സച്ചിന്റെ റെക്കോർഡ് തകർത്ത് സായ് സുദർശൻ

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ തകർപ്പൻ ഇന്നിംഗ്സോടെ സായ് സുദർശൻ ഐ പി എല്ലിൽ പുതിയ റെക്കോർഡ് കുറിച്ചു. ഏറ്റവും വേഗത്തിൽ ഐ പി എല്ലിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായ് സായ് സുദർശൻ മാറി. സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് ആണ് സായ് സുദർശൻ ഇന്ന് തകർത്തത്.

25 ഇന്നിങ്സിൽ നിന്നാണ് സായ് സുദർശൻ 1000 റണ്ണിൽ എത്തിയത്. സച്ചിനും റുതുരാജും 31 ഇന്നിംഗ്സിൽ നിന്ന് 1000-ൽ എത്തിയത് ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഏറ്റവും വേഗത്തിൽ ഐ പി എല്ലിൽ 1000 റൺസ് എടുത്ത റെക്കോർഡ് ഷോൺ മാർഷിന്റെ പേരിലാണ്. അദ്ദേഹം തന്റെ ആദ്യ 21 ഇന്നിംഗ്സിൽ തന്നെ 1000 റണ്ണിൽ എത്തിയിരുന്നു.

Sai Sudharsan becomes the FASTEST Indian to 1000 IPL runs.

Fastest by innings
25 – SAI SUDHARSAN
31 – Sachin Tendulkar
31 – Ruturaj Gaikwad
34 – Tilak Varma

ആദ്യം ബാറ്റു ചെയ്തിരുന്നെങ്കിൽ SRH 300 എടുത്തേനെ – സച്ചിൻ

ഇന്നലെ ഹൈദരാബാദിൽ എൽഎസ്ജിയെ തകർത്ത SRH ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമ്മയെയും പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ഈ പ്രകടനം തന്നെ അമ്പരിപ്പിച്ചു എന്ന് സച്ചിൻ പറഞ്ഞു. ഹെഡും അഭിഷേകും ചേർന്ന് 165 റൺസ് എന്ന ടാർഗറ്റ് 9.4 ഓവറിലേക്ക് ആണ് ചെയ്സ് ചെയ്തത്‌.

“ഒരു വിനാശകരമായ ഓപ്പണിംഗ് കൂട്ടുകെട്ട് ആണ് ഇന്ന് കണ്ടത് എന്ന് പറയുന്നത് ശരിയല്ല. അത് ഒരു നിസ്സാരതയായിപ്പോകും. ഇവർ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിൽ, അവർ 300 സ്കോർ ചെയ്യുമായിരുന്നു!” സച്ചിന് പറഞ്ഞു‌

ഇന്നലത്തെ വിജയത്തോടെ സൺ റൈസേഴ്സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

3 തവണ 260 കടന്ന സൺറൈസേഴ്സിനെ പ്രശംസിച്ച് സച്ചിൻ

ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരെ 266 റൺസ് അടിച്ചുകൂട്ടിയ SRH ടീമിനെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ. ഈ സീസണിൽ SRH അവരുടെ 3-ാമത്തെ 250+ സ്‌കോർ ആണ് ഇന്നലെ നേടിയത്. എസ്ആർഎച്ച് ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും മികച്ച കൂട്ടുകെട്ടിന് സച്ചിൻ അഭിനന്ദിച്ചു. ആദ്യ 6 ഓവറിൽ ഇരുവരും ചേർന്ന് 130 റൺസാണ് അടിച്ചു കൂട്ടിയത്.

“ഈ സീസണിൽ മാത്രം അവർ മൂന്ന് തവണ ആണ് 260 കടന്നത്. SRH-ൽ എന്താണ് സംഭവിക്കുന്നത്. ഇന്ന് അവർ ഡെൽഹിയെ പൂർണ്ണമായും മറികടന്ന ഒരു ഗെയിമായിരുന്നു.” സച്ചിൻ പറഞ്ഞു.

“ട്രാവിസ് ഹെഡിൻ്റെയും അഭിഷേക് ശർമ്മയുടെയും ഞെട്ടിക്കുന്ന തുടക്കമായിരുന്നു. അവർ നന്നായി ബാറ്റ് ചെയ്തു. ഷഹബാസിൻ്റെ മികച്ച ഫിനിഷിംഗ്. കളിയുടെ രണ്ടാം പകുതിയിൽ, അവർ DC-യെക്കാൾ മികച്ച രീതിയിൽ പന്തെറിഞ്ഞു, അവരുടെ ബൗളിംഗിൽ വേരിയേഷനുകൾ വളരെ ഫലപ്രദമായിരുന്നു” മത്സരത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു

സച്ചിനെ സാക്ഷിനിർത്തി സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ

വിദർഭയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടിയ മുഷീർ ഖാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തു. 19 വർഷവും 14 ദിവസവും പ്രായമുള്ള മുഷീർ ഖാൻ രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായി ഇന്ന് മാറി.

