ബിഷ്ണോയി അതുല്യ പ്രതിഭ, അതിനാലാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് – രോഹിത് ശർമ്മ

അരങ്ങേറ്റ മത്സരത്തിലെ പ്രകടനത്തിലൂടെ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ച രവി ബിഷ്ണോയിയെ വാനോളം പുകഴ്ത്തി രോഹിത് ശര്‍മ്മ. മികച്ച പ്രതിഭയാണ് ബിഷ്ണോയി എന്നും അതാണ് താരത്തെ നേരെ ഇലവനിൽ ഉള്‍പ്പെടുത്തിയതെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

മത്സരത്തിന്റെ ഏത് ഘട്ടത്തിലും വന്ന് പന്തെറിയുവാന്‍ കഴിയുന്ന താരമാണ് ബിഷ്ണോയി എന്നും താരത്തിന്റെ വേരിയേഷനുകളും സ്കിൽ സെറ്റും വേറിട്ട് നിൽക്കുന്നതാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

താരം ടീമിലുള്ളതിനാൽ തന്നെ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുവാനുള്ള മികച്ച അവസരവും ക്യാപ്റ്റന് ലഭിക്കുന്നുവെന്ന് രോഹിത് സൂചിപ്പിച്ചു.

താരത്തിന്റെ ആദ്യ മത്സരത്തിൽ താന്‍ വളരെ സംതൃപ്തനാണെന്നും ഇന്ത്യയുടെ ഭാവി താരമായി ബിഷ്ണോയി മാറുമെന്നും രോഹിത് അഭിപ്രായപ്പെട്ടു.

മോഹം സഫലമായി, അരങ്ങേറ്റത്തെക്കുറിച്ച് രവി ബിഷ്ണോയി

ഇന്ത്യയ്ക്കായി കളിക്കണമെന്ന സ്വപ്നം സഫലമായെന്നും തുടക്കത്തിൽ തനിക്ക് അതിന്റെ ടെന്‍ഷനുണ്ടായിരുന്നുവെന്നും പറഞ്ഞ് യുവ താരം രവി ബിഷ്ണോയി. ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറ്റം നടത്തിയ താരം 4 ഓവറിൽ 17 റൺസ് നേടി 2 വിക്കറ്റ് നേടി.

താരത്തിന്റെ സ്പെല്ലാണ് വിന്‍ഡീസിന്റെ താളം തെറ്റിച്ചത്. ഈ പ്രകടനത്തിന് മത്സരത്തിലെ താരമായി രവി ബിഷ്ണോയി തിരഞ്ഞെടുക്കപ്പെട്ടു. വിന്‍ഡീസ് ടി20 ക്രിക്കറ്റിലെ കരുത്തരായ ടീമാണെന്നും താന്‍ പ്ലേയര്‍ ഓഫ് ദി മാച്ച് ആവുമെന്ന യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നും ബിഷ്ണോയി വ്യക്തമാക്കി.

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു, രവി ബിഷ്ണോയി ടീമിൽ

വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. യുവ താരം രവി ബിഷ്ണോയിക്ക് ഇരു ടീമിലും അവസരം ലഭിച്ചപ്പോള്‍ ദീപക് ഹൂഡയ്ക്കും കുല്‍ദീപ് യാദവിനും ഏകദിന ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിൽ നിന്ന് ഏറെക്കാലമായി പുറത്തായ കുല്‍ദീപിന് ശ്രീലങ്കയിലേക്ക് ഇന്ത്യ രണ്ടാം നിരയെ തിരഞ്ഞെടുത്തപ്പോള്‍ മാത്രമാണ് അവസരം ലഭിച്ചത്. പേസര്‍ അവേശ് ഖാനും ഇരു സ്ക്വാഡിലും ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം ഭുവനേശ്വര്‍ കുമാറിന് ടി20 സ്ക്വാഡിൽ മാത്രമാണ് ഇടം ലഭിച്ചത്.

