ഫെഡറർ, നദാൽ ക്വാർട്ടറിൽ

വനിതാ പ്രീക്വാർട്ടർ മത്സരങ്ങളിൽ ആദ്യ പത്തിലെ അവശേഷിച്ചിരുന്ന ഏക സീഡായ പ്ലിസ്‌കോവയും വീണപ്പോൾ പുരുഷന്മാരിൽ മുൻ നിര താരങ്ങൾ പരിക്കില്ലാതെ ജയിച്ചു കയറി. ഒന്നാം സീഡ് ഫെഡറർ മന്നാറിനോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായി വിജയം നേടിയപ്പോൾ ഏറെക്കാലത്തിന് ശേഷം പുൽകോർട്ടിൽ ഫോം കണ്ടെത്തിയ നദാൽ സീഡ് ചെയ്യപ്പെടാത്ത വെസ്‌ലിക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു.

മറ്റു മത്സരങ്ങളിൽ നൊവാക് ജോക്കോവിച്ച്, റയോനിച്ച്, കെവിൻ ആൻഡേഴ്‌സൺ, ജോൺ ഇസ്‌നർ, നിഷിക്കോരി എന്നിവർ വിജയത്തോടെ ക്വാർട്ടർ ഉറപ്പാക്കി. ഡെൽപോട്രോ×സിമോൺ മത്സരം മഴ മൂലം ഇന്നേക്ക് മാറ്റിവച്ചു. ഇതുവരെ കളിച്ച മൂന്ന് സെറ്റുകളിൽ ഡെൽപോട്രോ 2-1 എന്ന സ്കോറിന് ലീഡ് ചെയ്യുമ്പോഴാണ് മഴ എത്തിയത്.

വനിതകളിൽ ഏഴുത്തവണ ചാമ്പ്യനായ സെറീന വില്ല്യംസ്, മുൻ ഒന്നാം നമ്പർ കെർബർ, ഒസ്റ്റാപെങ്കൊ, കസാറ്റ്കിന, സിബുൽക്കോവ, ജോർജസ്, ജ്യോർഗി, ബ്രിട്ടൻസ് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്റാൻ, ഫെഡ് മുന്നോട്ട്

പുതിയ ഔട്ട്ഫിറ്റിൽ മിന്നുന്ന ഫോമുമായി റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ലജോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നായിരുന്നു ഫെഡററുടെ കുതിപ്പ്. സ്‌കോർ 6-1, 6-2, 6-4. പരിക്കിൽ നിന്ന് മുക്തനായി പഴയ ഫോം തേടുന്ന സ്റ്റാൻ വാവ്റിങ്ക ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചടിച്ച് ആറാം സീഡ് ദിമിത്രോവിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്‌കോർ 1-6, 7-6, 7-6, 6-4.

ആദ്യമായാണ് ഡിമിത്രോവ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്. ഇന്ത്യൻ പ്രതീക്ഷയായ യുക്കി ബാംബ്രി ആദ്യ സെറ്റ് നേടിയ ശേഷം ആദ്യ റൗണ്ടിൽ പുറത്തായി. ഇറ്റലിയുടെ ഫാബിയാനോയാണ് യൂക്കിയ്ക്ക് മടക്ക ടിക്കറ്റ് നൽകിയത്. മറ്റുമത്സരങ്ങളിൽ മരിയൻ സിലിച്ച്, ഇസ്‌നർ, റയോനിച്ച്, മെദ്ദേവ്, ആൻഡേഴ്‌സൺ, മോൺഫിസ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.

വനിതകളുടെ വിഭാഗത്തിൽ അഞ്ചാം സീഡ് സ്വിറ്റോലിനയെ അട്ടിമറിച്ച് മരിയ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അമേരിക്കയുടെ കോക്കോ വാൻഡവാഗേയ്ക്കും ആദ്യ റൗണ്ടിൽ തന്നെ അടിതെറ്റി. സിനയ്ക്കോവയാണ് അമേരിക്കൻ താരത്തെ അട്ടിമറിച്ചത്.

