ആൺകുട്ടികളുടെ സുബ്രതോ കപ്പ് സെലക്ഷൻ ടൂർണമെന്റിൽ അഗത്തി ജേതാക്കൾ

ലക്ഷദ്വീപ് സുബ്രതോ കപ്പ് സെലക്ഷൻ ടൂർണമെന്റ് ജയിച്ചു അഗത്തി ജി.എസ്.എസ്. സ്‌കൂൾ ടീം. അണ്ടർ 17 ടീമുകൾക്ക് ആയി അന്തർദേശീയ തലത്തിൽ നടക്കുന്ന സുബ്രതോ മുഖർജി ടൂർണമെന്റിന് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു അഗത്തി ദ്വീപിലെ സ്‌കൂൾ ടീം ആവും ഇനി പങ്കെടുക്കുക.

ടൂർണമെന്റിൽ ഉടനീളം തങ്ങളുടെ കരുത്ത് കാട്ടിയ അഗത്തി ആതിഥേയരായ പി.എം.ശ്രീ.ജി.എസ്.എസ് സ്‌കൂൾ കവരത്തിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് തകർത്തത്. നേരത്തെ പെൺകുട്ടികളുടെ ടൂർണമെന്റിൽ ആന്ത്രോത്ത് ആയിരുന്നു ജേതാക്കൾ ആയത്. ഡൽഹിയിൽ ലക്ഷദ്വീപിനെ ഈ ടീമുകൾ ആവും സുബ്രതോ മുഖർജി കപ്പിൽ പ്രതിനിധീകരിക്കുക.

പെൺകുട്ടികളുടെ ലക്ഷദ്വീപ് സുബ്രതോ കപ്പ് സെലക്ഷൻ ടൂർണമെന്റ് ജയിച്ചു ആന്ത്രോത്ത് ടീം

ചരിത്രത്തിൽ ആദ്യമായി ലക്ഷദ്വീപിൽ നടന്ന പെൺകുട്ടികളുടെ ലക്ഷദ്വീപ് സുബ്രതോ കപ്പ് സെലക്ഷൻ ടൂർണമെന്റ് ജയിച്ചു ആന്ത്രോത്ത് പി.എം.ശ്രീ.ജി.എം.ജി.എസ്.എസ് സ്‌കൂൾ. അണ്ടർ 17 ടീമുകൾക്ക് ആയി അന്തർദേശീയ തലത്തിൽ നടക്കുന്ന സുബ്രതോ മുഖർജി ടൂർണമെന്റിന് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു ആന്ത്രോത്ത് ദ്വീപിലെ സ്‌കൂൾ ടീം ആവും ഇനി പങ്കെടുക്കുക.

കവരത്തിയിൽ നടന്ന ഫൈനലിൽ അഗത്തി സ്‌കൂളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ആന്ത്രോത്ത് ടീം തകർത്തത്. ഇരട്ടകൾ ആയ ഹനീന ഫാത്തിമയും ഹിസാന ഫാത്തിമയും ആണ് ആന്ത്രോത്ത് ടീമിന്റെ ഗോളുകൾ നേടിയത്, ഹനീന 2 ഗോൾ നേടിയപ്പോൾ ഹിസാന ഒരു ഗോളും നേടി. ആന്ത്രോത്തിന്റെ നാലാം ഗോൾ സെൽഫ്‌ ഗോൾ ആയിരുന്നു. ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളിലും ആധികാരിമായി ജയിച്ചാണ് ആന്ത്രോത്ത് കപ്പ് ഉയർത്തുന്നത്. ടൂർണമെന്റിൽ 24 ഗോളുകൾ അടിച്ച ടീം ഒരു മത്സരത്തിൽ പോലും ഗോൾ വഴങ്ങിയില്ല എന്ന പ്രത്യേകതയും ഉണ്ട്. ഡൽഹിയിൽ ലക്ഷദ്വീപിനെ ഈ ടീം ആവും സുബ്രതോ മുഖർജി കപ്പിൽ പ്രതിനിധീകരിക്കുക. ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ നാളെ കവരത്തി, അഗത്തിയെ നേരിടും.

