തിരിച്ചു വന്നു മൊറോക്കോയെ വീഴ്ത്തി സ്‌പെയിൻ ഒളിമ്പിക്സ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് ഫുട്‌ബോൾ ഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് സ്‌പെയിൻ സ്വർണ മെഡലിന് ആയുള്ള പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്. ആദ്യ പകുതിയിൽ ആമിർ റിച്ചാർഡ്സനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു 37 മത്തെ മിനിറ്റിൽ സോഫിയാനെ റഹീമിയിലൂടെ മൊറോക്കോ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ഒളിമ്പിക്സിൽ താരത്തിന്റെ ആറാം ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ സ്പാനിഷ് തിരിച്ചു വരവ് ആണ് കാണാൻ ആയത്. 65 മത്തെ മിനിറ്റിൽ ലഭിച്ച അവസരത്തിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഗോൾ നേടിയ ബാഴ്‌സലോണ താരം ഫെർമിൻ ലോപ്പസ് സ്‌പെയിനിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. താരത്തിന്റെ ഒളിമ്പിക്സിലെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് 85 മത്തെ മിനിറ്റിൽ സ്‌പെയിൻ വിജയഗോൾ കണ്ടെത്തുക ആയിരുന്നു. ഇത്തവണ ഫെർമിൻ ലോപ്പസിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ജുആൻലു സാഞ്ചസ് സ്പെയിനിന് വിജയം സമ്മാനിക്കുക ആയിരുന്നു. ഫൈനലിൽ ഫ്രാൻസ്, ഈജിപ്ത് വിജയിയെ ആണ് സ്‌പെയിൻ നേരിടുക.

ഇംഗ്ലണ്ട് വീണ്ടും ഫൈനലിൽ തോറ്റു!! സ്പെയിൻ യൂറോ കപ്പ് സ്വന്തമാക്കി

യൂറോ കപ്പ് 2024 കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ സ്പെയിൻ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോൽപ്പിച്ചത്. സ്പെയിന്റെ നാലാം യൂറോ കിരീടമാണ് ഇത്. മുമ്പ് 1964, 2008, 2012 എന്നീ വർഷങ്ങളിൽ സ്പെയിൻ യൂറോ കിരീടം നേടിയിരുന്നു.

ഇന്ന് ബെർലിനിൽ ആദ്യ പകുതിയിൽ രണ്ടു ടീമുകളും വളരെ കരുതലോടെയാണ് കളിച്ചത്‌. അതുകൊണ്ട് തന്നെ അധികം അവസരങ്ങൾ ഇരുടീമുകളും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ വന്നതോടെയാണ് കളിക്ക് ഒരു വേഗത വന്നത്. മത്സരത്തിന്റെ 47ആം മിനുട്ടിൽ ആയിരുന്നുഈ ഗോൾ.

ലമിനെ യമാൽ നൽകിയ പാസിൽ നിന്ന് നികോ വില്യംസ് പിക്ക്ഫോർഡിനെ കീഴ്പ്പെടുത്തി കൊണ്ട് സ്പെയിന് ലീഡ് നൽകി. യമാലിന്റെ ഈ യൂറോ കപ്പിലെ നാലാം അസിസ്റ്റ് ആയിരുന്നു ഇത്‌. ഈ ഗോളിനു ശേഷം കാര്യങ്ങൾ മാറി. അറ്റാക്കുകൾ ഇരു ടീമുകളിൽ നിന്നും വന്നു.

60ആം മിനുട്ടിൽ ഹാരി കെയ്നെ പിൻവലിച്ച് സൗത്ത് ഗേറ്റ് വാറ്റ്കിൻസിനെ കളത്തിൽ ഇറക്കി. 65ആം മിനുട്ടിൽ യമാലിന്റെ ഗോളെന്ന് ഉറപ്പിച്ച ഒരു ഷോട്ട് പിക്ക്ഫോർഡ് തടഞ്ഞു. സബ്ബായി എത്തിയ പാൾമർ ഇംഗ്ലണ്ടിന്റെ രക്ഷകനായി. 73ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് സാക ആരംഭിച്ച അറ്റാക്ക് ബെല്ലിങ്ഹാമിലേക്ക് എത്തി. ജൂഡിന്റെ പാസ് തന്റെ ഇടം കാലു കൊണ്ട് മനോഹരമായി വലയിൽ എത്തിച്ച് ആണ് പാൽമർ ഇംഗ്ലണ്ടിന് സമനില നൽകിയത്.