വോസ്‌നിയാക്കി, വില്ല്യംസ് സഹോദരിമാർ, മാഡിസൺ കീസ്, പ്ലിസ്‌കോവ എന്നിവർ അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോൾ നാലാം സീഡും ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റും യുഎസ് ഓപ്പൺ ജേതാവുമായ സ്റ്റീഫൻസിന് ആദ്യ റൗണ്ടിൽ തോൽവി പിണഞ്ഞു. ക്രൊയേഷ്യയുടെ വെകിച്ചാണ് നേരിട്ടുള്ള സെറ്റുകളിൽ അമേരിക്കൻ താരത്തെ അട്ടിമറിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫെഡറർ ഇനി യൂണിക്ലോ മാൻ

അമേരിക്കൻ ഭീമൻമാരായ നൈക്കുമായുള്ള ബന്ധം റോജർ ഫെഡറർ അവസാനിപ്പിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച കരാർ പുതുക്കില്ലെന്നുള്ള അഭ്യൂഹങ്ങൾക്ക് ഉത്തരം നൽകി ‘യൂണിക്ലോ’ ഔട്ട്ഫിറ്റിലാണ് വിംബിൾഡണിൽ ആദ്യ മത്സരത്തിന് ഫെഡറർ ഇറങ്ങിയത്. എന്നാൽ നൈക്കുമായുള്ള ഫുട്‌വെയർ ഡീൽ ഫെഡറർ അവസാനിപ്പിച്ചിട്ടില്ല എന്നാണ് മത്സരം നൽകുന്ന സൂചന. പത്ത് വർഷത്തേക്കാണ് ജപ്പാൻ കമ്പനിയായ യൂണിക്ലോയുമായുള്ള ഫെഡററുടെ കരാർ. 300 മില്ല്യൺ ഡോളറുകൾക്ക് അതായത് ഏകദേശം 2000 കോടിയിലധികം ഇന്ത്യൻ രൂപയ്ക്ക് മേലെയാണ് പത്ത് വർഷത്തേക്ക് ഫെഡറർക്ക് ലഭിക്കുക ! കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറും ഇതോടെ ഇതായി.

1998 ൽ പ്രൊഫഷണൽ ടെന്നീസിലേക്ക് എത്തിയത് മുതൽ നൈക്ക് ആയിരുന്നു ഫെഡററുടെ ഔട്ടിഫിറ്റ്. ഏകദേശം 150 മില്ല്യൺ ഡോളറിലധികം ഫെഡറർ ഇതിലൂടെ സമ്പാദിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഫെഡറർക്ക് മാത്രമായി കായിക ലോകത്തെ തന്നെ ഏറ്റവും മികച്ച പേഴ്‌സണലൈസ്ഡ് ലോഗോ എന്ന് വാഴ്ത്തുന്ന ‘RF’ ലോഗോയിലാണ് നൈക്ക് സ്പോർട്സ് ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിരുന്നത്. ഈ ലോഗോ നൈക്കിന്റെ മാത്രം സ്വന്തവുമാണ്.

ഫെഡററെ ഗ്ലോബർ അംബാസിഡർ ആയി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തോടുള്ള ബഹുമാനം സ്പോർട്സിന് അപ്പുറമാണെന്നും യൂണിക്ലോ ഫൗണ്ടറും ചെയർമാനുമായ തദാഷി യാനി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിംബിൾഡണിന് ഇന്ന് തുടക്കം

ഏറ്റവും പഴക്കമുള്ള ഗ്രാൻഡ്സ്ലാം ടൂർണമെന്റായ വിംബിൾഡൺ ടെന്നീസിന് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യനായ റോജർ ഫെഡററുടെ മാച്ചോടെയാണ് തുടക്കം. പരിക്കിൽ നിന്ന് മുക്തനായി തിരികെ വന്ന ബ്രിട്ടീഷ് താരം ആന്റി മറെ സ്വന്തം നാട്ടിൽ നടക്കുന്ന വിംബിൾഡണിൽ നിന്ന് പിന്മാറിയത് ടൂർണമെന്റിന്റെ നിറം അല്പം കെടുത്തിയിട്ടുണ്ടെങ്കിലും നൊവാക് ജോക്കോവിച്ച് പഴയ ഫോമിലേക്ക് തിരികെ എത്തിയെന്നുള്ളത് മത്സരങ്ങൾ ആവേശകാരമാക്കും. ഒന്നാം സീഡായ റോജർ ഫെഡറർ ഹാഫിൽ ഹാലെ ഓപ്പണിൽ തോൽവി സമ്മാനിച്ച കോറിച്ച്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റ് മരിയൻ സിലിച്ച് എന്നിവരും നദാൽ ഹാഫിൽ നൊവാക് ജോക്കോവിച്ച്, ഡെൽപോട്രോ, കൈരൂയിസ്, സ്വരേവ് എന്നിവരുമാണ് എന്നത് നദാലിന്റെ മത്സരങ്ങൾ ദുഷ്കരമാക്കും.

