ഡൽഹിയ്ക്ക് ബാറ്റിംഗ് പരാജയം, ടോപ് സ്കോറര്‍ കുൽദീപ്

ഐപിഎലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് ബാറ്റിംഗ് പരാജയം. ഇന്ന് ടീം 9 വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. കൊൽക്കത്തയുടെ ബൗളര്‍മാര്‍ ആധികാരിക ബൗളിംഗ് പ്രകടനം ആണ് പുറത്തെടുത്തത്.

പൃഥ്വി ഷായും ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്കും അതിവേഗത്തിൽ സ്കോറിംഗ് നടത്തിയെങ്കിലും ഇരുവരും വേഗത്തിൽ പുറത്തായത് ഡൽഹിയ്ക്ക് തിരിച്ചടിയായി. അഭിഷേക് പോറെൽ 18 റൺസ് നേടിയപ്പോള്‍ ഋഷഭ് പന്ത് 27 റൺസ് നേടി പുറത്തായി. വാലറ്റത്തിൽ 35 റൺസുമായി പൊരുതിയ കുൽദീപ് യാദവ് ആണ് ഡൽഹിയെ 153 റൺസിലേക്ക് എത്തിച്ചത്.

കൊൽക്കത്തയ്ക്കായി വരുൺ ചക്രവര്‍ത്തി മൂന്നും വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

വരുൺ ചക്രവര്‍ത്തി ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തും – ഹര്‍ഭജന്‍ സിംഗ്

ഐപിഎലില്‍ മികച്ച പ്രകടനം ആണ് കൊൽക്കത്തയ്ക്കായി സ്പിന്നര്‍ വരുൺ ചക്രവര്‍ത്തി നടത്തുന്നത്. ഈ പ്രകടനത്തിന്റെ ബലത്തിൽ താരം ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത്. താന്‍ കൊൽക്കത്തയിൽ താരത്തിനൊപ്പം കളിച്ചപ്പോള്‍ താരത്തിന്റെ കാൽമുട്ടിന് വലിയ വേദനയായിരുന്നുവെന്നും ഇഞ്ചക്ഷനുകള്‍ എടുത്താണ് കളിച്ചിരുന്നതെന്നും ഐസ് പാക്കുകയള്‍ ഉപയോഗിച്ചും മികച്ച രീതിയിൽ താരം പന്തെറിയുമായിരുന്നു.

ഇപ്പോള്‍ താരം ഭാരം കുറച്ചുവെന്നും അതുവഴി മുട്ടുവേദന കുറവായിട്ടുണ്ടെന്നും കൂടുതൽ മികച്ച രീതിയിൽ പന്തെറിയുകയും ഫീൽഡും ചെയ്യുന്ന താരം ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഐപിഎലില്‍ ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് വരുൺ ചക്രവര്‍ത്തി നേടിയിട്ടുള്ളത്.

ധവാന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പഞ്ചാബിന് തുണയായത് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്, അവസാന രണ്ടോവറിൽ 36 റൺസ്

ശിഖര്‍ ധവാനൊഴികെ മറ്റു താരങ്ങളാരും റൺസ് കണ്ടെത്താതിരുന്നപ്പോള്‍ കൊൽക്കത്തയ്ക്കെതിരെ 179 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് നിരിയിൽ പൊരുതി നിന്നത് 57 റൺസ് നേടിയ ശിഖര്‍ ധവാന്‍ മാത്രമാണ്. പിന്നീട് 8ാം വിക്കറ്റിൽ ഹര്‍പ്രീത് ബ്രാര്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് നേടിയ നിര്‍ണ്ണായക റണ്ണുകളും പഞ്ചാബിന് തുണയായി.

പ്രഭ്സിമ്രാന്‍ സിംഗിനെയും ഭാനുക രാജപക്സയെയും ഹര്‍ഷിത് റാണ പുറത്താക്കിയപ്പോള്‍ പഞ്ചാബ് 29/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ശിഖര്‍ ധവാന്‍ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 58/3 എന്ന നിലയിലായിരുന്നു പഞ്ചാബ് കിംഗ്സ്.