81ആം മിനുട്ടിൽ ഒരു അവസരം കൂടെ ലമിൻ യമാലിന് ലഭിച്ചു. ഇത്തവണയും പിക്ക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. എന്നാൽ അധികനേരം പിക്ക്ഫോർഡിന് ഇംഗ്ലണ്ടിനെ സമനിലയിൽ നിർത്താൻ ആയില്ല. 87ആം മിനുട്ടിൽ കുകുറേയയുടെ ഒരു ക്രോസിൽ നിന്ന് ഒയെർസബാലിന്റെ ഫിനിഷ്. സ്കോർ 2-1

പിന്നെ ഇംഗ്ലണ്ടിന് മടങ്ങിവരാൻ അധികനേരം ഉണ്ടായിരുന്നില്ല. 90ആം മിനുട്ടിൽ ഇംഗ്ലണ്ടിന്റെ രണ്ട് ഹെഡറുകൾ ഗോൾ ലൈനിൽ നിന്ന് തടഞ്ഞ് സ്പെയിൻ ലീഡ് നിലനിർത്തി. പിന്നെ ലഭിച്ച നാലു മിനുട്ട് എക്സ്ട്രാ ടൈമിലും ഇംഗ്ലണ്ട് ആഞ്ഞു ശ്രമിച്ചു എങ്കിലും പരാജയം ഒഴിവായില്ല‌.

ഇന്ന് യൂറോ കപ്പ് ഫൈനൽ!! കിരീടം സ്പെയിനിലേക്കോ ഇംഗ്ലണ്ടിലേക്കോ!?

യൂറോ കപ്പ് 2024 ടൂർണമെന്റ് ഫൈനൽ ഇന്ന് നടക്കും. ഇംഗ്ലണ്ടും സ്പെയിനും ആണ് കിരീടം തേടി ഇന്ന് ബെർലിനിൽ ഇറങ്ങുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി 2 ചാനലിൽ കാണാം. ജിയോ ടി വി, സോണി ലൈവ് എന്നീ പ്ലാറ്റ്ഫോമുകളിലും ഈ മത്സരം കാണാൻ ആകും.

സെമിയിൽ ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആയിരുന്നു സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയത്‌. ഈ യൂറോ കപ്പിൽ ഇതുവരെ ഏറ്റവും നല്ല ഫുട്ബോൾ കളിച്ച ടീമായാണ് ഏവരും സ്പെയിനെ വിലയിരുത്തുന്നത്. യുവതാരം യമാൽ തന്നെയാണ് ഇന്നും സ്പെയിൽ ഏവരും ഉറ്റു നോക്കുന്ന താരം. യുവതാരങ്ങളുടെയും സീനിയർ താരങ്ങളുടെയും മികച്ച സന്തുലിതാവസ്ഥ സ്പെയിൻ സ്ക്വാഡിനുണ്ട്.

ഇംഗ്ലണ്ടിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്‌. കഴിഞ്ഞ തവണത്തെ നിരാശ ഇത്തവണ മാറ്റാൻ ആകും എന്നവർ വിശ്വസിക്കുന്നു. സെമി ഫൈനലിൽ നെതർലന്റ്സിനെ ആയിരുന്നു ഇംഗ്ലണ്ട് തോൽപ്പിച്ചത്‌‌. പരാജയത്തിൽ നിന്ന് മടങ്ങി വന്ന് വിജയിക്കാനുള്ള മനോവീര്യമാണ് ഇത്തവണത്തെ ഇംഗ്ലണ്ടിന്റെ ശക്തി. കോബി മൈനൂ എന്ന യുവതാരം ആണ് ഇംഗ്ലണ്ടിന്റെ ഈ യൂറോ കപ്പിലെ സർപ്രൈസ്. എന്നാൽ ഹാരി കെയ്ൻ ഫോമിൽ എത്താത്തത് അവർക്ക് ആശങ്ക നൽകുന്നുണ്ട്.

സ്പെയിൻ ഫയർ!! യൂറോ കപ്പ് ഫൈനലിൽ!! ഫ്രാൻസ് പുറത്ത്

യൂറോ കപ്പ് 2024ൽ സ്പെയിൻ ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ആണ് സ്പെയിൻ ഫൈനലിലേക്ക് എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സ്പെയിനിന്റെ വിജയം. തുടക്കത്തിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇപ്പോൾ സ്പെയിന്റെ യുവനിര ജയം ഉറപ്പിച്ചത്. നെതർലന്റ്സും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സ്പെയിൻ ഇനി ഫൈനലിൽ നേരിടുക.

