ഒരു ഒളിമ്പിക്സിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു ഭാകർ

തോക്കിന്റെ പ്രശ്നം കാരണം പരാജയപ്പെട്ടു ടോക്കിയോയിൽ കണ്ണീർ അണിഞ്ഞു നിന്ന അതേ മനു ഭാകർ ഇന്ന് പാരീസിൽ ചരിത്രം എഴുതിക്കൊണ്ടാണ് അതിനു പ്രതികാരം ചെയ്യുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഒളിമ്പിക്സിൽ 2 മെഡലുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി മനു മാറി. 2 ഒളിമ്പിക്സ് മെഡലുകൾ ഉള്ള അപൂർവം ഇന്ത്യൻ താരങ്ങളുടെ പട്ടികയിലേക്കും മനു എത്തി.

ഇന്ന് സരബ്‌ജോത് സിങിന് ഒപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ വെങ്കലം നേടിയാണ് മനു തന്റെ രണ്ടാം മെഡൽ പാരീസിൽ നേടിയത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു വെങ്കല മെഡൽ നേടിയിരുന്നു. ഇന്ത്യക്കായി ഒളിമ്പിക് മെഡൽ നേടിയ ആദ്യ വനിത ഷൂട്ടറും കൂടിയാണ് മനു. ഇനി വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ഷൂട്ട് ചെയ്യാൻ ഇറങ്ങുന്ന മനു പാരീസിൽ മൂന്നാം മെഡൽ ആവും ലക്ഷ്യം വെക്കുക. 22 കാരിയായ മനുവിൽ ഇനിയും ഇന്ത്യ ഭാവി ഒളിമ്പിക്സുകളിലും മെഡലുകൾ പ്രതീക്ഷിക്കുന്നുണ്ട്.

ഷൂട്ടിങിൽ വീണ്ടും നല്ല വാർത്ത, 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ അർജുൻ ബാബുതയും ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നല്ല വാർത്ത സമ്മാനിച്ചു ഇന്ത്യൻ ഷൂട്ടർമാർ. വനിതകളുടെ മികവിന് പിന്നാലെയാണ് ഇന്ന് നടന്ന പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനം യോഗ്യതയിൽ മികവ് കാണിച്ചു അർജുൻ ബാബുത ഫൈനലിലേക്ക് യോഗ്യത നേടിയത്. യോഗ്യതയിൽ താരം ഏഴാം സ്ഥാനം ആണ് നേടിയത്.

യോഗ്യതയിൽ 630.1 എന്ന സ്‌കോർ ആണ് അർജുൻ നേടിയത്. അതേസമയം ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് സിങിനു പക്ഷെ ഫൈനലിലേക്ക് മുന്നേറാൻ സാധിച്ചില്ല. 629.3 പോയിന്റുകൾ നേടിയ സന്ദീപ് യോഗ്യതയിൽ 12 സ്ഥാനത്ത് ആണ് എത്തിയത്. നാളെ ഇന്ത്യൻ സമയം 3.30 നു നടക്കുന്ന ഫൈനലിൽ ഇന്ത്യ അർജുനിലൂടെ ഒരു മെഡൽ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പാരീസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഫൈനലിൽ എത്തി രമിത ജിൻഡാൽ

ഇന്ത്യക്ക് ഷൂട്ടിങ് ഇനത്തിൽ മറ്റൊരു മെഡൽ പ്രതീക്ഷയായി രമിത ജിൻഡാൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ആണ് ഇന്ത്യൻ താരം ഫൈനലിൽ എത്തിയത്. മനു ഭാകറിന് ശേഷം പാരീസിൽ ഷൂട്ടിങ് ഫൈനലിൽ എത്തുന്ന രണ്ടാമത്തെ വനിത താരം ആണ് രമിത. 2004 നു ശേഷം ഇത് ആദ്യമായാണ് ഷൂട്ടിങ് ഇനത്തിൽ ഇന്ത്യൻ വനിതകൾ ഒളിമ്പിക് ഫൈനൽ യോഗ്യത നേടുന്നത്.