1994-95 ൽ പഞ്ചാബിനെതിരെ 21-ാം വയസ്സിൽ സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോർഡ് ആണ് പഴങ്കഥ ആയത്. 1994-95 ഫൈനലിൽ സച്ചിൻ രണ്ട് സെഞ്ച്വറികൾ (140, 139) നേടിയ മുംബൈയെ കിരീടത്തിൽ എത്തിച്ചിരുന്നു. ഇന്ന് സച്ചിൻ ഗ്യാലറിയിൽ ഇരിക്കെ ആണ് മുഷീർ ഈ നേട്ടത്തിൽ എത്തിയത്.

ഇന്ത്യൻ ബാറ്റ്‌സ്മാൻ സർഫറാസ് ഖാൻ്റെ ഇളയ സഹോദരനാണ് മുഷീർ ഖാൻ. താരത്തിന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. നേരത്തെ രഞ്ജി ക്വാർട്ടർ ഫൈനലിൽ ഇരട്ട സെഞ്ച്വറിയും നേടിയിരുന്നു. മുംബൈ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 353/5 എന്ന നിലയിലാണ് ഉള്ളത്. മുഷീർ 136 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 472 റൺസിന്റെ ലീഡ് മുംബൈക്ക് ഇപ്പോൾ ഉണ്ട്‌

കോഹ്ലി ഏകദിനം കണ്ട ഏറ്റവും മികച്ച ബാറ്റർ എന്ന് ബ്രെറ്റ് ലീ

ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർ വിരാട് കോഹ്ലിയാണെന്ന് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. ഇന്ത്യൻ താരത്തിന്റെ റെക്കോർഡുകൾ ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“കോഹ്ലിക്ക് ഏറ്റവും കൂടുതൽ സെഞ്ച്വറികളുണ്ട്, അതിനാൽ നിങ്ങൾ സ്റ്റാറ്റ്സ് നോക്കേണ്ടതുണ്ട്. ഞാൻ എപ്പോഴും ഒരു വലിയ സച്ചിൻ ടെണ്ടുൽക്കർ ആരാധകനായിരുന്നു, ഞാൻ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹം കളിച്ച രീതി ആസ്വദിക്കുകയും ചെയ്തു.” ബ്രെറ്റ് ലീ തുടർന്നു.

“എന്നാൽ വിരാട് കോഹ്‌ലി സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും പിന്നീട് അദ്ദേഹത്തെ മറികടക്കുകയും ചെയ്തു. അദ്ദേഹം ആ റെക്കോർഡിന് ശേഷം സച്ചിനെ കുറിച്ച് പറഞ്ഞ വാക്കുകൾ മനോഹരമായിരുന്നു. കോഹ്ലി കളിക്കളത്തിന് പുറത്ത് ഒരു മികച്ച വ്യക്തിയാണ്. ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയി കോഹ്ലി തന്നെ താൻ കണക്കാക്കുന്നു.” ബ്രെറ്റ് ലീ പറഞ്ഞു.

ഈ ലോകകപ്പിൽ 95.62 ശരാശരിയിൽ 11 ഇന്നിംഗ്‌സുകളിലായി 765 റൺസ് നേടി കോഹ്ലി ലോകകപ്പിലെ താരമായി മാറിയിരുന്നു‌.

കോഹ്ലി സച്ചിന്റെ 100 സെഞ്ച്വറിയും മറികടക്കും എന്ന് രവി ശാസ്ത്രി

വിരാട് കോഹ്ലിക്ക് 100 അന്താരാഷ്ട്ര സെഞ്ചുറികൾ തികയ്ക്കാൻ ആകും എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഇന്നലെ ന്യൂസിലൻഡിന് എതിരെ സെഞ്ച്വറി നേടിയതോടെ വിരാട് കോഹ്ലി 50 ഏകദിന സെഞ്ച്വറിയിയിൽ എത്തി സച്ചിന്റെ റെക്കോർഡ് മറികടന്നിരുന്നു‌. ഇനി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ സച്ചിന്റെ റെക്കോർഡ് ആണ് കോഹ്ലിയുടെ മുന്നിൽ ഉള്ളത്. സച്ചിന് 100 സെഞ്ച്വറിയും കോഹ്ലിക്ക് 80 സെഞ്ച്വറിയുമാണ് ഉള്ളത്.

