അവസാന നിമിഷം ആഴ്‌സണലിന്റെ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

ട്രാൻസ്‌ഫർ ജാലകം അടക്കുന്നതിനു തൊട്ടു മുമ്പ് ആഴ്‌സണലിന്റെ ഉക്രൈൻ പ്രതിരോധ താരം അലക്‌സാണ്ടർ സിഞ്ചെങ്കോയെ ടീമിലെത്തിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്. അത്ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് യാവി ഗാലനെ സ്വന്തമാക്കാനുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആണ് അവർ സിഞ്ചെങ്കോക്ക് ആയി ശ്രമം നടത്തിയത്.

തുടർന്നു അവസാന നിമിഷം 28 കാരനായ ഉക്രൈൻ ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്‌സണലും ആയി ധാരണയിൽ എത്തുക ആയിരുന്നു. ഈ സീസണിൽ ലോൺ അടിസ്‌ഥാനത്തിൽ ആണ് സിഞ്ചെങ്കോ ഫോറസ്റ്റിൽ എത്തുക. നേരത്തെ മാഴ്സെയും ആയുള്ള സിഞ്ചെങ്കോയുടെ ചർച്ചകൾ വേതന പ്രശ്നം കാരണം മുടങ്ങിയിരുന്നു. നിലവിൽ ഇരു ക്ലബുകളും താരത്തിന്റെ കൈമാറ്റം പൂർത്തിയാക്കാനുള്ള അവസാന ഘട്ടത്തിൽ ആണ്.

ആഴ്‌സണലിന് വലിയ തിരിച്ചടി, വില്യം സലിബയും സിഞ്ചെങ്കോയും സീസണിൽ ഇനി കളിക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ വിട്ട് കൊടുക്കാതെ പൊരുതുന്ന ആഴ്‌സണലിന് വലിയ തിരിച്ചടിയായി പ്രതിരോധ താരങ്ങളുടെ പരിക്ക്. സീസണിൽ ഇനി 3 മത്സരങ്ങൾ അവശേഷിക്കുന്ന സമയത്ത് പ്രതിരോധ താരങ്ങൾ ആയ വില്യം സലിബയും ഒലക്സാണ്ടർ സിഞ്ചെങ്കോയും ഇനി സീസണിൽ കളിക്കില്ല എന്നുറപ്പായി. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു പോയിന്റ് പിറകിലുള്ള ആഴ്‌സണലിന് ഇത് വലിയ തിരിച്ചടിയാണ്.

നേരത്തെ യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ സ്പോർട്ടിങ് ലിസ്ബണിനു എതിരെ പരിക്കേറ്റ സലിബ അതിനു ശേഷം ഇത് വരെ സീസണിൽ കളിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ മത്സരത്തിൽ ന്യൂകാസ്റ്റിലിന് എതിരെ സംഭവിച്ച പരിക്ക് ആണ് സിഞ്ചെങ്കോക്ക് വിനയായത്. തുടർന്ന് പിൻവലിക്കപ്പെട്ട താരം സീസണിൽ ഇനി കളിക്കില്ല എന്നു സ്ഥിരീകരിക്കപ്പെടുക ആയിരുന്നു. എന്നാൽ താരങ്ങൾക്ക് ശസ്ത്രക്രിയ വേണ്ടി വരില്ല എന്നത് ആഴ്‌സണലിന് ആശ്വാസ വാർത്തയാണ്.

നാലാം സ്ഥാനത്തിന് മാത്രം കളിക്കുന്നവർ എന്ന ആഴ്‌സണലിന്റെ ചീത്തപ്പേരിന് അന്ത്യം കുറിക്കും – സിഞ്ചെങ്കോ

വലിയ കിരീടങ്ങൾ ലക്ഷ്യം വക്കുന്നില്ല എന്ന ആഴ്‌സണൽ ചീത്തപ്പേര് മാറ്റാൻ ആണ് തങ്ങളുടെ ശ്രമം എന്നു വ്യക്തമാക്കി ഒലക്സാണ്ടർ സിഞ്ചെങ്കോ. ആദ്യ നാലിനും ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടിയും കളിക്കുന്നവർ എന്ന ആഴ്‌സണലിന് എതിരായ വിമർശനം തകർക്കണം എന്നു പറഞ്ഞ യുക്രൈൻ താരം അതിനു മുകളിൽ വലിയ കിരീടങ്ങൾ ക്ലബ് ലക്ഷ്യം വക്കണം എന്നും കൂട്ടിച്ചേർത്തു.

