റാഫാ, ജോക്കോവിച്ച് മുന്നോട്ട്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ കാനഡയുടെ ഷാപവലോവ്, മെദ്വദേവ് മുതലായ താരങ്ങൾക്ക് കാലിടറിയപ്പോൾ ഒന്നാം നമ്പർ താരം നൊവാക്, നിലവിലെ ചാമ്പ്യൻ റാഫ നദാൽ, റോജർ ഫെഡറർ എന്നിവർ അനായാസം മുന്നേറി. സിംഗിൾസിൽ ഇന്ത്യയിൽ നിന്നുള്ള ഏക താരം ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി.

രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ വനിതാ വിഭാഗത്തിൽ വോസ്നിയാക്കി, കെർബർ, വീനസ് വില്ല്യംസ് എന്നിവർ ആദ്യ റൗണ്ടിൽ പരാജയമറിഞ്ഞു.

പരിക്ക്, ഫെഡറർ പിന്മാറി

കൂടുതൽ കാലം ടെന്നീസ് കളിക്കുന്നതിന് വേണ്ടി മൂന്ന് വർഷങ്ങൾ ക്ലേ കോർട്ടിൽ നിന്ന് മാറിനിന്ന ശേഷം തിരിച്ചെത്തിയ ഫെഡറർ പരിക്ക് മൂലം റോം ഓപ്പണിൽ നിന്ന് പിന്മാറി. കാലിൽ ഏറ്റ പരിക്കാണ് ഫെഡറർക്ക് വില്ലനായത്. രണ്ട് ദിവസം മുമ്പ് പെയ്ത മഴ മൂലം ഇന്നലെ തുടർച്ചയായി 2 മത്സരങ്ങൾ കളിക്കേണ്ടി വന്നത് വിനയായി എന്നുവേണം അനുമാനിക്കാൻ. ക്വാർട്ടർ ഫൈനലിൽ യുവതാരം സിസിപ്പാസിനെ നേരിടാൻ ഇരിക്കുമ്പോഴാണ് ഫെഡറർ പിൻവാങ്ങുന്നത്.

വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഫ്രഞ്ച് ഓപ്പണിലും സ്വിസ് ഇതിഹാസം കളിക്കാൻ സാധ്യതയില്ല. ഇതോടെ സിസിപ്പാസ് സെമി ഉറപ്പിച്ചിട്ടുണ്ട്. നദാൽ, നിഷിക്കോരി, വേർദാസ്‌കോ, ഡെൽപോട്രോ, ജോക്കോവിച്ച് മുതലായ പ്രമുഖർ എല്ലാം റോം ഓപ്പണിന്റെ ക്വാർട്ടറിൽ ഇടം നേടിയിട്ടുണ്ട്.

പ്രായം തോൽക്കുന്നു, ഫെഡറർ 101*

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് റോജർ ഫെഡറർ കുതിപ്പ് തുടരുന്നു. ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ പരാജയപ്പെട്ടതിന് ശേഷം മിയാമി മാസ്റ്റേഴ്‌സിൽ ശക്തമായ തിരിച്ചു വരവ് നടത്തിയ ഫെഡറർ കിരീടത്തിന്റെ കണക്ക് 101 ആയി ഉയർത്തി. ആദ്യ മത്സരത്തിൽ ഒഴികെ ഒരിക്കൽ പോലും ഫെഡറർ പിന്നോട്ട് പോയില്ല എന്നത് ശ്രദ്ധേയമാണ്.

മിയാമിയിൽ നാലാമത്തെ കിരീടമാണ് ഫെഡറർ നേടിയത്. നിലവിലെ ചാമ്പ്യൻ ജോൺ ഇസ്‌നറെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് ഫെഡറർ കപ്പിൽ മുത്തമിട്ടത്. ആദ്യ സെറ്റ് അനായാസമായി ഫെഡറർ നേടിയപ്പോൾ രണ്ടാം സെറ്റിന്റെ അവസാനത്തിൽ എത്തിയ പരിക്ക് ഇസ്‌നർക്ക് കാര്യങ്ങൾ പ്രശ്നമാക്കി. പത്താം ഗെയിമിൽ ബ്രേക്ക് നേടിയ സ്വിസ് താരം 6-1,6-4 എന്ന സ്കോറിന് മത്സരവും കിരീടവും നേടി.