ഏകദിന സ്ക്വാഡ്: Rohit Sharma (C), KL Rahul (VC), Ruturaj Gaikwad, Shikhar Dhawan, Virat Kohli, Suryakumar Yadav, Shreyas Iyer, Deepak Hooda, Rishabh Pant (wicket-keeper), Deepak Chahar, Shardul Thakur, Yuzvendra Chahal, Kuldeep Yadav, Washington Sundar, Ravi Bishnoi, Mohammed Siraj, Prasidh Krishna, Avesh Khan

ടി20 സ്ക്വാഡ്: Rohit Sharma (C), KL Rahul (VC), Ishan Kishan, Virat Kohli, Shreyas Iyer, Surya Kumar Yadav, Rishabh Pant (wicket-keeper), Venkatesh Iyer, Deepak Chahar, Shardul Thakur, Ravi Bishnoi, Axar Patel, Yuzvendra Chahal, Washington Sundar, Mohammed Siraj, Bhuvneshwar Kumar, Avesh Khan, Harshal Patel

അയ്യരടിയ്ക്ക് ശേഷം നിതീഷ് റാണയും അവസരത്തിനൊത്തുയര്‍ന്നു, 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പഞ്ചാബ് കിംഗ്സിനെതിരെ 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 49 പന്തിൽ 67 റൺസ് നേടിയ വെങ്കടേഷ് അയ്യരുടെയും 18 പന്തിൽ 31 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിലാണ് കൊല്‍ക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ  ആണ് ഈ സ്കോര്‍ നേടിയത്.

Iyertripathi

ശുഭ്മന്‍ ഗില്ലിനെ(7) മൂന്നാം ഓവറിൽ അര്‍ഷ്ദീപ് സിംഗ് തന്റെ ആദ്യ വിക്കറ്റ് നേടിയപ്പോള്‍ കൊല്‍ക്കത്ത 18 റൺസ് മാത്രമാണ് നേടിയിരുന്നത്. അതിന് ശേഷം 72 റൺസിന്റെ കൂട്ടുകെട്ടാണ് ത്രിപാഠിയും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് നേടിയത്.

34 റൺസ് നേടിയ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് രവി ബിഷ്ണോയി സ്വന്തമാക്കുകയായിരുന്നു. രാഹുല്‍ പുറത്തായി അധികം വൈകാതെ വെങ്കിടേഷ് അയ്യര്‍ തന്റെ ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം നേടി. 67 റൺസ് നേടിയ വെങ്കിടേഷ് അയ്യരെ പുറത്താക്കി രവി ബിഷ്ണോയി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 30 റൺസാണ് അയ്യര്‍ – റാണ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.

തൊട്ടടുത്ത ഓവറിൽ ഓയിന്‍ മോര്‍ഗനെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും രണ്ട് സിക്സുകള്‍ അടക്കം 18 പന്തിൽ 31 റൺസ് നേടി നിതീഷ് റാണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന് അവസാന ഓവറുകളിൽ വേഗം നല്‍കുകയായിരുന്നു.

റാണയുടെ വിക്കറ്റ് അര്‍ഷ്ദീപ് ആണ് നേടിയത്. ആ ഓവറിൽ ഒരു സിക്സും ഫോറും നേടിയ റാണയെ നാലാം പന്തിൽ അര്‍ഷ്ദീപ് പുറത്താക്കി. ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ദിനേശ് കാര്‍ത്തിക്കിനെയും വീഴ്ത്തി അര്‍ഷ്ദീപ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

മികച്ച തുടക്കം ലഭിച്ചുവെങ്കിലും അവസാന ആറോവറിൽ വെറും 50 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. അതും നിതീഷ് റാണയുടെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ടീം ഈ സ്കോറിലേക്ക് അവസാനം എത്തിയത്.

ഏറ്റവും തൃപ്തി തോന്നിയത് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ്, കാരണം വ്യക്തമാക്കി രവി ബിഷ്ണോയി

ഐപിഎലില്‍ ഇന്നലെ മുംബൈയ്ക്കെതിരെ പരാജയം ഏറ്റുവാങ്ങിയെങ്കിലും മികച്ച പോരാട്ടവീര്യമാണ് പഞ്ചാബ് കിംഗ്സ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ഇതിൽ തന്നെ ഒരേ ഓവറിൽ രോഹിത് ശര്‍മ്മയെയും സൂര്യകുമാര്‍ യാദവിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ രവി ബിഷ്ണോയിയുടെ പ്രകടനം എടുത്ത് പറയേണ്ട ഒന്നായിരുന്നു.

