കാമറൺ ഗ്രീനിന്റെ തകര്‍പ്പന്‍ ശതകം, 9 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയയ്ക്ക് 279 റൺസ്

ഓസ്ട്രേലിയയ്ക്ക് വെല്ലിംഗ്ടൺ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 279 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയത്. 103 റൺസ് നേടിയ കാമറൺ ഗ്രീന്‍ പൊരുതി നിന്നപ്പോള്‍ 40 റൺസ് നേടിയ മിച്ചൽ മാര്‍ഷും 33 റൺസ് നേടിയ ഖവാജയും 31 റൺസ് നേടിയ സ്റ്റീവന്‍ സ്മിത്തുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

മാറ്റ് ഹെന്‍റി ന്യൂസിലാണ്ടിനായി 4 വിക്കറ്റ് നേടിയപ്പോള്‍ വില്യം ഒറൗര്‍ക്കേയും സ്കോട്ട് കുജ്ജെലൈനും രണ്ട് വീതം വിക്കറ്റ് നേടി.

ന്യൂസിലൻഡ് താരം മാറ്റ് ഹെൻറി ഇനി ലോകകപ്പിൽ കളിക്കില്ല

ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറി ഇനി ഏകദിന ലോകകപ്പിന്റെ ബാക്കി മത്സരങ്ങളിൽ കളിക്കില്ല. പരിക്ക് കാരണം താരത്തെ ടീമ നിന്ന് ഒഴിവാക്കിയതായി ബോർഡ് നവംബർ 3 വെള്ളിയാഴ്ച അറിയിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നതിനിടയിൽ ഹെൻറിയുടെ ഹാംസ്ട്രിംഗിന് പരിക്കേറ്റിരുന്നു.

ഓൾറൗണ്ടർ കൈൽ ജാമിസണെ പകരക്കാരനായി തിരഞ്ഞെടുത്തതായയും ന്യൂസിലൻഡ് അറിയിച്ചു. “ഇന്ത്യയിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് ഹാംസ്ട്രിംഗ് ഇഞ്ച്വറി മാറ്റ് ഹെൻറിയെ ഒഴിവാക്കി, പകരം കൈൽ ജാമിസൺ ബ്ലാക്ക് ക്യാപ്‌സ് ടീമിൽ ഇടംനേടി,” ന്യൂസിലൻഡ് പത്രക്കുറിപ്പിൽ പറയുന്നു.

7 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലോകകപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് ന്യൂസിലൻഡ്.

ജോ റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ടിന് 282 റൺസ്, മികച്ച സ്കോറിലേക്ക് എത്തിച്ചത് 10ാം വിക്കറ്റ് കൂട്ടുകെട്ട്

ന്യൂസിലാണ്ടിനെതിരെ ലോകകപ്പ് 2023ലെ ഉദ്ഘാടന മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് 282 റൺസ്. ജോ റൂട്ട് 77 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോസ് ബട്‍ലര്‍(43), ജോണി ബൈര്‍സ്റ്റോ(33), ഹാരി ബ്രൂക്ക്(25) എന്നിവരും ഇംഗ്ലണ്ടിനായി പൊരുതി നോക്കി.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മിച്ചൽ സാന്റനറുംഗ്ലെന്‍ ഫിലിപ്സും  രണ്ട് വിക്കറ്റ് നേടി. മറ്റു ബൗളര്‍മാരും നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ വീഴ്ത്തിയാണ് ന്യൂസിലാണ്ട് ബൗളര്‍മാര്‍ ഇംഗ്ലണ്ടിനുമേൽ സമ്മര്‍ദ്ദം ചെലുത്തിയത്.

വാലറ്റത്തിൽ നിന്നുള്ള നിര്‍ണ്ണായക സംഭാവനകള്‍ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. പത്താം വിക്കറ്റിൽ ആദിൽ റഷീദ് – മാര്‍ക്ക് വുഡ് കൂട്ടുകെട്ട് 26 പന്തിൽ 30 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 282/9 എന്ന സ്കോര്‍ നേടി. വുഡ് 13 റൺസും റഷീദ് 15 റൺസും നേടി പുറത്താകാതെ നിന്നു. സാം കറന്‍ 14 റൺസ് നേടി.

മിച്ചലും മാറ്റ് ഹെന്‍റിയും ന്യൂസിലാണ്ടിനെ തുണച്ചു, ലീഡെന്ന ലങ്കന്‍ മോഹങ്ങള്‍ പൊലിഞ്ഞു

ശ്രീലങ്കയ്ക്കെതിരെ 18 റൺസിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. മൂന്നാം ദിവസം ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ 193 റൺസ് പിന്നിലായിരുന്ന ന്യൂസിലാണ്ടിന് തുണയായത് ഡാരിൽ മിച്ചലിന്റെ ശതകവും മാറ്റ് ഹെന്‍റി നേടിയ അര്‍ദ്ധ ശതകവും ആണ്.

