ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിംഗ് സ്വർണം നേടി

ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ 3പി ഇനത്തിൽ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിംഗ് തോമർ സ്വർണം നേടി. ഈ ഇവന്റിൽ ഇന്ത്യയ്ക്ക് നേരത്തെ തന്നെ പരമാവധിയുള്ള 2 ഒളിമ്പിക് ക്വാട്ട് സ്ഥാനങ്ങൾ ലഭിച്ചിരുന്നു. സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരാണ് നേരത്തെ ഒളിമ്പിക് ക്വാട്ട ഉറപ്പിച്ചത്.

കൊറിയയിലെ ചാങ്‌വോണിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 2023 ൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ 463.5 സ്‌കോർ ചെയ്‌തുകൊണ്ട് ആണ് ഐശ്വരി സ്വർണ്ണം നേടിയത്. ചൈനയുടെ ജിയാമിംഗ് ടിയാൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 23-കാരനായ ഐശ്വരി ഒളിമ്പിക് ക്വാട്ടയ്ക്ക് ആയല്ല പകരം എക്‌സ്‌പോഷറിനായാണ് ഈ ഇനത്തിൽ കളിച്ചത്.

പാരീസ് ഒളിമ്പിക്‌സ് ക്വാട്ട ഉറപ്പിച്ച് ഇന്ത്യൻ ഷൂട്ടർ ശ്രിയങ്ക സദാംഗി

ഇന്ത്യ ഷൂട്ടിംഗിൽ ഒരു ഒളിമ്പിക്സ് ക്വാട്ട കൂടെ ഉറപ്പിച്ചു. കൊറിയയിലെ ചാങ്‌വോണിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് (3 പി) ഇനത്തിൽ നാലാമതായി ഫിനിഷ് ചെയ്തതോടെ ശ്രിയങ്ക സദാംഗി ഒളിമ്പിക്സ് പങ്കാളിത്തം ഉറപ്പിച്ചു. ഷൂട്ടിംഗിലെ ഇന്ത്യയുടെ പതിമൂന്നാം പാരീസ് ഒളിമ്പിക്‌സ് ക്വാട്ട ആണിത്.

ശ്രിയങ്ക 440.5 പോയിന്റുമായാണ് നാലാമത് എത്തിയത്. എയർ റൈഫിൾ ലോക ചാമ്പ്യൻ ചൈനയുടെ ഹാൻ ജിയാവു വെള്ളി നേടിയപ്പോൾ പരിചയസമ്പന്നനായ കൊറിയൻ താരം ലീ യുൻസിയോ സ്വർണം നേടി. സിയ സിയുവിലൂടെ ചൈന വെങ്കലവും നേടി.

ഷൂട്ടിംഗ് ലോകകപ്പിൽ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യന്‍ താരം

കെയ്റോയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ രുദ്രാംഗ്ഷ് പാട്ടിൽ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 16-8 എന്ന സ്കോറിന് ജര്‍മ്മനിയുടെ ഷൂട്ടറെയാണ് ഇന്ത്യയുടെ 19 വയസ്സുള്ള താരം പരാജയപ്പെടുത്തിയത്.

യോഗ്യത റൗണ്ടിൽ ഏഴാം സ്ഥാനത്ത് എത്തിയ രുദ്രാംഗ്ഷ് 629.3 പോയിന്റാണ് നേടിയത്.

ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വര്‍ണ്ണ നേട്ടം സമ്മാനിച്ചു മെഹുലി – തുഷാര്‍ ജോഡി

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റര്‍ എയര്‍ റൈഫിൽ മിക്സഡ് ടീം വിഭാഗത്തിൽ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ. ഇന്ത്യയുടെ മെഹുലി ഘോഷ് – തുഷാര്‍ മാനെ ജോഡിയാണ് സ്വര്‍ണ്ണം നേടിയത്.

ഹംഗറിയുടെ ടീമിനെ 17-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ജോഡിയുടെ സ്വര്‍ണ്ണ നേട്ടം.

ബാക്കുവിൽ ഇന്ത്യയുടെ മൂന്നാം മെഡൽ എത്തി, വെള്ളി മെഡലുമായി അഞ്ജും മൗഡ്ഗിൽ

ബാക്കുവിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 50 മീറ്റര്‍ റൈഫിള്‍ 3P ഇനത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഞ്ജും മൗഡ്ഗിൽ. ഫൈനലില്‍ ഡെന്മാര്‍ക്ക് താരത്തോട് 12-16ന് ആണ് അഞ്ജും പിന്നിൽ പോയത്. ഷൂട്ടിംഗ് ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

നേരത്തെ ഇതേ ഇനത്തിൽ പുരുഷ വിഭാഗത്തിൽ സ്വപ്നിൽ കുശാലേ വെള്ളി മെഡൽ നേടിയിരുന്നു.

