മയാമി ഓപ്പൺ; കീസും, ആൻഡ്രീവയും പുറത്ത്

ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ മാഡിസൺ കീസ്, മികച്ച ഫോമിലുള്ള റഷ്യൻ കൗമാരക്കാരി മിറ ആൻഡ്രീവ എന്നിവർ മയാമി ഓപ്പണിൽ നിന്ന് അപ്രതീക്ഷിത തോൽവികളോടെ പുറത്തായി.

19 കാരിയായ ഫിലിപ്പൈൻ വൈൽഡ്കാർഡ് അലക്സാണ്ട്ര ഈല അഞ്ചാം സീഡ് കീസിനെ 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി, ഓപ്പൺ യുഗത്തിൽ ടോപ്-10 എതിരാളിയെ പരാജയപ്പെടുത്തുന്ന ഫിലിപ്പീൻസിൽ നിന്നുള്ള ആദ്യ വനിതയായി ഈല നാറി. റാഫേൽ നദാൽ അക്കാദമിയിൽ പരിശീലനം നേടിയ ഈല ഇനി നാലാം റൗണ്ടിൽ പോള ബഡോസയെ നേരിടും.

ദുബായിലും ഇന്ത്യൻ വെൽസിലും WTA 1000 കിരീടങ്ങൾ നേടിയ ആൻഡ്രീവ, അമാൻഡ അനിസിമോവയോട് 7-6(5), 2-6, 6-3 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ ആൻഡ്രീവയുടെ 13 മത്സരങ്ങളിലെ വിജയ പരമ്പര അവസാനിച്ചു.

അതേസമയം, എലിസ് മെർട്ടൻസിനെ 7-6(2), 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇഗ സ്വിയാടെക് ആധിപത്യം പുലർത്തി.

സബലെങ്കയ്ക്ക് ത്രീ പീറ്റ് ഇല്ല!! മാഡിസൺ കീസ് ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കി

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ മാഡിസൺ കീസ് കിരീടം സ്വന്തമാക്കി. ത്രീ പീറ്റ് സ്വന്തമാക്കാൻ ഇറങ്ങിയ സബലെങ്കയെ 6-3, 2-6, 7-5 എന്ന സ്കോറിനാണ് കീസ് തോൽപ്പിച്ചത്. കീസിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്.

ആവേശകരമായ പോരാട്ടം ആണ് ഇന്ന് മാഡിസൺ കീസ് കാഴ്ചവെച്ചത്. ഇഗ സ്വിറ്റെകിനെ സെമിയിൽ തോൽപ്പിച്ച് എത്തിയ കീസ് ആദ്യ സെറ്റിൽ സബലെങ്കയെ ഞെട്ടിച്ചു. 6-3ന് അനായാസം സെറ്റ് സ്വന്തമാക്കി. എന്നാൽ തന്റെ താളം കണ്ടെത്തിയ സബലെങ്ക രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചു വന്നു. 6-2ന് സെറ്റ് സ്വന്തമാക്കി കളി ആവേശകരമായ മൂന്നാം സെറ്റിലേക്ക് എത്തിച്ചു.

മൂന്നാം സെറ്റിൽ രണ്ട് താരങ്ങളും ആദ്യ 11 ഗെയിമുകളും സെർവ് ബ്രേക്ക് ചെയ്യപ്പെടാതെ കൊണ്ടു പോയി. സ്കോർ 6-5. അവസാനം സബലെങ്കയുടെ സെർവ് ബ്രേക്ക് ചെയ്ത് 7-5ന് ഗെയിം സ്വന്തമാക്കി മാഡിസൺ കീസ് കിരീടത്തിൽ മുത്തമിട്ടു.

ഇഗ സ്വിറ്റെക്കിനെ മറികടന്ന് മാഡിസൺ കീസ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ .

ലോക രണ്ടാം നമ്പർ താരം ഇഗ സ്വിറ്റെക്കിനെതിരെ ആവേശകരമായ വിജയം നേടി മാഡിസൺ കീസ് 2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് പ്രവേശിച്ചു. റോഡ് ലേവർ അരീനയിൽ രണ്ട് മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്ന സെമിഫൈനൽ പോരാട്ടത്തിൽ 5-7, 6-1, 7-6 (10-8) എന്ന സ്കോറിന് ആണ് കീസ് വിജയിച്ചത്.