162/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിന് 26 റൺസ് നേടുന്നതിനിടെ മൈക്കൽ ബ്രേസ്വെല്ലിന്റെ വിക്കറ്റ് നഷ്ടമായി. 25 റൺസ് നേടിയ ബ്രേസ്വെല്ലിനെ പ്രഭാത് ജയസൂര്യയാണ് പുറത്താക്കിയത്.

47 റൺസാണ് മിച്ചലും സൗത്തിയും(25) ചേര്‍ന്ന് ഏഴാം വിക്കറ്റിൽ നേടിയത്. മാറ്റഅ ഹെന്‍റിയുമായി 58 റൺസ് കൂട്ടിചേര്‍ത്ത ശേഷമാണ് 102 റൺസ് നേടിയ മിച്ചൽ പുറത്തായത്. 69 റൺസ് ഒമ്പതാം വിക്കറ്റിൽ നീൽ വാഗ്നറും – മാറ്റ് ഹെന്‍റിയും നേടിയപ്പോള്‍ ലീഡെന്ന ലങ്കന്‍ മോഹങ്ങള്‍ പൊലിഞ്ഞു.

ഹെന്‍റി 72 റൺസ് നേടി 9ാം വിക്കറ്റായി പുറത്തായപ്പോള്‍ അധികം വൈകാതെ 27 റൺസ് നേടിയ നീൽ വാഗ്നറും പുറത്തായി. ശ്രീലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ നാലും ലഹിരു കുമര മൂന്നും വിക്കറ്റ് നേടി.

ശ്രീലങ്ക 355 റൺസിന് ഓള്‍ഔട്ട്

305/6 എന്ന നിലയിൽ രണ്ടാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 50 റൺസ് കൂടി മാത്രമാണ് നേടാനായത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 355 റൺസിന് അവസാനിപ്പിച്ച് ന്യൂസിലാണ്ട് ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ധനന്‍ജയ ഡി സിൽവയെ(46) ഇന്നാദ്യം നഷ്ടമായ ലങ്കയ്ക്ക് വേണ്ടി കസുന്‍ രജിത 22 റൺസ് നേടിയപ്പോള്‍ വാലറ്റവും പൊരുതി നിന്നു. പ്രഭാാത് ജയസൂര്യ(13), ലഹിരു കുമര(13*), അസിത ഫെര്‍ണാണ്ടോ(10) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിനെ 355 റൺസിലേക്ക് എത്തിച്ചത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി അഞ്ചും മാറ്റ് ഹെന്‍റി നാലും വിക്കറ്റ് നേടി. ഇന്ന് നേടിയ 4 ലങ്കന്‍ വിക്കറ്റുകള്‍ ഇവര്‍ തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു.

മാറ്റ് ഹെന്‍റിയുമായി കരാറിലെത്തി സോമര്‍സെറ്റ്

ന്യൂസിലാണ്ട് പേസര്‍ മാറ്റ് ഹെന്‍റിയെ ടീമിലെത്തിച്ച് സോമര്‍സെറ്റ്. 2023ൽ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ 7 മത്സരങ്ങളിലും ടി20 ബ്ലാസ്റ്റിലെ സീസൺ മുഴുവനും കളിക്കുവാന്‍ താരം ടീമിനൊപ്പം ഉണ്ടാകും.

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം ഹെന്‍റി സോമര്‍സെറ്റ് സ്ക്വാഡിനൊപ്പം ചേരും. മേയ് 11ന് ലങ്കാഷയറുമായി താരം ആദ്യ മത്സരത്തിന് ഇറങ്ങും. ന്യൂസിലാണ്ടിനായി മൂന്ന് ഫോര്‍മാറ്റിലായി 89 മത്സരങ്ങളാണ് മാറ്റ് ഹെന്‍റി കളിച്ചിട്ടുള്ളത്. താന്‍ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ കളിക്കുന്നത് ഇഷ്ടപ്പെടുന്നയാളാണെന്നും അതിനാൽ തന്നെ സോമര്‍സെറ്റിന് വേണ്ടി കളിക്കുന്നതിനായി ഉറ്റുനോക്കുകയാണെന്നും താരം സൂചിപ്പിച്ചു.