യോഗ്യതയിൽ 631.5 പോയിന്റുകൾ നേടി അഞ്ചാം സ്ഥാനക്കാരിയായി ആണ് താരം ഫൈനൽ യോഗ്യത നേടിയത്. അതേസമയം മറ്റൊരു ഇന്ത്യൻ താരമായ എലവനിൽ വലെറിയനു ഫൈനൽ യോഗ്യത നേടാൻ ആയില്ല. യോഗ്യതയിൽ താരം പത്താം സ്ഥാനത്ത് ആണ് എത്തിയത്. നാളെയാണ് ഈ ഇനത്തിൽ ഫൈനൽ നടക്കുക. മനു ഭാകറിന് ശേഷം ഷൂട്ടിങ് ഇനത്തിൽ പാരീസിൽ രണ്ടാം മെഡൽ ആയിരിക്കും രമിത ജിൻഡാലിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുക.

പാരീസ് ഒളിമ്പിക്സ്, ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്ക് നിരാശ

പാരീസ് ഒളിമ്പിക്സ് ആദ്യ ദിനം ഷൂട്ടിങ് ഇനത്തിൽ ഇന്ത്യക്ക് നിരാശയുടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്ക് ആയി മത്സരിച്ച രണ്ടു ടീമുകൾക്കും മെഡലിന് ആയുള്ള മത്സരത്തിലേക്ക് മുന്നേറാൻ ആയില്ല. അർജുൻ ബാബുറ്റ, രമിത ജിൻഡാൽ സഖ്യം മികച്ച പ്രകടനം ആണ് നടത്തിയത് എങ്കിലും അവർക്ക് 628.7 പോയിന്റുകളും ആയി ആറാം സ്ഥാനത്ത് ആണ് എത്താൻ ആയത്. ആദ്യ നാലിൽ എത്തിയാൽ മാത്രമെ മെഡൽ മത്സരങ്ങൾക്ക് യോഗ്യത നേടാൻ ആവുമായിരുന്നുള്ളൂ.

അതേസമയം ഇന്ത്യക്ക് ആയി മത്സരിച്ച മറ്റൊരു ടീമായ സന്ദീപ് സിങ്, എലവെനിൽ വലറിവാൻ സഖ്യത്തിനും ആദ്യ നാലിൽ എത്താൻ ആയില്ല. 626.3 പോയിന്റുകൾ നേടാൻ ആയ അവർക്ക് 12 സ്ഥാനത്ത് ആണ് എത്താൻ ആയത്. അർജുൻ, രമിത സഖ്യത്തിന് ഒരു പോയിന്റ് വ്യത്യാസത്തിൽ ആണ് മെഡൽ നഷ്ടമായത്. കഴിഞ്ഞ ഒളിമ്പിക്സിൽ പ്രതീക്ഷിച്ച മികവ് പുറത്ത് എടുക്കാത്ത ഷൂട്ടർമാറിൽ നിന്നു ഇന്ത്യ ഇത്തവണ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.

പാരീസ് ഒളിമ്പിക്‌സ് ക്വാട്ട ഉറപ്പിച്ച് ഇന്ത്യൻ ഷൂട്ടർ ശ്രിയങ്ക സദാംഗി

ഇന്ത്യ ഷൂട്ടിംഗിൽ ഒരു ഒളിമ്പിക്സ് ക്വാട്ട കൂടെ ഉറപ്പിച്ചു. കൊറിയയിലെ ചാങ്‌വോണിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് (3 പി) ഇനത്തിൽ നാലാമതായി ഫിനിഷ് ചെയ്തതോടെ ശ്രിയങ്ക സദാംഗി ഒളിമ്പിക്സ് പങ്കാളിത്തം ഉറപ്പിച്ചു. ഷൂട്ടിംഗിലെ ഇന്ത്യയുടെ പതിമൂന്നാം പാരീസ് ഒളിമ്പിക്‌സ് ക്വാട്ട ആണിത്.

ശ്രിയങ്ക 440.5 പോയിന്റുമായാണ് നാലാമത് എത്തിയത്. എയർ റൈഫിൾ ലോക ചാമ്പ്യൻ ചൈനയുടെ ഹാൻ ജിയാവു വെള്ളി നേടിയപ്പോൾ പരിചയസമ്പന്നനായ കൊറിയൻ താരം ലീ യുൻസിയോ സ്വർണം നേടി. സിയ സിയുവിലൂടെ ചൈന വെങ്കലവും നേടി.

