ഇന്ത്യൻ താരം യൂക്കി ഭാംബ്രി കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം സെമിഫൈനലിൽ


യുഎസ് ഓപ്പൺ 2025-ൽ ഇന്ത്യൻ ടെന്നീസ് താരം യൂക്കി ഭാംബ്രി തന്റെ സ്വപ്നക്കുതിപ്പ് തുടരുന്നു. പുരുഷ ഡബിൾസ് സെമിഫൈനലിൽ ആദ്യമായി പ്രവേശിച്ചുകൊണ്ടാണ് ഭാംബ്രി ഈ നേട്ടം കൈവരിച്ചത്. ന്യൂസിലൻഡിന്റെ മൈക്കൽ വീനസുമായി ചേർന്നാണ് ഭാംബ്രി കളിക്കുന്നത്. ബുധനാഴ്ച സ്റ്റേഡിയം 17-ൽ നടന്ന ക്വാർട്ടർ ഫൈനലിൽ, ഉയർന്ന സീഡുകളായ രാജീവ് റാം-നികോള മെക്ടിച്ച് കൂട്ടുകെട്ടിനെ 6-3, 6-7(6), 6-3 എന്ന സ്കോറിന് അട്ടിമറിച്ചാണ് ഇവർ സെമിയിൽ കടന്നത്.

രണ്ടുമണിക്കൂറും 37 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ 11-ാം സീഡായ രാം-മെക്ടിച്ച് സഖ്യത്തെ 13-ാം സീഡായ ഇൻഡോ-കിവീസ് സഖ്യം പ്രതിരോധിച്ചും സമചിത്തതയോടെയും നേരിട്ടു.
സിംഗിൾസിൽ നിന്ന് ഡബിൾസിലേക്ക് മാറിയും പരിക്കുകളെ അതിജീവിച്ചും വർഷങ്ങളോളം പോരാടിയ ഭാംബ്രിക്ക് ഈ ഗ്രാൻഡ് സ്ലാം സെമിഫൈനൽ പ്രവേശനം ഒരു വലിയ നാഴികക്കല്ലാണ്. കഴിഞ്ഞ സീസണിൽ ആൽബാനോ ഒലിവെറ്റിയുമായി ചേർന്ന് യുഎസ് ഓപ്പൺ പ്രീ-ക്വാർട്ടറിൽ അദ്ദേഹം എത്തിയിരുന്നു. 2015-ൽ ലിയാൻഡർ പേസിന് ശേഷം യുഎസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ഭാംബ്രിക്ക് ഇനി രണ്ട് മത്സരങ്ങൾ മാത്രം മതി.


അടുത്ത മത്സരം: സെമിഫൈനൽ എതിരാളി, സമയവും തത്സമയ സംപ്രേക്ഷണ വിവരങ്ങളും
എതിരാളികൾ: നീൽ സ്കുപ്സ്കി & ജോ സാലിസ്ബറി (ഗ്രേറ്റ് ബ്രിട്ടൻ, 6-ാം സീഡ്)
തിയ്യതി, സമയം: സെപ്റ്റംബർ 5 വെള്ളിയാഴ്ച (പുലർച്ചെ 1:30 IST-ന് ശേഷം മത്സരം ആരംഭിക്കും)
വേദി: യു‌എസ്‌ടി‌എ ബില്ലി ജീൻ കിംഗ് നാഷണൽ ടെന്നീസ് സെന്റർ, ന്യൂയോർക്ക്
തത്സമയ സംപ്രേക്ഷണം: ഡിസ്നി+ ഹോട്ട്സ്റ്റാർ (ഇന്ത്യ), തിരഞ്ഞെടുക്കപ്പെട്ട മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും സംപ്രേക്ഷണം ചെയ്തേക്കാം.

യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിൽ രാംകുമാറിന് തോൽവി, യൂകി ബാംബ്രി മുന്നോട്ട്

യുഎസ് ഓപ്പൺ യോഗ്യത റൗണ്ടിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മിശ്ര ഫലം. രാംകുമാര്‍ രാമനാഥന്‍ ജൂനിയര്‍ ഓസ്ട്രേലിയന്‍ ഓപ്പൺ ചാമ്പ്യന്‍ ബ്രൂണോ കുസുഹാരയോട് നേരിട്ടുള്ള സെറ്റിൽ 3-6, 5-7 എന്ന സ്കോറിന് പരാജയപ്പെട്ടപ്പോള്‍ യൂകി ബാംബ്രിയ്ക്ക് ആദ്യ റൗണ്ടിൽ വിജയം നേടാനായി.