തനിക്ക് കൂടുതൽ സംതൃപ്തി ലഭിച്ചത് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ലഭിച്ചപ്പോളാണെന്നും അതിന് കാരണം സൂര്യകുമാര്‍ പന്ത് പൂര്‍ണ്ണമായും മിസ്സായി ക്ലീന്‍ ബൗള്‍ഡ് ആയതാണെന്നും ബിഷ്ണോയി വ്യക്തമാക്കി.

തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 25 റൺസ് വിട്ട് നല്‍കിയാണ് ഈ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയത്. മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റിനെക്കാള്‍ തന്നെ സന്തോഷിപ്പിച്ചത് സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റാണെന്നും രവി സൂചിപ്പിച്ചു.

അടിത്തറ പാകി സൗരഭ് തിവാരി, വിജയമൊരുക്കി ഹാര്‍ദ്ദിക്കും പൊള്ളാര്‍ഡും

യുഎഇയിൽ ഐപിഎലിന്റെ രണ്ടാം പകുതി ആരംഭിച്ച ശേഷമുള്ള തങ്ങളുടെ ആദ്യ വിജയം കൈക്കലാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് പ‍ഞ്ചാബ് കിംഗ്സിനെതിരെ 136 റൺസ് ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് കാര്യങ്ങളത്ര എളുപ്പമല്ലായിരുന്നു.

19 ഓവറിൽ 6 വിക്കറ്റ് വിജയം ആണ് മുംബൈ സ്വന്തമാക്കിയത്. 23 പന്തിൽ 45 റൺസ് കൂട്ടുകെട്ട് നേടിയ ഹാര്‍ദ്ദിക് – പൊള്ളാര്‍ഡ് കൂട്ടുകെട്ടാണ് മുംബൈയുടെ വിജയവഴിയിലേക്കുള്ള കാരണമായി മാറിയത്. ഹാര്‍ദ്ദിക് 30 പന്തിൽ 40 റൺസും പൊള്ളാര്‍ഡ് 7 പന്തിൽ 15 റൺസും നേടിയാണ് പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയത്.

രവി ബിഷ്ണോയിയുടെ ഓവറിൽ രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും അടുത്തടുത്ത പന്തുകളിൽ പുറത്തായ ശേഷം ക്വിന്റൺ ഡി കോക്ക് – സൗരഭ് തിവാരി കൂട്ടുകെട്ട് 45 റൺസ് നേടിയെങ്കിലും ഡി കോക്കിനെ(27) മടക്കി ഷമി വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നല്‍കി.

സൗരഭ് തിവാരിയും ഹാര്‍ദ്ദിക് പാണ്ഡ്യയും 31 റൺസ് കൂടി നാലാം വിക്കറ്റിൽ നേടിയ ശേഷം 45 റൺസ് നേടിയ തിവാരിയുടെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. നഥാന്‍ എല്ലിസിനായിരുന്നു വിക്കറ്റ്.

അവസാന നാലോവറിൽ 40 റൺസ് വിജയത്തിനായി വേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി ഷമിയുടെ ഓവറിൽ ഒരു സിക്സും ഒരു ഫോറും നേടി ഹാര്‍ദ്ദിക് ലക്ഷ്യം 18 പന്തിൽ 29 റൺസെന്ന നിലയിലേക്ക് എത്തിച്ചു. 18ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപിനെ ഒരു സിക്സറും ഫോറും അടിച്ച് പൊള്ളാര്‍ഡ് ഓവറിൽ നിന്ന് 13 റൺസ് നേടിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം 12 പന്തിൽ 16 ആയി.