ന്യൂസിലാണ്ടിന് തിരിച്ചടി, കൈൽ ജാമിസൺ ഇംഗ്ലണ്ട് പരമ്പരയ്ക്കില്ല, ഹെന്‍റിയ്ക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകും

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ന്യൂസിലാണ്ടിന് തിരിച്ചടി. നീണ്ട് നാളിന് ശേഷം ടെസ്റ്റിലേക്ക് തിരികെയെത്തിയ കൈൽ ജാമിസൺ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ പുറത്തിനേറ്റ പരിക്ക് കാരണം കളിക്കില്ല എന്ന റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ സഹ പേസര്‍ മാറ്റ് ഹെന്‍റിയ്ക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകും. താരത്തിന്റെ ആദ്യ കുഞ്ഞിന്റെ ജനനം കാരണം ആണ് താരം ആദ്യ ടെസ്റ്റിനില്ലാത്തത്.

പകരം ജേക്കബ് ഡഫി, സ്കോട്ട് കുജ്ജെലൈന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമിസൺ ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തിൽ കളിച്ച ശേഷം നടത്തിയ സ്കാനിലാണ് പരിക്ക് കണ്ടെത്തിയത്.

ഫെബ്രുവരി 16ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിയ്ക്കുന്നത്.

പരിക്ക്!!! മാറ്റ് ഹെന്‍റി പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളിൽ കളിക്കില്ല, ഇന്ത്യയ്ക്കെതിരെയും കളിക്കില്ല

പരിക്കേറ്റ ന്യൂസിലാണ്ട് പേസര്‍ മാറ്റ് ഹെന്‍റി പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്. ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലും താരം കളിക്കില്ല. കറാച്ചി ടെസ്റ്റിന്റെ അവസാന ദിവസം ആണ് താരത്തിന് പരിക്കേറ്റതെന്നാണ് അറിയുന്നത്. പകരം താരമായി മാനേജ്മെന്റ് ഇതുവരെ ആരെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജേക്ക് ഡഫിയെ ടീമിലുള്‍പ്പെടുത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

അതേ സമയം മാറ്റ് ഹെന്‍റി അവസാന ടെസ്റ്റിന്റെ അവസാന ദിവസം പരിക്കുമായി കളിച്ചതിനെക്കുറിച്ച് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് താരത്തെ പ്രകീര്‍ത്തിച്ചിരുന്നു. 12 ദിവസത്തിനുള്ളിൽ 10 ദിവസം മികച്ച ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായ പരിക്കായാണ് മാറ്റ് ഹെന്‍റിയുടെ സാഹചര്യത്തെ വിലയിരുത്തുന്നതെന്നാണ് ഗാരി സ്റ്റെഡ് പറഞ്ഞത്.

ലഞ്ചിന് ശേഷം അജാസിനെ വീഴ്ത്തി അബ്രാര്‍, ന്യൂസിലാണ്ട് 449 റൺസ് നേടി പുറത്തായി

പത്താം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 104 റൺസിന്റെ ബലത്തിൽ 449 റൺസ് നേടി ന്യൂസിലാണ്ട്. അബ്രാര്‍ അഹമ്മദ് അജാസ് പട്ടേലിനെ വീഴ്ത്തിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. മാറ്റ് ഹെന്‍റി 68 റൺസുമായി പുറത്താകാതെ നിന്നു. അജാസ് പട്ടേൽ 35 റൺസ് നേടി. അബ്രാര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി.

345/9 എന്ന നിലയിൽ പാക്കിസ്ഥാന്‍ ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയെങ്കിലും പത്താം വിക്കറ്റ് കൂട്ടുകെട്ട് പാക് പ്രതീക്ഷകളെ തകിടം മറിച്ചു. ആദ്യ ദിനം ഡെവൺ കോൺവേ 122 റൺസും ടോം ലാഥം 71 റൺസും നേടിയപ്പോള്‍ ഇന്ന് ന്യൂസിലാണ്ടിനായി ടോം ബ്ലണ്ടൽ 51 റൺസ് നേടി പുറത്തായി.

പാക്കിസ്ഥാന് തലവേദനയായി മാറ്റ് ഹെന്‍റിയും അജാസ് പട്ടേലും, പത്താം വിക്കറ്റ് കൂട്ടുകെട്ട് നേടിയത് 88 റൺസ്

പാക്കിസ്ഥാനെതിരെ കറാച്ചിയിലെ രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് കുതിയ്ക്കുന്നു. 36 റൺസ് നേടുന്നതിനിടെ ന്യൂസിലാണ്ടിന്റെ അവശേഷിക്കുന്ന നാല് വിക്കറ്റിൽ മൂന്നും പാക്കിസ്ഥാന്‍ നേടിയെങ്കിലും പത്താം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാന് തലവേദന സൃഷ്ടിക്കുകയായിരുന്നു.

ആദ്യ ദിവസം ഡെവൺ കോൺവേ(122), ടോം ലാഥം(71) എന്നിവരുടെ മികവിന് ശേഷം വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു.

