ചരിത്രം!!!! നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി സാത്വിക് – ചിരാഗ് കൂട്ടുകെട്ട് സെമിയിൽ, പൊരുതി വീണ് പ്രണോയ്

ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് സെമിയിൽ കടന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ ഹോകി – കോബായാഷി കൂട്ടുകെട്ടിനെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരാണ് ജപ്പാന്‍ താരങ്ങള്‍. സ്കോര്‍: 24-22, 15-21, 21-14. നിലവിലെ ലോക ചാമ്പ്യന്മാരാണ് ഈ കൂട്ടുകെട്ട്. ഇതോടെ ഇന്ത്യയ്ക്കായി ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഡബിള്‍സ് ജോഡിയായി ഇവര്‍ മാറി.

അതേ സമയം പുരുഷ സിംഗിള്‍സിൽ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറിൽ പൊരുതി വീണു. ആദ്യ ഗെയിം പ്രണോയ് 21-19ന് നേടിയെങ്കിലും രണ്ടാം ഗെയിമിൽ ചൈനീസ് താരം പ്രണോയിയെ നിലം തൊടീച്ചില്ല. മൂന്നാം ഗെയിമിൽ പൊരുതി നോക്കിയെങ്കിലും 65 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിൽ പ്രണോയ്ക്ക് കാലിടറി. സ്കോര്‍: 21-19, 6-21, 18-21.

സാത്വിക് – ചിരാഗ് കൂട്ടുകെട്ട് ക്വാര്‍ട്ടറിൽ

ലോക റാങ്കിംഗിൽ 32ാം സ്ഥാനത്തുള്ള ഡെന്മാര്‍ക്ക് താരങ്ങളെ വീഴ്ത്തി സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറിൽ കടന്നു. ഇന്ന് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിജയം. സ്കോര്‍: 21-12, 21-10.

ഇത് രണ്ടാമത്തെ ഇന്ത്യന്‍ ജോഡിയാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. നേരത്തെ അര്‍ജ്ജുന്‍ – ധ്രുവ് കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ പ്രവേശിച്ചിരുന്നു.

പുരുഷ ഡബിള്‍സ് ടീം ഫൈനലില്‍, വനിത ഡബിള്‍ ടീമിന് പരാജയം

കോമൺവെൽത്ത് ബാഡ്മിന്റണിൽ പുരുഷ ഡബിള്‍സിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഫൈനലില്‍ കടന്നു. മലേഷ്യന്‍ താരങ്ങളെ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-6, 21-5.

അതേ സമയം വനിത സെമി ഫൈനലില്‍ ഇന്ത്യയുടെ ഗായത്രി – ട്രീസ കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിൽ പരാജയം ഏറ്റുവാങ്ങി. 13-21, 16-21 എന്ന സ്കോറിന് മലേഷ്യയുടെ ലോക റാങ്കിംഗിലെ 11ാം സ്ഥാനക്കാരോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.

ഇന്ന് വെങ്കല മെഡൽ പോരാട്ടത്തിൽ ഇരുവരും ഓസ്ട്രേലിയയെ നേരിടും.

മുന്‍ ലോക ചാമ്പ്യന്മാരെ വീഴ്ത്തി!!!! ഇന്ത്യ ഓപ്പൺ വിജയിച്ച് സാത്വിക് – ചിരാഗ് കൂട്ടുകെട്ട്

മുന്‍ ലോക ചാമ്പ്യന്മാരും നിലവിലെ ലോക റാങ്കിംഗി. രണ്ടാം സ്ഥാനക്കാരുമായ ഇന്തോനേഷ്യന്‍ താരങ്ങളെ കീഴടക്കി ഇന്ത്യ ഓപ്പൺ കിരീടം നേടി സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. മുഹമ്മദ് അഹ്സാന്‍ – ഹെന്‍ഡ്ര സെറ്റിവന്‍ കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ മുട്ടുകുത്തിച്ചത്.

