തായ്‍ലാന്‍ഡ് ഓപ്പണ്‍: രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് സഖ്യത്തിന് തോല്‍വി

തായ്‍ലാന്‍ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്തോനേഷ്യന്‍ ടീമിനോടാണ് ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.

19-21, 17-21 എന്നിങ്ങനെ 34 മിനുട്ടിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാന്‍ – ഹേന്ദ്ര സെറ്റിയാവന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയമേറ്റുവാങ്ങിയത്.

പിവി സിന്ധുവിനും സായി പ്രണീതിനും തോല്‍വി, അശ്വിനി – സാത്വിക് കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍

ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡറ്റിനെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകളിലും തോല്‍വിയേറ്റ് വാങ്ങി നേടി തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പുറത്തായി പിവി സിന്ധു. ആദ്യ ഗെയിമില്‍  മിയയെ പരാജയപ്പെടുത്തിയത്. 21-16ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമിലും തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും മിയ മികച്ച തിരിച്ചുവരവ് നടത്തി 26-24ന് ഗെയിം വിജയിച്ചു. സിന്ധുവിനെ നിഷ്പ്രഭമാക്കി മിയ മൂന്നാം ഗെയിമും നേടുകയായിരുന്നു. സ്കോര്‍: 21-16, 24-26, 13-21

മറ്റൊരു മത്സരത്തില്‍ പുരുഷ താരം സായി പ്രണീത് നേരിട്ടുള്ള ഗെയിമില്‍ ലോക 15ാം നമ്പര്‍ താരത്തോട് പരാജയമേറ്റു വാങ്ങി. 16-21, 10-21 എന്ന സ്കോറിന് കാന്റാഫോന്‍ വാംഗ്ചാരോയെനിനോടാണ് പ്രണീത് പരാജയപ്പെട്ടത്.

തായ്‍ലാന്‍ഡ് ഓപ്പണിലെ മിക്സഡ് ഡബിള്‍സ് ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യയുടെ ആറാം സീഡുകളായ ഹഫീസ് – ഗ്ലോറിയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് അശ്വിനി പൊന്നപ്പ – സാത്വിക് സായിരാജ് കൂട്ടുകെട്ട് വിജയം നേടിയത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലായിരുന്നു ഈ കൂട്ടുകെട്ടിന്റെ വിജയം.

ആദ്യ ഗെയിലം 21-11ന് അനായാസം വിജയിച്ച ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം ഗെയിമില്‍ പൊരുതിയാണ് കീഴടങ്ങിയത്. മൂന്നാം ഗെയിമില്‍ ആധിപത്യം തുടര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ മത്സരം സ്വന്തമാക്കി.

സ്കോര്‍ : 21-11, 27-29, 21-16

അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, സമീര്‍ വര്‍മ്മയ്ക്കും ശുപാര്‍ശ

ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടിയെയും സിംഗിള്‍സ് താരം സമീര്‍ വര്‍മ്മയെയും അര്‍ജ്ജുന്‍ അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. ഇന്ത്യയ്ക്കായി അടുത്തിടെയായി മികച്ച പ്രകടനങ്ങളാണ് ഈ താരങ്ങളെല്ലാം നടത്തി വന്നിരുന്നത്.

നിലവില്‍ ലോക റാങ്കിംഗില്‍ 10ാം സ്ഥാനത്താണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളില്‍ മുന്‍ പന്തിയിലാണ് ഈ ഡബിള്‍സ് ജോഡി. സമീര്‍ വര്‍മ്മയും അടുത്തിടെയായി മികച്ച പ്രകടനങ്ങള്‍ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ പുറത്തെടുത്തിട്ടുണ്ട്.

ബാഡ്മിന്റണ്‍ റാങ്കിംഗില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍

തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ യുവ താരഹ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീട ജേതാക്കളായ താരങ്ങള്‍ ചൈന ഓപ്പണ്‍ സെമി വരെയും എത്തിയിരുന്നു. ഡബിള്‍സ് ലോക റാങ്കിംഗില്‍ താരങ്ങള്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്കാണ് ഉയര്‍ന്നിട്ടുള്ളത്. ചൈന ഓപ്പണ്‍ സെമിയില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ടീമിനോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്. 9ാം റാങ്കുകാരായ ഇവര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഏഴാം സ്ഥാനത്തേക്ക് എത്തുന്നത്.

ലോക റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമായും താരങ്ങള്‍ മാറി. മുമ്പ് ജ്വാല ഗുട്ട്-വി ഡിജു സഖ്യവും ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ കൂട്ടുകെട്ടുമാണ് ആദ്യ പത്ത് റാങ്കിംഗില്‍ എത്തിയിട്ടുള്ളത്.

