ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച് മന്‍പ്രീത് ഗോണി. ടൊറോണ്ടോ നാഷണല്‍സ് ടീമില്‍ സ്ഥാനം ലഭിച്ചതിന് പിന്നാലെയാണ് താരം തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഇന്ത്യയില്‍ പ്രാദേശിക ക്രിക്കറ്റില്‍ സജീവമാണെങ്കില്‍ പോലും ബിസിസിഐയുടെ അനുമതി ലഭിക്കില്ല എന്നതിനാലാണ് താരത്തിന്റെ ഈ തീരുമാനമെന്ന് വേണം വിലയിരുത്തുവാന്‍.
യുവരാജ് സിംഗിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് കാനഡ ടി20 ലീഗിലേക്ക് യാത്രയാകുന്ന രണ്ടാമത്തെ പഞ്ചാബ് താരമാണ് ഗോണി. ഇരുവരും ലീഗിലും ഒരേ ടീമിനു വേണ്ടിയാണ് കളിയ്ക്കുന്നതെന്നതാണ് പ്രത്യേകത. ഗോണി 2 ഏകദിനങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഹോങ്കോംഗും ബംഗ്ലാദേശുമായിരുന്നു അന്ന് ഇന്ത്യയുടെ എതിരാളികള്‍.
ഗ്ലോബല്‍ ടി20 കാനഡയില്‍ മോശം ഫോം തുടര്‍ന്ന് ടൊറോണ്ടോ നാഷണല്‍സ്. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ 17ാം മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെതിരെയാണ് നാഷണല്‍സ് തോല്‍വിയേറ്റു വാങ്ങിയത്. ടോസ് നേടിയ വാന്‍കോവര്‍ നായകന്‍ ക്രിസ് ഗെയില്‍ നാഷണല്‍സിനെ ബാറ്റിംഗനയയ്ക്കുകയായിരുന്നു. എന്നാല്‍ 16.5 ഓവറില്‍ ടൊറോണ്ടോ 103 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ ഡാരെന്‍ സാമി വീണ്ടും ഒരറ്റത്ത് പൊരുതി നോക്കി. 23 പന്തില്‍ നിന്ന് 29 റണ്‍സാണ് നായകന്‍ സാമിയുടെ സംഭാവന.
റസ്സല്‍, ഫവദ് അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാദ് ബിന്‍ സഫര്‍(2), ടിം സൗത്തി, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ നൈറ്റ്സിനായി വിക്കറ്റുകള്‍ നേടി.
12.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി നൈറ്റ്സിനായി അര്‍ദ്ധ ശതകവുമായി ചാഡ്വിക് വാള്‍ട്ടണ്‍ ടോപ് സ്കോറര്‍ ആയി. 36 പന്തില്‍ 54 റണ്‍സ് നേടി വാള്‍ട്ടണ്‍ പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ ഡങ്ക് 24 റണ്‍സ് നേടി. ആന്‍ഡ്രേ റസ്സല്‍ ആണ് കളിയിലെ താരം.
ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലെ ആറ് വിക്കറ്റ് ജയത്തിനു ശേഷം ജയം എന്തെന്നറിയാതെ ബുദ്ധിമുട്ടുകയായിരുന്ന ടൊറോണ്ടോ നാഷണല്‍സിനു ആശ്വാസ ജയം. അതും ഒരു വിക്കറ്റിന്റെ. ഇന്നലെ നടന്ന മത്സരത്തില്‍ മോണ്ട്രിയല്‍ ടൈഗേഴ്സിനെയാണ് ഒരു വിക്കറ്റിനു ടൊറോണ്ടോ നാഷണല്‍സ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുനിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തുവാന്‍ നാഷണല്‍സിനു സാധിച്ചിട്ടുണ്ട്. നിലവില്‍ അവസാന സ്ഥാനക്കാര്‍ മോണ്ട്രിയല്‍ ടൈഗേഴ്സാണ്.
ആദ്യം ബാറ്റ് ചെയ്ത മോണ്ട്രിയല്‍ ജോര്‍ജ്ജ് വര്‍ക്കര്‍(62), മോയിസസ് ഹെന്‍റിക്കസ്(50) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നിന്ന് 176/4 എന്ന സ്കോര്‍ നേടുകയായരുന്നു. മുഹമ്മദ് സമിയ്ക്കാണ് മൂന്ന് വിക്കറ്റ് ലഭിച്ചത്.