309/6 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിന് ഇഷ് സോധിയെ ഒരു റൺസ് കൂടി ചേര്‍ക്കാനാകാതെ നഷ്ടമാകുകയായിരുന്നു. നസീം ഷായ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ടിം സൗത്തിയും ടോം ലാഥവും ചേര്‍ന്ന് 31 റൺസ് എട്ടാം വിക്കറ്റിൽ നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും ന്യൂസിലാണ്ടിന് നഷ്ടമായി.

ടോം ബ്ലണ്ടൽ(51) തന്റെ അര്‍ദ്ധ ശതകം നേടിയ ശേഷം അബ്രാര്‍ അഹമ്മദിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ അബ്രാര്‍ തന്റെ അടുത്ത ഓവറിൽ ടിം സൗത്തിയെ പുറത്താക്കി. 345/9 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ മാറ്റ് ഹെന്‍റിയും അജാസ് പട്ടേലും ചേര്‍ന്ന് നേടിയ 88 റൺസ് ടീമിനെ 433/9 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്.

മാറ്റ് ഹെന്‍റി 56 റൺസും അജാസ് പട്ടേൽ 31 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്. പാക്കിസ്ഥാന് വേണ്ടി നസീം ഷാ, അബ്രാര്‍ അഹമ്മദ്, അഗ സൽമാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു.

മാറ്റ് ഹെന്‍റി തിരികെ എത്തുന്നു, ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന ടീമിലിടം

പരിക്കേറ്റ് വെസ്റ്റിന്‍ഡീസ് പരമ്പരയിൽ നിന്ന് പുറത്ത് പോയ മാറ്റ് ഹെന്‍റി തിരികെ ടീമിലേക്ക് എത്തുന്നു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ താരം ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഇഷ് സോധിയ്ക്ക് പകരം ആണ് മാറ്റ് ഹെന്‍റി ടീമിലെത്തിയത്. മാറ്റ് ഹെന്‍റിയ്ക്ക് പകരം വെസ്റ്റിന്‍ഡീസ് പരമ്പരയിൽ കളിച്ച ബെന്‍ സീര്‍സിനും തന്റെ ടീമിലെ സ്ഥാനം നിലനിര്‍ത്താനായിട്ടുണ്ട്.

സെപ്റ്റംബര്‍ ആറിന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്. സെപ്റ്റംബര്‍ 8, 11 തീയ്യതികളിൽ ബാക്കിയുള്ള മത്സരങ്ങള്‍ നടക്കും. എല്ലാ മത്സരങ്ങളും കെയിന്‍സിലാണ് നടക്കുക.

ന്യൂസിലാണ്ട് ഏകദിന സ്ക്വാഡ്: Kane Williamson (C), Finn Allen, Trent Boult, Michael Bracewell, Devon Conway, Lockie Ferguson, Martin Guptill, Matt Henry, Tom Latham (WK), Daryl Mitchell, Jimmy Neesham, Glenn Phillips, Mitchell Santner, Ben Sears, Tim Southee

മാറ്റ് ഹെന്‍റിയ്ക്ക് പരിക്ക്, പകരം ടീമിലേക്ക് ബെന്‍ സീര്‍സ്

ന്യൂസിലാണ്ട് താരം മാറ്റ് ഹെന്‍റി വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്. വാരിയെല്ലിന് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായി മാറിയിരിക്കുന്നത്. പകരം ടീമിലേക്ക് ബെന്‍ സീര്‍സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിശീലനത്തിനിടെയാണ് മാറ്റ് ഹെന്‍റിയ്ക്ക് പരിക്കേറ്റത്. ടീമിനൊപ്പമുള്ള താരം നാട്ടിലേക്ക് ഉടന്‍ മടങ്ങിയ ശേഷം മാറ്റ് ഹെന്‍റിയുടെ റീഹാബ് നടപടികള്‍ ആരംഭിക്കുമെന്ന് ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.

ന്യൂസിലാണ്ടിനായി കഴിഞ്ഞ സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ ടി20യിൽ അരങ്ങേറ്റം കുറിച്ച സീര്‍സ് ഇതുവരെ ഏകദിനത്തിൽ കളിച്ചിട്ടില്ല. സീര്‍സ് ജമൈക്കയിൽ ഇന്ന് എത്തി ബാര്‍ബഡോസിലുള്ള ടീമിനൊപ്പം തിങ്കളാഴ്ച ചേരുമെന്നാണ് കരുതപ്പെടുന്നത്.

ഓഗസ്റ്റ് 17ന് ആണ് ന്യൂസിലാണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ഏകദിനം.

Story Highlights: Matt Henry ruled out from West Indies ODIs, Ben Sears called up as replacement for New Zealand

Exit mobile version