വനിതകളിൽ 2016 ലെ ചാമ്പ്യനും നിലവിലെ 183 റാങ്കുകാരിയുമായ സെറീന വില്ല്യംസിന് ഇരുപത്തിയഞ്ചാമത് സീഡിംഗ് നൽകിയത് വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. ഇതിലൂടെ 32 സീഡിന് പുറത്ത് പോകേണ്ടി വന്ന മുൻ ലോക നാലാം നമ്പർ താരം സിബുൽക്കോവ രംഗത്തെത്തിയിട്ടുണ്ട്. മാഡിസൺ കീസ് കരോലിൻ വോസ്‌നിയാക്കി, വീനസ് വില്ല്യംസ് എന്നിവർ സെറീന ഹാഫിൽ വരുമ്പോൾ ഒന്നാം സീഡ് ഹാലെപ് ഹാഫിൽ ക്വിവിറ്റോവ, മുഗുരുസ, ഗാർസിയ, പ്ലിസ്‌കോവ എന്നിവരുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലക്ഷ്യം ലോക ഒന്നാം നമ്പര്‍ റാങ്ക്, ഫെഡറര്‍ റോട്ടര്‍ഡാം ഓപ്പണില്‍ കളിക്കും

ലോക ഒന്നാം നമ്പര്‍ റാങ്ക് ലങ്ക്യം വെച്ച് ഫെഡറര്‍ റോട്ടര്‍ഡാം ഓപ്പണില്‍ പങ്കെടുക്കുന്നു. ടൂര്‍ണ്ണമെന്റിന്റെ സെമി വരെ എത്താനായാല്‍ റോജര്‍ ഫെഡറര്‍ക്ക് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിക്കും. നിലവില്‍ അഗാസിയുടെ പേരിലുള്ള ഒന്നാം റാങ്കിലുള്ള ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ഇത് സംഭവിച്ചാല്‍ റോജര്‍ ഫെഡറര്‍ക്ക് സ്വന്തമാകും.

നിലവില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഫെഡറര്‍ 2005, 2012 വര്‍ഷങ്ങളില്‍ റോട്ടര്‍ഡാം ഓപ്പണ്‍ വിജയി ആയിട്ടുണ്ട്. 1999ല്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് തുടങ്ങിയ ഫെഡറര്‍ 2013ലാണ് അവസാനമായി ഈ ടൂര്‍ണ്ണമെന്റ് കളിച്ചത്. എടിപി റാങ്കിംഗില്‍ റാഫേല്‍ നദാലിനെക്കാള്‍ 155 പോയിന്റിനു പിന്നിലാണ് ഫെഡറര്‍ ഇപ്പോള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടീനേജ് കടന്ന് ഫെഡറർ