രണ്ട് കളിക്കാരുടെയും ഒന്നിലധികം സർവീസ് ബ്രേക്കുകൾ ഉണ്ടായിരുന്നിട്ടും ആദ്യ സെറ്റ് 7-5 ന് നേടി സ്വിയാറ്റെക് ശക്തമായി തുടങ്ങി. എന്നിരുന്നാലും, രണ്ടാം സെറ്റിൽ കീസ് ആധിപത്യം പുലർത്തി. 6-1 ന് ആണ് സെറ്റ് വിജയിച്ചത്.

ആവേശകരമായ അവസാന സെറ്റിൽ, സ്വിയാറ്റെക്കിന് ഒരു മാച്ച് പോയിന്റ് ലഭിച്ചെങ്കിലും അത് മുതലെടുക്കുന്നതിൽ പരാജയപ്പെട്ടു. ഒടുവിൽ 10-8 ന് ടൈ ബ്രേക്കറിൽ കീസ് വിജയിച്ചു.

ഫൈനലിൽ കീസ് ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ നേരിടും, നേരത്തെ പൗള ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സബലെങ്ക ഫൈനലിൽ എത്തിയത്.

ആദ്യ സെറ്റ് 6-0 നു നഷ്ടമായ ശേഷം തിരിച്ചു വന്നു ജയിച്ചു ആര്യാന സബലങ്ക യു.എസ് ഓപ്പൺ ഫൈനലിൽ

യു.എസ് ഓപ്പണിൽ അമേരിക്കൻ ഫൈനൽ എന്ന സ്വപ്നം തകർത്തു ബലാറസ് താരവും പുതിയ ലോക ഒന്നാം നമ്പറും ആയ ആര്യാന സബലങ്ക ഫൈനലിൽ. സെമിഫൈനലിൽ രണ്ടാം സീഡ് ആയ സബലങ്ക 17 സീഡ് അമേരിക്കൻ താരം മാഡിസൺ കീയ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. അവിശ്വസനീയം ആയ തിരിച്ചു വരവ് ആണ് സബലങ്ക നടത്തിയത്. ആദ്യ സെറ്റിൽ സബലങ്ക നിലം തൊട്ടില്ല. 6-0 നു സെറ്റ് കീയ്സ് നേടി. രണ്ടാം സെറ്റിൽ ബ്രേക്ക് കണ്ടത്തിയ കീയ്സ് 5-3 നു മുന്നിൽ എത്തി.

ആരാധകർ മുഴുവൻ തനിക്ക് എതിരായപ്പോൾ നിരാശ കൊണ്ടു ഇടക്ക് തന്റെ ശാന്ത സ്വഭാവം കൈവിടുന്നു സബലങ്കയും രണ്ടാം സെറ്റിൽ കണ്ടു. എന്നാൽ തിരിച്ചു വന്ന സബലങ്ക രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ 7-1 നു ജയം കണ്ട സബലങ്ക മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. തുടർന്ന് കടുത്ത പോരാട്ടം തന്നെയാണ് മൂന്നാം സെറ്റിലും കണ്ടത്. ഇരുവരും വിട്ട് കൊടുക്കാതെ പൊരുതിയപ്പോൾ മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടു. തുടർന്ന് 10-5 നു ടൈബ്രേക്കർ ജയിച്ച സബലങ്ക ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. കരിയറിലെ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനലും ആദ്യ യു.എസ് ഓപ്പൺ ഫൈനലും ആണ് സബലങ്കക്ക് ഇത്. ഫൈനലിൽ അമേരിക്കയുടെ 19 കാരി കൊക്കോ ഗോഫിനെ ആണ് സബലങ്ക നേരിടുക.

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ആര്യാന സബലങ്ക

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്ക. അമേരിക്കൻ താരവും 25 സീഡും ആയ മാഡിസൺ കീയ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക മറികടന്നത്. 2023 ലെ താരത്തിന്റെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനലും കരിയറിലെ രണ്ടാം വിംബിൾഡൺ സെമിഫൈനലും ആണ് ഇത്.

