പയിനുകളും ബോധവൽക്കരണവും നടത്തുകയാണ്. പക്ഷേ ഇതെത്രനാളത്തേയ്ക്കാണ്…?
ക്യാമ്പയിനുകൾകൊണ്ടു തീരേണ്ട വിഷയമെങ്കിൽ എന്തേ ഈ കഴിഞ്ഞ പതിറ്റാണ്ടുകളുടെ പരിശ്രമങ്ങൾ വീണ്ടും വിഫലമെന്നു ദിനംപ്രതി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു?! യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡൈവേഴ്സിറ്റി ആൻഡ് എത്തിക്സ് ഇൻ സ്പോർട്ടിന്റെ പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടും വർഷാവർഷം റേസിസ്റ്റ് ആക്റ്റുകൾ കൂടിവരുന്നതല്ലാതെ കുറയുന്ന ഭാവം കാണാനില്ല. 2017ഇൽ ആകെ 79 എണ്ണം റെക്കോർഡ് ചെയ്യപ്പെട്ട കയികലോകത്തെ റേസിസ്റ്റ് നീക്കങ്ങൾ തൊട്ടടുത്ത വർഷം 137 ആയി ഉയർന്നു. ഇവയൊക്കെയും ഓരോ ചൂണ്ടുപലകകളാണ്; മാറുന്ന ലോകത്തെ മരിക്കുന്ന മാനവീകതയുടെയും മനുഷ്യത്വത്തിന്റെയും മരണക്കാഴ്ചകൾ.

അമേരിക്കയിൽ വെളുത്ത പോലീസുകാരന്റെ കാൽമുട്ടിനടിയിൽ പിടഞ്ഞു തീർന്ന ജോർജ് ഫ്ലോയിടിന്റെ മുഖം സമാനഭാവത്തിൽ കളിക്കളങ്ങളിൽ പലപ്പോഴായി കാണേണ്ടി വരുന്ന ഭയാനകമായ അവസ്ഥ. മാറേണ്ടത് കാഴ്ചപ്പാടുകളാണ്, മാറ്റേണ്ടത് കലവീണ കണ്ണുകളും! റേസിസത്തിന്റെ തലങ്ങൾ ഇന്ന് മാറിയിരിക്കുന്നു. അതിൽ, കാലാകാലങ്ങളായി കണ്ടുപോന്ന പലതിനേയും നിത്യജീവിതവുമായി സമലർത്താനുള്ള വൃഥാശ്രമങ്ങളും നാമടങ്ങുന്ന സമൂഹം നടക്കുന്നുവെന്നതാണ് മറ്റൊരു വാസ്തവം. എന്തിലും ഏതിലും വർഗ്ഗീയത ചികയുന്ന മാനസീക അടിമത്തത്തിലേയ്ക്കു നീങ്ങുന്ന ഈ പുതിയ കാലത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു 2020 ടോക്കിയോ ഒളിമ്പിക്‌സ് വേദിയിൽ ഹൈജമ്പിലെ സുപ്രസിദ്ധമായ സ്വർണ്ണം പങ്കുവയ്ക്കലിന് മാധ്യമങ്ങൾ വഴി നൽകിയ വെറുപ്പിന്റെ വേറിട്ട മാനം. ഇറ്റലിക്കാരനായ ജിയാന്മാർക്കോ തമ്പേരിയും ഖത്തർ താരമായ മുതാസ് ബർഷിമും ഉയർന്നുചാടി ഒരേയുയരം കീഴടക്കിയ മത്സരത്തിൽ, ഒടുവിൽ തമ്പേരിയേ ചേർത്തുപിടിച്ചു റഫറിയോട് സ്വർണ്ണം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട മുതാസ് ബർഷിം അക്ഷരാർത്ഥത്തിൽ സ്പോർട്‌സ്മാൻസ്പിരിറ്റിന്റെ ഏറ്റവുമുന്നതോദാഹരണമായിതീർന്നു. കണ്ടിരുന്നവർ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്ത പ്രസ്തുത സംഭവം പക്ഷേ അതേ സ്പോർട്‌സ്മാൻസ്പിരിറ്റിന്റെയപ്പുറം കറുത്തനിറമുള്ളവൻ വെളുത്തവനു ചെയ്ത സൗജന്യമായി വ്യാഖ്യാനിച്ച ചില മാധ്യമങ്ങളും സ്ഥാപനങ്ങളും, വർണ്ണവെറിയുടെ, വെറുപ്പിന്റെ രാഷ്ട്രീയം കുത്തിവച്ചു സംഭവമാകെ വികൃതമാക്കിമാറ്റി.

നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന സമാനചേഷ്ടകൾ പോലെ, കളിക്കളങ്ങളിലെ കുമ്മായവരകളുടെയുള്ളിൽ ഇവയ്ക്കൊക്കെ സ്ഥാനംകൊടുക്കുന്നത് എത്രത്തോളം നീചമാണ് എന്നത് ഇനിയും മനസ്സിലാവാൻ നമ്മൾ എത്രയോ കാലം മുന്നിലേയ്ക്ക് പോവേണ്ടിവരുമെന്നത് തീർച്ചയല്ലെങ്കിലും ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ വൈര്യത്തിൽ വർഗീയമാനം നൽകി തുടങ്ങിയ ആഷസ് പരമ്പരയടക്കമുള്ള അൺഒഫീഷ്യൽ വംശീയ പോരുകൾ പോലെയുള്ളവ നിറുത്തുന്നതുവരെ ഇതിനു മാറ്റങ്ങളുണ്ടാവുമെന്ന വ്യാമോഹം വേണ്ട! അതിന് വ്യക്തികൾ മാറണം, വ്യക്തികൾ കൂടുന്ന സമൂഹങ്ങളിൽ ഈ ആശയങ്ങളുടെ ദീപശിഖയെരിയണം. താഴേയ്ക്കിടയിൽ നിന്നും മുകളിലേക്കുള്ള അഴിച്ചുപണിയാണ് ഇന്ന് ഏറ്റവുമനിവാര്യം, ഒപ്പം ദൈനംദിന ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട മര്യാദകളും കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളും ഈ കണക്കിൽ പെടുത്തുകയും വേണമെന്നതും അത്യന്താപേക്ഷികം. “നാട്ടിൽ കാണുന്ന കറുത്ത സുഹൃത്തിനെ കണ്ണാപ്പിയെന്നുവിളിച്ചു ചിരിച്ചു മതിച്ചു നടന്നൊടുവിൽ യൂറോപ്പിലെ റേസിസത്തിനെതിരെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ പടവെട്ടുന്ന ലോജിക്കില്ലായ്മയിൽ നിന്നും ഒരുപാട് പടികൾ മുകളിലേയ്ക്ക് കയറേണ്ടതുണ്ടുനാം!” തിരിച്ചറിവുകളാണ് മാറ്റത്തിലേയ്ക്കുള്ള ചൂണ്ടുപലക, മാറ്റങ്ങളാണ് മുന്നേറ്റത്തിലേയ്ക്കുള്ള ചവിട്ടുപടി, മുന്നേറ്റമാണ് മാനവീകതയുടെ തറക്കല്ല്. വിപ്ലവം വിജയിക്കട്ടെ!!!