ധവാനും ജിതേഷ് ശര്‍മ്മയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ പത്തോവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 82 റൺസാണ് നേടിയത്. 21 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ വരുൺ ചക്രവര്‍ത്തി പുറത്താക്കി 53 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. വരുൺ ചക്രവര്‍ത്തിയുടെ ഇന്നിംഗ്സിലെ രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

57 റൺസ് നേടിയ ധവാനെ കൊൽക്കത്ത നായകന്‍ നിതീഷ് റാണ പുറത്താക്കിയതോടെ പഞ്ചാബ് 119/5 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. അവസാന രണ്ടോവറിൽ നിന്ന് 36 റൺസാണ് എട്ടാം വിക്കറ്റിൽ പഞ്ചാബ് നേടിയത്.

അവസാന ഓവറിൽ ഹര്‍ഷിത് റാണയ്ക്കെതിരെ 21 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഷാരൂഖ് ഖാന്‍ ഒരു സിക്സും രണ്ട് ഫോറും നേടിയപ്പോള്‍ ഹര്‍പ്രീത് ബ്രാര്‍ ഒരു സിക്സ് നേടി.

ഹര്‍പ്രീത് കൗറും ഷാരൂഖ് ഖാനും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 16 പന്തിൽ 40 റൺസ് നേടി ടീമിനെ 179/7 എന്ന സ്കോറിലേക്ക് എത്തിച്ചു. ഷാരൂഖ് ഖാന്‍ 8 പന്തിൽ 21 റൺസും ഹര്‍പ്രീത് ബ്രാര്‍ 9 പന്തിൽ 17 റൺസുമാണ് നേടിയത്.

സ്പിന്നര്‍ വേണോ പേസര്‍ വേണമോ എന്ന സംശയം ഉണ്ടായിരുന്നു – നിതീഷ് റാണ

കൊൽക്കത്തയുടെ സൺറൈസേഴ്സിനെതിരെയുള്ള വിജയത്തിൽ അവസാന ഓവര്‍ ആരെറിയുമെന്ന കൺഫ്യൂഷന്‍ തനിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ നിതീഷ് റാണ. സ്പിന്നര്‍ വേണോ പേസര്‍ വേണോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നും താന്‍ അവസാനം സ്പിന്നര്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും റാണ പറഞ്ഞു.

മത്സരത്തിൽ ആരാണ് മികച്ച രീതിയിൽ സ്പിന്‍ ബൗളിംഗ് ചെയ്യുന്നതെന്ന് താന്‍ അവലോകനം ചെയ്യാറുണ്ടെന്നും അങ്ങനെയാണ് നിര്‍ണ്ണായക ഓവറുകള്‍ ആര് എറിയുമെന്ന് താന്‍ തീരുമാനിക്കുന്നതെന്നും നിതീഷ് റാണ വ്യക്തമാക്കി. മത്സരത്തിൽ 9 റൺസ് പ്രതിരോധിച്ച് കൊൽക്കത്തയെ 5 റൺസ് വിജയത്തിലേക്ക് നയിച്ചത് വരുൺ ചക്രവര്‍ത്തി ആയിരുന്നു.

അവസാന ഓവറിൽ തന്റെ ഹൃദയം 200 അടിക്കുന്നുണ്ടായിരുന്നു എന്ന് വരുൺ ചക്രവർത്തി

താൻ എറിഞ്ഞ അവസാന ഓവറിൽ തന്റെ ഹൃദയമിടിപ്പ് 200-ൽ എത്തിയെന്ന് കെകെആറിന്റെ മാച്ച് വിന്നർ വരുൺ ചക്രവർത്തി. വ്യാഴാഴ്ച ഹൈദരബാദിനെതിരെ തന്റെ ടീമിന് വിജയം സമ്മാനിച്ച ശേഷം സംസാരിക്കുക ആയിരുന്നു വരുൺ ചക്രവർത്തി.

അവസാന ഓവറിൽ തന്റെ ഹൃദയമിടിപ്പ് 200-ൽ എത്തിയെന്നും ഗ്രൗണ്ടിന്റെ ഏറ്റവും ദൈർഘ്യമേറിയ ഭാഗത്തേക്ക് ബാറ്റർമാർ അടിക്കണമെന്ന ചിന്തയിലാണ് ബൗളുകൾ എറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.

