നാടിനാവേശമായി പുതിയ പ്രൊഫഷണൽ ടീമുമായി ഇന്ത്യൻ താരം മഷൂർ ഷരീഫ്

ഇന്ത്യൻ താരം മഷൂർ ഷെരീഫിന്റെ നേതൃത്വത്തിൽ മലപ്പുറം കാവുങ്ങൽ ആസ്ഥാനമായി പുതിയ പ്രൊഫഷണൽ ഫുട്‌ബോൾ ടീമും അക്കാദമിയും ഉയരുന്നു. നാട്ടിലെ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി, ചിട്ടയായ പരിശീലനം വഴി കളിമെച്ചപ്പെടുത്തി വലിയ പ്രൊഫഷണൽ ടീമുകളിലേയ്ക്ക് എത്തിക്കാനുള്ള ലക്ഷ്യവുമായാണ് ജനകീയമായി ആരംഭിക്കുന്ന പുതിയ ഫുട്‌ബോൾ ടീമിന്റെ വരവ്. മലപ്പുറം കുന്നുമ്മലിന്റെ അയൽ ദേശമായ കാവുങ്ങലിൽ, കാവുങ്ങൽ യുണൈറ്റഡ് എഫ് സി എന്ന പേരിലാണ് ക്ലബ്ബ് രജിസ്റ്റർ ചെയ്യപ്പെടുക. യൂത്ത് ഡെവലപ്‌മെന്റ് ലക്ഷ്യമാക്കി മിന്നിലേയ്ക്ക് പോകാൻ അണ്ടർ 13, അണ്ടർ 16, അണ്ടർ 18 എന്നീ വിഭാഗങ്ങളിൽ തുടക്കത്തിൽ ടീമുകൾ രൂപീകരിക്കും എന്ന് ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 18ന് നടക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പ് വഴിയായിരിക്കും ക്ലബ്ബിലെ പ്രാദേശിക താരങ്ങളുടെ റിക്രൂട്ട്‌മെന്റ്.

ഭാരതഫുട്‌ബോളിൽ ഒട്ടനവധി മികച്ച പ്രതിഭകൾക്ക് ജന്മം നൽകിയ മലപ്പുറത്ത് നിന്നും ദേശീയ കുപ്പായമണിഞ്ഞ മറ്റൊരു പ്രതിഭാധനനായ താരമാണ് മഷൂർ ഷരീഫ്. 2017ഇൽ, ചെന്നൈ സിറ്റിയിൽ കളിച്ചാണ് മഷൂർ തന്റെ പ്രൊഫഷണൽ ഫുട്‌ബോളിലേയ്ക്കുള്ള കടന്നുവരവ് നടത്തുന്നത്. മുൻപ് ചിട്ടയായ പരിശീലനമോ അവസരങ്ങളോ കിട്ടാത്തതിനാൽ 25 വയസ്സിനോടടുത്ത സമയത്താണ് ഈ അരങ്ങേറ്റം സാധ്യമായത്. 2020ഇൽ നോർത്ത് ഈസ്റ്റിലും, 23ഇൽ പഞ്ചാബിലും കളിച്ച താരം നിലവിൽ ഗോകുലം കേരള എഫ് സിയിലാണ് പന്തുതട്ടുന്നത്. 2021 മാർച്ച് 29ന് യൂ എ ഈക്കെതിരേ ആയിരുന്നു മഷൂരിന്റെ ഇന്റർനാഷണൽ അരങ്ങേറ്റം. നാട്ടിലെ പരിശീലന-പരിഗണനകളുടെ അഭാവം മൂലം തനിക്ക് നഷ്ടമായ അവസരങ്ങൾ ഇനി മറ്റൊരു യുവതാരത്തിനും നഷ്ടമാകരുത് എന്ന അതിയായ ആഗ്രഹത്തിന്റെ ബാക്കിയായാണ് കാവുങ്ങൽ യുണൈറ്റഡ് എഫ് സി പടുത്തുയർത്തപ്പെടുന്നത്.

“എന്റെ പ്രൈം അല്ലെങ്കിൽ പീക്ക് ടൈമിൽ എനിക്ക് പൂർണ്ണ മികവിലെത്താൻ അമിതമായി കഷ്ടപ്പെടേണ്ടി വന്നത് ചെറുപ്പത്തിലേ അവസരങ്ങളുടെയും പരിശീലനത്തിന്റെയും കുറവുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഞാൻ കളി ഒന്ന് ആസ്വദിച്ചു വരുന്ന സമയത്തുതന്നെ എന്റെ കളിജീവിതത്തിന്റെ അവസാന ലാപ്പുകളിൽ ഞാൻ എത്തപ്പെട്ടു. എനിക്ക് കിട്ടാത്തത് എന്റെ നാട്ടിലെ താരങ്ങൾക്ക് കിട്ടണം. അവർക്ക് പ്രൊഫഷണൽ കരിയർ തുടങ്ങാൻ പ്രതീക്ഷയുടെ വെളിച്ചമായി കാവുങ്ങൽ യുണൈറ്റഡ് എഫ് സിയുണ്ടാവണം.” – മഷൂർ ഫാൻപോർട്ടിനോട് പറഞ്ഞു.

കേരളത്തിലെ മറ്റു പ്രമുഖ ക്ലബുകളുമായി ചർച്ചകൾ നടത്തിയ താരം, യുവപ്രതിഭകൾക്ക് അവിടേയ്ക്കുള്ള സ്‌കൗട്ടിങ് അവസരങ്ങൾക്കുള്ള വാതിൽ കൂടി തുറന്നുവച്ചിരിക്കുകയാണ് എന്നു ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു. ഭാവിയിൽ ഒരു സ്പോർട്സ് സ്‌കൂൾ കൂടി ലക്ഷ്യമിടുന്ന കാവുങ്ങൽ യുണൈറ്റഡ്, ജനകീയ ഫണ്ടിങ് വഴിയാണ് പ്രവർത്തിക്കുക. ഒരു വിദേശ ടെക്നിക്കൽ ഡയറക്ടറുടെ സേവനം കൂടി ഉറപ്പാക്കും വിധമായിരിക്കും ക്ലബ്ബിന്റെ ഭാവി പ്രവർത്തനം.

ജെസ്സി ഓവൻസ് മുതൽ വിനീഷ്യസ് ജൂനിയർ വരെ; കായിക ലോകവും വംശവെറിയുടെ കഥയും…!

2019 നവംബർ മാസം ഇരുപതാം തീയതി, വിശ്വവിഖ്യാതമായ ആംസ്റ്റർഡാമിലെ യൊഹാൻ ക്രൈഫ് അരീനയിലെ യൂറോ കപ്പ് യോഗ്യതാ മത്സരം കഥയ്ക്കാധാരം. ആതിഥേയരായ നെതർലാൻഡ്സ് എസ്റ്റോണിയയുമായി ഏറ്റുമുട്ടിയ ആ മത്സരം നിങ്ങളുടെ ഓർമ്മകളിൽനിന്നു മാഞ്ഞുതുടങ്ങിയോ? ഇനിയഥവാ മറന്നാലും മത്സരത്തിൽ ഹാട്രിക് സ്‌കോർ ചെയ്ത ജോർജനിയോ വൈനാൾഡത്തേ നിങ്ങൾ മറക്കാനിടയില്ല. ഒപ്പം, കളിയുടെ ആറാം മിനിറ്റിൽ വലകുലുക്കി ഗോൾനേട്ടത്തിനൊടുവിൽ സഹതാരമായ ഫ്രാങ്കി ഡി യോങ്ങിനെ കൂട്ടി ടച്ച് ലൈനിന് സമീപം വന്ന്, തുടരുന്ന വർണ്ണ വെറിക്കെതിരെ വ്യത്യസ്ത നിറങ്ങളിലുള്ള ഇരുവരുടെയും കൈകൾ ചൂണ്ടിക്കാട്ടി നടത്തിയ ആ സെലിബ്രെഷൻ നിങ്ങൾ തീർച്ചയായും മറക്കില്ല; ഫുട്‌ബോൾ ലോകം മറക്കാനിടയില്ലാത്ത കയികലോകത്തെ വർണ്ണവെറിക്കെതിരെയുള്ള ആ തുറന്ന പ്രതിഷേധം നെഞ്ചകങ്ങളിൽ കത്തിനിൽക്കുന്നത്, 1968ഇലെ ടോമി സ്മിത്തിന്റെയും ജോൺ കാർലോസിന്റെയും മെക്സിക്കൻ സിറ്റി ഒളിമ്പിക്സിലെ വിഖ്യാതമായ മെഡൽ സ്റ്റാൻഡ് പ്രതിഷേധത്തിന്റെ അൻപതാം വാർഷികത്തിനും ശേഷമാണ് എന്നോർക്കുമ്പോഴാണ്, നമ്മളടങ്ങുന്ന കായികസ്നേഹീസമൂഹം ഓടിയോടി സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ കിതച്ചുനിൽക്കുന്നുവെന്ന കൈപ്പേറിയ വസ്തുത ഉള്ളിൽ നീറ്റലുണ്ടാക്കുന്നത്.

തൊലിയുടെനിറം കറുത്തതായതിനാൽ ഹിറ്റ്‌ലർ കൈകൊടുക്കാതെ ഇറങ്ങിപ്പോയ ജർമൻ ഒളിമ്പിക്‌സിലെ ജെസി ഓവൻസിന്റെ മുഖവും, ഗ്യാലറിയിൽ നിന്ന് എറിഞ്ഞുകൊടുത്ത പഴം കോർണർ ഫ്‌ളാഗിന് തൊട്ടടുത്തുനിന്നെടുത്തു കഴിച്ച ഡാനി ആൽവാസിന്റെ ലഘുപ്രതിഷേധവും, ഓസ്‌ട്രേലിയൻ കുരങ്ങനെന്നു വിളിച്ച, അന്തരിച്ച സിമ്മൻസിന്റെ കരഞ്ഞുകലങ്ങിയ കണ്ണുമൊക്കെ കയികലോകത്തെ മാറ്റമില്ലാതെ തുടരുന്ന വർണ്ണവെറികളുടെ നേർകാഴ്ചകളാണ്. കാലങ്ങളോളം ലോകമെമ്പാടുമുള്ള ഗ്യാലറികളിൽ ഉയർത്തപ്പെട്ട പ്ലക്കാടുകളുടെയും ഉയർന്നുകേട്ട ശബ്ദകോലഹലങ്ങളുടെയും #NoRacism ക്യാമ്പയിനുകളുടെയും അർത്ഥം പരിണിതപ്രജ്ഞരെന്നു സ്വയമവകാശപ്പെടുന്ന പുതിയകാലത്തിന്റെ ‘ആര്യൻ മെൻ’ മനസിലാക്കിയെടുക്കാൻ ഇനിയും കാലമെത്രവേണ്ടിവരും!? യൂറോപ്പിന്റെ കളിക്കളങ്ങളെയും ഗ്യാലറികളെയും പിടികൂടിയ ഈ വർഗ്ഗ-വംശ-വർണ്ണ വിഷം ലോകത്താകമാനം പടർന്നുകയറിയിരിക്കുന്നു. കളിക്കളങ്ങളിൽ മുറിവേറ്റ ഹൃദയങ്ങൾ വഴി മാനവനന്മയുടെ മൂല്യച്യുതികളിൽ കാലമതിന്റെ രക്തക്കറ തേച്ചു നടന്നുനീങ്ങുന്നു.