22 മെഡലുകളുമായി ഇന്ത്യയുടെ ഷൂട്ടിംഗ് സംഘം ഏഷ്യൻ ഗെയിംസ് യാത്ര അവസാനിപ്പിച്ചു

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഷൂട്ടിംഗ് സംഘം ഒരു മെഡൽ കൂടി നേടി അവരുടെ യാത്ര അവസാനിപ്പിച്ചു. ട്രാപ്പ് പുരുഷന്മാരുടെ ഫൈനലിൽ കിനാൻ ചെനായ് വെങ്കലം നേടിയതോടെയാണ് ഇന്ത്യ ഷൂട്ടിംഗിൽ 22 മെഡലുകളിൽ എത്തിയത്.

ഇന്ന് രാവികെ നടന്ന ട്രാപ്പ് പുരുഷ ടീം ഇനത്തിൽ സൊരാവർ സിംഗ് സന്ധു, പൃഥ്വിരാജ് തൊണ്ടൈമാൻ എന്നിവർക്കൊപ്പം കിനാൻ സ്വർണവും നേടിയിരുന്നു. വ്യക്തിഗത ഇനത്തിൽ ചൈനയുടെ യിങ് ക്വിയും ഗോൾഡും തലാൽ അൽറാഷിദി വെള്ളിയും നേടി. 32/40 എന്ന സ്‌കോറിൽ ആണ് കിനാൻ ചെനായ് പോരാട്ടം അവസാനിപ്പിച്ചത്.

ഇതോടെ, ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാമ്പയിന് ഇന്ത്യൻ ഷൂട്ടിംഗ് സംഘം അവസാനനിട്ടു. 7 സ്വർണ്ണം ഉൾപ്പെടെ 22 മെഡലുകൾ ഇന്ത്യ‌ ഷൂട്ടിംഗ് സംഘം ചൈനയിൽ നേടി. ആകെ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ 11 സ്വർണവും 16 വെള്ളിയും 15 വെങ്കലവുമടക്കം 42 മെഡലുകൾ ആയി.

ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു, 25m പിസ്റ്റള്‍ വനിത ടീമിന് സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസിൽ ഷൂട്ടിംഗിലെ ഇന്ത്യയുടെ മികവാര്‍ന്ന പ്രകടനം തുടരുന്നു. വനിതകളുടെ 25m പിസ്റ്റള്‍ ടീം ഇനത്തിൽ ഇന്ത്യ സ്വര്‍ണ്ണം നേടുകയായിരുന്നു. മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്വാന്‍ എന്നിവരാണ് സ്വര്‍ണ്ണ നേട്ടം കൊയ്തത്.

25m പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലേക്ക് ഈ മൂന്ന് പേരും യോഗ്യത നേടിയെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. പൊതുവേ ഒരു രാജ്യത്ത് നിന്ന് രണ്ട് പേരെയാണ് ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗ് ഇനങ്ങളിൽ ഫൈനലിലേയ്ക്ക് അവസരം നൽകുന്നതെങ്കിലും ഏഷ്യന്‍ ഗെയിംസ് വെബ് സൈറ്റിൽ മൂവരും യോഗ്യത നേടിയതായാണ് കാണിക്കുന്നത്.

1756 പോയിന്റ് നേടിയ ചൈനയെ പിന്തള്ളി ഇന്ത്യയുടെ മൂവര്‍ സംഘം 1759 പോയിന്റ് നേടിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

ഇന്ത്യയുടെ 15ാമത്തെ മെഡൽ വെള്ളിയുടെ രൂപത്തിൽ ഷൂട്ടിംഗിൽ നിന്ന്

ഏഷ്യന്‍ ഗെയിംസ് 2022ലെ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി. ഷൂട്ടിംഗ് 50m റൈഫിൽ 3P ടീം ഇവന്റിലാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. ഇത് ഗെയിംസിലെ ഇന്ത്യയുടെ 15ാമത്തെ മെഡലാണ്. സിഫ്റ്റ് കൗര്‍ സമ്ര, ആഷി ചൗസ്കി, മാനിനി കൗശിക് എന്നിവര്‍ അടങ്ങിയ ടീം ആണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിൽ സിഫ്റ്റ് കൗറും ആഷി ചൗസ്കിസും രണ്ടും ആറും സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഈ വിഭാഗത്തിന്റെ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മാനിനിയ്ക്ക് 18ാമതായി മാത്രമാണ് ഫിനിഷ് ചെയ്യാനായത്.

