എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ബാഴ്സലോണ കിരീടം സ്വന്തമാക്കി

സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് ജിദ്ദയിൽ നടന്ന ഫൈനലിൽ റയൽ മാഡ്രിഡിനെ തകർത്തു കൊണ്ടാണ് ബാഴ്സലോണ കിരീടത്തിൽ മുത്തം വെച്ചത്. എൽ ക്ലാസികോ പോരിൽ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആയിരുന്നു ബാഴ്സലോണ ജയം.

ഇന്ന് കളിയുടെ തുടക്കത്തിൽ തന്നെ ബാഴ്സലോണ രണ്ട് നല്ല അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ രണ്ട് അവസരങ്ങളും കോർതോ സേവ് ചെയ്തത് കൊണ്ട് മത്സരം ഗോൾ രഹിതമായി നിന്നു. നാലാം മിനുറ്റിൽ എംബപ്പെ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് വല കണ്ടെത്തി റയലിന് ലീഡ് നൽകി. സ്കോർ 1-0

കാര്യങ്ങൾ മാറിമറയാൻ അധിക സമയം എടുത്തില്ല. 22ആം മിനുറ്റിൽ ലെവൻഡോസ്കിയുടെ പാസ് സ്വീകരിച്ച് ലമിനെ യമാൽ ബാഴ്സക്ക് സമനില ഗോൾ നൽകി.

36ആം മിനുറ്റിൽ കാമവിങ ഗവിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലെവൻഡോസ്കി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1. 39ആം മിനുട്ടിൽ റാഫിഞ്ഞയുടെ തകർപ്പൻ ഹെഡർ ലീഡ് വർധിപ്പിച്ചു. സ്കോർ 3-1. ആദ്യ പകുതി അവസാനിക്കും മുമ്പ് ബാൾദെ കൂടെ വല കണ്ടെത്തിയതോടെ സ്കോർ 4-1 എന്നായി.

രണ്ടാം പകുതിയിൽ തിരിച്ചുവരാം എന്ന് കരുതിയ റയലിന് കാര്യങ്ങൾ കൂടുതൽ പ്രയാസമാക്കി കൊണ്ട് ബാഴ്സലോണയുടെ അഞ്ചാം ഗോൾ വന്നു. 48ആം മിനുറ്റിൽ ആയിരുന്നു റഫീഞ്ഞയുടെ രണ്ടാമത്തെ ഗോൾ. സ്കോർ 5-1.

കളിയുടെ ടിസ്റ്റുകൾ അവിടെ അവസാനിച്ചില്ല. 57ആം മിനുറ്റിൽ എംബപ്പെയെ ഫൗൾ ചെയ്തതിന് ബാഴ്സ കീപ്പർ ചെസ്നി ചുവപ്പ് കണ്ട് പുറത്തു പോയി. ഈ ഫൗളിന് കിട്ടിയ ഫ്രീകിക്ക് റോഡ്രിഗോ വലയിൽ എത്തിച്ചു. സ്കോർ 2-5.

പക്ഷെ ഇതിനു ശേഷം കരുതലോടെ കളിച്ച ബാഴ്സലോണ റയലിന് തിരിച്ചുവരാൻ ഒരവസരം നൽകാതെ വിജയവും കിരീടവും ഉറപ്പിച്ചു.

അത്‌ലറ്റിക് ബിൽബാവോയെ തോൽപ്പിച്ച് ബാഴ്സലോണ സൂപ്പർ കപ്പ് ഫൈനലിൽ

ജിദ്ദയിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ 2-0ന് തകർത്ത് ബാഴ്സലോണ തുടർച്ചയായ മൂന്നാം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലേക്ക് മുന്നേറി. ഗവിയുടെയും ലമിൻ യമലിൻ്റെയും ഗോളുകൾ ആണ് കാറ്റലോണിയൻ ടീമിനെ ജയിപ്പിച്ചത്.

പതിനേഴാം മിനിറ്റിൽ ബാൽഡെ നൽകിയ പാസ് മുതലാക്കി ഗവിയാണ് സ്കോറിങ് ആരംഭിച്ചത്. അത്‌ലറ്റിക് ഗോൾകീപ്പർ ഉനായ് സൈമണിനെ മറികടന്ന് യുവ മിഡ്ഫീൽഡർ പന്ത് അനായാസം ഫിനിഷ് ചെയ്തു. ലീഡ് വർധിപ്പിക്കാൻ അവസരമുണ്ടായിട്ടും റാഫിഞ്ഞയും യമാലും പ്രധാന അവസരങ്ങൾ നഷ്ടപ്പെടുത്തിയതോടെ ബാഴ്‌സലോണ സമ്മർദ്ദം നേരിട്ടു. വോയ്‌സിക് സ്‌സെസ്‌നി ബാഴ്‌സലോണയ്‌ക്കായി നിർണായക സേവുകൾ നടത്തി.