“അവസാന ഓവറിൽ എന്റെ ഹൃദയമിടിപ്പ് 200-ൽ എത്തിയിരുന്നു, പക്ഷേ ഗ്രൗണ്ടിന്റെ കൂടുതൽ ഭാഗത്തേക്ക് അവർ അടിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പന്ത് വളരെയധികം സ്ലിപ്പ് ചെയ്യുകയായിരുന്നു.” അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ വർഷം ഞാൻ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ പന്തെറിയുകയായിരുന്നു, ഞാൻ പലതും പരീക്ഷിക്കുകയായിരുന്നു, എന്റെ ബൗളിങിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുകയും ഞാൻ ഈ സീസണിൽ അതിൽ പ്രവർത്തിക്കുകയും ചെയ്തു.” – വരുൺ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം, ഈ മത്സരത്തിൽ മികച്ച പ്രകടനം, അതാണ് ക്രിക്കറ്റ് – വരുൺ ചക്രവര്‍ത്തി

കഴിഞ്ഞ മത്സരത്തിൽ താന്‍ 49 റൺസ് വഴങ്ങിയെന്നും ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി തിരിച്ചുവരവ് നടത്തുവാന്‍ തനിക്ക് സാധിച്ചുവെന്നും അതാണ് ജീവിതം എത്ര വിചിത്രമെന്ന് തോന്നിപ്പിക്കുന്ന നിമിഷമെന്നും പറഞ്ഞ് വരുൺ ചക്രവര്‍ത്തി. ഇന്നലെ ആര്‍സിബിയ്ക്കെതിരെയുള്ള കൊൽക്കത്തയുടെ മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വരുൺ ചക്രവര്‍ത്തി.

തന്റെ നാലോവറിൽ 27 റൺസ് വഴങ്ങി താരം 3 വിക്കറ്റാണ് ആര്‍സിബിയ്ക്കെതിരെ നേടിയത്. ഗ്ലെന്‍ മാക്സ്വെൽ, മഹിപാൽ ലോംറോര്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകള്‍ നിര്‍ണ്ണായക ഘട്ടങ്ങളിൽ താരം നേടുകയായിരുന്നു.

ഈ വര്‍ഷം താന്‍ വേരിയേഷനിലുപരി കൃത്യതയ്ക്കാണ് ഊന്നൽ നൽകുന്നതെന്നും കൂടുതൽ വേരിയേഷനുകള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നില്ലെന്നും താരം കൂട്ടിചേര്‍ത്തു. തനിക്ക് പ്രയാസമേറിയ ഓവറുകള്‍ എറിയുക എന്ന ചലഞ്ച് ഇഷ്ടമാണെന്നും നിതീഷ് തനിക്ക് നിര്‍ണ്ണായക ഓവറുകള്‍ നൽകുന്നുവെന്നും വരുൺ ചക്രവര്‍ത്തി സൂചിപ്പിച്ചു.

സ്പിന്‍ കുരുക്കിൽ വീണ് ആര്‍സിബി, കൊല്‍ക്കത്തയ്ക്ക് 81 റൺസ് വിജയം

ഐപിഎലില്‍ ആര്‍സിബിയ്ക്ക് കനത്ത പരാജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്കോറായ 204/7 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 123 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 17.4 ഓവറിൽ ആര്‍സിബി പുറത്താകുകയായിരുന്നു. 81 റൺസിന്റെ വിജയം ആണ് കൊൽക്കത്ത നേടിയത്.

വിരാട് കോഹ്‍ലിയും ഫാഫ് ഡു പ്ലെസിയും മിന്നും തുടക്കം ടീമിന് നൽകിയെങ്കിലും കോഹ്‍ലിയെ(21) നരൈനും ഫാഫ് ഡു പ്ലെസിയെ(23) വരുൺ ചക്രവര്‍ത്തിയും പുറത്താക്കിയപ്പോള്‍ മത്സരത്തിൽ പിന്നെ കൊൽക്കത്ത പിടിമുറുക്കുന്നതാണ് കണ്ടത്.