19ാം ഓവര്‍ എറിഞ്ഞ ഷമിയെ ഓവറിൽ 17 റൺസ് നേടി ഹാര്‍ദ്ദിക് ടീമിന്റെ വിജയം സാധ്യമാക്കുകയായിരുന്നു. അവസാന രണ്ട് പന്തിൽ മോശം ഫീല്‍ഡിംഗ് കൂടി പഞ്ചാബ് പുറത്തെടുത്തപ്പോള്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി.

 

ബാംഗ്ലൂരിന്റെ നടുവൊടിച്ച് ബ്രാര്‍, തോല്‍വിയേറ്റ് വാങ്ങി കോഹ്‍ലി പട

ഐപിഎലില്‍ വീണ്ടും വിജയ വഴിയിലെത്തി പഞ്ചാബ് കിംഗ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ഹര്‍പ്രീത് ബ്രാര്‍ ഒറ്റയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പതനം ഉറപ്പാക്കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 145 റണ്‍സ് മാത്രം നേടിയപ്പോള്‍ 34 റണ്‍സിന്റെ വിജയം പഞ്ചാബ് കിംഗ്സ് നേടി.

ഏഴ് പന്തിന്റെ വ്യത്യാസത്തില്‍ മൂന്ന് പ്രധാന ആര്‍സിബി വിക്കറ്റുകള്‍ നേടിയാണ് ബ്രാര്‍ ബാംഗ്ലൂരിന് തിരിച്ചടി നല്‍കിയത്. ദേവദത്ത് പടിക്കലിന്റെ വിക്കറ്റ് നഷ്ടമായ ശേഷം വിരാട് കോഹ്‍ലിയും രജത് പടിദാറും വളരെ പതിഞ്ഞ രീതിയിലാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്.

പതിനൊന്നാം ഓവറിന്റെ ആദ്യ പന്തില്‍ വിരാട് കോഹ്‍ലിയെ വീഴ്ത്തിയ ഹര്‍പ്രീത് ബാര്‍ അടുത്ത പന്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ തകര്‍പ്പനൊരു പന്തില്‍ പുറത്താക്കുകയായിരുന്നു. ആ ഓവറില്‍ എബിഡിയെ നിര്‍ത്തി നാല് ഡോട്ട് ബോള്‍ എറിഞ്ഞ ബ്രാര്‍ തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ മിസ്റ്റര്‍ 360യെയും പുറത്താക്കി. 4 ഓവറില്‍ 19 റണ്‍സിനാണ് മൂന്ന് വിക്കറ്റ് ബ്രാര്‍ നേടിയത്. കോഹ്‍ലി 35 റണ്‍സ് നേടിയാണ് പുറത്തായത്.

രജത് പടിദാര്‍ സ്കോറിംഗ് റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ചുവെങ്കിലും താരം 31 റണ്‍സ് നേടി പുറത്താകുകയായിരുന്നു. രവി ബിഷ്ണോയിയും 4 ഓവറില്‍ 17 റണ്‍സിന് 2 വിക്കറ്റ് നേടിയപ്പോള്‍ ബാംഗ്ലൂരിന്റെ റണ്‍സ് വറ്റി വരളുകയായിരുന്നു. അവസാന ഓവറുകളില്‍ 13 പന്തില്‍ 31 റണ്‍സ് നേടി തോല്‍വിയുടെ ആഘാതം കുറയ്ക്കുകയായിരുന്നു.

തിളങ്ങിയത് രോഹിത്തും സൂര്യകുമാര്‍ യാദവും മാത്രം, മുംബൈയെ 131 റണ്‍സിന് ഒതുക്കി പഞ്ചാബ് കിംഗ്സ്

പഞ്ചാബ് കിംഗ്സിനെതിരെ ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 131 റണ്‍സ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ക്വിന്റണ്‍ ഡി കോക്കിനെയും(3), ഇഷാന്‍ കിഷനെയും(6) വേഗത്തില്‍ നഷ്ടമായ മുംബൈയെ മുന്നോട്ട് നയിച്ചത് രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ആയിരുന്നു. 79 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ ഇവര്‍ നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് സൂര്യകുമാര്‍ യാദവിനെ രവി ബിഷ്ണോയി പുറത്താക്കിയത്. 33 റണ്‍സായിരുന്നു സൂര്യുമാര്‍ യാദവ് നേടിയത്. അധികം വൈകാതെ രോഹിത്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 52 പന്തില്‍ നിന്നാണ് രോഹിത് 63 റണ്‍സ് നേടിയത്.

