ഹോം ഗ്രൗണ്ടിലെ അപരാജിത കുതിപ്പ് തുടർന്ന് റിയൽ കാശ്മീർ

2025 ഫെബ്രുവരി 2 ന് ശ്രീനഗറിലെ ടിആർസി ഫുട്ബോൾ ടർഫിൽ നടന്ന ഐ-ലീഗ് മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സിയെ 2-0 ന് പരാജയപ്പെടുത്തി റിയൽ കശ്മീർ എഫ്‌സി സ്വന്തം മൈതാനത്തെ ആധിപത്യം തുടർന്നു. അമിനോ ബൗബ (45+4’), കമാൽ ഇസ്സ (88’) എന്നിവരുടെ ഗോളുകൾ ആണ് കാശ്മീരിന്റെ വിജയം ഉറപ്പിച്ചു, അവർ ഹോം ഗ്രൗണ്ടിൽ എട്ട് മത്സരങ്ങളായി പരാജയം അറിഞ്ഞിട്ടില്ല.

12 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി റിയൽ കാശ്മീർ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന. അതേസമയം ലജോങ് 16 പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

ഡെംപോയെ പരാജയപ്പെടുത്തി റിയൽ കശ്മീർ ഹോമിലെ മികച്ച ഫോം തുടരുന്നു

ഇന്ന് ശ്രീനഗറിലെ ടിആർസി ഫുട്ബോൾ ടർഫിൽ നടന്ന മത്സരത്തിൽ ഡെംപോ എസ്‌സിയെ 2-0 ന് പരാജയപ്പെടുത്തി ഐ-ലീഗിൽ റിയൽ കശ്മീർ എഫ്‌സി അവരുടെ സ്വന്തം മൈതാനത്തെ ആധിപത്യം തുടർന്നു. ലാൽറാംസംഗ (52’), അബ്ദു കരീം സാംബ് (58’) എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകൾ കാശ്മീരിന്റെ നാലാമത്തെ ഹോം വിജയം ഉറപ്പിച്ചു.

10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി റിയൽ കാശ്മീർ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി. 11 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്ന ഡെംപോ എസ്‌സി, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് നേടിയത്.

മുഹമ്മദ് ഹമ്മദ് എഫ് സി ഗോവ വിട്ട് റിയൽ കശ്മീരിലേക്ക് മടങ്ങി

2023-24 ഐ-ലീഗ് സീസണിലെ മികച്ച ഡിഫൻഡറായി കിരീടം നേടിയ മുഹമ്മദ് ഹമ്മദ്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് എഫ്‌സി ഗോവ വിട്ട് ഐ-ലീഗ് ടീമായ റിയൽ കശ്മീരിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

കഴിഞ്ഞ ഐ-ലീഗ് സീസണിൽ ഹമ്മദ് മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. റിയൽ കാശ്മീരിനായി 24 മത്സരങ്ങൾ ആ സീസണിൽ കളിച്ച് 12 ക്ലീൻ ഷീറ്റ് നേടാൻ ഹമ്മദിനായിരുന്നു. എന്നാൽ ഗോവയിലെ താരത്തിന്റെ നീക്കം അത്ര മികച്ചതയിരുന്നില്ല.

ഗോകുലം കേരള എഫ് സി, റിയൽ കാശ്മീർ എഫ് സി മത്സരം സമനിലയിൽ

ശ്രീനഗർ, 29/ 11 / 2024: ഐ ലീഗ് ഫുട്ബോളിലെ എവേ മത്സരത്തിൽ ഗോകുലം കേരള എഫ് സി റിയൽ കാശ്മീർ എഫ് സി മത്സരം സമനിലയിൽ പിരിഞ്ഞു (സ്കോർ 1 -1 ), കളിയുടെ ആദ്യ മിനിറ്റുകളിൽ വീണുകിട്ടിയ അവസരം റിയൽ കാശ്മീർ എഫ് സി ഡിഫൻഡർ, മുൻ ഗോകുലം എഫ് സി താരം കൂടിയായിരുന്ന ബൗബ ഹെഡറിലൂടെ ഗോൾ ആക്കുകയായിരുന്നു. തുടർന്ന് റിയൽ കാശ്മീർ നടത്തിയ ഗോൾ ശ്രമങ്ങളെ ഭംഗിയായി ഗോകുലം ഡിഫെൻഡേർസ് ചെറുത്തു നിന്നു. ആദ്യ പകുതിയുടെ ആദ്യ നിമിഷങ്ങൾ റിയൽ കാശ്മീർ മികച്ച മുന്നേറ്റങ്ങൾ നടത്തി.