തീപാറും പോരാട്ടത്തിനൊടുവിൽ 21-16, 26-24 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ജയിച്ചുവെങ്കിലും ക്വാര്‍ട്ടര്‍ യോഗ്യതയില്ലാതെ ഇന്ത്യന്‍ താരങ്ങള്‍

ബാഡ്മിന്റൺ പുരുഷ ഡബിള്‍സിൽ ക്വാര്‍ട്ടര്‍ ഫൈനൽ യോഗ്യതയില്ലാതെ ഇന്ത്യന്‍ താരങ്ങള്‍. ബ്രിട്ടന്റെ ബെന്‍ ലെയന്‍ – സീന്‍ വെന്‍ഡി ജോഡികളോട് നേരിട്ടുള്ള ഗെയിമുകളിൽ 21-17, 21-19 എന്ന സ്കോറിന് ഇന്ത്യന്‍ യുവതാരങ്ങള്‍ ജയിച്ചുവെങ്കിലും ഗ്രൂപ്പിൽ തങ്ങള്‍ തോല്പിച്ച ചൈനീസ് തായ്പേയ് ജോഡി ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഇന്തോനേഷ്യക്കാരെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ സാധ്യത ഇല്ലാതായത്.

ഗ്രൂപ്പിൽ രണ്ട് ജയം നേടിയെങ്കിലും അടുത്ത റൗണ്ട് കടക്കാനാകാതെയാണ് ഇന്ത്യന്‍ ടീമിന്റെ മടക്കം. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ പുറത്തേക്ക് പോകുന്നത്. ഇന്തോനേഷ്യന്‍ സഖ്യം തങ്ങളുടെ ഇന്നത്തെ ഗ്രൂപ്പ് മത്സരം വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യന്‍ ടീമിന് അനായാസം ക്വാര്‍ട്ടറിലെത്താമായിരുന്നു.

പുരുഷ ഡബിള്‍സ് കൂട്ടുകെട്ട് സെമിയില്‍ പുറത്ത്

സ്വിസ്സ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ടീം പുറത്ത്. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ കിം ആസ്ട്രുപ് – ആന്‍ഡേര്‍സ് സ്കാറപ്പ് റാസ്മൂസ്സെന്‍ കൂട്ടുകെട്ടിനോടാണ് ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെട്ടത്.

10-21, 17-21 എന്ന സ്കോറിന് 44 മിനുട്ടിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയം ഏറ്റുവാങ്ങിയത്.

പ്രണീതിനും അജയ് ജയറാമിനും ക്വാര്‍ട്ടറില്‍ തോല്‍വി

സ്വിസ്സ് ഓപ്പണ്‍ 2021ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരാജയം. പുരുഷ സിംഗിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ പുറത്താകുകയായിരുന്നു. സായി പ്രണീത് മലേഷ്യയയുടെ സീ ജി ലീയോട് 14-21, 17-21 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടപ്പോള്‍ അജയ് ജയറാം തായ്‍ലാന്‍ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനോട് 9-21, 6-21 എന്ന രീതിയില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു.

മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി- സാത്വിക് സഖ്യം 70 മിനുട്ട് നീണ്ട ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ 17-21, 21-17, 18-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

പുരുഷ ടീമിന് വിജയം, വനിതകള്‍ക്ക് പരാജയം

സ്വിസ്സ് ഓപ്പണ്‍ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയുടെ പുരുഷ ടീമിന് വിജയം. എന്നാല്‍ വനിത ടീം പ്രീക്വാര്‍ട്ടറില്‍ പുറത്താകുകയായിരുന്നു. സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്തോനേഷ്യന്‍ ടീമിനോട് വിജയം കുറിച്ചപ്പോള്‍ വനിത ഡബിള്‍സ് ടീം ആയ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ട് ഡെന്മാര്‍ക്ക് സഖ്യത്തോട് പരാജയം ഏറ്റുവാങ്ങി.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ 21-17, 20-22, 21-17 എന്ന സ്കോറിന് ഒരു മണിക്കൂര്‍ പത്ത് മിനുട്ട് എടുത്താണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ വിജയം. അതേ സമയം വനിതകള്‍ നേരിട്ടുള്ള ഗെയിമില്‍ കീഴടങ്ങി. സ്കോര്‍ : 11-21, 15-21.