ലോക റെക്കോര്‍ഡോടു കൂടി ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗിൽ സ്വര്‍ണ്ണം നേടി ഇന്ത്യ

ഏഷ്യന്‍ ഗെയിംസിൽ ലോക റെക്കോര്‍ഡോടു കൂടി ഷൂട്ടിംഗിൽ സ്വര്‍ണ്ണം നേടി ഇന്ത്യ. ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ടീം ആണ് സ്വര്‍ണ്ണ നേട്ടം കൊയ്തത്. യോഗ്യതയിൽ 1893.7 എന്ന സ്കോര്‍ നേടിയാണ് ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്.

രുദ്രാക്ഷ് ബാലാസാഹേബ് പട്ടേൽ, ഐശ്വരി പ്രതാപ് സിംഗ് തോമാര്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍ എന്നിവരാണ് ടീമംഗങ്ങള്‍. ചൈനയുടെ പേരിലുള്ള 1893.3 എന്ന ലോക റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.

ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം

ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പ് മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം. ഇന്ന് 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഓം പ്രകാശ് മിതര്‍വാല്‍ സ്വര്‍ണ്ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം മൂന്നായി ഉയരുകയായിരുന്നു. 3 സ്വര്‍ണ്ണവും 3 വെള്ളിയും രണ്ട് വെങ്കലവുമുള്‍പ്പെടെ 8 മെഡലുമായി ഇന്ത്യ മൂന്നാമതാണ്.

കൊറിയ 12 മെഡലുകള്‍ നേടിയപ്പോള്‍(4 വീതം സ്വര്‍ണ്ണം, വെള്ളി, വെങ്കലം) ചൈനയുടെ മെഡല്‍ നേട്ടം 9 ആണ്. ചൈനയ്ക്ക് മൂന്ന് വീതം സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ ലഭിച്ചു.

ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒമ്പത്

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയത് 9 മെഡലുകള്‍. 2 സ്വര്‍ണ്ണവും 4 വെള്ളിയും 3 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ ഈ നേട്ടം. സൗരഭ് ചൗധരിയും(10 മീറ്റര്‍ എയര്‍ പിസ്റ്റള്‍) രാഹി ജീവന്‍ സര്‍ണോബാട്ടും(25 മീറ്റര്‍ പിസ്റ്റള്‍) സ്വര്‍ണ്ണം നേടിയപ്പോള്‍ ദീപക് കുമാര്‍(10 മീറ്റര്‍ റൈഫിള്‍), സഞ്ജീവ് രാജ്പുത്(50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍), ലക്ഷയ് ലക്ഷയ്(ട്രാപ്), ശര്‍ദ്ധുല്‍ വിഹാന്‍ (ഡബിള്‍ ട്രാപ്) എന്നിവരാണ് വെള്ളി മെഡല്‍ ജേതാക്കള്‍.

അഭിഷേക് വര്‍മ്മ(10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), ഹീന സിദ്ധു(10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), അപൂര്‍വി ചന്ദേല, രവി കുമാര്‍ (10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീം) എന്നിവരാണ് വെങ്കല മെഡല്‍ ജേതാക്കള്‍.

വെള്ളി മെഡലുമായി സഞ്ജീവ് രാജ്പുത്

ഏഷ്യന്‍ ഗെയിംസ് 2018ലെ ഇന്ത്യയുടെ എട്ടാം മെഡല്‍ നേടി സഞ്ജീവ് രാജ്പുത്. 50 മീറ്റര്‍ റൈഫിള്‍ 3P വിഭാഗം ഷൂട്ടിംഗില്‍ വെള്ളി മെഡലാണ് ഇന്ത്യന്‍ താരം നേടിയത്. അതേ സമയം ഇന്ത്യയുടെ ലക്ഷയ് – ശ്രേയസ്സി സിംഗ് സഖ്യം ട്രാപ് മിക്സഡ് ടീം ഇനത്തില്‍ ഫൈനലിലേക്ക് കടന്നിട്ടുണ്ട്. 142 പോയിന്റുമായി 5ാം സ്ഥാനത്താണ് യോഗ്യത റൗണ്ടില്‍ ഇവര്‍ എത്തിയത്.

ഈ ഇനത്തിന്റെ ഫൈനല്‍ വൈകുന്നേരം 3 മണിക്ക് നടക്കും. 11 ടീമുകളില്‍ നിന്ന് 6 ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്.

Exit mobile version