മുഹമ്മദ് അജ്സൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് കാലിക്കറ്റ് എഫ് സിയിലേക്ക്


സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾക്കിടെ യുവ വിങ്ങർ മുഹമ്മദ് അജ്‌സലിനെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കി കാലിക്കറ്റ് എഫ്സി. അടുത്ത സീസൺ വരെയാണ് ഈ യുവതാരം കാലിക്കറ്റ് എഫ്സിക്ക് വേണ്ടി കളിക്കുക. കേരളത്തിലെ പ്രമുഖ ഫുട്ബോൾ ടൂർണമെന്റിൽ അജ്സലിന് കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.


കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ അജ്സൽ, ഇതിനുമുൻപ് ഗോകുലം കേരള, ഇന്റർ കാശി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പുതിയ സീസണിൽ നിലവിലെ എസ്എൽകെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സിക്ക് വേണ്ടി കളിക്കുന്നതിലൂടെ അജ്സലിന് പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ പരിശീലകൻ എവർ ഡിമാൾഡെക്ക് കീഴിൽ, കിരീടം നിലനിർത്താൻ തയ്യാറെടുക്കുന്ന കാലിക്കറ്റ് എഫ്സി, അജ്സലിന്റെ വേഗതയും ആക്രമണ മികവും പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സന്തോഷ് ട്രോഫി, മൂന്നാം മത്സരവും വിജയിച്ച് കേരളം ക്വാർട്ടർ ഫൈനലിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കേരളം ഒഡീഷയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം.

മത്സരത്തിന്റെ 42ആം മിനുട്ടിൽ അജ്സലിലൂടെ ആയിരുന്നു കേരളം ലീഡ് എടുത്തത്. അജസൽ ഗ്രൂപ്പിലെ ആദ്യ 2 മത്സരങ്ങളിലും കേരളത്തിനായി ഗോൾ നേടിയിരുന്നു. ആദ്യ പകുതി കേരളം 1-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 53ആം മിനുട്ടിൽ നസീബിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. ഒഡീഷയ്ക്ക് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ ആയില്ല. നേരത്തെ കേരളം ആദ്യ മത്സരത്തിൽ ഗോവയെയും രണ്ടാം മത്സരത്തിൽ മേഘാലയയെയും തോൽപ്പിച്ചിരുന്നു. ഇനി 22ആം തീയതി കേരളം ഡെൽഹിയെ നേരിടും.

സന്തോഷ് ട്രോഫി; മുഹമ്മദ് അജ്സലിന്റെ ഗോളിൽ കേരളത്തിന് രണ്ടാം വിജയം

സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിൽ മേഘാലയയെ നേരിട്ട കേരളം എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ആദ്യ മത്സരത്തിൽ കേരളം ഗോവയെയും തോൽപ്പിച്ചിരുന്നു.

ഗോവയ്ക്ക് എതിരെ ഉണ്ടായത് പോലെ അറ്റാക്കിങ് മത്സരമല്ല ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ 36ആം മിനുട്ടിൽ മുഹമ്മദ് അജ്സലിന്റെ സ്ട്രൈക്കാണ് കേരളത്തിന് ലീഡ് നൽകിയത്. പെനാൾറ്റി ബോക്സിന് പുറത്ത് നിന്ന് അജ്സൽ തൊടുത്ത പവർഫുൾ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ അജ്സൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിരുന്നു.

ഇനി 19ആം തീയതി ഒഡീഷക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം.

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മലയാളി സ്ട്രൈക്കർ മുഹമ്മദ് അജ്സൽ ഇന്റർ കാശിയിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ മുഹമ്മദ് അജ്സൽ ഇനി ഐ ലീഗിലെ പുതിയ ക്ലബായ ഇന്റർ കാശിയിൽ. ഇന്റർ കാശി ലോൺ അടിസ്ഥാനത്തിൽ ആണ് താരത്തെ സ്വന്തമാക്കുന്നത്. 20കാരനായ താരം ഈ സീസൺ അവസാനം വരെ ഇന്റർ കാശിക്ക് ഒപ്പം ഉണ്ടാകും. താരത്തിന്റെ ആദ്യ ഐ ലീഗ് ക്ലബാകും ഇത്. ഒരു വർഷം മുമ്പ് ആയിരുന്നു അജ്സൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

കോഴിക്കോട് സ്വദേശിയായ അജ്സൽ കോഴിക്കോട് ജില്ലാ ടീമിനായി എം എ കോളേജിനായും മുമ്പ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അജ്സൽ അവസാന സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ പ്രധാന സ്ട്രൈക്കർ ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കേരള പ്രീമിയർ ലീഗ്, ഡ്യൂറണ്ട് കപ്പ്, നെക്സ്റ്റ് ജെൻ കപ്പ് എന്നിവ അജ്സൽ കളിച്ചിട്ടുണ്ട്. ഇന്റർ കാശിയിൽ കൂടുതൽ മാച്ച് ടൈം കിട്ടി പരിചയ സമ്പത്ത് നേടി താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരികെയെത്തും.

Exit mobile version