വിനീഷ്യസ് ജൂനിയറിന് കോപ അമേരിക്ക ക്വാർട്ടർ ഫൈനൽ നഷ്ടമാകും

ബ്രസീൽ കോപ അമേരിക്ക ക്വാർട്ടർ ഫൈനൽ ഫിക്സ്ചറിന് ഇറങ്ങുമ്പോൾ ഒപ്പം വിനീഷ്യസ് ജൂനിയർ ഉണ്ടാകില്ല. ഇന്ന് കൊളംബിയക്ക് എതിരായ മത്സരത്തിൽ മഞ്ഞ കാർഡ് കണ്ടതാണ് വിനീഷ്യസിന് തിരിച്ചടിയായത്. ഇന്ന് ഒരു മഞ്ഞ കാർഡ് കിട്ടിയാൽ സസ്പെൻഷൻ കിട്ടും എന്ന സാഹചര്യത്തിൽ ആയിരുന്നു വിനീഷ്യസ് കളിക്കാൻ ഇറങ്ങിയത്. എന്നിട്ടും താരത്തിന് മഞ്ഞക്കാർഡ് ഒഴിവാക്കാൻ ആയില്ല.

നേരത്തെ പരാഗ്വേക്ക് എതിരായ മത്സരത്തിലും വിനീഷ്യസ് ജൂനിയർ മഞ്ഞക്കാർഡ് വാങ്ങിയിരുന്നു. അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെടുന്ന ബ്രസീലിന് വിനീഷ്യസിനെ കൂടെ നഷ്ടപ്പെടുന്നത് കൂടുതൽ പ്രതിസന്ധി നൽകും. ഇനി ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയെ ആണ് നേരിടേണ്ടത്. ഇപ്പോൾ ഗംഭീര ഫോമിലാണ് ഉറുഗ്വേ ഉള്ളത്. ജൂലൈ 7ന് പുലർച്ചെ ആകും ഈ മത്സരം നടക്കുക.

വിനീഷ്യസിന് ഇരട്ടഗോൾ, വാൽവെർദെക്ക് ഹാട്രിക്ക് അസിസ്റ്റ്, റയൽ മാഡ്രിഡിന് 10 പോയിന്റ് ലീഡ്

ലാലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. ഇന്ന് ഒസാസുനയെ നേരിട്ട റയൽ മാഡ്രിഡ് എവേ ഗ്രൗണ്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ചു. ഇരട്ട ഗോളുകളുമായി വിനീഷ്യസ് ജൂനിയറും ഹാട്രിക്ക് അസിസ്റ്റുമായി ഫെഡെ വാല്വെർദെയും ഒന്ന് റയൽ മാഡ്രിഡിനായി തിളങ്ങി.

ഇന്ന് നാലാം മിനുട്ടിൽ തന്നെ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിന് ലീഡ് നൽകി. ഏഴാം മിനുട്ടിൽ ബുദിമിറിലൂടെ ഒസാസുന സമനില നേടി. സ്കോർ 1-1. 18ആം മിനുട്ടിൽ കാർവഹാൾ വീണ്ട റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വല്വെർദെ ആയിരുന്നു ഈ ഗോൾ ഒരുക്കിയത്. 61ആം മിനുട്ടിൽ ബ്രഹിം ഡിയസിലൂടെ റയൽ മൂന്നാം ഗോൾ നേടി. ഈ ഗോളും വാല്വെർദെ തന്നെ ആണ് ഒരുക്കിയത്. 3-1.

64ആം മിനുട്ടിൽ വാല്വെർദെയുടെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് തന്റെ രണ്ടാം ഗോൾ നേടി. സ്കോർ 4-1. അവസാനം ഐകർ മുനോസ് ഒസാസുനക്ക് ആയി ഗോൾ നേടിയത് അവരുടെ പരാജയ ബ്ജാരം കുറച്ചു.

ഈ ജയത്തോടെ റയൽ മാഡ്രിഡ് 29 മത്സരങ്ങളിൽ നിന്ന് 72 പോയിന്റിൽ എത്തി. ഒന്നാം സ്ഥാനത്ത് 10 പോയിന്റിന്റെ ലീഡ് അവർക്ക് ഉണ്ട്.

സമനില വഴങ്ങി എങ്കിലും റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ

സമനില വഴങ്ങിയെങ്കിലും റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-1എന്ന സമനിലയാണ് റയൽ മാഡ്രിഡ് വഴങ്ങിയത്. എന്നാൽ ആദ്യ പാദത്തിൽ ലെപ്സിഗിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നേടിയ 1-0 എന്ന വിജയം റയലിന് തുണയായി.