“സച്ചിൻ ടെണ്ടുൽക്കർ 100 സെഞ്ച്വറി നേടിയപ്പോൾ ആരെങ്കിലും വിചാരിച്ചോ അതിന് അടുത്ത് ആരെങ്കിലും വരുമെന്ന്? കോഹ്ലിക്ക് ഇപ്പോൾ 80 അന്താരാഷ്ട്ര സെഞ്ചുറികൾ ആയി. അതിൽ 50 എണ്ണം ഏകദിനത്തിൽ തന്നെ നേടി, അസാദ്ധ്യമായി ഒന്നുമില്ല. കോഹ്ലിയുടെ അടുത്ത 10 ഇന്നിംഗ്‌സുകളിൽ നിങ്ങൾക്ക് മറ്റൊരു അഞ്ച് സെഞ്ച്വറി കൂടി കണ്ടേക്കാം,” ശാസ്ത്രി ഐസിസിയോട് പറഞ്ഞു.

“നിങ്ങൾക്ക് ഗെയിമിന്റെ മൂന്ന് ഫോർമാറ്റുകളുണ്ട്, കോഹ്ലി എല്ലാ ഫോർമാറ്റുകളുടെയും ഭാഗമാണ്. അദ്ദേഹത്തിന് ഇനിയും മൂന്നോ നാലോ വർഷത്തെ ക്രിക്കറ്റ് മുന്നിലുണ്ടെന്ന് കരുതുന്നു. 100 സെഞ്ച്വറിയിൽ കോഹ്ലി എത്താം” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഇന്ത്യക്കാരൻ തന്നെ എന്റെ റെക്കോർഡ് തകർത്തു എന്നതിൽ സന്തോഷം എന്ന് സച്ചിൻ

വിരാട് കോഹ്‌ലിയുടെ തന്റെ സെഞ്ച്വറി റെക്കോർഡ് തകർത്തതിൽ താരത്തെ അഭിനന്ദിച്ച് സച്ചിൻ തെൻഡുൽക്കർ. ഇന്ന് സെമി ഫൈനലിൽ സച്ചിബെ സാക്ഷിനിർത്തി ആയിരുന്നു വിരാട് കോഹ്‌ലി വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രത്തിൽ ഇടം നേടിയ അമ്പതാം സെഞ്ച്വറി നേടിയത്. സെഞ്ച്വറി നേടിയ ശേഷം കോഹ്ലി സച്ചിനെ ബഹുമാനിച്ച് ബൗ ഡൗൺ ചെയ്യുന്നതും ഇന്ന് കാണാൻ ആയി.

ഒരു ഇന്ത്യൻ താരം തന്നെ തന്റെ റെക്കോർഡ് തകർത്തു എന്ന കാര്യത്തിൽ താൻ അഭിമാനിക്കുന്നു എന്ന് സച്ചിൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

“ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, മറ്റ് സഹതാരങ്ങൾ നിങ്ങളെ എന്റെ കാലിൽ തൊടാൻ പരിഹസിച്ചു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.” സച്ചിൻ കുറിച്ചു‌.

ആ കുട്ടി ‘വിരാട്’ ഒരു വലിയ കളിക്കാരനായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോർഡ് തകർത്തതിൽ എനിക്ക് സന്തോഷിക്കാതിരിക്കാൻ കഴിയില്ല. അതും എന്റെ ഹോം ഗ്രൗണ്ടിൽ ലോകകപ്പ് സെമി-ഫൈനൽ പോരൊലു വേദിയിൽ” സച്ചിൻ പറഞ്ഞു.

ദൈവത്തിനും മുകളിൽ വിരാട് കോഹ്ലി!! സച്ചിനെ മറികടന്ന് 50ആം സെഞ്ച്വറി

വിരാട് കോഹ്ലിക്ക് മുകളിൽ ഇനി ആരുമില്ല. ഏകദിന സെഞ്ച്വറിയിലെ റെക്കോർഡ് കോഹ്ലി ഇന്ന് തന്റെ പേരിലാക്കി. ഇന്ന് വാങ്കെഡെയിൽ നടക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ ആണ് കോഹ്ലി തന്റെ അമ്പതാം ഏകദിന സെഞ്ച്വറി കുറിച്ചത്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി എന്ന റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്.

