Picsart 24 07 15 02 22 23 950

ഇംഗ്ലണ്ട് വീണ്ടും ഫൈനലിൽ തോറ്റു!! സ്പെയിൻ യൂറോ കപ്പ് സ്വന്തമാക്കി

യൂറോ കപ്പ് 2024 കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ സ്പെയിൻ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോൽപ്പിച്ചത്. സ്പെയിന്റെ നാലാം യൂറോ കിരീടമാണ് ഇത്. മുമ്പ് 1964, 2008, 2012 എന്നീ വർഷങ്ങളിൽ സ്പെയിൻ യൂറോ കിരീടം നേടിയിരുന്നു.

ഇന്ന് ബെർലിനിൽ ആദ്യ പകുതിയിൽ രണ്ടു ടീമുകളും വളരെ കരുതലോടെയാണ് കളിച്ചത്‌. അതുകൊണ്ട് തന്നെ അധികം അവസരങ്ങൾ ഇരുടീമുകളും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ വന്നതോടെയാണ് കളിക്ക് ഒരു വേഗത വന്നത്. മത്സരത്തിന്റെ 47ആം മിനുട്ടിൽ ആയിരുന്നുഈ ഗോൾ.

ലമിനെ യമാൽ നൽകിയ പാസിൽ നിന്ന് നികോ വില്യംസ് പിക്ക്ഫോർഡിനെ കീഴ്പ്പെടുത്തി കൊണ്ട് സ്പെയിന് ലീഡ് നൽകി. യമാലിന്റെ ഈ യൂറോ കപ്പിലെ നാലാം അസിസ്റ്റ് ആയിരുന്നു ഇത്‌. ഈ ഗോളിനു ശേഷം കാര്യങ്ങൾ മാറി. അറ്റാക്കുകൾ ഇരു ടീമുകളിൽ നിന്നും വന്നു.

60ആം മിനുട്ടിൽ ഹാരി കെയ്നെ പിൻവലിച്ച് സൗത്ത് ഗേറ്റ് വാറ്റ്കിൻസിനെ കളത്തിൽ ഇറക്കി. 65ആം മിനുട്ടിൽ യമാലിന്റെ ഗോളെന്ന് ഉറപ്പിച്ച ഒരു ഷോട്ട് പിക്ക്ഫോർഡ് തടഞ്ഞു. സബ്ബായി എത്തിയ പാൾമർ ഇംഗ്ലണ്ടിന്റെ രക്ഷകനായി. 73ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് സാക ആരംഭിച്ച അറ്റാക്ക് ബെല്ലിങ്ഹാമിലേക്ക് എത്തി. ജൂഡിന്റെ പാസ് തന്റെ ഇടം കാലു കൊണ്ട് മനോഹരമായി വലയിൽ എത്തിച്ച് ആണ് പാൽമർ ഇംഗ്ലണ്ടിന് സമനില നൽകിയത്.

81ആം മിനുട്ടിൽ ഒരു അവസരം കൂടെ ലമിൻ യമാലിന് ലഭിച്ചു. ഇത്തവണയും പിക്ക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. എന്നാൽ അധികനേരം പിക്ക്ഫോർഡിന് ഇംഗ്ലണ്ടിനെ സമനിലയിൽ നിർത്താൻ ആയില്ല. 87ആം മിനുട്ടിൽ കുകുറേയയുടെ ഒരു ക്രോസിൽ നിന്ന് ഒയെർസബാലിന്റെ ഫിനിഷ്. സ്കോർ 2-1

പിന്നെ ഇംഗ്ലണ്ടിന് മടങ്ങിവരാൻ അധികനേരം ഉണ്ടായിരുന്നില്ല. 90ആം മിനുട്ടിൽ ഇംഗ്ലണ്ടിന്റെ രണ്ട് ഹെഡറുകൾ ഗോൾ ലൈനിൽ നിന്ന് തടഞ്ഞ് സ്പെയിൻ ലീഡ് നിലനിർത്തി. പിന്നെ ലഭിച്ച നാലു മിനുട്ട് എക്സ്ട്രാ ടൈമിലും ഇംഗ്ലണ്ട് ആഞ്ഞു ശ്രമിച്ചു എങ്കിലും പരാജയം ഒഴിവായില്ല‌.

Exit mobile version