“റേസിസ്റ്റുകളെ വിമർശിക്കാൻ അല്ല,തന്നെ ആക്രമിക്കാൻ ആണ് ടെബാസിനു താൽപ്പര്യം” ലാ ലീഗ പ്രസിഡന്റിന് എതിരെ വിനീഷ്യസ്

തനിക്ക് സ്പാനിഷ് ലാ ലീഗയിൽ നേരിടുന്ന നേരിട്ട വംശീയ ആക്രമണങ്ങൾക്ക് എതിരായ പ്രതിഷേധത്തിൽ പ്രതികരണവും ആയി എത്തിയ ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബാസിന് എതിരെ അതിരൂക്ഷമായ വിമർശനവും ആയി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. റേസിസവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ലാ ലീഗ വിളിച്ച രണ്ടു യോഗത്തിലും വിനീഷ്യസ് പങ്കെടുത്തില്ല എന്നു പറഞ്ഞ ടെബാസ്, കാര്യങ്ങൾ മനസ്സിലാക്കുന്നതിന് മുമ്പ് വിനീഷ്യസ് ലാ ലീഗയെ വിമർശിക്കുകയും അപമാനിക്കുകയും ചെയ്തു എന്നും ട്വീറ്റ് ചെയ്തിരുന്നു.

കാര്യങ്ങൾ മനസ്സിലാക്കാതെ വിനീഷ്യസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുക ആണെന്നും ടെബാസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനുള്ള മറുപടി ട്വീറ്റിൽ ആണ് ടെബാസിന് നേരെ അതിരൂക്ഷമായ ഭാഷയിൽ വിനീഷ്യസ് പ്രതികരിച്ചത്. ഇപ്പോഴും വംശീയവാദികളെ വിമർശിക്കാതെ സോഷ്യൽ മീഡിയയിൽ വന്നു തന്നെ കുറ്റം പറയാൻ ആണ് ലാ ലീഗ പ്രസിഡന്റിന് താൽപ്പര്യം എന്നു വിനീഷ്യസ് തുറന്നടിച്ചു. കാര്യങ്ങൾ മനസ്സിലാക്കാതെ മറച്ചു വെച്ചിട്ട് കാര്യമില്ല ലാ ലീഗക്ക് നിലവിൽ അന്തസ് നഷ്ടമായി എന്നും അത് മനസ്സിലാക്കാൻ സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പ്രതികരണങ്ങൾ ടെബാസ് നോക്കിയാൽ മതിയെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു.

കാര്യങ്ങളിൽ നിന്നു മാറി നിന്നാൽ നിങ്ങൾ റേസിസ്റ്റുകളുടെ സുഹൃത്ത് ആണ് ആവുന്നത് എന്നു പറഞ്ഞ വിനീഷ്യസ് വംശീയതയെ കുറിച്ച് സംസാരിക്കാൻ താൻ നിങ്ങളുടെ സുഹൃത്ത് അല്ലെന്നും തനിക്ക് വേണ്ടത് വംശീയ വാദികൾക്ക് എതിരായ നടപടികളും ശിക്ഷയും ആണെന്നും കൂട്ടിച്ചേർത്തു. ഒപ്പം സാമൂഹിക മാധ്യമങ്ങളിലെ പിന്തുണ തനിക്ക് ആവശ്യമില്ലെന്നും വിനീഷ്യസ് തുറന്നു പറഞ്ഞു. നിലവിൽ സ്പാനിഷ് ലാ ലീഗയെ തന്നെ ഒന്നടങ്കം റേസിസം വിഷയം നാണക്കേടിൽ തള്ളിവിടുന്ന സമയത്ത് ആണ് ലാ ലീഗ പ്രസിസന്റിന്റെ വിവാദ പരാമർശവും വിനീഷ്യസിന്റെ മറുപടിയും.

“ലാലിഗ മെസ്സിയുടെയും റൊണാൾഡോയുടെയും ആയിരുന്നു. ഇപ്പോൾ ഇത് റേസിസ്റ്റുകളുടെ ലീഗായി” വിനീഷ്യസ്

വലൻസിയക്ക് എതിരായ മത്സരത്തിൽ വംശീയാധിക്ഷേപങ്ങൾ നേരിട്ട വിനീഷ്യസ് ജൂനിയർ ലാലിഗയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ലാ ലിഗ “വംശീയവാദികളുടേതാണ്” എന്ന് വിനീഷ്യസ് ജൂനിയർ പറഞ്ഞു. 22കാരനായ ബ്രസീലിയൻ വിംഗർ പല ഘട്ടത്തിലും ലാലിഗയിൽ റേസിസ്റ്റുകളുടെ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. എന്നിട്ടും തടയാൻ യാതൊന്നും ചെയ്യാൻ ലാലിഗയ്ക്ക് ആയില്ല.