ഈ ലോകകപ്പിലെ കോഹ്ലിയുടെ മൂന്നാം സെഞ്ച്വറിയാണിത്‌. നേരത്തെ ബംഗ്ലാദേശിന് എതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. ഇന്ന് വാങ്കെഡെയിൽ അനായാസം ബാറ്റു ചെയ്ത് കോഹ്ലി ഒരി ചാൻസ് പോലു നൽകാതെ സെഞ്ച്വറിയിലേക്ക് മാർച്ച് ചെയ്തു. 106 പന്തിൽ നിന്ന് ആയിരുന്നു കോഹ്ലി സെഞ്ച്വറിയിൽ എത്തിയത്. 1 സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ സെഞ്ച്വറി.

279 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി 50 സെഞ്ച്വറിയിൽ എത്തിയത്‌. സച്ചിൻ 452 ഇന്നിംഗ്സിൽ നിന്നായിരുന്നു 49 സെഞ്ച്വറി നേടിയത്‌. 31 സെഞ്ച്വറി നേടിയ രോഹിത് ശർമ്മയാണ് സെഞ്ച്വറിയിൽ മൂന്നാം സ്ഥാനത്ത്‌.

താൻ ഒരിക്കലും സച്ചിന്റെ അത്ര മികച്ച താരമാകില്ല എന്ന് കോഹ്ലി

ഇന്ന് സച്ചിന്റെ സെഞ്ച്വറി റെക്കോർഡിനൊപ്പം എത്തിയ കോഹ്ലി താൻ ഒരിക്കലും സച്ചിന്റെ മികവിന് ഒപ്പം എത്തില്ല എന്ന് പറഞ്ഞു. മത്സര ശേഷം സംസാരിക്കുക ആയിരുന്നു വിരാട് കോഹ്ലി. സച്ചിൻ എന്റെ ഹീറോയാണ്, ഞാനൊരിക്കലും സച്ചിന്റെ അത്ര മികച്ചവനാവില്ല. അത് എന്തു ചെയ്താലും ആകില്ല. വിരാട് കോഹ്ലി പറഞ്ഞു.

എന്റെ ഹീറോയുടെ റെക്കോർഡിന് ഒപ്പം എത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക കാര്യമാണ്. ബാറ്റിങ്ങിന്റെ കാര്യത്തിൽ അദ്ദേഹം പെർഫെക്ഷൻ ആണ്. ഇത് എനിക്ക് വളരെ വൈകാരിക നിമിഷമാണ്, ഞാൻ എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയാം, ഞാൻ അദ്ദേഹത്ത്ർ ടിവിയിൽ കണ്ടു വളർന്ന ദിവസങ്ങൾ എനിക്കറിയാം. കോഹ്ലി പറഞ്ഞു.

ദൈവം എന്നെ അനുഗ്രഹിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഈ വർഷങ്ങളിലെല്ലാം ഞാൻ ചെയ്ത കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. കോഹ്ലി പറഞ്ഞു. ഇന്നത്തെ സെഞ്ച്വറിയോടെ കോഹ്ലി 49 സെഞ്ച്വറികളിൽ എത്തി. സച്ചിനും 49 ഏകദിന സെഞ്ച്വറികൾ ആണ് നേടിയിട്ടുള്ളത്. കോഹ്ലി എത്രയും പെട്ടെന്ന് 50ആം സെഞ്ച്വൃറി നേടട്ടെ എന്ന് സച്ചിൻ ആശംസിച്ചു

കോഹ്ലിയെ അഭിനന്ദിച്ച് സച്ചിൻ, എത്രയും പെട്ടെന്ന് 50ആം സെഞ്ച്വറി നേടട്ടെ എന്ന് ആശംസ

ഇന്ന് സച്ചിൻ ടെൻഡുൽക്കറുടെ 49 ഏകദിന സെഞ്ച്വറി എന്ന റെക്കോർഡിൽ എത്തിയ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് സച്ചിൻ ടെൻഡുൽക്കർ. എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ആണ് സച്ചിൻ വിരാടിനെ അഭിനന്ദിച്ചത്. വിരാട് നന്നായി കളിച്ചു. ഈ വർഷം ആദ്യം 49-ൽ നിന്ന് 50-ലേക്ക് എനിക്ക് എനിക്ക് 365 ദിവസമെടുത്തു. നിങ്ങൾ 49-ൽ നിന്ന് 50-ലേക്ക് പോയി അടുത്ത കുറച്ച് ദിവസങ്ങളിൽ എന്റെ റെക്കോർഡ് തകർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ!! സച്ചിൻ എക്സിൽ കുറിച്ചു.