34 മത് സൗത്ത് സോൺ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ലക്ഷദ്വീപ്

തെലുങ്കാനയിൽ നടക്കുന്ന 34 മത് സൗത്ത് സോൺ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടി ലക്ഷദ്വീപ്. അണ്ടർ 16 പെൺ കുട്ടികളുടെ ലോങ് ജംപിൽ ഹനീന ഫർസാന ലക്ഷദ്വീപിന് ആയി സ്വർണം നേടി. 5.44 മീറ്റർ ദൂരം ആണ് ഹനീന ചാടിയത്. തെലുങ്കാനയുടെ വൈശാലി വെള്ളി നേടിയപ്പോൾ തമിഴ് നാടിന്റെ സദന രവിക്ക് ആണ് ഈ ഇനത്തിൽ വെങ്കലം.

അതേസമയം അണ്ടർ 14 പെൺ കുട്ടികളുടെ ഹെപ്റ്റോതലണിൽ ലക്ഷദ്വീപിന്റെ മുസൈന മുഹമ്മദ് സ്വർണം നേടി. 1598 പോയിന്റുകൾ നേടിയാണ് മുസൈന ലക്ഷദ്വീപിന് ആയി ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്വർണം നേടിയത്. തെലുങ്കാനയിൽ നിന്നുള്ള താരങ്ങൾ ആണ് ഈ ഇനത്തിൽ വെള്ളിയും വെങ്കലവും നേടിയത്. സമീപകാലത്ത് ലക്ഷദ്വീപ് അത്ലറ്റിക്സിൽ നടത്തുന്ന മികവിന്റെ തുടർച്ചയാണ് ഈ മെഡൽ നേട്ടങ്ങൾ.

സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്ക് എതിരെ കനത്ത പരാജയം ഏറ്റുവാങ്ങി ലക്ഷദ്വീപ്

സന്തോഷ് ട്രോഫി സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എഫിൽ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ കരുത്തരായ മഹാരാഷ്ട്രയോട് എതിരില്ലാത്ത 4 ഗോളുകൾക്ക് ലക്ഷദ്വീപ് പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ തെലുങ്കാനയെ സമനിലയിൽ തളച്ചു എത്തിയ ലക്ഷദ്വീപിനു അന്തമാൻ നിക്കോബാർ ദ്വീപുകളെ 8-0 നു തകർത്തു എത്തിയ മഹാരാഷ്ട്ര വലിയ അവസരങ്ങൾ ഒന്നും നൽകിയില്ല.

എട്ടാം മിനിറ്റിൽ അദ്വതിനിലൂടെ മുന്നിൽ എത്തിയ മഹാരാഷ്ട്ര രണ്ടാം പകുതിയിൽ ആണ് ബാക്കി മൂന്നു ഗോളുകളും നേടിയത്. അർമാഷ് നാസിർ അൻസാരി, നിഖിൽ കദം, ഹിമാശു പാട്ടിൽ എന്നിവർ ആണ് ആതിഥേയരുടെ മറ്റു ഗോളുകൾ നേടിയത്. കരുത്തരായ മഹാരാഷ്ട്രക്ക് എതിരെ ഇടക്ക് തങ്ങളുടെ പോരാട്ടവീര്യം കാണിക്കാൻ മത്സരത്തിൽ ലക്ഷദ്വീപിന് ആയിരുന്നു. മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്ര ആന്ധ്രാ പ്രദേശിനെയും ലക്ഷദ്വീപ് അന്തമാൻ നിക്കോബാറിനെയും ആണ് നേരിടുക.

സന്തോഷ് ട്രോഫിയിൽ തെലുങ്കാനയെ സമനിലയിൽ തളച്ചു ലക്ഷദ്വീപ്

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എഫിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ തെലുങ്കാനയെ ഗോൾ രഹിത സമനിലയിൽ തളച്ചു ലക്ഷദ്വീപ്. മഹാരാഷ്ട്രയിലെ ഛത്രപതി ഷാഹു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടത്താൻ ആയില്ല. മികച്ച രീതിയിൽ കളിച്ച ലക്ഷദ്വീപ് തങ്ങളുടെ പോരാട്ടവീര്യം ആദ്യ മത്സരത്തിൽ തന്നെ പുറത്ത് എടുത്തു.