തിം ഇന്ത്യൻ വെൽസ് ചാമ്പ്യൻ

ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ റോജർ ഫെഡററെ അട്ടിമറിച്ച് ഡൊമിനിക് തിം കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഡൊമിനിക് തിമിന്റെ തിരിച്ചു വരവ്. ഫെഡറർ വരുത്തിയ പിഴകളും തിമിന്റെ വിജയം എളുപ്പമാക്കി. ജയത്തോടെ റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് എത്താനും ഈ ഓസ്ട്രിയക്കാരന് സാധിച്ചു.

കഴിഞ്ഞ വർഷവും ഫെഡറർ ഇവിടെ ഫൈനലിൽ തോറ്റിരുന്നു. ആദ്യ സെറ്റ് പൂർണ്ണമായ ആധിപത്യത്തോടെ കളിച്ച ഫെഡറർ രണ്ടും മൂന്നും സെറ്റുകളിൽ അലസമായി കളിച്ചത് മുതലെടുത്താണ് തിം ജയിച്ചു കയറിയത്. ഇതിന് മുന്നേ നടന്ന രണ്ട് മാസ്റ്റേഴ്സ് ഫൈനലിലും തോറ്റ ശേഷമാണ് തിം കിരീടം നേടിയത്.

ഫെഡററും കെർബറും പുറത്ത്

അട്ടിമാറികളുമായി പുതുതാരങ്ങൾ ആസ്ട്രേലിയൻ ഓപ്പണിൽ അത്ഭുതം സൃഷ്ടിക്കുന്നു. പുരുഷ വിഭാഗം സിംഗിൾസിൽ റോജർ ഫെഡററിനും മാരിൻ സിലിച്ചിനുമാണ് നാലാം റൗണ്ടിൽ അടിതെറ്റിയത്. ഗ്രീസിന്റെ ഇരുപതുവയസുകാരൻ സ്റ്റെഫനോസ് ടിറ്റിപ്പസിനോടാണ് റോജർ തോൽവി വഴങ്ങിയത്. ആദ്യ സെറ്റ് നേടിയാണ് തുടങ്ങിയതെങ്കിലും തുടർന്ന് മൂന്നു സെറ്റുകളും നഷ്ടപ്പെടുത്തി റോജർ തോൽവി വഴങ്ങിയത്. സ്കോർ 7-6 6-7 5-7 6-7. സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനോടാണ് സിലിച്ച് പരാജയപ്പെട്ടത്. സ്കോർ 7-6 6-3 6-2 6-4 4-6.
  വനിതാ വിഭാഗം സിംഗിൾസിൽ അമേരിക്കൻ താരം ഡാനിയേല റോസ് കോളിൻസിനോടാണ് ആഞ്‌ജലീക്  കെർബറിന്റെ തോൽവി. സ്കോർ 6-0 6-2. കഴിഞ്ഞ റൗണ്ടിൽ മുൻ ജേതാവ് വോസ്‌നിയാക്കിയെ തോൽപ്പിച്ചെത്തിയ ഷറപ്പോവക്കും നാലാം റൗണ്ടിൽ അടിപതറി. ഓസിസ് താരം ആഷ്‌ലി ബർട്ടിയുടെ മുന്നിലാണ് ഷറപ്പോവ വീണത്. സ്കോർ 6-4 1-6 4-6

ഇന്റർവ്യൂവിൽ വിതുമ്പി ഫെഡറർ

നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും സാധാരണ മനുഷ്യനാണ് ഫെഡറർ. തോൽക്കുമ്പോഴും, വിജയിക്കുമ്പോഴും ആ മനുഷ്യൻ ഒരു കുട്ടിയെ പോലെ വിതുമ്പുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത്തവണ സിഎൻഎൻ ഇന്റർവ്യൂവിൽ മുൻ കോച്ച് പീറ്റർ കാർട്ടറെ കുറിച്ചുള്ള ചോദ്യത്തിനാണ് റോജർ ഫെഡറർ വിതുമ്പിയത്. 20 ഗ്രാൻഡ്സ്ലാമുകൾ നേടിക്കഴിഞ്ഞു, എന്തായിരിക്കും പീറ്റർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അദ്ദേഹം ചിന്തിച്ചിരിക്കുക ? എന്ന ചോദ്യമാണ്‌ ഫെഡററെ കരയിച്ചത്.