എപ്പോഴും കേൾക്കുന്ന ഈ വിമർശനത്തിന് അന്ത്യം കുറിക്കണം എന്നു പറഞ്ഞ സിഞ്ചെങ്കോ ആഴ്‌സണൽ താരങ്ങളും ആരാധകരും അതിനു മുകളിൽ അർഹിക്കുന്നു എന്നും വ്യക്തമാക്കി. മാഞ്ചസ്റ്റർ സിറ്റി മികച്ചവർ ആണെന്ന് സമ്മതിച്ച താരം പക്ഷെ പ്രീമിയർ ലീഗ് കിരീടത്തിനു ആയി അവസാനം വരെ ആഴ്‌സണൽ പൊരുതും എന്നും പറഞ്ഞു. ഫുട്‌ബോളിൽ ഒന്നും പ്രവചിക്കാൻ ആവില്ല എന്നതിനാൽ ഘട്ടം ഘട്ടം ആയി മുന്നേറാൻ ആണ് തങ്ങളുടെ ശ്രമം എന്നും താരം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിൽ നാലു ലീഗ് കിരീടങ്ങൾ നേടിയ ശേഷമാണ് താരം ആഴ്‌സണലിൽ ഈ സീസണിൽ എത്തിയത്.

ആഴ്‌സണലിന് വലിയ ആത്മവിശ്വാസം പകർന്നു സാകയും സിഞ്ചെങ്കോയും പരിക്ക് മാറി എത്തി

ആഴ്‌സണലിന് വലിയ ആശ്വാസവും ആത്മവിശ്വാസവും പകർന്നു പരിക്ക് മാറി എത്തിയ ബുകയോ സാക, ഒലക്‌സാണ്ടർ സിഞ്ചെങ്കോ എന്നിവർ പരിശീലനത്തിൽ ഏർപ്പെട്ടു. പ്രീമിയർ ലീഗിൽ കഴിഞ്ഞ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ മത്സരത്തിൽ ആണ് സാകക്ക് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുത്തരമല്ലാത്തതിനാൽ സാക ഇന്ന് പരിശീലനത്തിൽ ഏർപ്പെടുക ആയിരുന്നു. ചെൽസിക്ക് എതിരായ ലണ്ടൻ ഡാർബിക്ക് മുമ്പ് ആഴ്‌സണലിന് ഇത് വലിയ കരുത്ത് പകരും.

അതേസമയം മുമ്പ് പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ സിഞ്ചെങ്കോയുടെ അഭാവം കുറെ മത്സരങ്ങളിലായി ആഴ്‌സണലിന് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനാൽ തന്നെ താരത്തിന്റെ തിരിച്ചു വരവ് വലിയ കരുത്ത് ആവും ആഴ്‌സണലിന് പകരുക. പരിക്ക് മാറി മുഹമ്മദ് എൽനെനിയും നേരത്തെ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. നിലവിൽ എമിൽ സ്മിത് റോ, മാറ്റ് ടർണർ എന്നിവർ ഒഴിച്ചു ബാക്കിയുള്ള മുഴുവൻ താരങ്ങളും പരിക്കിൽ നിന്നു മുക്തമായത് ആഴ്‌സണലിന് വലിയ ആത്മവിശ്വാസം ആണ് നൽകുക. നിലവിൽ ഇന്നത്തെ യൂറോപ്പ ലീഗ് മത്സരത്തിന് ശേഷം ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ്‌ ചെൽസി, വോൾവ്സ് എന്നിവർക്ക് എതിരായ പ്രീമിയർ ലീഗ് മത്സരങ്ങളും ബ്രൈറ്റണിനു എതിരായ ലീഗ് കപ്പ് മത്സരവും ആണ് ആഴ്‌സണലിന് കളിക്കാൻ ബാക്കിയുള്ള മത്സരങ്ങൾ.

പ്രീമിയർ ലീഗ് കിരീടം ഉക്രൈൻ ജനതക്ക് സമർപ്പിച്ച് സിൻചെങ്കോ

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ജേതാക്കളായതിന് പിന്നാലെ കിരീട നേട്ടം ഉക്രൈൻ ജനതക്ക് സമർപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ ഉക്രൈൻ താരം സിൻചെങ്കോ. തനിക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ് ഇതെന്നും ഈ വിജയം റഷ്യൻ ആക്രമണത്തിൽ പട്ടിണി കിടക്കുന്നതും കഷ്ടപ്പാട് അനുഭവിക്കുന്നതുമായ ഉക്രൈൻ ജനതക്ക് സമർപ്പിക്കുന്നു എന്നും സിൻചെങ്കോ പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ആളുകൾ തനിക്ക് നൽകിയ പിന്തുണ മറക്കാൻ കഴിയില്ലെന്നും ഉക്രൈൻ ജനതക്ക് വേണ്ടി മരിക്കാൻ പോലും താൻ തയ്യാറാണെന്നും താരം പറഞ്ഞു. ഉക്രൈൻ യുദ്ധത്തിന്റെ തുടക്കത്തിൽ തനിക്ക് ഫുട്ബോളിനെപറ്റി ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ആ സമയത്ത് തനിക് ലഭിച്ച പിന്തുണകൊണ്ടാണ് കിരീടം നേടാൻ കഴിഞ്ഞതെന്നും സിൻചെങ്കോ പറഞ്ഞു.

Exit mobile version