മഹാരാഷ്ട്ര, ത്രിപുര, ആന്ധ്രാ പ്രദേശ്, അന്തമാൻ നിക്കോബാർ എന്നിവർ ആണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. മറ്റന്നാൾ കരുത്തരായ മഹാരാഷ്ട്രയാണ് ലക്ഷദ്വീപിന്റെ അടുത്ത കളിയിലെ എതിരാളികൾ. നേരത്തെ സന്തോഷ് ട്രോഫിൽ മുഖാമുഖം വന്നപ്പോൾ മഹാരാഷ്ട്ര ലക്ഷദ്വീപിനെ വലിയ സ്കോറിന് തോൽപ്പിച്ചിരുന്നു. കരുത്തർ അടങ്ങിയ ഗ്രൂപ്പിൽ തങ്ങളുടെ മികവും പോരാട്ട വീര്യവും പുറത്ത് എടുക്കാൻ തന്നെയാവും ദ്വീപിലെ കളിക്കാർ ഇറങ്ങുക.

എ.പി ഹംസക്കോയ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ രണ്ടാം മത്സരത്തിൽ എൽ.എൽ.എഫിനെ വീഴ്ത്തി ആർ.എം.സി

ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിൽ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് എ.പി ഹംസക്കോയ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ ഗ്രൂപ്പ് ഒന്നിലെ രണ്ടാം മത്സരത്തിൽ എൽ.എൽ.എഫിനെ വീഴ്ത്തി ആർ.എം.സി. എതിരില്ലാത്ത 2 ഗോളുകൾക്ക് ആയിരുന്നു രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബിന്റെ ജയം.

ആദ്യ പകുതിയിൽ പിറന്ന ഗോളുകൾ ആണ് മത്സരത്തിന്റെ ഗതി എഴുതിയത്. ഏഴാം മിനിറ്റിൽ മുഹമ്മദ് ഇർഫാൻ ആർ.എം.സിക്ക് ആയി ഗോൾ നേടിയപ്പോൾ 29 മത്തെ മിനിറ്റിൽ പിറന്ന ഉവൈസിന്റെ സെൽഫ് ഗോൾ എൽ.എൽ.എഫ് പരാജയം പൂർത്തിയാക്കി. ഇടക്ക് മികച്ച അവസരങ്ങൾ രണ്ടാം പകുതിയിൽ അടക്കം സൃഷ്ടിച്ചു എങ്കിലും എൽ.എൽ.എഫ് പരാജയം ഏറ്റുവാങ്ങുക ആയിരുന്നു. ടൂർണമെന്റിൽ നാളെ നടക്കുന്ന മത്സരങ്ങളിൽ ഗ്രൂപ്പ് 2 ൽ പോലീസ് ക്ലബ് ഇടച്ചേരി ബ്രദേഴ്‌സിനെയും ബ്ലാക്ക്ബെറി നുനുവിനെയും നേരിടും.

ലക്ഷദ്വീപിൽ ഇനി ഫുട്‌ബോൾ ആവേശം,എ.പി ഹംസക്കോയ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കം

ലക്ഷദ്വീപിൽ ഫുട്‌ബോൾ ആവേശം നിറച്ചു ആന്ത്രോത്ത് ദ്വീപിൽ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് അവരുടെ 50 വാർഷികം പ്രമാണിച്ച് നടത്തുന്ന 12 മത് എ.പി ഹംസക്കോയ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. വിപുലമായ കലാ പരിപാടികളും, താരങ്ങളുടെ മാർച്ച് പാസ്റ്റ് എന്നിവക്കും ശേഷം സ്ഥലത്തെ ഡിസ്ട്രിക്ട് കലക്ടർ ടൂർണമെന്റിന് ഉത്ഘാടനം നിർവഹിച്ചു.