അവർ 2-1 എന്ന ആക്രിഗേറ്റ് സ്കോറിലാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. ഇന്ന് അത്ര മികച്ച ഫുട്ബോൾ ആയിരുന്നില്ല റയൽ മാഡ്രിഡിൽ നിന്ന് കണ്ടത്. ആദ്യ പകുതിയിൽ ഗോൾ ഒന്നും ആരും നേടിയില്ല. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്. ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ നിന്നായിരുന്നു വിനേഷ്യസ് ജൂനിയറിന്റെ ഗോൾ. ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ ലെപ്സിഗിനായി.

മൂന്നു മിനിറ്റിനകം ലൈപ്സിഗ് ഓർബാനിലൂടെ സമനില നേടി. എങ്കിലും അധികം സമ്മർദ്ദത്തിൽ പെടാതെ റയൽ മാഡ്രിഡ് സമനിലയിൽ കളി ഫിനിഷ് ചെയ്തു അടുത്ത റൗണ്ടിലേക്ക് കടന്നു.

ബാഴ്സലോണ വലയിൽ 4 ഗോളുകൾ!!! റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ നടന്ന എൽ ക്ലാസികോയിൽ റയൽ മാഡ്രിഡ് താണ്ഡവം. ഇന്ന് സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയുടെ വല നിറച്ചാണ് റയൽ മാഡ്രിഡ് കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരിന്നു റയൽ മാഡ്രിഡിന്റെ വിജയം. ഹാട്രിക്ക് ഗോളുമായി വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിന്റെ ഹീറോ ആയി.

ഇന്ന് മത്സരം ആരംഭിച്ച് 10 മിനുട്ടുകൾക്ക് അകം തന്നെ റയൽ മാഡ്രിഡ് 2-0ന് മുന്നിൽ എത്തിയിരുന്നു. ഏഴാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഒരു ഡിഫൻസ് സ്പ്ലിറ്റിംഗ് പാസിൽ നിന്നാണ് വിനീഷ്യസിന് അവസരം കിട്ടിയത്. വിനി ബാഴ്സലോണ ഗോൾ കീപ്പറെയും ഡ്രിബിൾ ചെയ്ത് അകറ്റി ഒഴിഞ്ഞ ഗോൾ വലയിലേക്ക് പന്ത് എത്തിച്ചു.

ആ ഗോൾ വന്ന് മൂന്ന് മിനുട്ടിനകം അടുത്ത ഗോളും വന്നു. ഇത്തവണ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഫിനിഷ്. സ്കോർ 2-0. 33ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഒരു ഫിനിഷ് ബാഴ്സലോണ ഒരു ഗോളും ഒപ്പം പ്രതീക്ഷയും നൽകി. സ്കോർ 2-1.

പക്ഷെ 39ആം മിനുട്ടിൽ ഒരു പെനാൾട്ടി റയലിന്റെ രണ്ടു ഗോൾ ലീഡ് പുനസ്ഥാപിക്കാൻ അവരെ സഹായിച്ചു. വിനീഷ്യസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. വിനീഷ്യസിന്റെ എൽ ക്ലാസികോയിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു ഇത്. 3-1.

രണ്ടാം പകുതിയിലും ബാഴ്സക്ക് മേൽ റയൽ ആധിപത്യം തുടർന്നു. 64ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ റയൽ മാഡ്രിഡ് നാലാം ഗോൾ കണ്ടെത്തി. സ്കോർ 4-1. 71ആം മിനുട്ടിൽ അറോഹോ ചുവപ്പ് കൂടെ കണ്ടതോടെ ബാഴ്സലോണ പത്തു പേരായി ചുരുങ്ങി.

ഈ വിജയം റയൽ മാഡ്രിഡിന് അവരുടെ 13ആം സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നൽകി. ബാഴ്സലോണക്ക് 14 സ്പാനിഷ് സൂപ്പർ കപ്പ് ഉണ്ട്‌

വിനീഷ്യസ് ജൂനിയർ നീണ്ടകാലം പുറത്തിരിക്കും

വിനീഷ്യസ് ജൂനിയർ നീണ്ടകാലം പുറത്തിരിക്കും എന്ന് റിപ്പോർട്ടുകൾ. താരത്തിന് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്നും തിരികെ കളത്തിൽ എത്താൻ മൂന്ന് മാസം എങ്കിലും ചുരുങ്ങിയത് ആകും എന്നും റിപ്പോർട്ടുകൾ പറയുന്നു. വിനീഷ്യസിന്റെ അഭാവം ബ്രസീലിനെയും റയൽ മാഡ്രിഡിനെയും ഒരു പോലെ ബാധിക്കും. നെയ്മർ പരിക്കേറ്റ് പുറത്തായതിനാൽ വിനീഷ്യസ് ആയിരുന്നു ബ്രസീലിന്റെ അറ്റാക്കിലെ പ്രധാന പ്രതീക്ഷ.