52-ാം മിനിറ്റിൽ ഗാവിയുടെ പാസ് വിദഗ്ധമായി നിയന്ത്രിച്ച് ലമിൻ യമാൽ ഫിനിഷ് ചെയ്ത് ബാഴ്‌സയുടെ ലീഡ് ഇരട്ടിയായി. ഇനാകി വില്യംസിന് ഒരു നിർണായക അവസരം നഷ്‌ടപ്പെടുത്തുകയും രണ്ട് ഗോളുകൾ ഓഫ്‌സൈഡ് വിധിക്കുകയും ചെയ്തത് ബിൽബാവോക്ക് തിരിച്ചടിയായി.

റയൽ മാഡ്രിഡും മല്ലോർക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയെ ആകും ഫൈനലിൽ ബാഴ്സലോണ നേരിടുക.

ബാഴ്സലോണ വലയിൽ 4 ഗോളുകൾ!!! റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ നടന്ന എൽ ക്ലാസികോയിൽ റയൽ മാഡ്രിഡ് താണ്ഡവം. ഇന്ന് സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയുടെ വല നിറച്ചാണ് റയൽ മാഡ്രിഡ് കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരിന്നു റയൽ മാഡ്രിഡിന്റെ വിജയം. ഹാട്രിക്ക് ഗോളുമായി വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിന്റെ ഹീറോ ആയി.

ഇന്ന് മത്സരം ആരംഭിച്ച് 10 മിനുട്ടുകൾക്ക് അകം തന്നെ റയൽ മാഡ്രിഡ് 2-0ന് മുന്നിൽ എത്തിയിരുന്നു. ഏഴാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഒരു ഡിഫൻസ് സ്പ്ലിറ്റിംഗ് പാസിൽ നിന്നാണ് വിനീഷ്യസിന് അവസരം കിട്ടിയത്. വിനി ബാഴ്സലോണ ഗോൾ കീപ്പറെയും ഡ്രിബിൾ ചെയ്ത് അകറ്റി ഒഴിഞ്ഞ ഗോൾ വലയിലേക്ക് പന്ത് എത്തിച്ചു.

ആ ഗോൾ വന്ന് മൂന്ന് മിനുട്ടിനകം അടുത്ത ഗോളും വന്നു. ഇത്തവണ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഫിനിഷ്. സ്കോർ 2-0. 33ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഒരു ഫിനിഷ് ബാഴ്സലോണ ഒരു ഗോളും ഒപ്പം പ്രതീക്ഷയും നൽകി. സ്കോർ 2-1.

പക്ഷെ 39ആം മിനുട്ടിൽ ഒരു പെനാൾട്ടി റയലിന്റെ രണ്ടു ഗോൾ ലീഡ് പുനസ്ഥാപിക്കാൻ അവരെ സഹായിച്ചു. വിനീഷ്യസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. വിനീഷ്യസിന്റെ എൽ ക്ലാസികോയിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു ഇത്. 3-1.

രണ്ടാം പകുതിയിലും ബാഴ്സക്ക് മേൽ റയൽ ആധിപത്യം തുടർന്നു. 64ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ റയൽ മാഡ്രിഡ് നാലാം ഗോൾ കണ്ടെത്തി. സ്കോർ 4-1. 71ആം മിനുട്ടിൽ അറോഹോ ചുവപ്പ് കൂടെ കണ്ടതോടെ ബാഴ്സലോണ പത്തു പേരായി ചുരുങ്ങി.

ഈ വിജയം റയൽ മാഡ്രിഡിന് അവരുടെ 13ആം സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നൽകി. ബാഴ്സലോണക്ക് 14 സ്പാനിഷ് സൂപ്പർ കപ്പ് ഉണ്ട്‌

ഇന്ന് എൽ ക്ലാസികോ, സൂപ്പർ കപ്പ് കിരീടത്തിനായി റയലും ബാഴ്സലോണയും

സൂപ്പർ കപ്പ് ഫൈനലിൽ ഇന്ന് റയൽ മാഡ്രിഡും ബാഴ്സലോണയും ഇറങ്ങും. സൗദി അറേബ്യയിൽ നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ആണ് ഇന്ന് എൽ ക്ലാസികോ ആവേശം ഉയരുന്നത്. ഇന്ന് രാത്രി 12.30നാണ് ഫൈനൽ മത്സരം നടക്കുക. സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ 5-3ന് തോൽപ്പിച്ചായിരുന്നു റയൽ മാഡ്രിഡ് ഫൈനലിലേക്ക് എത്തിയത്.

ബാഴ്സലോണ ആകട്ടെ ഒസാസുനയെ ആണ് സെമി ഫൈനലിൽ തോൽപ്പിച്ചത്. 2-0 എന്ന സ്കോറിനായിരുന്നു വിജയം. അവസാന അഞ്ച് സീസണുകളി സൂപ്പർ കപ്പ് ട്രോഫി നേടാൻ റയലിനായിട്ടില്ല. ഇന്ന് കിരീടം നേടിയാൽ അത് അവരുടെ 13-ാം സൂപ്പർ കപ്പ് ആകും. ബാഴ്സലോണക്ക് 14 സൂപ്പർ കപ്പ് കിരീടങ്ങൾ ഉണ്ട്.

റയൽ മാഡ്രിഡ് അവസാന 20 മത്സരങ്ങളിൽ (W17, D3) തോൽവി അറിയാതെ ആണ് ഫൈനലിലേക്ക് എത്തുന്നത്.

Exit mobile version