“ഇത് ആദ്യമായല്ല, രണ്ടാമത്തേതും മൂന്നാമത്തേതുമല്ല. ലാ ലിഗയിൽ വംശീയത സാധാരണമാണ്. സ്പാനിഷ് ഫെഡറേഷനും ഇത് സാധാരണമാണെന്ന് കരുതുന്നു, എതിരാളികൾ അതിനെ പ്രോത്സാഹിപ്പിക്കുന്നു,” വിനീഷ്യസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവരുടേതായിരുന്ന ലീഗ് ഇപ്പോൾ വംശീയവാദികളുടേതാണ്. വിനീഷ്യസ് പറഞ്ഞു.

എന്നെ സ്വാഗതം ചെയ്തതും ഞാൻ ഇഷ്ടപ്പെടുന്നതുമായ ഒരു മനോഹരമായ രാഷ്ട്രമാണ് സ്പെയിൻ, എന്നാൽ വംശീയ രാജ്യത്തിന്റെ പ്രതിച്ഛായ ലോകത്തിനു മുന്നിൽ മാറ്റുകയാണ്‌. സ്പെയിൻകാരോട് ക്ഷമിക്കണം, പക്ഷേ ഇന്ന് ബ്രസീലിൽ സ്പെയിൻ വംശീയവാദികളുടെ രാജ്യമായിട്ടാണ് അറിയപ്പെടുന്നത്. നിർഭാഗ്യവശാൽ അത് ഞാനും സമ്മതിക്കുന്നു. വിനീഷ്യസ് പറഞ്ഞു.

“വംശീയാധിക്ഷേപങ്ങൾ ലാലിഗയുടെ പ്രശ്നമാണ്, കളി നിർത്തി വെക്കണമായിരിന്നു” ആഞ്ചലോട്ടി

ഇന്ന് വലൻസിയക്ക് എതിരായ റയൽ മാഡ്രിഡിന്റെ മത്സരം വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും വലൻസിയ ആരാധകർ വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിക്കുകയും ഇത് അവസാനം താരത്തെ പ്രകോപിപ്പിക്കുകയും ചെയ്തു. താരം കയ്യാങ്കളിക്ക് ഒടുവിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ഇത് ലാലിഗയുടെ പ്രശ്നമാണ് എന്നും ലാലിഗ വംശീയാധിക്ഷേപങ്ങൾക്ക് മേൽ നടപടികൾ എടുക്കാത്തതാണ് പ്രശ്നം എന്നും ആഞ്ചലോട്ടി പറഞ്ഞു.

ഒരു സ്റ്റേഡിയം മുഴുവൻ വിനീഷ്യസിനെതിരെ വംശീയാധിക്ഷേപ ചാന്റ്സ് നടത്തുക ആയിരുന്നു എന്നും അപ്പോൾ എങ്ങനെ ആണ് ഒരു താരത്തിന് കളിക്കാൻ ആവുക എന്നും ആഞ്ചലോട്ടി ചോദിച്ചു. റഫറി കളി നിർത്തി വെക്കണമായിരുന്നു. ഞാൻ റഫറിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒരു ഗുണവും ഉണ്ടായില്ല. റയൽ മാഡ്രിഡ് കോച്ച് പറഞ്ഞു. ലാലിഗയിൽ ഏറെ കാലമായി ഇത് നടക്കുന്നു. താരങ്ങളും മാനേജറും കളി ഉപേക്ഷിച്ച് കളം വിട്ട് പ്രതിഷേധിച്ചാലെ ഈ കാര്യത്തിൽ നടപടി ഉണ്ടാകൂ എന്നും ആഞ്ചലോട്ടി പറഞ്ഞു.