വിക്കറ്റുകള്‍ തുടരെ വീണുവെങ്കിലും ആന്റണ്‍ ഡെവ്സിച്ച്, കീറണ്‍ പള്ളാര്‍ഡ്, നിതീഷ് കുമാര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് വിജയം ഉറപ്പിക്കുവാന്‍ നാഷണല്‍സിനെ സഹായിച്ചത്. 23 പന്തില്‍ നിന്ന് 4 സിക്സ് ഉള്‍പ്പെടെ 46 റണ്‍സ് നേടിയ നീതീഷ് കുമാര്‍ ആണ് കളിയിലെ താരം. കീറണ്‍ പൊള്ളാര്‍ഡ് 21 പന്തില്‍ നിന്ന് 37 റണ്‍സും ഡെവ്സിച്ച് 34 പന്തില്‍ നിന്ന് 43 റണ്‍സുമാണ് നേടിയത്.
9 വിക്കറ്റുകളുടെ നഷ്ടത്തില്‍ അവസാന പന്തിലാണ് ടീമിനു ജയം സ്വന്തമാക്കാനായത്. അവസാന പന്തില്‍ വിജയിക്കുവാന്‍ 2 റണ്‍സ് വേണ്ട ഘടത്തില്‍ കെസ്രിക് വില്യംസ് പീറ്റര്‍ സിഡിലിനെ ബൗണ്ടറി പായിച്ചാണ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിന്റെ അവസാന പന്തില്‍ സുനില്‍ നരൈനേ സിക്സര്‍ പറത്തി മുഹമ്മദ് സമിയും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
അവസാന ഓവറില്‍ 6 പന്തില്‍ നിന്ന് 13 റണ്‍സ് വേണ്ടിയിരുന്ന നാഷണല്‍സിനെ പൊള്ളാര്‍ഡ് വിജയത്തിനരികെ എത്തിച്ചു. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടിയ താരം അടുത്ത പന്തില്‍ താരം ഔട്ടായത് മത്സരം കൂടുതല്‍ ആവേശകരമായി. പിന്നീടുള്ള മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ടൊറോണ്ടോയ്ക്ക് കൈവശമുണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രമായിരുന്നു.
ലസിത് മലിംഗയും പീറ്റര്‍ സിഡിലും ടൈഗേഴ്സിനു വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെയ്ക്കാണ് രണ്ട് വിക്കറ്റ്.
ഗ്ലോബല്‍ ടി20 കാനഡയില്‍ പരാജയമെന്തെന്നറിയാതെ ക്രിക്കറ്റ് വിന്‍ഡീസ് ടീം. തുടര്‍ച്ചയായ നാലാം മത്സരത്തിലും ടീം വിജയം നേടുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ടൊറോണ്ടോയ്ക്കായി അര്‍ദ്ധ ശതകം നേടി സ്റ്റീവ് സ്മിത്ത് തിളങ്ങിയെങ്കിലും വിന്‍ഡീസ് നിരയുടെ വിജയം തടുക്കാന്‍ ടീമിനായില്ല. ആദ്യം ബാറ്റ് ചെയ്ത ടൊറോണ്ടോ 20 ഓവറില്‍ 128/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. സ്മിത്ത് 55 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡാരെന്‍ സാമി(23*), ആന്റണ്‍ ഡെവ്സിച്ച്(21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ജസ്റ്റിന്‍ ഗ്രീവ്സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാവെം ഹോഡ്ജ്, ഡര്‍വാല്‍ ഗ്രീന്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ജസ്റ്റിന്‍ ഗ്രീവ്സ് ബാറ്റിംഗിലും തിളങ്ങി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 14.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ടീം ജേതാക്കളായി. ഗ്രീവ്സ് 45 റണ്‍സ് നേടിയപ്പോള്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 37 റണ്‍സും ബ്രണ്ടന്‍ കിംഗ്(30*), നിക്കോളസ് പൂരന്‍(15*) എന്നിവരും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.