കൊളംബിയക്ക് എതിരായ മത്സരത്തിൽ ആണ് വിനീഷ്യസിന്റെ ഇടതു തുടയ്‌ക്ക് പരിക്കേറ്റത്‌. ചൊവ്വാഴ്ച നടക്കുന്ന അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരവും താരത്തിന് നഷ്ടമാകും‌. ബ്രസീൽ അവസാന മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ ആകാതെ നിൽക്കുകയാണ്. അർജന്റീനക്ക് എതിരെയും വിജയിക്കാൻ ആകാതെ വന്നാൽ അവർ ലോക്കപ്പ് യോഗ്യത റൗണ്ട് ടേബിളിൽ ഇനിയും താഴേക്ക് പോകും.

റയൽ മാഡ്രിഡിനും വിനീഷ്യസിന്റെ സേവനം നഷ്ടമാകും. സീസൺ തുടക്കത്തിലും വിനീഷ്യസിനെ പരിക്ക് ബാധിച്ചിരുന്നു.

വിനീഷ്യസ് റയലിൽ കരാർ പുതുക്കി, 2027 വരെ തുടരും

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് നാലു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2027വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ഒപ്പുവെച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു.

പുതിയ കരാറിൽ വിനീഷ്യസിന്റെ വേതനം ഇരട്ടിയാകും. റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോയും ആകും. റയൽ മാഡ്രിഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരു താരമാണ് വിനീഷ്യസ്. 2018ൽ ആയിരുന്നു ഫ്ലമെംഗോയിൽ നിന്ന് വിനീഷ്യസ് റയൽ മാഡ്രിഡിലേക്ക് എത്തിയത്.

23കാരനായ താരം ഇതിനകം റയൽ മാഡ്രിഡിനായി നൂറ്റി അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനൊപ്പം ഒമ്പതോളം കിരീടങ്ങൾ വിനീഷ്യസ് ഇതിനകം തന്നെ നേടിയിട്ടുണ്ട്.

വിനീഷ്യസ് ജൂനിയർ 6 ആഴ്ചയോളം പുറത്തിരിക്കും

റയൽ മാഡ്രിഡിന് സന്തോഷം നൽകുന്ന വാർത്തയല്ല വരുന്നത്. അവരുടെ പ്രധാന താരമായ വിനീഷ്യസ് ജൂനിയർ തിരികെ കളത്തിൽ എത്താൻ സമയം എടുക്കും. പുതിയ റിപ്പോർട്ട് പ്രകാരം 6 ആഴ്ചയോളം വിനീഷ്യസ് പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തിനിടയിൽ ആയിരുന്നു വിനീഷ്യസിന് പരിക്കേറ്റത്. ആദ്യം പരിക്ക് വലിയ പ്രശ്നമാകില്ല എന്നായിരുന്നു കരുതിയത് എങ്കിലും പുതിയ റിപ്പോർട്ട് പ്രകാരം 6 ആഴ്ചയോളം താരം പുറത്ത് ഇരിക്കും എന്ന് ഉറപ്പായി.

ബ്രസീൽ ദേശീയ ടീമിനൊപ്പം ഉള്ള രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഉൾപ്പെടെ വിനീഷ്യസിന് നഷ്ടമാകും. യോഗ്യത റൗണ്ടിൽ ബ്രസീൽ വിനീഷ്യസ് മാത്രമല്ല നെയ്മറും ഉണ്ടാകില്ല. വിനീഷ്യസിന് റയലിനൊപ്പം അഞ്ച് മത്സരങ്ങൾ എങ്കിലും ചുരുങ്ങിയത് ഇനി നഷ്ടമാകും. ഗെറ്റഫെ, റയൽ സോസിഡാഡ്, അത്ലറ്റികോ മാഡ്രിഡ്, ലാസ് പാമസ്, ജിറോണ എന്നീ മത്സരങ്ങളും ഒപ്പം ഒരു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും താരത്തിന് നഷ്ടമാകും.