തുടക്കം മുതൽ ഇന്ന് നല്ല ഫുട്ബോൾ ആണ് കാണാൻ ആയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. എംബപ്പെയുടെ ഒരു അളന്നു മുറിച്ച ക്രോസിന് തലവെച്ച് കോളോ മുവാനി ആണ് ഫ്രാൻസിന് ലീഡ് നൽകിയത്. സ്കോർ 1-0.

എന്നാൽ അധികനേരം സ്പെയിൻ പിറകിൽ നിന്നില്ല. 21ആം മിനുട്ടിൽ സ്പെയിന്റെ വണ്ടർ കിഡ് ലമിൻ യമാൽ ഒരു അത്ഭുത നിമിഷം സൃഷ്ടിച്ചു. ലയണൽ മെസ്സിയുടെ ലോംഗ് റേഞ്ചറുകളെ ഓർമ്മിപ്പിച്ഛ രീതിയിൽ ഒരു ഇടം കാലൻ ഫിനിഷ്. സ്കോർ 1-1. ഈ ഗോളോടെ 16കാരനായ യമാൽ യൂറോ കപ്പ് സെമിയിൽ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.

ഈ ഗോൾ പിറന്ന് അഞ്ചു മിനുട്ടുകൾക്ക് അകം സ്പെയിൻ അവരുടെ രണ്ടാം ഗോളും നേടി ലീഡ് എടുത്തു. ഇത്തവണ ഡാനിൽ ഓൽമോയുടെ ഷോട്ട് കൗണ്ടേയുടെ ബ്ലോക്കും മറികടന്ന് വലയിൽ എത്തുക ആയിരുന്നു. സ്കോർ 2-1.

ആദ്യ പകുതിയിൽ ഉടനീളം ഫ്രാൻസ് സമനില ഗോളിനായി ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. രണ്ടാം പകുതിയിൽ ഫ്രാൻസ് അറ്റാക്കിന് കൂടുതൽ മൂർച്ചയാക്കി. ഗ്രീസ്മനെയും ജിറൂദിനെയും എല്ലാം ഫ്രാൻസ് ഇറക്കി നോക്കി. പക്ഷെ പരാജയം ഒഴിവാക്കാൻ വേണ്ടിയിരുന്ന ആ ഒരു ഗോൾ വന്നില്ല.

33 കൊല്ലങ്ങൾക്ക് ശേഷം അതേ മൈതാനത്ത് അച്ഛന്റെ ഗോൾ ആഘോഷം ആവർത്തിച്ചു മിഖേൽ മൊറേനോ!

ഇന്നലെ യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ 119 മത്തെ മിനിറ്റിൽ മിഖേൽ മൊറേനോയുടെ അതുഗ്രൻ ഹെഡർ വിജയഗോളിൽ സ്‌പെയിൻ ജർമ്മനിയെ തോൽപ്പിക്കുമ്പോൾ താരത്തിന്റെ ഗോൾ ആഘോഷവും ശ്രദ്ധേയമാവുകയാണ്. കോർണർ ഫ്ലാഗിനു ചുറ്റും വട്ടം വെച്ചാണ് മൊറേനോ തന്റെ ഗോൾ ആഘോഷിച്ചത്. സ്പെയിനിന് ആയി തന്റെ അഞ്ചാം മത്സരത്തിൽ തന്റെ ആദ്യ ഗോൾ ആണ് റയൽ സോസിദാഡ് താരം നേടിയത്. താരത്തിന്റെ ഗോൾ ആഘോഷം ആണ് നിലവിൽ വൈറൽ ആയത്.

33 വർഷങ്ങൾക്ക് മുമ്പ് 1991 നവംബറിൽ തന്റെ അച്ഛൻ ആഞ്ചൽ മൊറേനോ സ്റ്റുഗാർട്ടിൽ ഇതേ മൈതാനത്ത് ചെയ്ത ഗോൾ ആഘോഷം ആണ് മിഖേൽ മൊറേനോ ആവർത്തിച്ചത്. അന്ന് ഒസാസുന താരം ആയിരുന്ന ആഞ്ചൽ മൊറേനോ യുഫേഫ കപ്പ് രണ്ടാം ലെഗ് മത്സരത്തിൽ സ്റ്റുഗാർട്ടിനു എതിരെ ഗോൾ നേടിയ ശേഷമാണ് ഇതേ ആഘോഷം നടത്തിയത്. 33 വർഷങ്ങൾക്ക് ശേഷം തന്റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന നിമിഷത്തിൽ അച്ഛന്റെ ഗോൾ ആഘോഷം ആവർത്തിച്ചു അച്ഛന് നൽകാവുന്ന ഏറ്റവും മികച്ച ട്രിബ്യൂട്ട് തന്നെ മിഖേൽ മൊറേനോ സമ്മാനിച്ചത് മനോഹരമായ കാഴ്ചയായി.