ഗ്ലോബല്‍ ടി20 ലീഗ് കാനഡയിലെ ഇന്നലെ നടന്ന മത്സരത്തില്‍ ജയം നേടി വിന്നിപെഗ് ഹോക്ക്സ്. ടൊറോണ്ടോ നാഷണല്‍സിനെതിരെയാണ് ടീമിന്റെ വിജയം. 164 റണ്‍സ് നേടിയ വിന്നിപെഗ് ഹോക്ക്സിന്റെ ടോട്ടല്‍ ചേസ് ചെയ്യാനിറങ്ങിയ നാഷണല്‍സ് 108 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഫിഡെല്‍ എഡ്വേര്‍ഡ് തന്റെ നാലോവറില്‍ വെറും 8 റണ്‍സ് വിട്ടു നല്‍കി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കുകയായിരുന്നു.
ടിയോണ്‍ വെബ്സ്റ്റര്‍ നാലും ഡ്വെയിന്‍ ബ്രാവോ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ അലി ഖാന്‍, കൈല്‍ ഫിലിപ്പ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 34 റണ്‍സ് നേടിയ ആന്റണ്‍ ഡെവ്സിച്ച് ആണ് ടൊറോണ്ടോ നിരയിലെ ടോപ് സ്കോറര്‍.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലെന്‍ഡല്‍ സിമ്മണ്‍സ്(44), ഡ്വെയിന്‍ ബ്രാവോ(41) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് വിന്നിപെഗ് ഹോക്ക്സ് 20 ഓവറില്‍ നിന്ന് 164 റണ്‍സ് നേടിയത്. 5 വിക്കറ്റാണ് ഹോക്ക്സിനു നഷ്ടമായത്. വാര്‍ണര്‍ റണ്ണൗട്ടായപ്പോള്‍ കെസ്രിക് വില്യംസും മുഹമ്മദ് നവീദും രണ്ട് വീതം വിക്കറ്റ് നേടി.
ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ തോല്‍വി നേരിട്ട് ടൊറോണ്ടോ നാഷണല്‍സ്. ആദ്യം ബാറ്റ് ചെയ്ത നാഷണല്‍സ് 20 ഓവറില്‍ 169/7 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം വെറും 15 ഓവറില്‍ മറികടന്ന് എഡ്മോണ്ടന്‍ റോയല്‍സ് തങ്ങളുടെ വരവ് അറിയിക്കുകയായിരുന്നു. ലൂക്ക് റോഞ്ചി തന്റെ മിന്നും ഫോം ഈ ടൂര്‍ണ്ണമെന്റിലും തുടര്‍ന്ന് 18 പന്തില്‍ 47 റണ്‍സ് നേടി. ആന്‍ഡ്രേ ഫ്ലെച്ചര്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഗ സല്‍മാന്‍ 38 റണ്‍സ് നേടി.
4ാം ഓവറില്‍ അര്‍ദ്ധ ശതകം 3 റണ്‍സ് അകലെയായി ലൂക്ക് റോഞ്ചി പുറത്താകുമ്പോള്‍ റോയല്‍സിന്റെ സ്കോര്‍ 71 റണ്‍സായിരുന്നു. രണ്ടാം വിക്കറ്റില്‍ ഫ്ലെച്ചറും സല്‍മാനും കൂടി 73 റണ്‍സ് കൂടി നേടി ടീമിനെ ശക്തമായ നിലയില്‍ എത്തിക്കുകയായിരുന്നു. 2 വിക്കറ്റാണ് റോയല്‍സിനു നഷ്ടമായത്. കെസ്രിക് വില്യംസും കീറണ്‍ പൊള്ളാര്‍ഡുമാണ് വിക്കറ്റ് നേടിയവര്‍.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടൊറോണ്ടോ നാഷണല്‍സിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 33/4 എന്ന നിലയിലായിരുന്ന ടീമിനെ കീറണ്‍ പൊള്ളാര്‍ഡ്(28), നിതീഷ് കുമാര്‍(55) എന്നിവര്‍ക്കൊപ്പം ഡാരെന്‍ സാമി(19), മുഹമ്മദ് നവീദ്(13 പന്തില്‍ പുറത്താകാതെ 26) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 169 എന്ന സ്കോറിലേക്ക് നയിച്ചത്.
വെയിന്‍ പാര്‍ണല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പന്തെറിഞ്ഞ മറ്റു ബൗളര്‍മാരെല്ലാം വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. മുഹമ്മദ് ഇര്‍ഫാന്‍, സൊഹൈല്‍ തന്‍വീര്‍, സത്സിംരഞ്ജിത് ഡിന്‍ഡ്സ, ഷാഹിദ് അഫ്രീദി, ഹസന്‍ ഖാന്‍ എന്നിവരാണിവര്‍.