ടെന്നീസിലേക്ക് പിച്ചവച്ചിരുന്ന ഫെഡററെ കൗമാരത്തിൽ കണ്ടെത്തിയത് പീറ്റർ ആയിരുന്നു. ഇന്ന് കാണുന്ന കേളീശൈലിയിൽ ഫെഡററെ വാർത്തെടുത്തതും 16 വർഷങ്ങൾക്ക് മുന്നേ വാഹനാപകടത്തിൽ മരണപ്പെട്ട പീറ്റർ കാർട്ടർ ആണെന്ന് നിസ്സംശയം പറയാം. സിഎൻഎൻ ഇന്റർവ്യൂവിൽ അടക്കം പലകുറി ഫെഡറർ അത് ആവർത്തിക്കുന്നുണ്ട്. ഫെഡറർ ആദ്യ ഗ്രാൻഡ്സ്ലാം നേടുന്നതിന് മുന്നേ ആയിരുന്നു പീറ്റർ മരണപ്പെട്ടത്.

ഇപ്പോഴും ഓസ്‌ട്രേലിയൻ ഓപ്പണിൽ ഫെഡററുടെ ബോക്‌സിൽ പീറ്ററിന്റെ കുടുംബം മത്സരം കാണാൻ എല്ലായിപ്പോഴും ഉണ്ടാകും. ഇന്റർവ്യൂ വൈറൽ ആയതോടെ ഫെഡററെ ആശ്വസിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിരവധി ട്വീറ്റുകളാണ് വരുന്നത്.

ഫെഡറർ 99* നോട്ടൗട്ട്

സ്വന്തം നാട്ടിൽ ഒമ്പതാം തവണ കിരീടം ചൂടി ഫെഡറർ കരിയറിൽ 99 കിരീടങ്ങൾ എന്ന നേട്ടത്തിനുടമയായി. ബാസൽ ഓപ്പണിൽ അപ്രതീക്ഷിത ഫൈനലിസ്റ്റായ റുമാനിയയുടെ കോപ്പലിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴ്പ്പെടുത്തിയാണ് ഫെഡറർ സെഞ്ച്വറിയ്ക്ക് അരികിലെത്തിയത്. 109 കിരീടങ്ങൾ നേടിയിട്ടുള്ള ജിമ്മി കോണേഴ്‌സ് മാത്രമാണ് ഫെഡറർക്ക് മുന്നിലുള്ളത്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണ് ശേഷം കാര്യമായ നേട്ടങ്ങൾ ഒന്നും ഇല്ലാതിരുന്ന ഫെഡറർ ക്യാമ്പിന് ആശ്വാസമായി ഈ വിജയം.

ആദ്യ സെറ്റിലും രണ്ടാം സെറ്റിലും എതിരാളിക്ക് ബ്രേക്ക് നൽകിയ ശേഷമായിരുന്നു ഫെഡററുടെ തിരിച്ചു വരവ്. സ്‌കോർ 7-6,6-4. വർഷങ്ങൾക്ക് മുൻപ് ഈ ടൂർണമെന്റിൽ 2 തവണ ബോൾ ബോയ് ആയിരുന്നു ഫെഡറർ. ടൂർണമെന്റിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഫെഡറർക്ക് ഈ കിരീടം നടക്കാൻ പോകുന്ന വോൾഡ് ടൂർ ഫൈനൽസിൽ ആത്മവിശ്വാസം നല്കുമെന്നുറപ്പ്.