എന്നിരുന്നാൽ കൂടെ, രണ്ടാം പകുതിയിൽ ഗോകുലം കേരള എഫ് സിയുടെ സീസണിലെ ആദ്യ ഹോം മത്സരത്തെ അനുസ്മരിപ്പിക്കും വിധം ടീം കളം നിറഞ്ഞു കളിച്ചു . വിദേശ , ഇന്ത്യൻ താരങ്ങൾ ഒത്തിണക്കത്തോടെ കളിച്ചപ്പോൾ ചാൻസുകൾ ഒരുപാട് ടീം ഉണ്ടാക്കി, 76′ ആം മിനിറ്റിൽ ഗോകുലം ഡിഫെൻഡർ അതുലാണ് സമനില ഗോൾ നേടിയത്, ശേഷം കൂടുതൽ മികച്ച മുന്നേറ്റങ്ങൾ അനവധി നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. കളിയുടെ ഏറ്റവും ഒടുവിലത്തെ നിമിഷം പോലും ക്രീയേറ് ചെയ്ത ചാൻസ് സ്പാനിഷ് സ്‌ട്രൈക്കർ ആബെലെഡോക്ക് നേരിയ വ്യത്യാസത്തിലാണ് ലക്‌ഷ്യം കാണാതെ പോയത്. ഇതോടെ രണ്ടു മത്സരങ്ങളിൽ നിന്ന് 4 പോയിന്റ്‌സുമായി ടീം രണ്ടാം സ്ഥാനത്താണ്. റിയൽ കാശ്മീർ എഫ് സിയാണ് ഒന്നാമത്.

അടുത്തതായി സീസണിലെ ആദ്യ ഹോം മത്സരത്തിന് ഗോകുലം കേരള എഫ് സി യിറങ്ങും ഡിസംബർ 3 നു
രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ ടീം ഐസ്വാൾ എഫ് സി യെ നേരിടും. “ചാംപ്യൻഷിപ് നേടുന്നതിന് എവേ മത്സരങ്ങളുൾപ്പെടെ എല്ലാ മത്സരങ്ങളും വിജയിക്കേണ്ടുന്നത് അനിവാര്യമാണ്. കശ്മീരിലെ പ്രതികൂല കാലാവസ്ഥയിലും ടീം നന്നായി പെർഫോം ചെയ്തു. വിജയിക്കാൻ സാധ്യത ഉണ്ടായിരുന്ന മത്സരമായിരുന്നു എന്നിരുന്നാലും എവേ മാച്ചിൽ നിന്ന് നേടാനായ പോയിന്റിനെ കുറച്ചുകാണുന്നില്ല”.എന്ന്’ഹെഡ് കോച്ച് അന്റോണിയോ റുവേദ പറഞ്ഞു.

ഐലീഗ്, റിയൽ കാശ്മീർ മൊഹമ്മദൻസ് പോരാട്ടം സമനിലയിൽ

ഐ ലീഗിൽ ഇന്ന് നടന്ന നിർണായക മത്സരത്തിൽ റിയൽ കാശ്മീരും മൊഹമ്മദൻസും സമനിലയിൽ പിരിഞ്ഞു‌. മൊഹമ്മദൻസ് സമനിലയിൽ പിരിഞ്ഞത് ശ്രീനിധിക്ക് ഉപകാരമാകും. എങ്കിലും ഇപ്പോഴും മൊഹമ്മദ്നസ് തന്നെയാണ് കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്നത്.