119ആം മിനുറ്റിലെ വിജയ ഗോൾ!! ജർമ്മനിയെ പുറത്താക്കി സ്പെയിൻ യൂറോ കപ്പ് സെമിയിൽ

യൂറോ കപ്പിൽ ആതിഥേയരായ ജർമ്മനിയെ പുറത്താക്കി സ്പെയിൻ സെമി ഫൈനലിൽ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു. സ്പെയിനിന്റെ വിജയം. 119ആം മിനുട്ടിലാണ് സ്പെയിന്റെ വിജയഗോൾ വന്നത്. ഇന്ന് തുടക്കം മുതൽ വാശിയേറിയ മത്സരമാണ് കാണാൻ ആയത്‌‌. ഇരു ടീമുകളും അഗ്രസീവ് ആയാണ് കളിച്ചത്. പ്രത്യേകിച്ച് ജർമ്മനിയുടെ ഇന്നത്തെ സമീപനം കൂടുതൽ ഫിസിക്കൽ ആയിരുന്നു.

ഇടക്കിടെ ഫൗളുകൾ കളിയുടെ രസം കൊല്ലിയായ. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ സ്പാനിഷ് താരം പെഡ്രി പരിക്കേറ്റ് പുറത്ത് പോയി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് സ്പെയിന്റെ ഗോൾ വന്നത്.

51ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് പന്ത് കൈക്കലാക്കിയ യമാൽ ബോക്സിലേക്ക് റൺ ചെയ്ത് വന്ന ഡാനി ഓൽമോയെ കണ്ടെത്തി. ഓൽമോയുടെ അളന്നു മുറിച്ച ഫിനിഷ് സ്പെയിനെ മുന്നിൽ എത്തിച്ചു. സ്കോർ 1-0.

ഈ ഗോളിന് ശേഷം ജർമ്മനി ഉണർന്നു കളിച്ചു. ഫുൾകർഗുനെ അവർ സബ്ബായി ഇറക്കി. ഫുൽകർഗിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. ജർമ്മനി മുള്ളറിനെയും സബ്ബായി കളത്തിൽ എത്തിച്ചു. തുടർച്ചയായ അറ്റാക്കുകൾക്ക് ഒടുവിൽ ഫ്ലോറിയൻ വിർട്സിലൂടെ ജർമ്മനി 89ആം മിനുട്ടിൽ സമനില നേടി.

കിമ്മിച്ച് ഫാർ പോസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ പിറകോട്ട് നൽകിയ പാാ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ വിർട്സ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. സ്കോർ 1-1. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇരു ടീമിനും ഒരോ വലിയ അവസരം ലഭിച്ചു എങ്കിലും സ്കോർ 1-1ൽ തുടർന്നു.

അവസാനം 119ആം മിനുട്ടിൽ സ്പെയിൻ വിജയ ഗോൾ കണ്ടെത്തി. ഡാനു ഒൽമോയുടെ ഒരു ക്രോസിൽ നിന്ന് മൊറേനോയുടെ ഹെഡറിലൂടെ ആയിരുന്നു സ്പെയിന്റെ രണ്ടാം ഗോൾ. ഇതിനു ശേഷം ഒരു ഗോൾ മടക്കാനുള്ള സമയം ജർമ്മനിക്ക് ഉണ്ടായിരുന്നില്ല.
.

ഇനി പോർച്ചുഗൽ ഫ്രാൻസ് മത്സരത്തിലെ വിജയികളെ ആകും സ്പെയിൻ സെമിയിൽ നേരിടുക.

യൂറോ കപ്പ് ഉയർത്താൻ സ്പാനിഷ് അർമാഡ വരുന്നുണ്ട്! അതിഗംഭീരം ഈ സ്‌പെയിൻ!

ജോർജിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു സ്‌പെയിൻ യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ. അക്ഷരാർത്ഥത്തിൽ തങ്ങൾ തന്നെയാണ് ടൂർണമെന്റ് നേടാൻ ഏറ്റവും അർഹരായവർ എന്നു വിളിച്ചു പറയുന്ന പ്രകടനം ആണ് സ്‌പെയിൻ ഇന്ന് നടത്തിയത്. സ്പാനിഷ് ഗോളുകൾ നാലിൽ ഒതുകിയത് ജോർജിയ ഗോൾ കീപ്പറുടെ അതുഗ്രൻ രക്ഷപ്പെടുത്തലുകൾ ആണ്. 30 തിൽ അധികം ഷോട്ടുകൾ ഉതിർത്ത സ്പെയിനിന് എതിരെ മികച്ച എണ്ണം പറഞ്ഞ സേവുകൾ ആണ് ജോർജിയ ഗോൾ കീപ്പർ നടത്തിയത്. മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി ജോർജിയ ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. സ്പെയിനിന് പന്ത് നൽകി കൗണ്ടർ അറ്റാക്കിൽ ഗോൾ നേടാനുള്ള ജോർജിയ ശ്രമം 18 മിനിറ്റിൽ ഫലം കണ്ടു.

മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു മിക്കാന്തസയുടെ മികച്ച ക്രോസ് നോർമാണ്ടിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ സെൽഫ്‌ ഗോൾ ബലത്തിൽ ജോർജിയ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ആർത്ത് വരുന്ന സ്പാനിഷ് മുന്നേറ്റത്തെ ആണ് കാണാൻ ആയത്. ഒരു ഭാഗത്ത് ലമിൻ യമാലും മറുപുറത്ത് നിക്കോ വില്യംസും കൂടി ജോർജിയൻ പ്രതിരോധത്തെ വെള്ളം കുടിപ്പിച്ചു. ഇടക്ക് ജോർജിയ കൗണ്ടർ അറ്റാക്കിനും ശ്രമിച്ചു. തുടർച്ചയായ സേവുകൾക്ക് ശേഷം 39 മത്തെ മിനിറ്റിൽ സ്‌പെയിൻ സമനില ഗോൾ കണ്ടെത്തി. നിക്കോ വില്യംസിന്റെ പാസിൽ നിന്നു ഉഗ്രൻ ലോങ് റേഞ്ച് ഷോട്ടിൽ നിന്നു റോഡ്രി സ്‌പെയിനിന് സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ തുടർന്ന് കണ്ടത് സ്പാനിഷ് ആധിപത്യം ആയിരുന്നു. ഇടക്ക് കയറി നിന്ന ഉനയ് സൈമണിനെ മറികടക്കാനുള്ള കവരെയുടെ ശ്രമവും കണ്ടു.

യമാലും നിക്കോ വില്യംസും തകർത്ത് ആടിയപ്പോൾ ജോർജിയൻ പ്രതിരോധം ആടി ഉലഞ്ഞു. 51 മത്തെ മിനിറ്റിൽ യമാലിന്റെ അതിമനോഹരമായ അളന്നു മുറിച്ച ക്രോസിൽ നിന്നു ഹെഡറിലൂടെ ഫാബിയൻ റൂയിസ് സ്‌പെയിനിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. തുടർന്ന് വീണ്ടും ഗോളിനായി സ്‌പെയിൻ മുന്നേറ്റം ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ ജോർജിയ പോരാട്ടം തുടർന്നു. എന്നാൽ 75 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ഫാബിയൻ റൂയിസിന്റെ പാസിൽ നിന്നു നിക്കോ വില്യംസ് നേടിയ ഉഗ്രൻ ഗോൾ സ്പാനിഷ് ജയം ഉറപ്പിച്ചു. സ്വന്തം ഹാഫിള് നിന്നു പന്തുമായി ഓടി അതുഗ്രൻ ഷോട്ടിലൂടെയാണ് നിക്കോ ഗോൾ നേടിയത്. 83 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിഖേലിന്റെ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ മറ്റൊരു പകരക്കാരൻ ഡാനി ഓൽമ സ്പാനിഷ് ജയം പൂർത്തിയാക്കുക ആയിരുന്നു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജർമ്മനിയെ ആണ് സ്‌പെയിൻ നേരിടുക. മുൻ യൂറോ കപ്പ്, ലോകകപ്പ് ജേതാക്കൾ തമ്മിലുള്ള ക്ലാസിക് പോരാട്ടം കാണാൻ ഫുട്‌ബോൾ ലോകം കാത്തിരിക്കുകയാണ്.