ഷാങ്ഹായ് : ഫെഡററും ജോക്കോവിച്ചും സെമിയിൽ

ഷാങ്ഹായ് മാസ്റ്റേഴ്സിന്റെ ഫൈനലിൽ കാണികൾ കാത്തിരുന്ന ഫെഡറർ ജോക്കോവിച്ച് പോരാട്ടത്തിന് സാധ്യതയേറി. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ നിലവിലെ ചാമ്പ്യനായ റോജർ ഫെഡറർ ജപ്പാന്റെ നിഷിക്കോരിയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴ്പ്പെടുത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. സ്‌കോർ 6-4,7-6. കഴിഞ്ഞ 2 മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി എതിരാളിക്ക് സെറ്റൊന്നും വഴങ്ങിയില്ല എന്നത് ഫെഡറർ ക്യാമ്പിന് ആശ്വാസം പകരും. ഹാലെ ഓപ്പണിൽ ഫെഡററെ അട്ടിമറിച്ച കോറിച്ചാണ് സെമിയിൽ സ്വിസ് താരത്തെ കാത്തിരിക്കുന്നത്. മാത്യു എബ്‌ഡനെ തോൽപ്പിച്ചാണ് കോറിച്ച് സെമിയിൽ പ്രവേശിച്ചത്.

പരിക്കിൽ നിന്ന് മുക്തനായ ശേഷം മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയ നൊവാക് ജോക്കോവിച്ച് സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനെ നേരിട്ടുള്ള സെറ്റുകളിൽ നിഷ്പ്രഭനാക്കിയാണ് സെമി ഉറപ്പിച്ചത് സ്‌കോർ 7-6,6-3. ഷാങ്ഹായ് കിരീടം നൊവാക് നേടുകയാണെങ്കിൽ റാഫേൽ നദാലിന് വർഷാവസാനം ഒന്നാം സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. സെമിയിൽ നോവാക്കിന്റെ എതിരാളിയായ അലക്‌സാണ്ടർ സ്വരേവ് ക്വാർട്ടർ വിജയത്തോടെ എടിപി ടൂർ ഫൈനൽസിലേക്ക് യോഗ്യത നേടി. കെയ്‌ൽ എഡ്മണ്ടിനെ 6-4,6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സ്വരേവ് സെമിയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

ജോക്കോവിച്ച്, ഫെഡറർ ക്വാർട്ടറിൽ

ഷാങ്ഹായ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ നൊവാക് ജോക്കോവിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു. മാർക്കോ ചെച്ചിനാറ്റോയെ നേരിറ്റുള്ള സെറ്റുകൾക്ക് തകർത്താണ് നൊവാക് അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോർ 6-4,6-0. ക്വാർട്ടറിൽ നൊവാക് ആന്ഡേഴ്സ്നെ നേരിടും. ഒന്നാം സീഡ് റോജർ ഫെഡറർ തുടർച്ചയായ രണ്ടാം മത്സരത്തിലും എതിരാളിക്ക് സെറ്റ് വഴങ്ങി ക്വാർട്ടർ ഉറപ്പാക്കി. ജപ്പാന്റെ നിഷിക്കോരിയാണ് ഫെഡററുടെ എതിരാളി. ആദ്യ സെറ്റിന് ശേഷം ഡെൽപോട്രോ പിന്മാറിയതിനാൽ കോറിച്ചും ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്.

അലക്‌സാണ്ടർ സ്വരേവ്, മാത്യു എബ്‌ഡൻ, കെയ്ൽ എഡ്മണ്ട് എന്നിവരും അവസാന എട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വർഷാവസാനത്തെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന് മുന്നിലുള്ള നൊവാക് ജോക്കോവിച്ചിനും, റോജർ ഫെഡറർക്കും ഷാങ്ഹായ് കിരീടം ആവശ്യമാണ്. ഒന്നാം നമ്പർ താരം റാഫേൽ നദാൽ പരിക്ക് മൂലം ഈ ടൂർണമെന്റ് കളിക്കുന്നില്ല.