“മാഡ്രിഡ് വിട്ട് എങ്ങോട്ടും പോകാൻ ആഗ്രഹിക്കുന്നില്ല, ഇതാണ് ലോകത്തെ ഏറ്റവും മികച്ച ക്ലബ്” – വിനീഷ്യസ്

റയൽ മാഡ്രിഡിന്റെ യുവ സെൻസേഷൻ വിനീഷ്യസ് ജൂനിയർ തന്റെ കരിയർ മുഴുവൻ ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ചെൽസിക്കെതിരായ റയൽ മാഡ്രിഡിന്റെ 2-0 വിജയത്തിൽ നിർണായക പങ്ക് വഹിച്ച 22 കാരനായ ബ്രസീലിയൻ വിംഗർ, റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണെന്നും ഇവിടെ എന്നേക്കുമായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

“എക്കാലവും റയൽ മാഡ്രിഡിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ്,” വിനീഷ്യസ് പറഞ്ഞു. “ചാമ്പ്യൻസ് ലീഗിൽ കളിക്കുക എന്നത് ഒരു പ്രത്യേകതയാണ്. എന്നെ എന്നെന്നേക്കുമായി ഇവിടെ നിലനിർത്തുന്ന ഒരു കരാർ ഒപ്പിടബ്ബം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ് റയൽ മാഡ്രിഡ്.” വിനീഷ്യസ് ആവർത്തിച്ചു.

ചെൽസിക്കെതിരായ മത്സരത്തിൽ രണ്ട് അസിസ്റ്റ് നൽകുകയും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വിനീഷ്യസ് റയൽ മാഡ്രിഡിക് ഇതുവ്രെ 215 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 57 ഗോളുകളും 59 അസിസ്റ്റുകളും നേടി. ക്ലബ്ബിനൊപ്പം ഇതുവരെ എട്ട് ട്രോഫികളും താരം നേടിയിട്ടുണ്ട്

വിനീഷ്യസ് ജൂനിയർ എന്തു ചെയ്തു!! വീണ്ടും വംശീയാധിക്ഷേപം!!

വിനീഷ്യസ് ജൂനിയറിനെ സ്പെയിനെ വംശീയ വെറിയന്മാർ വേട്ടയാടുന്നത് തുടരുന്നു. ഇന്നലെ റയൽ മാഡ്രിഡ് 1-0 ന് തോറ്റ മത്സരത്തിൽ റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ വീണ്ടും വംശീയ അധിക്ഷേപത്തിന് വിധേയനായി. DAZN സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ 22കാരനായ ബ്രസീലിയൻ താരത്തെ മയ്യോർക്ക ആരാധകർ വംശീയമായി അധിക്ഷേപിക്കുന്ന ചാന്റ്സുകൾ വിളിക്കുന്നത്
വ്യക്തമായി കേൾക്കാമായിയിരുന്നു. ഇതിൽ ക്ലബോ ലാലിഗയോ നടപടിയെടുക്കുമോ എന്ന് കണ്ടറിയണം.