അതേ സമയം പുരുഷ സിംഗിള്‍സില്‍ സായി പ്രണീത് കരിയറില്‍ ആദ്യമായി ആദ്യ പത്ത് റാങ്കിലേക്ക് കടന്നു. പത്താം റാങ്കിലേക്ക് എത്തിയ താരം ഇപ്പോള്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ്. ഒരു സ്ഥാനമാണ് പ്രണീത് മെച്ചപ്പെടുത്തിയത്. അതേ സമയം ശ്രീകാന്ത് കിഡംബി 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചൈനീസ് താരങ്ങളെ വീഴ്ത്തി ചൈന ഓപ്പണ്‍ സെമിയില്‍ കടന്ന് ഇന്ത്യന്‍ കൂട്ടുകെട്ട്

ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരങ്ങളും മുന്‍ ലോക ചാമ്പ്യന്മാരുമായ യൂചെന്‍/ജൂന്‍ഹൂയി കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 43 മിനുട്ട് നീണ്ട ആവേശകരമായ പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. 21-19, 21-15 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ ജയം.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ ചൈനീസ് കൂട്ടുകെട്ടിനോട് ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ലോക ഒന്നാം റാങ്കുകാരോട് കീഴടങ്ങി ഇന്ത്യന്‍ താരങ്ങള്‍, ഫൈനലില്‍ തോല്‍വി വിരോചിതമായ പോരാട്ടത്തിന് ശേഷം

തോല്‍വി നേരിട്ടുള്ള ഗെയിമുകളിലായിരുന്നുവെങ്കിലും ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് വീരോചിതമായ പോരാട്ടം പുറത്തെടുത്താണ് രണ്ടാം സ്ഥാനക്കാരായത്. ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം റാങ്കുകാരായ മാര്‍ക്കസ് ഫെര്‍നാല്‍ഡി ഗിഡിയോണ്‍-കെവിന്‍ സഞ്ജയ സുകാമുല്‍ജോ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വിയേറ്റു വാങ്ങിയത്.

35 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 18-21, 16-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വനിത സിംഗിള്‍സ് ഫൈനലില്‍ കരോളിന മരിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി കൊറിയയുടെ സീ യംഗ് ആന്‍ വിജയിയായി. ആദ്യ ഗെയിം മരിന്‍ 21-16ന് വിജയിച്ചുവെങ്കിലും പിന്നീട് സ്പെയിന്‍ താരത്തെ നിഷ്പ്രഭമാാക്കുന്ന പ്രകടനമാണ് യംഗ് പുറത്തെടുത്തത്. സ്കോര്‍: 16-21, 21-18, 21-5.

പുരുഷ വിഭാഗം ഫൈനലില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ 21-19, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തി ചൈനയുടെ ചെന്‍ ലോംഗ് കിരീട ജേതാവായി.

ലോക ആറാം റാങ്കുകാരെ അട്ടിമറിച്ച് ഇന്ത്യന്‍ കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. സെമി ഫൈനലില്‍ ജപ്പാന്റെ ലോക റാങ്കിംഗിലെ ആറാം സ്ഥാനക്കാരായ വാട്നാബേ-ഹിരോയൂക്കി കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമിലാണ് ഇരുവരും പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം അനായാസം വിജയിച്ചപ്പോള്‍ കടുത്ത പോരാട്ടത്തെ മറികടന്നാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ രണ്ടാം ഗെയിമിലെ വിജയം.

50 മിനുട്ട് നീണ്ട പോരാട്ടത്തിന് ശേഷം 21-11, 25-23 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്, പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെങ്ങറി ചോപ്ര-സിക്കി റെഡ്ഢി, അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് എന്നിവര്‍ പരാജയം ഏറ്റു വാങ്ങുകയായിരുന്നു.

36 മിനുട്ട് നീണ്ട മത്സരത്തില്‍ ‍ഡച്ച് കൂട്ടുകെട്ടിനെ 21-16, 21-14 എന്ന സ്കോറിന് കീഴടക്കിയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ട് മുന്നോട്ട് നീങ്ങിയത്. അതേ സമയം ഇംഗ്ലണ്ടിനോടാണ് മനു-സുമീത് കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. 19-21, 22-20, 15-21 എന്ന സ്കോറിന് 58 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരാജയം. മിക്സഡ് ഡബിള്‍സ് ജോഡികളായ പ്രണവ്-സിക്കി കൂട്ടുകെട്ട് 36 മിനുട്ടില്‍ നേരിട്ടുള്ള ഗെയിമില്‍ ബ്രിട്ടീഷ് ടീമിനോട് 13-21, 18-21 എന്ന സ്കോറിന് പത്തി മടക്കി. സാത്വിക്-അശ്വിനി മിക്സഡ് ഡബിള്‍സ് ജോഡി 17-21, 18-21 എന്ന സ്കോറിന് കൊറിയന്‍ ടീമിനോട് പരാജയമേറ്റുവാങ്ങി.

ആദ്യ ഗെയിം വിജയിച്ചുവെങ്കിലും പിന്നീട് ശ്രീകാന്ത് കിഡംബിയ്ക്ക് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. 21-15, 7-21, 14-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം. ടിയെന്‍ ചെന്‍ ചൗവിനോടായിരുന്നു ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. സമാനമായ രീതിയില്‍ ആവേശപ്പോരിലാണ് സമീര്‍ വര്‍മ്മയുടെ പരാജയം. 1 മണിക്കൂര്‍ 24 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 22-20, 18-21, 18-21 എന്ന സ്കോറിന് ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് സമീര്‍ പരാജയപ്പെട്ടത്.