44/0 എന്ന നിലയിൽ നിന്ന് 61/5 എന്ന നിലയിലേക്ക് ആര്‍സിബി വീഴുകയായിരുന്നു. ഇവിടെ നിന്ന് തിരിച്ചുവരവ് ആര്‍സിബിയ്ക്ക് ഒരിക്കലും സാധ്യമായിരുന്നില്ല. ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്നാണ് 123 റൺസിലേക്ക് എത്തിച്ചത്. ആകാശ് ദീപ് 8 പന്തിൽ 17 റൺസ് നേടി പുറത്തായപ്പോള്‍ ഡേവിഡ് വില്ലി 20 റൺസുമായി പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി വരുൺ ചക്രവര്‍ത്തി നാലും സുയാഷ് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. സുനിൽ നരൈന്‍ 2 വിക്കറ്റും നേടി.

വരുൺ ചക്രവര്‍ത്തി, കെകെആറിന്റെ ഇംപാക്ട് പ്ലേയര്‍ ആവും – ആകാശ് ചോപ്ര

ഐപിഎൽ 2022ൽ ഫോം കണ്ടെത്താനായില്ലെങ്കിലും 2023 ഐപിഎലില്‍ കൊൽക്കത്തയുടെ ഇംപാക്ട് പ്ലേയര്‍ ആയി ഉപയോഗപ്പെടുത്തുവാന്‍ ഏറെ സാധ്യതയുള്ള താരം വരുൺ ചക്രവര്‍ത്തിയായിരിക്കുമെന്ന് പറഞ്ഞ് ആകാശ് ചോപ്ര.

സ്പിന്‍ ട്രാക്കാണ് ഒരുക്കുന്നതെങ്കിൽ താരം ഇംപാക്ട് സബ്സ്റ്റിറ്റ്യൂഷനിലൂടെ രംഗത്തെത്തുമെന്നും താരത്തിന്റെ ബാറ്റിംഗ് ഫ്രാഞ്ചൈസിയ്ക്ക് ആവശ്യമില്ലാത്തതിനാലും ഈ നീക്കത്തിന് ശക്തമായ സാധ്യതയുണ്ടെന്നും ചോപ്ര പറഞ്ഞു.

 

മോര്‍ഗനില്ല, റസ്സലില്‍ വിശ്വാസം അര്‍പ്പിച്ച് കൊല്‍ക്കത്ത

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന മോര്‍ഗനെ നിലനിര്‍ത്തിയില്ലെങ്കിലും സമാനമായ ഫോമിലൂടെ കടന്ന് പോയ ആന്‍ഡ്രേ റസ്സലിനെ നിലനിര്‍ത്തുവാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്.

12 കോടി രൂപയ്ക്കാണ് റസ്സലിനെ ടീമിൽ നിലനിര്‍ത്തുവാന്‍ ഫ്രാ‍ഞ്ചൈസി തീരുമാനിച്ചത്. വരുൺ ചക്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍ എന്നിവരെ എട്ട് കോടിയ്ക്ക് നിലനിര്‍ത്തിയ ഫ്രാഞ്ചൈസി സുനിൽ നരൈനെ 6 കോടി നല്‍കി ടീമിൽ തുടരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ശുഭ്മന്‍ ഗില്ലിനെ ടീം റിലീസ് ചെയ്തു. എന്നാൽ താരത്തിനെ ലേലത്തിലൂടെ തിരികെ ടീമിലെത്തിക്കുവാന്‍ ഫ്രാഞ്ചൈസി ശ്രമിക്കുമെന്ന് ഉറപ്പാണ്.

കൊല്‍ക്കത്തയ്ക്ക് ഫൈനൽ 136 റൺസ് അകലെ

ഷാര്‍ജ്ജയിലെ വിക്കറ്റിൽ വരുൺ ചക്രവര്‍ത്തിയുടെ സ്പിന്‍ കുരുക്കിൽ വീണ് ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായത്.