വാക്കുകൾ മുറിഞ്ഞ് മൈക്കിന് മുന്നിൽ വീണ്ടും ഒരു വിതുമ്പൽ. ടെന്നീസ് കോർട്ടിലെ ദൈവം മത്സര ശേഷം ഒരു സാധാരണ മനുഷ്യനായി മാറുന്ന കാഴ്ച. മുൻപും ഫെഡറർ ഇങ്ങനെയാണ് നദാലിനോട് തോറ്റപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്. ബാഗ്ദാദിസിനോട് ജയിച്ചപ്പോഴും അതങ്ങനെ തന്നെയായിരുന്നു. വലിയ പരാജങ്ങളും, വിജയങ്ങളും മിക്കപ്പോഴും കരച്ചിലോടെയാണ് അയാൾ എതിരേറ്റിട്ടുള്ളത്. കളിക്കാൻ കോർട്ടിൽ ഇറങ്ങിയാൽ ഒരു യോഗിയെ അനുസ്മരിപ്പിക്കും വിധം ഭാവ വ്യത്യാസങ്ങൾ തെല്ലും പ്രകടിപ്പിക്കാതെ, വലിയ കളികൾക്ക് ശേഷം ഒരു കുഞ്ഞിനെ പോലെ വിതുമ്പുന്നത് ബേസ്‌ലൈനിന്റെ പുറകിൽ നിന്ന് എതിരാളിയെ കബളിപ്പിച്ച് തൊടുക്കുന്ന ഡ്രോപ്പ് ഷോട്ട് പോലെ അനുപമമാണ് എന്നുപറയാതെ വയ്യ. എല്ലാവരും എഴുതി തള്ളിയ ഇടത്തുനിന്ന് ഉയർത്തെഴുനേറ്റ് ഗ്രൻഡ്സ്ലാം കിരീട നേട്ടങ്ങളിൽ ‘ടീനേജും’ പിന്നിട്ട് കുതിക്കുമ്പോൾ ഒരാളെ വികാരങ്ങൾ കീഴ്പ്പെടുത്താതിരിക്കുന്നതെങ്ങിനെ ?

അനായാസം ജയിക്കുമെന്ന് തോന്നിപ്പിക്കുമ്പോൾ മത്സരത്തിൽ എതിരാളിക്ക് ബ്രേക്ക് നൽകുകയും, ഇനി രക്ഷയില്ല എന്നു തോന്നുമ്പോൾ അത്ഭുതകരമാം വിധത്തിൽ തിരിച്ചു വന്ന് ആരാധകരേയും ഒപ്പം എതിരാളിയെ പോലും ഞെട്ടിക്കുകയും ചെയ്യുക എന്ന പതിവിന് ഇക്കൊല്ലവും മാറ്റമൊന്നും വന്നിട്ടില്ല. നിർണ്ണായക അഞ്ചാം സെറ്റിലെ ആദ്യ ഗെയിമിൽ തന്നെ മത്സരം കൈവിട്ടുവെന്ന് തോന്നിപ്പിക്കുകയും നിമിഷങ്ങൾക്കുളളിൽ എതിരാളിയിൽ നിന്ന് തട്ടിപ്പറിക്കുകയും ചെയ്യുക എന്നതായിരുന്നു ഇക്കൊല്ലവും ഫെഡറർ ചെയ്തത്. ആദ്യ സെറ്റ് അനായാസം നേടുകയും രണ്ടുസെറ്റിന്റെ ലീഡിൽ നിൽക്കുമ്പോൾ നാലാം സെറ്റിൽ കിട്ടിയ അവസരം പാഴാക്കുകയും ചെയ്തതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. പക്ഷേ എതിരാളിയെ രണ്ടുതവണ ബ്രേക്ക് ചെയ്ത് അനായാസം തന്റെ സർവ്വീസ് ഗെയിമുകളുടെ വേഗതയിൽ സെറ്റും കിരീടവും ഫെഡറർ സ്വന്തമാക്കി.

Photo by Chris Hyde/Getty Images

ഏതുദേശവും, ഏത് സ്റ്റേഡിയവും ഫെഡറർക്ക് സ്വന്തം തട്ടകമാണ്. റാക്കറ്റ് കൊണ്ടുള്ള അയാളുടെ മായാജാലം കാണാൻ എവിടേയും ആരാധകർ കൂട്ടമായി ഒഴുകിയെത്തും. അസാധ്യം എന്നു തോന്നിപ്പിക്കുന്ന വോളികൾ നിസ്സാരമായി എതിരാളിയുടെ കോർട്ടിലേക്ക് കോരിയിടുമ്പോൾ അയാൾ മനോഹരമായ ഒരു പെയിന്റിങ് ആണെന്ന് തോന്നും, ഫോർഹാൻഡ് ഷോട്ടുകൾ ഉതിർക്കുമ്പോഴുള്ള ചടുലമായ ചുവടുവയ്പ്പുകൾ കണ്ടാൽ അയാൾ കോർട്ടിൽ നൃത്തം ചെയ്യുകയാണോ എന്നുതോന്നും, ഒറ്റക്കൈയ്യൻ ബാക്ക്ഹാൻഡിൽ കളിക്കുമ്പോൾ പതിഞ്ഞ താളത്തിൽ കോർട്ടിൽ അയാൾ കവിതകൾ രചിക്കുകയാണെന്ന് തോന്നും. വരകളിൽ തൊട്ടുള്ള അളന്നു മുറിച്ച എയ്സുകൾ പായിക്കുമ്പോൾ അയാൾ ഒരു ഗണിത ശാസ്ത്രജ്ഞനാണോ എന്നു സംശയം തോന്നിപ്പോകും. എതിരാളിയുടെ കോർട്ടിൽ പതിച്ച് തിരികെ നെറ്റിലേക്ക് പോരുന്ന ഡ്രോപ്പ് ഷോട്ടുകൾ കളിക്കുമ്പോൾ അയാൾ ടെന്നീസ് പന്തിനെ നിഗൂഢമായി നിയന്ത്രിക്കുന്ന ഇന്ദ്രജാലക്കാരനാണോ എന്നുതോന്നിപ്പോകും. ഫെഡറർ എപ്പോഴും കോർട്ടിലെ വിരുന്നാകുന്നത് ഇങ്ങനെയൊക്കെയാണ്.