ISSF ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിൽ മനു ഭാക്കറിന് സ്വര്‍ണ്ണം

ISSF ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിൽ മനു ഭാക്കറിന് സ്വര്‍ണ്ണം. പെറുവിൽ നടക്കുന്ന മത്സര ഇനത്തിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയത്. ഇതേ മത്സരയിനത്തിൽ ഇന്ത്യയുടെ ഇഷ സിംഗ് വെള്ളി മെഡൽ നേടി.

10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിൽ ഇന്ത്യയുടെ റമിത വെങ്കല മെഡൽ നേടിയിരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിൽ ഇന്ത്യയുടെ റുദ്രാംക്ഷ് പാട്ടിൽ വെള്ളി മെഡൽ നേടി.

ഷൂട്ടിംഗിൽ നിരാശ തന്നെ, ഫൈനൽ യോഗ്യത നേടാനാകാതെ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിംഗും സഞ്ജീവ് രാജ്പുതും

ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ഇന്ന് നടന്ന 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ മത്സരത്തിന്റെ യോഗ്യത റൗണ്ടിൽ നിന്ന് ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ ഇന്ത്യന്‍ താരങ്ങളായ ഐശ്വരി  പ്രതാപ് സിംഗ് തോമറിനും സഞ്ജീവ് രാജ്പുതിനും സാധിച്ചില്ല.

തോമര്‍ നീലിംഗ് റൗണ്ട് കഴി‍ഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും പ്രോണിലെയും സ്റ്റാന്‍ഡിംഗിലെയും നിരാശാജനകമായ പ്രകടനത്തിന്റെ ബലത്തിൽ 21ാം സ്ഥാനത്താണ് എത്തിയത്. 1167 പോയിന്റ് നേടിയ തോമര്‍ 397, 391, 379 എന്നിങ്ങനെയാണ് നീലിംഗ്, പ്രോൺ, സ്റ്റാന്‍ഡിംഗ് റൗണ്ടുകളിൽ നേടിയത്. സ്റ്റാന്‍ഡിംഗ് റൗണ്ടിൽ മെച്ചപ്പെട്ട പ്രകടനം വന്നിരുന്നുവെങ്കിൽ താരത്തിന് യോഗ്യത നേടുവാനാകുമായിരുന്നു.

1157 പോയിന്റ് നേടിയ സഞ്ജീവ് രാജ്പുത് 32ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്.

അഞ്ജും മൗഡ്ഗില്ലിനും യോഗ്യതയില്ല, തേജസ്വിനിയ്ക്ക് വെറും 33ാം സ്ഥാനം

ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിംഗിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു.ഇന്ന് 50 മീറ്റര്‍ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യന്‍ താരങ്ങളായ അഞ്ജും മൗഡ്ഗില്ലും തേജസ്വിനി സാവന്തും യോഗ്യതയില്ലാതെ പുറത്താകുകയായിരുന്നു.

തേജസ്വിന് വെറും 33ാം സ്ഥാനത്താണ് അവസാനിച്ചത്. നീലിംഗ്(384), പ്രോൺ(394) സ്റ്റാന്‍ഡിംഗ്(376) എന്നിങ്ങനെ 1154 പോയിന്റാണ് തേജസ്വിനി നേടിയത്.

അതേ സമയം അഞ്ജും മൗഡ്ഗിൽ 1167 പോയിന്റ് നേടി 15ാം സ്ഥാനത്തുമെത്തി. നീലിംഗ്(390), പ്രോൺ(395) എന്നിങ്ങനെ സ്കോര്‍ ചെയ്ത് എട്ടാം സ്ഥാനത്തായിരുന്നുവെങ്കിലും മൗഡ്ഗിൽ സ്റ്റാന്‍ഡിംഗിൽ 382 പോയിന്റ് മാത്രം നേടിയപ്പോള്‍ 15ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വീണ്ടും നിരാശ, മനു ഭാക്കറും രാഹിയും പുറത്ത്

25 മീറ്റര്‍ പിസ്റ്റള്‍ ഈവന്റിൽ പുറത്തായി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബാടും. പ്രിസിഷന്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന രാഹി റാപ്പിഡ് റൗണ്ടിൽ 290 പോയിന്റ് നേടിയപ്പോള്‍ 582 പോയിന്റോടെ 15 ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.