പാരുപ്പള്ളി കശ്യപ് ഹോങ്കോംഗിന്റെ കാ ലോംഗ് ആന്‍ഗസ് എന്‍ജിയോട് 11-21, 9-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ അടിയറവ് പറഞ്ഞു. സ്കോര്‍: 21-16, 13-21, 17-21.

പൊരുതി വീണ് ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

കഴിഞ്ഞ ദിവസം ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ഇന്തോനേഷ്യന്‍ ജോഡികളെ അട്ടിമറിച്ചുവെങ്കിലും രണ്ടാം റൗണ്ടില്‍ ജപ്പാന്റെ 28ാം റാങ്കുകാരായ ടീമിനോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യന്‍ മിക്സഡ് ഡബിള്‍സ് താരങ്ങള്‍. ഇന്ന് ചൈന ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ പിന്നില്‍ പോയത്. 11-21, 21-16, 12-21 എന്ന സ്കോറിനായിരുന്നു അശ്വിനി പൊന്നപ്പ-സാത്വിക്സായിരാജ് റാങ്കിറെഡ്ഢി കൂട്ടുകെട്ട് പരാജയപ്പെട്ടത്.

ഇന്നലെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം

ചൈന ഓപ്പണ്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. 21-7, 21-18 എന്ന സ്കോറിന് 30 മിനുട്ട് നീണ്ട മത്സരത്തില്‍ കാനഡയുടെ താരങ്ങളെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് തുരത്തിയത്. നേരത്തെ സാത്വിക് മിക്സഡ് ഡബിള്‍സിലും ആദ്യ റൗണ്ടില്‍ വിജയം കുറിച്ചിരുന്നു. അശ്വിനി പൊന്നപ്പയാണ് സാത്വികിന്റെ മിക്സഡ് ഡബിള്‍സ് പങ്കാളി.

ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരങ്ങളായ ജപ്പാന്റെ ടീമുമായാണ് ഇന്ത്യന്‍ ടീമിന്റെ രണ്ടാം റൗണ്ടിലെ മത്സരം.

ചൈന ഓപ്പണില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീമിന് വിജയം

ചൈന ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ വിജയിച്ച് തുടങ്ങി ഇന്ത്യന്‍ ടീം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സാത്വിക്സായിരാജ് റാങ്കിറെഡ്ഢി കൂട്ടുകെട്ട് 50 മിനുട്ട് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്തോനേഷ്യന്‍ താരങ്ങളെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് വിജയം കൈവരിച്ചത്. ആദ്യ ഗെയിം പൊരുതി നേടിയ ശേഷം ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം ഗെയിമില്‍ പിന്നില്‍ പോയെങ്കിലും മികച്ച തിരിച്ചുവരവിലൂടെ മത്സരം സ്വന്തമാക്കി. ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദ്ദാന്‍-മെലാടി ഡെയ്വ ഒക്ടാവിയാന്റി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്.

സ്കോര്‍: 22-20, 17-21, 21-17.

ചരിത്രം കുറിച്ച് സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരങ്ങളെ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം സ്വന്തമാക്കാനായത്. 21-19, 18-21, 21-19 എന്ന സ്കോറിനാണ് വിജയം. ലോക രണ്ടാം റാങ്കുകാരായ ചൈനീസ് കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. നിലവിലെ ലോക ചാമ്പ്യന്മാര്‍ കൂടിയാണ് ചൈനീസ് താരങ്ങള്‍.

ആദ്യ ഗെയിമില്‍ 21-19ന് വിജയിച്ച ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം ഗെയിമില്‍ 18-16ന് മുന്നിലായിരുന്നുവെങ്കിലും ചൈനീസ് താരങ്ങള്‍ തുടരെ അഞ്ച് പോയിന്റ് നേടി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിമിലും മേധാവിത്വം പുലര്‍ത്തി ചൈനീസ് താരങ്ങള്‍ 4-1ന്റെ ലീഡ് നേടിയെങ്കിലും 6-6ന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പം പിടിയ്ക്കുകയും പിന്നീട് 8-6ന്റെ ലീഡ് നേടുകയും ചെയ്തു. മൂന്നാം ഗെയിമിന്റെ ഇടവേള സമയത്ത് 11-8ന് ഇന്ത്യന്‍ ജോഡി ലീഡ് ചെയ്യുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷം ലീഡ് 15-11ലേക്ക് ഉയര്‍ത്തുവാന്‍ ഇന്ത്യയ്ക്കായി. സാത്വിക് വമ്പന്‍ സ്മാഷുകളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമിലേതിന് സമാനമായി പോയിന്റുകള്‍ തുടരെ നേടി ചൈനീസ് താരങ്ങള്‍ തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് കണ്ടതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ലീഡ് 18-15 ലേക്ക് ഉയര്‍ത്തി.

മൂന്നാം ഗെയിം 21-18ന് സ്വന്തമാക്കി ഇന്ത്യന്‍ ജോഡി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.

 

Exit mobile version