റിയൽ കാശ്മീരിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. ഇരു ടീമുകളും ഗോളിനായി ശ്രമിച്ചു എങ്കിലും അത്ര എളുപ്പമായിരുന്നില്ല എന്ന് ഗോളിലേക്കുള്ള വഴി. 21 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 48 പോയിന്റുമായി മൊഹമ്മദൻസ് ആണ് ലീഗിൽ ഇപ്പോഴും ഒന്നാമത് നിൽക്കുന്നത്.

21 മത്സരങ്ങളിൽ നിന്ന് 37 പോയിൻറ് ആണ് റിയൽ കാശ്മീരിന് ഉള്ളത്. അവരുടെ കിരീട പ്രതീക്ഷ കണക്കിലും ഇതോടെ അവസാനിച്ചു. 39 പോയിന്റിൽ നിൽക്കുന്ന ശ്രീനിധിക്ക് മാത്രമേ പോയിന്റിന്റെ കാര്യത്തിൽ ഇനി മൊഹമ്മദൻസിനെ മറികടക്കാൻ സാധിക്കുകയുള്ളൂ.

ശ്രീനിധിയെ തോല്പ്പിച്ച് റിയൽ കാശ്മീർ ഐ ലീഗിൽ രണ്ടാം സ്ഥാനത്ത്

ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ നടന്ന ആവേശകരമായ ഐ-ലീഗ് മത്സരത്തിൽ ആതിഥേയരായ ശ്രീനിധി ഡെക്കാൻ എഫ്‌സിയെ 3-2 ന് റിയൽ കശ്മീർ എഫ്‌സി പരാജയപ്പെടുത്തി. കിരീട പോരാട്ടത്തിൽ വളരെ നിർണായകമാകുന്ന ഒരു റിസൾട്ട് ആകും ഇത്. ഗ്നോഹെർ ക്രിസോ ഇന്ന് റിയൽ കാശ്മീരിനായി ഇരട്ടഗോൾ നേടി.

ഈ ഗോളുകളോടെ ഐ ലീഗിൽ ക്രിസോ തൻ്റെ ഗോൾ നേട്ടം 12 ആക്കി. റിയൽ കശ്മീരിൻ്റെ മറ്റൊരു ഗോൾ ഇഫ്ഹാം താരിഖ് മിറാണ് നേടിയത്. ശ്രീനിധി ഡെക്കാനായി റിൽവാൻ ഹസ്സൻ, എലി സാബിയ എന്നിവരാണ് ഗോൾ നേടിയത്.

86-ാം മിനിറ്റിൽ മുഹമ്മദ് സാജിദ് ധോട്ടിന് മാർച്ചിംഗ് ഓർഡർ ലഭിച്ചതിനെത്തുടർന്ന് ശ്രീനിധി ഡെക്കാൻ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്‌.

ജയത്തോടെ റിയൽ കശ്മീർ ഐ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 17 മത്സരങ്ങളിൽ നിന്ന് 10 ജയവും മൂന്ന് സമനിലയും നാല് തോൽവിയും സഹിതം 33 പോയിൻ്റുള്ള അവർ ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻ സ്‌പോർട്ടിംഗിൽ നിന്ന് അഞ്ച് പോയിൻ്റ് അകലെയാണ്.

ഗോകുലം കേരളക്ക് വീണ്ടും നിരാശ, കാശ്മീരിൽ വലിയ പരാജയം

ഗോകുലം കേരളക്ക് വീണ്ടും നിരാശ. ഇന്ന് ഐ ലീഗിൽ നടന്ന മത്സരത്തിൽ ഗോകുലം കേരള റിയൽ കാശ്മീറിനോട് പരാജയപ്പെട്ടു. കാശ്മീരിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു റിയൽ കാശ്മീരിന്റെ വിജയം. കാശ്മീരിനായി ക്രിസോ ഇരട്ട ഗോളുകൾ നേടി. 31ആം മിനിട്ടിലും 64ആം മിനിട്ടിലും ആയിരുന്നു ക്രിസോയുടെ ഗോളുകൾ. 62ആം മിനിറ്റിൽ ജെറീമിയാണ് മറ്റൊരു ഗോൾ നേടിയത്.