മുപ്പത്തിയാറാം വയസ്സിലും ഈ മാന്ത്രികത തുടരുന്നത് അനായാസമായ കേളി ശൈലി കൊണ്ടാണ്. കലിതുള്ളി വരുന്നവനെ ഒരു പുഞ്ചിരി കൊണ്ട് വരുത്തിയിലാക്കും വിധം അനായാസമായി വന്യമായ കരുത്തിനെ റാക്കറ്റുകൊണ്ടുള്ള സൗമ്യമായ ഒരു തലോടൽ കൊണ്ട് ഫെഡറർക്ക് സാധിക്കുന്നു എന്നത് അത്ഭുതമാണ്. തോൾക്കുമ്പോൾ പോലും ആരാധക ഹൃദയങ്ങളെ കീഴടക്കാൻ അയാൾ ഉതിർക്കുന്ന ഒരു ഷോട്ട് മതിയാവും. ഇത്രയേറെ ആളുകളെ ടെന്നീസിലേക്ക് അടുപ്പിച്ചത് ഫെഡറർ ആണെന്നതിൽ തർക്കമില്ല. കോർട്ടിലും വെളിയിലും അയാൾ പുലർത്തുന്ന വിനയം, ചെയ്തു കൂട്ടുന്ന പ്രവൃത്തികൾ ഫെഡററെ സ്നേഹിക്കാൻ അതിൽ കൂടുതൽ ഒരുപാട് കാരണങ്ങൾ വേണമെന്നില്ല. അയാൾ വിജയിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു കിരീടങ്ങൾ നേടാത്തപ്പോഴും, നേടുമ്പോഴും, ഒന്നാം സ്ഥാനത്ത് തുടർന്നപ്പോഴും ഒരുപാട് പിന്നിലായി പോയപ്പോഴും. ഇനിയും അതങ്ങനെ തന്നെ തുടരും. ഇനിയും പിടി തരാത്ത മാന്ത്രികത ഒളിപ്പിച്ചു വച്ചിട്ടുള്ള ആ കൈകൾ റാക്കറ്റ് താഴെ വയ്‌ക്കും വരെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Fanzone: മുപ്പത്തിആറിലും തിളക്കം കെടാതെ ഫെഡറർ എന്ന ഇതിഹാസം

കായിക ലോകത്ത് വ്യക്തിഗത പ്രകടനം കൊണ്ടും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ രണ്ടേ രണ്ടു ഇതിഹാസങ്ങളാണ് സ്വിറ്റ്സർലൻഡ് ടെന്നീസ് താരം റോജർ ഫെഡററും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും .

ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഇന്നലെ തന്റെ ഇരുപതാം ഗ്രാൻഡ്സ്ലാം കിരീടം ചൂടി തന്റെ എതിരാളിയെയും ആരാധകരെയും മത്സര സംഘാടകരെയും അഭിസംബോധന ചെയ്ത് നന്ദിയും പറഞ്ഞു ഒന്നര മിനുട്ടോളം വേദിയിൽ നിന്ന് ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ റോജർ ഫെഡററുടെ ആ മുഖം കണ്ടാൽ അറിയാം ആ കായിക താരത്തിന്റെ അഹങ്കാരമോ നേട്ടങ്ങളുടെ അമിതാവേശമോ ഒട്ടും പോലും ഇല്ലാത്ത ആ മനസ്സ്.