8 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് ടീമുകളെ നാലു വീതമുള്ള ഗ്രൂപ്പുകൾ ആയി തിരിച്ചാണ് സംഘടിപ്പിക്കുന്നത്. ഓരോ ഗ്രൂപ്പിലുമുള്ള ടീമുകൾ രണ്ടു തവണ പരസ്പരം ഏറ്റുമുട്ടും. തുടർന്ന് ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യതയും നേടും. കിരീടവും മെഡലുകളും 1 ലക്ഷം രൂപയും ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 70,000 രൂപയും മെഡലുകളും ലഭിക്കുന്നു. ഗ്രൂപ്പ് ഒന്നിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ സെക്കീസ് ഉണ്ട വാരിയേഴ്സ് ടാസ്‌ക കറ്റാലൻസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കുക ആയിരുന്നു. ഫിഫ ലോകകപ്പിന് ഒപ്പം ലക്ഷദ്വീപിൽ വലിയ ആവേശം ആവും ഈ ടൂർണമെന്റ് നിറക്കുക.

കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മുത്തമിട്ടു ആർ.എസ്.സി കവരത്തി

ജനസാഗരത്തെ സാക്ഷിയാക്കി ലക്ഷദ്വീപിൽ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച അഞ്ചാമത് കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മുത്തമിട്ടു ആർ.എസ്.സി കവരത്തി. ടൂർണമെന്റിൽ ആദ്യമായി സ്വന്തം ടീമിന് ആയി ആർത്തു വിളിച്ച കാണികൾക്ക് മുന്നിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം ആയിരുന്നു കവരത്തി ടീമിന്റെ തിരിച്ചു വരവ്. ആദ്യ സെറ്റ് നേടാൻ ആയി എങ്കിലും തുടർന്ന് മത്സരത്തിൽ മൂന്നു സെറ്റുകളും ആന്ത്രോത്ത് നുനു ആൽമണ്ട് കൈവിടുക ആയിരുന്നു. സെറ്റർ ദർവേശിന് പരിക്കേറ്റതും കവരത്തി നിരയിലെ കേരള താരങ്ങളുടെ അനുഭവ പരിചയവും നുനുവിനു തിരിച്ചടിയായി.

80,000 രൂപയും മെഡലുകളും ട്രോഫിയും അടങ്ങുന്ന സമ്മാനം കവരത്തി ടീം നേടിയപ്പോൾ നുനു 60,000 രൂപയും മെഡലുകൾ അടങ്ങുന്ന സമ്മാനം സ്വന്തമാക്കി. നിറഞ്ഞ കാണികൾക്ക് മുന്നിൽ അത്യന്തം ആവേശകരമായിരുന്നു ഫൈനൽ മത്സരം. ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി കവരത്തി ടീമിൽ കളിച്ച കേരള താരം അർഷദ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച അറ്റാക്കർ ആയും അർഷദിനെ തന്നെ തിരഞ്ഞെടുത്തു. ബുദ്ധിപൂർവ്വമായ കളി മികവ് കൊണ്ട് കവരത്തി ടീമിന്റെ ഏറ്റവും വലിയ ശക്തിയായ ക്യാപ്റ്റനും കേരള താരവുമായ നജാസ് മികച്ച സെറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം മികച്ച വളർന്നു വരുന്ന താരമായി നുനുവിന്റെ ഇഹിതിഷാമും തിരഞ്ഞെടുക്കപ്പെട്ടു.

ലക്ഷദ്വീപിൽ ആവേശമായ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്ന് കൊട്ടിക്കലാശം

ലക്ഷദ്വീപിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച വോളിബോൾ ടൂർണമെന്റ് ആയ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന് ഇന്ന് കൊട്ടിക്കലാശം. ആന്ത്രോത്ത് ദ്വീപിൽ ലക്ഷദ്വീപിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് തങ്ങളുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനു ഭാഗമായി ആണ് ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദധാരിയായ കെ.കെ സെയ്ദ് മുഹമ്മദ് സാഹിബിന്റെ പേരിലുള്ള അഞ്ചാമത് വോളിബോൾ ടൂർണമെന്റ് പ്രഖ്യാപിച്ചത്. മൂന്നു ദ്വീപുകളിൽ നിന്നായി കേരളത്തിൽ നിന്നുള്ള താരങ്ങൾ അടക്കം മാറ്റുരച്ച ടൂർണമെന്റിൽ 5 ടീമുകൾ ആണ് പങ്കെടുത്തത്.