ഈ പരാജയത്തോടെ ഗോകുലം കേരള കിരീട പ്രതീക്ഷയിൽ നിന്ന് അകലുകയാണ്. അവർ 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 13 പോയിന്റുമായി ഐ ലീഗിൽ ഇപ്പോൾ ആറാം സ്ഥാനത്ത് നിൽക്കുകയാണ്. ഇന്നത്തെ വിജയത്തോടെ റിയൽ കാശ്മീർ 17 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

റിയൽ കാശ്മീരിന് ആദ്യ പരാജയം നൽകി ചർച്ചിൽ ബ്രദേഴ്സ്

ഇന്ന് ഐ ലീഗിൽ നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് റിയൽ കാശ്മീർ എഫ്സിയെ പരാജയപ്പെടുത്തി. കാശ്മീരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്സ് വിജയിച്ചത്. റിയൽ കാശ്മീരിന്റെ സീസണിലെ ആദ്യ പരാജയമാണിത്. ഇതിനുമുമ്പ് അവർ കളിച്ച രണ്ടു മത്സരങ്ങളും അവർ വിജയിച്ചിരുന്നു. ഇന്ന് വിജയിച്ച ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താം എന്ന ആഗ്രഹത്തിനാണ് പരാജയത്തോടെ തിരിച്ചടിയായത്.

ഇന്ന് ഇരുപത്തിയഞ്ചാം മിനിറ്റിൽ ഒരു സെൽഫ് ഗോൾലൂടെയാണ് ചർച്ചിൽ ബ്രദേഴ്സ് ആദ്യം ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 60 മിനിറ്റിലും 61 മിനിട്ടിലും ഗോളുകൾ അടിച്ചു ഡിചാരിയ ചർച്ചിൽ ബ്രദേഴ്സിന്റെ ലീഡ് 3 0 എന്നാക്കി. എഴുപതാം മിനിറ്റിൽ അഹ്തീബാണ് റിയൽ കാശ്മീരിന്റെ ആശ്വാസ ഗോൾ നേടിയത്.

മൂന്നു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി റിയൽ കാശ്മീർ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. നാലു പോയിൻറ് ഉള്ള ചർച്ചിൽ ബ്രദേഴ്സ് ആറാം സ്ഥാനത്താണ്.

ഐസാളിനേയും കീഴടക്കി റിയൽ കശ്മീർ

പുതിയ കോച്ചിന് കീഴിൽ ഫോം തുടരുന്ന റിയൽ കാശ്മീരിന് മുന്നിൽ ഐസാൾ എഫ്‌സിയും വീണു. ഇന്ന് കശ്‌മരിന്റെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ആതിഥേയർ വിജയം കണ്ടത്. ജസ്റ്റിൻ ജോർജ്,സാമുവൽ ഖ്യെൻഷി എന്നിവർ കശ്മീരിനായി വല കുലുക്കി. ലാൽസംരംഗയാണ് ഐസാലിന്റെ ഗോൾ നേടിയത്. ഇതോടെ പോയിന്റ് നിലയിൽ ഒപ്പമുണ്ടായിരുന്ന ഐസാളിന് മുകളിൽ മൂന്ന് പോയിന്റ് ലീഡ് നേടാനും റിയൽ കാശ്മീരിനായി. എങ്കിലും ഐസാൾ ഏഴാം സ്ഥാനത്തും കശ്മീർ ആറാം സ്ഥാനത്തും തന്നെയാണ് തുടരുന്നത്.