ക്രൊയേഷ്യൻ ഹൃദയം തകർത്ത് ഇറ്റലിയുടെ 98ആം മിനുട്ടിലെ ഗോൾ!!

യൂറോ കപ്പ് ഗ്രൂപ്പ് ബിയിൽ അവസാന നിമിഷ ഗോളിൽ വിജയം കൈവിട്ട് ക്രൊയേഷ്യ പുറത്ത്. വിജയം നിർബന്ധമായിരുന്ന മത്സരത്തിൽ ഇറ്റലിക്ക് എതിരെ 98ആം മിനുട്ട് വരെ മുന്നിട്ട് നിന്ന ശേഷം ആണ് ക്രൊയേഷ്യ സമനില വഴങ്ങിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത ഒരു ഗോളിന് അൽബേനിയയെ തോൽപ്പിച്ചു. ഇതോടെ അൽബേനിയയും ക്രൊയേഷ്യയും പുറത്തായി.

ഇന്ന് ഗ്രൂപ്പ് ബിയിൽ ആര് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറും എന്ന് അറിയാനുള്ള പോരാട്ടമായിരുന്നു. സ്പെയിൻ ഇന്ന് മത്സരം ആരംഭിക്കും മുമ്പ് തന്നെ പ്രീക്വാർട്ടറിൽ എത്തും എന്ന് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇറ്റലിയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തിൽ ആയിരുന്നു ഏവരുടെയും ശ്രദ്ധ.

സ്പെയിൻ അൽബേനിയക്ക് എതിരെ തുടക്കത്തിഒ തന്നെ ഗോളടിച്ചതോടെ അവർ 9 പോയിന്റിൽ എത്തി. 13ആം മിനുട്ടിൽ ഫെറാൻ ടോറസ് ആണ് സ്പെയിനായി ഗോളടിച്ചത്.

ഗ്രൂപ്പിൽ ഇതേ സമയം നടന്ന ഇറ്റലി ക്രൊയേഷ്യ പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഗോൾ വന്നില്ല. ക്രൊയേഷ്യ നല്ല നീക്കങ്ങൾ നടത്തി ചെറി മുൻതൂക്കം ആദ്യ പകുതിയിൽ പുലർത്തിയിരുന്നു. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിൽ ക്രൊയേഷ്യക്ക് അനുകൂലമായ പെനാൾട്ടി വിധി വന്നു. കിക്ക് എടുത്തത് മോഡ്രിച്.

മോഡ്രിചിന്റെ കിക്ക് ഡൊണ്ണരുമ്മ തടഞ്ഞു. എന്നാൽ അത് കഴിഞ്ഞ് സെക്കൻഡുകൾക്ക് അകം വന്ന ഒരു ക്രോസിന് ഒടുവിൽ മോഡ്രിച് തന്നെ ഗോളടിച്ചു കൊണ്ട് ക്രൊയേഷ്യക്ക് ലീഡ് നൽകി. സ്കോർ 1-0. ഇതിനു ശേഷം ക്രൊയേഷ്യ മികച്ഛു നിന്നു എങ്കിലും അവർ രണ്ടാം ഗോൾ നേടാത്തത് കൊണ്ട് എപ്പോൾ വേണമെങ്കിലും ഇറ്റലി തിരിച്ചുവരാം എന്ന അവസ്ഥയിൽ ആയിരുന്നു.

98ആം മിനുട്ടിൽ സക്കാഗ്നി ആണ് ഇറ്റലിക്ക് സമനില നൽകിയത്. കലഫോരി നടത്തിയ മികച്ച റണ്ണിന് ഒടുവിൽ നൽകിയ പാസ് സക്കാഗ്നി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

ഇതോടെ ഗ്രൂപ്പ് ബിയിൽ 4 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്ത് എത്തി. ക്രൊയേഷ്യ 2 പോയിന്റുമായി മൂന്നാം സ്ഥാനത്തും. ഇതോടെ സ്പെയിനും ഇറ്റലിയും പ്രീക്വാർട്ടർ ഉറപ്പിച്ചു. 2 പോയിന്റുള്ള ക്രൊയേഷ്യക്ക് കണക്കിൽ ചെറിയ സാധ്യത ഉണ്ടെങ്കിലും ഇനി അവർ പ്രീക്വാർട്ടറിൽ എത്താൻ അത്ഭുതം നടക്കേണ്ടി വരും.