ലോക റാങ്കില്‍ 22ാം നമ്പര്‍ ടീമിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഉറപ്പാക്കി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

സ്വിസ്സ് ഓപ്പണില്‍ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ടിന് വിജയം. ഇന്തോനേഷ്യയുടെ ലോക റാങ്കിംഗില്‍ 22ാം സ്ഥാനത്തുള്ള റിനോവ് റിവാള്‍ഡി – പിത ഹനിനംഗ്താസ് മെന്റാരി കൂട്ടുകെട്ടിനെയാണ് അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

38 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു ഇവരുടെ വിജയം. സ്കോര്‍ : 21-18, 21-16

ആദ്യ റൗണ്ടില്‍ വിജയം നേടി മിക്സഡ് ഡബിള്‍സ് ജോഡി, സമീര്‍ വര്‍മ്മയെ വീഴ്ത്തി ശ്രീകാന്ത് കിഡംബി

സ്വിസ്സ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് റാങ്കിറെഡ്ഡി കൂട്ടുകെട്ട്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി സമീര്‍ വര്‍മ്മയെ പരാജയപ്പെടുത്തി.

ഇന്തോനേഷ്യന്‍ താരങ്ങളായ ഹഫീസ് ഫൈസല്‍ – ഗ്ലോറിയ ഇമ്മാന്വേല്‍ വിഡ്ജാജ കൂട്ടുകെട്ടിനെ 21-18, 21-10 എന്ന സ്കോറിനാണ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ വിജയം.

61 മിനുട്ട് നീണ്ട മത്സരത്തില്‍ കിഡംബി 18-21, 21-18, 21-11 എന്ന സ്കോറിന് വിജയം കരസ്ഥമാക്കി.

സെമിയില്‍ അശ്വിനി – സാത്വിക് കൂട്ടുകെട്ടിനും പരാജയം

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണില്‍ ഇന്ത്യയുടെ അവസാന പ്രാതിനിധ്യമായ മിക്സഡ് ഡബിള്‍സ് ജോഡിയ്ക്കും പരാജയം. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് റാങ്കിറെഡ്ഢി കൂട്ടുകെട്ട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ പരാജയം ഏറ്റുവാങ്ങി.

ആദ്യ രണ്ട് ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ മൂന്നാം ഗെയിമില്‍ തായ്‍ലാന്‍ഡിന്റെ ജോഡികളോട് ഇന്ത്യന്‍ സഖ്യം നിറം മങ്ങിയ പ്രകടനം ആണ് പുറത്തെെടുത്തത്. 59 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 20-22, 21-18, 12-21.

ഒരു വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കൂട്ടുകെട്ടാണ് ഇവര്‍.

തായ്‍ലാന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ട്

ടൊയോട്ട തായ്‍ലാന്‍ഡ് ഓപ്പണിന്റെ മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സാത്വിക്സായിരാജ് കൂട്ടുകെട്ട്. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ ജര്‍മ്മനിയുടെ ടീമിനെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. 56 മിനുട്ട് നീണ്ട മത്സരം 22-20, 14-21, 21-16 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചത്.

അതേ സമയം ഇന്ത്യയുടെ മറ്റൊരു കൂട്ടുകെട്ടായ സുമീത് റെഡ്ഡി – സിക്കി റെഡ്ഡി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ഇന്നലെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. 14-21, 21-18, 13-21 എന്നിങ്ങനെയായിരുന്നു സ്കോര്‍.

Exit mobile version