ആദ്യ സെറ്റ് അനായാസം 6-2 നു നേടിയ സബലങ്ക രണ്ടാം സെറ്റിൽ ബ്രേക്ക് ആദ്യം തന്നെ വഴങ്ങി. തുടർന്ന് 2-4 നു പിറകിൽ നിന്ന ശേഷം തിരിച്ചു വരുന്ന സബലങ്കയെ ആണ് രണ്ടാം സെറ്റിൽ കാണാൻ ആയത്. തുടർന്ന് 6-4 നു സെറ്റ് നേടിയ താരം വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിൽ നാലു തവണയാണ് എതിരാളിയെ സബലങ്ക ബ്രേക്ക് ചെയ്തത്.

16 കാരിയെ തിരിച്ചു വന്നു തോൽപ്പിച്ചു മാഡിസൺ കീയ്സ്, അനായാസ ജയവുമായി സബലങ്ക

വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരവും 25 സീഡും ആയ മാഡിസൺ കീയ്സ്. 16 കാരിയായ റഷ്യൻ താരം മിറ ആന്ദ്രീവക്ക് എതിരെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം രണ്ടാം സെറ്റിൽ 4-1 നു പിറകിൽ നിന്ന ശേഷമാണ് കീയ്സ് തിരിച്ചു വന്നു ജയിച്ചത്. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ എത്തിച്ചു സ്വന്തമാക്കിയ അമേരിക്കൻ താരം മൂന്നാം സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിലാക്കി. കരിയറിലെ രണ്ടാം വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്.

ക്വാർട്ടർ ഫൈനലിൽ ബലാറസ് താരവും രണ്ടാം സീഡും ആയ ആര്യാന സബലങ്കയെ ആണ് കീയ്സ് നേരിടുക. 21 സീഡ് റഷ്യൻ താരം അലക്സാൻഡ്രോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തകർത്തത്. തീർത്തും ആധിപത്യം പുലർത്തിയ മത്സരത്തിൽ 6-4, 6-0 എന്ന സ്കോറിന് ആണ് സബലങ്ക ജയം കണ്ടത്. മത്സരത്തിൽ 7 ഏസുകൾ ഉതിർത്ത സബലങ്ക 4 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. കരിയറിലെ രണ്ടാം വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണ് താരത്തിന് ഇത്.

സ്വിവിറ്റോലീനയും കീയ്സും യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

യു.എസ് ഓപ്പണിൽ നാട്ടുകാർ തമ്മിലുള്ള പോരാട്ടത്തിൽ 32 സീഡ് ഡയാനയെ നിലംപരിശാക്കി അഞ്ചാം സീഡ് എലീന സ്വിവിറ്റോലീന യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. എതിരാളിക്ക് ഒരവസരവും നൽകാതെ വ്യക്തമായ ആധിപത്യം മത്സരത്തിൽ പുലർത്തുന്ന സ്വിവിറ്റോലീനയെ ആണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റ് 6-2 നേടിയ സ്വിവിറ്റോലീന രണ്ടാം സെറ്റിൽ ഒരു ഗെയിം പോലും എതിരാളിക്ക് വിട്ട് കൊടുത്തില്ല. 6-0 നു സെറ്റും മത്സരവും താരത്തിന് സ്വന്തം. അതേസമയം 18 സീഡ് ചൈനയുടെ വാങ് ഖാങും നാലാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച്‌ താരം ഫിയോനയെ ആദ്യ സെറ്റിൽ ടൈബ്രേക്കറിലൂടെ മറികടന്ന ചൈനീസ് താരം രണ്ടാം സെറ്റ് 6-3 നാണ് സ്വന്തമാക്കിയത്.

അതേസമയം പലരും കിരീടസാധ്യത ഏറെ കൽപ്പിക്കുന്ന അമേരിക്കൻ താരം 10 സീഡ് മാഡിസൺ കീയ്സും നാലാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കൻ താരവും 20 സീഡുമായ സോഫിയ കെനിനെ ആണ് കീയ്സ് മറികടന്നത്. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 7-5 നും നേടിയ കീയ്സ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം തേടിയുള്ള പ്രയാണം തുടർന്നു. അതേസമയം പുരുഷന്മാരിൽ ഗ്രിഗോർ ദിമിത്രോവും നാലാം റൗണ്ടിലേക്ക് മുന്നേറി. കമിലിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് താരം ജയം കണ്ടത്. സ്‌കോർ 7-5, 7-6,6-2.

Exit mobile version