യൂറോ കപ്പ്; സ്പെയിനു മുന്നിൽ ക്രൊയേഷ്യ വീണുടഞ്ഞു

യൂറോ കപ്പ് 2024ൽ തകർപ്പൻ വിജയത്തോടെ സ്പെയിൻ. ഇന്ന് ബെർലിനിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാൻ സ്പെയിന് ആയി. തകർപ്പൻ പ്രകടനമാണ് ഇന്ന് സ്പെയിൻ നടത്തിയത്. ക്രൊയേഷ്യ ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവർക്ക് ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പെനാൾട്ടി വരെ അവർ ഇന്നു നഷ്ടപ്പെടുത്തി.

മത്സരത്തിന്റെ 29ആം മിനുട്ടിൽ ക്യാപ്റ്റൻ മൊറാട്ടയിലൂടെ ആണ് സ്പെയിൻ ലീഡ് എടുത്തത്. ഫാബിയൻ റിയുസിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. 32ആം മിനുട്ടിൽ റിയുസിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. ഗംഭീര ഫുട്വർക്കിനു ശേഷമായിരുന്നു റിയുസിന്റെ ഫിനിഷ്.

ആദ്യ പകുതിയുടെ അവസാനം കാർവഹാൽ കൂടെ സ്പെയിനായി ഗോൾ നേടി. ലമിനെ യമാലിന്റെ ക്രോസിൽ നിന്നായിരുന്നു കാർവഹാലിന്റെ ഗോൾ. കാർവഹാലിന്റെ സ്പെയിനായുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ ക്രൊയേഷ്യ നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഫലം ഉണ്ടായില്ല. 80ആം മിനുട്ടിൽ ക്രൊയേഷ്യക്ക് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും പെകോവിചിന് കിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ആ പെനാൾട്ടി സേവിനു ശേഷമുള്ള ഫോളോ അപ്പിൽ പെകോവിച് ഗോളടിച്ചു എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു.

സ്പെയിൻ ഇനി അടുത്ത മത്സരത്തിൽ ഇറ്റലിയെയും ക്രൊയേഷ്യ അൽബേനിയയെയും നേരിടും.

പെഡ്രിക്ക് ഇരട്ട ഗോൾ, യമാലിന് ഇരട്ട അസിസ്റ്റ്, സ്പെയിന് 5 ഗോൾ

യൂറോ കപ്പിനു മുമ്പായുള്ള സൗഹൃദ മത്സരത്തിൽ നോർത്ത് അയർലണ്ടിനെതിരെ ഗംഭീര വിജയം നേടി സ്പെയിൻ. ബാഴ്സലോണയുടെ യുവതാരങ്ങളുടെ മികവിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്പെയിൻ നേടിയത്. ബാഴ്സലോണ താരങ്ങളായ പെഡ്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ ലമിനെ യമാൽ ഇരട്ട അസിസ്റ്റ് നൽകി.

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് സ്പെയിൻ വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ബല്ലാർഡ് ആണ് നോർത്ത് അയർലണ്ടിനായി ഗോൾ നേടിയത്. പന്ത്രണ്ടാം മിനിറ്റിൽ പെട്രിയുടെ ഒരു ലോങ്ങ് റേഞ്ചറിലൂടെ സ്പെയിൻ സമനില പിടിച്ചു. പെഡ്രിയുടെ സ്പെയിനായുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

പതിനെട്ടാം മിനിറ്റിൽ മൊറാട്ടയിലൂടെ സ്പെയിൻ ലീഡ് എടുത്തു. 29ആം മിനിട്ടിൽ വീണ്ടും പെഡ്രി വീണ്ടും സ്പെയിനായി ഗോൾ അടിച്ചു. ആദ്യ പകുതിയിൽ 3-1ന് മുന്നിൽ. രണ്ടാം പകുതിയിൽ ഫാബിയൻ റുയിസും ഒയെസബാളും കൂടെ ഗോൾ നേടിയതോടെ സ്പെയിൻ വിജയം ഉറപ്പിച്ചു. ഈ രണ്ടു ഗോളുകളും ലമിനെ യമാൽ ആയിരുന്നു ഒരുക്കിയത്. ഇനി ജൂൺ 15ന് സ്പെയിൻ യൂറോ കപ്പിൽ ക്രൊയേഷ്യയെ നേരിടും.