ഫെഡറർ മുന്നോട്ട്, സിലിച്ച് പുറത്ത്

ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പണിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ റോജർ ഫെഡറർ ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ച് മുന്നേറി. ഡാനിയൽ മെദ്വ്ദേവിനെയാണ് സ്വിസ് താരം പരാജയപ്പെടുത്തിയത്. സ്‌കോർ 6-4,4-6,6-4. രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച് ജെറമി ചാർഡിയെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് മുന്നേറിയപ്പോൾ അഞ്ചാം സീഡ് സിലിച്ചിന് കാലിടറി. നിക്കോളാസ് ജാരിയാണ് സിലിച്ചിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചത്.

ആറാം സീഡ് ഡൊമിനിക് തിമും അട്ടിമറിക്കഒപെട്ടവരുടെ ലിസ്റ്റിൽ ഉണ്ട്. മാത്യു എബ്ഡനാണ് ഫോമിലുള്ള തിമിനെ അട്ടിമറിച്ചത്. മൂന്നാം സീഡ് ഡെൽപോട്രോ, നാലാം സീഡ് സ്വരേവ്‌, ഏഴാം സീഡ് ആൻഡേഴ്‌സൻ, എട്ടാം സീഡ് നിഷിക്കോരി എന്നിവർ ജയത്തോടെ അടുത്ത റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

ഫെഡറർ എല്ലാം തികഞ്ഞവനെന്ന് നദാൽ

റോജർ ഫെഡറർ എല്ലാം തികഞ്ഞ ഗ്രാൻഡ്സ്ലാം ചാമ്പ്യനെന്ന് ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ. സ്കൈ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലാണ് നദാൽ കോർട്ടിലെ തന്റെ എതിരാളിയെ വാനോളം പുകഴ്ത്തിയത്. നദാലിന്റെ വാക്കുകളിലൂടെ ‘ഫെഡറർക്ക് വലിയ സർവുകളുണ്ട്, ഏറ്റവും മികച്ച ഫോർഹാന്റുകളിൽ ഒന്ന്, കോർട്ട് മൂവ്മെന്റ്സിൽ അസാമാന്യ വൈഭവം ഇതിനോടൊക്കെ ഒപ്പം അതിസുന്ദരമായ ശൈലിയും’ എല്ലാം തികഞ്ഞ് ഒരാൾക്ക് ലഭിക്കുന്നത് വിരളമാണ് അതാണ് ഫെഡററെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

റോഡ് ലേവർ കപ്പിൽ ഫെഡററും നദാലും ഒരേ ടീമിലാണ്. കഴിഞ്ഞ തവണ ചചാമ്പ്യന്മാരായതും ഇരുവരുമുള്ള ടീം യൂറോപ്പ് ആയിരുന്നു. ഇത്തവണ യുഎസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കാൽ മുട്ടിലെ പരിക്ക് മൂലം പിന്മാറേണ്ടി വന്ന നദാൽ ലേവർ കപ്പിൽ കളിക്കുന്ന കാര്യം സംശയമാണ്.

റോജേര്‍സ് കപ്പില്‍ നിന്ന് പിന്മാറി റോജര്‍ ഫെഡറര്‍

ഈ വര്‍ഷത്തെ റോജേര്‍സ് കപ്പില്‍ കളിക്കാനില്ലെന്ന് അറിയിച്ച് റോജര്‍ ഫെഡറര്‍. കാനഡയിലെ ആരാധകര്‍ക്ക് മുന്നില്‍ എന്നും കളിക്കുവാന്‍ താന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും റോജര്‍ ഫെഡറര്‍ കൂട്ടിചേര്‍ത്തു. ടൊറോണ്ടോയിലും മോണ്ട്രിയലുമായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 2014ല്‍ ടൊറോണ്ടോയില്‍ കളിച്ചപ്പോള്‍ റോജര്‍ ഫെഡറര്‍ ഫൈനലില്‍ എത്തിയിരുന്നു. അന്ന് സോംഗയോടാണ് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങിയത്.

കഴിഞ്ഞ തവണ മോണ്ട്രിയലിലും ഫെഡറര്‍ റണ്ണറപ്പായാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് മടങ്ങിയത്. സെവരേവിനോടാണ് കഴിഞ്ഞ വര്‍ഷത്തെ തോല്‍വി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version