എതിരാളികൾക്ക് മേലെ നിർണായക പോയിന്റുകൾ നേടുമ്പോൾ ഭീകര ശബ്ദവും ആംഗ്യ പ്രകടനങ്ങളും ബാറ്റ് നിലത്തേക്ക് എറിഞ്ഞുമൊക്കെ രോഷം തീർക്കുന്ന നിമിഷങ്ങൾ ടെന്നിസ് കോർട്ടുകളിൽ നാം ധാരാളം കാണുന്നതാണ്. അത്തരം നിമിഷങ്ങളിൽ ഒരു പുഞ്ചിരി തൂകി കമ്മോൺ എന്ന ഒരൊറ്റ വാക്കിൽ ഒതുക്കി തന്റെ മുഷ്ട്ടികൾ രണ്ടു കുലുക്കൽ കുലുക്കി സ്വയം നിയന്ത്രിക്കുന്ന ഫെഡററെ കാണാൻ എന്തൊരു ഭംഗിയാണ്. ഒഫീഷ്യലുകളുടെ തെറ്റോ ശെരിയോ ആയ തീരുമാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രശംസിനീയമാണ്.

തന്റെ മുപ്പത്തിആറാം വയസ്സിലും ടെന്നീസ് കോർട്ടിലെ ഒരുപാട് യവ്വനങ്ങളെ തന്റെ കായികമികവുകൊണ്ടു പിന്നിലാക്കി ഫെഡറർ ജൈത്രയാത്ര തുടരുമ്പോൾ പറയാനുള്ളത് ഒന്നേ ഒള്ളൂ. “പഴകി കൊണ്ടിരിക്കുന്ന ഫെഡറർ എന്ന ഇതിഹാസത്തിനു വീര്യം കൂടിക്കൊണ്ടിരിക്കുകയാണ് ”

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചൊങ് പിന്മാറി, ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

ദക്ഷിണ കൊറിയന്‍ താരം ചൊങ് പരിക്ക് മൂലം സെമിയില്‍ നിന്ന് പിന്മാറിയപ്പോള്‍ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ജേതാവായ ഫെഡറര്‍ 6-1, 5-2 എന്ന സ്കോറിനു മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോളാണ് ചൊങിനു പരിക്കേറ്റത്. ഫെഡറര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ക്രൊയേഷ്യയുടെ ആറാം നമ്പര്‍ സീഡ് മരിന്‍ സിലിച്ചിനെ നേരിടും.

ഫൈനല്‍ ജയിക്കാനായാല്‍ ഫെഡറര്‍ക്ക് ആറാം ഓസ്ട്രേലിയന്‍ ഓപ്പണും 20ാം ഗ്രാന്‍ഡ് സ്ലാം കിരീടവും സ്വന്തമാക്കാനാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്ട്രെയിറ്റ് സെറ്റ് വിജയം, സെമിയില്‍ കടന്ന് റോജര്‍ ഫെഡറര്‍

ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍. നേരിട്ടുള്ള സെറ്റുകളിലാണ് നിലവിലെ ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ ബെര്‍ഡിച്ചിനെ തകര്‍ത്തത്. ആദ്യ സെറ്റില്‍ ചെക്ക് താരത്തിന്റെ ചെറുത്ത നില്പുണ്ടായിരുന്നുവെങ്കിലും പിന്നീട് മത്സരം അനായാസം സ്വന്തമാക്കി. സ്കോര്‍: 7-6, 6-3, 6-4.

സെമിയില്‍ റോജര്‍ ഫെഡററും ദക്ഷിണകൊറിയയുടെ ഹ്യോന്‍ ചുംഗും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫെഡറര്‍ ക്വാര്‍ട്ടറില്‍

മാര്‍ട്ടന്‍ ഫുക്സോവിക്സിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍. 6-4, 7-6, 6-2 എന്ന സ്കോറിനു നേരിട്ടുള്ള സെറ്റിലാണ് ഫെഡററുടെ ജയം. തന്റെ 52ാം ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന നേട്ടവും ഫെഡറര്‍ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ 14 തവണയാണ് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version