സ്പെയിൻ യൂറോ കപ്പ് ടീം പ്രഖ്യാപിച്ചു, കുബാർസി ഇല്ല

യൂറോ കപ്പ് 2024നായുള്ള 26 അംഗ ടീം ബാഴ്സലോണ പ്രഖ്യാപിച്ചു. ബാഴ്‌സലോണയുടെ 17-കാരനായ ഡിഫൻഡർ പൗ ക്യൂബാർസിക്ക് ടീമിൽ ഇടം ലഭിച്ചില്ല. മധ്യനിരക്കാരായ മാർക്കോസ് യൊറന്റെ, അലിക്‌സ് ഗാർസിയ എന്നിവരും സ്ക്വാഡിൽ ഇല്ല. കുബാർസി ടീമിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അത്ര മികച്ച പ്രകടനം താരം ഈ സീസണിൽ കാഴ്ചവെച്ചിരുന്നു.

സ്‌പെയിൻ മാനേജർ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പക്ഷെ ഡിഫൻസിൽ പരിചയ സമ്പത്തിനാണ് മുൻഗണന നൽകിയത്. നാച്ചോ ഫെർണാണ്ടസ്, അയ്മെറിക് ലാപോർട്ടെ എന്നിവർ അവരുടെ ഡിഫൻസിൽ ഉണ്ട്. ജൂൺ 15 ന് ഗ്രൂപ്പ് ബിയിൽ ക്രൊയേഷ്യക്കെതിരെ ആണ് യൂറോ കപ്പിലെ സ്പെയിന്റെ ആദ്യ മത്സരം.

സ്ക്വാഡ്;

Goalkeepers: Unai Simon (Athletic Bilbao), Alex Remiro (Real Sociedad), David Raya (Arsenal).

Defenders: Dani Carvajal (Real Madrid), Jesus Navas (Sevilla), Aymeric Laporte (Al-Nassr), Nacho Fernandez (Real Madrid), Robin Le Normand (Real Sociedad), Dani Vivian (Athletic Bilbao), Alex Grimaldo (Bayer Leverkusen), Marc Cucurella (Chelsea)

Midfielders: Rodrigo (Manchester City), Martin Zubimendi (Real Sociedad), Fabian Ruiz (Paris St Germain), Mikel Merino (Real Sociedad), Pedri (Barcelona), Alex Baena (Villarreal), Fermin Lopez (Barcelona).

Forwards: Alvaro Morata (Atletico Madrid), Joselu (Real Madrid), Dani Olmo (RB Leipzig), Nico Williams (Athletic Bilbao), Mikel Oyarzabal (Real Sociedad), Ayoze Perez (Real Betis), Ferran Torres (Barcelona), Lamine Yamal (Barcelona).

മുൻ സ്പാനിഷ് എഫ് എ പ്രസിഡന്റിന് മൂന്ന് വർഷം വിലക്ക്

സ്‌പെയിനിന്റെ വനിതാ ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം, സ്പാനിഷ് താരം ജെന്നി ഹെർമോസോയെ, അനുവാദമില്ലാതെ ചുണ്ടിൽ ചുംബിച്ച വിഷയത്തിൽ മുൻ സ്പാനിഷ്‌ എഫ് എ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ മൂന്ന് വർഷത്തേക്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയതായി ഫിഫ അറിയിച്ചു.

ചുംബനം ഉഭയസമ്മതപ്രകാരമല്ലെന്ന് ഹെർമോസോ പറഞ്ഞതിനെത്തുടർന്ന് തന്റെ സ്ഥാനം രാജിവയ്ക്കാൻ സ്പാനിഷ് എഫ്എയുടെ മുൻ പ്രസിഡന്റ് നേരത്തെ നിർബന്ധിതനായിരിന്നു. കുറ്റകരമായ പെരുമാറ്റം എന്ന് കണ്ടെത്തിയാണ് ഫിഫ അച്ചടക്ക നടപടിയെടുത്തത്.

ഓഗസ്റ്റിൽ സ്പെയിനിന്റെ ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരുന്നു വിവാദ സംഭവം. റൂബിയാലെസിനെ ഫുട്ബോൾ ഭരണസമിതി നേരത്തെ 90 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഫിഫ നടപടി അനുസരിച്ച്, 2026 വരെ ദേശീയ-അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും പങ്കെടുക്കാൻ റുബിയേസിനെ അനുവദിക്കില്ല.

Exit mobile version