റയലിന് വീണ്ടും തിരിച്ചടി, വിനീഷ്യസ് ജൂനിയർക്കും പരിക്ക്

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടിയായി പരിക്ക്. നേരത്തെ ഗോൾ കീപ്പർ കോർട്ടോ, പ്രതിരോധ താരം മിലിറ്റാവോ എന്നിവരെ പരിക്ക് കാരണം ദീർഘകാലത്തേക്ക് അവർക്ക് നഷ്ടമായിരുന്നു. ഇത്തവണ സെൽറ്റ വിഗക്ക് എതിരായ മത്സരത്തിൽ ബ്രസീൽ മുന്നേറ്റനിര താരം വിനീഷ്യസ് ജൂനിയറിനു ആണ് പരിക്കേറ്റത്.

സെൽറ്റ പ്രതിരോധത്തെ പിന്തുടർന്ന് പന്ത് നേടാനുള്ള വിനീഷ്യസിന്റെ ഓട്ടത്തിനു ഇടയിൽ താരത്തിന് കാലിനു പരിക്കേൽക്കുക ആയിരുന്നു. ഹാംസ്ട്രിങിൽ ആണ് താരത്തിന് വേദന അനുഭവപ്പെട്ടത്. തുടർന്ന് മെഡിക്കൽ സഹായം വേണ്ടി വന്ന താരത്തെ ആഞ്ചലോട്ടി പിൻവലിക്കുക ആയിരുന്നു. താരത്തിന്റെ പരിക്ക് ഗുരുത്തരമാണോ എന്നത് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമാണ് അറിയുക.

റയൽ മാഡ്രിഡിൽ വിനീഷ്യസ് ഇനി റൊണാൾഡോയുടെ ഏഴാം നമ്പർ അണിയും

റയൽ മാഡ്രിഡിന്റെ യുവതാരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും വരാനിരിക്കുന്ന സീസണിൽ ഐക്കോണിക് ഷർട്ട് നമ്പറുകൾ ധരിക്കാൻ തയ്യാറെടുക്കുകയാണ്. വിനീഷ്യസ് ജൂനിയർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെ കാലം അണിഞ്ഞ ഏഴാം നമ്പർ ജേഴ്സി അണിയുമ്പോൾ ലൂയിസ് ഫിഗോയും ബെയ്‌ലും ധരിച്ചിരുന്ന 11-ാം നമ്പർ ജേഴ്‌സിയിലേക്ക് മാറും.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏഴാം നമ്പർ ഷർട്ടിന് ഏറെ പ്രാധാന്യമുള്ളതാണ്. പോർച്ചുഗീസ് ഗോൾ സ്‌കോറിംഗ് മെഷീനായ ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡുകൾ എല്ലാം ബ്രേക്ക് ചെയ്തത് ആ ജേഴ്സി അണിഞ്ഞായിരുന്നു. റൊണാൾഡോയ്‌ക്ക് മുമ്പ്, ഏഴാം നമ്പർ ഷർട്ട് അലങ്കരിച്ചത് ഇതിഹാസം റൗൾ ഗോൺസാലസായിരുന്നു.

ബെൻസീമ കൂടെ ക്ലബ് വിടുന്നതോടെ വിനീഷ്യസ് ജൂനിയറും റോദ്രിഗോയും ആകും ഇനി റയൽ മാഡ്രിഡിന്റെ പ്രധാന മുഖങ്ങൾ.

വിനീഷ്യസിന്റെ ചുവപ്പ് കാർഡ് റദ്ദാക്കി, ഒപ്പം വലൻസിയക്ക് ശിക്ഷയും പിഴയും

വലൻസിയക്ക് എതിരായ മത്സരത്തിൽ വംശീയ അധിക്ഷേപങ്ങൾ നേരിടുകയും തുടർന്ന് നടന്ന പ്രതികരണത്തിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്ത വിനീഷ്യസ് ജൂനിയറിന്റെ ചുവപ്പ് കാർഡ് റഫറി ഫെഡറേഷൻ റദ്ദാക്കി. ഇതോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രസീലിയൻ താരത്തിന് കളിക്കാൻ ആവും. വിനീഷ്യസ് നേരിട്ട റേസിസവും താരത്തിന് നൽകിയ ചുവപ്പ് കാർഡും ഏറെ വിവാദമായ ശേഷമാണ് നടപടി.