യൂറോപ്യൻ കളിക്കളങ്ങൾ കാലാകാലങ്ങളായി കാത്തുവയ്ക്കുന്ന വെളുപ്പിന്റെ വെറുപ്പുളവാക്കുന്ന രാഷ്ട്രീയം കറുത്തവനെതിരെയുള്ള വാനരൻ വിളിയിൽ തുടങ്ങി വാനോളം അന്തമില്ലാതെ പലയിഴകളായി പിരിഞ്ഞു നമ്മൾ ദിനംപ്രതി കാണുന്നുണ്ട്. ഒരറ്റം മുതൽ തിരികൊളുത്തി തുടങ്ങിയ ഈ മാലപ്പടക്കം കളിക്കളങ്ങളെ അക്ഷരാർത്ഥത്തിൽ കത്തിക്കുകതന്നെയായിരുന്നു. ഇടക്കാലത്ത് കുറവുണ്ടായ ഈ വ്രണം പിന്നീട് വീണ്ടും പഴുത്തുപൊട്ടുകയാണ്. എടുത്തു പറയാൻ എത്രയെത്ര കഥകൾ, അനുഭവങ്ങൾ! വിവ് ആൻഡേഴ്സനും ആൻഡ്രൂ സിമ്മൻസും കുലിബാലിയും മെസ്യൂട് ഓസിലുമൊക്കെ ഓരോ കാലഘട്ടത്തിന്റെയും നൊമ്പരക്കാഴ്ചകളാണ്, നെറിക്കേടിന്റെ രക്തസാക്ഷികളാണ്.

കായികചരിത്രത്തിലെ വർണ്ണവെറിയുടെ ജീർണ്ണിച്ച കഥകളിൽ എന്നും ചരിത്രകാരന്മാർ ആദ്യമോർക്കുന്ന പേരാണ് ജയിംസ് ക്ലേവ്ലാണ്ട് ഓവൻസ് അധവാ ജെസ്സി ഓവൻസ്. അമേരിക്കൻ കറുത്ത വംശജനായ ജെസ്സി ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ തന്റെ കാലഘട്ടത്തെ രാജാക്കന്മാരിലൊരാളായിരുന്നു. ജീവിതനാൾവഴികളിൽ കൈപ്പേറിയ നാളുകൾക്കിപ്പുറം വിജയമെന്ന സ്വപ്നവുമുള്ളിൽപേറി റെക്കോർഡുകൾ ഓരോന്നായി പിന്നിലാക്കി കുതിച്ച താരം ബെർലിൻ ഒളിമ്പിക്സിൽ നാലു സ്വർണവും, ഒപ്പം മൂന്നു റെക്കോർഡുകളുമായി കളംനിറഞ്ഞപ്പോൾ കണ്ടുന്നിന്നവരിൽ പടർന്ന പുഞ്ചിരി ഒരു കാലഘട്ടത്തിന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും യാതനകളുടെയും നേർചിത്രമായി മാറി. ആര്യാധിപത്യം ഊട്ടിയുറപ്പിക്കാൻ കളിക്കളമുപയോഗിക്കാൻ തുനിഞ്ഞ അഡോൾഫ് ഹിറ്റ്ലരുടെ കുടില തന്ത്രങ്ങൾ മുട്ടുമടക്കിയത് ജെസ്സിയുടെ മുൻപിൽ മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഒരു കറുത്ത വർഗ്ഗക്കാരന്റെ മെഡൽ നേട്ടത്തിൽ അസ്വസ്ഥനായ ഹിറ്റ്ലർ വിജയിക്ക് അഭിനന്ദനം നൽകാൻ വിസമ്മതിച്ചു സ്റ്റേഡിയം വിട്ടതും, “ഞാൻ വന്നത് ജയിക്കാനാണ്, ഹിറ്റ്ലറുടെ ഹസ്തദാനം സ്വീകരിക്കാനല്ല” എന്ന ജെസ്സി ഓവൻസിന്റെ തുറന്ന പ്രസ്താവനയും കയികലോകത്തേയും ജർമ്മനിയിൽ നടന്ന വിവാദപരമായ 1936 ഒളിമ്പിക്സിനെയും, ഒരു വലിയ കാലത്തേയ്ക്കു പിടിച്ചു കുലുക്കിയത് ചെറുതായിയൊന്നുമായിരുന്നില്ല. പിന്നീട് ആ കഥയ്ക്ക് പല മറുകഥകളും വന്നു ചർച്ചകളിൽ നിന്നും പതിയെ മാറ്റപ്പെട്ടെങ്കിലും, അതിലും വലിയൊരു നീചത, അങ്ങു ജെസ്സിയുടെ തന്നെ നാട്ടിൽ അന്നത്തെ പ്രസിഡന്റായ ഫ്രാങ്ക്ളിൻ ഡി റൂസേവൾട് വക അണിയറയിൽ ഒരുങ്ങിയിരുന്നു. ഹിറ്റ്ലരുടെ നാസിസ്റ്റ് ആശയസമ്മിശ്രണത്താൽ

അതിനോടകം കുപ്രസിദ്ധിയാർജ്ജിച്ച 1936 ബർലിൻ ഒളിമ്പിക്സിൽ പങ്കെടുത്ത പതിനെട്ട് ആഫ്രിക്കൻ അമേരിക്കൻ കയികതാരങ്ങളെയും തഴഞ്ഞു പ്രസിഡന്റ് വൈറ്റ് ഹൗസിൽ നടത്തിയ വിജയസൽക്കാരം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു. അത്ലറ്റിക്‌സും ഫുട്‌ബോളും ബാസ്‌ക്കറ്റ്ബോളും തുടങ്ങി സകലയിടങ്ങളിലും കരുത്തിന്റെയും കുതിപ്പിന്റെയും പ്രതീകങ്ങളായി കറുത്തവർ മാറിയപ്പോൾ പൊള്ളിയ വെളുത്ത ചെകുത്താൻമ്മാർ പിന്നെയും വാവിട്ടുകരഞ്ഞുകൊണ്ടിരുന്നു, പല വഴികളിൽ.

റഗ്ബി താരമായ ആന്റണി മുണ്ടയ്ൻ ന്യൂ സൗത്ത് വെയിൽസിലെ കടുത്ത വംശീയധിക്ഷേപങ്ങളിൽ മനംനൊന്തു തന്റെ കളിമതിയാക്കി ബോക്സിങ് തിരഞ്ഞെടുത്തു. പിന്നീട് അദ്ദേഹം, ഡാനി ഗ്രീനിനെതിരെ 2017ഇൽ നടന്ന മത്സരത്തിനുമുമ്പ് ഓസ്‌ട്രേലിയൻ ദേശീത ഗാനത്തോട് തന്റെ കസേരയിലുരുന്നുകൊണ്ടു പ്രതിഷേധമറിയിച്ചത്, കയികലോകം കണ്ട വേറിട്ട പ്രതിഷേധ മുറകളിൽ ഒന്നായിമാറി. ആഫ്രിക്കൻ അമേരിക്കൻ ബേസ്ബോൾ താരങ്ങളെ അവരുടെ ലീഗിൽ കളിക്കാൻ നാഷണൽ അസോസിയേഷൻ ഓഫ് ബേസ്ബോൾ പ്ലെയേഴ്‌സ് അനുവദിക്കാതിരുന്നതിനെത്തുടർന്ന്, അവരൊരുമിച്ച് കൈകോർത്തു നീഗ്രോ ലീഗ് തുടങ്ങുകയും, ലോകത്തിലെ തന്നെ ഏറ്റവും സക്സസീവ് ലീഗുകളിൽ ഒന്നായി പ്രസ്തുത ലീഗ് മാറിയത് നമ്മൾ കണ്ടതാണ്, പൂർണ്ണമായും ആഫ്രിക്കൻ അമേരിക്കൻസിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട ആ ലീഗും അതിന്റെ വിജയഗാഥയും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് സുവർണ്ണ ലിപികളാലാണ്.

ടൈഗർ വുഡ്‌സ് ഗോൾഫിൽ രചിച്ച വീരചരിതവും വർണ്ണവിവേചനത്തിനെതിരെ ഉയർത്തിയ വീരോചിത വിപ്ലവശബ്ദവുമുൾപ്പടെ പ്രതീകാത്മകമായ പല പ്രതിഷേധങ്ങളും കണ്ട കളിക്കളങ്ങളിൽ നിന്നും പക്ഷേ, ജനപ്രിയ കായികവിനോദങ്ങളായ ഫുട്‌ബോളും മറ്റുമാണ് സംഭവങ്ങളെ കൂടുതൽ ലോകശ്രദ്ധയിലേയ്ക്കു എത്തിയത് എന്നതിൽ തർക്കമില്ല. 2012ഇൽ സ്പാനിഷ് ലീഗിലെ ബാഴ്സിലോണ-വിയ്യാറയൽ മത്സരം കാൽപന്തുകളിയാരാധകർ ഓർത്തിരിക്കുന്നതും സമാനമായ സംഭവവികാസങ്ങളുടെ പേരിലാണ്. കോർണർ കിക്കെടുക്കാൻ വന്ന ബ്രസീലിയൻ താരം ഡാനി ആൽവാസിന് നേരെ വിയ്യാറയൽ ഗ്യാലറിയിൽ നിന്നും എറിഞ്ഞ വാഴപ്പഴം വെളുത്തവന്റെ വ്രണപ്പെട്ട വർണ്ണഹുങ്കിന്റെ തെളിവായിരുന്നു. അന്നുവരെ വംശീയതയ്ക്കു പാത്രമാകുന്നവർ വേഗം ചൂളിപ്പോവുകയോ കലിതുള്ളി കളംവിടുകയോ ചെയ്തിരുന്നത് മാത്രം കണ്ടുശീലിച്ച വർഗ്ഗ-വർണ്ണ വെരിയന്മാരുടെ ചെവിക്കല്ലിൽ കിട്ടിയ അടിയായിമാറി ശേഷം നടന്ന സംഭവങ്ങൾ. “കുരങ്ങന് നൽകിയ പഴം” നിലത്തുനിന്നെടുത്തു തൊലിയുരിഞ്ഞു വായിലാക്കിയ ഡാനി, ഒന്നും സംഭവിക്കാത്ത മട്ടിൽ കളി തുടർന്നു.