ഇന്ത്യയുടെ രാഹി സര്‍ണോബാട് 32 ാം സ്ഥാനത്താണ് എത്തിയത്. 573 പോയിന്റ് നേടിയ താരം പ്രിസിഷന്‍ റൗണ്ടിൽ 287 പോയിന്റും റാപ്പിഡ് റൗണ്ടിൽ 286 പോയിന്റുമാണ് നേടിയത്.

ജനസംഖ്യ 34,000 ത്തിലും താഴെ, ഒളിമ്പിക് മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി സാൻ മറിനോ

ഒളിമ്പിക് ചരിത്രത്തിൽ തന്റെ രാജ്യത്തിനു ആദ്യ മെഡൽ സമ്മാനിച്ചു അലസാന്ദ്ര പെരില്ലി. വനിതകളുടെ ഷൂട്ടിംഗ് ട്രാപ്പിൽ വെങ്കല മെഡൽ ആണ് 33 കാരിയായ അലസാന്ദ്ര രാജ്യത്തിനു സമ്മാനിച്ചത്. ഇറ്റലിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന വെറും 24 സ്ക്വയർ കിലോമീറ്റർ മാത്രം ഭൂ വിസ്തൃതിയുള്ള 34,000 ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സാൻ മറിനോ ഇതോടെ ഒളിമ്പിക് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി മാറി.

വനിതാ ട്രാപ്പിൽ 50 ഷോട്ടിൽ 43 എണ്ണവും ലക്ഷ്യം കണ്ടു പുതിയ ഒളിമ്പിക് റെക്കോർഡ് നേടിയ സ്ലോവാക്യൻ താരം സുസന്ന സ്റ്റവസകോവയാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. അതേസമയം നേരിയ വ്യത്യാസത്തിൽ 42 പോയിന്റുമായി അമേരിക്കൻ താരം കെയിൽ ബ്രോവിണിങ് ആണ് ഈ ഇനത്തിൽ വെള്ളി നേടിയത്. 29 പോയിന്റുകൾ നേടിയാണ് സാൻ മറിനോക്ക് പെരില്ലി ചരിത്ര മെഡൽ സമ്മാനിച്ചത്. 1960 മുതൽ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന സാൻ മറിനോക്ക് ഈ ഒളിമ്പിക്സിൽ വെറും 6 താരങ്ങൾ ആണ് ഉള്ളത്. അവിടെ നിന്നാണ് പെരില്ലിയുടെ ഈ ചരിത്ര നേട്ടം.

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് നിരാശ മാത്രം, 10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ ജോഡികള്‍ അടുത്ത റൗണ്ടിലേക്കില്ല

ഇന്ത്യയുടെ ഷൂട്ടിംഗ് റേഞ്ചിലെ മോശം ഫോം തുടര്‍ന്നപ്പോള്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിലും ഇന്ത്യയുടെ ടീമുകള്‍ക്ക് ആദ്യ റൗണ്ടിൽ തന്നെ തിരിച്ചടി. ഇന്ത്യന്‍ ടീമംഗങ്ങളായ ഇളവേനിൽ വാളരിവന്‍ – ദിവ്യാന്‍ഷ് സിംഗ് പന്‍വാറും ദീപക് കുമാര്‍ – അഞ്ജും മൗഡ്ഗിലും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്ത് പോകുകയായിരുന്നു.

ഇതിൽ ഇളവേനിൽ – ദിവ്യാന്‍ഷ് ജോഡി 12ാം സ്ഥാനത്തും അഞ്ജും – ദീപക് ജോഡി 18ാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്.

യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായെങ്കിലും രണ്ടാം റൗണ്ടിൽ മോശം പ്രകടനം, ഇന്ത്യന്‍ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു

വീണ്ടും ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്.

രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ചൈനയും റഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സിലും സ്വര്‍ണ്ണ മെഡൽ മത്സരത്തിനായി യോഗ്യത നേടിയപ്പോള്‍ ഉക്രൈനും സെര്‍ബിയയും വെങ്കല മെഡലിനായി ഏറ്റുമുട്ടും.

Exit mobile version