ഭൂരിഭാഗം സമയവും ഗോൾ രഹിതമായിരുന്ന മത്സരത്തിൽ തുടക്കം മുതൽ ലീഡ് എടുക്കാനുള്ള അവസരം കാശ്മീരിന് ലഭിച്ചു. ബോക്സിനു പുറത്തു നിന്നും സവുമാലിന്റെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ മറ്റൊരു ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. എഴുപത്തിയഞ്ചാം മിനിറ്റിൽ ഐസാൾ ആണ് സമനില പൂട്ട് പൊട്ടിച്ചത്. സൈലോയുമായി പന്ത് കൈമാറി മുന്നേറിയ ലാൽസംരംഗ കുലുക്കി. എന്നാൽ വെറും നാലു മിനിട്ടിനു ശേഷം കശ്മീർ സമനില ഗോൾ കണ്ടെത്തി. വദുദുവിന്റെ ക്രോസിൽ നിന്നാണ് ജസ്റ്റിന് ലക്ഷ്യം കണ്ടത്. 84 ആം മിനിറ്റിൽ ആകാശ് ദീപിന്റെ പാസിൽ നിന്നും സാമുവൽ കൂടി ഗോൾ നേടിയതോടെ കഷ്‌മീർ സ്വന്തം തട്ടകത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

സുദേവയെ തകർത്ത് റിയൽ കശ്മീർ വീണ്ടും വിജയപാതയിലേക്ക്

നീണ്ട എട്ടു മത്സരങ്ങൾ നീണ്ട വിജയമില്ലാത്ത യാത്രക്ക് പുതിയ കോച്ചിന് കീഴിൽ അവസാനം കുറിച്ച് റിയൽ കാശ്‌മീർ. ഗിഫ്റ്റൻ വില്യംസിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ കശീർ, രണ്ടിനെതിരെ നാല് ഗോളുകൾക്ക് സുദേവ ഡൽഹിയെ തകർത്തു. റിച്ചാർഡ് ആഗ്യെമങ് രണ്ടു ഗോളുകളുമായി തിളങ്ങി. ഇതോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറാനും അവർക്കായി. സീസണിലെ പത്തൊനോന്നാം തോൽവി ഏറ്റു വാങ്ങിയ സുദേവ അവസാന സ്ഥാനത്ത് തന്നെയാണ്.

തുടർ തോൽവികൾക്ക് ഇടയിലും കഴിഞ്ഞ റൗണ്ട്ഗ്ലാസ് പാഞ്ചാബിനെ പിടിച്ചു കെട്ടിയത് അടക്കം ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വച്ച സുദേവ ഇന്നും അതേ ആവേശത്തിൽ തന്നെയാണ് ടീം ഇറക്കിയത്. എങ്കിലും തുടക്കത്തിൽ റിയൽ കാശ്‌മീർ തന്നെ കളം വാണു. പതിനേഴാം മിനിറ്റിൽ വഡുഡുവിന്റെ ക്രോസിൽ ഹെഡർ ഉതിർത്ത് ബാവിത്ലുങ് അവർക്ക് ലീഡ് നൽകി. മൂന്ന് മിനിറ്റിന് ശേഷം ആഗ്യെമങിന്റെ ഗോൾ കൂടി എത്തിയതോടെ സുദേവ മറ്റൊരു തോൽവി മണത്തു. എന്നാൽ പിന്നീട് കഴിഞ്ഞ മസരങ്ങളിലെ ഊർജം അവാഹിച്ച സന്ദർശകരെയാണ് കണ്ടത്. ഇരുപത്തിരണ്ടാം മിനിറ്റിൽ അലക്സിസ് ഗോമസിന്റെ മനോഹരമായ ഫ്രീകിക്കിലൂടെ സുദേവ ഒരു ഗോൾ മടക്കി.

രണ്ടാം പകുതിലും പോരാട്ടം തുടർന്ന സുദേവ, അമ്പത്തിയഞ്ചാം മിനിറ്റിൽ ഷവ്കതി ഖോതമിന്റെ പെനാൽറ്റിയിലൂടെ സ്‌കോർ നില തുല്യമാക്കി. എന്നാൽ അപകടം മണത്ത് ആക്രമണം കടുപ്പിച്ച റിയൽ കശ്മീർ എഴുപതിയൊന്നാം മിനിറ്റിൽ ആഗ്യെമങ്ങിന്റെ ഗോളിലൂടെ വീണ്ടും ലീഡ് എടുത്തു. കോർണറിൽ നിന്നും ഹെഡർ ഉതിർത്താണ് താരം തന്റെ രണ്ടാം ഗോൾ കണ്ടെത്തിയത്. എൺപത്തിമൂന്നാം മിനിറ്റിൽ ജസ്റ്റിന് ജോർജും വല കുലുക്കിയതോടെ റിയൽ കശ്മീർ വിജയം ഉറപ്പിച്ചു.