അതൊരു വിപ്ലവത്തിന്റെ തുടക്കമായിരുന്നു. വെള്ളക്കാരന്റെ വംശീയഹുങ്കിന്റെ മുന്നിൽ അതിനുമുൻപൊന്നും കാണാത്ത ഒരു വേറിട്ട പ്രതിഷേധരീതി; അതായിരുന്നു ഡാനിയുടെ ഉദ്ദേശവും. പഴം കഴിച്ചും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചും ഡാനിയുടെ പ്രതിഷേധത്തിൽ ഒപ്പം ചേർന്ന ലോകഫുട്‌ബോളിലെ മഹാരഥന്മാരിൽ പലരും ഈ വിഷയത്തെ ആഗോളതലത്തിൽ പ്രശസ്തമാക്കി മാറ്റി. എങ്കിലും, രണ്ടായിരത്തി അഞ്ചിൽ ബാഴ്സിലോണ ഇതിഹാസം സാമുവൽ ഇറ്റോയും, രണ്ടായിരത്തി പതിനൊന്നിൽ ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസും, പതിനാലിൽ സാന്റോസ് ഗോൾകീപ്പർ അരാനയും, പതിനെട്ടിൽ റഹീം സ്റ്റർലിംഗും തുടങ്ങി, വംശീയധിക്ഷേപങ്ങളിൽ മുറിവേറ്റവരുടെ പട്ടിക വിനീഷ്യസ് വരെയും എത്തിനിൽക്കുമ്പോൾ, പ്രതീകാത്മക പ്രതിഷേധങ്ങളുടെ മുള്ളമ്പുകൾ തൊടുത്തുവിട്ടു പുതുവഴിതുറന്നു “Why always me” എന്നു ചോദിച്ചു മരിയോ ബലോട്ടലിയും, സുവാരസിന്റെ വംശീയധിക്ഷേപത്തിനിരയായി ശേഷം കളിക്കളത്തിൽ വച്ചുതന്നെ മറുപടി നൽകിയ പാട്രിക് എവ്രയുമൊക്കെ ഈ വിപത്തിന്റെ തീക്കനലിൽ വെള്ളമൊഴിക്കാൻ പാടുപെട്ടവരാണ്.

രണ്ടായിരത്തിയിരുപതിൽ പോർച്ചുഗീസ് പ്രീമിയർ ലീഗിലെ പോർട്ടോയുടെ മുന്നേറ്റനിരതാരമായ മോസോ മരേഖ സമാനമായ രീതിയിൽ വംശീയധിക്ഷേപം നേരിട്ട് തെല്ലും കൂസാതെ ആ മത്സരത്തിൽ വലകുലുക്കി ഗ്യാലറിയെ നിശ്ശബ്ദരാക്കിയതും ശേഷം തന്റെ നിറം ഗ്യാലറിയെ അഭിമാനത്തോടെ കാണികച്ചുകൊടുത്തതും ഈ കളിയുടെ പ്രായാണരൂപത്തിൽ കൊത്തിവയ്ക്കപ്പെടാവുന്ന മറ്റൊരു മനോഹര ഏടാണ്.

ഫുടബോൾ വിട്ടു ക്രിക്കറ്റിലേക്ക് വന്നാൽ, ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. രണ്ടായിരത്തിയാറിൽ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ് സൗത്ത് ആഫ്രിക്കൻ താരം ഹഷീം ആംലയെ തീവ്രവാദി എന്നു കമന്ററിക്കിടയിൽ വിളിച്ചതും അത് പിന്നീട് വിവാദമായതും, വർഗ്ഗീയതയുടെ നേർചിത്രങ്ങളായിരിക്കെ ഇങ്ങിന്ത്യയിലും സമാനമായ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. ഓസ്‌ട്രേലിയൻ ഇതിഹാസം ആൻഡ്രൂ സിമ്മൻസിനെ ‘മങ്കി’ എന്നുവിളിച്ച ഹർഭജൻ സിംഗും ഐ പി എൽ ക്യാമ്പിൽ സഹതാരങ്ങൾ തന്നെ ‘കാലു’ എന്നു വിളിപ്പേരിട്ടു വിളിച്ചിരുന്നുവെന്ന വെസ്റ് ഇൻഡീസ് താരത്തിന്റെ വെളിപ്പെടുത്തലും നമുക്കിടയിലെ, നമ്മളാവരുതാത്ത നമ്മളെ കാണിച്ചുതരുന്നു.

വർദ്ധിച്ചുവരുന്ന വർണ്ണവെറിയുടെ വക്താക്കൾക്കു മൂക്കുകയറിടാൻ യൂറോപ്യൻ യൂണിയനും മറ്റു ലോകകായികസംഘടനകളും കിണഞ്ഞു പരിശ്രമിക്കുകയാണ്, ക്യാമ്പയിനുകളും ബോധവൽക്കരണവും നടത്തുകയാണ്. പക്ഷേ ഇതെത്രനാളത്തേയ്ക്കാണ്…?
ക്യാമ്പയിനുകൾകൊണ്ടു തീരേണ്ട വിഷയമെങ്കിൽ എന്തേ ഈ കഴിഞ്ഞ പതിറ്റാണ്ടുകളുടെ പരിശ്രമങ്ങൾ വീണ്ടും വിഫലമെന്നു ദിനംപ്രതി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു?! യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡൈവേഴ്സിറ്റി ആൻഡ് എത്തിക്സ് ഇൻ സ്പോർട്ടിന്റെ പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടും വർഷാവർഷം റേസിസ്റ്റ് ആക്റ്റുകൾ കൂടിവരുന്നതല്ലാതെ കുറയുന്ന ഭാവം കാണാനില്ല. 2017ഇൽ ആകെ 79 എണ്ണം റെക്കോർഡ് ചെയ്യപ്പെട്ട കയികലോകത്തെ റേസിസ്റ്റ് നീക്കങ്ങൾ തൊട്ടടുത്ത വർഷം 137 ആയി ഉയർന്നു. ഇവയൊക്കെയും ഓരോ ചൂണ്ടുപലകകളാണ്; മാറുന്ന ലോകത്തെ മരിക്കുന്ന മാനവീകതയുടെയും മനുഷ്യത്വത്തിന്റെയും മരണക്കാഴ്ചകൾ.

അമേരിക്കയിൽ വെളുത്ത പോലീസുകാരന്റെ കാൽമുട്ടിനടിയിൽ പിടഞ്ഞു തീർന്ന ജോർജ് ഫ്ലോയിടിന്റെ മുഖം സമാനഭാവത്തിൽ കളിക്കളങ്ങളിൽ പലപ്പോഴായി കാണേണ്ടി വരുന്ന ഭയാനകമായ അവസ്ഥ. മാറേണ്ടത് കാഴ്ചപ്പാടുകളാണ്, മാറ്റേണ്ടത് കലവീണ കണ്ണുകളും! റേസിസത്തിന്റെ തലങ്ങൾ ഇന്ന് മാറിയിരിക്കുന്നു. അതിൽ, കാലാകാലങ്ങളായി കണ്ടുപോന്ന പലതിനേയും നിത്യജീവിതവുമായി സമലർത്താനുള്ള വൃഥാശ്രമങ്ങളും നാമടങ്ങുന്ന സമൂഹം നടക്കുന്നുവെന്നതാണ് മറ്റൊരു വാസ്തവം. എന്തിലും ഏതിലും വർഗ്ഗീയത ചികയുന്ന മാനസീക അടിമത്തത്തിലേയ്ക്കു നീങ്ങുന്ന ഈ പുതിയ കാലത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു 2020 ടോക്കിയോ ഒളിമ്പിക്‌സ് വേദിയിൽ ഹൈജമ്പിലെ സുപ്രസിദ്ധമായ സ്വർണ്ണം പങ്കുവയ്ക്കലിന് മാധ്യമങ്ങൾ വഴി നൽകിയ വെറുപ്പിന്റെ വേറിട്ട മാനം. ഇറ്റലിക്കാരനായ ജിയാന്മാർക്കോ തമ്പേരിയും ഖത്തർ താരമായ മുതാസ് ബർഷിമും ഉയർന്നുചാടി ഒരേയുയരം കീഴടക്കിയ മത്സരത്തിൽ, ഒടുവിൽ തമ്പേരിയേ ചേർത്തുപിടിച്ചു റഫറിയോട് സ്വർണ്ണം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട മുതാസ് ബർഷിം അക്ഷരാർത്ഥത്തിൽ സ്പോർട്‌സ്മാൻസ്പിരിറ്റിന്റെ ഏറ്റവുമുന്നതോദാഹരണമായിതീർന്നു. കണ്ടിരുന്നവർ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്ത പ്രസ്തുത സംഭവം പക്ഷേ അതേ സ്പോർട്‌സ്മാൻസ്പിരിറ്റിന്റെയപ്പുറം കറുത്തനിറമുള്ളവൻ വെളുത്തവനു ചെയ്ത സൗജന്യമായി വ്യാഖ്യാനിച്ച ചില മാധ്യമങ്ങളും സ്ഥാപനങ്ങളും, വർണ്ണവെറിയുടെ, വെറുപ്പിന്റെ രാഷ്ട്രീയം കുത്തിവച്ചു സംഭവമാകെ വികൃതമാക്കിമാറ്റി.

നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന സമാനചേഷ്ടകൾ പോലെ, കളിക്കളങ്ങളിലെ കുമ്മായവരകളുടെയുള്ളിൽ ഇവയ്ക്കൊക്കെ സ്ഥാനംകൊടുക്കുന്നത് എത്രത്തോളം നീചമാണ് എന്നത് ഇനിയും മനസ്സിലാവാൻ നമ്മൾ എത്രയോ കാലം മുന്നിലേയ്ക്ക് പോവേണ്ടിവരുമെന്നത് തീർച്ചയല്ലെങ്കിലും ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ വൈര്യത്തിൽ വർഗീയമാനം നൽകി തുടങ്ങിയ ആഷസ് പരമ്പരയടക്കമുള്ള അൺഒഫീഷ്യൽ വംശീയ പോരുകൾ പോലെയുള്ളവ നിറുത്തുന്നതുവരെ ഇതിനു മാറ്റങ്ങളുണ്ടാവുമെന്ന വ്യാമോഹം വേണ്ട! അതിന് വ്യക്തികൾ മാറണം, വ്യക്തികൾ കൂടുന്ന സമൂഹങ്ങളിൽ ഈ ആശയങ്ങളുടെ ദീപശിഖയെരിയണം. താഴേയ്ക്കിടയിൽ നിന്നും മുകളിലേക്കുള്ള അഴിച്ചുപണിയാണ് ഇന്ന് ഏറ്റവുമനിവാര്യം, ഒപ്പം ദൈനംദിന ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട മര്യാദകളും കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളും ഈ കണക്കിൽ പെടുത്തുകയും വേണമെന്നതും അത്യന്താപേക്ഷികം. “നാട്ടിൽ കാണുന്ന കറുത്ത സുഹൃത്തിനെ കണ്ണാപ്പിയെന്നുവിളിച്ചു ചിരിച്ചു മതിച്ചു നടന്നൊടുവിൽ യൂറോപ്പിലെ റേസിസത്തിനെതിരെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ പടവെട്ടുന്ന ലോജിക്കില്ലായ്മയിൽ നിന്നും ഒരുപാട് പടികൾ മുകളിലേയ്ക്ക് കയറേണ്ടതുണ്ടുനാം!” തിരിച്ചറിവുകളാണ് മാറ്റത്തിലേയ്ക്കുള്ള ചൂണ്ടുപലക, മാറ്റങ്ങളാണ് മുന്നേറ്റത്തിലേയ്ക്കുള്ള ചവിട്ടുപടി, മുന്നേറ്റമാണ് മാനവീകതയുടെ തറക്കല്ല്. വിപ്ലവം വിജയിക്കട്ടെ!!!

ഗോകുലവും, പത്തരമാറ്റ് ‘ഗോൾഡൻ’ ബേബി ലീഗും

കോഴിക്കോട്ടെ കുട്ടി പ്രതിഭകളുടെ കളിവിളയാട്ടത്തിനു തിരശീലവീണു. ഗോകുലം ഗോൾഡൻ ബേബി ലീഗ് രണ്ടാം സീസണിന് ഏപ്രിൽ 30 ഞായറാഴ്ച്ചയോടെ വിരാമം. ഏപ്രിൽ 1 മുതൽ 30 വരെ നീണ്ട ലീഗിൽ, അണ്ടർ 8, അണ്ടർ 10, അണ്ടർ 12 എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നിരുന്നു. ജിങ്ക, സോക്കർ സിറ്റി, ഗ്രാൻഡ് സോക്കർ എന്നീ മൂന്നു ടർഫുകളിൽ, ആറു പിച്ചുകളിലായി നടന്ന പ്രസ്തുത ടൂർണമെന്റിൽ അണ്ടർ 8 വിഭാഗത്തിൽ കേരള ഫുട്‌ബോൾ ട്രെയിനിങ് സെന്ററും, അണ്ടർ 10 വിഭാഗത്തിൽ ലാ മാസിയായും, അണ്ടർ 12 വിഭാഗത്തിൽ പന്തീരാങ്കാവ് ഫുട്‌ബോൾ ട്രെയിനിങ് സെന്ററും ജേതാക്കളായി.

കോവിഡ് കാരണം നിറുത്തിവച്ച ഗോകുലം ഗോൾഡൻ ബേബി ലീഗ്, രണ്ടു വർഷങ്ങൾക്ക് ശേഷം ഈ സീസണിൽ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ പ്രോജക്റ്റായ ഗോൾഡൻ ബേബി ലീഗ്, കോഴിക്കോട് ആസ്ഥാനമായ ഗോകുലം കേരള എഫ് സിയാണ് ഏറ്റെടുത്തു നടത്തിയത്. 12 ദിവസങ്ങളിൽ മൂന്നു വിഭാഗങ്ങളിലായി എട്ടു വീതം ടീമുകൾ ലീഗിൽ പങ്കെടുത്തു. 24 ടീമുകൾ ഉൾപ്പെട്ട ഈ ടൂർണമെന്റിൽ ഓരോ ക്യാറ്റഗറികളിലും 84 മത്സരങ്ങൾ വീതം ആകെ 252 മത്സരങ്ങൾ മികവോടെ നടത്തപ്പെട്ടു. ഓരോ ടീമുകൾക്കും കൃത്യം 21 മത്സരങ്ങൾ കളിക്കാനുള്ള അവസരവും ഇതോടെ ഒരുങ്ങി. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ഫുട്‌ബോളിലെ രീതികളും പ്രൊഫഷണാലിസവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോജക്റ്റ്, 296 കുട്ടി പ്രതിഭകൾക്ക് കളിക്കാൻ അവസരമൊരുക്കി.

അണ്ടർ 8, അണ്ടർ 10, അണ്ടർ 12 എന്നീ വിഭാഗങ്ങളിൽ ആൺ-പെൺ താരങ്ങളെ സംയോജിപ്പിച്ചാണ് ടൂർണമെന്റിന്റെ നടത്തിപ്പ്. പെൺകുട്ടികൾ മാത്രം ഉൾപ്പെട്ട ടീമുകളും ലീഗിൽ പങ്കെടുത്തിരുന്നു. കുട്ടികളുടെ കൃത്യമായ “കളിപഠനം” എന്ന സുപ്രധാന ആശയം ഉൾക്കൊണ്ടുകൊണ്ട് നടത്തിയ ലീഗിൽ, മിതപ്പെടുത്തിയ-എന്നാൽ സാധാരണ ഫുട്‌ബോൾ കളിയോട് ചേർന്നു നിൽക്കുന്ന നിയമങ്ങളാണ് നടപ്പാക്കിയത്. അതിനായി സജ്ജരായ റഫറിമാരും കളിയദ്ധ്യാപകരും സദാസമയവും ടൂർണമെന്റ് ഏരിയയിൽ സന്നിഹിതരായിരുന്നു. ജയിച്ച ടീമുകൾക്ക് ഓരോ കളിയിലും മൂന്നു പോയിന്റുകളും, സമനിലയിൽ അവസാനിച്ച മത്സരങ്ങളിലെ ടീമുകൾക്ക് രണ്ടു പോയിന്റുകൾ വീതവും നൽകപ്പെട്ടു എന്നതിനൊപ്പം, സാധാരണയിൽ നിന്നും വ്യത്യസ്തമായി, തോൽവി വഴങ്ങിയ ടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകപ്പെട്ടു. കളത്തിലിറങ്ങിയ എല്ലാവരും ഓരോ പോയിന്റുകൾ കരസ്ഥമാക്കിയാണ് മടങ്ങിയത് എന്നു സാരം. ഇതിലൂടെ ആരും ഫുട്‌ബോളിൽ തോൽക്കുന്നില്ല എന്ന വലിയ പാഠം കുട്ടികളിലേയ്ക്ക് എത്തിക്കുകയാണ് ലീഗ് സംഘാടകരും പ്രോജക്റ്റ് ഡിസൈനേഴ്സും.

നന്നായി കളിക്കുന്ന കുട്ടികൾക്ക് പ്രചോദനം നൽകാനായി ഓരോ ആഴ്ചയിലും പ്ലേയർ ഓഫ് ദി വീക്ക് പുരസ്‌കാരങ്ങളും സമ്മാനിക്കപ്പെട്ടിരുന്നു. ഗോകുലം കേരള എഫ് സി സീനിയർ പുരുഷ-വനിതാ താരങ്ങളും, കേരള സ്റ്റേറ്റ് ലീഗ് കമന്റേറ്ററും, പരിശീലകരും, ഗോകുലം കേരള എഫ് സി ഓഫീസ് സ്റ്റാഫുകളുമടക്കമുള്ള വിശിഷ്ട്ടതിഥികൾ കുട്ടിപ്രതിഭകൾക്കു സമ്മാനങ്ങളും പ്രോത്സാഹനവും നൽകി. ഗോകുലം കേരള എഫ് സി ഒഫീഷ്യൽ അസ്‌ലം ഷാഫി, ടൂർണമെന്റ് കോർഡിനേറ്റർമാരായ ജിതിൻ പ്രകാശ്, മിഥുൻ എ എന്നിവരുടെ കഠിന പരിശ്രമങ്ങൾക്കൊപ്പം അക്ഷയ്, ഇവാൻ, മുബീൻ, അമൽരാജ്, ജുനൈസ്, ആദിൽ, ക്രിസ്റ്റി എന്നിവർ കൂടി കൈകോർത്തു ഗോൾഡൻ ബേബി ലീഗ് മികച്ച വിജയത്തിലേയ്ക്ക് എത്തിച്ചു.

ഏപ്രിൽ മുപ്പതാം തീയതി കോഴിക്കോട് ഗ്രാൻഡ് സോക്കറിൽ വച്ചു നടന്ന സമാപന സമ്മേളനത്തിൽ ഗോകുലം കേരള എഫ് സി-സി ഈ ഓ ഡോക്ടർ അശോക് കുമാർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. ഗോകുലം കേരള താരങ്ങളായ തൻമയ് ഘോഷ്, ദിലീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫിലിപ്പൈൻ ദേശീയ താരം കമില്ല റോഡ്രിഗസ് ലോർഡ്‌സ് എഫ് എയുടെ തട്ടകത്തിൽ | Exclusive

കേരളാ വിമൻസ് ലീഗിൽ വർണ്ണാഭമായ പ്രകടനം കാഴ്ച്ചവച്ച ലോർഡ്‌സ് ഫുട്‌ബോൾ അക്കാദമി വീണ്ടും കളിയാരാധരെ ഞെട്ടിക്കുന്നു. സംസ്ഥാന ലീഗിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതാ ലീഗിലേക്ക് കടന്ന ലോഡ്‌സ്, പ്രസ്തുത ടൂർണമെന്റിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഫിലിപ്പീൻസ് ദേശീയ ടീം താരം കമില്ല റോഡ്രിഗസിനെ ടീമിലെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ കെ ഡബ്ല്യൂ എല്ലിൽ ഗോകുലം കേരളയെ ഫൈനലിൽ തോൽപ്പിച്ചാണ് ലോഡ്‌സ് അവരുടെ കേരളാ ഫുട്‌ബോളിലേയ്ക്കുള്ള വരവരിയിച്ചത്. ഇന്ത്യൻ വനിതാ ലീഗ് ഈ മാസം 26നു തുടങ്ങാനിരിക്കവേ പുതിയ ഫിലിപ്പൈൻ താരത്തിന്റെ വരവ് ടീമിൽ പുതിയ ഊർജ്ജം തന്നെ പകരും എന്നത് തീർച്ചയാണ്. താരത്തിന്റെ വരവിൽ ക്ലബ്ബ് ഉടമ ഡറിക്ക് ഡിക്കോത്ത് പൂർണ്ണ സംതൃപ്തനാണ് എന്നു ക്ലബ്ബിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ വനിതാ ലീഗ് സീസൺ അവസാനിക്കുന്നത് വരെയുള്ള കരാറിലാണ് താരം ക്ലബിന്റെ ഭാഗമാകുന്നത്.