അതേസമയം സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ വലൻസിയക്ക് എതിരെയും നടപടി പ്രഖ്യാപിച്ചു. ആദ്യം കാണികളെ ന്യായീകരിച്ചു രംഗത്ത് എത്തിയ സ്പാനിഷ് അധികൃതർ ഏറെ പ്രതിഷേധത്തിന് ശേഷമാണ് നടപടി എടുത്തത്. 5 മത്സരങ്ങളിൽ വലൻസിയ സ്റ്റേഡിയത്തിൽ ആരാധകരെ ഭാഗികമായി മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. വിനീഷ്യസിന് വംശീയ ആക്രമണം നേരിട്ട മരിയോ കെമ്പസ്‌ സൗത്ത് സ്റ്റാന്റിൽ ആരെയും പ്രവേശിപ്പിക്കില്ല. ഇതിനു ഒപ്പം 45,000 യൂറോ പിഴയും വലൻസിയ ഒടുക്കണം.

വിനീഷ്യസ് റയൽ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് ആഞ്ചലോട്ടി

ലാലിഗയിലെ വംശീയാധിക്ഷേപങ്ങൾ കാരണം വിനീഷ്യസ് റയൽ മാഡ്രിഡ് വിടാൻ പോകുന്നില്ല എന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി. വിനീഷ്യസ് ജൂനിയറിന് ക്ലബ് വിടാൻ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. യുവ ബ്രസീലിയൻ വിംഗർ റയൽ മാഡ്രിഡിനെ സ്നേഹിക്കുന്നുവെന്നും ക്ലബ്ബിൽ വിജയം നേടുന്നതിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് നിൽക്കുകയാണെന്നും അൻസലോട്ടി വ്യക്തമാക്കി.

“വിനീഷ്യസ് ജൂനിയർ വിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അവൻ റയൽ മാഡ്രിഡിനെ സ്നേഹിക്കുന്നു. അവൻ ഇവിടെ വിജയിക്കാൻ ആഗ്രഹിക്കുന്നു; വിനിക്ക് അറിയാം ഈ ക്ലബ്ബാണ് തന്റെ ഭാവി. ഇവിടെ തുടരുക എന്നതാണ് അവന്റെ ആശയം. അവൻ റയലിൽ ഏറെ കാലം കളിക്കാൻ ആഗ്രഹിക്കുന്നു.” ആഞ്ചലോട്ടി പറഞ്ഞു.

വിനീഷ്യസ് ജൂനിയർ അടുത്തിടെയാണ് റയൽ മാഡ്രിഡിൽ ദീർഘകാല കരാർ അംഗീകരിച്ചത്. റയൽ മാഡ്രിഡിൽ തുടർന്ന് ലാലിഗയിലെ വംശീയതക്ക് എതിരെ പൊരുതാൻ ആണ് വിനീഷ്യസിന്റെ ഇപ്പോഴത്തെ തീരുമാനം. ബ്രസീലിയൻ ക്ലബ് ഫ്ലെമെംഗോയിൽ നിന്ന് 2018ൽ ആയിരുന്നു വിനീഷ്യസ് റയൽ മാഡ്രിഡിൽ ചേർന്നത്

വിനീഷ്യസ് വിഷയത്തിൽ കേസ് നൽകി റയൽ മാഡ്രിഡ്

വലൻസിയക്ക് എതിരായ മത്സരത്തിൽ വിനീഷ്യസ് ജൂനിയറിന് നേരിട്ട വംശീയ അധിക്ഷേപങ്ങൾക്ക് എതിരെ അറ്റോർണി ജനറലിന്റെ ഓഫീസിൽ കേസ് നൽകി റയൽ മാഡ്രിഡ്. വ്യക്തമായ രീതിയിൽ വംശീയമായി തങ്ങളുടെ താരം അധിക്ഷേപങ്ങൾക്ക് വിധേയമായത് ആയി പറഞ്ഞ മാഡ്രിഡ് മുൻവിധി ഇല്ലാത്ത അന്വേഷണം നടക്കും എന്നു പ്രതീക്ഷിക്കുന്നത് ആയും പറഞ്ഞു.

‘ഹേറ്റ് ക്രമിനു’ ആണ് വിനീഷ്യസ് വിധേയമായത് എന്നു പറഞ്ഞ മാഡ്രിഡ് ശക്തമായ നടപടികൾ പ്രതീക്ഷിക്കുന്നത് ആയും പറഞ്ഞു. അതിരൂക്ഷമായ ഭാഷയിൽ ലാ ലീഗയെ വിമർശിച്ച വിനീഷ്യസിന് പിന്തുണയും ആയി നിരവധി പ്രമുഖതാരങ്ങൾ ആണ് രംഗത്ത് എത്തിയത്. അതേസമയം കാര്യങ്ങൾ കുറച്ചു കാണുന്ന ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബാസിന്റെ നടപടികളും വലിയ വിമർശനം നേരിടുന്നുണ്ട്.

Exit mobile version