പതിവ് ശൈലിയിൽ പൃഥ്വി ഷാ ഡല്‍ഹിയ്ക്ക് മിന്നും തുടക്കം നല്‍കിയെങ്കിലും വരുൺ ചക്രവര്‍ത്തി തന്റെ സ്പെല്ലിലെ ആദ്യ പന്തിൽ 18 റൺസ് നേടിയ പൃഥ്വിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ സ്റ്റോയിനിസും ശിഖര്‍ ധവാനും ചേര്‍ന്ന് 39 റൺസ് നേടി ഡല്‍ഹിയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ഇരുവര്‍ക്കും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ സാധിച്ചില്ല.

സ്റ്റോയിനിസ്(18), ശിഖര്‍ ധവാന്‍(36), ഋഷഭ് പന്ത് എന്നിവരെ നഷ്ടപ്പെട്ട് 90/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഹെറ്റ്മ്യറിനെ സ്കോര്‍ 3 റൺസിൽ നില്‍ക്കുമ്പോള്‍ വരുൺ ചക്രവര്‍ത്തി ഗില്ലിന്റെ കൈകളിലെത്തിച്ച് തന്റെ മൂന്നാം വിക്കറ്റ് നേടിയെങ്കിലും താരം നോബോള്‍ എറിഞ്ഞതിനാൽ ഹെറ്റ്മ്യര്‍ക്ക് ജീവന്‍ ദാനം ലഭിയ്ക്കുകയായിരുന്നു. എന്നാൽ 17 റൺസ് നേടിയ ഷിറ്റ്മ്യര്‍ റണ്ണൗട്ടാകുകയായിരുന്നു.

ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ 30 റൺസ് നേടിയാണ് ഡല്‍ഹിയെ 135/5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. അവസാന നാലോവറിൽ 43 റൺസ് നേടിയാണ് ഡല്‍ഹി ക്യാപിറ്റൽസ് നേടിയത്.

 

വരുൺ ചക്രവർത്തി ഇന്ത്യയുടെ നിർണ്ണായക താരമാകുമെന്ന് വിരാട് കോഹ്‌ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ വരുൺ ചക്രവർത്തിയെ പ്രകീർത്തിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ മൂന്ന് വിക്കറ്റ് നേടി കൊൽക്കത്ത താരം വരുൺ ചക്രവർത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. തുടർന്നാണ് താരത്തെ പ്രകീർത്തിച്ച് വിരാട് കോഹ്‌ലി രംഗത്തെത്തിയത്. യുവതാരങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പ്രകടനങ്ങൾ കാണണമെന്നും അത് ഇന്ത്യൻ ടീമിനെ ശക്തമാക്കുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

ബാംഗ്ലൂരിനെതിരെ 13 റൺസ് വഴങ്ങി വരുൺ ചക്രവർത്തി 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഗ്ലെൻ മാക്‌സ്‌വെൽ, വാനിഡു ഹസരംഗ, സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ് വരുൺ ചക്രവർത്തി വീഴ്ത്തിയത്. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ അംഗമാണ് വരുൺ ചക്രവർത്തി. മത്സരത്തിൽ ബൗളർമാരുടെ മികവിൽ കൊൽക്കത്ത ബാംഗ്ലൂരിനെതിരെ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവര്‍ത്തിയും കമലേഷ് നാഗര്‍കോടിയും ഫിറ്റ്നെസ്സ് തെളിയിക്കണം

ഐപിഎൽ 2021ന്റെ യുഎഇ പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവര്‍ത്തിയും കമലേഷ് നാഗര്‍കോടിയും യുഎഇയിലേക്ക് യാത്രയാകുന്നതിന് മുമ്പ് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തി അവിടെ ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായാൽ മാത്രമേ യുഎഇയിലേക്ക് യാത്രയാകുവാന്‍ അനുമതി ലഭിയ്ക്കുകയുള്ളുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇരുവര്‍ക്കും എന്‍സിഎയിൽ നിന്ന് ഫിറ്റ് സെര്‍ട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ഇവര്‍ ചേരുകയുള്ളുവെന്നുമാണ് ഫ്രാഞ്ചൈസിയും വ്യക്തമാക്കിയിരിക്കുന്നത്.

Exit mobile version