ഇതിനു മുമ്പ് മൂന്ന് തവണ ലാലിഗ ആരാധകരിൽ നിൻ വിനീഷ്യസ് വംശീയ് അധിക്ഷേപം നേരിട്ടിട്ടുണ്ട്. 2021 നവംബറിൽ ബാഴ്‌സലോണയ്‌ക്കെതിരായി ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിലിം, 2022 സെപ്റ്റംബറിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗ്രൗണ്ടിലും, 2022 ഡിസംബർ അവസാനം വല്ലഡോയിഡിന്റെ ഗ്രൗണ്ടിലും വിനീഷ്യസ് അധിക്ഷേപത്തിന് ഇരയായി. ഇതിൽ ഒന്നും കാര്യമായ നടപടികൾ ക്ലബുകളോ ലാലിഗയോ എടുത്തിരുന്നില്ല. വിനീഷ്യസിന് എതിരെ മാഡ്രിഡിൽ ബാന്നറുകൾ ഉയർന്നതും അവസാന വാരം കണ്ടതാണ്. ആ വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിനീഷ്യസ് തന്നെ അടുത്തിടെ ലാലിഗയ്ക്ക് എതിരെ പരസ്യമായി രംഗത്ത് വന്നപ്പോൾ ആണ് ലാലിഗ വംശീയ വെറിയിൽ നടപടികൾ എടുക്കാൻ ശ്രമിക്കുക എങ്കിലും ചെയ്തത്. കളത്തിലും കളത്തിന് പുറത്തും വിനീഷ്യസിനെ വേട്ടയാടുന്നത് ആണ് ലാലിഗയിൽ കാണുന്നത്. ഈ സീസണിൽ ഇതുവരെ 79 ഫൗളുകൾ നേരിട്ട വിനീഷ്യസ് യൂറോപ്പിലെ മികച്ച ഏഴ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട കളിക്കാരനാണ്.

വിനീഷ്യസിന് എതിരായ മാരക ഫൗൾ പൗളിസ്റ്റക്ക് രണ്ട് മത്സരത്തിൽ വിലക്ക്

റയൽ മാഡ്രിഡ് താരം വിനീഷ്യസിന് എതിരെ അപകടകരമായ ഫൗൾ നടത്തിയ പൗളിസ്റ്റ വിലക്ക് നേരിടും. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി വെള്ളിയാഴ്ച വലൻസിയ താരം പൗളിസ്റ്റയെ രണ്ട് മത്സരങ്ങളിൽ വിലക്കാൻ തീരുമാനിച്ചു. നഷ്ടമാകും. ആ

വ്യാഴാഴ്‌ച വലൻസിയയ്‌ക്കെതിരെ മാഡ്രിഡ് 2-0ന് വിജയിച്ച മത്സരത്തിൽ 72-ാം മിനിറ്റിലായിഎഉന്നു വിനീഷ്യസിന്റെ കാലിൽ പൗളിസ്റ്റ കിക്ക് ചെയ്തത്. ചുവപ്പ് കാർഡ് വാങ്ങി ഉടൻ താരം കളം വിട്ടിരുന്നു‌. വിനീഷ്യസിന് വലിയ പരിക്കേൽക്കാത്തത് ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്. താൻ ചെയ്ത ഫൗളിന് പൗളിസ്റ്റ കഴിഞ്ഞ ദിവസം പരസ്യമായി മാപ്പു പറഞ്ഞിരുന്നു. ഈ വിലക്കോടെ ഞായറാഴ്ച നടക്കുന്ന ലാലിഗയിലെ ജിറോണയ്‌ക്കെതിരായ മത്സരവും അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ അടുത്ത റൗണ്ടിലെ മത്സരവും പോളിസ്റ്റയ്ക്ക് നഷ്ടമാകും.