28 വയസ്സുള്ള ഈ മധ്യനിര താരം, 1994 ഡിസംബർ 27-ന് പിലിപ്പീൻസിലെ സാംബോഗ സിറ്റിയിലാണ് ജനിച്ചത്. പഠനത്തിനായി മിറിയം കോളേജ് ഹൈസ്കൂൾ തിരഞ്ഞെടുത്ത താരം, കൊളീജിയറ്റ് പഠനത്തിനായി അറ്റെനിയോ ഡി മനില സർവകലാശാലയിൽ ചേർന്നു. 2005-ൽ റോഡ്രിഗസ് ഫുട്ബോൾ രംഗത്തേയ്ക്കു കടന്നുവന്നു. റിസാൽ ഫുട്ബോൾ അസോസിയേഷൻ (RIFA) സംഘടിപ്പിച്ച ടൂർണമെന്റുകളിൽ താരം പങ്കെടുക്കുകയും വിമൻസ് നാഷണൽ കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷനിൽ (WNCAA) മിറിയത്തിന് വേണ്ടി കളിക്കുകയും ചെയ്തു. RIFA-സംഘടിപ്പിച്ച വിവിധ ടൂർണമെന്റുകളിൽ ഇവർ എം വി പി ആയി നാമകരണം ചെയ്യപ്പെട്ടു. അതിൽ കൂടുതലും 9-എ-സൈഡ് കളികളായിരുന്നു എന്നു മാത്രം. കൂടാതെ WNCAA-യുടെ മിഥിക്കൽ സെലക്ഷനിൽ 39-ാം സീസൺ മുതൽ 41-ാം സീസൺ വരെ കമില്ലേ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലസ്ഥാന മേഖലയ്ക്ക് വേണ്ടി 2009, 2010 വർഷങ്ങളിൽ പലരോംഗ് പംബൻസയിലും കളിച്ചു. ആ ടൂർണമെന്റിന്റെ രണ്ട് പതിപ്പുകളിലും അവർ എംവിപിയുമായിട്ടുണ്ട്.

റോഡ്രിഗസ് കോളേജ് കാലത്ത് അറ്റെനിയോ ഡി മനില യൂണിവേഴ്സിറ്റിയിലെ വനിതാ ഫുട്ബോൾ ടീമായ അറ്റേനിയോ ലേഡി ബ്ലൂ ബൂട്ടേഴ്സിനായി കളിച്ചിരുന്നു. അവളുടെ ടീം തുടർച്ചയായി മൂന്ന് തവണ മൂന്നാം സ്ഥാനത്ത് ലീഗ് ഫിനിഷ് ചെയ്തു. യുഎഎപി സീസൺ 77-ലെ മികച്ച സ്‌ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ട അവർ യുഎഎപി സീസൺ 79-ലെ “മിഥിക്കൽ ഇലവന്റെ” കൂടി ഭാഗമായിരുന്നു. ഒപ്പം അതേ ടീമിന്റെ ക്യാപ്റ്റൻസി ആം ബാൻഡും അവർ സ്വന്തമാക്കിയിരുന്നു.

തന്റെ ക്ലബ്ബ് കരിയറിൽ, റോഡ്രിഗസ് പിഎഫ്എഫ് വനിതാ ലീഗിൽ അറ്റെനിയോയ്ക്ക് വേണ്ടി തന്റെ കളിമികവു പുറത്തെടുത്തു. സ്‌പെയിനിലെ മിസ്‌ലാറ്റാ സി എഫിനായി കളിച്ച താരം, അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത് 2011-ലാണ്. 2011-ലെ എഎഫ്എഫ് വനിതാ ചാമ്പ്യൻഷിപ്പിൽ 16-ാം വയസ്സിൽ സീനിയർ ടീമിനായി തന്റെ ആദ്യ അന്താരാഷ്ട്ര ക്യാപ്പ് നേടുന്നതിന് മുമ്പ് റോഡ്രിഗസ് ഫിലിപ്പീൻസിലെ വിവിധ ക്യാറ്റഗറികളിൽ ദേശീയ ടീമിനായി കളിച്ചു. 2011-ൽ മലേഷ്യയ്‌ക്കെതിരെ ഇതേ ടൂർണമെന്റിൽ കമില്ലേ തന്റെ ആദ്യ ഗോൾ നേടി, എന്നാൽ പിന്നീട് അവളുടെ കൊളീജിയറ്റ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്താരാഷ്ട്ര ഡ്യൂട്ടിയിൽ നിന്ന് കുറച്ചു കാലത്തേയ്ക്കു മാറിനിന്നു.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം റോഡ്രിഗസ്, 2017-ൽ ഫിലിപ്പൈൻസ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തി, 2017 തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസിലും 2018 AFC വനിതാ ഏഷ്യൻ കപ്പിലും മത്സരിച്ച ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ലോഡ്‌സ് ഫുട്‌ബോൾ ക്ലബ്ബിലേയ്ക്കുള്ള അവരുടെ യാത്ര സീനിയർ കരിയറിൽ കൂടുതൽ മികവുകാട്ടാനും കിരീടങ്ങൾ നേടാനും വേണ്ടിയാണ്. ഫിലിപ്പൈൻസിനായി നാൽപ്പതിനു മുകളിൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം പത്തിലധികം ഗോളുകളും നേടിയിട്ടുണ്ട്. ഈ മികവ് തന്നെയാണ്, ഇന്ത്യൻ വനിതാ ലീഗിലേക്ക് കാലെടുത്തു വയ്ക്കുന്ന ലോർഡ്സിന്റെ ക്ലബ്ബ് ഉടമയായ ഡറിക്ക് ഡിക്കൊത്തിനേയും ആകർഷിച്ചത്.

ഏപ്രിൽ 26-ആം തീയതി ആരംഭിക്കുന്ന ഇന്ത്യൻ വനിതാ ലീഗിൽ ലോഡ്സിന്റെ ആദ്യ മത്സരം 27-ആം തീയതി സെൽറ്റിക്ക് ക്വീൻസ് എഫ് സിയുമായാണ്. ഷാഹിബൗഗ് പോലീസ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ഗ്രൂപ്പ് ബിയിലെ പ്രസ്തുത മത്സരം, ലോർഡ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാൽവയ്പുകളിൽ ഒന്നായിമാറും. നിലവിൽ ഇന്ത്യൻ വുമൻസ് ലീഗിൽ കളിക്കുന്ന ഒരേയൊരു കേരളാ ടീമായ ഗോകുലം കേരള എഫ് സിയ്ക്ക് കൂട്ടായി ഈ സീസൺ മുതൽ പുതിയ മാറ്റങ്ങളുമായി ലോഡ്‌സ് കൂടി ഒപ്പം ചേരുകയാണ്.

വിങ്മെൻ സ്പോർട്സ് ഏജൻസി വഴിയാണ് താരം ലോർഡ്സിൽ എത്തുന്നത്. മുൻപ് ഇന്ത്യൻ ഇന്റർനാഷണൽ മനീഷാ കല്യാണിന്റെ സൈപ്രസിലേയ്ക്കുള്ള കൂടുമാറ്റവും സാധ്യമാക്കി കൊടുത്ത ഇവർ, സോണാലി ചാങ്ത്തെ, ആന്റണി ആൻഡ്രൂസ് എന്നിവരുടെയടക്കം പല പ്രമുഖരുടെയും ഏജന്റുമാർ കൂടിയാണ്. ജോർദ്ദനിൽ വച്ചു നടന്ന എ എഫ് സി കപ്പിലേയ്ക്കുള്ള ഗോകുലം കേരള ടീമിൽ ഉൾപ്പെട്ട അഡ്രിയാൻ ടൂട്ടി, കരീൻ പയേസ് എന്നീ താരങ്ങളും ഇവരുടെ കൂടാരത്തിലുള്ളവരാണ്.

ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ആകെ ഇരുപത്തിരണ്ടായിരം പേരോ? അതെങ്ങനെ ശരിയാകും!?

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഇന്നലെ മഞ്ഞക്കടലായിരുന്നു. ചിരവൈരികളായ ബെംഗളൂരു എഫ് സിയുമായുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടത്തിൽ, കളി കാണാൻ എത്തിച്ചേർന്ന കാണികളുടെ അളവ് സൂപ്പർകപ്പ് സംഘാടകരെ തന്നെ ഞെട്ടിച്ച അവസ്ഥയിലായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദ ഫ്രീകിക്കിനെ ചൊല്ലിയുള്ള തർക്കവും, ടീമിന്റെ കളത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കും, ശേഷം ഇവാൻ വുക്കോമനോവിച്ചിനും സംഘത്തിനും കിട്ടിയ പിഴയും സസ്‌പെൻഷനും ഒക്കെയായി ആകെ സംഭവബഹുലമായിരുന്നു ഈ കഴിഞ്ഞ ഏതാനും മാസങ്ങൾ. അതിന്റെ ചൂടിൽ നിന്ന കേരളാ ബ്ലാസ്റ്റേഴ്സിനും, അവരുടെ ആരാധകക്കൂട്ടത്തിനും ബംഗളുരു എഫ് സിയെ തിരിച്ചു നോവിക്കാനുള്ള സുവർണ്ണാവസരമായിരുന്നു ഞായറാഴ്ച നടന്ന ഹീറോ സൂപ്പർ കപ്പിലെ ഗ്രൂപ്പ് ഏയിലെ അവസാന മത്സരം. അതും കേരളത്തിൽ, തങ്ങളുടെ മണ്ണിൽ വച്ച് പകരം ചോദിക്കാൻ കിട്ടിയ സുവർണ്ണാവസരം!