ഇരുവരുടെയും വിക്കറ്റുകള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായതും പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യാനും സാധിക്കാതെ പോയപ്പോള്‍ മുംബൈയുടെ സ്കോര്‍ 131 റണ്‍സില്‍ ഒതുങ്ങി.

മുഹമ്മദ് ഷമിയും രവി ബിഷ്ണോയിയും 21 റണ്‍സ് വിട്ട് കൊടുത്ത് 2 വിക്കറ്റ് വീതമാണ് നേടിയത്.

ബിഷ് പ്ലീസ്, വാര്‍ണറെയും ബൈര്‍സ്റ്റോയെയും ഒരേ ഓവറില്‍ മടക്കി രവി ബിഷ്ണോയി

220ന് മേലെയുള്ള സ്കോര്‍ നേടുമെന്ന തോന്നിപ്പിച്ചുവെങ്കിലും സണ്‍റൈസേഴ്സ് മോഹങ്ങള്‍ക്ക് തടയിട്ട് രവി ബിഷ്ണോയി. ഇന്നിംഗ്സിലെ 16ാം ഓവര്‍ എറിയുവാന്‍ താരം എത്തുമ്പോള്‍ 160/0 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. എന്നാല്‍ ഓവര്‍ അവസാനിച്ചപ്പോള്‍ 52 റണ്‍സ് നേടിയ വാര്‍ണറെയും 97 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയും മടക്കി ബിഷ്ണോയി തന്റെ മികവ് തെളിയിക്കുകയായിരുന്നു. താനെറിഞ്ഞ ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി മൂന്ന് വിക്കറ്റ് നേടി.

അവസാന അഞ്ചോവറില്‍ 41 റണ്‍സ് നേടിയ സണ്‍റൈസേഴ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളില്‍ അഭിഷേക് ശര്‍മ്മയുടെയും(6 പന്തില്‍ 12) കെയിന്‍ വില്യംസണിന്റെയും (10 പന്തില്‍ നിന്ന് 20) ശ്രമങ്ങളാണ് ടീമിനെ സ്കോര്‍ ഈ സ്കോറിലേക്ക് എത്തിച്ചത്.

58 റണ്‍സാണ് സണ്‍റൈസേഴ്സ് ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ നേടിയത്. ഇത് സണ്‍റൈസേഴ്സിന്റെ ഈ സീസണ്‍ പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ്. മുംബൈയ്ക്കെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 56/1 എന്ന സ്കോറിനെയാണ് ഈ കൂട്ടുകെട്ട് മറികടന്നത്.

ബൈര്‍സ്റ്റോയുടെ വ്യക്തിഗത സ്കോര്‍ 19ല്‍ നില്‍ക്കവെ താരം നല്‍കിയ അവസരം പഞ്ചാബ് ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍ കൈവിടുകയായിരുന്നു. അത് മുതലാക്കിയ താരം അടി തുടങ്ങിയപ്പോള്‍ കിംഗ്സ് ഇലവന്‍ ബൗളര്‍മാര്‍ക്ക് കണക്കറ്റ് പ്രഹരം ലഭിച്ചു.

യുവതാരം രവി ബിഷ്ണോയി പന്തെറിയാനെത്തിയപ്പോള്‍ 18 റണ്‍സാണ് ഓവറില്‍ നിന്ന് പിറന്നത്. ബൈര്‍സ്റ്റോ രണ്ട് സിക്സും ഒരു ഫോറും നേടുകയായിരുന്നു. അധികം വൈകാതെ ജോണി ബൈര്‍സ്റ്റോ 28 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

പത്തോവറില്‍ 100 റണ്‍സാണ് സണ്‍റൈസേഴ്സ് ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. ഗ്ലെന്‍ മാക്സ്വെല്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ ബൈര്‍സ്റ്റോ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 20 റണ്‍സ് ആണ് പിറന്നത്.

ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഇന്നിംഗ്സ് അവസാന അഞ്ചോവറിലേക്ക് എത്തിയപ്പോള്‍ സണ്‍റൈസേഴ്സ് 160 റണ്‍സാണ് നേടിയത്. വീണ്ടും ബൗളിംഗിലേക്ക് എത്തിയ രവി ബിഷ്ണോയ് സണ്‍റൈസേഴ്സ് നായകനെ പുറത്താക്കുകയായിരുന്നു. 40 പന്തില്‍ 32 റണ്‍സാണ് ഡേവിഡ് വാര്‍ണറുടെ സംഭാവന.

അതേ ഓവറില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ബൈര്‍സ്റ്റോ പുറത്തായപ്പോള്‍ താരത്തിന് ശതകം മൂന്ന് റണ്‍സ് അകലെ നഷ്ടമായി. 55 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയ ബൈര്‍സ്റ്റോ 7 ഫോറും ആറ് സിക്സുമാണ് നേടിയത്. ഒരു റണ്‍സ് മാത്രമാണ് രവി ബിഷ്ണോയ് വിട്ട് നല്‍കിയത്.

അര്‍ഷ്ദീപ് സിംഗ് മനീഷ് പാണ്ടേയെ പുറത്താക്കിയതോടെ 160/0 എന്ന നിലയില്‍ നിന്ന് 161/3 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീഴുകയായിരുന്നു. രവി ബിഷ്ണോയിയുടെ അടുത്ത ഓവറില്‍ താരം അബ്ദുള്‍ സമാദിനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും നിക്കോളസ് പൂരന്‍ ആ ക്യാച് ബൗണ്ടറി ലൈനില്‍ കൈവിടുകയായിരുന്നു. എന്നാല്‍ അതേ ഓവറില്‍ തന്നെ രവി ബിഷ്ണോയി സമാദിനെ പുറത്താക്കി. തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റാണ് ബിഷ്ണോയി നേടിയത്.

പകരം ക്രീസിലെത്തിയ പ്രിയം ഗാര്‍ഗിനെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കിയപ്പോള്‍ 175/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീണു. കെയിന്‍ വില്യംസണും അഭിഷേക് ശര്‍മ്മയും അവസാന ഓവറുകളില്‍ നേടിയ സ്കോറുകളുടെ ബലത്തിലാണ് സണ്‍റൈസേഴ്സ് 201 റണ്‍സിലേക്ക് എത്തിയത്.

 

97 റണ്‍സ് തോല്‍വിയേറ്റ് വാങ്ങി കോഹ്‍ലിയും കൂട്ടരും, രവി ബിഷ്ണോയിയ്ക്ക് മൂന്ന് വിക്കറ്റ്

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നല്‍കിയ 207 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നാണംകെട്ട തോല്‍വി. ആദ്യ മൂന്ന് വിക്കറ്റ് നാല് റണ്‍സ് നേടുന്നതിനിടെ നഷ്ടമായ ബാംഗ്ലൂരിന് പിന്നീട് മത്സരത്തില്‍ ഒരു തിരിച്ചുവരവ് സാധ്യമായില്ല.

പഞ്ചാബിന്റെ പേസര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ മത്സരത്തില്‍ പിടിമുറുക്കിയപ്പോള്‍ 109 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പഞ്ചാബ് നിരയില്‍ യുവ സ്പിന്നര്‍ രവി ബിഷ്ണോയ് മൂന്ന് വിക്കറ്റുമായി മികച്ച് നിന്നു.

17 ഓവര്‍ മാത്രമാണ് ആര്‍സിബി ഇന്നിംഗ്സ് നീണ്ട് നിന്നത്. മുരുഗന്‍ അശ്വിനും രവി ബിഷ്ണോയിയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ രണ്ട് വിക്കറ്റ് നേടി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി 30 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ എബി ഡി വില്ലിയേഴ്സ് 28 റണ്‍സും ആരോണ്‍ ഫിഞ്ചും 20 റണ്‍സും നേടി.

Exit mobile version