ഒന്നാം സ്ഥാനക്കാർക്ക് 80,000 രൂപയും റോളിംഗ് ട്രോഫിയും മെഡലുകളും ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 60,000 രൂപയും മെഡലുകളും ലഭിക്കും. 28 നു തുടങ്ങിയ ടൂർണമെന്റ് വലിയ ആവേശമാണ് ലക്ഷദ്വീപിലെ കായിക പ്രേമികൾക്ക് ഇടയിൽ ഉണ്ടാക്കിയത്. ഒരു ഗ്രൂപ്പിൽ ആയി പരസ്പരം എല്ലാ ടീമുകളും ഏറ്റുമുട്ടിയതിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയവർ ആണ് ഇന്ന് ഫൈനലിൽ ഏറ്റുമുട്ടുക. എല്ലാ മത്സരങ്ങളും ജയിച്ച ആർ.എസ്.സി കവരത്തി ഒന്നാമത് എത്തിയപ്പോൾ ഒരു മത്സരത്തിൽ പരാജയം അറിഞ്ഞ നുനു ആൽമണ്ട് രണ്ടാമത് എത്തി. ഇന്ന് ഫൈനലിൽ ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട പരാജയത്തിന് പകരം ചോദിക്കാൻ ആവും നുനു ഫൈനലിൽ ശ്രമിക്കുക.

ലക്ഷദ്വീപിന് സ്ഥിരാംഗത്വം നൽകി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ

ലക്ഷദ്വീപിനു ഇനി ആൾ ഇന്ത്യ ഫുട്‌ബോൾ അസോസിയേഷനിൽ സ്ഥിരാംഗത്വം. സമീപകാലത്ത് ലക്ഷദ്വീപ് ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ വലിയ പരിശ്രമങ്ങൾക്ക് ആണ് ഇതോടെ അംഗീകാരം ലഭിക്കുന്നത്. എന്നും ഫുട്‌ബോളിനു വലിയ വേരോട്ടമുള്ള ലക്ഷദ്വീപ് സമീപകാലത്ത് മാത്രമാണ് ദേശീയ തലത്തിൽ ശ്രദ്ധിക്കുന്ന വിധത്തിൽ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയത്.

സ്‌കൂൾ തലത്തിൽ ദേശീയ തലത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാറുള്ള ലക്ഷദ്വീപ് 3 വർഷം മുമ്പ് മാത്രമാണ് സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. തുടർന്ന് മികച്ച റിസൾട്ടുകളും അവർ യോഗ്യത മത്സരങ്ങളിൽ സ്വന്തമാക്കിയിരുന്നു. ലക്ഷദ്വീപ് ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി നിസാമുദ്ദീൻ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ലക്ഷദ്വീപിന്റെ സ്ഥിരാംഗത്വം പ്രഖ്യാപിക്കപ്പെട്ടത്.

കട്മത്ത് യാഹൂ സോക്കർ കപ്പിൽ നിർണായക ജയവുമായി അൽ ബിയും അൽ മിൻഹാലും

കട്മത്ത് യാഹൂ സോക്കർ കപ്പിൽ നിർണായക ജയവുമായി കവരത്തി അൽ ബി. അലിയാൻസ് അറീന ഗ്രൂപ്പിൽ തങ്ങളുടെ രണ്ടാം ജയം ആണ് അൽ ബി നേടിയത്. അൽസ സ്‌ട്രൈക്കേഴ്‌സിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് അൽ ബി ജയം കണ്ടത്. നൂറുദ്ദീന്റെ ഹാട്രിക് ആണ് അൽ ബിക്ക് വലിയ ജയം സമ്മാനിച്ചത്. അസീസ് ആയിരുന്നു അൽ ബിയുടെ അവസാനത്തെ ഗോൾ നേടിയത്. മെഹ്ത്താബ്‌ ആയിരുന്നു അൽസ സ്‌ട്രൈക്കേഴ്‌സിന്റെ ആശ്വാസഗോൾ നേടിയത്. മരണഗ്രൂപ്പ് എന്നു വിളിക്കാവുന്ന സാന്റിയാഗോ ഗ്രൂപ്പിൽ അമിഗോസ് എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അമിനി അൽ മിൻഹാൽ ജയം കണ്ടത്. അബൂ സാലിഹ്, മൊഹമ്മദ് ഷിബിലി എന്നിവർ ആണ് അമിനി ടീമിനായി ഗോൾ നേടിയത് അതേസമയം മൊഹമ്മദ് ഇർഫാദിന്റെ വക ആയിരുന്നു അമിഗോസിന്റെ ആശ്വാസഗോൾ.