എന്നാൽ ആ കിട്ടിയ അവസരം മുതലാക്കാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചുവോ എന്നുള്ള ചോദ്യം വന്നാൽ രണ്ടഭിപ്രായം വന്നേക്കാം. അത്ര മികച്ചൊരു മത്സരമല്ല കാണികൾക്ക് ബ്ലാസ്റ്റേഴ്‌സ് സമ്മാനിച്ചത് എങ്കിലും കളികാണാൻ എത്തിയ ജനസാഗരത്തിനു കോഴിക്കോട് സ്റ്റേഡിയത്തെ പഴയ പ്രതാപത്തിലേയ്ക്ക് ഒന്ന് തിരികെ കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് വാസ്തവമാണ്.

മുപ്പത്തിയെട്ടായിരം കാണികളേ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ ഏറെക്കുറെ എല്ലാ ഇടവും ആരാധകരാൽ നിറഞ്ഞുകവിഞ്ഞിരുന്നു. ഒഫീഷ്യൽ അറ്റൻഡൻസ് ഒരു വലിയ സംഖ്യ തന്നെയായിരിക്കും എന്ന പ്രതീക്ഷയിൽ ഇരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിനിടയിൽ സ്റ്റേഡിയം അന്നൗൺസ്‌മെന്റ് എത്തുന്നു; “പ്രിയമുള്ളവരേ, ഇന്നത്തെ മത്സരം വീക്ഷിക്കാൻ ഇവിടെ എത്തിച്ചേർന്നിരിക്കുന്ന കാണിക്കളുടെ എണ്ണം: 22656”!

ഇരുപത്തിരണ്ടായിരം കാണികൾ എന്നത് ചെറിയൊരു സംഖ്യയല്ല എങ്കിലും, ഇന്നലെ സ്റ്റേഡിയത്തിൽ വന്നുചേർന്ന കാണികളുടെ എണ്ണത്തോട് തീരെ നീതിപുലർത്താത്ത ഒരു സംഖ്യയായി അത് മാറിപ്പോയിരുന്നു. മത്സരശേഷം മാധ്യമപ്രവർത്തകരും കാണികളുമൊക്കെയും ഈ കണക്കിൽ സംശയം പ്രകടിപ്പിച്ചു മുന്നിലേയ്ക്ക് വന്നിരുന്നെങ്കിലും ആർക്കും തന്നെ അതിലെ ലോജിക്ക് പിടികിട്ടിയിരുന്നില്ല. നിറഞ്ഞു കവിഞ്ഞ ഗ്യാലറിയിൽ മുപ്പത്തിനായിരത്തിനും മുകളിൽ കാണികൾ തീർച്ചയായും ഉണ്ടാവും എന്ന ഊഹം ശരിവച്ചുകൊണ്ട് ഒഫീഷ്യൽ അറ്റൻഡൻസ് കുരുക്കിന്റെ ചുരുൾ അഴിക്കുകയാണ്?:

സൂപ്പർ കപ് സ്റ്റേഡിയം അറ്റൻഡൻസ് എന്നത് ഒരു “ഏറെക്കുറേ” കണക്കായാണ് നമ്മൾ കാണേണ്ടത്. അതിനു വിവിധ കാരണങ്ങൾ ഉണ്ട്;

വിൽപ്പനയ്ക്ക് വച്ചിരുന്ന ടിക്കറ്റുകളുടെ ഒപ്പം സംഘാടകസമിതി സൗജന്യമായി മത്സരം വീക്ഷിക്കാനുള്ള കോംപ്ലിമെന്ററി പാസുകൾ ധാരാളം വിതരണം ചെയ്തിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ല. വിറ്റുപോയി എന്നുറപ്പുള്ള ടിക്കറ്റുകളുടെ ആകെ എണ്ണം മാത്രമാണ് മേൽപ്പറഞ്ഞ 22,656 എന്ന് സാരം. കൂടാതെ സ്റ്റേഡിയത്തിൽ ടിക്കറ്റ് ചെക്കിങ്ങിന് അത്യാധുനിക സ്കാനിങ് ഉപകരണങ്ങളോ മറ്റോ ഭാഗികമായി ഉപയോഗത്തിൽ ഉണ്ടായിരുന്നുമില്ല. അതിനാൽ തന്നെ സ്റ്റേഡിയം ഗ്യാലറിയിലേയ്ക്ക് പ്രവേശിച്ച ആളുകളുടെ എണ്ണം കൃത്യമായി കണക്കാക്കുവാൻ കഴിയുന്നതുമല്ല. എങ്കിലും, എല്ലാ മത്സരങ്ങളിലും തുടരുന്ന അതെ പതിവ് പ്രകാരം ഒരു “ഏറെക്കുറെ” കണക്കിലാണ് സ്റ്റേഡിയം അന്നൗൺസ്‌മെന്റ് വന്നത്. അതിനാൽ തന്നെ കാണികളിൽ സംശയമുണ്ടായാലും തെറ്റുപറയാൻ സാധിക്കുകയില്ല.

കേരളം കാത്തിരുന്ന പോരാട്ടങ്ങളിൽ ഒന്നുതന്നെയായിരുന്ന ഈ മത്സരത്തിൽ “ഏറെക്കുറെ” മുപ്പത്തിനായിരത്തിനും മുകളിൽ കാണികൾ ഉണ്ടായിരുന്നു എന്ന് തീർച്ചയായും അനുമാനിക്കാം. സമ്മോഹനമായ ഒട്ടനവധി ടൂർണ്ണമെന്റുകൾക്ക് വേദിയായ ഈ എം എസ് കോർപ്പറേഷൻ സ്റ്റേഡിയം, കാലങ്ങൾക്ക് ശേഷമാണ് ഇത്രയും കാണികളാൽ നിറയുന്നത്. സാധാരണഗതിയിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്ന മഞ്ഞപ്പടക്കൂട്ടം ഇത്തവണ കോഴിക്കോട്ട് മികച്ച രീതിയിൽ തന്നെ തങ്ങളുടെ താരങ്ങളെ പിന്തുണയ്ക്കാൻ എത്തിച്ചേർന്നു. സ്റ്റേഡിയം പരിസരത്തു മൊബൈൽ ഫോണിന്റെ അമിത ഉപയോഗം മൂലം മൊബൈൽ നെറ്റവർക്ക് പോലും മത്സരസമയത്തു ജാമായിരുന്നു.

അബ്ദുൽ റബീഹ്, ഒരു നാടിന്റെ നായകൻ

വളരുന്ന റബീഹ്, ഉയരങ്ങളിൽ കേരളാ ഫുട്ബോൾ! സൂപ്പർ കപ്പിന്റെ പ്രൗഢോജ്വല വേദിയിൽ റബീഹ് അവതരിച്ചു. അവന്റെ നാടിനും നാട്ടുകാർക്കും മുൻപിൽ ആ രാവിന്റെ നക്ഷത്രമായി അവൻ നിറഞ്ഞു തിളങ്ങി. ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി മുഖ്യപരിശീലകന്റെ ഏറെ വിശ്വസ്തനായ പടയാളിയായി വളർന്ന റബീഹ്, സ്വപ്നതുല്യമായിരുന്ന ഒട്ടനവധി നേട്ടങ്ങൾ കൊയ്താണ് മുന്നേറിക്കൊണ്ടിരുന്നത്.

കോട്ടയ്ക്കലിൽ ജനിച്ചു വളർന്ന റബീഹ്, തന്റെ നാട്ടിൽ, തന്റെ പ്രിയപ്പെട്ടവർക്കു മുൻപിൽ അക്ഷരാർത്ഥത്തിൽ ആർത്തിരമ്പുകയായിരുന്നു! ആദ്യ മത്സരത്തിൽ ഐസാൾ എഫ് സിയെ തോൽപ്പിച്ച ഹൈദരബാദും ഒഡിഷക്കെതിരെ ഒരു ഗോളിന്റെ സമനില വഴങ്ങിയ ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിൽ താരതമ്യേന മികച്ചൊരു മത്സരം തന്നെ ആരംഭിക്കുന്നു. കളിയുടെ നാലാം മിനുട്ടിൽ മധ്യനിരയിൽ നിന്നും ക്യാപ്റ്റൻ സാർത്തക്ക് നീട്ടി നൽകിയ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു മഹേഷ്‌ സിംഗ്‌ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ശേഷം ജാവിയർ സിവേരിയൊ, വി പി സുഹൈർ, വീണ്ടും മഹേഷ്‌ സിംഗ്‌ എന്നിവരുടെ ഗോളുകളോടെ 3-1 എന്നനിലയിൽ ഒന്നാം പകുതിക്കു വിസിൽ മുഴങ്ങി. രണ്ടാം പകുതിയിൽ ജാവിയർ സിവേരിയ അടുത്ത സെറ്റ് വെടിക്കെട്ടിന് തുടക്കമിട്ടു. അങ്ങനെ ഈസ്റ്റ് ബംഗാൾ ഹൈദരബാദ് ഗോൾ വ്യത്യാസം ഒന്നായി ചുരുങ്ങി. 83 ആം മിനുട്ടിൽ ഗാലറിയെ ആവേശത്തിലാഴ്ത്തി ഒരു മലയാളി താരത്തിന്റെ ഗോൾ വരുന്നു, അവിടെ മുതൽ പുതിയൊരു കഥയുടെ ആരംഭമാവുകയാണ്.

അന്നും, ഒരു ഹൈദരബാദ് എഫ് സി-ഈസ്റ്റ് ബംഗാൾ എഫ് സി മത്സരത്തിൽ തന്നെയായിരുന്നു ഇന്നീക്കാണുന്ന സംഭവവികാസങ്ങളുടെയൊക്കെ തുടക്കം. അതെ, 2021 ഡിസംബർ 23 നു ബാമ്പോലിമിലെ ജി എം സി സ്റ്റേഡിയത്തിൽ വച്ചരങ്ങേറിയ ഹൈദരബാദ് എഫ് സി-ഈസ്റ്റ് ബംഗാൾ മത്സരത്തിൽ, അവസാന നിമിഷങ്ങളിൽ സമനിലയിൽ നിൽക്കുന്ന ടീമിന്റെ ആക്രമണം ശക്തമാക്കാൻ ഹെഡ് കോച്ച് മനോലോ മാർക്കസിന്റെ നിർദ്ദേശപ്രകാരം കളത്തിലേയ്ക്കിറങ്ങിയ ആ എഴുപത്തിയേഴാം നമ്പർ ജേഴ്സിയിട്ട കുറിയ മനുഷ്യനെ കേരളക്കര മറക്കാനിടയില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ ഒരു നല്ല ക്രോസും, കുറച്ചു പാസുകളും കളിയിൽ തന്റേതായി കൂട്ടിച്ചേർത്ത അബ്‌ദുൾ റബീഹ്, തന്റെ പ്രതിഭയ്ക്കൊത്തൊരു പ്രകടനം പുറത്തെടുക്കാൻ കഴിയും മുൻപേ ഫൈനൽ വിസിൽ വഴി തിരികെ കൂടാരത്തിൽ കയറി.