വിജയം തുടർന്ന് റിയൽ കാശ്മീർ, രാജസ്ഥാൻ യുണൈറ്റഡിനെ കീഴടക്കി

സീസണിൽ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ റിയൽ കാശമീർ എഫ് സിക്ക് മികച്ച വിജയം. ആർപ്പുവിളികളുമായെത്തിയ കാണികളുടെ പിൻബലം കൂടി കരുത്തു പകർന്നപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് രാജസ്ഥാൻ യുനൈറ്റഡിനെയാണ് അവർ കീഴടക്കിയത്. ഇതോടെ തുടർച്ചയായ രണ്ടാം വിജയവുമായി കശ്മീർ പോയിന്റ് തലപ്പത്തെത്തി. ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്ന രാജസ്ഥാൻ തോൽവിയോടെ ആറാമതാണ്. അടുത്ത മത്സരത്തിൽ ആദ്യ രണ്ടു സ്ഥാനക്കാരുടെ പോരാട്ടത്തിൽ കാശ്മീരും ഗോകുലവും തമ്മിൽ കൊമ്പുകോർക്കും.

ഇരു പകുതികളിലും ആയിട്ടാണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. ഇരുപതാം മിനിറ്റിൽ കോർണറിലൂടെ വന്ന ബോൾ വലയിലെത്തിച്ച് ഘാന താരം ലാമിനെ മൊറോ ആണ് ആതിഥേയർക്ക് ലീഡ് നൽകിയത്. അഞ്ചു മിനിറ്റിന് ശേഷം രാജസ്ഥാന് ബോക്സിന് തൊട്ടു മുൻപിൽ നിന്നും ലഭിച്ച ഫ്രീക്കിക് ബെയ്തിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. എഴുപത്തി അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ ഷാവേസിന് ലഭിച്ച മികച്ച അവസരവും രാജസ്ഥാന് സമനില സമ്മാനിക്കാതെ പുറത്തേക്ക് പോയി. എഴുപത്തിയേഴാം മിനിറ്റിൽ റിയൽ കശ്മീർ ലീഡ് വർധിപ്പിച്ചു. ജെറി പുലാംറ്റെയാണ് ഇത്തവണ വലകുലുക്കിയത്. എൺപത്തിയഞ്ചാം മിനിറ്റിൽ കശ്മീർ താരം സമുവലിന്റെ ഫ്രീകിക്ക് പോസ്റ്റിലടിച്ചു മടങ്ങി. അടുത്ത മത്സരത്തിൽ ഫോമിലുള്ള ഗോകുലവും റിയൽ കാശ്മീരും തമ്മിലുള്ള പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

ഐ ലീഗിൽ ആദ്യ മത്സരത്തിൽ നെറോക്കയെ തോൽപ്പിച്ചു റിയൽ കശ്മീർ

ഹീറോ ഐ ലീഗിൽ ആദ്യ മത്സരത്തിൽ നെറോക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു റിയൽ കശ്മീർ സീസൺ തുടങ്ങി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ വിജയഗോൾ പിറന്നത്.

53 മത്തെ മിനിറ്റിൽ ഘാന താരം യാകുബുവിന്റെ പാസിൽ നിന്നു ഘാന താരം നുഹു ആണ് റിയൽ കശ്മീറിന് ജയം സമ്മാനിച്ചത്. കേരള ടീം ആയ ഗോൾഡൻ ത്രഡിന്റെ മുൻ താരമായ നുഹു കഴിഞ്ഞ 2 സീസണുകളിൽ കേരള പ്രീമിയർ ലീഗ് ടോപ്പ് സ്‌കോറർ ആയിരുന്നു. ഈ സീസണിൽ ആണ് താരം റിയൽ കശ്മീരിൽ എത്തുന്നത്.

Exit mobile version