അതേസമയം മാറക്കാനാ ഗ്രൂപ്പിലെ മത്സരത്തിൽ മെഗാ യു.കെ ക്യാപിറ്റൽസ് മുള്ളത്തിയാർ കിങ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. സഹീർ ഖാൻ, ഫിറോസ് ഖാൻ എന്നിവർ യു.കെ ക്യാപിറ്റൽസിന്റെ ഗോളുകൾ നേടിയപ്പോൾ സാലിഹ് ആണ് മുള്ളത്തിയാറിന്റെ ഏക ഗോൾ നേടിയത്. ഇതേഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മെഗാസ്റ്റാർ ഫസഫികോയെ ടി.ടി. ആർ മിലാൻ എഫ്.സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. മുഹ്ബീൽ ഇരട്ടഗോൾ കണ്ടത്തിയ മത്സരത്തിൽ മൊഹമ്മദ് റൈസാലും അവർക്ക് ആയി ഗോൾ കണ്ടത്തി. ആൻഫീൾഡ് ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ യോക്‌ഷെയർ യുണൈറ്റഡ് ക്ലബും ഇന്നലെ ജയം കണ്ടു. ടി. ടി. ആർ കിങ്‌സിനെ ഹഖ്, അബ്ദുൽ റഹീം എന്നിവരുടെ ഗോളുകൾക്ക് ആണ് യോക്‌ഷെയർ മറികടന്നത്.

കട്മത്ത് സെവൻസ് സോക്കർ കപ്പിൽ ജയം കണ്ട് ടി. ടി. ആർ ബോയ്സും അമൃതയും, സമനില വഴങ്ങി അൽ ബി

കട്മത്ത് സെവൻസ് സോക്കർ കപ്പിൽ സാന്റിയാഗോ ഗ്രൂപ്പിൽ നിർണായക ജയവുമായി ടി. ടി. ആർ ബോയ്‌സ്. ടൂർണമെന്റിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ ആദ്യ മത്സരത്തിനു ഇറങ്ങിയ അമിഗോസിന് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ടി. ടി. ആർ ബോയ്സ് ജയം കണ്ടത്. ദിൽഷാദ്, സജീദ് എന്നിവരുടെ ഗോളുകൾക്ക് ആയിരുന്നു ടി. ടി. ആറിന്റെ ജയം. ഇതോടെ ഗ്രൂപ്പിൽ 2 ജയവും 1 തോൽവിയും ആണ് ടി. ടി. ആറിന്. അതേസമയം ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അമൃത സ്‌ട്രൈക്കേഴ്‌സ് അൽസ മിറാക്കൾസിനെയും മറികടന്നു. ഷിഹാബിന്റെ ഇരട്ടഗോളുകൾക്ക് ആയിരുന്നു അമൃതയുടെ ജയം.

അലിയാസ്‌ അറീന ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ കരുത്തർ ആയ കവരത്തി അൽ ബിയെ അൽസ ബേക്കേഴ്സ് ഗോൾ രഹിത സമനിലയിൽ പിടിച്ചു. ഇത് വരെ ടൂർണമെന്റിൽ ഒരു ജയവും ഒരു തോൽവിയും ഉള്ള അൽ ബിക്ക് സമനില അത്ര നല്ല റിസൾട്ട് അല്ല. അതേസമയം ആൻഫീൽഡ് ഗ്രൂപ്പിൽ ടി. ടി. ആർ കിങ്‌സ് മെഗാ ജൂനിയേഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു. മുബാറക്കിന്റെ ഗോളിന് ആയിരുന്നു ടി. ടി. ആർ കിങ്‌സ് മത്സരത്തിൽ ജയം കണ്ടത്.

Exit mobile version