എന്നാൽ, അന്നുതുടങ്ങി ഇന്നോളം ലോകമെമ്പാടുമുള്ള മലയാളിമനസുകളിൽ അവന്റെ പേര് നിറയെ പതിയത്തക്കവണ്ണമവൻ കളിവിളയാട്ടം നടത്തി. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലും ഡ്യൂറണ്ട് കപ്പിലും അടക്കം രാജ്യത്തെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ അവന്റെ പാദം പദിപ്പിച്ചു. ഇന്ന്, അതേ മികവോടെ സൂപ്പർ കപ്പിലും. അവന്റെ വിജയങ്ങളുടെ, നേട്ടങ്ങളുടെ, സ്വപ്നങ്ങളുടെ, വിയർപ്പിന്റെ, വീഴ്ചകളുടെ, ഉയർത്തെഴുനേല്പിന്റെ കഥ തുടരുകയാണ്.

മലപ്പുറം കോട്ടയ്ക്കലിൽ അബ്‌ദുൾ കരീം, റസിയ ദമ്പതികളുടെ അഞ്ചു മക്കളിൽ ഒരാളായി ജനിച്ച റബീഹ്, റോഹൂഫ്, റാഷിക്ക്, റംഷീക്ക്, അൻഷിദ് എന്നീ സഹോദരന്മാരിൽ ഫുട്‌ബോളിനെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ചേട്ടൻ റാഷിക്കിന്റ പിന്തുണയോടെയാണ് ഫുടബോൾ കളിച്ചു തുടങ്ങിയത്. മലപ്പുറം എം എസ് പിയിൽ ഏഴാം തരത്തിൽ പഠിക്കുമ്പോൾ കാൽപന്തിൽ തന്റെ ഭാഗ്യപരീക്ഷണം റബീഹ് പയറ്റിനോക്കി. ആദ്യ വർഷം തന്നെ അണ്ടർ പതിനാല് വിഭാഗത്തിൽ ഓൾ ഇന്ത്യ കളിക്കാൻ പോവുകയും സംസ്ഥാന വിജയികളാവുകയും ചെയ്ത ടീമിൽ ഉൾപ്പെട്ട താരത്തിനു പിന്നീട് പത്താം തരത്തിൽ എത്തിയപ്പോൾ തന്നെ ബംഗളൂരു എഫ് സിയിൽ പ്രതിഭ തെളിയിക്കാൻ അവസരം ലഭിച്ചു, അവിടെ നിന്നും ഐ ലീഗ് സെമിയിൽ തന്റെ ടീം കടക്കുമ്പോൾ ടീമിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി റബീഹ്.

രണ്ടു വർഷം അവിടെ തുടർന്ന താരം പ്ലസ് വൺ പഠനത്തിനായി തിരിച്ച് എം എസ് പിയിൽ ചേർന്നു. അവിടെ നിന്നും റിലയൻസ് ഫൗണ്ടേഷൻ ഓൾ ഇന്ത്യ റണ്ണേഴ്‌സ് ആവുകയും അതേ വർഷം എം എസ് പി ഓൾ ഇന്ത്യ ഐ ലീഗ് ഫൈനൽ റൗണ്ടിൽ പുണെ എഫ് സി, മിനർവ പഞ്ചാബ്, റിയൽ കശ്മീർ എന്നീ ടീമുകൾക്കെതിരെ താരം കളിച്ചു. കളിയുടെ നിലവാരം കൊണ്ടുതന്നെ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട് അവരുടെ അണ്ടർ പതിനെട്ട് ടീമിൽ എത്തിച്ചു. അവിടെ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൽ കടന്ന താരം അവിടെയും കളി മികവ് തുടർന്നു.

ഇടക്കാലത്തു ലൂക്കാ സോക്കർ ക്ലബ്ബിലും മറ്റും കളിച്ച താരം തന്റെ പ്രധാനമുന്നേറ്റങ്ങളുടെ മധുരം നുണഞ്ഞത് ഹൈദരാബാദിന്റെ മഞ്ഞ കുപ്പായത്തിലാണ്. ഷമീൽ ചെമ്പകത്ത് ടീമിലെത്തിച്ച ഈ പയ്യൻ, ആ ടീമിനെയും അവരുടെ ആരാധകരേയും ഇന്നോളം നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഈസ്റ്റ് ബംഗാളിനെതിരെ തന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം നടത്തിയ റബീഹ്, ഇപ്പോൾ അതേ കൊൽക്കത്ത വമ്പൻമാർക്കെതിരെ തന്നെ തന്റെ സീനിയർ ടീമിനായുള്ള ആദ്യ ഗോൾ കണ്ടെത്തുന്നു. കാലം കാത്തുവച്ച മറ്റൊരു സർപ്രൈസ് എന്നപോലെ.

സൂപ്പർ കപ്പ് അരങ്ങേറ്റം ഗംഭീരമാക്കി സച്ചിൻ സുരേഷ്

സൂപ്പർ കപ്പിന്റെ കളിവേദിയിൽ ചിറകുവിരിച്ചു പറന്നുയർന്ന് മഞ്ഞപ്പടയുടെ സച്ചിൻ സുരേഷ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ബെഞ്ചിൽ രണ്ടു നീണ്ട വർഷങ്ങൾ തള്ളിനീക്കി ഒടുക്കം കേരളാ ബ്ലാസ്‌റ്റേഴ്‌സ് സീനിയർ ടീമിൽ പ്രൗഢോജ്വലമായ സൂപ്പർ കപ്പിൽ ഈ തൃശ്ശൂർ ഗഡി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ കരിയറിന്റെ സുപ്രധാന മുന്നേറ്റം നടത്തിയ സച്ചിൻ നാളെയുടെ പ്രതീക്ഷയാണ് എന്നു ടീം പരിശീലകൻ ഇഷ്ഫാക് അഹ്മ്ദും മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. സൂപ്പർ കപ്പിൽ ഉദ്ഘാടന ദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് റൌണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് തങ്ങളുടെ ആദ്യ മത്സരം കളിച്ചത്. അതിൽ വിജയം കൈവരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മടങ്ങിയത്.

2001 ജനുവരി 18ന് തൃശൂർ ജില്ലയിലെ അവനൂരിൽ ജനിച്ച സച്ചിൻ, മുൻ യൂണിവേഴ്‌സിറ്റി ഗോൾകീപ്പറായ അച്ഛൻ സുരേഷിന്റെ പാത പിന്തുടർന്നാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. സച്ചിൻ ടെണ്ടുൽക്കറുടെ കടുത്ത ആരാധകനായ അച്ഛൻ സുരേഷ് തന്നെയാണ് മകൻ സച്ചിന്റെ ആദ്യ ഗുരുവും. നിരവധി സെവൻസ് വേദികളിൽ കളിച്ചു പരിചയമുള്ള സുരേഷ് തന്റെ മകന്റെ ഫുട്‌ബോൾ പ്രണയത്തിന് എല്ലാ പിന്തുണയും നൽകി. ഏഴാം വയസ്സിൽ പറപ്പൂർ സെപ്റ്റ് അക്കാദമിയിൽ ചേർന്ന സച്ചിൻ അവിടെ തന്റെ കളിയുടെ അടിത്തറയുണ്ടാക്കിയെടുത്തു. പതിനൊന്നാം വയസ്സിൽ ദുബായിൽ വച്ചു നടന്ന ദുബായ് സൂപ്പർ കപ്പിൽ സാക്ഷാൽ ഡീഗോ മറഡോണയുടെ മുന്നിൽ പന്തുതട്ടിയ സച്ചിൻ, കളിമികവുകൊണ്ടു തന്നെ തന്റെ പതിനാലാം വയസ്സിൽ ഇന്ത്യൻ അണ്ടർ പതിനാറ് ടീമിനൊപ്പം എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് കളിച്ചു. ശേഷം അണ്ടർ 18 ടീമിലും മികവ് കാട്ടിയ താരം, അർജന്റീനയെ പരാജയപ്പെടുത്തിയ കോത്തിഫ് കപ്പ് അണ്ടർ 19 ടീമിലും ആംഗമായി.