റേസിസ്റ്റുകളെ ലാലിഗ ഒന്നും ചെയ്യില്ല, രൂക്ഷ വിമർശനവുമായി വിനീഷ്യസ് ജൂനിയർ

വംശീയാധിക്ഷേപങ്ങൾക്ക് എതിരെ ലാലിഗ ഒരു നിലപാടും എടുക്കുന്നില്ല എന്ന് റയൽ മാഡ്രിഡ് വിങ്ങർ വിനീഷ്യസ് ജൂനിയർ. വെള്ളിയാഴ്ച റയൽ വയ്യാഡോയൊഡിന് എതിരായ റയൽ മാഡ്രിഡിന്റെ മത്സരത്തിന് ഇടയിൽ വിനീഷ്യസിന് എതിരെ വംശീയാധിക്ഷേപം നടന്നിരുന്നു. ഇത് ലാലിഗ മുമ്പ് നടപടികൾ ഒന്നും എടുക്കാത്തത് കൊണ്ടാണ് എന്ന് വിനീഷ്യസ് പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകർ വിനീഷ്യസിന് എതിരെ വംശീയാധിക്ഷേപം നടത്തിയിരുന്നു. ആ അന്വേഷണം കുറ്റക്കാരെ കണ്ടെത്താൻ ആകുന്നില്ല എന്ന് പറഞ്ഞ് ലാലിഗ കഴിഞ്ഞ ആഴ്ച അവസാനിപ്പിച്ചിരുന്നു‌.

“വംശീയവാദികൾ മത്സരത്തിന് പോകുകയും ഇത് പോലെ മത്സരങ്ങൾ അടുത്ത് കാണുകയും ചെയ്യുന്നു, ലാ ലിഗ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല,” വിനീഷ്യസ് പറഞ്ഞു.

“ഞാൻ തലയുയർത്തിപ്പിടിച്ച് എന്റെയും മാഡ്രിഡിന്റെയും വിജയങ്ങൾ ആഘോഷിക്കും. ഈ ആക്രമങ്ങൾക്ക് ഒക്കെ അവസാനം തെറ്റ് എന്റെതാണ് എന്ന് ഇവർ പറയും” വിനീഷ്യസ് കൂട്ടിച്ചേർത്തു.

വിനിയും റോഡ്രിഗോയും ഉള്ളപ്പോൾ മറ്റുള്ളവരെ പറ്റി എന്തിന് ചിന്തിക്കണം: പെരെസ്

ഏർലിംഗ് ഹാലണ്ടിനേയും കിലിയൻ എമ്പാപ്പെയേയും കുറിച്ചുള്ള വാർത്തകളെ കുറിച്ചു പ്രതികരിച്ച് ഫ്ലോറന്റിനോ പെരെസ്. ഇരുവർക്കും വേണ്ടി റയൽ മാഡ്രിഡ് വീണ്ടും കളത്തിൽ ഇറങ്ങിയെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബാലൻഡിയോർ ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്. ഹാലണ്ടിന്റെ കരാറിൽ റിലീസ് ക്ലോസ് ചേർത്തിട്ടുളളതിനെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് അറിവൊന്നും ഇല്ലെന്നാണ് പെരെസ് പ്രതികരിച്ചത്. താരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തിയെക്കുമോ എന്ന താരത്തിൽ യാതൊരു സൂചനയും അദ്ദേഹത്തിൽ നിന്നുണ്ടായില്ല.

ഏറെ ശ്രമിച്ചിട്ടും കയ്യിൽ നിന്നും വഴുതിപ്പോയ കിലിയൻ എമ്പാപ്പെയെ കുറിച്ചും മാധ്യമങ്ങൾ പെരെസിന്റെ പ്രതികരണം ആരാഞ്ഞു. താരത്തിനെ പറ്റിയുള്ള സംഭവവികാസങ്ങൾ താനിപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും എന്നാൽ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തന്നെ മടുപ്പിച്ചു എന്ന് ഇതിന് അർത്ഥമില്ലെന്നും പെരെസ് പറഞ്ഞു. “തങ്ങളുടെ ഭാവി ശുഭകരമാണ്, വിനിഷ്യസ്,റോഡ്രിഗോ തുടങ്ങി ലോകോത്തര താരങ്ങൾ നിലവിൽ തങ്ങൾക്കുണ്ട്. ഒരു പക്ഷെ ഭാവിയിൽ ബാലൻഡിയോർ നേടാൻ കെൽപ്പുള്ളവർ” പെരെസ് പറഞ്ഞു. കരീം ബെൻസിമ അവാർഡ് അർഹിക്കുന്നുണ്ടെന്നും റൊണാൾഡോ നസരിയോയും സിദാനും ചേർന്ന കഴിവുള്ള താരമാണ് ബെൻസിമ എന്നും മാഡ്രിഡ് പ്രെസിഡന്റ് പുകഴ്ത്തി.