ഒരു സെഞ്ച്വറി കൂടെ നേടിയാൽ വിരാട് കോഹ്ലി സച്ചിനെയും മറികടന്ന് ഏകദിന സെഞ്ച്വറിയിൽ ഒറ്റയ്ക്ക് മുന്നിൽ നിൽക്കും. വെറും 277 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി 49 ഏകദിന സെഞ്ച്വറിയിൽ എത്തിയത്. സച്ചിൻ 49 സെഞ്ച്വറിയിൽ എത്താൻ 452 ഇന്നിംഗ്സിൽ എടുത്തിരുന്നു.

ദൈവത്തിനൊപ്പമെത്തിയ രാജാവ്!! സച്ചിന്റെ സെഞ്ച്വറി റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

ഇന്ന് മറ്റൊരു കിംഗ് കോഹ്ലി ദിനം ആയിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ സെഞ്ച്വറിയോടെ കോഹ്ലി സച്ചിന്റെ റെക്കോർഡിനൊപ്പം എത്തി. ഇന്നത്തെ സെഞ്ച്വറി കോഹ്ലിയുടെ 49ആം ഏകദിന സെഞ്ച്വറി ആയിരുന്നു. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി എന്ന റെക്കോർഡിനൊപ്പം കോഹ്ലി എത്തി.

ഈ ലോകകപ്പിൽ തന്നെ സച്ചിനെ മറികടന്ന് 50ആം ഏകദിന സെഞ്ച്വറി നേടുക ആകും കോഹ്ലിയുടെ ലക്ഷ്യം. ഈ ലോകകപ്പിലെ കോഹ്ലിയുടെ രണ്ടാം സെഞ്ച്വറിയാണിത്‌. നേരത്തെ ബംഗ്ലാദേശിന് എതിരെയും കോഹ്ലി സെഞ്ച്വറി നേടിയിരുന്നു.

ഇന്ന് ഈഡൻസ് ഗാർഡൻസിൽ അത്ര എളുപ്പമായിരുന്നില്ല കോഹ്ലിയുടെ ഇന്നിംഗ്സ്. 121 പന്തിൽ നിന്ന് 101 റൺസ് എടുത്ത് കോഹ്ലി നോട്ടൗട്ട് ആയി നിന്നു. 10 ഫോർ മാത്രമെ കോഹ്ലി ഇന്ന് നേടിയുള്ളൂ.

277 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി 49 സെഞ്ച്വറിയിൽ എത്തിയത്. സച്ചിൻ 452 ഇന്നിംഗ്സിൽ നിന്നായിരുന്നു 49 ഏകദിന സെഞ്ച്വറിയിൽ എത്തിയത്. 31 സെഞ്ച്വറി നേടിയ രോഹിത് ആണ് മൂന്നാമത്.

Most Centuries
In ODI’s
49 Virat Kohli 277
49 Sachin Tendulkar 452
31 Rohit Sharma 251
30 Ricky Ponting 365
28 Santath Jayasurya 433

വിരാട് കോഹ്ലി സച്ചിന്റെ ഒരു റെക്കോർഡ് കൂടെ മറികടന്നു

ഇതിഹാസ താരം സച്ചിൽ ടെൻഡുൽക്കറുടെ ഒരു റെക്കോർഡ് കൂടെ വിരാട് കോഹ്ലി മറികടന്നു. ഏഴ് തവണ ഒരു കലണ്ടർ ഇയറിൽ ആയിരം റൺസ് നേടി എന്ന സച്ചിന്റെ റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്. 2023-ൽ ശുഭ്മാൻ ഗില്ലിനും രോഹിത് ശർമ്മയ്ക്കും ശേഷം ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായും കോഹ്ലി മാറി.

2011, 2012, 2013, 2014, 2017, 2018, 2019, 2023 എന്നിങ്ങനെ എട്ട് വർഷങ്ങളിൽ കോഹ്‌ലി ഏകദിനത്തിൽ 1000 റൺസ് തികച്ചിരുന്നു. സച്ചിനാകട്ടെ ഏഴ് തവണ (1994, 1996, 1997, 1998, 2000, 2003, 2007) 1000 ന് മുകളിൽ റൺസ് തികച്ചു. ഈ നാഴികക്കല്ല് കൈവരിക്കാൻ ഇന്ന് 34 റൺസ് ആയിരുന്നു കോഹ്ലിക്ക് വേണ്ടിയിരുന്നത്‌. .

Exit mobile version