Shreyasiyervenkateshiyer

ഫൈനലിലേക്കെത്തുവാന്‍ തിടുക്കം!!! 13.4 ഓവറിൽ വിജയവുമായി കൊൽക്കത്ത

160 റൺസ് വിജയ ലക്ഷ്യം വെറും 13.4 ഓവറിൽ മറികടന്ന് ഐപിഎൽ 2024 ഫൈനലിലെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സൺറൈസേഴ്സിനെ 159 റൺസിന് ഓള്‍ഔട്ട് ആക്കിയ കൊൽക്കത്ത 2 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. മിച്ചൽ സ്റ്റാര്‍ക്കിന്റെ പവര്‍പ്ലേയിലെ സ്പെൽ സൺറൈസേഴ്സിനെ 39/4 എന്ന നിലയിലേക്ക് തള്ളിയിട്ടപ്പോള്‍ രാഹുല്‍ ത്രിപാഠി – ഹെയിന്‍റിച്ച് ക്ലാസ്സന്‍ ടീമിനെ തിരികെ ട്രാക്കിലെത്തിച്ചുവെങ്കിലും കൊൽക്കത്ത 126/9 എന്ന നിലയിൽ സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ് ടീം സ്കോര്‍ 159ൽ എത്തിച്ചുവെങ്കിലും കൊൽക്കത്തയുടെ എട്ട് വിക്കറ്റ് ജയം തടുക്കുവാന്‍ സൺറൈസേഴ്സ് ബൗളര്‍മാര്‍ക്കായില്ല.

ശ്രേയസ്സ് അയ്യര്‍ 24 പന്തിൽ 58 റൺസും വെങ്കിടേഷ് അയ്യര്‍ 28 പന്തിൽ 51 റൺസും നേടി ടീമിന്റെ വിജയം അതിവേഗത്തിലാക്കുകയായിരുന്നു. സുനിൽ നരൈന്‍ (21), റഹ്മാനുള്ള ഗുര്‍ബാസ് (23) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. 97 റൺസ് കൂട്ടുകെട്ടാണ് അയ്യര്‍ സഖ്യം നേടിയത്.

Exit mobile version