വിനീഷ്യസ് ജൂനിയറിന് എതിരെ വംശീയ അധിക്ഷേപ ചാന്റ്സുമായി അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ

ഇന്നലെ നടന്ന മാഡ്രിഡ് ഡാർബി കൂടുതൽ വിവാദങ്ങൾക്ക് ആണ് വഴി തെളിച്ചിരികുന്നത്. ഇന്നലെ മത്സരം ആരംഭിക്കും മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ വിനീഷ്യസ് ജൂനിയറിന് എതിരെ വംശീയാധിക്ഷേപം നടത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിനീഷ്യസിനെതിരെ മങ്കി ചാന്റ്സ് പാടുന്ന അത്ലറ്റിക്കോ മാഡ്രിഡ് ആരാധരുടെ ദൃശ്യങ്ങൾ ഒരു സ്പാനിഷ് റേഡിയോ പുറത്ത് വിട്ടു.

https://twitter.com/Dannnie29162994/status/1571619982735474690?t=QtVwswtp-wBlGlel6SjS0A&s=19

കഴിഞ്ഞ ആഴ്ച വിനീഷ്യസിന്റെ ഗോൾ ആഹ്ലാദത്തിനെതിരെ വംശീയമായ പരാമർശം ഉണ്ടായത് വലിയ വിവാദവും പ്രതിഷേധവും ഉയർത്തിയിരുന്നു. വിനീഷ്യസിന് പിന്തുണയുമായി ഫുട്ബോൾ ലോകത്തെ പ്രമുഖർ രംഗത്ത് വരികയും ചെയ്തിരുന്നു‌. അതിനു പിന്നാലെയാണ് ഈ റേസിസ്റ്റ് ചാന്റ്സുകൾ. ഈ അരാധകർക്ക് എതിരെ അത്ലറ്റിക്കോ മാഡ്രിഡ് കടുത്ത നടപടി സ്വീകരിക്കണം എന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ആവശ്യപ്പെടുന്നത്

ഗോൾ നേടിയ ശേഷം വിനീഷ്യസ് സ്റ്റൈൽ ഡാൻസുമായി ഗബ്രിയേൽ ജീസുസ്

ഗോൾ ആഘോഷത്തിന്റെ പേരിൽ സ്‌പെയിനിൽ വംശീയമായ വിമർശനം നേരിട്ട തന്റെ ബ്രസീലിയൻ സഹതാരം വിനീഷ്യസ് ജൂനിയറിന് പിന്തുണയും ആയി ആഴ്‌സണലിന്റെ ഗബ്രിയേൽ ജീസുസ്. ഇന്ന് ബ്രന്റ്ഫോർഡിനു എതിരെ ശാക്കയുടെ ക്രോസിൽ നിന്നു ടീമിന്റെ രണ്ടാം ഗോൾ നേടിയത് ജീസുസ് ആയിരുന്നു.

ഗോൾ നേടിയ ശേഷം വിനീഷ്യസ് ജൂനിയർ ഗോൾ നേടിയ ശേഷം നടത്തുന്ന ഡാൻസ് ജീസുസ് നടത്തുക ആയിരുന്നു. ജീസുസിന് ഒപ്പം ബുകയോ സാക അടക്കമുള്ള സഹതാരങ്ങളും ഈ ഡാൻസിൽ പങ്ക് ചേർന്നു. റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറിന് എതിരായ വംശീയ അധിക്ഷേപത്തിന് എതിരെ പിന്തുണയും ആയി നിരവധി താരങ്ങൾ ആണ് രംഗത്ത് വന്നത്.

Exit mobile version