യൂകി ബാംബ്രി ലോക റാങ്കിംഗിൽ 107ാം സ്ഥാനത്തുള്ള റാഡു അൽബോട്ടിനെ നേരിട്ടുള്ള സെറ്റിലാണ് കീഴടക്കിയത്. സ്കോര്‍ : 7-6, 6-4.

യൂകി ബാംബ്രിയും പുറത്ത്, ഓസ്ട്രേലിയന്‍ ഓപ്പണിൽ ഇന്ത്യയ്ക്ക് സിംഗിള്‍സിൽ പ്രാതിനിധ്യം ഇല്ല

ഓസ്ട്രേലിയന്‍ ഓപ്പൺ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ യൂകി ബാംബ്രി. ഇതോടെ ടൂര്‍ണ്ണമെന്റിൽ ഇന്ത്യയ്ക്ക് സിംഗിള്‍സിൽ പ്രാതിനിധ്യം ഇല്ലെന്ന് ഉറപ്പായി.

ബാംബ്രി ലോക റാങ്കിംഗിൽ 130ാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മാച്ചാകിനോടാണ് പരാജയം ഏറ്റുവാങ്ങിയത്. 1-6, 3-6 എന്ന നിലയിലായിരുന്നു സ്കോര്‍.

നേരത്തെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍, രാംകുമാര്‍ രാമനാഥന്‍, അങ്കിത റെയ്ന എന്നിവരും യോഗ്യത റൗണ്ടിൽ പുറത്തായിരുന്നു.

ആദ്യ റൗണ്ടില്‍ പ്രജ്നേഷ്, രണ്ടാം റൗണ്ടില്‍ രാംകുമാര്‍ രാമനാഥന്‍, ഇവരെ വീഴ്ത്തി യൂക്കി ബാംബ്രി ദോഹ ഓപ്പണ്‍ പ്രധാന ഡ്രോയില്‍

ദോഹ ഓപ്പണ്‍ പ്രധാന ഡ്രോയില്‍ ഇടം പിടിച്ച് ഇന്ത്യയുടെ യൂക്കി ബാംബ്രി. ഇന്ന് നടന്ന രണ്ടാം റൗണ്ട് ക്വാളിഫയിംഗ് മത്സരത്തില്‍ രാംകുമാര്‍ രാമനാഥനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് യൂക്കിയുടെ ഈ നേട്ടം. സ്കോര്‍: 7-5, 5-7, 6-2.

നേരത്തെ ഒന്നാം റൗണ്ടില്‍ യൂക്കി ഇന്ത്യയുടെ തന്നെ പ്രജ്നേഷ് ഗുണ്ണേശ്വരനെയാണ് പരാജയപ്പെടുത്തിയത്.

ആദ്യ റൗണ്ടില്‍ പുറത്തായി യൂക്കി ബാംബ്രി

യുഎസ് ഓപ്പണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയ ഇന്ത്യന്‍ താരം യൂക്കി ബാംബ്രിയ്ക്ക് യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയം. ലോക 75ാം നമ്പര്‍ താരം ഫ്രാന്‍സിന്റെ പിയറി ഹെര്‍ബര്‍ട്ടിനോട് നേരിട്ടുള്ള സെറ്റുകളിലാണ് യൂക്കിയുടെ പരാജയം. ആദ്യ സെറ്റില്‍ അനായാസം കീഴടങ്ങിയ ശേഷം പിന്നീടുള്ള സെറ്റുകളില്‍ പൊരുതി നോക്കിയെങ്കിലും യൂക്കിയ്ക്ക് ഒരു സെറ്റ് പോലും നേടാനായില്ല.

സ്കോര്‍: 3-6, 6-7, 5-7

പൊരുതി നോക്കി ഇന്ത്യയുടെ യൂക്കി ബാംബ്രി, ആദ്യ റൗണ്ടില്‍ പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ യൂക്കി ബാംബ്രി. ക്വാളിഫയറുകള്‍ കളിച്ച് മെയിന്‍ ഡ്രോയിലേക്ക് എത്തിയെങ്കിലും 2006ലെ ഫൈനലിസ്റ്റും സൈപ്രസിന്റെ പരിചയ സമ്പന്നനായ താരവുമായ മാര്‍കോസ് ബഗ്‍ദാതിസിനോട് നേരിട്ടുള്ള സെറ്റുകളില്‍ യൂക്കി പരാജയപ്പെടുകയായിരുന്നു. ആദ്യ സെറ്റ് ടൈബ്രേക്കര്‍ വരെ എത്തിച്ചുവെങ്കിലും പിന്നീടുള്ള സെറ്റുകളില്‍ ബാഗ്‍ദാതിസ് തന്നെ വ്യക്തമായ മുന്‍തൂക്കം നേടുകയായിരുന്നു.

സ്കോര്‍: 6-7, 4-6, 3-6

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version