അതിനിടയിലാണ് 2017ൽ കേരളത്തിലെ പ്രമുഖ ക്ലബ്ബായ എഫ് സി കേരളയിൽ നിന്നും സച്ചിന് ക്ഷണം ലഭിക്കുന്നത്. ഒരു പുതിയ തുടക്കമെന്നോണം സച്ചിൻ ആ ക്ഷണം സ്വീകരിക്കുകയും എഫ് സി കേരളയുടെ അണ്ടർ 18 ടീമിന്റെ ഭാഗമാവുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം 2019ൽ എഫ് സി കേരള സീനിയർ ടീമിലേയ്ക്കും സച്ചിൻ തന്റെ മിക്കവാൽ എത്തിച്ചേർന്നു. ഈ കാലയളവിലെ പകരംവയ്ക്കാനില്ലാത്ത പ്രകടനം കൊണ്ടുതന്നെ സച്ചിൻ സന്തോഷ് ട്രോഫി ടീമിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. കളിച്ച ടീമുകളിലൊക്കെയും ഗോൾവലയ്ക്കു മുന്നിൽ ഉരുക്കുകോട്ടപോലെ ഉറച്ചുനിന്ന സച്ചിൻ അതിനോടകം തന്നെ ആരാധകഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ്വ് ടീമിലെ മുഖ്യപരിശീലകനായി മുൻ എഫ് സി കേരള മുഖ്യ പരിശീലകൻ കൂടിയായിരുന്ന ടി ജി പുരുഷോത്തമൻ ചുമതലയേറ്റപ്പോൾ, ഗോൾ ബാറിന് താഴെ സച്ചിൻ വേണമെന്ന് അദ്ദേഹം മാനേജ്മെന്റിനെ അറിയിച്ചു. തൽഫലമായി സച്ചിൻ, തന്റെ കരിയറിലെ ഏറ്റവും വലിയ കുതിപ്പിലേക്കുള്ള ആദ്യ പടി ചവിട്ടിക്കയറി. കെ ബി എഫ് സി റിസർവ് ടീമിനൊപ്പം കേരളത്തിന്റെ സംസ്ഥാന ലീഗായ കേരളാ പ്രീമിയർ ലീഗിൽ കളിച്ച സച്ചിൻ അവിടെ നിന്നുമാണ് സീനിയർ ടീമിലേയ് ക്കെത്തുന്നത്. കെ പി എല്ലിലെ മത്സരങ്ങളിൽ ഈ ഇരുപത്തിരണ്ടുകാരൻ കാണിച്ച ധീരതയുടെയും മികവിന്റെയും ഫലമായാണ് സീനിയർ ക്യാമ്പിലും ശേഷം സമ്മോഹനമായ ഇന്ത്യൻ സൂപ്പർ ലീഗ് സ്‌ക്വാഡിലും ഇദ്ദേഹം എത്തിപ്പെട്ടത്. ഐ എസ് എല്ലിൽ കഴിഞ്ഞ രണ്ടു സീസണുകളിലായി ബെഞ്ചിൽ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനമെങ്കിലും ഇതിനിടയിൽ റിലയൻസ് ഡെവലപ്‌മെന്റൽ ടൂർണമെന്റിലും, യൂ കെയിൽ വച്ചുനടന്ന നെക്സ്റ്റ് ജെൻ കപ്പിലും ഡ്യൂറണ്ട് കപ്പിലും സച്ചിൻ ഈ കാലയളവിൽ കളിച്ചു.

ഇപ്പോൾ അർഹിച്ച ഒരു അവസരം എന്നോണം തന്നെയാണ് സൂപ്പർ കപ്പിലേയും അരങ്ങേറ്റം. റൌണ്ട് ഗ്ലാസ്സ് പഞ്ചാബിനെതിരെ താരതമ്യേന മികച്ച പ്രകടനം നടത്തിയ സച്ചിന് പക്ഷെ ക്‌ളീൻ ഷീറ്റ് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഫാൻപോർട് കറസ്‌പോണ്ടന്റ് സച്ചിന്റെ പ്രകടനത്തെക്കുറിച്ചു ചോദിച്ചപ്പോൾ സന്തോഷത്തോടെയാണ് പരിശീലകൻ ഇഷ്ഫാക് അഹ്മദ് മറുപടി നൽകിയത്. കരൺജീത്ത് സിങ് ഈ സൂപ്പർ കപ്പോടെ ക്ലബ്ബ് വിടുന്ന സാഹചര്യത്തിൽ ടീമിന്റെ രണ്ടാം ചോയിസ് ഗോൾകീപ്പറിലേയ് ക്കുള്ള സ്ഥാനക്കയറ്റം കൂടിയാണ് സച്ചിനെ കാത്തിരിക്കുന്നത്.

കേരള വനിതാ ലീഗിൽ ഗോളടിമേളം തീർത്ത ഇന്ദുമതി കതിരേശൻ ഇനി ഗോകുലം കേരള എഫ് സിയുടെ തട്ടകത്തിൽ പന്തുതട്ടും

ഇന്ത്യൻ ദേശീയ വനിതാ ഫുട്‌ബോൾ താരം ഇന്ദുമതി കതിരേശൻ ഗോകുലം കേരള എഫ് സിയിലേയ്ക്ക്! മുൻപ് ഇന്ത്യൻ ദേശീയ ടീമിനൊപ്പം വനിതാ സാഫ് കപ്പും, സേതു എഫ് സിക്കൊപ്പം ഇന്ത്യൻ വനിതാ ലീഗ് കിരീടവും, ലോഡ്‌സ് ഫുട്‌ബോൾ അക്കാദമിക്കൊപ്പം കേരള വനിതാ ലീഗ് കിരീടവും കരസ്ഥമാക്കിയ താരം ഈ സീസണിൽ ഗോകുലം കേരളയ്ക്കൊപ്പം ഇന്ത്യൻ വനിതാ ലീഗിൽ വീണ്ടും മാറ്റുരയ്ക്കാൻ തയ്യാറെടുക്കുകയാണ്. ഏപ്രിൽ 25ന് ആരംഭിക്കുന്ന ഐ ഡബ്ല്യൂ എല്ലിൽ കേരളത്തിൽ നിന്നും ആകെ രണ്ടു ടീമുകൾ പങ്കെടുക്കുന്നുണ്ട്. രണ്ടു ഗ്രൂപ്പുകളിൽ നടക്കുന്ന പോരാട്ടങ്ങളിൽ ആകെ 16 ടീമുകൾ പരസ്പരം ഏറ്റുമുട്ടും.

1994 ജൂൺ 5ന് തമിഴ്നാട് ജനിച്ച ഈ മധ്യനിര താരം കഴിഞ്ഞ ഏതാനം സീസണുകളിൽ മികവുറ്റ കളിയാണ് കാഴ്ചവച്ചുകൊണ്ടിരുന്നത്. ഏറെ നാളുകളായി ഇന്ത്യൻ വനിതാ ഫുടബോളിൽ സജീവമായി നിന്നിരുന്ന താരം, ഈ കഴിഞ്ഞ സീസണിലെ കേരളം വനിതാ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള ഫുട്‌ബോൾ അസോസിയേഷൻ ആതിഥ്യമരുളിയ കേരള വനിത ലീഗിൽ, ഇന്ദുമതി ആകെ നാല്പത്തിന് മുകളിൽ ഗോളുകൾ അടിച്ചുകൂട്ടി. ലോഡ്‌സ് ഫുട്‌ബോൾ അക്കാദമിയിൽ മുഖ്യ പരിശീലക അമൃതയുടെയും ക്ലബ്ബ് ഉടമ ഡെറിക്ക് ഡിക്കൊത്തിന്റെയും കീഴിൽ കളിച്ച താരം വർണ്ണാഭമായ പ്രകടനം നടത്തിയാണ് സീസൺ അവസാനിപ്പിച്ചത്. ഇദ്ദേഹത്തെ തങ്ങളുടെ ടീമിലെത്തിക്കാൻ ഇന്ത്യൻ വനിതാ ലീഗിലെ പ്രമുഖ ടീമുകളിൽ പലരും ശ്രമിച്ചിരുന്നുവെങ്കിലും ഇത്തവണ നറുക്ക് വീണത് മലബാറിയൻസിനാണ്.

2016-17 സീസണിൽ ജെപിആർ ഇൻസ്റ്റിറ്റ്യൂട്ടിൽ കളിച്ച ഇവർ തൊട്ടടുത്ത സീസണിൽ പ്രമുഖരായ സേതു എഫ് സിക്കൊപ്പം ചേർന്നു. അവിടെ നിന്നും ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടുന്നതിൽ ടീമിനെ ഏറെ സഹായിച്ച താരം ഇന്ത്യൻ ഫുടബോൾ നിരീക്ഷകരുടെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായി വളർന്നു. തമിഴ്നാട് പോലീസിൽ ഇതിനിടെ ചേർന്ന ഇബ്ദുമതി അവർക്കായി കഴിഞ്ഞ ഏതാനും സീസണുകളിൽ കളിക്കുകയും ചെയ്തു. സബ് ഇൻസ്‌പെക്ടർ റാങ്കിൽ നിലവിൽ തമിഴ്നാട് പോലീസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, ഫുട്‌ബോളിനൊപ്പം കോവിഡ് മഹാമാരിക്കിടയിലും കാര്യക്ഷമമായി ജനസേവനത്തിനു മുന്നിലുണ്ടായിരുന്നു.

Picture Credit: Brian Luiz

കഴിഞ്ഞ സീസണിലാണ് ഇന്ദുമതി, താൻ നിലവിൽ കളിച്ചുകൊണ്ടിരുന്ന കൊച്ചി ആസ്ഥാനമായ ലോഡ്‌സ് ഫുട്ബോൾ ക്ലബ്ബിൽ ചേരുന്നത്. അവിടെ നിന്നുകൊണ്ട് കേരളാ ഫുടബോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനം നടത്തിയ താരം 44 ഗോളുകളും കുന്നോളം അസിസ്റ്റുകളും തന്റെ പേരിൽ കുറിച്ചു. മ്യാന്മർ സ്വദേശിനി വിന്നിന്റെ ഒപ്പം ഗോളടിമേളം നടത്തിയ ഇദ്ദേഹം ലീഗിലെ ടോപ് സ്‌കോറർ പട്ടികയിൽ മറ്റു ടീമുകളിലെ താരങ്ങളേക്കാൾ മുന്നിൽ എത്തി. 2014 മുതൽ ദേശീയ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ച താരത്തിന്റെ പരിചയസമ്പത്തും ഈയവസരത്തിൽ ഇദ്ദേഹത്തെ തട്ടകത്തിൽ എത്തിക്കുന്ന ഗോകുലം കേരള എഫ് സി പരിഗണനയിൽ എടുത്തിട്ടുണ്ട്.

ദേശീയ ടീമിനൊപ്പം 2014-ൽ തുടങ്ങി അൻപതോളം മത്സരങ്ങൾ പൂർത്തിയാക്കിയ താരം സാഫ് വുമൺസ് ചാമ്പ്യൻഷിപ്പിൽ കളിച്ചു വിജയിച്ചിട്ടുണ്ട്. ബ്രസീലിനെതിരെ കളിച്ച ഇന്ത്യൻ വനിതാ ടീമിൽ അംഗമായിരുന്ന ഇദ്ദേഹം തമിഴ്നാടിനോപ്പം മുൻപ് 2017-18 സീനിയർ വുമൺസ് നാഷണൽ ചാംപ്യൻഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ഫോമിൽ നിലവിൽ കളിക്കുന്ന താരം ഇന്ത്യൻ വനിതാ ലീഗിൽ തന്റെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. മുൻപും ഐ ഡബ്ല്യൂ എൽ കിരീടം ചൂടിയിട്ടുള്ള ഗോകുലം കേരള എഫ് സി ഈ സീസണിലും കിരീടപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്. ഏപ്രിൽ മാസം 25ആം തീയതി ആരംഭിക്കുന്ന പുതിയ സീസൺ വനിതാ ലീഗിന്റെ വേദികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Exit mobile version